കാൻസറും മറ്റു പല രോഗങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഡോക്‌ടർമാർ വിവിധ തരത്തിൽപ്പെട്ട പരിശോധനകൾ നിർദ്ദേശിക്കാറുണ്ട്. പക്ഷേ പലരും ടെസ്റ്റുകൾ നടത്താൻ താൽപര്യം കാണിക്കാറില്ല. “എനിക്കു രോഗമൊന്നുമില്ലല്ലോ” അല്ലെങ്കിൽ “എനിക്ക് കാൻസർ വരാനിടയില്ല. പിന്നെന്തിനാണ് പരിശോധന?” എന്നാണ് അവർ ചിന്തിക്കുന്നത്. സ്ത്രീകളിൽ അധികം പേരും ലജ്ജ കൊണ്ടോ ഭയം കൊണ്ടോ ടെസ്‌റ്റുകൾ നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുന്നു.
സ്ത്രീ പുരുഷന്മാരെ താരതമ്യപ്പെടുത്തി നോക്കിയാൽ സ്ത്രീകളിലെ കാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിയും. അതുകൊണ്ട് സ്ത്രീകൾ കൗമാര പ്രായം മുതൽ തന്നെ ചില ടെസ്‌റ്റുകൾക്ക് വിധേയരായാൽ കാൻസർ തുടക്കത്തിൽ ത്തന്നെ കണ്ടുപിടിച്ച് ലളിതമായ ചികിത്സ കൊണ്ട് ഭേദമാക്കാം. കാൻസർ അവസാന ഘട്ടങ്ങളിലാണ് മനസ്സിലാവുന്നതെങ്കിൽ ചികിത്സ വിഷമമേറുമെന്നു മാത്രമല്ല, രോഗി മരിച്ചു പോവാനുമിടയുണ്ട്.
ടെസ്റ്റുകൾ രണ്ടു പ്രധാന വിഭാഗത്തിൽപ്പെടുന്നു. രോഗലക്ഷണങ്ങൾ കണ്ടാൽ ഏതു രോഗമാണെന്നും നിർണ്ണയിക്കാനുള്ള ടെസ്‌റ്റുകളും സ്ക്രീനിംഗ് ടെസ്‌റ്റുകളും. രോഗമില്ലാത്തവരെയും രോഗം വരാൻ സാദ്ധ്യതയുള്ളവരെയുമാണ് സ്ക്രീനിംഗ് ടെസ്‌റ്റുകൾക്ക് വിധേയരാക്കുന്നത്. സ്ക്രീനിംഗ് ടെസ്‌റ്റുകൾ നടത്തി കാൻസർ ആണെന്നു മനസ്സിലായാൽ കൃത്യ സമയത്തു തന്നെ ചികിത്സ തുടങ്ങാൻ കഴിയും. വിവിധതരം സ്ക്രീനിംഗ് ടെസ്‌റ്റുകളും അവ നടത്തുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്നു നോക്കാം.
രോഗി ഡോക്ടറെ സമീപിക്കുന്നതിനു മുമ്പുള്ള തയ്യാറെടുപ്പുകൾ
- പണ്ട് ഉണ്ടായിരുന്ന അസുഖങ്ങളെക്കുറിച്ചും നടത്തിയ ചികിത്സകളെക്കുറിച്ചും പറയുക. അവയുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ ഡോക്‌ടറെ കാണിക്കുക.
- മുമ്പു നടത്തിയ ടെസ്‌റ്റുകളുടെ (ഉദാ: എക്സറേ, സിടി സ്കാൻ, എംആർഐ സ്കാൻ, ബയോപ്സി മുതലായവ) റിപ്പോർട്ടുകൾ കാണിക്കുക.
- മുമ്പു നടന്ന ശസ്ത്രക്രിയകളുടെ വിശദവിവരങ്ങൾ പറയുക.
- പാരമ്പര്യ രോഗ ചരിത്രം വളരെ പ്രധാനമാണ്. കാരണം ചില രോഗങ്ങൾ പാരമ്പര്യമായി നമുക്ക് ലഭിക്കാറുണ്ട്. അതുകൊണ്ട് അച്‌ഛനമ്മമാർക്കോ അവരുടെ കുടുംബങ്ങളിലോ രോഗങ്ങളുണ്ടെങ്കിൽ ഡോക്‌ടറോടു പറയുക.
