ഓരോ പ്രായത്തിലും ചർമ്മത്തിന്‍റെ സ്വഭാവം മാറും. അതിന്‍റെ പരിചരണത്തിലും ആ മാറ്റം പരിഗണിക്കണം. പ്രായത്തിനനുസരിച്ചുള്ള സൗന്ദര്യവർദ്ധക സാമഗ്രികൾ ഉപയോഗിക്കുന്നതുപോലെ പ്രധാനമാണ് പ്രായം കണക്കിലെടുത്തുള്ള ബ്യൂട്ടിട്രീറ്റ്മെന്‍റുകൾ. മുഖത്തിന് തിളക്കവും ഫേസ്‍ലിഫ്റ്റും ടൈറ്റനിംഗ് ഇഫക്‌ടും നൽകുന്ന നോൺസർജിക്കൽ ഫേഷ്യലുകൾ ഉണ്ട്. ഇതിലൂടെ ദീർഘനാൾ യംഗ് ലുക്ക് നിലനിർത്താൻ കഴിയും. പ്രായമേറുന്നതിനനുസരിച്ച് ചർമ്മത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെയും ചുളിവുകളെയും പരിഹരിക്കാൻ ഈ ഫേഷ്യൽ സഹായകമാണ്. അലോവേര തുടങ്ങിയ പ്രകൃതിദത്ത മൂലികകൾ കൊണ്ടാണ് ഇതു ചെയ്യുന്നത്. പാർശ്വഫലങ്ങളൊന്നും ഉണ്ടാവുകയില്ല എന്നു മാത്രമല്ല ചർമ്മത്തിന്‍റെ ജലാംശം നില നിർത്തുകയും ചെയ്യും. സർജറിയോ ഇൻജക്ഷനോ ഇല്ലാതെ മുഖചർമ്മത്തെ അപ്‍ലിഫ്റ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

അലോവേരാ ഫേഷ്യൽ

അലോവേരാ ഫേഷ്യൽ കിറ്റ് വാങ്ങുക. ഇതിൽ എല്ലാം തന്നെ പ്രകൃതിദത്ത സാമഗ്രികൾ ആയിരിക്കും. ആദ്യം തന്നെ എക്സ്ഫോളിയേറ്റിംഗ് ക്ലൻസർ മുഖത്ത് തേച്ച് രണ്ട് മിനിറ്റ് മസാജ് ചെയ്യുക. മുഖം വൃത്തിയാകും. കോട്ടൺ കൊണ്ട് നന്നായി ഒപ്പിക്കളയുക. തുടർന്ന് കണ്ടൂർ മാസ്ക് ഇട്ട് 15 മിനിറ്റ് കാത്തിരിക്കാം. മാസ്ക് ഇടുന്നതിനു മുമ്പോ ശേഷമോ ഗോളാകൃതിയിൽ പഞ്ഞിയെടുത്ത് റോസ്‍വാട്ടർ മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. ചെവികളിൽ കോട്ടൺ വയ്‌ക്കുക. മൂക്കിനകത്തും ബട്ടർപേപ്പർ വയ്ക്കുക. മാസ്ക് മുഖത്ത് ഉണങ്ങാൻ അനുവദിക്കുക. 15 മിനിറ്റിനു ശേഷം കോട്ടൺ ഉപയോഗിച്ച് മാസ്ക് ക്ലീൻ ചെയ്യാം. എന്നിട്ട് റി ഹൈഡ്രേറ്റഡ് ടോണർ ഇട്ടു കൊടുക്കുക. അതിനുശേഷം മുഖം മുഴുവൻ ലോഷൻ പുരട്ടാം. ഈ ഫേഷ്യൽ ചെയ്‌തു കഴിഞ്ഞാലുടൻ കാണാം വ്യത്യാസം. ചർമ്മത്തിന് തിളക്കവും യുവത്വവും കൈവരും. വീട്ടിലിരുന്നും ചെയ്യാവുന്ന ഫേഷ്യൽ ആണിത്. മറ്റ് ഫേഷ്യലുകളെ അപേക്ഷിച്ച് 20-25 മിനിറ്റ് മതിയാകും. ഈ കിറ്റിൽ ഡേ, നൈറ്റ് ലോഷൻ ഉണ്ടാകും. സമയത്തിനനുസരിച്ച് ലോഷൻ ഉപയോഗിക്കാം.

