കുറച്ചു ദിവസമായിട്ട് പൂ കെട്ടുമ്പോൾ വലിയ വേദനയാണ് കൈവിരലുകളിൽ. 10 മാല കെട്ടിത്തീരുമ്പോഴേക്കും വിരലുകൾ തരിക്കാൻ തുടങ്ങും. കഴച്ച് നീരു വന്നു വീർക്കും. എന്നാൽ ഈ മാലകൾ ആരെങ്കിലും വാങ്ങുന്നുണ്ടോ എന്നു ചോദിച്ചാൽ അതിനുമില്ല ഒരുത്തരം. വല്ലപ്പോഴുമൊക്കെ ആരെങ്കിലും വാങ്ങിയാലായി. തിരക്കുള്ള ഈ പാതയരികിൽ തന്‍റെ പൂമാല വാങ്ങാനായി ഒരു നിമിഷം നിൽക്കാൻ തയ്യാറാകുന്നവർ വളരെ കുറവാണ്.

സത്യം പറഞ്ഞാൽ ഈ പാതയോരത്തെ പടർന്നു പന്തലിച്ച ഗുൽമോഹർ മരത്തിനു കീഴിൽ ഇരുട്ടിൽ പടർന്ന ചെറിയൊരു ശ്രീകോവിലും അതിനുള്ളിലെ കരിപിടിച്ച പ്രതിമയും ആരും ശ്രദ്ധിക്കാറില്ല.

വല്ലപ്പോഴും മരത്തണൽ കണ്ട് അവിടെ എത്തുന്ന കോളേജ് കുട്ടികളോ ചെറുപ്പക്കാരായ ഓഫീസ് ജോലിക്കാരോ ഒക്കെ, മരത്തിൽ ചാരി നിൽക്കും. ബസ് കാത്തു നിൽക്കുകയോ, ഫോൺ ചെയ്യുകയോ ഒക്കെയാവും അവർ. മരത്തിൽ ചാരിയും കാൽ ചവിട്ടിയുമൊക്കെ നിൽക്കാൻ തുടങ്ങുമ്പോൾ അംബാൾ അവരേ നയത്തിൽ ഓർമ്മിപ്പിക്കും.

ഇത് ഒരു ചെറിയ ശ്രീകോവിലാണ്. അൽപം നീങ്ങി നിന്നോളൂ എന്ന്. അതു കേൾക്കുമ്പോൾ ഞെട്ടി പെട്ടെന്ന് കൈ കൂപ്പി പിന്മാറും.

ബാംഗ്ലൂരിന്‍റെ തിരക്കൊഴിഞ്ഞ വീഥികളിൽ ഇടയ്ക്കൊക്കെ നിങ്ങൾക്ക് അത് കാണാം. ചെറിയ ക്ഷേത്രങ്ങൾ. ക്ഷേത്രം എന്നൊന്നും ഇതിനെ വിളിക്കാൻ പറ്റില്ല.

വലിയ മരങ്ങൾക്കു കീഴെ സ്ട്രീറ്റ് ജംഗ്ഷനുകളിൽ, വലിയ കെട്ടിടങ്ങൾക്കു മുന്നിൽ ഒക്കെ ഇങ്ങനെ ഒരു കരിപിടിച്ച പ്രതിമയും എണ്ണക്കറ പിടിച്ച്, വിളറി കത്തുന്ന വിളക്കും കാണാം. ഇത്തരം സ്‌ഥലങ്ങളാണ് ചെറിയ പൂക്കച്ചവടക്കാർ തങ്ങളുടെ താവളമാക്കുന്നത്.

വീട്ടിൽ നിന്ന് തൊട്ടടുത്തായതിനാൽ അംബാൾ ഈ ഇടം തെരഞ്ഞെടുത്തു. രണ്ടുകിലോ മീറ്റർ നടന്നാൽ നഗരത്തിലെ പ്രശസ്തമായ ഗണേശ ക്ഷേത്രമുണ്ട്. അവിടെ പൂക്കൾക്ക് വലിയ ചെലവാണ്. പക്ഷേ ഭാരമേറിയ പൂക്കൊട്ടയുമായി അത്ര ദൂരം നടന്നു പോകാൻ വയ്യ. മാത്രമല്ല അമ്പലത്തിനു ചുറ്റും ഭിക്ഷക്കാരുടെ തിരക്കാണ്. ആ കാഴ്ച അറപ്പുളവാക്കാറുണ്ട്. ഭിക്ഷക്കാർ തങ്ങളുടെ ബിസിനസ്സ് കേന്ദ്രമാക്കി കയ്യടക്കി വച്ചിരിക്കുകയാണ് ആ പരിസരം. അങ്ങനെയാണ് അത്ര ബിസിനസൊന്നുമില്ലെങ്കിലും താരതമ്യേന ശാന്തമായ ഒരിടവും, എല്ലാരും അവഗണിച്ച ഒരു കുഞ്ഞു ശ്രീകോവിലും.

