സേതുലക്ഷ്മി രാവിലെ അമ്പലത്തിൽ നിന്നും വീട്ടിലേക്കു മടങ്ങി വന്നപ്പോഴാണ് കുട്ട്യേടത്തി വന്നതറിഞ്ഞത്. ഇത്രയും നേരത്തെ ഒരറിയിപ്പുമില്ലാതെ എന്തിനാവും ഒറ്റയ്ക്ക് കുട്ട്യേടത്തി വന്നത്. സേതുലക്ഷ്മി അദ്ഭുതപ്പെട്ടു.

“അമ്മ ഇന്നലെ വിളിച്ചിരുന്നു. ഇന്നു രാവിലെ വരാൻ. ഇപ്പോൾ വന്നു കേറിയിട്ടേയുള്ളൂ, അപ്പുവും അമ്മുവും സ്ക്കൂളിൽ പോയപ്പോൾ, വാസുവേട്ടൻ ഓഫീസിൽ പോണ വഴിയ്ക്ക് എന്നെ ജംഗ്ഷൻ വരെ കൊണ്ടു വിട്ടു. നീയെന്താ രാവിലെ തന്നെ അമ്പലത്തിൽ, വിശേഷിച്ചെന്തിലും”

“എന്തു വിശേഷം കുട്ട്യേടത്തി. ഇന്ന് തിങ്കളാഴ്ചയല്ലേ, വ്രതം മുടക്കേണ്ട. അമ്മയ്ക്ക് തൃപ്തിയായിക്കോട്ടേ…” സേതു നീരസത്തോടെ പറഞ്ഞു.

“എല്ലാവർക്കും കുറ്റപ്പെടുത്താൻ ഞാൻ മാത്രം. നിങ്ങളെയൊക്കെ അച്‌ഛൻ ചെറുപ്പത്തിലേ മരിച്ചു പോയതു കൊണ്ടാണ് ഞാനിത്രയും കഷ്ടപ്പെടേണ്ടി വന്നത്, ഒന്നിനും ഒരു തരി സ്നേഹല്ല്യ എന്നോട്” അകത്തു നിന്നും അമ്മയുടെ പരിഭവം.

“ശ്രീശനെ ഒരീസം വാസുവേട്ടൻ കണ്ടിരുന്നു. ഭാഗ്യലക്ഷ്മിക്ക് ഒരാൺകുട്ടി കൂടിയായി” കുട്ട്യേടത്തി പറഞ്ഞു തീരും മുമ്പേ അമ്മയുടെ മറുപടി വന്നു.

“ഭാഗ്യത്തിന്‍റെ കാര്യം ഈ വീട്ടിൽ മിണ്ടരുത്, അവളെ ഞാൻ എന്നോ ഈ കുടുംബത്തൂന്നും മനസീന്നും ഒഴിവാക്കി. കുടുംബത്തിനു ചേരാത്ത ഒരുത്തന്‍റെ കൂടെ രാത്രിക്കു രാത്രി ഇറങ്ങി പോയതാ ഓള്, കുടുംബം കലക്കി അവള് എന്‍റെ വയറ്റിൽ വന്നു പിറന്നല്ലോ? അതോണ്ടാണല്ലോ കല്യാണപ്രായം കഴിഞ്ഞിട്ടും ഒരാലോചന പോലും എന്‍റെ സേതുന് വരാത്തത്…”

“നീ അറിഞ്ഞോ, സേതുന് ഒരാലോചന വന്നതാണ്. മിലിട്ടറിക്കാരനാ പക്ഷേ അയാളടെ പെങ്ങളെ നിന്‍റെ ആങ്ങള കല്യാണം കഴിക്കണം. എന്നിട്ടവൻ പറയാ ഒരു മാനസികരോഗിയെ എന്‍റെ തലയിൽ കെട്ടി വെച്ചിട്ടു വേണോ ഓപ്പോൾക്ക് ഒരു ജീവിതമെന്ന്” അമ്മ കുട്ട്യേടത്തിയോട് പറഞ്ഞു.

“എന്‍റെ പ്രശ്നത്തിൽ നിങ്ങളാരും വിഷമിക്കേണ്ട, ഇന്നല്ലെങ്കിൽ നാളെ എനിക്ക് ജോലി കിട്ടും അതു കഴിഞ്ഞു മതി കല്യാണം. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ കല്യാണം അവസാന വാക്കല്ലല്ലോ” സേതുലക്ഷ്മി പറഞ്ഞു നിർത്തി.

“സുധീർ സാറെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്.” ഓഫീസ് അറ്റൻഡർ സേവ്യർ പറഞ്ഞപ്പോൾ സുധീർ അദ്ഭുതപ്പെട്ടു. ജോലി കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു അതിനിടക്ക് തന്നെ കാണാൻ ഒരു പെൺകുട്ടിയും ഓഫീസിലേക്ക് വന്നിട്ടില്ല. തന്നെ കാണാൻ വന്നതാരാവാം. സുധീറിന്‍റെ മനസിൽ പല ചിന്തകളായി. കോണിപടിയിറങ്ങി ഓഫീസിന്‍റെ താഴെയെത്തിയപ്പോൾ തെല്ലൊന്ന് ആശ്ചര്യപ്പെട്ടു. സതീദേവി… അവൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലോ പിഎസ്സി ഓഫീസിലോ വന്നപ്പോൾ എന്നെ കാണാൻ വന്നതാകാം. സുധീറിനെ കണ്ടപാടെ അവൾ വിങ്ങിപ്പൊട്ടി. സുധീർ അവളെ ആളൊഴിഞ്ഞ സ്‌ഥലത്തേക്ക് കൊണ്ടു പോയി കാര്യങ്ങൾ അന്വേഷിച്ചു.

