അങ്ങനെയൊരു നവംബർ മാസത്തിലാണ് വടക്കോട്ടും തെക്കോട്ടുമുള്ള എന്‍റെ കേരള യാത്രകളിൽ പരിചയപ്പെട്ട സുഹൃത്തുക്കളുമായി കർണാടക ഷിമോഗ ജില്ലയിലെ മഴക്കാടുകൾ നിറഞ്ഞ അഗുംബെയിലേക്ക് വണ്ടികേറി. തെക്കേ ഇന്ത്യയിലെ ചിറാപ്പുഞ്ചിയെന്നാണ് അഗുംബെ അറിയപ്പെടുന്നത്. മൺസൂൺ കാലത്താണ് ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്താറുള്ളത്. വളരെ കുറച്ച് വീടുകൾ മാത്രമുള്ള, അറുപതുകളിലെ ഗ്രാമീണതയുടെ നേർപ്പതിപ്പെന്നോണമുള്ള ഒരു കൊച്ചു കന്നഡ ഗ്രാമം. മഴയില്ലാത്ത അഗുംബെ വളരെ വിരളമാണ്. പക്ഷേ ഞങ്ങൾ എത്തിയപ്പോഴേക്കും മഴ അഗുംബെയെ കൈവിട്ടിരുന്നു. ഞങ്ങളുടെ പ്രധാന ലക്ഷ്യം നരസിംഹപർവ്വതത്തിലേക്കുള്ള ട്രക്കിംഗാണ്. ഒക്ടോബർ മാസം മുതലാണ് ട്രക്കിംഗ് അനുവദിച്ചിരിക്കുന്നത്.

ഏകദേശം ഉച്ചയോടെ ഞങ്ങൾ അഗുംബെയിലെത്തി. മല്യ ഹോംസ്റ്റേയിൽ മുറിയെടുത്തു. ഒരാൾക്ക് 250 രൂപ (നിരക്ക് കൂടയിട്ടുണ്ടാവാം), ന്യായമായ വാടക. അവർ തന്നെ വാഹനം ശരിയാക്കി തന്നു. ഞങ്ങൾ തെരഞ്ഞെടുത്തത് മിനിലോറിയാണ്.

ഉടുപ്പിയാണ് അഗുംബെയിലെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ. കൊല്ലൂർ മൂകാംബികയിൽ പോയി മടങ്ങുന്നവർക്കും അഗുംബെ സന്ദർശിക്കാം. കൊല്ലൂരിൽ നിന്ന് 85 കിലോമീറ്റർ. ശൃംഗേരിയിൽ നിന്ന് 29 കിലോമീറ്റർ. അഗുബെയിലെ ഹോംസ്റ്റേകൾ പ്രസിദ്ധമാണ്.

agumbe

ആർ. കെ നാരായണന്‍റെ മാൽഗുഡി ഡെയ്സ് ടെലിവിഷൻ സീരീസ് ആക്കിയപ്പോൾ അത് ചിത്രീകരിച്ചത് അഗുംബെയിൽ ആയിരുന്നു. അതിൽ അഭിനയിച്ചതും ഇന്നാട്ടുകാരൊക്കെ തന്നെ. മാൽഗുഡി ഡെയ്സിലൂടെ പ്രസിദ്ധമായ ഇവിടത്തെ ദൊഡ മനയും ഞങ്ങൾ കാണാൻ പോയിരുന്നു. അവിടുത്തെ കസ്തൂരി അക്കയെ പരിചയപ്പെട്ടു. അക്കയുടെ ആതിഥ്യ മര്യാദ എടുത്തു പറയേണ്ട ഒന്നാണ്.

പിറ്റേന്ന്

അതിരാവിലെ ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള പെർമിഷനു വേണ്ടി കുറച്ചധികം സമയം കാത്തുനിന്നു. ട്രക്കിംഗ് ഫീസ് 200 രൂപയാണ്. ക്യാമറയ്ക്ക് 200 വേറെയും. കാട്ടിലൂടെ നടക്കുമ്പോൾ വഴിതെറ്റാൻ സാദ്ധ്യത കൂടുതലായതിനാൽ ഒരു ഫോറസ്റ്റ് ഗൈഡ് കൂടി നമുക്കൊപ്പം വരും, 500 രൂപയാണ് ഫീസ്. അഗുംബെയിൽ നിന്നും 9 കിലോമീറ്റർ അകലെയുള്ള മലന്തൂർ ആണ് ട്രക്കിംഗ് പോയിന്‍റ്. അവിടെ വരെ ലോറിയിൽ നെൽപ്പാടങ്ങളും ഇടതൂർന്നു നിൽക്കുന്ന കവുങ്ങിൻ തോട്ടങ്ങളും നിറഞ്ഞ കാർഷികസമൃദ്ധമായ കന്നഡ ഗ്രാമങ്ങളുടെ തനതായ ഭംഗി ആസ്വദിച്ചു കൊണ്ടു യാത്ര .