തൊട്ടടുത്തുള്ള ഒരു നിർമ്മാണ കമ്പനിയിൽ നിന്ന് എടുത്ത കുറച്ചു കല്ലുകളും മരക്കഷണവും ഉപയോഗിച്ചുണ്ടാക്കിയ ചെറിയൊരു കട. അതിലാണ് അംബാളിന്‍റെ പൂക്കച്ചവടം. കല്ലുകൾക്കു മേലെ നിരത്തിയ മരപ്പലകയിൽ അവൾ പൂക്കൾ നിരത്തി വയ്‌ക്കും. വാഴയിലയിൽ വെള്ളം തളിച്ച് അതിനു മുകളിലാണ് ഭംഗിയായി ഒരുക്കി വയ്‌ക്കുന്നത്. പൂക്കളുടെ ഹൃദ്യമായ സുഗന്ധം മാത്രം മതിയായിരുന്നു അംബാളിന്‍റെ മനസ്സിൽ സന്തോഷം നിറയ്ക്കാൻ.

ഒരു ചെറിയ അങ്ങാടിത്തെരുവ് തന്നെയാണ് ഈ റോഡും. രാവിലെ 9 മണി കഴിഞ്ഞാൽ റോഡും പരിസരവും തിക്കും തിരക്കുമാവും. അതിരാവിലെ പൂക്കൊട്ടയുമായി എത്തുന്ന വേളയിൽ ഇവിടം ശാന്തമായിരുന്നു. അടിപിടി കൂടുന്ന തെരുവു നായ്ക്കളും, ഒറ്റയ്ക്കും കൂട്ടമായും വരുന്ന ജോഗേഴ്സും മാത്രമാണ് റോഡിലുണ്ടാവുക.

ആറു മണിക്കു മുമ്പെത്തിയാൽ പത്രം ഏജന്‍റുമാരേയും കാണാം. ചില ദിവസങ്ങളിൽ പോലീസ് പട്രോൾ ജീപ്പും കിടപ്പുണ്ടാകും. രണ്ട് പോലീസുകാർ കൈകാലുകൾ നീട്ടി വലിച്ച് ക്ഷീണം തീർത്ത് ചായ കുടിക്കാൻ ഇറങ്ങുന്നതു കാണാം.

രാത്രിയുടെ ഇടവേളക്കു ശേഷം ആദ്യത്തെ വാഹനം റോഡിൽ എത്തുന്ന സമയത്തിനകം അംബാൾ മാലകെട്ടി ഒരുക്കി വച്ചിട്ടുണ്ടാകും. രാവിലെ തന്നെ കുട്ടികളുമായി പോകുന്ന മഞ്ഞ നിറത്തിലുള്ള സ്ക്കൂൾ ബസ് കാണാൻ അംബാളിന് വലിയ ഇഷ്ടമാണ്. ബസിന്‍റെ ജനാലയിലൂടെ കുട്ടികൾ തന്നെയും പൂക്കളെയും കൗതുകത്തോടെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നതു കാണുമ്പോൾ അംബാൾ അവർക്ക് ഭംഗിയുള്ള പുഞ്ചിരിയും കൈവീശി ഒരു റ്റാറ്റയും കൊടുക്കും.

ഈ കുട്ടികളെ കാണുമ്പോൾ അവൾക്ക് തന്‍റെ മൂന്നു മക്കളെ ഓർമ്മ വരും. രണ്ടാണും ഒരു പെണ്ണും. അഞ്ചു വയസ്സാകും മുമ്പേ മൂന്നുപേരും മരണത്തിന്‍റെ കളിപ്പാട്ടമായി. ഇത്രയും കാലമായിട്ടും അംബാളിന് ആ ഓർമ്മകളുടെ കത്തുന്ന വേദന താങ്ങാൻ കഴിയാറില്ല. കുട്ടികൾ മരിച്ച് ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞ സമയത്താണ് അവളുടെ ഭർത്താവ് രംഗയ്യ ഒരു കൊച്ചു പെൺകുട്ടിയെ തന്‍റെ രണ്ടാം ഭാര്യയായി വീട്ടിൽ കൊണ്ടു വന്നത്.

