ഭൂമി കൈകൾ നീട്ടി ആകാശത്തെ തൊടുന്നത് കണ്ടിട്ടുണ്ടോ…? അങ്ങനെയും ചില സ്ഥലങ്ങളുണ്ട് ഭൂമിയിൽ. അതിലൊന്നാണ് ഹിമാലയത്തിനോട് തൊട്ടു കിടക്കുന്ന ഹിമാചൽപ്രദേശ്. ഹിമകണങ്ങൾ ഭൂമിയിലേക്ക് പൊഴിയുന്ന നാട്. ശിവശക്തിയുടെ അഗ്നി മഞ്ഞു മലകളിൽ കത്തി പടരുന്നത് കൊണ്ട് കൂടിയാകാം ആ നാട് ഹണിമൂൺ ഡെസ്റ്റിനേഷനും കൂടി ഒന്നാമതായി പേര് കേട്ടത്. മഞ്ഞു പൂക്കൾ കൊണ്ട് മൂടിയ മല നിരകൾ നിറഞ്ഞ ആ നാട്ടിലേക്ക് നമുക്കൊന്ന് പോയാലോ…?
ആകാശം തൊടാൻ വെമ്പുന്ന മഞ്ഞു മലകൾ, താഴ്വരകൾ, നദികൾ, മിനുസമുള്ള ഉരുളൻ കല്ലുകൾ, വലിയ റോസാപ്പൂക്കൾ, തളിരിലയിട്ട ആപ്പിൾ തോട്ടങ്ങൾ, തണുപ്പ് കുപ്പായങ്ങൾ വിൽക്കുന്ന തെരുവുകൾ, ഗോതമ്പ് നിറമുള്ള ആളുകൾ, ചൂടു ചായ വിൽക്കുന്ന പെട്ടിക്കടകൾ, കല്ലും മരവും കൊണ്ട് മാത്രം കെട്ടിയുണ്ടാക്കിയ ചെറിയ വീടുകൾ, വളഞ്ഞു പുളഞ്ഞു താഴേക്കും അതേ ഉശിരോടെ മുകളിലേക്കും വലിഞ്ഞു കേറിപോകുന്ന റോഡുകൾ, ഒരുപാട് രോമങ്ങളുള്ള കണ്ടാൽ സിംഹത്തിന്‍റെ തലയെടുപ്പുള്ള തെരുവ് നായ്ക്കൾ, ഇതൊക്കെയായിരുന്നു ഞാൻ അവിടെ കണ്ട ചുരുക്കം ചില കാഴ്ചകൾ.
വളരെ അപ്രതീക്ഷിതമായിട്ടാണ് ഹിമാചൽപ്രദേശിന്‍റെ ഹൃദയ ഭാഗമായ മണാലി യാത്രക്കു അവസരമുണ്ടായത്. ജീവൻ പണയം വച്ചുള്ള യാത്രയായിരിക്കുമെന്ന ചിലരുടെ ഉപദേശം കേട്ടപ്പോൾ ഉള്ളൊന്നു നടുങ്ങിയെങ്കിലും പ്രിയപ്പെട്ടവരുടെ കൂടെയുള്ള യാത്ര ഒഴിവാക്കാൻ മനസ്സനുവദിച്ചില്ല. ആദ്യമായി ഡൽഹിയിൽ വരുന്ന ധന്യയുടെ മോഹമായിരുന്നു ഇങ്ങിനെയൊരു യാത്രയ്ക്ക് തുടക്കം കുറിച്ചത്.
എങ്ങനെ അവിടെ എത്തിപ്പെടുമെന്നായിരുന്നു ആദ്യത്തെ ചിന്ത. തീവണ്ടി ഗതാഗതം ചണ്ഡീഗഡ് വരെ മാത്രമേ ഉള്ളൂ. ഫ്ളൈറ്റ് വഴി പോകുന്നതും ഒരുപാട് ചെലവ് കൂടുതലാണ്. സ്വന്തമായി ഡ്രൈവ് ചെയ്‌തു പോകാൻ ധൈര്യം സമ്മതിച്ചില്ല. അങ്ങിനെയാണ് ഡൽഹിയിൽ നിന്നും 550 കിലോമീറ്റർ ദൂരെയുള്ള മണാലിയിലേക്കു പോകാൻ ടൂർ പാക്കേജുകാരുമായി ബന്ധപ്പെട്ടത്. അവർ എല്ലാം വിശദമായി തന്നെ പറഞ്ഞു തന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. ഞങ്ങൾ രണ്ടു ഫാമിലികൾ ഒന്നിച്ചു അവരുടെ പാക്കേജിൽ ബുക്ക് ചെയ്‌തു. ഡൽഹിയിൽ നിന്നും മണാലിയിലേക്ക് വോൾവോ ബസ് മൂന്ന് ദിവസം ഹോട്ടൽ താമസവും അവിടുത്തെ കാഴ്ചകൾ കാണിക്കലും, തിരിച്ചു മണാലിയിൽ നിന്നും ഡൽഹിയിലേക്ക്. ഇതെല്ലാം പാക്കേജിൽ ഉൾപ്പെട്ടിരുന്നു.
3 ദിവസത്തെ യാത്ര തുടങ്ങുകയാണ്
വാക പൂക്കാൻ തുടങ്ങുന്ന ഏപ്രിൽ മാസത്തെ അവസാന ദിവസങ്ങളിലൊന്നിൽ ഡൽഹിയിലെ രാമകൃഷ്ണാശ്രമത്തിന്‍റെ മെട്രോ സ്റ്റേഷൻ പില്ലർ നമ്പർ 9 ൽ ഞങ്ങൾ എത്തി. ഡൽഹിയിൽ നിന്നും മണാലിയിലേക്കുള്ള വോൾവോ ബസിന്‍റെ സ്റ്റാർട്ടിംഗ് പോയിന്‍റ് ആയിരുന്നു അവിടെ. കൃത്യ സമയത്തു തന്നെ ബസ് പുറപ്പെടാൻ തുടങ്ങി.
ബസിലെ സീറ്റുകളിൽ ഫുൾ യാത്രക്കാരുണ്ടായിരുന്നു. ബസിൽ ഭൂരിഭാഗവും പുതിയതായി വിവാഹം കഴിച്ചു ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന ദമ്പതികളായിരുന്നു. അത് കണ്ടപ്പോഴാണ് ധന്യക്കൊരു സംശയമുണ്ടായത്. നവവധുവിന്‍റെ കൈകളിൽ നിറയെ ചുവന്ന ഒരു തരം പ്ലാസ്റ്റിക് വളകൾ ഇട്ടതു എന്തിനായിരുന്നുയെന്നത്. പഞ്ചാബികളുടെ ഒരു രീതിയാണത്. പുതുപ്പെണ്ണിങ്ങനെ ചുവന്ന വളകളിടുന്നത്. അതിനു ചൂടായെന്നാണ് അവർ പറയുന്നത്. ചൂട അഴിക്കുന്നതുവരെ അവർക്കു ഭർത്താവിന്‍റെ വീട്ടിൽ പാചകമൊന്നും ചെയ്യേണ്ട. രാജ്‌ഞിയെ പോലെ കഴിയാം. അത് അവരുടെ ഒരു രീതിയാണ്. ഒരു മാസം മുതൽ ഒരു കൊല്ലം വരെ എത്രവരെ വേണമെങ്കിലും ആ വളകൾ കൈയിലണിയാം. എന്ത് നല്ല രീതി അല്ലേ..
