അടുത്തുള്ള മുറിയിൽ നിന്നും ഇപ്പോൾ അവ്യക്‌തമായ സംസാരങ്ങൾ മാത്രമേ കേൾക്കുന്നുള്ളൂ. കുറച്ച് നേരം മുമ്പ് വരെ അവരുടെ വാക്കുകൾ സ്പഷ്ടമായിരുന്നു. കാര്യം അത്ര ഗുരുതരമായിട്ടുള്ളതുമായിരുന്നില്ല. പിന്നെന്തു കൊണ്ടാണ് അവരിത്രമാത്രം ഒച്ച വയ്‌ക്കുന്നതും പൊട്ടിച്ചിരിക്കുന്നതും അവർ തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും? സംസാരങ്ങളും ഇടയ്‌ക്കിടെയുള്ള പൊട്ടിച്ചിരികളം അയാളുടെ ചിന്തകളെ എരിച്ചു കൊണ്ടിരുന്നു.

ഓരോ വാക്കുകളും കൂരമ്പുകളായി രൂപം പ്രാപിച്ച് ലക്ഷ്യസ്‌ഥാനം കണ്ടെത്തി കുത്തുന്നതു പോലെയായിരുന്നു അവരുടെ സംസാരം. രമണിന് അപ്പോൾ ഹാളിന്‍റെ വശത്തായുള്ള മുറിയിൽ കതകടിച്ചിരുന്ന് ഉച്ചത്തിൽ പാട്ടു വച്ച് അതിലെ ഓരോ അലകളിൽ സ്വയം അലിയിച്ച് കളയാനാണ് തോന്നിയത്.

ചുറ്റും നടക്കുന്നതൊന്നും അറിയാതെ. പക്ഷേ എന്തോ ഒരു വിചിത്ര ജീവി മനസ്സിനെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. താളം തെറ്റിയ തന്ത്രികൾ പോലെ ഹൃദയമിടിച്ചു കൊണ്ടിരുന്നു. മുന്നോട്ട് ഒരു ചുവടുപ്പോലും വയ്ക്കാനാവാതെ ചങ്ങലക്കിട്ട് ബന്ധിച്ചതു പോലെ… പക്ഷേ ആ വിചിത്ര ജീവി അടിക്കടി അലോസരപ്പെടുത്തി കൊണ്ടിരുന്നു. അടുത്തുള്ള മുറിയിൽ നിന്നുയരുന്ന സംസാരം കേൾക്കാൻ അതയാളെ വിവശമാക്കി കൊണ്ടിരുന്നു. പ്രിയങ്ക ഏതോ പാട്ടിലെ വരികൾ മൂളികൊണ്ടിരുന്നു.

“രോഹന് അത് കേട്ട് വിസിലടിക്കേണ്ട വല്ല കാര്യവുമുണ്ടോ? നാണമില്ലാത്തവൻ,” സോഫയിൽ കണ്ണുമടച്ച് കിടക്കുകയായിരുന്ന രമൺ അപ്പോൾ ആലോചിച്ചു. അയാൾക്ക് അടിമുടി ദേഷ്യം അരിച്ചു കയറി. അയാളെന്തോ ആലോചിക്കവെ രോഹന്‍റെ പൊട്ടിചിരി ഉയരുന്നു. അതോടെ ദേഷ്യത്തിന്‍റെ പാരമ്യത്തിലായിരുന്നു രമൺ സോഫയിലിരുന്ന കുഷ്യൻ എടുത്ത് കസേരയിലേക്ക് എറിഞ്ഞ ശേഷം ചാടിയെണീറ്റൂ.

“എന്തായിത്? എത്ര നേരമായി നിങ്ങളുടെ ഈ ഒച്ചപ്പാട് തുടങ്ങിയിട്ട്. വീട്ടിൽപ്പോലും സ്വസ്ഥമായിരിക്കാൻ സമ്മതിക്കില്ലല്ലോ.” ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ച രമണന്‍റെ ഭാവമാറ്റം കണ്ട് രോഹന്‍റെ മുഖഭാവം മാറി.

രോഹൻ ക്ഷമ പറഞ്ഞു കൊണ്ട് അവിടെ നിന്നെഴുന്നേറ്റു പോയി.

പക്ഷേ പ്രിയ അപ്പോഴും പാട്ടു മൂളികൊണ്ടിരുന്നു. രോഹൻ പോയശേഷവും പ്രിയങ്ക പാട്ടുമൂളി കൊണ്ടിരുന്നത് അയാളുടെ മനസ്സിനെ തണുപ്പിച്ചു. അയാൾ അവളെ കൺകുളിർക്കെ നോക്കി നിന്നു.

