ഒരു ദിവസത്തേക്ക് എന്‍റെ ബോയ്ഫ്രണ്ട് ആകാൻ പറ്റ്വോ?” അപരിചിതയായ ആ യുവതിയുടെ ചോദ്യം എന്‍റെ കാതിൽ വീണു, ഹൃദയത്തിൽ ചെന്നു പതിച്ചു. എന്തു പറയണമെന്നറിയാതെ ഞാൻ അവളെ ഇമവെട്ടാതെ നോക്കി നിന്നു.

നീളമുള്ള മുടിയിഴകൾ കാറ്റിൽ മുഖത്തേക്ക് വീണു കിടക്കുന്നു. ചിരിക്കുന്ന മുഖത്ത്, ചിരിയേക്കാൾ തിളക്കമുള്ള കണ്ണുകൾ. തീർത്തും അപരിചിതയായ ഒരു യുവതിയിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം ഉണ്ടായാൽ എന്തു മറുപടിയാണ് പറയാൻ പറ്റുക!

അവളെ നോക്കി, വാ പൊളിച്ചു നിന്നു പോയി എന്നു പറയുന്നതാവും കൂടുതൽ ശരി. ഞാൻ വളരെ നല്ല കുടുംബത്തിൽ പിറന്ന യുവാവ്. അങ്ങനെയാണല്ലോ ഞാനും എന്‍റെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരുമൊക്കെ കരുതുന്നത്.

പ്രണയം, വിവാഹം ഇതൊക്കെ സംബന്ധിച്ച് വ്യക്‌തമായ ചിന്താധാരണകൾ ഉണ്ടെനിക്ക്. കുറേനാൾ മുമ്പ് ഞാൻ ഒരു പ്രേമബന്ധത്തിലകപ്പെട്ടതാണ്. പക്ഷേ ആ ലവ്സ്റ്റോറിക്ക് അധികകാലം ആയുസുണ്ടായില്ല. അവൾ ഏകപക്ഷീയമായി പിരിഞ്ഞു പോയി. എന്നിൽ നിന്നു മാത്രമല്ല, ഈ ലോകത്തിൽ നിന്നു തന്നെ. അവൾ ചെയ്‌തത് എത്ര വലിയ ക്രൂരതയായി എന്നത് തനിക്കു മാത്രമല്ലേ അറിയൂ.

ഒരുപാട് ആഗ്രഹിച്ചു. പക്ഷേ ബിന്ദുവിനെ മറക്കണമെന്ന്, വീട്ടുകാരാണെങ്കിൽ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടേയിരിക്കുന്നു. അവർക്കിഷ്ടമുള്ളവരെ കണ്ടെത്തട്ടെ. അത്ര തന്നെ. അങ്ങനെ തീരുമാനിച്ചിരുന്നതിനാൽ ഒരു പെൺകുട്ടിയെ അമ്മ പോയി കാണുകയും ചെയ്‌തു. ആ കുട്ടിയെ ഇഷ്‌ടപ്പെട്ടു എന്നാണ് അമ്മ പറഞ്ഞത്.

ഇവിടെ ഞാൻ അങ്കിളിന്‍റെ വീട്ടിൽ ഒരു മാസത്തേക്ക് വന്നതാണല്ലോ… തിരിച്ചു നാട്ടിലെത്തിയിട്ട് തീരുമാനിക്കാമെന്ന് അമ്മയോടു പറയുകയും ചെയ്‌തു. ഒരു നിമിഷം കൊണ്ട് എന്‍റെ മനസ്സിലൂടെ കടന്നു പോയ ചിന്തകൾ… അതിനെ തകർത്ത് അവളുടെ സ്വരം വീണ്ടും.

“പറയൂ ഒരു ദിവസത്തേക്ക്…?” അവൾ അതേ ചോദ്യം ആവർത്തിക്കുന്നു.

“എനിക്ക് നിങ്ങളെ അറിയുകയേയില്ല. പിന്നെങ്ങനെ?” ഞാൻ ആശയക്കുഴപ്പത്തിലായി.