“എന്‍റെയും സതീശിന്‍റെയും വിവാഹം നടത്താൻ അമ്മാവൻ തീരുമാനിക്കുന്നുണ്ട്. അമ്മാവനോട് നമ്മുടെ ബന്ധത്തെ പറ്റി ഞാൻ തുറന്നു പറഞ്ഞു. എന്നെ ഒഴിവാക്കരുത്. എനിക്ക് സുധീറേട്ടനല്ലാതെ ജീവിതത്തിൽ മറ്റൊരാൾ…” സതി പൊട്ടിക്കരഞ്ഞു.

സതിയുടെ അമ്മ വിവാഹമോചനം നടത്തിയതിനു ശേഷം അമ്മാവന്‍റെ കൂടെയാണു താമസം. അമ്മാവന്‍റെ മകനാണ് സതീശ്. അയാളിപ്പോൾ ജയിൽ വാർഡനായി ജോലി ചെയ്യുന്നു. അമ്മാവന് സതിയെ സതീശിനെ കൊണ്ട് കല്യാണം കഴിപ്പിക്കാനാണ് ആഗ്രഹം. സതീശിന് ആ ആഗ്രഹത്തോട് വിയോജിപ്പുമില്ല.

“സതീ ഇത് ഓഫീസാണ്, വീടല്ല. മറ്റുള്ളവർ ശ്രദ്ധിക്കും. ഞാൻ പറയുന്നത് നീ മനസ്സിലാക്ക് ഇപ്പോൾ ഞാൻ കല്യാണം കഴിക്കാനുള്ള മാനസികാവസ്‌ഥയിലല്ല, എന്‍റെ സേതു ഓപ്പോള്ടെ കല്യാണം കഴിഞ്ഞോ അല്ലെങ്കിൽ അതിന്‍റെ കൂടെയോ നടത്താൻ പറ്റും. അതുവരെ നീ പിടിച്ച് നിൽക്ക്…”

“എന്നെ അമ്മാവൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ്. നിങ്ങളോട് ചോദിച്ച് ഉറപ്പു പറഞ്ഞ് ചെല്ലാൻ, എന്‍റേത് കഴിഞ്ഞിട്ടു വേണം സതീശിന്‍റെ കല്യാണം.”

“സതീശിന്‍റെ കല്യാണം നടന്നോട്ടെ നിന്നെ ഞാൻ കെട്ടാം, വാക്കാണ്. പക്ഷേ എന്നു നടത്തുമെന്ന് പറയാൻ എനിക്ക് ഉറപ്പുതരാൻ പറ്റില്ല.”

“അങ്ങനെയെങ്കിൽ ഞാൻ അമ്മാവനെ നിങ്ങളുടെ വീട്ടിലേക്ക് പറഞ്ഞു വിടാം. അമ്മക്കെന്തെങ്കിലും ഒരു തീരുമാനമെടുക്കാൻ പറ്റിയാലോ.”

പാരലൽ കോളേജിൽ സതീദേവിയുടെ ക്ലാസ് മാഷായിരുന്നു സുധീർ. അവിടെയുള്ള എല്ലാ അധ്യാപകരും സതിയെയും സുധീറിനെയും ചേർത്ത് കഥകൾ പറഞ്ഞപ്പോൾ സതി ഇത്രയും സ്നേഹം മനസിൽ കൊണ്ടു നടക്കുന്നുണ്ടെന്ന് കരുതിയില്ല.

കോളിംഗ് ബെൽ കേട്ടാണ് സുധീറിന്‍റെ അമ്മ വാതിൽ തുറന്നത്.

“കുട്ടി കൃഷ്ണൻ നായരോ, കേറിയിരിക്ക് ഇവിടേക്കുള്ള വഴി അറിയോ?”

“അറിയാതിരിക്കാൻ പറ്റില്ലല്ലോ മാലതിയമ്മേ… ഞാൻ പ്രധാനപ്പെട്ട ഒരു കാര്യത്തിനാ ഇപ്പോ വന്നത്. എന്‍റെ മരുമോള് സതിയും നിങ്ങളുടെ മോൻ സുധിയും തമ്മിൽ സ്നേഹാ… നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ അവരുടെ കല്യാണം നടത്തണം. അവൾ സുധീനെ കണ്ടു അമ്മയോടു ചോദിച്ച് തീരുമാനിക്കാൻ പറഞ്ഞു.”

“എന്നോട് ചോദിച്ചാണോ അവർ പ്രേമിച്ചതും അഴിഞ്ഞാടിയതും. എന്‍റെ ഒരു മോളുണ്ടിവിടെ, അവന്‍റെ മൂത്തതാ, അവളുടെ കല്യാണം കഴിയാതെ എന്‍റെ മോൻ ഒരു പെണ്ണിന്‍റെയും കഴുത്തിൽ താലി കെട്ടില്ല.”

“അവളെ കല്യാണം കഴിക്കാൻ ആരും വന്നില്ലെങ്കിലോ?”

“എഴുന്നേൽക്ക് കുട്ടി കൃഷ്ണൻ നായരെ, കടക്ക് പുറത്ത് എന്നു ഞാൻ പറയുന്നില്ല. എന്‍റെ വീട്ടിൽ വന്ന് മോളെ കല്യാണം കഴിക്കില്ലെന്ന് പറയാൻ നിങ്ങൾക്കെങ്ങിനെ ധൈര്യം വന്നു. ആർക്കും എന്തും പറയാമെന്നായോ?”

“ഇപ്പോൾ ഞാൻ പോവാണ് മാലതിയമ്മേ. ഇനിയും വരും നിങ്ങളുടെ പുന്നാരമോന്‍റെ ഭാര്യയായി എന്‍റെ മരുമോൾ സതി വരുമ്പോൾ… ഇതിനെല്ലാം കാരണം നിങ്ങളുടെ വളർത്തുദോഷമാണ്. ഒരു മോള് കൂലിയും വേലയും ഇല്ലാത്ത ഒരുത്തന്‍റെ കൂടെ പോയതും, മറ്റൊന്ന് അകത്ത് മൂക്കിൽ പല്ലുവന്ന് നിൽക്കണതും.”