അവളിപ്പോൾ 7 മാസം ഗർഭിണിയാണ്. ഇത്രയും സുന്ദരിയായിട്ട് വിവാഹത്തിന് മുമ്പ് പോലും അവളെ കണ്ടിട്ടില്ല. തുടുത്ത കവിളിണകളിൽ മുമ്പത്തേതിലും അരുണിമ വർദ്ധിച്ചതു പോലെ. ശരീരത്തിന് കുറേക്കൂടി നിറം കൂടിയതു പോലെ. മൊത്തത്തിൽ ഐശ്വര്യം തുളുമ്പുന്ന മുഖം കാണുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസമാണ് പകരുന്നത്.

അവാച്യമായ ഏതോ അനുഭൂതി തോന്നുന്നപ്പോലെ. സ്വതവേ മെലിഞ്ഞ ശരീര പ്രകൃതക്കാരിയായ പ്രിയങ്കയ്ക്ക് ഇന്നെതോ വശ്യമായ ഒരു സൗന്ദര്യം. ആരേയും ആകർഷിക്കുന്ന അപൂർവ്വമായ ഒരു വ്യക്‌തിത്വം. ഏത് സ്ത്രീയും ഗർഭിണിയാകുമ്പോഴാണ് അവളുടെ സൗന്ദര്യത്തിന്‍റെ പാരമ്യത്തിലെത്തുക.

അവളുടെ ചലനങ്ങളിലും ഭാവങ്ങളിലും പരിപൂർണ്ണമായ മാതൃത്വത്തിന്‍റെ സൗന്ദര്യം കൊണ്ട് നിറയും. മനോഹരമായ പുഷ്പത്തിൽ നിന്നും പൂമ്പാറ്റ ആവോളം തേൻ നുകരുന്നതുപോലെ…

രമൺ ഭാര്യയുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കെ രോഹൻ മുറിയിലേക്ക് കടന്നു വന്നു. അതോടെ സ്വപ്നത്തിൽ നിന്ന് ഉണർന്ന് യഥാർത്ഥ്യ ലോകത്തെ വികൃതമായ സത്യങ്ങളിൽ നിന്നും മുഖം തിരിച്ച് അയാൾ മുറിവിട്ടിറങ്ങി.

പലതരം പഴങ്ങൾ മുറിച്ച് തയ്യാറാക്കിയ ഫ്രൂട്ട് സലാദ് നിറച്ച പാത്രവുമായിട്ടാണ് രോഹൻ വന്നത്.

രമൺ ഹാളിനടുത്തുള്ള മുറിയിൽ കയറി കിടക്കയുൽ കിടന്നു. ആർക്കോ വേണ്ടിയെന്നോണം ഉച്ചസ്‌ഥായിയിൽ സംഗീതം മുഴങ്ങി കൊണ്ടിരുന്നു. ചെവി പൊട്ടുന്ന ശബ്ദത്തിലാണ് സംഗീതം മുഴങ്ങിയിരുന്നതെങ്കിലും അടുത്ത മുറിയിൽ നിന്നും വന്നിരുന്ന അടക്കി പിടിച്ച ശബ്ദത്തെ തടയാൻ അതിന് കഴിഞ്ഞില്ല.

രോഹന്‍റെ പൊട്ടിചിരിയോടെയുള്ള തമാശകൾ ആസ്വദിച്ചുള്ള പ്രിയങ്കയുടെ ചിരി അയാളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. രണ്ട് ചെവികളേയും കീറി മുറിച്ച് ശബ്ദങ്ങൾ കടന്നു പോകുന്നതു പോലെയാണ് അയാൾക്ക് തോന്നിയത്.

അയാൾ അസ്വസ്ഥതയോടെ ചെവി പൊത്തി തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുത്തുള്ള മുറിയിൽ നിന്നും വരുന്ന സംസാരങ്ങളും ഉച്ചസ്‌ഥായിലുള്ള സംഗീതവും ഓർമ്മകളും അയാളെ ചുട്ടുനീറ്റി. ഉത്കണ്ഠകൾക്കിടയിലും തന്‍റെ സന്തോഷത്തെ നേടിയെടുക്കുകയെന്നത് രമൺ ഒത്തിരി ആഗ്രഹിച്ചു. പക്ഷേ ആ സന്തോഷം തന്നെയും കടന്നു പോകുമെന്നത് അയാളെ സംബന്ധിച്ച് കല്പനാതീതമായിരുന്നു.

“കുറച്ചു ദിവസം മുമ്പ് എല്ലാം സന്തോഷത്തിലായിരുന്നു. രമൺ വീണ്ടും ആലോചനയിൽ മുഴുകി. പക്ഷേ സന്തോഷത്തിലായിരുന്നുവെന്ന് എങ്ങനെയാണ് പറയാൻ കഴിയുക. അപ്പോൾ മറ്റൊരു പ്രശ്നമല്ലേ അലട്ടി കൊണ്ടിരുന്നത്?

വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞിരിക്കുന്നു. ആദ്യ വർഷങ്ങളിൽ ഉദ്യോഗം, കരിയർ, പ്രമോഷൻ, വീട്ടിലെ ഉത്തരവാദിത്തങ്ങളൊക്കെയായി നല്ലൊരു സമയം കഴിഞ്ഞു പോയി. പ്രിയങ്കയാകട്ടെ ഒരു കുട്ടി വേണമെന്ന രമണിന്‍റെ തീരുമാനത്തെ ഒഴിവ് കഴിവ് പറഞ്ഞ് നീട്ടി കൊണ്ടുപോയി.

രണ്ടുപേരും മറ്റുള്ളവർക്ക് മാതൃകാദമ്പതികളായിരുന്നു. രമണിന്‍റെയും പ്രിയങ്കയുടേയും മാതാപിതാക്കളും ബന്ധുക്കളുമൊക്കെ അവർക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു. അവരുടെ ഏഴാം വിവാഹ വാർഷികാഘോഷത്തിന് പ്രിയങ്കയുടെ അച്‌ഛനും അമ്മയും അവരെ സന്ദർശിക്കാനെത്തിയത് അയാൾ ഓർത്തു.

“നിങ്ങൾ വളരെ ഗംഭീരമായി വെഡ്‌ഡിംഗ് ആനിവേഴ്സറി ആഘോഷിക്കാൻ പോവുകയാണല്ലോ. എന്തുപറ്റി? മുമ്പ് ഇതിനൊക്കെ എതിരായിരുന്നുവല്ലോ. വളരെ സന്തോഷം തോന്നുന്നു മക്കളെ” പ്രിയങ്കയുടെ അച്‌ഛന്‍റെ സന്തോഷം അത്രമാത്രമായിരുന്നു.

അതിന് അപ്പോൾ പ്രിയങ്കയാണ് മറുപടി പറഞ്ഞത്. “അതെ പപ്പാ, ഇതൊരു സ്പെഷ്യൽ ആഘോഷമാണ്. രമണിന്‍റെ ബ്രദർ രോഹൻ പഠനം പൂർത്തിയാക്കി വന്നിരിക്കുകയല്ലേ. ഇനിയുള്ള സ്റ്റഡീസിന്‍റെ ചെലവ് അവൻ സ്വയം വഹിക്കും. രോഹൻ ഡോക്‌ടറായിരിക്കുന്നു. ഞങ്ങളുടെ കാത്തിരിപ്പ് സഫലമായി. വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിക്കുന്നുവെന്നേയുള്ളൂ. പക്ഷേ ഞങ്ങളുടെ സന്തോഷം മുഴുവൻ രോഹൻ ഡോക്‌ടറായതിലാണ്.”

“നാത്തൂനെ, രമണിനോടും പ്രിയങ്കയോടും നമുക്ക് സന്തോഷിക്കാനുള്ള ഒരവസരം ഉണ്ടാക്കാൻ പറയൂ. എനിക്കാണെങ്കിൽ ഒരു കുഞ്ഞിനെ എടുത്ത് ലാളിക്കാഞ്ഞിട്ട് വയ്യാ. ഇനി വൈകിയാൽ പ്രശ്നമാകില്ലേ…” രമണിന്‍റെ അമ്മ പ്രിയങ്കയുടെ അമ്മയോട് പറഞ്ഞു.

“അതെ ഇന്ദിരേ, നിങ്ങൾ പറഞ്ഞത് ശരിയാ. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ ആ സമയമാകുമ്പോൾ എല്ലാം ശരിയാകും. നമുക്കും പ്രായമായി വരികയല്ലേ. നമുക്കും കൊച്ചുമക്കളെ ലാളിക്കാനുള്ള കൊതി കാണില്ലേ.” പ്രിയങ്കയുടെ അമ്മ രമണിന്‍റെ അമ്മ പറഞ്ഞതിനോട് യോജിച്ചു.

ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ എവിടെയോ എന്തോ പ്രശ്നമുണ്ടെന്ന് പ്രിയങ്കയ്ക്ക് തോന്നിത്തുടങ്ങി. അതോടെ വിവിധതരം വൈദ്യപരിശോധനകളുടെ ഒരു പരമ്പര തന്നെയായിരുന്നു പിന്നീട് അങ്ങോട്ട്. ഒരു കുഞ്ഞിനെപ്പറ്റി ആഗ്രഹിക്കാതിരുന്ന സമയത്ത് ഇത്തരം കാര്യത്തെപ്പറ്റി അവളൊട്ടും ബോധവതിയായിരുന്നില്ല. എന്നാലിപ്പോൾ ആഗ്രഹിക്കാത്ത പരിശോധന ഫലങ്ങളും പരാജയങ്ങളുമായതോടെ ഒരു കുഞ്ഞ് ഉണ്ടായി കാണുന്നതിനെപ്പറ്റിയുള്ള ആശങ്കകളിലായി രമണും പ്രിയങ്കയും.