“എനിക്കും അറിയില്ലല്ലോ. ഒരു ദിവസത്തേക്ക്… മാത്രം മതി എന്നാണ് ഞാൻ പറഞ്ഞത്. എക്കാലത്തേക്കുമായിട്ടല്ല.” അവളുടെ നീണ്ടുവിടർന്ന കണ്ണുകൾ എനിക്ക് മേൽ നൃത്തം ചെയ്‌തു.

“സത്യം പറയട്ടെ, 4 മാസം കഴിഞ്ഞ് എന്‍റെ വിവാഹമാണ്. എന്‍റെ വീട്ടുകാരാകട്ടെ യാഥാസ്‌ഥിതികരാണ്. ഇത്രയും കാലത്തിനിടയിൽ എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു. ഒരു ജീവിതം എന്തൊക്കെയെന്ന് മനസ്സിലാക്കി മുന്നോട്ടു പോകണം എന്നാഗ്രഹമുണ്ട്. ഒരു ആൺകുട്ടി സുഹൃത്തായാൽ എങ്ങനെയാണ് എന്നറിയാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു.

വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിക്കാൻ എനിക്കു മടിയില്ല. പക്ഷേ എന്‍റെ കൂട്ടുകാരികൾ ലവ് മാര്യേജാണ് നല്ലത് എന്ന് പറയുന്നു. അതു നടക്കാനിടയില്ല. എങ്കിലും എനിക്കും ഒരു ബോയ്ഫ്രണ്ട്, ഒരു ദിവസത്തേക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു.”

“സത്യം പറയാലോ, ഞാൻ വളരെ സെൻസിറ്റീവ് ആണ്. ഒരാളെ സ്നേഹിച്ചാൽ ഡീപ് ആയി സ്നേഹിക്കും. അങ്ങനെയായതിനാലാണ് പ്രണയമൊക്കെ ഒഴിവാക്കിയത്. പക്ഷേ ഒരു ബോയ്ഫ്രണ്ട് ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും ജീവിതം എന്നറിയാൻ തോന്നുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ?”

“ഓകെ, പക്ഷേ? എനിക്ക് നിങ്ങളോട് ഫീലിംഗ്സ് ഉണ്ടായാൽ?”

“ഒരു ദിവസത്തെ കാര്യമല്ലേ… മറക്കാൻ പറ്റുമല്ലോ. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. എന്‍റെ കൂടെ ഒരു ദിവസം പുറത്തുവരിക, കുറേ കറങ്ങാം, ആഹ്ലാദിക്കാം അത്രേയുള്ളൂ.” ആ യുവതി ചിരിയോടെ ഓർമ്മിപ്പിച്ചു. പിന്നെ അവൾ കയ്യിൽ ഇരുന്ന ഡ്രൈവിംഗ് ലൈസൻസ് എന്‍റെ നേർക്ക് നീട്ടി.

“ഇതെന്‍റെയാണല്ലോ!”

“ഹാ… അതേ ദാ അവിടെ ആ വഴിയിൽ കണ്ടതാ. ഇതു തരാനാണ് ഞാൻ വന്നത്. പക്ഷേ ഈ കാർഡ് നോക്കിയപ്പോൾ തോന്നി നിങ്ങളാണ് എനിക്കു യോജിച്ച വൺ ഡേ ബോയ്ഫ്രണ്ട് എന്ന്” അവൾ പിന്നെയും ചിരിച്ചു.

“അതെന്താ?” ഞാൻ സാകൂതം ആ ചിരി നോക്കി.

“ഒന്നാമത്തെ കാര്യം ഞാൻ നിങ്ങളെക്കാൾ 5 വയസ്സ് മൂത്തതാണ്. എന്നെ കെട്ടണം എന്നു പറഞ്ഞു വരാൻ ഇടയില്ല. പിന്നെ നിങ്ങളെ കണ്ടപ്പോൾ നേരെ വാ നേരെ പോ ലൈൻ… ഫീൽ…”

ഞാൻ ചിരിച്ചു… ഇവൾ കൊള്ളാമല്ലോ…. എന്‍റെ ഉള്ളിൽ വിചിത്രമായൊരു ഉത്സാഹം നിറയുന്നത് ഞാനറിഞ്ഞു. എനിക്ക് അവളുടെ അപേക്ഷ നിരസിക്കാൻ കഴിയുന്നില്ല.