“വലിയ വീട്ടിൽ മാലതിയമ്മയാണ് പറയുന്നത് നിങ്ങളെ ഈ വീട്ടിൽ നിന്ന് ആട്ടി ഇറക്കണോ? ആരുമില്ലാത്ത സമയത്തു വന്ന്…” മാലതിയമ്മക്ക് ദേഷ്യം അടക്കി നിർത്താനായില്ല.

കുടുംബാംഗങ്ങളുടെ ഇഷ്ടപ്രകാരം സുധീർകുമാറിന്‍റെ കല്യാണത്തിന് മാലതിയമ്മയ്ക്ക് സമ്മതിക്കേണ്ടി വന്നു. സേതുലക്ഷ്മിയുടെ കല്യാണന്വേഷണം അതിനു ശേഷം ഊർജ്ജിതമായി ആലോചിക്കാമെന്നും കുട്ട്യേടത്തിയുടെ ഭർത്താവ് വാസുദേവൻ മാലതിയമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു. അല്ലെങ്കിൽ ഭാഗ്യലക്ഷ്മി നഷ്‌ടപ്പെട്ടതു പോലെ മകനും നഷ്ടപ്പെടുമെന്ന് മാലതിയമ്മ ഭയപ്പെട്ടുവെങ്കിലും രണ്ടു നിബന്ധനകൾ അവർ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിച്ചു. “സതിയുടെ കഴുത്തിൽ സുധീർ താലികെട്ടരുത്, കുട്ടികൃഷ്ണൻ ഈ പടി ചവിട്ടരുത് ഈ കാര്യത്തിൽ ആരെങ്കിലും എതിർത്താൽ വലിയ വീട്ടിൽ മാലതി പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…” ഈ നിബന്ധനകൾ എല്ലാവരും അംഗീകരിച്ചു. താൻ നീരിശ്വരവാദിയാണെന്നും, അതിനാൽ ചടങ്ങുകളിൽ തനിക്ക് വിശ്വാസമില്ലെന്നും സതിയുടെ കഴുത്തിൽ താലികെട്ടിയുള്ള ചടങ്ങൊഴിച്ച് ബാക്കിയെല്ലാമാവാം എന്നു സുധീർ സതിയുടെ വീട്ടുകാരെ അറിയിച്ചു.

അതു പറയുമ്പോൾ സതി വിതുമ്പി.

“താലിയല്ലല്ലോ കാര്യം മനസ്സിലല്ലേ? ജീവിതാവസാനം വരെ ഈ ബന്ധം മുറിയില്ല. ഇത് ആർക്കും മുറിച്ചു മാറ്റാൻ കഴിയില്ല…”

വിവാഹം ഭംഗിയായി നടന്നെങ്കിലും സതിയും സുധീറും വലിയ വീട്ടിൽ വന്നു കയറിയ ഉടനെ സതിദേവിയുടെ കഴുത്തിൽ മാലതിയമ്മ അവൾക്കായി കരുതി വച്ച താലി ചാർത്തിയ ഒരു മാല കെട്ടി. “മോളെ നിന്‍റെ കഴുത്തിൽ ഇതിന്‍റെ കുറവുണ്ട്. അമ്മ അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞതാ. ഇന്നു മുതൽ നീ എന്‍റെ മോളാ.”

“എന്നാലും സുധീയേട്ടാ അമ്മക്ക് എന്നോട് സ്നേഹമുണ്ട്. അതൊണ്ടല്ലേ ആളുകളുടെ മുമ്പിൽ വച്ച് എന്‍റെ കഴുത്തിൽ താലി കെട്ടിതന്നത്…”

സതി മനസ്സാൽ സന്തോഷിച്ചു.

കല്യാണത്തിനു ശേഷം ഇടക്കിടെ സതിയുടെ അമ്മയുടെ വരവും പോക്കും മാലതിയമ്മക്ക് നീരസം ഉണ്ടാക്കി. തന്നെയും മകനെയും കുടുംബത്തിൽ നിന്നകറ്റാനാണ് ഈ വരവെന്ന് മാലതിയമ്മയെ ആകുലപ്പെടുത്തി.

“മോളെ സതീ, സുധീർ ഓഫീസിലേക്കുള്ള യാത്ര ചെയ്‌ത് വളരെ ക്ഷീണിച്ചിട്ടുണ്ട്. അവന് ക്വാർട്ടേഴ്സ് കിട്ടില്ലേ? അവിടെ താമസിച്ചാൽ അവന് യാത്ര ലാഭിക്കാം. ഇപ്പോഴത്തെ പെട്രോൾ ചാർജിൽ ബൈക്കിന്‍റെ ഓട്ടം കുറയ്ക്കാനും കഴിയും. നിങ്ങൾക്ക് ഒരു സഹായത്തിന് ഞാനും വന്നു നിൽക്കാം… ഇന്നല്ലെങ്കിൽ നാളെ നിനക്കും ഒരു ജോലി കിട്ടില്ലേ? എനിക്കാണെങ്കിൽ നിന്‍റെ അമ്മാവന്‍റെ വീട്ടിൽ നിന്ന് ഒരു മാറ്റം നല്ലതാണ്. അവിടുന്ന് നാലു ഭാഗത്തീന്നും കുറ്റപ്പെടുത്തൽ” സതിയുടെ അമ്മയുടെ വാക്കുകൾ മാലതിയമ്മയുടെ മനസ്സിൽ മുറിവേൽപ്പിച്ചു.

“സതീന്‍റെ അമ്മേ, മോളെ കാണാനാണെങ്കിൽ കണ്ട് പോകാം, പക്ഷേ പാരവെക്കാനും ഈ കുടുംബത്തിന്‍റെ സമാധാനം കളായാനുമാണ് ശ്രമമെങ്കിൽ ഇനി വരരുത്.” ഇതു കേട്ടു നിന്ന മാലതിയമ്മക്കു നിയന്ത്രിക്കാനായില്ല.