കുടുംബത്തിലുള്ള മുതിർന്നവരുടെ ആശങ്കകളുടെ സമ്മർദ്ദം വേറെയും. വൈദ്യപരിശോധനയിൽ രമണിനായിരുന്നു കുഴപ്പം കണ്ടെത്തിയത്. ആരോഗ്യ കാര്യത്തിലും ജീവിതശൈലിയിലുമൊക്കെ നിഷ്ഠ പുലർത്തിയിരുന്ന ഇരുവർക്കും ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമെന്ന് ആരും തന്നെ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.

“വൈദ്യശാസ്ത്രം ഇത്രമാത്രം പുരോഗമിച്ചിരിക്കുകയല്ലേ. അപ്പോൾ എല്ലാറ്റിനും പരിഹാരം കാണുമല്ലോ. നമുക്ക് നല്ലൊരു ആശുപത്രിയിൽ പോകുന്നതായിരിക്കും നല്ലത്. ഐവിഎഫ് ചെയ്യാമല്ലോ.” കുടുംബാംഗങ്ങൾ എല്ലാവരും ഇരിക്കെ രമണിന്‍റെ കൈപിടിച്ചു കൊണ്ട് പ്രിയങ്ക തങ്ങളുടെ തീരുമാനം അവരെ അറിയിച്ചു.

“എന്തിനാ വേറെ ഹോസ്പിറ്റലിൽ പോകുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുന്നത്? എന്‍റെ ഹോസ്പിറ്റലിൽ അതിനുള്ള ഫെസിലിറ്റി ഉണ്ട്. അതിനായി സ്പെഷ്യൽ ഡിപ്പാർട്ടുമെന്‍റ് വരെയുണ്ട്. നാളെ തന്നെ ഞാൻ സ്പെഷ്യലിസ്‌റ്റിനോട് സംസാരിക്കാം.” രോഹൻ പ്രിയങ്കയുടെ അഭിപ്രായത്തിന് മറുപടിയെന്നോണം പറഞ്ഞു.

രമണിന്‍റെയും പ്രിയങ്കയുടെയും മാതാപിതാക്കൾ പ്രിയങ്കയുടെയും രമണിന്‍റെയും അഭിപ്രായത്തെപ്പറ്റി ആശങ്കയോടെയാണ് കണ്ടത്. എന്നാൽ ഈ സമയം ബാൽക്കണിയിൽ നിൽക്കുകയായിരുന്ന രമണും പ്രിയങ്കയും താഴെ പാർക്കിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ നോക്കി ഏതോ സ്വപ്നത്തിൽ മുഴുകി.

ആ ദിവസങ്ങളിലൊക്കെ പ്രിയങ്ക എപ്പോഴും രമണിന്‍റെ കൈ തന്‍റെ കൈക്കുള്ളിൽ ഒതുക്കിപിടിച്ചു കൊണ്ടിരിക്കുന്നത് പതിവായിരുന്നു. തനിക്കാണ് കുഴപ്പം എന്ന ചിന്ത അയാളിൽ ഉടലെടുക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധ പുലർത്തി. ഈയൊരു പ്രശ്നത്തെ അതിജീവിക്കാൻ ഇരുവരും സധൈര്യം മുന്നേറി. ഇരുവരും രണ്ടുശരീരങ്ങളും ഒരു മനസ്സുമായി മാറി.

“പക്ഷേ… ഐവിഎഫ്?” അമ്മായിയമ്മയുടെ അസ്വസ്ഥമായ ചോദ്യങ്ങളെക്കുറിച്ച് പ്രിയങ്കയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു.

“അങ്ങനെ ജനിക്കുന്ന കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കുമോ?” രമണിന്‍റെ അച്‌ഛൻ ചോദിച്ചു.

“ഏത് ജാതി, മതമെന്നൊക്കെ എങ്ങനെ തീരുമാനിക്കും?” പ്രിയങ്കയുടെ അമ്മ മറ്റൊരാശങ്കയുമായി രംഗത്തു വന്നു. കുറച്ചുനേരത്തേക്ക് അവർക്കിടയിൽ നിശബ്ദത പടർന്നു.