വോൾലോ ബസിലെ 14-15 മണിക്കൂർ യാത്ര. ആദ്യമായിട്ടാണ് ഇത്രയും ദൂരം ബസിലിരുന്ന് യാത്ര ചെയ്യുന്നത്. ഛർദ്ദിക്കുമെന്ന് പേടി കൊണ്ടു ആദ്യം തന്നെ മുൻകൂർ ജാമ്യം പോലെ ടാബ്‍ലെറ്റ് കഴിച്ചു. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡാണ്. പർവതം തുരന്ന് ഇടുങ്ങിയ റോഡുകളിലൂടെയാണ് യാത്രയെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. ഡൽഹി കഴിഞ്ഞു ബസ് ഹരിയാന ബോർഡർ നരേലയും കഴിഞ്ഞു പ്രയാണം തുടർന്നു. ഹരിയാനയുടെയും പഞ്ചാബിന്‍റെയും തലസ്‌ഥാനമായ ചണ്ഡീഗഡ് എത്താൻ ഇനിയും മണിക്കൂറുകൾ ബാക്കിയുണ്ട്.
സൂര്യൻ കാണാമറയത്ത് പോയി മറയുന്നു. നക്ഷത്രങ്ങൾ മോണ കാട്ടി മിന്നാൻ തുടങ്ങി. നഗരം ആ സുന്ദര ദിവസത്തെയും വിഴുങ്ങാൻ തുടങ്ങുകയാണ്. ബസിലുള്ള യാത്രക്കാർ എല്ലാവരും എന്നെ പോലെ എത്രയും വേഗം നാളെ ഒന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്ന് ആലോചിക്കുന്ന വരായിരിക്കുമോ? പല നാടുകളിൽ നിന്നും വരുന്നവർ. മലയാളികൾ, തമിഴ്നാട്ടുകാർ, നോർത്ത് ഇന്ത്യൻസ് എല്ലാവരുമുണ്ടായിരുന്നു. യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി എന്ന് ഞാൻ വെറുതെ ഓർത്തു പോയി. ഹരിയാനയിലെ ഡാബ എന്നറിയപ്പെടുന്ന ഭക്ഷണശാലകൾ ഒന്നൊന്നായി കഴിഞ്ഞു പോകുന്നു. അവസാനം പീപ്പിലി എന്ന സ്ഥലത്തെ ഒരു ഹോട്ടലിനു മുമ്പിൽ ബസ് നിർത്തി. 30 മിനിട്ടു ഹാൾട്ട് ഉണ്ട്. ഭക്ഷണം കഴിച്ചു വരാൻ അറിയിപ്പുണ്ടായി. എല്ലാവരും താഴെ ഇറങ്ങി അവരവർക്കു ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു തിരിച്ചു ബസിൽ കയറി. സമയം രാത്രി 9 മണി കഴിഞ്ഞു. എപ്പോഴോ ഉറങ്ങിപ്പോയി.
കണ്ണ് തുറക്കുമ്പോൾ ബസ് നിർത്തിയിട്ടിരിക്കുന്നു. സമയം രാവിലെ 4.30. ചണ്ഡീഗഡ് മണാലി നാഷണൽ ഹൈവേയിൽ 3 കിലോമീറ്റർ ദൂരമുള്ള ഓട്ട് എന്ന് പേരുള്ള ഒരു വലിയൊരു തുരങ്കമുണ്ട് മണ്ഡിയെന്ന സ്ഥലത്ത്. രാത്രിയിലെപ്പോഴോ ആ തുരങ്കം കഴിഞ്ഞ് പോയിരിക്കുന്നു. ഞാൻ കാണാതിരുന്നത് നന്നായി. ഇല്ലെങ്കിൽ തുരങ്കത്തിൽ മറ്റൊരു ദുരന്തം ആവുമായിരുന്നു ചിലപ്പോൾ ഞാൻ. ചുറ്റും നേരിയ ഇരുട്ടിന്‍റെ മറവിലിരുന്നു കുന്നുകളും മലകളും മാടി വിളിക്കുന്നതു പോലെ. ചായ കുടിക്കാൻ നിർത്തിയ ബസിൽ ചിലരൊക്കെ അപ്പോഴും നല്ല ഉറക്കമാണ്. ഇടയ്ക്കു കണ്ടക്ടർ വന്നു പറഞ്ഞു മൂന്ന് മണിക്കൂർ യാത്ര ഇനിയും ഉണ്ട്. രാവിലെ 8 മണിയാകുമ്പോൾ നമ്മൾ മണാലി എത്തിച്ചേരും. ആ സമയത്താണ് എന്‍റെ ഫോൺ റിംഗ് ചെയ്‌തത്.
ഈ അസമയത്ത് ആരായിരിക്കുമെന്ന് വിചാരിച്ച് നോക്കിയപ്പോൾ പരിചയമുള്ള നമ്പർ ആയിരുന്നില്ല. ഹലോ പറഞ്ഞപ്പോൾ ടൂർ പാക്കേജുകാർ ഏർപ്പാടാക്കിയ ടാക്‌സി ഡ്രൈവറുടെ വിളിയായിരുന്നു എവിടെയെത്തിയെന്നറിയാൻ. കുളു എത്തിയാൽ അറിയിക്കണമെന്ന് പറയാനായിരുന്നു ആ കാൾ (തണുപ്പ് പെയ്യുന്ന പുലർച്ചയിലും തൊഴിലിനോടുള്ള നീതി പുലർത്തുന്നവർ. ആദരവ് താന്നി അയാളോട്) കുളുവിൽ നിന്നും 40 കിലോമീറ്റർ ദൂരെയാണ് മണാലി. കുളുവിൽ എത്താൻ ഇനിയും 80 കിലോമീറ്റർ ഉണ്ട്. എനിക്കവിടെയിറങ്ങി, ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ആ മലകളോട് മൗനമായൊന്നു സംസാരിക്കാനും ആ മണ്ണിലൊന്നു കാൽപാദം തൊട്ടു അവിടുത്തെ തണുപ്പിന്‍റെ ചൂടറിയാനും കൊതി തോന്നിയിരുന്നു. യാത്രയുടെ അവസാന മണിക്കൂറുകൾ പിന്നിട്ട് പോവുകയാണ്. ഇനി എന്തായാലും ഉറങ്ങില്ലായെന്നു തീരുമാനിച്ചു ചിലരൊക്കെ അപ്പോഴും നല്ല ഉറക്കത്തിലാണ്.