തിളക്കം ലഭിക്കാൻ

മുഖത്ത് വേണ്ടത്ര ജലാംശം നില നിർത്തുകയാണ് യുവത്വം പൊയ്പ്പോകാതിരിക്കാനുള്ള പ്രധാന മാർഗ്ഗം. ഹൈഡ്രേറ്റ് ചെയ്യുന്നതിലൂടെ പ്രായാധിക്യ ലക്ഷണങ്ങൾ തടയാൻ പറ്റും. ഫേഷ്യൽ ചെയ്യുന്നതിന് മുമ്പ് ചർമ്മത്തിന്‍റെ സ്വഭാവം കൂടി മനസ്സിലാക്കുക. സെൻസിറ്റീവ് ആണെങ്കിൽ പ്രത്യേക ശ്രദ്ധ വേണം.

ഓക്സിജൻ ഫേഷ്യൽ

മുഖചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കാൻ ഓക്സിജൻ ഫേഷ്യൽ സഹായകമാണ്. ഏജിംഗിന് കാരണമാക്കുന്ന ഫ്രീറാഡിക്കലുകളെ തടയുകയാണ് ഓക്‌സിജൻ ഫേഷ്യലിലൂടെ ചെയ്യുന്നത്. മോയിസ്ചുറൈസിംഗ്, ഡിറ്റോക്സിഫൈ, റിപ്പയർ ഇങ്ങനെയാണ് ഓക്‌സിജൻ ഫേഷ്യലിന്‍റെ പ്രവർത്തന രീതി. രണ്ടു മിനിറ്റുവരെ ഓക്സിജൻ ഫേഷ്യൽ മുഖത്ത് സ്പ്രേ ചെയ്യുന്നു. മുഖത്ത് കൂടുതൽ ഓക്സിജൻ എത്തുന്നതു വഴി ചർമ്മത്തിലെ കോശങ്ങൾക്ക് മെച്ചപ്പെട്ട ഊർജ്‌ജം ലഭിക്കുന്നു.

ചോക്ക്ളേറ്റ് ഫേഷ്യൽ

അൾട്രാസെൻസിറ്റീവ് സ്കിൻ ആണെങ്കിൽ ചോക്ക്ളേറ്റ് ഫേഷ്യൽ ഉത്തമമാണ്. കൊക്കോയുടെ ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങളാണ് ഈ ഫേഷ്യലിന്‍റെ പ്രത്യേകത.

ഫ്രൂട്ട് ഫേഷ്യൽ

അൾട്രാസെൻസിറ്റീവായ സ്കിന്നിനു ചേർന്ന മറ്റൊരു ഫേഷ്യലാണ്. ഫ്രൂട്ട് ഫേഷ്യൽ പായ്ക്ക് ഇടുന്നതിനുമുമ്പ് ഏതെങ്കിലും പഴങ്ങൾ ചർമ്മത്തിന് അലർജി ഉണ്ടാക്കുന്നതാണോ എന്ന് അറിയണം. അത് ഒഴിവാക്കി ഫേഷ്യൽ ചെയ്യാവുന്നതാണ്. സാൻഡൽ വുഡ് ഫേഷ്യലും നല്ലതാണ്.

പ്ലാറ്റിനം ഫേഷ്യൽ

ഇതു ചെയ്‌താൽ പ്രായാധിക്യത്തിന്‍റെ ഫലമായുണ്ടാകുന്ന ചുളിവുകൾ കുറയ്‌ക്കാൻ സാധിക്കും. ചർമ്മത്തിലെ കൊളാജന്‍റെ അളവു വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

വിറ്റാമിൻ സി ഫേഷ്യൽ

ചർമ്മത്തിലെ ആന്‍റി ഓക്സിഡന്‍റുകളെ വർദ്ധിപ്പിക്കുകയാണ് വിറ്റാമിൻ സി ഫേഷ്യൽ. പുതിയ കോശങ്ങളെ ഉണ്ടാക്കാൻ സഹായിക്കുന്നതിനു പുറമെ, ഫ്രീറാഡിക്കലുകളെ പുറന്തള്ളുകയും ചെയ്യുന്നു. ചുളിവ്, കറുത്തപാട്, മുഖക്കുരു ഇവയും കുറയ്‌ക്കും.

ഐസ്ക്യൂബ് ഫേഷ്യൽ

ഈ ഫേഷ്യലിലൂടെ മുഖത്തിലെ സുഷിരങ്ങളുടെ വ്യാപ്‌തിയും മുഖക്കുരുവും കുറയും. ദിവസവും ഐസ് മസാജ് ചെയ്താൽ രക്‌ത സഞ്ചാരം വർദ്ധിക്കും. ചുളിവുകളും കുറയും. ഐസ്കട്ട തുണിയിൽ പൊതിഞ്ഞ ശേഷം വൃത്താകൃതിയിൽ മസാജ് ചെയ്യാം. ഐസിൽ ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ കൂടി ചേർത്താൽ സൺബേൺ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കും പരിഹാരമാകും.

और कहानियां पढ़ने के लिए क्लिक करें...