പരുഷവും ക്രൂരവുമായ മൗനം മുറിവേൽപ്പിച്ചതോടെ രമൺ നിസ്സഹായതയോടെ എല്ലാവരേയും നോക്കി, “ഞങ്ങൾക്ക് മറ്റ് വഴികളൊന്നുമില്ല. ഞങ്ങൾക്ക് വേണമെങ്കിൽ ഇക്കാര്യം ആരോടും പറയാതിരിക്കാമായിരുന്നു. പക്ഷേ നിങ്ങൾ എല്ലാം അറിയണം. അതിനുള്ള അവകാശവും നിങ്ങൾക്കുണ്ടല്ലോ എന്നതു കൊണ്ടാ ഇക്കാര്യം പറഞ്ഞത്.” രമണിന്‍റെ മുഖം ഗൗരവം പൂണ്ടു.

“ഒരു വഴിയുണ്ട്. കുടുംബത്തിലേതെങ്കിലും പുരുഷന്‍റെ സ്പേം ആണെങ്കിൽ ജാതിയും മതവുമൊന്നും പ്രശ്നമാകില്ലല്ലോ.” പ്രിയങ്കയുടെ അച്‌ഛൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.

“നിങ്ങൾ ഇതൊന്നും ഓർത്ത് പരിഭ്രമിക്കേണ്ട ഒരാവശ്യവുമില്ല. ധാരാളംപ്പേർ ഈ മാർഗ്ഗം സ്വീകരിക്കാറുണ്ട്. ഇതൊന്നും പുതിയ കാര്യമല്ല. അത്ര കോംപ്ലിക്കേറ്റ്ഡ് ആയ കാര്യവുമല്ല. ഞാൻ തന്നെ കെയർ ചെയ്‌തോളാം.” രോഹന്‍റെ അഭിപ്രായം എല്ലാവർക്കും ഇത്തിരി ആശ്വാസം പകർന്നു.

വർഷങ്ങൾക്കിപ്പുറം, എല്ലാവരും ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്നത് തന്നെ സംഭവിച്ചു. പ്രിയങ്ക ഗർഭിണിയായി. ബെഡ്റെസ്റ്റ് വേണ്ടി വന്നതിനാൽ പ്രിയങ്ക നീണ്ട അവധിയെടുത്തു. ഒരു കുഞ്ഞിന്‍റെ വരവിനായുള്ള എല്ലാവരുടേയും പ്രതീക്ഷ നിറഞ്ഞ കാത്തിരുപ്പായി പിന്നീട്.

കൈകാലിട്ടടിക്കുന്നതും മുട്ടിലിഴഞ്ഞു നടക്കുന്നതും പിഞ്ചു പാദങ്ങൾ ഊന്നി പിച്ചവച്ച് നടക്കുന്നതും ചിരികളുമൊക്കെയായി ഇനി മുഴങ്ങി കേൾക്കാൻ പോകുന്ന നാളുകളെക്കുറിച്ച് അവർ സ്വപ്നം കണ്ടു. രമണിന്‍റെയും പ്രിയങ്കയുടെയും മാതാപിതാക്കൾക്കായിരുന്നു ഏറ്റവും തിടുക്കം.

ഭാര്യ അവളുടെ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് അയാളെ ചെറുതായിട്ടെങ്കിലും അസ്വസ്ഥനാക്കി. പ്രിയങ്കയെ കാണാനായി അവളുടെ മാതാപിതാക്കൾ എല്ലാ ആഴ്ചയിലും വീട്ടിൽ വരുന്നത് പതിവായി.

എങ്കിലും താനൊരു അച്‌ഛനാകാൻ പോകുന്ന തോർത്ത് ഓരോ നിമിഷവും അയാൾ ഒരു വിജയിയുടെ ഭാവത്തിൽ ആസ്വദിച്ചു കൊണ്ടിരുന്നു. “അച്ഛാ, അച്ഛാ” എന്ന് കുഞ്ഞ് വിളി കേൾക്കാനായി അയാളുടെ ഹൃദയം ഓരോ നിമിഷവും തുടിച്ചു കൊണ്ടിരുന്നു.

കാര്യങ്ങളെല്ലാം കുഴപ്പമില്ലാതെ നടന്നു പോയി. ഓരോ ചെക്കപ്പിനു ശേഷവും ഡോക്‌ടർ സന്തുഷ്ടി പ്രകടിപ്പിച്ചത് അവർക്ക് ആശ്വാസം പകർന്നു. മാസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.

ഇതിനിടെ രമൺ മറ്റൊന്നുകൂടി ശ്രദ്ധിച്ചു. ഈയിടെയായി രോഹനും പതിവിലും നേരത്തെ വീട്ടിലെത്തിതുടങ്ങിയിരിക്കുന്നു. അവൻ നേരത്തെ വരുന്നതിൽ വലിയ വിചിത്രതയൊന്നുമില്ല. അത് അവന്‍റെയും കൂടി വീടാണല്ലോ. തന്നെയുമല്ല അവനൊരു ഡോക്‌ടറും കൂടിയാണ്.