വളരെ വീതി കുറഞ്ഞ റോഡുകൾ. വളവും തിരിവും അപ്പോഴാണ് ശരിക്കറിയുന്നത്. സൂര്യൻ ഭൂമിയെ വിളിച്ചുണർത്താനുള്ള പുറപ്പാടിലാണ്. ദൂരെ മലമുകളിൽ ചുവപ്പ് പടരുന്നു. കിളികൾ പറക്കാൻ തുടങ്ങി. റോഡിന്‍റെ ഒരു വശത്തു കൂടെ ഒരു നദി ബസിന്‍റെ കൂടെ തന്നെ ഒഴുകുന്നുണ്ട് ചാഞ്ഞും ചെരിഞ്ഞും അടുത്തും അകന്നുമൊക്കെ. നദിയിലെ വലിയ ഉരുളൻ കല്ലുകൾ മീനുകൾ തടവി മിനുസ്സപ്പെടുത്തിയത് പോലെയുണ്ടായിരുന്നു. ബസ് ഉയരത്തിലേക്ക് കയറുകയാണ്. കുളു എത്താറായിരിക്കുന്നു. ചുറ്റും ആപ്പിൾ മരങ്ങൾ കാണാൻ തുടങ്ങി. പൂക്കളും കായ്കളും ഇല്ലാത്ത ആപ്പിൾ മരങ്ങൾ. അവ പൂക്കാൻ തുടങ്ങുന്നത് ഓഗസ്റ്റ് മാസത്തിലാണ്. (കാലം തെറ്റി എവിടെ എങ്കിലുമൊരു ആപ്പിൾ മരം പൂവിട്ടിട്ടുണ്ടോയെന്ന് പോയി നോക്കിയാലോ. വെറുതെ ഒരു മോഹം)
ഞങ്ങൾ കുളുവിൽ എത്തി. ടാക്സി ഡ്രൈവറെ വിളിച്ചു ഞാൻ വിവരം അറിയിച്ചു. രണ്ടു മണിക്കൂറിൽ മണാലി എത്തും. ബസ് വീണ്ടും പോകാൻ തുടങ്ങി ഹിമാലയത്തിനു അടുത്തേക്ക്. ഭൂമിയിലെ പറുദീസ പോലെ സുന്ദരമായ കാഴ്ചകൾ. പുഴയ്ക്ക് ചുറ്റും മരങ്ങൾ, മലനിരകൾ… പിന്നെ അങ്ങ് ദൂരെ പർവ്വതങ്ങൾക്കു മുകളിൽ വെളുത്ത പരവതാനി പോലെ മഞ്ഞു കട്ടകൾ. സൂര്യന്‍റെ വെളിച്ചം ടോർച്ച് വെളിച്ചം പോലെ കത്തിയും കെട്ടും മലനിരകളെ പുണരുന്നു. ഇടയ്ക്കു പുഴയിലേക്കും അത് പരക്കുന്നുണ്ട്.
സമയം രാവിലെ 7.30 ഞങ്ങൾ മണാലിയിലെത്തി. കാലാവസ്‌ഥ നിരീക്ഷണത്തിന്‍റെ പ്രവചനം വിശ്വസിച്ച്, കൊടും തണുപ്പൊന്നും ഉണ്ടാകില്ലായെന്ന് കരുതി തണുപ്പ് കുപ്പായങ്ങൾ വളരെ കുറച്ച് മാത്രമാണ് കരുതിയിരുന്നത്. എന്നാൽ ആ തീരുമാനത്തെ മനസ്സിൽ ശരിക്കും ശപിക്കുമാറ് മണാലിയിലെ നിലത്തു കാലെടുത്തു വച്ചത് 4 ഡിഗ്രി തണുപ്പിലേക്കായിരുന്നു. എല്ലാവരും തണുത്തു വിറക്കുന്നുണ്ടായിരുന്നു. ഒരിക്കൽ പോലും തണുക്കുന്നു എന്ന് പറയാത്ത ദയകുട്ടി തണുപ്പടിച്ച് അമ്മയുടെ ഒക്കത്ത് കേറി. എങ്കിലും ചുറ്റുമുള്ള കാഴ്ച ആ തണുപ്പിനെ ഒക്കെ മറികടന്ന് മനസ്സിലേക്ക് ഇളം വെയിൽ പരത്തി.
ഞങ്ങളുടെ ടാക്‌സി ഡ്രൈവർ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്നും വെറും 10 മിനിട്ടു ദൂരത്തായിരുന്നു ബുക്ക് ചെയ്‌ത ഹോട്ടൽ. ഹോട്ടലിലെ വെൽകം ഡ്രിങ്കായ ചൂട് കാപ്പി തണുപ്പിനെ കുറച്ചൊന്നു ശമിപ്പിച്ചു. കുറച്ചു നേരം റസ്റ്റൈടുത്ത് ഫ്രഷായി കഴിഞ്ഞ് വിളിച്ചാൽ മതി ആ സമയത്ത് വരാമെന്ന് പറഞ്ഞു ടാക്സി ഡ്രൈവർ പോയി.
സമതല പ്രദേശത്തു നിന്നും 6700 അടി ഉയരത്തിൽ, ഹിമാലയത്തിന്‍റെ തൊട്ടടുത്താണിപ്പോൾ ഞാനുള്ളതെന്നു വിശ്വസിക്കാൻ പ്രയാസം. ഹോട്ടൽ മുറിയിലെ കാഴ്ചകളിൽ പ്രിയം ദൂരെ മഞ്ഞു മൂടിയ മലനിരകളായിരുന്നു. സമയം 12 മണിയായി. ഞങ്ങൾ പ്രഭാത ഭക്ഷണമൊക്കെ കഴിച്ച് പുറം കാഴ്ചകൾ കാണാനുള്ള തിടുക്കത്തിലായി.
ഡ്രൈവർ കം ഗൈഡിന്‍റെ സഹായത്തോടെ ആദ്യം പോകാൻ തീരുമാനിച്ചത് ഹോട്ടലിൽ നിന്നും 4 കിലോമീറ്റർ മാത്രം ദൂരമുള്ള ഹിഡുംബി ക്ഷേത്രത്തിലേക്കായിരുന്നു. വീതി കുറഞ്ഞ തിരക്കുള്ള റോഡിലൂടെ ഞങ്ങൾ ക്ഷേത്രത്തിന്‍റെ മുന്നിലെത്തി. അവിടെ തന്നെ ഹിഡുംബിയുടെ മകൻ ഘടോൽകചനേയും പൂജിക്കുന്ന സ്‌ഥലവും കാണാം. മഹാഭാരത കഥയിലെ നെടും തൂണും, രണ്ടാമൂഴത്തിലെ പ്രധാന കഥാപാത്രവുമായ ഭീമന്‍റെ പത്നിയുടെയും മകന്‍റെയും സാമീപ്യങ്ങൾ നിറഞ്ഞ അന്തരീക്ഷം.