- വ്യക്‌തിപരമായ കാര്യങ്ങൾ ( ഉദാ: ജോലി, ജീവിത രീതി, വിദേശയാത്ര, ഭക്ഷണക്രമം എന്നിവയെല്ലാം) വിശദമായി പറയുക.
- പ്രമേഹം, രക്‌തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുണ്ടെങ്കിൽ അതിനു വേണ്ടി കഴിക്കുന്ന മരുന്നുകളെക്കുറിച്ചും മരുന്നുകളോട് അലർജ്‌ജിയുണ്ടെങ്കിൽ അതിനെക്കുറിച്ചും ഒരു മെഡിക്കൽ ഡയറിയുണ്ടാക്കി അതിൽ കുറിച്ചു വയ്‌ക്കണം. ഡോക്‌ടറെ ഈ മെഡിക്കൽ ഡയറി കാണിച്ചു കൊടുക്കുക.
ഗർഭിണികൾ അവരുടെ മുഴുവൻ വിവരങ്ങളും (ഉദാ: ആർത്തവ ചക്രം, അവസാനമായി ആർത്തവമുണ്ടായ തീയ്യതി, ആർത്തവകാല അസ്വാസ്ഥ്യങ്ങൾ, മുമ്പ് ഗർഭഛിദ്രമുണ്ടായിരുന്നോ എന്ന കാര്യം, അമിതമായ രക്‌തസ്രാവമുണ്ടെങ്കിൽ അത് എന്നിവ) ഡോക്‌ടറോടു പറയണം.
മേൽപ്പറഞ്ഞ കാര്യങ്ങൾ ഡോക്‌ടറിൽ നിന്നു മറച്ചു വയ്ക്കാതെ തുറന്നു പറയുന്നത് രോഗനിർണ്ണയത്തിനു സഹായകമാവും.
സ്ക്രീനിംഗ് ടെസ്‌റ്റുകൾ പലതരത്തിലുണ്ട്. സ്ത്രീകൾ നടത്തേണ്ട പ്രധാന ടെസ്‌റ്റുകളെന്തെല്ലാമാണെന്നാണ് മനസ്സിലാക്കാം.
സ്തനാർബ്ബുദത്തിന്‍റെ സ്ക്രീനിംഗ് ടെസ്റ്റുകൾ
സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ ഇപ്പോൾ ഒന്നാം സ്ഥാനം സ്തനാർബ്ബുദത്തിനാണ്. വളരെ ലളിതമായ സ്തനപരിശോധന കൊണ്ട് മാറിടത്തിലെ മുഴകൾ രോഗിക്കു സ്വയം കണ്ടുപിടിക്കാൻ കഴിയും. നേരത്തെ ആർത്തവമുണ്ടാകുന്ന പെൺകുട്ടികളിൽ സ്തനാർബ്ബുദത്തിനു സാദ്ധ്യത കൂടുതലാണെന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് 20-ാം വയസ്സുമുതൽ ഓരോ പെൺകുട്ടിയും മാസംതോറും സ്വയം സ്തനപരിശോധന നടത്തണം. 20 മുതൽ 39 വയസ്സു വരെ മൂന്നു വർഷത്തിലൊരിക്കലും അതിനു ശേഷം വർഷത്തിലൊരിക്കലും ഡോക്‌ടറെ സമീപിച്ച് ക്ലിനിക്കൽ സ്തനപരിശോധന നടത്തിക്കണം. 35-ാം വയസ്സിൽ ബേസ്‍ലൈൻ മാമോഗ്രാഫിയും അതിനു ശേഷം രണ്ടു വർഷത്തിലൊരിക്കൽ വീതം മാമോഗ്രാഫിയും നടത്തണം. ചുരുക്കിപറയുകയാണെങ്കിൽ.