“ശരി, നാളെ രാവിലെ 8 മണിക്ക് ഇതേ സ്ഥലത്ത് വരൂ. നാളെ ഒരു ദിവസം ഞാൻ പൂർണ്ണമായും നിങ്ങൾക്ക് വിട്ടുതരും.”

“ഓഹ്… താങ്ക്യൂ”

അവൾ പുഞ്ചിരിയോടെ കൈവീശി യാത്രയായി.

വീട്ടിലെത്തിയ ശേഷവും മനസ്സിൽ നിന്ന് അവളെ കുറിച്ചുള്ള ചിന്ത വിട്ടുമാറിയില്ല. പിറ്റേന്ന് രാവിലെ 8 മണിക്ക് തന്നെ പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു. അവൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.

“ഹായ്…ഡിയർ” അവൾ യാതൊരു സങ്കോചവുമില്ലാതെ കൈ പിടിച്ചു.

“ഹായ്” എനിക്ക് പക്ഷേ അത്രയും ഓപ്പൺ ആകാൻ ആ സമയം കഴിയുന്നുണ്ടായിരുന്നില്ല.

“വരൂ… ഇപ്പോൾ മുതൽ നിങ്ങൾ എന്‍റെ ബോയ്ഫ്രണ്ട് ആണ്. മടിയൊക്കെ മാറ്റി തുറന്നു പെരുമാറൂ. ഇതെന്‍റെ റിക്വസ്റ്റ് ആണ്.”

ഞാൻ സ്വയം മനസ്സിൽ ഉറപ്പിച്ചു. അതേ ഒരേയൊരു ദിവസം മാത്രം. പിന്നെ ഞാനും അവളും എവിടെയോ പോയ് മറയുന്നു.

ഞങ്ങൾ രണ്ട് അപരിചിതർ, ചിരകാല പരിചിതരെപ്പോലെ ഒരു യാത്രയ്ക്കു തുടക്കമിടുകയാണ്. കേവലം ഒരു ദിവസത്തെ അതിസുന്ദരമായ യാത്ര.

പ്രിയ. അതാണവളുടെ പേര്. ഞാൻ വണ്ടിയോടിച്ചു കൊണ്ടിരുന്നു. അവൾ എന്‍റെ അരികിലെ സീറ്റിലുണ്ട്. തുറന്നിട്ട വിൻഡോയിലൂടെ ഇളം കാറ്റ് അവളുടെ മുടിയിഴകളിൽ ഓടിക്കളിച്ചു. നവ്യമായ സുഗന്ധം നിറഞ്ഞ മുടിയിഴകൾ തോളറ്റം കടന്ന് വിരിഞ്ഞു കിടക്കുന്നു. ആ നറുഗന്ധം എന്നിൽ അനിയന്ത്രിതമായ ഒരു ഉന്മേഷം നിറയ്ക്കുന്നതു പോലെ. അറിയാതെ ഞാനൊരു പാട്ടു മൂളി.

“ആഹാ… നന്നായി പാടുന്നുണ്ടല്ലോ…” അവൾ ചിരിയോടെ എന്നെ കമന്‍റിട്ടു.

“അതെ … കുറച്ചൊക്കെ പാടും. ഇഷ്‌ടമാണ് പാട്ടുകൾ. പിന്നെ മനസ്സിൽ സന്തോഷം തോന്നിയാൽ അത് ചുണ്ടുകൾ ഏറ്റുപിടിക്കും എന്നല്ലേ…”

എന്‍റെ ഡയലോഗ് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ മണിമുഴക്കം എന്‍റെ ശ്വാസഗതി തടസ്സപ്പെടുത്തുന്നുണ്ടോ! എനിക്കെന്താണ് ഇങ്ങനെ തോന്നാൻ? ഞാൻ ആലോചിച്ചു പോയി.