പദ്മ അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. പൂവ് പോലെ വളരെ കനം കുറഞ്ഞ പാവം പെൺകുട്ടി. രംഗയ്യയുടെ മകളാകാനുള്ള പ്രായമേ അവൾക്കുള്ളൂ. പാവം പെൺകൊച്ച്. അവൾക്ക് അയാളെ മഹാപേടിയായിരുന്നു. നഗരത്തിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി വിദൂരഗ്രാമത്തിൽ നിന്നെവിടെ നിന്നോ പറ്റിച്ചു കൊണ്ടുവന്നതാണ്. പദ്മയുടെ ഗ്രാമത്തിൽ നിന്ന് ധാരാളം സ്ത്രീകൾ ഇങ്ങനെ കുടുംബസമേതം ബാംഗ്ലൂർക്ക് കുടിയേറിയിട്ടുണ്ട്.

പദ്മയുടെ അച്‌ഛനമ്മമാരുടെ കൃഷിയെല്ലാം വരൾച്ചയിൽ നശിച്ചു പോയി. അവർ വലിയ പട്ടിണിയിലായി. അവരെപ്പോലെ ധാരാളം പേരുണ്ട് ആ ഗ്രാമത്തിൽ. കുറേപ്പേർ ആത്മഹത്യയിൽ അഭയം തേടി.

അംബാളിന്‍റെ ഭർത്താവ് രംഗയ്യയ്ക്ക് വളവും വിത്തും നൽകുന്ന ചെറിയ ബിസിനസ് ആയിരുന്നു. പദ്മയുടെ അച്‌ഛൻ ശ്രീനിവാസൻ അയാളുടെ പതിവ് കസ്റ്റമർ ആയിരുന്നു. വളവും വിത്തും കടം മേടിച്ച് ഓരോ തവണ കൃഷി ചെയ്തുവെങ്കിലും വരൾച്ച കാരണം യാതൊന്നും തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. രംഗയ്ക്ക് നൽകാനുള്ള പണത്തിനു വഴി കണ്ടെത്താൻ തന്‍റെ മൂത്ത മകളെ ജോലിക്കായി ശ്രീനിവാസൻ നഗരത്തിലേക്ക് അയക്കാൻ തയ്യാറായി. പെണ്ണ് ജോലി ചെയ്ത് കടം വീട്ടട്ടെ എന്ന് പറഞ്ഞാണ് രംഗയ്യ അവളെ കൂട്ടിക്കൊണ്ടു നഗരത്തിലേക്ക് വന്നത്.

പക്ഷേ അയാളുടെ മനസ്സിൽ മറ്റു ലക്ഷ്യങ്ങളായിരുന്നു. കുറേ ദിവസം അയാൾ പദ്മയെ ഒരു ലോഡ്ജിൽ താമസിപ്പിച്ചു. കെണിയിലായെന്നു മനസ്സിലായെങ്കിലും രക്ഷപ്പെടാൻ പഴുതില്ലാതെ അവൾ കഷ്ടപ്പെട്ടു. പകൽ എങ്ങനെയെങ്കിലും കഴിച്ചു കൂട്ടും. രാത്രിയാകുമ്പോൾ രംഗയ്യ മുറിയിലെത്തും. പിന്നെ പുലരുവോളം പെണ്ണിനെ ഉപദ്രവിക്കും. അയാളുടെ പേക്കൂത്തുകൾ ആ മൃദുല ശരീരത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു.

മൂന്നാഴ്ച കഴിഞ്ഞ് പദ്മയെ രംഗയ്യ തന്‍റെ വീട്ടിലേക്ക് രണ്ടാം ഭാര്യയായി കൂട്ടിക്കൊണ്ടു വന്നു. അംബാളിന് തന്‍റെ കെട്ടിയവനോട് അതിയായ ദേഷ്യം തോന്നിയ നിമിഷങ്ങളായിരുന്നു അത്.

ഒരു പെണ്ണ് വീട്ടിൽ വന്നതു കൊണ്ടല്ല, തന്‍റെ മകളാകാൻ പ്രായമുള്ള പെണ്ണിനെയും കൊണ്ട് പൊറുതിക്കു വന്നതാണ് അവളെ വല്ലാതെ അസ്വസ്ഥയാക്കിയത്. ആ പെൺകുട്ടി ഗർഭിണിയാണെന്ന് ഏതാനും ദിവസങ്ങൾക്കകം അംബാളിന് ബോധ്യമായി.