കൂട്ടത്തിൽ പലരും ആദ്യമായിട്ടാണ് ലോറിയുടെ പുറകിൽ കയറി യാത്ര ചെയ്യുന്നത്. മലന്തൂരിൽ നിന്നും 13 കിലോമീറ്റർ നീണ്ടു നിൽക്കുന്നതാണ് ട്രക്കിംഗ്. രാവിലെ ഏകദേശം 10.30 ന് ഞങ്ങൾ നടത്തം തുടങ്ങി. ഗൈഡ് കയ്യിലിരുന്ന കത്തി ഉപയോഗിച്ച് വഴി വെട്ടിത്തെളിച്ചു. സീസണിലെ ആദ്യ ട്രക്കിംഗ് ടീം ഞങ്ങളായിരുന്നു. പലയിടത്തും വന്മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. അതെല്ലാം ചാടിക്കടന്ന് കാടിന്‍റെ നിശബ്ദതയിൽ നടത്തം തുടർന്നു.

8 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു അരുവി കണ്ടു. ട്രക്കിംഗിന് വരുന്ന എല്ലാവരും തന്നെ ഈ അരുവിയിൽ നിന്നാണ് വെള്ളം ശേഖരിക്കുക. തെളിഞ്ഞ ശുദ്ധമായ വെള്ളം. അരുവിയുടെ മറ്റൊരു ഭാഗത്തേക്ക് ഗൈഡ് ഞങ്ങളെ കൊണ്ടുപോയി. അരുവി വെള്ളച്ചാട്ടമായി മാറുന്നതവിടെയാണ്. അവിടുത്തെ  ബർക്കാനവ വ്യൂപോയിൻറ് മനോഹരമാണ്. തിരിച്ചു വരാനെ തോന്നില്ല. നടന്നതിന്‍റെ ക്ഷീണം താനെ ഇല്ലാതായി.

agumbe

സമയം കുറവായതിനാൽ ഏകദേശം ഒരു മണിക്കൂറിനുശേഷം ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. പിന്നീട് കുത്തനെയുള്ള കയറ്റങ്ങളായിരുന്നു. 3 കിലോമീറ്റർ കഴിഞ്ഞതോടെ കാട് കുറഞ്ഞുവന്നു. മലമുകളിലൂടെ കുറച്ചുദൂരം കൂടി നടന്നാൽ നരസിംഹപർവ്വതത്തിന്‍റെ നെറുകയിലെത്താം. ഏകദേശം 5 മണിയ്ക്ക് മലമുകളിലെത്തി. സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പിലാണ്. അരമണിക്കൂർ മാത്രം അവിടെ ചെലവഴിച്ചു. അഗുംബെ വീഥികളിൽ ഇരുട്ട് മൂടി തുടങ്ങിയിരുന്നു. മറ്റൊരു വഴിയിലൂടെ കിഗ്ഗ എന്ന സ്ഥലത്തേക്ക് ഞങ്ങൾ മലയിറങ്ങി. തിരിച്ചിറങ്ങിയപ്പോൾ 3 കിലോമീറ്റർ ദൂരം നിരപ്പായ പുൽമേടും 2 കിലോമീറ്റർ കാടുമായിരുന്നു. രാത്രി 7.30 ആയപ്പോഴേക്കും റോഡ് കാണാവുന്ന വിധത്തിൽ കാടിന് പുറത്തെത്തി.

കിഗ്ഗയിലേക്ക് റോഡിലൂടെ ഒരു കിലോമീറ്റർ നടത്തം. അവിടെ നിന്നും ശൃംഗേരി ബസ് കിട്ടും. പിന്നെ ശൃംഗേരിയിൽ നിന്നും മംഗലാപുരത്തേക്ക്. എത്ര കണ്ടാലും മതിവരാത്ത അഗുംബെ കാഴ്ചകളോട് താൽക്കാലികമായി ഞങ്ങൾ വിട പറഞ്ഞു. (മംഗലാപുരത്ത് നിന്നും സോമേശ്വരം വനസങ്കേതത്തിലൂടെ അഗുംബെയിലെത്താം. ഉടുപ്പി റെയിൽവേ സ്റ്റേഷൻ 60 കിലോമീറ്റർ. ട്രക്കിംഗിന് ഡിഎഫ്ഒ ഓഫീസിൽ നിന്നും അനുമതി വാങ്ങണം.)

और कहानियां पढ़ने के लिए क्लिक करें...