വെറും വലിയ രണ്ടു ദേവതാരു വൃക്ഷങ്ങളാണ് ഘടോൽക്കചന്‍റെ പ്രതീകമായി അവിടെ കണ്ടത്. അതിലെ ഒരു മരത്തിനു ചുറ്റും തറ പോലെ കെട്ടിയുണ്ടാക്കി അതിൽ കല്ല് കൊണ്ട് കൊത്തിയ ചെറിയ കറുത്ത ആൾരൂപങ്ങളെ നിരത്തി വച്ചിട്ടുണ്ട്. ആ മരത്തിന്‍റെ തന്നെ താഴേക്ക് തൂങ്ങിയാടുന്നൊരു കൊമ്പിൽ വലിയൊരു പിച്ചള മണി തൂക്കിയിട്ടിരിക്കുന്നു. മറ്റേ മരത്തിന്‍റെ തടിയിൽ അസുരന്മാരെ ഓർമ്മിപ്പിക്കുന്ന മൃഗങ്ങളുടെ തലയോട്ടിയും കൊമ്പുകളും പിന്നെ കുറെ ശൂലങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
അവിടെയും തണുപ്പ് കുപ്പായങ്ങൾ വിൽക്കുന്നവരുണ്ട്. അവരിൽ കൂടുതലും സ്ത്രീകളാണ്. ഞങ്ങൾ പിന്നെ നേരെ ഹിഡുംബി ക്ഷേത്രത്തിലേക്ക് പോയി. ഒറ്റത്തടിയിൽ, അധികം ശിഖരങ്ങൾ ഇല്ലാതെ ഒരുപാട് ഉയരത്തിലേക്ക് വളർന്നു നിൽക്കുന്ന ദേവതാരു വൃക്ഷങ്ങളാണ് ചുറ്റും. അതിൽ തിങ്ങി നിറഞ്ഞ സൂചിമുന പോലുള്ള ഇലകൾ തണുപ്പിനെ ചെറുത്തു നിൽക്കാൻ വേണ്ടിയാണെന്ന് പറയുന്നു.
പെട്ടെന്നാണ് എന്‍റെ കാതിൽ ഒരു മിണ്ടാപ്രാണിയുടെ പിടച്ചിൽ കേട്ടത്. യാക് വിളിക്കുന്ന പശുവിന്‍റേതായിരുന്നു അത്. മൂക്കിലൂടെ പ്ലാസ്റ്റിക്ക് കയറിട്ടു, വളരെ ക്രൂരമായി വലിച്ചിഴച്ചു അതിന്‍റെ പുറത്തു വിനോദ സഞ്ചാരികളെ കയറ്റി ഇരുത്തി സവാരി ചെയ്യിപ്പിക്കുകയാണവിടെ. നിറയെ മരങ്ങൾക്കിടയിൽ നാല് തട്ടുകൾ പോലെ തോന്നിപ്പിക്കുന്ന ഒരു പ്രത്യേകതരം കെട്ടിടം. കാട്ടിലെ ഒറ്റപ്പെട്ടു പോയൊരു കൊച്ചു കൊട്ടാരം ഓർമ്മിപ്പിച്ചു. അവിടെ ഹിഡുംബിയുടെ ചിലങ്ക മണികളുടെ നാദം ഒറ്റത്തടി മരങ്ങളുടെ ഇലകളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനുള്ളിലെ മൂർത്തിയിൽ ആവാഹിച്ച ഹിഡുംബിയെ എന്തുകൊണ്ടോ ഞങ്ങൾ കാണാൻ പോയില്ല.
ചെറിയ പടികൾ ഇറങ്ങി ഞങ്ങൾ താഴേക്കു റോഡിലിറങ്ങി. അവിടെ ഞങ്ങളുടെ വണ്ടിയും എത്തി. അപ്പോഴേക്കും സമയം 2 മണിയായി. എല്ലാവർക്കും വിശക്കുന്നുണ്ടായിരുന്നു. കുത്തനെ കയറ്റമുള്ള റോഡിലൂടെ 10 മിനിറ്റ് യാത്ര ചെയ്‌തു ഞങ്ങളൊരു ഹോട്ടലിൽ കയറി. രണ്ടു നിലകൾ മാത്രമുള്ള കെട്ടിടത്തിന്‍റെ മുകളിലെ നിലയിലായിരുന്നു ഭക്ഷണം. ഞങ്ങൾ ഗോവണി കയറി മുകളിലെത്തിയപ്പോൾ കണ്ട കാഴ്ച അക്ഷരങ്ങളിലൂടെ വർണ്ണിക്കാൻ കഴിയുന്നതല്ല.
ഇളം വെയിൽ പരന്നു കിടക്കുന്ന ഒരു വലിയ വരാന്തയിലായിരുന്നു ഇരിപ്പിടങ്ങൾ. താഴേക്ക് നോക്കിയാൽ ബിയാസ് നദി ഒഴുകുന്നത് കാണാം. കണ്ണെത്തും ദൂരം മുഴുവൻ മലനിരകൾ. അതിനു മുകളിൽ പഞ്ഞി തൊപ്പി പോലെ മഞ്ഞു മൂടി കിടക്കുന്നു. തണുപ്പുള്ള കാറ്റിലും ഞങ്ങൾ സംതൃപ്തിയുടെ നീര് കുടിക്കുകയായിരുന്നു. ഹോട്ടലിന്‍റെ പേര് തന്നെ വേൾഡ് പീസ് എന്നായിരുന്നു. ശരിക്കും പേരിനൊത്ത സ്‌ഥലം. ഭക്ഷണം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വീണ്ടും വരാമെന്നു ഹോട്ടൽകാരോടും ബിയാസ് നദിയോടും ഞങ്ങൾ പറയുകയായിരുന്നു.