“ഇവിടെ കേറി താമസിക്കാൻ വന്നതല്ല ഞാൻ! സുധീറിന്‍റെ അമ്മേ, ഒന്നാണെങ്കിലും സ്നേഹം കൊടുത്ത് വളർത്തിയതാ.”

“അമ്മ ഇനി എന്നെ കാണാൻ വരണ്ട. അമ്മയെ കാണാൻ ഞാൻ അവിടെ വരാം. എനിക്കു മനപ്രയാസമുണ്ടാക്കാതെ അമ്മ പോ” ഈ വീട് ഒരു യുദ്ധക്കളമാവാൻ സാദ്ധ്യതയുണ്ടെന്ന് സതിക്കു മനസ്സിലായി. സുധീർ അന്നു പതിവിലും നേരത്തെ ഓഫീസിൽ നിന്നു വന്നു.

“സുധീറേട്ടാ കയ്യിലുള്ള ഗിഫ്റ്റ് ആർക്കാണ്.”

“നിനക്കല്ലാതെ ആർക്കാ തുറന്നു നോക്ക്” സുധീർ ഗിഫ്റ്റ് പാക്കറ്റ് സതിക്കു നേരെ നീട്ടി.

“ഹായ് നല്ല മാല”

“ഇത് നിനക്കുള്ള എന്‍റെ സമ്മാനമാണ്. എന്തിനാണെന്നറിയോ?” ഇല്ല എന്നർത്ഥത്തിൽ സതി തലയാട്ടി.

“പിഎസ്സി. റാങ്ക് ലിസ്റ്റ് ഇന്നു വന്നു. നീ മുന്നിലെ റാങ്കിലാണ്. ഒരു കൊല്ലത്തിനുള്ളിൽ നീ എൽഡി ക്ലാർക്കാവും.”

സതി സന്തോഷത്തോടെ മാലയിട്ട് അകത്ത് കണ്ണാടിയിൽ പോയി നോക്കി.

“എടാ നിന്‍റെ കെട്ട്യോൾക്ക് സ്വർണ്ണമാല വാങ്ങാൻ നിന്‍റെ കൈയിൽ പണമുണ്ട്. എന്‍റെ കഷായവും എണ്ണയും തീർന്നിട്ട് എത്ര ദിവസായി. നിനക്ക് പണത്തിന്‍റെ ചെലവല്ലേ ശമ്പളം കിട്ടട്ടെ എന്നു വിചാരിച്ചിരിക്കാ.”

അകത്തു നിന്നും അമ്മയുടെ ആവലാതി കെട്ടഴിക്കൽ. അമ്മയോട് പറഞ്ഞാൽ വിശ്വസിക്കോ ഞാൻ അവൾക്കു വാങ്ങിയത് സ്വർണ്ണമാലയല്ല, ഓഫീസിൽ വിൽപ്പനയ്ക്കു വന്നയാളോട് വാങ്ങിയ ഗ്യാരണ്ടിയുള്ള ഫാൻസി മാലയാണെന്ന്.

അന്നു രാത്രി ഭക്ഷണം വിളമ്പി തരുമ്പോൾ സതിയുടെ മുഖത്ത് ദേഷ്യഭാവമായിരുന്നു. കിടക്കാൻ മുറിയിൽ വന്നപ്പോൾ അവൾ ഉറഞ്ഞു തുള്ളി. “ഞങ്ങൾ പാവങ്ങളാണ്. എങ്കിലും പറ്റിച്ചാൽ അറിയാനുള്ള ബുദ്ധി ദൈവം തന്നിട്ടുണ്ട്. എനിക്കപ്പോഴേ സംശയമുണ്ടായിരുന്നു. ആ മാല ഞാൻ അരക്കല്ലിൽ ഉരച്ചു നോക്കി അത് മുക്ക് മാലയാണ്.”

“ഞാൻ പറഞ്ഞില്ലല്ലോ അത് സ്വർണ്ണമാണെന്ന്, അല്ലെങ്കിലും ഇപ്പോൾ സ്വർണ്ണം വാങ്ങാൻ എവിടുന്ന് പറ്റും.”

“ഞാനിത് ഇടുമെന്ന് സുധീയേട്ടൻ കരുതുന്നുണ്ടോ? എനിക്ക് ഇത്തരം മാലകൾ അലർജിയാണ്. ഇത് സേതു ഓപ്പോൾക്ക് കൊടുക്കാം.”

സേതുലക്ഷ്മി പിഎസ്സി കോച്ചിംഗ് ക്ലാസിലും, മാലതിയമ്മ അമ്പലത്തിലും പോയ സമയത്ത് കോളിംഗ് ബെൽ കേട്ട് സതിദേവി വാതിൽ തുറന്നു. ജനാർദ്ദനൻ സതി ആദ്യമായി ഒന്നു ഞെട്ടി. അമ്മാവന്‍റെ മകൻ സതീശേട്ടന്‍റെ കൂടെ ഒരിക്കൽ ഇയാളെ കണ്ടിരുന്നു. സതീശേട്ടൻ പറയാറുണ്ടായിരുന്നു. വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്ന്. സുധീയേട്ടന്‍റെ കൂടെ പാരലൽ കോളേജിൽ അധ്യാപകനായിരുന്നു. ഏതോ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് അവിടെ നിന്നും പുറത്താക്കി.

“ജനാർദ്ദനനല്ലേ?”

“അപ്പോൾ എന്‍റെ പേര് മറന്നിട്ടില്ല അല്ലേ? വിവരങ്ങളൊക്കെ ഞാൻ അറിഞ്ഞു.”

“സുധിയേട്ടനും അമ്മയുമൊന്നും ഇവിടെ ഇല്ല.”