40 വയസ്സിനു താഴെ
- മാസം തോറും സ്വയം സ്തന പരിശോധന
- മൂന്നു വർഷത്തിലൊരിക്കൽ ക്ലിനിക്കൽ സ്തനപരിശോധന
- 35 വയസ്സിനും 39 വയസ്സിനുമിടയ്‌ക്ക് മാമോഗ്രാഫി
40 വയസ്സു മുതൽ 49 വയസ്സു വരെ
- മാസം തോറും സ്വയം പരിശോധന
- വർഷത്തിലൊരിക്കൽ ക്ലിനിക്കൽ സ്തനപരിശോധന
- ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ മാമോഗ്രാഫി
50 വയസ്സിനു മുകളിൽ
- മാസം തോറും സ്വയം സ്തനപരിശോധന
- വർഷം തോറും ക്ലിനിക്കൽ സ്തന പരിശോധന
- വർഷം തോറും മാമോഗ്രാഫി
- സ്വയം സ്തന പരിശോധന, ഡോക്‌ടർ നടത്തുന്ന ക്ലീനിക്കൽ സ്തനപരിശോധന, മാമോഗ്രാഫി എന്നിവയുടെയെല്ലാം വിശദവിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കണം.
- കാൻസർ വരാൻ കൂടുതൽ സാദ്ധ്യതയുള്ളവർ ( ഉദാ: പാരമ്പര്യമായി സ്തനാർബ്ബുദമുണ്ടെങ്കിൽ 35 വയസ്സിനു ശേഷം 6 മാസത്തിലൊരിക്കൽ വീതം ഡോക്‌ടറെ കൊണ്ട് സ്തനപരിശോധന നടത്തിക്കണം.
മാമോഗ്രാഫി
- സ്തനാർബ്ബുദം കണ്ടെത്താനായി നടത്തുന്നതാണ് മാമോഗ്രാഫി. ഇത് സ്തനങ്ങളുടെ എക്സറേ പരിശോധനയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഗർഭിണികൾ ഈ പരിശോധന ഒഴിവാക്കണം,
- ടെസ്‌റ്റിനു മുമ്പ് എന്തെങ്കിലും ശസ്ത്രക്രിയ നടന്നിട്ടുണ്ടോ, ഹോർമോണുകൾ ഉപയോഗിച്ചിട്ടുണ്ടോ, പാരമ്പര്യമായി സ്തനാർബ്ബുദമുണ്ടോ എന്നീ കാര്യങ്ങൾ മുൻകൂട്ടി ഡോക്‌ടറെ അറിയിക്കേണ്ടതാണ്.
- മുമ്പ് മാമോഗ്രാഫി നടന്നിട്ടുണ്ടെങ്കിൽ മാമോഗ്രാമിന്‍റെ കോപ്പികൾ ഡോക്‌ടറെ കാണിക്കുക. പുതിയ മാമോഗ്രാമുമായി താരതമ്യപ്പെടുത്താനിത് ഉപകരിക്കും.
- ടെസ്‌റ്റിനു മുമ്പ് ആവശ്യമെന്നു തോന്നുകയാണെങ്കിൽ ഒരു വേദനാസംഹാരി ഗുളിക കഴിക്കാം.
- മാമോഗ്രാഫി നടത്തുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പു തന്നെ കഫീനും (കാപ്പി, കോള) ഉപ്പും കുറയ്‌ക്കുക.
- മാമോഗ്രാഫി ചെയ്യുമ്പോൾ സ്തനങ്ങളിൽ സമ്മർദ്ദം വരുന്നതു കൊണ്ട് അസ്വസ്ഥത തോന്നും. അതിനാൽ സ്തനങ്ങളിൽ വേദന കുറവുള്ള സമയമാണ് ഇതിനു വേണ്ടി തെരഞ്ഞെടുക്കേണ്ടത്. ആർത്തവത്തിനു തൊട്ടുമുമ്പുള്ള ആഴ്ച ഒഴിവാക്കുക (കാരണം, ആ സമയത്ത് മാറിടങ്ങളിൽ വേദന അനുഭവപ്പെടാറുണ്ട്) ആർത്തവം കഴിഞ്ഞുള്ള ആദ്യത്തെ ആഴ്ചയാണ് ഈ ടെസ്‌റ്റിന് അനുയോജ്യം.