പിന്നേ നേരെ പോയത് അവിടെ അടുത്ത് തന്നെയുള്ള വസിഷ്ഠ ക്ഷേത്രത്തിലേക്കാണ്. 4000 കൊല്ലം പഴക്കമുള്ള ക്ഷേത്രമാണത്. പണ്ട് വിശ്വാമിത്രമുനി വസിഷ്ഠ മുനിയുടെ മക്കളെ ശപിച്ചു കൊന്നു. അതിൽ വസിഷ്ഠ മുനി ഹൃദയം നൊന്ത് ബിയാസ് നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോയിരുന്നു. പക്ഷേ ബിയാസ് നദി മുനിയുടെ ജീവനൊടുക്കാൻ വിസമ്മതിച്ചു. അങ്ങിനെ വസിഷ്ഠ മുനിയുടെ ആശ്രമമാണ് പിന്നീട് ക്ഷേത്രമായത്. ആ ഗ്രാമം വസിഷ്ഠ ഗ്രാമം എന്നറിയപ്പെട്ടു.
അവിടെയുള്ള വേറൊരു അത്ഭുതമെന്നു പറയുന്നത് മൈനസ് ഡിഗ്രി തണുപ്പിലും ചൂടുള്ള വെള്ളത്തിന്‍റെ ഒരുറവ! പ്രകൃതിയെന്ന അമ്മ അവിടെയുള്ള ഗ്രാമവാസികൾക്ക് കനിഞ്ഞു നൽകിയതാണ്. അരിയും പരിപ്പും പോലും ആ ചൂട് വെള്ളത്തിൽ വെന്തു കിട്ടുമെന്ന് പറയുന്നു. സൾഫറിന്‍റെ അതിപ്രസരമുള്ള ഈ വെള്ളം എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ഒറ്റമൂലി ഔഷധമായും ഉപയോഗിക്കുന്നുണ്ട്.
ക്ഷേത്രത്തിനുള്ളിൽ കറുത്ത കല്ലിൽ കടഞ്ഞെടുത്ത ആരാധനമൂർത്തിയെ മുണ്ട് ഉടുപ്പിച്ചിട്ടുണ്ട്. (അവർ ദോത്തിയെന്നു പറയും) ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് വെറും മരവും കല്ലും കൊണ്ട് മാത്രമാണ്. മരത്തിൽ കൊത്തുപണികൾ ചെയ്‌ത് മേൽക്കൂര ആകർഷകമാക്കിയിട്ടുണ്ട്. മോഡേൺ ആർക്കിടെക്റ്റുകൾ പോലും തോറ്റു പോകുന്ന ഡിസൈനുകൾ.
സമയം 5 മണി കഴിഞ്ഞു. ഞങ്ങൾക്കു തിരിച്ചു പോകേണ്ട സമയമായി. തണുപ്പും കൂടി കൂടി വന്നു. ഞങ്ങളെ മണാലിയിലെ മാല്‍ റോഡിൽ ഇറക്കി കാബ് തിരിച്ചു പോയി. മാ ല്‍ റോഡ് മണാലിയിലെ ഷോപ്പിംഗ് മാർക്കറ്റ് ആണ്. അവിടെ നിന്ന് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് വെറും 5 മിനിട്ടു നടക്കാനുള്ള ദൂരമേയുള്ളൂ. അതുകൊണ്ടു തന്നെ ഞങ്ങൾ അവിടെയിറങ്ങി.
അടുത്ത് തന്നെ ഒരു ബുദ്ധമത ടെമ്പിൾ ഉണ്ട്. വലിയൊരു ബുദ്ധപ്രതിമയായിരുന്നു അതിന്‍റെ ഉള്ളിൽ. കനത്തൊരു നിശബ്ദത ബുദ്ധനെ കൂടുതൽ ധ്യാനനിരതനാക്കിയ പോലെയുണ്ടായിരുന്നു. പുറത്തു പ്രദിക്ഷണ വഴിയിൽ ചുറ്റും മണിമന്ത്ര എന്ന ചക്രം കൈകൊണ്ടു ഉരുട്ടാൻ പാകത്തിൽ സ്‌ഥാപിച്ചിട്ടുണ്ട്. എല്ലാവരും അത് ഉരുട്ടിയാണ് പ്രദിക്ഷണം വയ്ക്കുന്നത്. അതിനു പുറത്തും വെറൊരു കെട്ടിടത്തിൽ മേൽക്കൂര മുതൽ തറ വരെ തൊട്ടു കൊണ്ടു വലിയൊരു മണിമന്ത്ര ചക്രം സ്‌ഥാപിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് ഒരാളെ കൊണ്ടത് തിരിക്കുക പ്രയാസം. അതിനൊരു കയറും കെട്ടിയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും കൂടി ആ കയറിൽ പിടിച്ചൊന്നു കറക്കി ഒരുവട്ടം. അത് കറക്കുമ്പോൾ എന്തോ ഒരു മന്ത്രം കൂടി ചൊല്ലുമെന്നു അവിടെ ഉള്ളവർ പറഞ്ഞിരുന്നു. മണിമന്ത്രം പോലെ ഒന്നാണത്രേ അത്.
പുറത്ത് ഇരുട്ട് പരക്കാൻ തുടങ്ങി. മാർക്കറ്റ് സജീവമാണ്. നിറയെ ആളുകൾ. ഇടയ്ക്കിടയ്ക്ക് ഇരിക്കാൻ സൗകര്യത്തിൽ ബഞ്ചുകളും ഉണ്ട്. ഞങ്ങൾ 8 മണി വരെ അവിടെ ചെലവഴിച്ചു. രാത്രി ഭക്ഷണം താമസിക്കുന്ന ഹോട്ടലിലെ പാക്കേജിൽ ഉൾപ്പെട്ടിരുന്നു. തിരിച്ചു ഹോട്ടലിൽ എത്തിയ ഞങ്ങൾ അന്നത്തെ കാഴ്ചകൾ മുഴുവൻ പകർത്തിയ ക്യാമറയിലെ ഫോട്ടോകൾ നോക്കിയിരുന്നു. മറക്കാനാവാത്ത ഒരു ദിവസം കൂടി തീരുകയാണ്. തണുപ്പിന്‍റെ കാഠിന്യത്തിലും ഓർമ്മകളെ നിങ്ങൾക്കെന്തൊരു ചൂട്.!!