“അതറിഞ്ഞു കൊണ്ടു തന്നയാ ഞാൻ വന്നത്.”

“ജനാർദ്ദനൻ സുധീയേട്ടനുള്ളപ്പോൾ വാ” സതി വാതിൽ കൊട്ടിയടക്കാൻ ശ്രമിച്ചെങ്കിലും ജനാർദ്ദനനതു തടഞ്ഞു.

“സതീ ഞാൻ ഗൾഫിൽ പോവാ… വിസക്ക് കുറച്ചു പണത്തിന്‍റെ കുറവുണ്ട്. അമ്പതിനായിരം തന്ന് എന്നെ സഹായിക്കണം.”

“എന്‍റെ കൈയിൽ പണമില്ല ജനാർദ്ദനൻ ഇപ്പോൾ പോ”

ജനാർദ്ദനൻ പോക്കറ്റിൽ നിന്നും വില കൂടിയ ഫോണെടുത്തു അതിലെ ഫോട്ടോ സതീയെ കാണിച്ചു.

“ഇതു നീ കണ്ടോ എന്‍റെയും നിന്‍റെയും കൂടിയുള്ള ചില സ്വകാര്യ നിമിഷങ്ങൾ. ഇതു ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നു. ആവശ്യം വരുമ്പോൾ ഉപകരിക്കാൻ.”

“അതിന് നമ്മൾ തമ്മിൽ കണ്ടിട്ടുണ്ടെന്നല്ലാതെ ആദ്യമായിട്ടാണ് സംസാരിക്കുന്നതു പോലും.”

“കാണുകയും സംസാരിക്കുകയുമൊന്നും വേണ്ട മോളെ ഇങ്ങിനെയുള്ള ഫോട്ടോക്ക് എനിക്ക് ഇതുമതി, ഇത ഞാൻ സൈറ്റിൽ അപ്പ്ലോഡ് ചെയ്യും, ചെയ്യാതിരിക്കണമെങ്കിൽ ഞാൻ ആവശ്യപ്പെട്ട പണം നീ തരണം.”

“ഇപ്പോൾ സേതു ഓപ്പോൾ വരും, വേഗം ജനാർദ്ദനൻ പോ, അവർ കണ്ടാൽ.”

“കണ്ടാൽ ഞാൻ ഈ ഫോട്ടോ അവരെ കാണിക്കും, അതോടെ നിന്‍റെ കുടുംബജീവിതം തകരും.”

“എന്‍റെ കൈയിൽ പണം ഇല്ല. ജനാർദ്ദനൻ പോയിട്ട് പിന്നെ വാ”

“പണമില്ലെങ്കിൽ നിന്‍റെ കൈയിലുള്ള വള തന്നാലും മതി.”

“ഇത് എന്‍റെ അമ്മ കഷ്ടപ്പെട്ട് കല്യാണത്തിനു തന്നതാ… ഞാൻ അമ്മയോടും സുധീയേട്ടനോടും എന്തു പറയും.”

“എന്തും പറഞ്ഞോ… ഞാനിവിടുന്ന് പോകണോ അല്ലെങ്കിൽ…”സതി നിന്നു വിയർത്തു. അവസാനം വളയൂരി നൽകി.

“വലിയ ഉപകാരം മോളെ, ഇതുപോലെ എനിക്ക് പണം ആവശ്യമുള്ളപ്പോൾ ഇനിയും വരും. ഇപ്പോൾ പോകുന്നു.”

അയാൾ പോയപ്പോഴാണ് സതിക്ക് ശ്വാസം നേരെ വീണത്. ജനാർദ്ദനനെ അയൽവാസികളാരെങ്കിലും കണ്ടോ എന്ന് നാലുപാടും ശ്രദ്ധിച്ച് വേഗം കതകടച്ച് അകത്തേക്കു പോയി.

“സുധീയേട്ടാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“നിനക്കെന്താ ആദ്യമായി ഇങ്ങനെയൊരു ചോദ്യം… സാധാരണയായി പെണ്ണുങ്ങൾ ഇതു പറയുമ്പോൾ ഒരു നാണമൊക്കെ കാണും.”

“അയ്യടാ ഇത് അതൊന്നുമല്ല, നമ്മൾക്ക് ഒരു ക്വാട്ടേഴ്സ് എടുത്ത് അങ്ങോട്ട് താമസം മാറാം. ആഴ്ചയിലൊരിക്കൽ ഇങ്ങോട്ടു വരാല്ലോ.”

“ഇവിടെ വല്ല പ്രശ്നവും.”

“അതല്ല സുധീറേട്ടാ എനിക്കു കൂടി ജോലി കിട്ടിയാൽ ഇത്രയും ദൂരം യാത്ര ചെയ്യേണ്ടല്ലോ.”

“കുറച്ചു കൂടി ബാദ്ധ്യതയുണ്ട്. പ്രൊവിഡൻസ് ഫണ്ടീന്ന് കല്യാണാവശ്യത്തിന് കുറച്ചധികം ലോണെടുത്തിട്ടുണ്ട്. അതിന്‍റെ അടവു തീരട്ടെ, ഒരു വീടെന്നു പറയുമ്പോൾ കുറച്ച് ഫർണീച്ചറും, മറ്റു പലവക സാധനങ്ങളും വേണ്ടേ? ഈ വീട്ടീന്ന് ഒന്നും എടുക്കാൻ കഴിയില്ല.”

സതിയുടെ മനസിൽ ജനാർദ്ദനൻ വീണ്ടും വരുമോ എന്ന ചിന്തയായിരുന്നു. ഇനിയും അവൻ വന്നാൽ.

സതീദേവി പേടിച്ചതു തന്നെ സംഭവിച്ചു. വീട്ടിൽ ആരും ഇല്ലാത്ത വൈകുന്നേരം ജനാർദ്ദനൻ വന്നു. മാലതിയമ്മ അമ്പലത്തിൽ പോയതായിരുന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം അവിടെ തളം കെട്ടി നിന്നു.