- മാമോഗ്രാഫിക്കു പോകുമ്പോൾ അതിനു യോജിക്കുന്ന വസ്‌ത്രങ്ങൾ ധരിക്കുക. (ഉദാ: പാവാടയും ബ്ലൗസ്സും, സൽവാർ കമ്മീസ്) കാരണം, മുകളിലെ വസ്‌ത്രം എളുപ്പത്തിൽ അഴിച്ചു മാറ്റാൻ കഴിയണം.
- ടെസ്‌റ്റിനു മുമ്പ് പൗഡറോ മണമില്ലാതാക്കുന്ന ലോഷനുകളോ കക്ഷത്തിലും മാറിടത്തിലും വിതറാതിരിക്കുക. ഇത് എക്സറേയിൽ കാണാനിടയുണ്ട്.
- ടെസ്‌റ്റ് നടത്തുമ്പോൾ ടെക്‌നീഷ്യൻ നിങ്ങളുടെ കൈയും സ്തനവും ശരിയായ സ്ഥിതിയിൽ ക്രമീകരിക്കുന്ന സമയത്ത് മാംസപേശികൾ തളർത്തിയിടുക. അനാവശ്യമായി ടെൻഷൻ തോന്നി മാംസപേശികൾ ബലം പിടിക്കരുത്. ടെസ്‌റ്റിനു മുമ്പ് അൽപനേരം ദീർഘശ്വാസ വ്യായാമമോ, ധ്യാനമോ നടത്തിയാൽ മാനസിക സമ്മർദ്ദം കുറയ്ക്കാം.
- ടെസ്‌റ്റിന്‍റെ സമയത്ത് വേദനയിൽ കൂടുതൽ ശ്രദ്ധിക്കാതിരിക്കാൻ മറ്റെന്തെങ്കിലും കാര്യത്തിലോ ചുറ്റുമുള്ള സാധനങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുക.
- കടുത്ത വേദന തോന്നുകയാണെങ്കിൽ ടെക്‌നീഷ്യനോടു പറയുക. അതിനനുസരിച്ച് സ്തനങ്ങളിലെ സമ്മർദ്ദം കുറയ്‌ക്കാൻ കഴിയും.
- ടെസ്റ്റിനു പോകുമ്പോൾ വിലപിടിച്ച വസ്‌തുക്കൾ (ഉദാ: മൊബൈൽ, ആഭരണം, ക്രെഡിറ്റ് കാർഡുകൾ) എടുക്കാതിരിക്കുക. മറന്നു വെക്കാനോ നഷ്‌ടപ്പെടാനോ സാദ്ധ്യതയുണ്ട്.
പാപ്സ്മിയർ (സെർവൈക്കൽ സ്മിയർ) പരിശോധന
- ഗർഭാശയ ഗള കാൻസർ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്നതാണ് പാപ് ടെസ്‌റ്റ് അഥവാ പാപ്സ്മിയർ പരിശോധന. ഇത് കണ്ടുപിടിച്ചത് ജോർജ്‌ജ് നിക്കോളാസ് പാപ്പനിക്കോളോ എന്ന ഗ്രീക്ക് ഡോക്‌ടറാണ്.
- ലൈംഗിക ജീവിതമാരംഭിച്ച് മൂന്നു വർഷത്തിനകമോ 21 വയസ്സാവുമ്പോഴോ (ഏതാണ് ആദ്യം എന്നതനുസരിച്ച്) ആദ്യമായി പാപ്ടെസ്റ്റ് നടത്തണം.
