ശില്പ കലയിൽ വളർന്നു വരുന്ന സ്ത്രീ സാന്നിധ്യമാണ് ചിത്ര ഇ ജി. എറണാകുളം കുമ്മനോട് സ്വദേശിയായ ചിത്രയ്ക്ക് ശില്പകലയോടുള്ളത് കല്ലിൽ കൊത്തി വച്ച പോലെ തീവ്രമായ ഒരിഷ്ടമാണ്. മനുഷ്യവികാരങ്ങളുടേയും മാനവികതയുടേയും പ്രതിഫലനങ്ങളാണ് പ്രകൃതിയും മനുഷ്യനുമായുള്ള ശില്പങ്ങളിൽ തെളിയുന്നത്. നിത്യമായ ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നവയാണ് ചിത്രയുടെ സൃഷ്ടികൾ. സമൂഹത്തോടുള്ള ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഉൾപ്പെടുന്ന കലാസൃഷ്ടികൾ.
ശില്പകല പുരുഷന്മാരുടെ മേഖലയായാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഈ രംഗത്ത് വിരലിലെണ്ണാവുന്ന സ്ത്രീകളും ഉണ്ട്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
കേരളത്തിലെ ശില്പകലാ ചരിത്രം എടുത്തു നോക്കിയാൽ സ്ത്രീ സാന്നിധ്യം വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങി പോകുന്നത് എന്നെ സ്വാധീനിച്ച ഒരു ചോദ്യമായി അവശേഷിക്കുന്നു. ഈ ചരിത്ര പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ എന്‍റെ വർക്കുകളെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്. ചിത്രകലയിൽ ടി കെ പദ്മിനിയെ കാണുന്നതു പോലെ ശക്തമായ ഒരു ചരിത്രം ശില്പകലയിൽ ഇല്ലാത്തതിനുള്ള കാരണം പഠനവിധേയമാക്കിയിട്ടുണ്ട്.
പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നതും സ്ത്രീയും പുരുഷനും തുല്യമായ രണ്ട് ദിശയിൽ സഞ്ചരിക്കുന്നവരാണെന്ന ബോധം ഇല്ലാതെയുള്ള ആൺ കേന്ദ്രീകൃത വ്യവഹാരവുമാണ് നടക്കുന്നത്. അതുകൊണ്ട് ആശയപരമായും ചിന്താപരമായും സ്ത്രീ സഞ്ചരിക്കേണ്ടത് അവളുടേതായ വഴികളിലൂടെയാണ് എന്ന തിരിച്ചറിവാണ് ഞാൻ എന്‍റെ വർക്കുകളിലൂടെ പ്രധാനമായും മുന്നോട്ട് വയ്ക്കാൻ ശ്രമിക്കുന്നത്. കായികമായി സ്ത്രീകൾക്ക് എത്തപ്പെടാൻ കഴിയില്ല എന്ന് പറയപ്പെട്ടിരുന്ന പല മീഡിയങ്ങളിലും (സ്റ്റോൺ, വുഡ്, മെറ്റൽ) കല ചെയ്യുവാൻ കഴിയുമെന്നും അതിലൂടെ കാലാകാലങ്ങളായി സ്ത്രീ കലാകാരികളുടെ ഇടയിലുണ്ടായിരുന്ന പരിമിതികളെ മറികടക്കാൻ കഴിയുന്നു എന്നുള്ളതും ഒരു യാഥാർത്ഥ്യമായിട്ടുണ്ട്.
കലയിൽ ഉരുത്തിരിഞ്ഞു വന്ന നവീനമായ ആശയമാണല്ലോ ബോഡി പെർഫോമൻസ്?
പരിമിതികളെ മറികടക്കുമ്പോൾ തന്നെ പുതിയ സാദ്ധ്യതകളും തുറക്കുന്നതു കൊണ്ട് ന്യൂമീഡിയ പോലുള്ള സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി ബോഡി പെർഫോമൻസ് എന്ന നവീനമായ ഒരു ആശയം ഈ അടുത്ത കാലങ്ങളിലായി ചെയ്യുന്നുണ്ട്. കൊച്ചി മുസിരിസ് ബിനാലെയോടനുബന്ധിച്ച് പെപ്പർ ഹൗസിൽ ഒരു റസിഡൻസി പ്രോഗ്രാമിന്‍റെ ഭാഗമായി അബ്റിയാക്ഷൻ എന്ന ഒരു ബോഡി പെർഫോമൻസ് ചെയ്തിരുന്നു.