“നീ നല്ല കുട്ടിയാണ്. നീ തന്ന വള ഞാൻ വിറ്റു. കുറെ പണം കിട്ടി. ഇനി ഞാനെന്ത് നിന്നോട് വാങ്ങും. ഉണ്ട്…. ഒന്നുണ്ട് നിനക്ക് ഏറ്റവും വിലപ്പെട്ടത് അതുമതി എന്നിട്ടെ ഞാൻ പോകൂ…

ഫോട്ടോ ഞാൻ സുധിക്കു വാട്സ് ആപ്പ് ചെയ്യണോ.. എന്‍റെ വിരൽ തുമ്പിലാണ് നിന്‍റെ ജീവിതം… യെസ് ഓർ നോ”

ജനാർദ്ദനൻ പോക്കറ്റിൽ കിടന്ന ഫോണെടുത്തു. പെട്ടെന്ന് സേതു ഓപ്പോൾ പിഎസ്സി കോച്ചിംഗ് ക്ലാസു കഴിഞ്ഞ് കയറി വന്നു.

“ആരാ സതീ ഇയാൾ”

“ഇയാൾ… ഇയാൾ…. എനിക്കറിയില്ല.” സുധീയേട്ടനെ അന്വേഷിച്ചു വന്നതാ, സതിയുടെ ചുണ്ടുകൾ വിറച്ചു. പെട്ടെന്ന് സുധിയും അയാളുടെ ബൈക്കിന്‍റെ പിന്നിലിരുന്ന് മാലതിയമ്മയും വീട്ടിലെത്തി. മാലതിയമ്മ അമ്പലത്തിൽ നിന്നു വരുന്ന വഴിക്ക് സുധീനെ കണ്ടപ്പോൾ വണ്ടിയിൽ കയറിയതായിരുന്നു.

“ഞാൻ ഓഫീസീന്ന് നേരത്തെ ഇറങ്ങി. നേരിയ പനിയും നല്ല തലവേദനയും. നീ നല്ല ഒരു കട്ടൻ കാപ്പിയെടുത്തേ.” സതിയോടായി സുധീർ പറഞ്ഞു.

“അല്ലാ ജനാർദ്ദനനോ എന്താ ഇവിടെ?”

ജനാർദ്ദനൻ നിന്നു പരുങ്ങി. സതിയും നിന്നു വിയർത്തു.

“സുധീറേ ഞാൻ നിന്‍റെ ഓപ്പോളെ കാണാൻ വന്നതാ, ഞാനിവിടെ ഇടക്കിടെ വരാറുണ്ട്. ഓപ്പോളും ഞാനും തമ്മിൽ… ഓപ്പോളും ഒറ്റത്തടിയല്ലെ?

“സുധീറെ ഞാൻ ഇയാളെ ആദ്യമായാണ് കാണുന്നത്. എനിക്കറിയില്ല ഇയാളെ അല്ലെങ്കിൽ സതിയോട് ചോദിച്ച് നോക്ക്” സേതുലക്ഷ്മി നിന്നു പൊട്ടിക്കരഞ്ഞു.

“എന്നിട്ടെന്തേ സതീ നീയൊരു സൂചനപോലും തരാത്തത്” സുധീർ ചോദിച്ചു.

“ഞാനായിട്ട് ഈ വീട്ടിൽ ഒരു കലഹം ഉണ്ടാക്കേണ്ടെന്നു വച്ചു.”

സേതുലക്ഷ്മിക്ക് കരയാനല്ലാതെ മറ്റൊന്നും പറയാൻ സാധിച്ചില്ല. അവൾ അത്രയും അപമാനിതയായി. സേതു ലക്ഷ്മിയുടെ കവിളിൽ മാലതിയമ്മയുടെ കൈകൾ ആഞ്ഞുപതിച്ചു കൊണ്ടിരുന്നു.

“ഈ കുടുംബത്തിന് അഭിമാനമുണ്ടായിരുന്നു. അതു നീ കളഞ്ഞു കുളിച്ചു, മൂധേവി…”

“അമ്മേ ഞാൻ തൊഴുന്ന ദൈവങ്ങളാണ്. മരിച്ചു പോയ എന്‍റെ അച്‌ഛനാണ് സത്യം സതിയും ഇയാളും ചേർന്ന് എന്നെ ചതിച്ചതാ എനിക്ക് ഒന്നുമറിയില്ല. ഞാൻ നിരപരാധിയാ”

കരഞ്ഞു കരഞ്ഞു സേതുലക്ഷ്മി കുഴഞ്ഞു വീണു. അവളെ എല്ലാവരും എഴുന്നേ ൽപ്പിക്കാൻ ശ്രമിക്കുന്ന നേരം ജനാർദ്ദനൻ ഓടി രക്ഷപ്പെട്ടു.

“ഇതു തന്നെയാണ് സുധീയേട്ടാ ഞാൻ പറഞ്ഞത് നമ്മൾക്ക് ഇവിടുന്ന് മാറി താമസിക്കാന്ന്.”

“എന്നാലും നിനക്ക് എന്നോടു സത്യം പറയാമായിരുന്നില്ലേ?”