- 29 വയസ്സു വരെ എല്ലാ വർഷവും 30 മുതൽ 69 വയസ്സു വരെ രണ്ടുവർഷം കൂടുമ്പോഴും പാപ് ടെസ്‌റ്റ് ചെയ്യണം. എച്ച്പിവി എന്ന വൈറസ്സ് സംഭോഗം വഴി പകരുന്നതാണ് ഗർഭാശയ ഗളാർബ്ബുദത്തിനു കാരണം. പലപ്പോഴും കോശങ്ങളിൽ അർബ്ബുദത്തിന്‍റെ മാറ്റങ്ങൾ കണ്ടുപിടിക്കാമെങ്കിലും രോഗിക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് പാപ്ടെസ്‌റ്റ് കൃത്യമായി നടത്തേണ്ടതാണ്. 30 വയസ്സു കഴിഞ്ഞവർക്ക് പാപ് ടെസ്റ്റിനോടൊപ്പം എച്ച്പിവി ടെസ്‌റ്റും നടത്താം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മുമ്പ് പാപ് ടെസ്‌റ്റ് നടന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഡോക്ടറോട് പറയുകയും റിപ്പോർട്ടുകൾ കാണിക്കുകയും ചെയ്യുക.
- ആർത്തവത്തോടനുബന്ധിച്ച് അമിത രക്‌തസ്രാവമുണ്ടെങ്കിൽ ടെസ്‌റ്റ് നീട്ടി വയ്‌ക്കുക.
- എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്‌ടറോടും ചോദിക്കുക.
- ടെസ്‌റ്റിന് ഒരു ദിവസം മുമ്പ് ശാരീരികബന്ധം നടത്താതിരിക്കുക.
- ടെസ്‌റ്റിനു രണ്ടുദിവസം മുമ്പുവരെ, ഗർഭം തടയാനുള്ള ക്രീമുകൾ, ശുക്ലങ്ങളെ നശിപ്പിക്കുന്ന മരുന്നുകൾ, ഗർഭ നിരോധക വസ്‌തുക്കൾ, യോനിയിൽ നിക്ഷേപിക്കുന്ന മരുന്നുകൾ, ജെല്ലികൾ എന്നിവയൊന്നും യോനിയിൽ ഉപയോഗിക്കരുത്.
- ടെസ്‌റ്റിനു മുമ്പ് ആന്‍റി സെപ്റ്റിക് ലോഷൻ ഉപയോഗിച്ച് യോനി കഴുകരുത്.
- ഇപ്പോൾ ചിലതരം എച്ച്പി വൈറസ്സിൽ നിന്നും രക്ഷനേടാനായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും നൽകാവുന്ന എച്ച്പിവി വാക്‌സിൻ കണ്ടുപിടിച്ചിട്ടുണ്ട്.
- മുമ്പ് അർബുദമോ അർബുദ പൂർവ്വ സ്ഥിതിയോ ചികിത്സിച്ചു മാറ്റാനായി ഹിസ്റ്റ്റെക്ടമി (അതായത് ഗർഭപാത്രം നീക്കം ചെയ്യൽ) ചെയ്‌തിട്ടുണ്ടെങ്കിൽ കൃത്യമായി പാപ് ടെസ്‌റ്റ് ചെയ്യണം. പക്ഷേ വേറെ എന്തെങ്കിലും കാരണ വശാൽ ഗർഭാശയപാത്രവും ഗർഭാശയ ഗളവും മുഴുവനായി നീക്കം ചെയ്‌തിട്ടുണ്ടെങ്കിൽ പാപ് ടെസ്റ്റ് നടത്തേണ്ടതില്ല.
ഡി ആന്‍റ് സി (ഡൈലറ്റേഷൻ ആന്‍റ് ക്യൂരട്ടേജ്)
- ഗർഭാശയ കാൻസർ കണ്ടുപിടിക്കാനും യോനിയിൽ നിന്ന് ഇടയ്ക്കിടെയുള്ള രക്തസ്രാവത്തിന്‍റെ കാരണമറിയാനുമായി ഡി ആന്‍റ് സി ചെയ്യാറുണ്ട്. പലപ്പോഴും ഡി ആന്‍റ് സി കൊണ്ട് രക്‌തസ്രാവം ഭേദമാവാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടെസ്റ്റിനു മുമ്പുള്ള രാത്രിയിൽ ഭക്ഷണമൊന്നും കഴിക്കാതെ വെറും വയറോടെ രാവിലെ ടെസ്‌റ്റ് നടത്തണം. ഡോക്‌ടറോട് എല്ലാ രോഗലക്ഷണങ്ങളും മുമ്പു നടത്തിയ ചികിത്സകളുമെല്ലാം വ്യക്‌തമായി പറയുക.