തണുപ്പ് മണക്കുന്ന ഹിമാചൽപ്രദേശിലെ രണ്ടാമത്തെ ദിവസം
വലിയൊരു ടാസ്ക്കാണ് അന്ന് ഞങ്ങൾ ചെയ്യാൻ പോകുന്നതെന്ന് ആദ്യം അറിയില്ലായിരുന്നു. മണാലിയിൽ നിന്നും 20 കിലോമീറ്റർ ദൂരെയുള്ള ഗുലാബയിലേക്കായിരുന്നു അന്നത്തെ യാത്ര. താമസിക്കുന്ന ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിഞ്ഞു 10 മണിയായപ്പോഴേക്കും പോകാൻ ഞങ്ങൾ റെഡിയായി. ക്യാബും ആ സമയത്തേക്ക് ഹോട്ടലിൽ എത്തിയിരുന്നു. പിന്നെയും ഞങ്ങൾ ഉയരത്തിലേക്കാണ് പോകുന്നത്. റോഡിന്‍റെ ഇരുവശത്തും ഭൂമിയുടെ ഹൃദയത്തിന്‍റെ ഇസിജി ഗ്രാഫ് പോലെ ഉയർന്നു താഴ്ന്ന് നിൽക്കുന്ന വലിയ പർവത നിരകളും അഗാധഗർത്തങ്ങളും. അതിൽ നിറയെ പൈൻ മരങ്ങളും ദേവദാരു വൃക്ഷങ്ങളും നിറഞ്ഞ് കരിമ്പച്ച കാടുകൾ പോലെയുണ്ടായിരുന്നു. കുത്തനെയുള്ള കയറ്റം കാതിൽ തേനീച്ചയുടെ മൂളലുണ്ടാക്കി. വേറെയും വിനോദയാത്രക്കാരുടെ വാഹനങ്ങൾ ഞങ്ങൾക്ക് മുന്നിലും പിന്നിലും ഉണ്ടായിരുന്നു. പാതയോരത്ത് ഇടയ്ക്കിടെ തൂക്കിയിട്ടിരിക്കുന്ന ട്രക്കിംഗ് ഡ്രസ്സ് കാണുന്നുണ്ട്.
ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ക്യാബ് ഒരു കടയുടെ മുമ്പിൽ നിർത്തി ഡ്രൈവർ പറഞ്ഞു “നിങ്ങൾക്കും ഈ ഡ്രസ്സ് വാങ്ങേണ്ടി വരും. കാരണം മുകളിൽ മഞ്ഞും തണുപ്പും കൂടുതലാണ്. ഈ ഡ്രസ്സുകൾ മുഴുവൻ നിങ്ങളുടെ പാകത്തിന് ഇവിടുന്ന് വാടകയ്ക്ക് കിട്ടുമെന്നും. ഞങ്ങൾ ആ റോഡ് സൈഡിലെ കടയിൽ കയറി. അവിടെയും കുറെ ആളുകൾ ഇങ്ങനെ വാങ്ങാൻ വന്നിരിക്കുന്നവരാണ്. ശരീരം മുഴുവൻ മറക്കുന്ന സ്പോഞ്ചു ഉള്ളിൽ നിറച്ചുള്ള ഒരുതരം ട്രാക്സ്യൂട്ട് പോലെയുള്ള ഒറ്റപ്പീസ് കുപ്പായമായിരുന്നു അത്. തൊപ്പിയും അതിന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നു. കൂടെ വൂളൻ സോക്സും ബൂട്സും കയ്യിലിടാൻ ഹാൻഡ് ഗ്ലൗസും തന്നു. അപ്പോൾ തന്നെ ഏതാണ്ട് തണുപ്പിന്‍റെ കാഠിന്യം ഞങ്ങൾക്ക് മനസ്സിലായി.
വീണ്ടും യാത്ര ദൂരെ ഉയരത്തിലേക്ക്
മഞ്ഞു മൂടി കിടക്കുന്ന മലനിരകൾ. അവിടേക്കു കുതിക്കുകയാണ് ഞങ്ങൾ. വളവും തിരിവുമുള്ള റോഡുകൾ. ഡ്രൈവറുടെ മനസ്സാന്നിധ്യം അപാരം. കുറച്ചൊന്നു ശ്രദ്ധ തെറ്റിയാൽ ആലോചിക്കാൻ കൂടി വയ്യാ. എങ്കിലും ആകാശം കൈയെത്തി പിടിക്കാൻ പോകുന്നൊരു പ്രതീതിയായിരുന്നു. അവസാനം ഞങ്ങൾ സോലാങ് വാലിയെന്ന താഴ്വരയിലെത്തി. സോലാങ് വാലിയിൽ നിന്നും 6 കിലോമീറ്റർ കൂടി പോയാൽ റോത്താങ് പാസ് എന്ന സ്‌ഥലത്തെത്താം. പക്ഷേ അവിടേക്കു പോകാനുള്ള റോഡും ക്ലോസ് ചെയ്തിരിക്കുന്നു. മഞ്ഞു വീഴ്ചയിലും മഴയിലും അവിടേക്കു പോകുന്ന വിനോദസഞ്ചാരികളെ ടൂറിസം ഡിപ്പാർട്ട്മെന്‍റ് നിരോധിച്ചിരിക്കുന്നതാണ് കാരണം.
ഞങ്ങൾക്ക് പോകേണ്ടത് ഗുലാബയിലേക്കാണ്. അപ്പോഴല്ലേ കഥയറിയുന്നത്. മഞ്ഞു പെയ്യുന്ന കുന്നിന്‍ മുകളിലെത്താൻ ഇനി കാൽനട തന്നെ വേണമെന്ന്. അവിടുന്നങ്ങോട്ട് വാഹനങ്ങൾ പോകില്ല. ഞങ്ങളെല്ലാവരും ഇറങ്ങി ചുറ്റുപാടും ഒന്ന് നോക്കി. കുറെ ആളുകളുണ്ട്. കയറുന്നവരും ഇറങ്ങുന്നവരും. എല്ലാവരുടെ കൈയിലും ഒരു ഊന്നുവടിയുമുണ്ട്. അപ്പോഴാണ് അടുത്തു തന്നെ 20 രൂപക്കും 15 രൂപക്കും വടി വിൽക്കുന്നവരെ കാണുന്നത്. തിരിച്ചു വരുമ്പോൾ അതവർക്ക് തിരിച്ചു കൊടുക്കുകയും വേണം. ഊന്നുവടിയുമായി ഞങ്ങൾ നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും ആരോ വിളിക്കുന്നു.
നല്ല സുമുഖനായ ഗോതമ്പു നിറമുള്ള ഒരു ചെറുപ്പക്കാരൻ കൂളിംഗ് ഗ്ലാസ്സ് ഒക്കെ വച്ച് ഋതിക് റോഷൻ സ്റ്റൈലിൽ ചിരിച്ചു കൊണ്ട് ചോദിക്കുന്നു. “കുട്ടിയെ മുകളിലെത്തിക്കാൻ ആളെ വേണോയെന്ന്” ദയകുട്ടിയെ മുകളിലെത്തിക്കാൻ പാടുപെടുമെന്നു അയാൾ പറയുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ സംശയിച്ചു. പിന്നെയും അവൻ വിശദീകരിച്ചു. മുകളിലെത്താൻ പ്രയാസമാകും. കുട്ടിക്ക് ഒറ്റയ്ക്ക് കയറാൻ പറ്റില്ല. നിങ്ങൾക്ക് കുട്ടിയെ എടുത്തു കയറാൻ സാധിക്കില്ല എന്നൊക്കെ. അവന്‍റെ ചാർജ് എത്രയെന്ന് ചോദിച്ചു. 1500 രൂപയാണ് പറഞ്ഞത്. ഞങ്ങൾ സമ്മതിച്ചു. കൂടെ അവന്‍റെ പേരും ചോദിച്ചു. ചന്ദാ ഠാക്കൂർ.