“ഞാൻ പറഞ്ഞാൽ ആരു വിശ്വസിക്കും, ഞാൻ പുറമെ നിന്നു വന്ന പെണ്ണ്”

“ഇനി ഉടനെ തന്നെ ഇവിടുന്ന് മാറാം, ബാക്കിയെല്ലാം പിന്നെ. എന്നാലും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇത്തരത്തിലുള്ള ഒരാളുമായി ഓപ്പോൾക്ക് ബന്ധമുള്ളത്…”

“കഴിഞ്ഞത് കഴിഞ്ഞു സുധീയേട്ടാ, ഏട്ടൻ വിഷമിക്കേണ്ട ഇനി ഓപ്പോളോട് ഇതിനെ കുറിച്ച് സംസാരവും വേണ്ട…”

“നല്ല ഒരുത്തനാണെങ്കിൽ ഞാനവരെ കെട്ടിച്ചുവിടുമായിരുന്നു. ഇത് കൂലിയും വേലയുമില്ലാത്ത മദ്യപാനിയായ ഒരു തെമ്മാടി, എനിക്ക് ഓർക്കാൻ കൂടി വയ്യ…”

അധികം വൈകാതെ സുധീർ കുമാറും സതീദേവിയും അവളുടെ അമ്മയെയും കൂട്ടി ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി. വീടുമാറുന്ന ദിവസം മൂത്തമകൾ ലളിതഭായും അവരുടെ ഭർത്താവ് വാസുദേവനും വന്നിരുന്നു. ലളിതാഭായിയെ ചേർത്തു പിടിച്ച് മാലതിയമ്മ ഹൃദയം പൊട്ടുമാറ് പൊട്ടിക്കരഞ്ഞു.

“എന്‍റെ ഒരു ഭാഗം പോയതു പോലെയാ… എന്‍റെ സേതു കാരണമല്ലേ ഇതു സംഭവിച്ചത്. അല്ലെങ്കിൽ അവൻ പോകില്ലായിരുന്നു…”

ലളിതാഭായ് കരഞ്ഞു കലങ്ങിയ കണ്ണുമായി പ്രതിമ കണക്കെ ഇരിക്കുന്ന സേതുലക്ഷ്മിയുടെ പുറത്തു തലോടി.

“സേതു നിന്‍റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ അതു തെളിയും. നീ ഒരു തെറ്റു ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. സത്യം തെളിയാൻ സമയമെടുക്കും. അപ്പോൾ നിന്നെ കുറ്റപ്പെടുത്തന്നവർ നാളെ പശ്ചാത്തപിക്കും. നീ തളരരുത്. നീ കോച്ചിംഗ് ക്ലാസിൽ പോകണം. പരീക്ഷയെഴുതണം. ഒരു പെണ്ണിന്‍റെ ജീവിതത്തിൽ കല്യാണം അവസാന വാക്കല്ല. നിന്നെ സ്നേഹിക്കാൻ മനസിലാക്കാൻ ജീവിതത്തിൽ ഒരാളുണ്ടായി. നിനക്കിഷ്ടമാണെങ്കിൽ നമുക്കതു നടത്താം…”

ലളിതാഭായ് മാലതിയമ്മയുടെ നേരെ തിരിഞ്ഞു.

“അമ്മേ സേതുവിനെ വിഷമിപ്പിക്കരുത്. അവൾക്കിഷ്ടമാണെങ്കിൽ നമ്മൾക്കാലോചിക്കാം. ഇവൾക്ക് ഭാഗ്യലക്ഷ്മിയുടെ അനുഭവമുണ്ടാവരുത്. ഇറങ്ങി പോണേലും നല്ലതല്ലെ ഇറക്കി വിടുന്നത്.” അപ്പോഴും സേതുലക്ഷ്മി ഒരക്ഷരം ഉരിയാടാതെ ഉള്ളിൽ എന്തോ ഒന്ന് തീരുമാനിച്ചുറച്ചിരുന്നു.

ക്വാർട്ടേഴ്സിലേക്കു ജീവിതം പറിച്ചു നട്ടപ്പോൾ സതിക്ക് ആശ്വാസമാണുണ്ടായത്. ജനാർദ്ദനന്‍റെ ശല്യം ഇനിയുണ്ടാവില്ലല്ലോ എന്ന ആശ്വാസമായിരുന്നു. ആ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് സുധീയേട്ടൻ അമ്മയെ കാണാൻ വീട്ടിൽ പോയ ഒരു ഞായറാഴ്ച ജനാർദ്ദനൻ അവിടെ എത്തി.

“നീ ഒളിച്ചോടിയാൽ ഞാൻ കണ്ടു പിടിക്കില്ലെന്നോർത്തോ? അന്ന് വീട്ടിൽ വച്ച് നിന്നെ ഞാൻ രക്ഷിച്ചു. ആ പാവം ഓപ്പോളെ കുറ്റപ്പെടുത്തി. അത് എന്‍റെയും ആവശ്യമായിരുന്നു. ഇപ്പോൾ സാഹചര്യമൊത്തു വന്നു. ഒന്നെങ്കിൽ പണം അല്ലെങ്കിൽ നീ”

“ജനാർദ്ദനൻ ഇന്നു പോയി മറ്റൊരു ദിവസം വാ ഞാൻ വിളിക്കാം. സുധീയേട്ടൻ ഇപ്പോൾ വരും.” സതിയുടെ വാക്കുകേട്ട് അയാൾ മടങ്ങി പോയി.

“ഇനി ഇതിങ്ങനെ നീട്ടി കൊണ്ടു പോകാൻ പറ്റില്ല. സുധീയേട്ടനോട് എല്ലാം തുറന്നു പറയണം. ഞാൻ സേതു ഓപ്പോളോടും അമ്മയോടും വലിയ തെറ്റാണ് ചെയ്‌തത്. ഒരമ്മക്ക് പൊറുക്കാനാവില്ല അത്.” സതിക്ക് പശ്ചാത്താപമുണ്ടായി. സുധി വീട്ടിൽ നിന്ന് മടങ്ങി വന്നതിനു ശേഷം വീട്ടുകാര്യങ്ങൾ ചോദിച്ചപ്പോഴാണ് അറിഞ്ഞത്. സേതു ഓപ്പോൾ ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണെന്നും പിഎസ്സി കോച്ചിംഗിന് പോണില്ലെന്നും. സതിക്ക് പിന്നെ മനസിൽ അടക്കി വെച്ച കാര്യങ്ങൾ പറയാതിരിക്കാൻ കഴിഞ്ഞില്ല.