പെൽവിസിന്‍റെ (അടിവയറിന്‍റെ) അൾട്രാ സൗണ്ട്
- യോനി വഴി അൾട്രാസൗണ്ട് നടത്തി വേണ്ടി വന്നാൽ ബയോപ്സി പരിശോധനയും നടത്തുകയാണെങ്കിൽ ഗർഭപാത്ര കാൻസർ കണ്ടുപിടിക്കാം.
- അടിവയറ്റിൽ വേദന കൂടുതലായി വെള്ളപോക്ക്, ആർത്തവ ക്രമക്കേടുകൾ എന്നീ അവസ്‌ഥകൾക്കു പുറമേ കാൻസർ സ്ക്രീനിംഗ് ടെസ്‌റ്റായും ഈ പരിശോധന നടത്താറുണ്ട്. ഗർഭിണികളിൽ ഒന്നിലധികം ഭ്രൂണങ്ങളുണ്ടോ എന്നറിയാനും ഭ്രൂണ വളർച്ചയും ഭ്രൂണത്തിന്‍റെ തൂക്കവും കണ്ടുപിടിക്കാനും മറുപിള്ളയുടെ സ്ഥാനമറിയാനും ഭ്രൂണത്തിന്‍റെ വൈകല്യങ്ങൾ മനസ്സിലാക്കാനും ഈ പരിശോധന സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ ടെസ്‌റ്റിനു വേണ്ടി മൂത്ര സഞ്ചി നിറഞ്ഞിരിക്കണം. ധാരാളം വെള്ളം കുടിക്കുക. ടെസ്‌റ്റിനു 2 മണിക്കൂർ മുമ്പു മുതൽ മൂത്രമൊഴിക്കരുത്.
വയറിന്‍റെ മുകൾ ഭാഗത്തിലെ അൾട്രാസൗണ്ട്
വയറുവേദന, നീണ്ടു നിൽക്കുന്ന പനി, അകാരണമായ തൂക്കക്കുറവ് എന്നീ ലക്ഷണങ്ങളുണ്ടാകുമ്പോൾ ഡോക്‌ടർ നിർദ്ദേശിക്കുന്നതിനനുസരിച്ച് ഈ പരിശോധന ചെയ്യാം. വയറ്റിനുള്ളിലെ അവയവങ്ങളുടെ (കരൾ, പിത്തസഞ്ചി, കിഡ്നി മുതലായവ) രോഗങ്ങൾ കണ്ടുപിടിക്കാനും ഈ ടെസ്‌റ്റ് നടത്താറുണ്ട്. ഈ ടെസ്‌റ്റിനു 3 മണിക്കൂർ മുമ്പ് മുതൽ ഭക്ഷണം കഴിക്കാതിരിക്കണം.
ഹിസ്റ്ററോ സ്കോപ്പി
ഗർഭാശയഗളം വികസിപ്പിച്ച് വലുതാക്കി അതിലൂടെ ഉപകരണം കടത്തി ഗർഭാശയത്തിന്‍റെ അകവശം പരിശോധിക്കുന്ന ടെസ്‌റ്റാണിത്. ഡി ആന്‍റ് സി പോലെ ഗർഭാശയ കാൻസർ, മുഴകൾ എന്നിവ കണ്ടുപിടിക്കാനും അമിത രക്‌തസ്രാവത്തിന്‍റെ കാരണം മനസ്സിലാക്കാനും ഫൈബ്രോയ്ഡ് പോലെയുള്ള ഗർഭ പാത്ര മുഴകൾ നീക്കം ചെയ്യാനും ഇതുപകരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കിൽ ചുരുങ്ങിയത് നാലോ ആറോ മണിക്കൂറെങ്കിലും (ടെസ്റ്റിനു മുമ്പ്) ഭക്ഷണം കഴിക്കരുത്.