പെർഫോമൻസ് എന്നാൽ സ്പേസും ടൈമും ഒരേ സമയം അനുഭവിച്ചറിയുക എന്നുള്ളതാണ്. ഇതിലൂടെ പെർഫോം ചെയ്യുന്ന വ്യക്‌തിയും കാഴ്ചക്കാരനും തമ്മിൽ വളരെ ഡയറക്ട് ആയ ഒരു ഇന്‍ററാക്ഷൻ സാദ്ധ്യത തുറക്കപ്പെടുന്നുണ്ട്. ഇത് എന്‍റെ കോൺഫിഡൻസ് ലെവൽ ഉയർത്തിയ ഒരു പെർഫോർമേറ്റിവ് ആർട്ട് ആണ്. അതിനുശേഷം കോൽക്കത്തയിൽ നടന്ന ഒരു ഇന്‍റർനാഷണൽ പെർഫോമൻസ് ആർട്ട് ഫെസ്റ്റിന്‍റെ ഭാഗമായിട്ടുണ്ട്.
ഹു ആം ഐവ എന്ന ആശയമാണ് അവിടെ പെർഫോം ചെയ്യാൻ ശ്രമിച്ചത്. നിരന്തരമായി നാം നമ്മോടുത്തന്നെ പല പ്രാവശ്യം ഈ ചോദ്യം ചോദിക്കുന്നുണ്ടെങ്കിലും ഒരു പെർഫോമൻസിലൂടെ ശ്രമിക്കുമ്പോൾ വേറൊരു തലത്തിൽ ഈ ചോദ്യം മറ്റുള്ളവരിലേക്കും എത്തപ്പെടുന്നുണ്ട്. ഈ ഉത്തരം കിട്ടാത്ത ചോദ്യമാണ് പലപ്പോഴും മുന്നോട്ട് നയിക്കുന്നത്.
ഇത് കൂടാതെ ഹ്യൂമൻ എന്ന പെർഫോമൻസ് എറണാകുളത്ത് വുമൻസ് ഡേയുടെ ഭാഗമായും നടത്തി. തൃശൂരിൽ വച്ച് നടന്ന മനുഷ്യ സംഗമത്തിലും ആർഎൽവി കോളേജിലെ ഡിഗ്രി ഷോയുടെ ഭാഗമായും ബാംഗ്ലൂരിലെ വെങ്കടപ്പ ആർട്ട് ഗാലറിയിലും പല ഘട്ടങ്ങളിലായി തുടർന്നു വരുന്ന പെർഫോമൻസ് ആർട്ട് പ്രാക്ടീസ് ആണിത്.
എങ്ങനെയായിരുന്നു കലാരംഗത്തേക്കുള്ള വരവ്
സ്ക്കൂൾ തലത്തിൽ വളരെ സാധാരണമായ രീതിയിൽ പഠിച്ചു വന്ന എനിക്ക് ആർഎൽവി കോളേജിലേയ്ക്ക് എത്തിയപ്പോഴാണ് എന്‍റേതായ ഒരു ലോകം തുറന്ന് കിട്ടിയതായി തോന്നിയത്. ചെറുപ്പം തുടങ്ങി ശില്പകലയിൽ താൽപര്യമുണ്ടായിരുന്നു. സുഹൃത്തുക്കളും അപൂർവ്വം ചില അധ്യാപകരും, ലൈബ്രറിയും എന്‍റെ കലാപഠനത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ബിഎഫ്എയ്ക്ക് പഠിക്കുന്ന സമയത്ത് ലൈഫ് സ്റ്റഡിയിലും ഫിഗറേറ്റീവ് വർക്കുകൾ ചെയ്യുന്നതിലും കൂടുതൽ താൽപര്യം തോന്നിയിരുന്നു. വർക്കിന്‍റെ വലിപ്പവും എന്‍റെ വലിപ്പവും തമ്മിൽ താരതമ്യം ചെയ്‌ത് നോക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്‍റെ വർക്കുകൾ എപ്പോഴും എന്നേക്കാൾ വലിപ്പത്തിൽ കാണാനാണ് ഇഷ്‌ടപ്പെടുന്നത്.
എങ്ങനെയാണ് സമകാലീന കലയെപ്പറ്റി ചിന്തിച്ച് തുടങ്ങിയത്?
എംഎഫ്എ കഴിഞ്ഞതിനു ശേഷം കനോറിയ സെന്‍റർ ഫോർ ആർട്സിൽ റസിഡൻഷ്യൽ ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്യുന്ന സമയത്താണ് കേരളത്തിലെ സമകാലീന കലയെപ്പറ്റി ചിന്തിക്കുന്നത്. ഇത് ഒരു പരിധി വരെ എന്‍റെ മുൻധാരണകളെ മാറ്റി മറിച്ചു. അവിടെ വച്ചാണ് എന്‍റെ വർക്കുകൾ പുതിയ ഭാഷ കൈവരിക്കുന്നത്. ആ സമയത്ത് തന്നെയാണ് കൾച്ചറൽ മിനിസ്ട്രിയുടെ യംഗ് ആർട്ടിസ്റ്റ് സകോളർഷിപ്പ് ലഭിക്കുന്നത് (രണ്ട് വർഷത്തേക്ക്). കനോറിയയിൽ വച്ച് ചെയ്ത ഒരു ശില്പം ഞാൻ ബിനാലെയുടെ ഒരു കൊളാറ്ററൽ ഷോയിലും ചെയ്തിട്ടുണ്ട്. അബ്റിയാക്ഷൻ എന്നാണ് ആ വർക്കിന്‍റെ ടൈറ്റിൽ. മെറ്റൽ വർക്കാണത്.