തന്‍റെ ഉദരത്തിൽ പിറന്നു, ഭൂമിയിൽ ജീവിക്കാൻ കഴിയാതെ പോയ മൂന്നു കുഞ്ഞുങ്ങളെയോർത്ത് അംബാളിന്‍റെ മനം വല്ലാതെ കനം കൊണ്ടു. പദ്മ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അംബാളിന് അവളോട് ചെറിയൊരു ഇഷ്ടവും അതിലേറെ സഹതാപവും തോന്നി.

അവൾ രംഗയ്യയെ ക്രൂരമായി അവഗണിച്ചു. പക്ഷേ അയാളുടെ ചെറുപ്പക്കാരിയായ പുതിയ ഭാര്യയെ പരിചരിക്കാൻ അംബാൾ ഇഷ്‌ടപ്പെട്ടു. തന്‍റെ എതിരാളിയാണെന്ന തോന്നൽ ഉണ്ടായതേയില്ല. പ്രായപൂർത്തി പോലും ആകാത്ത പെൺകുട്ടി. അവൾ ഗർഭിണിയാണ്. ഇപ്പോൾ വളരെയേറെ പരിചരണവും സ്നേഹവും കൊടുക്കേണ്ട സമയമാണ്.

തന്‍റെ കുഞ്ഞുങ്ങൾ നഷ്‌ടപ്പെട്ട പോലെ ഇവളുടെ കുഞ്ഞും നഷ്‌ടമാകരുത്. ആരുടെ കുഞ്ഞായാലും അതിന് എന്തെങ്കിലും സംഭവിക്കുന്നത് ഒരു സ്ത്രീക്കും സഹിക്കാൻ പറ്റുന്ന കാര്യമല്ല.

സ്വന്തം കാര്യം നോക്കാൻ പോലും പ്രാപ്തിയില്ലാത്ത പദ്മയ്ക്ക് ഗർഭകാലം കഴിച്ചു കൂട്ടാൻ തന്‍റെ സഹായം വേണം എന്ന് അംബാളിന് മനസ്സിലായി. പദ്മയ്ക്കു വേണ്ടി നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുത്തും അതു കഴിപ്പിച്ചും വേണ്ടത്ര ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കിയും അംബാൾ അവളെ സ്നേഹത്തോടെ പരിചരിച്ചു. തന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം പോലും ഈ പെൺകുട്ടിയുടെ മനം സന്തോഷമായിരിക്കാനാണെന്ന് അംബാളിന് തോന്നി.

പക്ഷേ ആ വീട്ടിൽ ഉണ്ടായിരുന്ന വലിയ പ്രശ്നം രംഗയ്യ തന്നെയായിരുന്നു. അയാളെ നിയന്ത്രിക്കാൻ അംബാളിന് കഴിഞ്ഞില്ല. പുത്തൻ പെണ്ണിന്‍റെ കിടപ്പറയിൽ നിന്ന് അയാളെ അകറ്റാൻ അവൾക്കു കഴിഞ്ഞില്ല. പാവം പെണ്ണ്. അവളുടെ ശാരീരികാവസ്‌ഥകൾ വളരെ കഷ്ടമാണ്. ഇതിനിടയിലും ഒരു ദയവുമില്ലാതെ അയാൾ എല്ലാ രാത്രിയിലും അവളെ ചവിട്ടിമെതിച്ചു.

രണ്ടു മുറി മാത്രമുള്ള ആ ചെറിയ വീട്ടിൽ രാത്രിയിൽ പദ്മയുടെ തേങ്ങലും ഞെരക്കവും കേട്ട് അംബാളിന് ആധിയാവും. അവൾ പുതപ്പു കൊണ്ട് മൂടിപ്പുതച്ച് അതൊന്നും കേൾക്കാതിരിക്കാൻ ശ്രമിക്കും. പക്ഷേ അയാൾ ഒരു ചെകുത്താനാണെന്ന് അംബാളിനറിയാമല്ലോ. തന്‍റെ അനുഭവങ്ങൾ തന്നെ അവളുടെ ഓർമ്മയിലേക്ക് ഓടിയെത്തും. പദ്മയുടെയും അവളുടെ ഉദരത്തിലെ കുഞ്ഞിന്‍റെയും ആരോഗ്യത്തിനായി പ്രാർത്ഥിക്കുക മാത്രമേ തനിക്ക് ചെയ്യാനുള്ളൂ എന്ന് അംബാൾ ഞെട്ടലോടെ മനസ്സിലാക്കി.