കോൾപോസ്കോപ്പി
ഗർഭാശയഗളത്തിന്‍റെ ബാഹ്യഭാഗം പ്രത്യേകതരം മൈക്രോസ്കോപ്പ് ഉപയോഗിച്ച് നേരിട്ട് പരിശോധിക്കുന്ന ടെസ്‌റ്റാണിത്. ഗർഭാശയ ഗളം അനാരോഗ്യകരമായ അവസ്‌ഥയിലാണെങ്കിലും ഗർഭാശ യഗളത്തിൽ എന്തെങ്കിലും മുഴകളോ വളർച്ചയോ ഉണെങ്കിലും പാപ്സ്പിയർ ടെസ്‌റ്റിൽ തകരാറുണ്ടെങ്കിലും ഈ ടെസ്‌റ്റ് നടത്താറുണ്ട്. ഈ ടെസ്റ്റിനു മുമ്പുള്ള രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതെ വെറും വയറോടെയാണ് ടെസ്‌റ്റ് നടത്തേണ്ടത്.
ലാപ്രോസ്കോപ്പി
ഇത് നടത്തേണ്ട സന്ദർഭങ്ങൾ
- വന്ധ്യത
- എൻഡോമെട്രിയോസിസ് എന്ന അസുഖം
- അടിവയറ്റിൽ ദീർഘ കാല വേദന
- ഗർഭപാത്രത്തിനു പുറമെയുള്ള ഗർഭധാരണം
- അടിവയറ്റിലെ രോഗാണുബാധ
- അണ്ഡാശയാർബ്ബുദത്തിന്‍റെ പ്രാരംഭം
- വന്ധ്യകരണ ശസ്‌ത്രക്രിയയിൽ അണ്ഡവാഹിനിക്കുഴലുകൾ മുറിക്കുക.
- അണ്ഡവാഹിനിക്കുഴലുകൾ വീണ്ടും യോജിപ്പിക്കുക.
- അണ്ഡാശയങ്ങൾ, അണ്ഡാശയങ്ങളിലുണ്ടാവുന്ന മുഴകൾ. ബീജവാഹിനി കുഴലുകൾ, ഫൈബ്രോയ്ഡ് മുഴകൾ എന്നിവ നീക്കം ചെയ്യുക.
- ഈ ടെസ്‌റ്റിനു മുമ്പ് രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരിക്കണം. ഗൈനക്കോളജിസ്‌റ്റിന്‍റെ അടുത്ത് പരിശോധ നയ്ക്കെത്തുമ്പോൾ പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
- ടെസ്‌റ്റിനു തൊട്ടു മുമ്പ് ശാരീരിക ബന്ധം നടത്താൻ പാടില്ല. കാരണം സംഭോഗത്തിനു ശേഷം ഗർഭാശയ ഗളത്തിലുണ്ടാവുന്ന ചുവപ്പു നിറവും മറ്റു മാറ്റങ്ങളും അണുബാധയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ശുക്ലാണുക്കള്‍ ഉണ്ടായിരുന്നാൽ പാപ്സ്മിയർ പരിശോധിച്ചു മനസ്സിലാക്കാൻ പറ്റില്ല.
- യോനീസ്രവത്തിന്‍റെ ഗന്ധം മാറ്റാനായി ടെസ്‌റ്റിനു മുമ്പ് ചില സ്ത്രീകൾ യോനി കഴുകാറുണ്ട്. അതു ശരിയല്ല. കാരണം രോഗാണുബാധ കണ്ടുപിടിക്കാനുപകരിക്കുന്ന യോനീസ്രവം കഴുകുന്നതിലൂടെ നഷ്‌ടമാകുന്നു. അതുകൊണ്ട് പലപ്പോഴും സ്മിയർ ടെസ്‌റ്റിൽ രോഗാണുക്കളെ കാണാൻ കിട്ടാറില്ല. ടെസ്‌റ്റിനു മുമ്പ് വെള്ളം കൊണ്ടോ ആന്‍റിസെപ്ടിക് ലോഷൻ കൊണ്ടോ യോനി കഴുകരുത്.
- യോനിയിൽ ക്രീമുകൾ, ജെല്ലികൾ, മറ്റു ഗർഭനിരോധക വസ്‌തുക്കൾ എന്നിവ ടെസ്‌റ്റിനു മുമ്പ് ഉപയോഗിക്കാതിരിക്കുക.