വീട്ടിലുള്ളവർക്ക് എല്ലാം അവന്‍റെ സാന്നിധ്യം ആവശ്യമാണ്. പ്രത്യേകിച്ചും പപ്പയ്ക്ക്. ചിലപ്പോൾ അമ്മയ്ക്കും. വയസ്സായി വരുന്നതിന്‍റെ ശാരീരികമായ അസ്വസ്ഥതകൾ അവരേയും അലട്ടി തുടങ്ങിയിട്ടുണ്ടല്ലോ. ആ സമയത്ത് ഒരു ഡോക്‌ടറുടെ സാന്നിധ്യം നല്ലതാണ്. വീട്ടിലെത്തി കഴിഞ്ഞാൽ പിന്നെ രോഹൻ പ്രിയങ്കയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്നത് രമണിനെ അലോസരപ്പെടുത്തി. അയാളുടെ മനസ്സിൽ സംശയത്തിന്‍റെ വിത്ത് മുളച്ചു കൊണ്ടിരുന്നു. ഇനി രോഹനായിരിക്കുമോ ഗർഭധാരണത്തിനായി സ്പേം ഡോണേറ്റ് ചെയ്‌തിരിക്കുകയെന്നതായിരുന്നു രമണിന്‍റെ സംശയം.

പക്ഷേ? അതിനുള്ള വ്യക്‌തമായ തെളിവൊന്നും അയാളുടെ കൈവശമുണ്ടായിരുന്നില്ല. ഇക്കാര്യത്തിലുള്ള തന്‍റെ മാത്രമായ ബലഹീനത കൊണ്ടാകാം സ്വഭാവികമായും ഇത്തരത്തിൽ സംശയം ഉണ്ടാകാൻ കാരണമെന്ന് അയാൾ സ്വയം ആശ്വസിച്ചു.

പക്ഷേ രോഹനെ കാണുമ്പോഴൊക്കെ രമണിന് സ്വന്തം കുറവിനെപ്പറ്റി ശക്‌തമായി ഓർമ്മ വരുന്നത് പതിവായി. രോഹൻ പ്രിയങ്കക്കൊപ്പം ചെലവഴിക്കുന്ന അവസങ്ങൾ അയാളെ വല്ലാതെ അസ്വസ്ഥമാക്കി. രമൺ പ്രിയങ്കയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ ആലോചിച്ച് തുടങ്ങുമ്പോൾ രോഹൻ അത് ഉടനടി ചെയ്യും.

രോഹനടക്കം വീട്ടിലുള്ളവർ എന്തെങ്കിലും തമാശ പറഞ്ഞ് ഇരിക്കുമ്പോൾ രമൺ എന്തെങ്കിലും ഒഴിവ് കഴിവ് കണ്ടെത്തി അത്തരമവസരങ്ങളിൽ നിന്നും ഒഴിഞ്ഞു മാറും. ജീവിതത്തോട് അയാൾക്ക് അപരിചിതമായ ഒരു വിരക്‌തി തോന്നി തുടങ്ങി. തന്നോടുതന്നെ വെറുപ്പു തോന്നി.

പ്രിയങ്ക വിളിക്കുമ്പോൾ മാത്രം രമൺ അവൾക്കരികിൽ ചെന്നു. അല്ലാത്ത സമയങ്ങളിൽ അയാൾ അവളിൽ നിന്നും അകലം പാലിച്ചു നിന്നു. രോഹനും പ്രിയങ്കയും തമ്മിലുള്ള അടുപ്പം രമണിനെ വല്ലാതെ പിടിച്ചുലച്ചു.

“കുഞ്ഞിന്‍റെ അച്ഛൻ രോഹനാണെങ്കിൽ പിന്നെന്തിന് ഞാൻ ഒരു ശല്യമാകണം?” എന്ന് അയാൾ ഓർത്തു. ഈ ചിന്ത അയാളുടെ മനസ്സിനെ കാർന്നു തിന്നുകൊണ്ടിരുന്നു. രമൺ പതിവിലും കൂടുതൽ സമയം ഓഫീസിൽ തന്നെ കഴിച്ചു കൂട്ടി. ചിലപ്പോൾ ഔദ്യോഗിക ടൂറിന്‍റെ പേരും പറഞ്ഞ് അയാൾ ദിവസങ്ങളോളം എങ്ങോട്ടെങ്കിലും യാത്ര പോകും.

ഗർഭകാലത്തിന്‍റെ അവസാന നാളുകൾ പ്രിയങ്കയ്ക്ക് കഷ്ടപാടുകൾ നിറഞ്ഞതായിരുന്നു. പ്രിയങ്കയെ എഴുന്നേൽപ്പിക്കാനും കിടക്കാനുമൊക്കെ സഹായിച്ചിരുന്നത് രോഹനായിരുന്നു. രമണും പ്രിയങ്കയും തമ്മിലുള്ള ബന്ധം കേവലം നാമമാത്രമായി. തങ്ങളുടെ വിവാഹം നടക്കുമ്പോൾ രോഹൻ വളരെ ചെറുതായിരുന്നു.