7 മാസങ്ങൾ കടന്നു പോയി. ഇനിയും പദ്മയെ ഈ വീട്ടിൽ നിർത്തിയാൽ കുഞ്ഞിനു അപകടം പിണയുമോ എന്ന പേടി തോന്നി അംബാളിന്. രംഗയ്യയോട് പദ്മയെ അവളുടെ അമ്മയുടെ അടുത്തെത്തിക്കാൻ അംബാൾ ആവശ്യപ്പെട്ടു. ആദ്യം രംഗയ്യ സമ്മതിച്ചില്ല. പക്ഷേ പിന്നീടെന്തോ അയാളുടെ മനസ്സു മാറി.

അംബാൾ വാങ്ങിയ പുത്തൻ മഞ്ഞസാരി ചുറ്റി പദ്മ തന്‍റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി. ഒരു വലിയ കെട്ടു പൂക്കൾ അംബാൾ പദ്മയുടെ മുടിയിൽ ചൂടിച്ചു. എന്നിട്ടും പദ്മയുടെ മുഖം ഗർഭാലസ്യത്തിൽ വിളറിയിരുന്നു. താൻ എത്ര ശ്രദ്ധിച്ചിട്ടെന്തു കാര്യം. മനസാക്ഷിയില്ലാത്ത ആണൊരുത്തൻ ഗർഭിണിയാണെന്ന ചിന്ത പോലുമില്ലാതെ അവളെ കാമിച്ചാൽ പിന്നെ എന്തു ചെയ്യും.

“മോളെ… മരുന്നൊക്കെ മുടങ്ങാതെ കഴിക്കണം, നല്ലോണം ആഹാരം കഴിച്ചോളൂ. ഉറങ്ങേം ചെയ്യണം. നീ അവിടെ ചെന്നിട്ട് ജോലിയൊന്നും ചെയ്യണ്ട. ഞാൻ പഠിപ്പിച്ചു തന്ന കീർത്തനം ചൊല്ലി ഇരിക്കണം.”

അംബാൾ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു.

“ശരി അക്കാ…. ഞാൻ പോയി വരാം.” പദ്മ കരച്ചിലും ചിരിയും ചേർന്ന മുഖഭാവത്തോടെ മന്ത്രിച്ചു. അംബാളിന് കരച്ചിൽ വന്നു. അത് തൊണ്ടയിൽ കുരുങ്ങി കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

വർഷങ്ങൾക്കു മുമ്പ് തന്‍റെ ആദ്യത്തെ പ്രസവത്തിന് സ്വന്തം വീട്ടിൽ പോയ കാലം അംബാളിന് ഓർമ്മ വന്നു. തന്‍റെ ആദ്യത്തെ കുഞ്ഞ് നീല പിറന്നത് ഒരു ജന്മാഷ്ടമി ദിനത്തിലാണ്. പ്രസവത്തിനു ശേഷം താനും കുഞ്ഞും മടങ്ങി വന്നത് തീവണ്ടിയിലായിരുന്നു. അംബാൾ ആലോചനയിൽ മുഴുകിപ്പോയി.

ദിവസങ്ങൾ വീണ്ടും മാസങ്ങളായി. രണ്ടു മാസമായിരിക്കുന്നു പദ്മ പോയിട്ട്. പ്രസവത്തീയതി ഒക്കെ കഴിഞ്ഞിരിക്കുന്നു. പക്ഷേ ഒരു വിവരവും വന്നിട്ടില്ല. രംഗയ്യക്ക് അതേക്കുറിച്ച് വലിയ ചിന്തയൊന്നുമില്ലെന്നു തോന്നി. പക്ഷേ അംബാളിന് വിവരമറിയാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലാതായി. ഭർത്താവിനോട് സംസാരിക്കാൻ പോലും കഴിയുന്നില്ല. പലപ്പോഴും അയാൾ കുടിച്ചു കൂത്താടിയാണ് വീട്ടിലെത്തുക. പദ്മയെക്കുറിച്ച് വിവരം കിട്ടാൻ അവളുടെ വീട്ടിൽ തന്നെ ചെല്ലേണ്ടി വരും. അവൾ രംഗയ്യയോട് വീട്ടിൽ പോയി നോക്കാൻ വീണ്ടും ആവശ്യപ്പെട്ടു.

“എന്തിനാടി നിനക്ക് അവളെക്കുറിച്ചിത്ര ചിന്ത?” രംഗയ്യ ചീറി.

“അവൾ ഇപ്പോ സന്തോഷായിട്ട് അവടെ വീട്ടിൽ കഴിയുകയായിരുക്കും. നിനക്ക് നിന്‍റെ കാര്യം നോക്കിയാ പോരെ സ്ത്രീയേ?”