പൂർണ്ണ ചന്ദ്രനെ പോലെ തന്നെയുള്ളവൻ. ദയകുട്ടിയെ തോളിൽ കയറ്റി ഇരുത്തി അയാൾ യാത്ര തുടങ്ങി. 5 മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ കയറ്റത്തിന്‍റെ കാഠിന്യം മനസ്സിലായി. കയറ്റം കയറാൻ പ്രത്യേകിച്ച് വഴിയൊന്നുമില്ല. കൂടെ കുറച്ചു വഴുക്കലുമുണ്ട്. എനിക്ക് കയറാൻ കഴിയുമെന്ന് തോന്നുന്നില്ലയെന്നു അപ്പോൾ തന്നെ ഞാൻ വിചാരിച്ചു. ഞങ്ങളുടെ ചന്ദാ ഠാക്കൂർ മോളെയും തോളിലേറ്റി പറക്കുകയായിരുന്നു. കുറച്ചു ദൂരം ചെന്ന് അയാൾ ഞങ്ങളെ കാത്തിരിപ്പായി. എനിക്ക് ഒട്ടും കഴിയുന്നില്ല കയറാൻ. ചന്ദാ കയറുന്ന വിധമെനിക്ക് പറഞ്ഞു തന്നു. കൂടെ കൈ പിടിച്ചു ഒരു സ്റ്റൈപ്പ് മുകളിലേക്ക് കൊണ്ടു വന്നു. ആദ്യത്തെ 10 മിനിട്ടു കഴിഞ്ഞപ്പോൾ ചെറിയൊരു ആത്മവിശ്വാസം വന്നു മുകളിലെത്താൻ കഴിയുമെന്ന്. നടക്കുന്നത് കൊണ്ട് തണുപ്പ് അധികമൊന്നും അനുഭവപ്പെട്ടില്ല.
വഴിയിലൊക്കെ ചായ വിൽപനക്കാരും ചെറിയ തോതിൽ സ്നാക്സും ബിസ്ക്കറ്റും ഒക്കെ വിൽക്കുന്നവരുമുണ്ട്. എങ്കിലും അവിടെയൊന്നും പ്ലാസ്റ്റിക് കവറുകളോ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളോ കണ്ടില്ല. ഇക്കോ ഫ്രണ്ട്‍ലി സിറ്റിയാണ് മണാലി. ഇവിടേയും വാഹനത്തിൽ ഗവൺമെന്‍റ് ഉദ്യോഗസ്‌ഥർ റോന്തു ചുറ്റുന്നുണ്ട്. ആരെങ്കിലും വേസ്റ്റ് വഴിയിലോ റോഡിലോ കളയുന്നുണ്ടോയെന്നു പരിശോധിക്കാൻ. ഞങ്ങളും ഇടയ്ക്കിടയ്ക്ക് ചായ കുടിക്കാനും കടല വേവിച്ചത് കഴിക്കാനും ഒക്കെ ബ്രേക്ക് എടുത്തു. അവശിഷ്ടങ്ങൾ കളയാനായി അടുത്തു തന്നെ വലിയൊരു ബാസ്ക്കറ്റ് വച്ചിട്ടുണ്ട്.
ആ സമയത്താണ് ഞങ്ങൾ ചന്ദയുമായി കുശലാന്വേഷണം നടത്തിയത്. 25 വയസ്സുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് അവൻ. പോക്കറ്റ് മണിക്കായിട്ടാണ് ഇവിടെ വന്നു ട്രക്കിംഗ് ചെയ്യുന്നത്. ഒരു ദിവസം ചിലപ്പോൾ മൂന്ന് ട്രിപ്പ് വരെ ചെയ്യും. നല്ലൊരു എക്സർസൈസ് കൂടിയാണ് ഇതെന്ന് അവൻ കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ഫ്രീ ആയിട്ട് ഒരു ഫോട്ടോഗ്രാഫറെ കിട്ടി. പ്രത്യേകിച്ചും ആ സമയത്തു എനിക്കും ധന്യക്കും സെൽഫി എടുക്കാനുള്ള എനർജി ഇല്ലായിരുന്നു.
സമയം ഒരുമണിയായി. ഇനിയും മുകളിലെത്താൻ കുറച്ചു ദൂരം കൂടിയുണ്ട്. ചന്ദാ ദയകുട്ടിക്ക് ഹിന്ദിപാട്ടുകൾ പാടിക്കൊടുക്കുന്നുണ്ട്. ദയകുട്ടിയും ചന്ദയുടെ തോളിലിരുന്ന് സന്തോഷമായി പാട്ടു കേട്ടു കൊണ്ടിരിക്കുന്നു. ഇടയ്ക്ക് എന്തൊക്കെയോ സംഭാഷണങ്ങളും ഉണ്ടെന്നു തോന്നുന്നു. ദയകുട്ടി മലയാളത്തിലും ചന്ദാ ഹിന്ദിയിലും. രണ്ടുപേർക്കും തമ്മിൽ പറയുന്നത് മനസ്സിലാവുന്ന പോലെ ചിരിച്ചു കളിച്ചു സംസാരിക്കുന്നുണ്ട്. കുട്ടികൾക്കൊരു ഭാഷയും വേണ്ട ചങ്ങാത്തം കൂടാൻ.
അറ്റ് ലാസ്റ്റ് ഞങ്ങൾ 14000 അടി മുകളിൽ, ഹിമാലയത്തിന്‍റെ തൊട്ടടുത്ത് എത്തി. സ്വർഗ്ഗത്തിലേക്കുള്ള കവാടമാണോ ഇത് എന്ന് തോന്നിപ്പിക്കുന്ന ചുറ്റുപാട്. നോക്കുന്ന സ്‌ഥലത്തൊക്കെ മഞ്ഞു മൂടി കിടക്കുന്നു. പൈൻ മരങ്ങളിൽ മഞ്ഞു കൊണ്ട് തോരണം ചാർത്തിയിട്ടുണ്ട്. അതുവരെ കയറ്റം കയറി വന്ന ക്ഷീണമൊക്കെ ഞങ്ങൾ മറന്നു. കുറച്ചു മുമ്പ് ദൂരെ കണ്ട മഞ്ഞുമലകളെ ഇപ്പോ കൈയ്യെത്തി പിടിക്കാൻ കഴിയുന്ന പോലെ. വിശ്വാസം വരുന്നില്ല. കണ്ണടച്ച് കുറച്ചു സെക്കൻഡുകൾ നിന്നപ്പോൾ പുതിയൊരു ഊർജ്ജമായിരുന്നു കൈവന്നത്. ഫ്രീയായി കിട്ടിയ ഫോട്ടോഗ്രാഫർ ഒരുപാട് നല്ല പടങ്ങൾ എടുത്തു തന്നു. മഞ്ഞു കട്ടകൾ കൈയ്യിലെടുത്തു തമ്മിൽ വാരിയെറിഞ്ഞു. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത്. ആകാശം താഴേക്കു ഇറങ്ങി വരുന്നു. ഭൂമി ഉയർന്നു ആകാശത്തെ തൊടുന്നു. അല്ലെങ്കിൽ തൊടുന്ന പോലെ നമ്മൾക്ക് തോന്നുന്നു.