പിന്നീട് പെപ്പർ ഹൗസ് റസിഡൻസി കിട്ടിയപ്പോൾ അബ്റിയാക്ഷൻ സീരിസിൽ മറ്റൊരു ശില്പവും ചെയ്യുന്നു. ഇതേ സമയം ആർഎൽവി ഗസ്റ്റ് ലക്ച്ചറായും വർക്ക് ചെയ്യുന്നുണ്ട്. അധ്യാപനം എനിക്ക് പുതിയൊരു അനുഭവമായാണ് ഞാൻ കാണുന്നത്. ടീച്ചിംഗ് ഈസ് ലേണിംഗ് എന്ന ഒരു ക്രിയേറ്റീവ് സാദ്ധ്യതയാണ് ഞാൻ ആ ജോലിയിൽ കണ്ടത്. വിദ്യാർത്ഥികളുടെയും സഹ അദ്ധ്യാപകരുടെയും മറ്റും പോർട്രെയിറ്റുകൾ ചെയ്യുന്നതങ്ങനെയാണ്. അപ്പോഴാണ് എന്‍റെയൊരു സെൽഫ് പോർട്രെയിറ്റ് ചെയ്യണമെന്ന ആശയം വരുന്നതും പിന്നീട് അത് ചെയ്യുന്നതും. കോൽക്കത്തയിലും ഹൈദരാബാദിലും ഈ വർക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്.
യെസ്, ഐ ബിലീവ് ദാറ്റ് ദിസീസ് സംതിംഗ് സ്പെഷ്യൽ എന്നാണ് വർക്കിന്‍റെ പേര്. അതുവരെ എന്‍റെ വർക്കിലുണ്ടായിരുന്ന സാഡ് എലിമെന്‍റ് ഈ വർക്ക് ചെയ്യുന്നതിലൂടെയാണ് മറികടന്നത്. ഓരോ പുതിയ വർക്ക് ചെയ്യുമ്പോഴും ആർട്ടിസ്റ്റിന്‍റെ ഉള്ളിൽ തന്നെ ഒരു പ്യൂരിഫിക്കേഷൻ സംഭവിക്കുന്നുണ്ട്. കല ഒരു അന്വേഷണമാണ്. ഇന്നതിൽ എത്തിച്ചേരുമെന്ന് ഒരിക്കലും പ്രവചിക്കാൻ കഴിയാത്ത അനന്തസാദ്ധ്യതകളുള്ള ഒരു ക്രിയേറ്റീവ് പ്രോസസ് കൂടിയാണ്.
സ്ത്രീ കലാകാരികൾക്ക് പരിമിതികൾ ഉണ്ടോ?
സ്ത്രീ കലാകാരികളെ സംബന്ധിച്ച് ജീവിതത്തിലെന്ന പോലെ കലാരംഗത്തും ആൺ കേന്ദ്രീകൃതമായ ഒന്നിൽ നിന്നും വേറിട്ട് തങ്ങളുടേതായ സത്തയും സ്വത്വബോധവും ഉൾക്കൊണ്ടുള്ള കല ചെയ്ത് മുന്നേറുന്ന കൂട്ടായ ഒരു അന്തരീക്ഷം ഉണ്ടായി വരേണ്ടതുണ്ട്. ശില്പം ചെയ്‌ത് മുന്നോട്ട് പോകണമെങ്കിൽ സ്റ്റുഡിയോ സ്പേസ്, മെറ്റിരീയൽ കണ്ടെത്തൽ, സൂക്ഷിക്കാനുള്ള സ്‌ഥലം, സാമ്പത്തികം എന്നിവയൊക്കെ വേണം. അതുകൊണ്ടാകാം ശില്പ കലയിൽ ചുരുക്കം ചിലരായി അവശേഷിക്കുന്നത്.
ഫൈൻ ആർട്സ് കോളേജിൽ പഠിക്കുന്ന പെൺകുട്ടികൾ എണ്ണത്തിൽ കൂടുതലാണെങ്കിലും അദ്ധ്യാപകതലത്തിലും കല പ്രാക്ടീസ് ചെയ്യുന്നവരിലും ലളിതകല അക്കാദമി നൽകി വരുന്ന ഫെലോഷിപ്പുകൾ എടുത്താലും സ്ത്രീ കലാകാരികളുടെ സാന്നിദ്ധ്യം എന്തുകൊണ്ട് കുറയുന്നു എന്നുള്ളതും ചിന്തിക്കേണ്ടതും പഠന വിധേയമാക്കേണ്ടതും ആണ്.