“ഹാ… അതന്നാ പറഞ്ഞേ, അവളെ കൂട്ടി വാ…” അംബാൾ പരമാവധി സ്നേഹത്തോടെ പറഞ്ഞു നോക്കി.

“പോ അസത്തെ. ഇനി രണ്ടെണ്ണത്തെ കൂടി ചെലവിന് കൊടുക്കാനോ? നിന്നെ പോലെ ഒരു നാശം എന്‍റെ ചുമലിലുണ്ടല്ലോ. ആ ശിക്ഷ പോരെ… ഇനിയും ഞാൻ വേറെ ഭാരം വലിച്ചു വയ്‌ക്കണത്രേ. ഫൂ… അയാൾ നീട്ടിത്തുപ്പി.

ചുവന്നു കുറുകിയ കണ്ണുകളിലെ ക്രൗര്യം കണ്ടപ്പോൾ അംബാളിന് അറപ്പ് തോന്നി. ഇത്രയും ദുഷ്ടന്മാർ ഉണ്ടാകുമോ? പ്രായം തികയാത്തൊരു പെണ്ണിന്‍റെ ദേഹം തിന്നു കൊതി തീർത്ത് അവൾക്കൊരു കുഞ്ഞായപ്പോൾ പെണ്ണിനേയും വേണ്ട കുഞ്ഞിനേയും വേണ്ട.

അവളുടെ ശരീരം എന്തിനെന്നറിയാതെ അടിമുടി വിറച്ചു. അന്നു രാത്രി അംബാളിന് ഉറങ്ങാൻ കഴിഞ്ഞില്ല. നേരം പുലരും വരെ അവൾ ഭിത്തിയിൽ ചാരിയിരുന്നു.

തന്‍റെ കുഞ്ഞുങ്ങൾ എങ്ങനെയാവും മരിച്ചത്? എന്തുകൊണ്ടാണ് രംഗയ്യ പദ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഇഷ്‌ടപ്പെടാത്തത്? തന്‍റെ കുഞ്ഞിനെ കാണാൻ ഒരു അച്‌ഛന് ആഗ്രഹം തോന്നില്ലേ… ഇങ്ങനെ പലവിധ ചിന്തകൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു.

രാവിലെ രംഗയ്യ ജോലിക്കു പോയശേഷം അംബാൾ തന്‍റെ ഏറ്റവും നല്ല സാരി തന്നെ എടുത്തുടുത്തു. കുറച്ചു പൂക്കൾ മുടിയിൽ ചൂടി പഴയ അരിപ്പെട്ടിയിൽ ഒളിച്ചു വച്ചിരുന്ന പണം എടുത്ത് സാരിത്തലപ്പിൽ കെട്ടി വച്ചു. ചിക്ക്ബല്ലാപുരിലേക്കു ബസ് കയറുമ്പോൾ അംബാളിന്‍റെ നെഞ്ച് പെരുമ്പറ പോലെ തിമിർത്തു.

ബസിന്‍റെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ആദ്യമായി ശുദ്ധവായു ശ്വസിക്കും പോലെ അവൾ ആഞ്ഞു വലിച്ചു. ഭർത്താവ് അറിയാതെ ഇതുവരെ വീട് വിട്ട് പുറത്തു പോയിട്ടില്ല. പദ്മയുടെ വീട്ടിലേക്ക് പോകാൻ അയാളുടെ അനുവാദം കിട്ടുകയില്ല എന്നുറപ്പാണല്ലോ.

ബസ്സ്റ്റോപ്പിൽ ഇറങ്ങിയശേഷം അടുത്തു കണ്ട കടയിൽ അവൾ പദ്മയുടെ വീട് അന്വേഷിച്ചു. ആര്യവേപ്പ് മരങ്ങൾ നിറഞ്ഞ ഭാഗത്ത് കണ്ട ചെറിയ വീട്. പുറത്ത് ആരെയും കാണുന്നില്ല. ആൾ താമസം ഉണ്ടെന്നു തോന്നാത്തത്ര നിശബ്ദത. പെട്ടെന്ന് ആ നിശബ്ദതയെ തകർത്തു കൊണ്ട് ഒരു കുഞ്ഞിന്‍റെ കരച്ചിൽ. അംബാളിന് സന്തോഷമായി. ഇത് പദ്മയുടെ കുഞ്ഞ് തന്നെയായിരിക്കും. അംബാൾ വല്ലാത്തൊരു ആവേശത്തോടെ വീടിന്‍റെ വാതിൽ തുറന്നു.