പ്രിയങ്കയെ അവൻ ചേച്ചിയമ്മയെന്നാണ് വിളിച്ചിരുന്നത്. അന്നൊക്കെ അവന്‍റെ പഠിത്ത കാര്യത്തിൽ പ്രിയങ്ക എത്രമാത്രമാണ് ശ്രദ്ധിച്ചിരുന്നത്. രമൺ കഴിഞ്ഞുപോയ കാലത്തെ ക്കുറിച്ച് ഓർത്തു.

“ഛെ, എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ഇതിലും ഭേദം കുട്ടികളല്ലാതിരിക്കുന്നതായിരുന്നു.” മനസ്സിൽ എരിഞ്ഞു കത്തുന്ന അസ്വസ്ഥതയിൽ രമൺ സ്വയം എരിഞ്ഞടങ്ങാൻ മോഹിച്ചു.

ആ സമയം രമണിന്‍റെ മൊബൈൽ ഫോൺ ശബ്ദിച്ചു. മറുവശത്ത് രോഹനാണ്, “ചേട്ടാ ഒന്ന് വേഗം വന്നേ, ചേച്ചിക്ക് പെയിൻ തുടങ്ങി. ഹോസ്പിറ്റലിൽ ഉടനെ കൊണ്ടു പോകണം.”

“നീ കൊണ്ടുപോയ്ക്കോ… ഞാൻ വന്നിട്ട് എന്ത് ചെയ്യാനാ. നീയൊരു ഡോക്ടറല്ലേ, എനിക്ക് അത്യാവശ്യമായി 15 ദിവസത്തേക്ക് ഹൈദരാബാദ് പോകണം. അർജന്‍റാണ്. രമൺ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു.

തന്‍റെ കുറവിനെക്കുറിച്ചുള്ള അപകർഷതാ ബോധം മൂലമാണ് രമൺ ഇങ്ങനെ പെരുമാറുന്നതെന്ന് പ്രിയങ്ക നന്നായി മനസ്സിലാക്കിയിരുന്നു. ജീവശാസ്ത്രപരമായി കുഞ്ഞിന്‍റെ അച്ഛൻ രമൺ അല്ലല്ലോ. മാത്രവുമല്ല പ്രശ്നമുള്ള പുരുഷന്മാരിൽ ഭൂരിഭാഗംപ്പേരും ഇത്തരത്തിൽ പെരുമാറുമെന്ന് ഡോക്ടർ മുൻക്കൂട്ടി അവളെ ധരിപ്പിക്കുകയും ചെയ്‌തിരുന്നു.

ഏകദേശം 10 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം പ്രിയങ്ക കുഞ്ഞുങ്ങളുമായി സസുഖം വീട്ടിലെത്തി. ഇതിനിടെ ഒരിക്കൽപ്പോലും രമൺ ആശുപത്രിയിൽ അമ്മയേയോ കുഞ്ഞുങ്ങളേയോ കാണാൻ ശ്രമിച്ചില്ല.

15-ാം ദിവസം അയാൾ വീട്ടിൽ മടങ്ങിയെത്തി. അയാളുടെ മാനസികാവസ്‌ഥയെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രിയങ്കയ്ക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക. കോർണർ റൂമിൽ ഒഴുകി കൊണ്ടിരുന്ന മധുരതരമായ സംഗീതത്തിന്‍റെ അലകളിൽ സ്വയം ലയിച്ചു ചേരാൻ അയാൾ മോഹിച്ചു. പക്ഷേ എന്തോ ഒരു അസ്വസ്ഥത അയാളെ വലയം വച്ചു.

“കുഞ്ഞുങ്ങൾ കരയുന്ന ശബ്ദം” രമൺ ഇരട്ടക്കുട്ടികളായിരിക്കുമോ? ഉടനടി മ്യൂസിക് സിസ്റ്റം ഓഫാക്കി ചെവിയോർത്തു. കുഞ്ഞിക്കരച്ചിലുകളുടെ അലകൾ അയാളുടെ ചെവിയിൽ പതിച്ചു. പെൺകുഞ്ഞായിരിക്കുമോ അതോ ആൺ കുഞ്ഞോ? ഛെ ആരുമെന്താ അവരെ ആശ്വസിപ്പിക്കാത്തത്?” ഹൃദയമിടിപ്പുകളോടെ അയാൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടും കരച്ചിൽ…

രമൺ അസ്വസ്ഥനായി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. അയാളടെ തൊണ്ട വറ്റിവരണ്ട പോലെ… അടുത്ത മുറിയിൽ നിന്നുയരുന്ന കുഞ്ഞിക്കരച്ചിലുകളും ചിണുങ്ങലുകളും തണുത്തുറഞ്ഞ ശിലയെ ഇളം ചൂടിൽ ഉരുകിയൊലിപ്പിക്കാൻ തുടങ്ങി.