അന്തരീക്ഷത്തിൽ മഴയുടെ വട്ടം കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് ചന്ദാ പറഞ്ഞു നമുക്ക് ഇറങ്ങാൻ തുടങ്ങാം. മഴ പെയ്താൽ ഇറക്കത്തിൽ വഴുക്കൽ കൂടുമെന്ന്. മനസ്സില്ലാമനസ്സോടെ ഞങ്ങൾ താഴേക്കിറങ്ങാൻ തുടങ്ങി. ഇറങ്ങുമ്പോഴും മഞ്ഞുമലകൾ എന്നെ അവരിലേക്ക് ആകർഷിപ്പിക്കുന്നുണ്ടായിരുന്നു. താഴേക്കുള്ള ഇറക്കം വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല. ശരിക്കും വടി കുത്തിയിറങ്ങിയില്ലെങ്കിൽ താഴേക്ക് വീഴും. രണ്ട് മണിക്കൂർ കയറാൻ എടുത്ത സമയം തന്നെ ഇറങ്ങാനും എടുക്കുമെന്ന് മനസ്സിലായി. ഇടക്കുള്ള ഇറക്കത്തിൽ വീണ്ടും സ്നാക്ക്സ് വിൽപ്പനക്കാർ. ഞങ്ങൾ ന്യൂഡിൽസ് വാങ്ങി കഴിച്ചു. ഹോ ന്യൂഡിൽസ് ഇത്രയും സ്വാദുണ്ടെന്നു ആദ്യമായി അറിയുകയായിരുന്നു ഞാൻ! വീണ്ടും ഇറക്കം. ഞങ്ങളുടെ വാടകയ്ക്ക് വാങ്ങിയ തണുപ്പ് കുപ്പായം എങ്ങിനെയെങ്കിലും ഒന്ന് മാറ്റിയാൽ മതിയെന്നായി എനിക്ക്. അപ്പോഴാണ് ചന്ദ പറയുന്നത്. അത് മാറ്റി ഒന്ന് നടന്നു നോക്ക്. 2 കിലോ കുറയുമെന്ന് ഹോ എന്തൊരു ആശ്വാസം. ഞങ്ങൾ ഒരുവിധം താഴേക്കു എത്താറായി. താഴെ റോഡ് കാണുന്നു. മഴ ഏതു നേരത്തും ഞങ്ങളെ നനക്കുമെന്ന് തോന്നി. കാശ് കൂടുതൽ കൊടുത്തപ്പോൾ അവന്‍റെ കണ്ണിലെ തിളക്കം പറഞ്ഞറിയിക്കാൻ വയ്യ. വൈകുന്നേരം ബാഹുബലി കാണാൻ പോകുന്നുണ്ടെന്നും പറഞ്ഞു ഞങ്ങളോടെല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞു. ഞങ്ങളുടെ താങ്ങായിരുന്ന ഊന്നുവടിയും തിരികെ കൊടുത്തു. ആ സമയത്താണ് ഞങ്ങളെ നനയിക്കാൻ ആകാശത്തു നിന്നും പനിനീർത്തുള്ളികൾ ഓരോ തുള്ളി തുള്ളിയായി ഇറ്റുവീഴുന്നത്. ഹിമാലയസാനുക്കളിലെ വരദാനം പോലെ എല്ലാം തികഞ്ഞു.
ഡ്രൈവർ വണ്ടിയും കൊണ്ടുവന്നു. ഞങ്ങളെല്ലാവരും തിരിച്ചു പോകാൻ ഇറങ്ങി. അപ്പോഴേക്കും സമയം മൂന്നുമണി കഴിഞ്ഞിരുന്നു. ചാറ്റൽ മഴയുണ്ട്. കൂടെ ഭയങ്കര വിശപ്പും. താഴേക്കുള്ള ഇറക്കത്തിലും ചെവി ചൂളം വിളിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഹോട്ടൽ കണ്ടു. അവിടെയും തിരക്കുണ്ട്. അത്യാവശ്യം നല്ലൊരു ഹോട്ടൽ. ഞങ്ങളവിടെ കയറി ഫ്രഷ് ആയിട്ട് ഭക്ഷണം കഴിച്ചു തിരിച്ചു. തണുപ്പ് പിന്നെയും കൂടി. കൂടെ മഴയും. വാടകയ്ക്ക് വാങ്ങിയ കുപ്പായങ്ങളും ഷൂവും ഒക്കെ തിരിച്ചു കൊടുത്തു വരുന്ന വഴിയിൽ തന്നെ. താഴ്വരകളും നദിയും ഒക്കെ പിന്നിട്ട് മണാലി ഹോട്ടലിലെത്തി. അപ്പോഴേക്കും സമയം 5 മണി കഴിഞ്ഞു.
മണാലിയോട് യാത്ര പറയുകയാണ്. അന്നത്തെ ദിവസം മഴയെ കണ്ടതേയില്ല. മണാലിയിലെ കഞ്ചാവു ചെടികളിൽ മയങ്ങിയ സ്വപ്നങ്ങളെ നിങ്ങൾക്ക് വിട. ബസ് 5 മണിക്ക് തന്നെ ഡൽഹിയിലേക്ക് യാത്ര ആരംഭിച്ചു. പിറ്റേ ദിവസം രാവിലെ 7 മണിക്ക് ഡൽഹിയിലെത്താനുള്ളതാണ്. കുളു വരെ ബിയാസ് ഞങ്ങളെ പിന്തുടർന്നു. വലിയ റോസാപ്പൂക്കൾ വഴിക്കണ്ണുമായി ഞങ്ങളെ യാത്രയാക്കി. ആപ്പിൾ മരങ്ങളുടെ തളിരിലകൾ തലകുനിച്ചു നിൽക്കുന്നു. ദൂരെ ഹിമാലയത്തിന്‍റെ മുകളിൽ നിന്നും ഒരു മഞ്ഞു തുള്ളി ഉരുകിയൊലിച്ചു താഴെ ഭൂമിയിലേക്ക് ഇറ്റു വീഴുന്നു.