“പദ്മ…”

അംബാളിന്‍റെ ഉച്ചത്തിലുള്ള വിളി കേട്ട് ഒരു സ്ത്രീ അവിടേയ്ക്ക് വന്നു. തന്നെക്കാൾ അഞ്ച് വയസ്സ് കൂടുതൽ കാണും. പക്ഷേ വിളറി വെളുത്ത മുഖത്ത് സങ്കടം തിങ്ങി നിറഞ്ഞിരിക്കുന്നു. അകാല വാർദ്ധക്യം വളരെ മുമ്പേ എത്തിയ ശരീരം.

“പദ്മ ഇല്ലേ?” അംബാൾ ചോദിച്ചു. ആ സ്ത്രീ അംബാളിനെ തുറിച്ചു നോക്കി.

“നീനു യെല്ലിന്ത ബന്ദേ?” ( നിങ്ങൾ എവിടെ നിന്ന് വരുന്നു?)

“ബംഗലൂരു. രംഗയ്യയുടെ പെണ്ണ്.” കൂടുതൽ ചോദിക്കാൻ അവസരം കൊടുക്കാതെ അംബാൾ വിവരം തുറന്നു പറഞ്ഞു.

രംഗയ്യയുടെ പേര് കേട്ടതോടെ ആ സ്ത്രീയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. ചെറിയൊരു പ്രതീക്ഷ ആ കണ്ണുകളിൽ ഉണ്ടോ? പക്ഷേ ആ മുഖം പെട്ടെന്ന് വിവർണ്ണമാവുകയും ചെയ്തു. ഒരു അത്താണിയെന്ന പോലെ അവർ ഭിത്തിയിലേക്ക് തലചാരി.

അംബാൾ അവരെ തോളത്തു പിടിച്ച് അടുത്തുള്ള ബഞ്ചിലേക്ക് ഇരുത്തി.

“പദ്മ എങ്കെ?” അംബാൾ വീണ്ടും ചോദിച്ചു. ആ സ്ത്രീ പൊടുന്നനേ തേങ്ങിക്കരഞ്ഞു. ആഴിയിലാണ്ട ആ കണ്ണുകൾ രണ്ടു തടാകങ്ങളായി.

“പദ്മ ഇല്ലൈ…” അവരുടെ ശബ്ദം വളരെ തളർന്നു.

“ഇല്ലൈ?… എവിടെ പോയ്…?”

അംബാളിന്‍റെ നെഞ്ചിൻ കൂടിൽ നിന്നൊരു മിന്നൽ ശരീരമാകെ വ്യാപിച്ചു കനം വച്ചു.

ആ സ്ത്രീ തന്‍റെ കൈകൾ ആകാശത്തേക്ക് ഉയർത്തിയിട്ട് വീണ്ടും ഉറക്കെ കരയാൻ തുടങ്ങി. അംബാൾ ഞെട്ടിത്തരിച്ചു പോയി. തന്‍റെ ഭയങ്ങൾ യാഥാർ ത്ഥ്യമായിരിക്കുന്നു. പ്രസവം കടന്നു കിട്ടാനുള്ള കരുത്ത് ആ പെൺശരീരത്തിനില്ലെന്ന് അന്നേ തോന്നിയിരുന്നു.

“കുളന്തെയിരുക്ക്?” അംബാളിന് ചോദിക്കാതിരിക്കാനായില്ല. വാതിൽ മറയില്ലാത്ത ഒരു മുറിയ്ക്കു നേരെ അവരുടെ കണ്ണുകൾ നീണ്ടു. ഒരു ചെറിയ കട്ടിലും അതിനു മുകളിലെ വെളുത്ത തുണിക്കെട്ടും. പദ്മയുടെ കുഞ്ഞ്!”

അംബാൾ അതിനെ വാരിക്കൂട്ടിയെടുത്തു. നെഞ്ചോടു ചേർത്തു. അതൊരു പെൺകുഞ്ഞായിരുന്നു.

കുഞ്ഞിനെ സ്പർശിച്ച മാത്രയിൽ അംബാളിന്‍റെ ശരീരവും മനസ്സും വികാരത്തളിച്ചയിൽ കുളിരു കോരി.

സ്വന്തം കുഞ്ഞിനെ നെഞ്ചോടു ചേർത്ത സന്തോഷം! ദുഷ്ടനാണെങ്കിലും ഭർത്താവ് ഗർഭിണിയായ ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോൾ അംബാളിന് ആശ്വാസമേകിയ ഓരേയൊരു കാര്യം ഒരു കുഞ്ഞായിരുന്നു. പദ്മ മരിച്ചതോർത്തപ്പോൾ അംബാളിന്‍റെ നെഞ്ചു പിടച്ചു. പക്ഷേ ഈ കുഞ്ഞു സ്പർശം എല്ലാ സങ്കടങ്ങൾക്കും മരുന്നാണ്.