“സുധീയേട്ടനോട് എനിക്ക് സീരിയസ്സായി ഒരു കാര്യം പറയാനുണ്ട്. എന്നെ ശിക്ഷിച്ചോ എനിക്കു പ്രശ്നമില്ല. പറഞ്ഞില്ലെങ്കിൽ ഞാൻ ഉരുകി തീരും. ചെയ്യാത്ത കുറ്റത്തിനു ഞാൻ നീറിനീറി മരിക്കാണ്.”

ജനാർദ്ദനൻ ബ്ലാക്ക്മെയിൽ ചെയ്യുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും സുധീയേട്ടനോട് സതി പറഞ്ഞപ്പോൾ അവളുടെ മനസ്സയഞ്ഞു.

സുധി തന്നോട് വഴക്കിടുമെന്ന് സതി കരുതിയെങ്കിലും മറിച്ചാണ് സംഭവിച്ചത്. അവളെ അയാൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു. “എന്നോടെന്തേ ഇതു നേരത്തെ പറയാതിരുന്നത്. പറഞ്ഞെങ്കിൽ ഇത്രയും സംഭവിക്കില്ലായിരുന്നു. എന്‍റെ ഓപ്പോളെ ഞാനും അമ്മയും തെറ്റിദ്ധരിച്ചല്ലോ? ഓപ്പോൾ എത്ര വിഷമിച്ചിട്ടുണ്ടാകും. പല വീടുകളിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. ഭാര്യമാരും ഭർത്തക്കാന്മാരും പലതും മറച്ചു വയ്ക്കും. സോഷ്യൽ മീഡിയ വഴി പരിചയപ്പെടലും പീഡനവും നാടുവിടലും. പ്രശ്നം വലുതായി കഴിഞ്ഞാൽ പിന്നെ ആത്മഹത്യ തന്നെയാവും വഴി. നിനക്ക് വൈകാതെ വിവേകമുണ്ടായല്ലേ?”

സുധീയേട്ടാ നമുക്ക് വീട്ടിലേയ്ക്ക് വേഗം പോകാം. എനിക്ക് ഓപ്പോളെയും അമ്മയെയും കാണണം. മാപ്പ് പറയണം.”

“അതിനു മുമ്പേ നമുക്ക് ജനാർദ്ദനന് ഒരു പണി കൊടുക്കണം. അവനെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. നീ എന്നോട് എല്ലാം തുറന്നു പറഞ്ഞു. തുറന്നു പറയാൻ പറ്റാതെ വേദനയനുഭവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടാകും. ഒരു പെൺകുട്ടിയെ പോലും അവൻ ഇനി ഉപദ്രവിക്കരുത്.”

സതിയും സുധിയും നടന്ന സംഭവങ്ങളെല്ലാം വീട്ടിൽ വന്നു പറഞ്ഞു. ഓപ്പോളോട് സതി മാപ്പു പറഞ്ഞു. “ഓപ്പോളെന്താ ഒന്നും മിണ്ടാത്തത്?”

“സതി ഒരു സ്ത്രീ ഒറ്റയ്ക്ക് നടന്നു പോകുമ്പോൾ പുരുഷനിൽ നിന്നുണ്ടാവുന്ന മോശം നോട്ടമോ, പദപ്രയോഗങ്ങളോ അവളെ വേദനിപ്പിക്കും. കുടുംബമാണ് അവളുടെ കൂടെ നിൽക്കേണ്ടത്. പക്ഷേ എനിക്ക് കുടുംബത്തിൽ നിന്നുണ്ടായ ദുരനുഭവം സഹിക്കാവുന്നതിലപ്പുറമായിരുന്നു. എന്‍റെ നിരപരാധിത്വം തെളിയിക്കാൻ പോലും അവസരം തന്നില്ല. സ്ത്രീ സൗഹൃദ നിയമങ്ങൾ, സ്ത്രീ സുരക്ഷ പദ്ധതികൾ, ലിംഗ തുല്യ പദ്ധതി, ആർപ്പോ ആർത്തവ പരിപാടികൾ എന്നിവ ആഘോഷമായി നടക്കുമ്പോഴും ഇപ്പോഴും സമൂഹത്തിൽ പീഡനമനുഭവിക്കുന്ന കുറെ സ്ത്രീകളുണ്ട് എന്നതാണ് സത്യം. അവരെ നമുക്ക് മുഖ്യധാരയിലെത്തിക്കണം. ഇതിനുള്ള മാറ്റം ഓരോരുത്തരുടെയും മനസിൽ നിന്നാണ് തുടങ്ങേണ്ടത്. ഓരോ കുടുംബത്തിൽ നിന്നും നമുക്ക് അതിനായി പ്രവൃത്തിച്ചൂടെ” സതിയും അമ്മയും അവളെ ചേർത്തു പിടിച്ചു.

“അമ്മേ ഞാനും സതിയും ഇനി നിങ്ങളെ വിട്ടു പോവില്ല. നിങ്ങളെ ഉപേക്ഷിക്കില്ല.”

“മോനെ നിങ്ങളോട് രണ്ടുപേരോടും അമ്മക്ക് പിണക്കമില്ല. കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ നടക്കുമ്പോൾ ആരും പ്രതികരിക്കും, വേദനിക്കും. ഇപ്പോൾ നിങ്ങൾക്ക് കുറ്റബോധമുണ്ട്. എന്തായാലും നിങ്ങൾ വീടുമാറി. നിനക്ക് ഓഫീസിൽ പോകാൻ സൗകര്യമുള്ള സ്ഥലത്തല്ലേ. ഒഴിവു കിട്ടുമ്പോൾ രണ്ടാളും കൂടി ഇടക്കിടെ വരണം. മക്കള്ടെ സന്തോഷമാണ് അമ്മമാർക്ക് വലുത്.

और कहानियां पढ़ने के लिए क्लिक करें...