ഇതിനിടെ രമണിന്‍റെ ഫോൺ മുഴങ്ങാൻ തുടങ്ങി. അയാൾ ഫോണെടുത്ത് പരിശോധിച്ചു. പുതിയ നമ്പറാണ്. എന്നാലോചിച്ചു കൊണ്ട് ഫോൺ ചെവിയോട് ചേർത്തു.

“ചേട്ടാ, ഞാൻ രോഹനാണ്. പ്ലീസ് ഫോൺ കട്ട് ചെയ്യരുത്. ഞാൻ ഇന്നലെ രാത്രിയോടെ സിഡ്നിയിൽ എത്തി. എനിക്ക് ഇവിടെയുള്ള ഹോസ്പിറ്റലിൽ ജോലി കിട്ടി. അതോടൊപ്പം എനിക്ക് ചില കോഴ്സുകളും ചെയ്യാം. ചേട്ടനും ചേച്ചിയമ്മയും എന്നെ ഈ നിലയിലെത്തിക്കാൻ ഒത്തിരി സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ചേച്ചി വല്ലാത്ത വിഷമത്തിലായിരുന്നു. ചേട്ടന്‍റെ അവഗണനയും നിസ്സംഗതയും ചേച്ചിയെ വല്ലാതെ വിഷമത്തിലാക്കി. ചേട്ടൻ ഏറെക്കുറെ ചേച്ചിയെ ഉപേക്ഷിക്കുക തന്നെ ചെയ്‌തിരുന്നു. പക്ഷേ ഇപ്പോൾ ചേച്ചിയ്ക്ക് ചേട്ടന്‍റെ സാന്നിധ്യം ഏറ്റവുമാവശ്യമാണ്.” തുടർന്ന് ഒന്നും പറയാനാവാതെ രോഹൻ പൊട്ടിക്കരയാൻ തുടങ്ങി. അവർക്കിടയിൽ ദീർഘസമയത്തെ ഒരു നിശബ്ദത പടർന്നു.

“രോഹൻ ഇപ്പോൾ ഏറെ മുതിർന്നിരിക്കുന്നു. അവന് എല്ലാം മനസിസലാക്കാൻ പറ്റുന്നു. പക്ഷേ ഞാനോ അനാവശ്യമായ പ്രശ്നങ്ങളുടെ പേരിൽ അവരെ എത്രമാത്രം വേദനിപ്പിച്ചു.” രമൺ ഓർത്തു.

രമൺ തിരിച്ച് എന്തെങ്കിലും പറയും മുമ്പെ വീണ്ടും രോഹന്‍റെ ശബ്ദം മുഴങ്ങി. “ചേട്ടാ, കുഞ്ഞുങ്ങളെന്തിനാ കരയുന്നേ? അവർ കരയുന്ന ശബ്ദം എനിക്ക് കേൾക്കാമല്ലോ.”

“ഇരട്ടകുട്ടികളാണോ?” രമണിന്‍റെ ഹൃദയം തുടിച്ചു. അയാൾ നേരെ അടുത്ത മുറിയിലേക്ക് ഓടി. ഇളം റോസ് നിറത്തിലായി രണ്ട് പൂമുട്ടകൾ പോലെ… രണ്ട് കുഞ്ഞുങ്ങൾ കൈകാലിട്ടടിച്ച് മത്സരിച്ച് കരയുകയാണ്.

“രോഹൻ നീ വേഗം വീട്ടിൽ വരണം.” എന്ന് പറഞ്ഞുകൊണ്ട് രമൺ തിടുക്കപ്പെട്ട് ഇരുവരേയും എടുത്ത് മാറോട് ചേർത്തു പിടിച്ചു.

കുഞ്ഞുങ്ങൾ രോഹന്‍റേതായാലും മറ്റാരുടേതാ യാലും എന്ത് കാര്യം. ഇപ്പോൾ അവർ എന്‍റെ കുഞ്ഞുങ്ങളാണല്ലോ. ഞാനാണല്ലോ അവരുടെ അച്‌ഛൻ. അതല്ലേ എന്‍റെ ഏറ്റവും വലിയ സന്തോഷം. തന്‍റെ മാലാഖക്കുഞ്ഞുങ്ങളുടെ മുഖത്തേക്ക് രമൺ മതിവരാതെ ഉറ്റുനോക്കി കൊണ്ടിരുന്നു.

और कहानियां पढ़ने के लिए क्लिक करें...