അംബാൾ വീട്ടിലെത്തിയപ്പോൾ രംഗയ്യ അവിടെ വന്നിട്ടുണ്ടായിരുന്നു. പതിവുപോലെ മദ്യപിച്ചിട്ടുമുണ്ട്. അയാളുടെ നേരെ നോക്കാതെ അംബാൾ അകത്തേക്കു കയറാൻ ശ്രമിച്ചു. പക്ഷേ അയാൾ ചാടി എഴുന്നേറ്റ് വന്ന് അവളെ പിന്നിലേക്ക് തള്ളി.

“നീ എവിടെ പോയതാ അസത്തേ?” അയാൾ പോത്തമറും പോലെ മുരണ്ടു. നിന്‍റെ കയ്യിലെന്താടീ…

“നിങ്ങളുടെ മകൾ…”

“നീ എന്തിനാടീ ആ നാശത്തെ ഇങ്ങോട്ടു കൊണ്ടു വന്നത്. ഫൂ! ഒരു പെണ്ണിനെ കൂടി പോറ്റാൻ ഈ രംഗയ്യയെ കിട്ടില്ല. കടന്നുപോടി…”

അംബാൾ ഒന്നും മിണ്ടിയില്ല. അവൾ നിശബ്ദം അയാളുടെ കണ്ണുകളെ തറപ്പിച്ച് നോക്കി. അയാൾ ഈ ലോകത്ത് ഏറ്റവും വൃത്തികെട്ടവനാണെന്ന് അപ്പോൾ അവൾക്കു തോന്നി. ഈ കുഞ്ഞിനെ രക്ഷിക്കണം. അതിനു താനും രക്ഷപെടണം. അല്ലെങ്കിൽ ഒരു പാവം പെൺകുട്ടിയുടെ ആത്മാവ് പൊറുക്കില്ല. അവളെയും ഇഞ്ചിഞ്ചായി കൊന്നത് ഈ ദുഷ്ടനാണ്.

അംബാൾ മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുത്തു. ഇത്രയും കാലം വീടെന്ന് വിളിച്ച സ്‌ഥലം. അത് ഇനി തനിക്ക് വേണ്ട. ആ നിമിഷം അംബാൾ എടുത്ത തീരുമാനത്തിൽ നിന്ന് ഒരിഞ്ചു പോലും മാറി ചിന്തിക്കാൻ അംബാളിന് ആഗ്രഹമില്ലായിരുന്നു.

ഇപ്പോൾ 10 വർഷമായിരിക്കുന്നു അംബാൾ, സ്വന്തമായൊരു ജീവിതം തുടങ്ങിയിട്ട്. ഒരു പൂക്കാരിയുടെ ജീവിതം. കഷ്ടപ്പാടുണ്ട്. പക്ഷേ മകൾ നീലയ്ക്കൊപ്പം അംബാൾ സന്തുഷ്ടയാണ്.

പദ്മയുടെ അമ്മ ഇടയ്ക്കൊക്കെ കാണാൻ വരും. അവരുടെ കൃഷി സ്ഥലത്ത് പൂക്കൃഷി നടത്തി പൂക്കച്ചവടം നടത്തുകയാണ് അംബാൾ. ബാംഗ്ലൂരിൽ പല ഇടത്തും അംബാൾ പൂ എത്തിച്ചു കൊടുക്കുന്ന ഏജന്‍റാണ്.

നീലയെ അടുത്തുള്ള സർക്കാർ സ്കൂളിൽ ചേർത്തിട്ടുണ്ട്. പക്ഷേ എന്നും കണ്മുന്നിലൂടെ മെല്ലെ കടന്നു പോകുന്ന മഞ്ഞ ബസിലെ കുട്ടികൾക്കൊപ്പം തന്‍റെ മകളെയും അയക്കണം. നഗരത്തിലെ ആ വലിയ സ്ക്കൂളിൽ…!

അംബാൾ പൂമാലകൾ ഒരുക്കി വച്ചു കൊണ്ട് മെല്ലെ പുഞ്ചിരിച്ചു. അപ്പോൾ അകലെ നിന്ന് ഒരു മഞ്ഞ നിറം ഒഴുകി വരുന്നുണ്ടായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...