പെട്ടെന്ന് അവൾ തന്‍റെ ശിരസ്സ് എന്‍റെ തോളിലേക്ക് ചേർത്തു വച്ചു. “മൈ പ്രിൻസ് ചാമിംഗ്… നമ്മൾ ഇപ്പോൾ എങ്ങോട്ടാ പോകുന്നേ?”

“നീ പറയുന്ന എവിടെയും പോകാം. പക്ഷേ ഈ പ്രദേശത്തെ ഏറ്റവും റൊമാന്‍റിക്കായ സ്‌ഥലവും എനിക്കറിയാം..”

ഞാനും അൽപം നാടകീയമായി സംസാരിച്ചു.

“ഷുവർ നിങ്ങൾ തീരുമാനിക്കൂ. എവിടെയും ഞാൻ വരും. അത്രയും വിശ്വാസമുണ്ട് എനിക്ക് നിങ്ങളെ.”

“എന്നെയോ… അതെന്താ, ഞാനൊരു തട്ടിപ്പുകാരനും ആവാല്ലോ…”

“അതൊക്കെ ഒരാളുടെ കണ്ണിൽ നോക്കിയാൽ അറിയാം. ആൾ തട്ടിപ്പുകാരനാണോ അല്ലയോ എന്ന്. വിശ്വാസമുള്ളതു കൊണ്ടല്ലേ ഒരു ദിവസത്തേക്കാണെങ്കിലും എന്‍റെ ബോയ്ഫ്രണ്ട് ആക്കിയത്.”

“ഓഹോ… ഇമോഷണലി ആക്രമിക്കുകയാണല്ലേ…”

“ആര് ഞാനോ”

“ഞാൻ പറഞ്ഞു വന്നത് രണ്ടാൾക്കും പിന്നെ പ്രയാസമായാലോ?”

“ഇല്ല, ഞാൻ തികച്ചും പ്രാക്ടിക്കൽ ആണ്. ഈ ബന്ധം ഒരു ദിവസത്തേക്ക് മാത്രം എന്ന് മുൻകൂട്ടി പറഞ്ഞുവല്ലോ.”

“എങ്കിൽ ഓക്കെ. പിന്നെ അതുമിതും പറയില്ല എന്നുറപ്പു വേണം. എനിക്കെന്‍റെ വീട്ടുകാർ പറയുന്നതേ ചെയ്യാൻ നിവൃത്തിയുള്ളൂ.”

“ഹലോ… ഡിയർ ഞാൻ പറഞ്ഞില്ലല്ലോ അങ്ങനെ പാടില്ലെന്ന്? ഞാനും എന്‍റെ പപ്പയ്ക്ക് വാക്കു കൊടുത്തു. പപ്പയുടെ സുഹൃത്തിന്‍റെ മകനെ കല്യാണം കഴിക്കാമെന്ന്. പറ്റുമെങ്കിൽ ഞാൻ പാരീസും പോകും. പിന്നെ ഇതൊക്കെ ആലോചിച്ച് നടക്കാൻ ആർക്കാ നേരം?”

“ആഹാ… കുഛ് കുഛ് ഹോത്താ ഹെ സിനിമയിലെ നായികയെപ്പോലെ അപരിചിതനെ കെട്ടാൻ പോകുവാണോ?” ഞാൻ ഇങ്ങനെ ചോദിച്ച് അവളുടെ മുഖത്തേക്ക് നോക്കി.

അതുകേട്ട് അവൾ പിന്നെയും ചിരിച്ചു.

“അതേയതേ, അങ്ങനെയൊക്കെത്തന്നെയാണെന്നു കരുതിക്കോളൂ. പക്ഷേ ഡോണ്ട് വറി, ഞാൻ അങ്ങോട്ട് വന്ന് ഒരിക്കലും ശല്യപ്പെടുത്തില്ല.”

“പിന്നെയെന്തിനാണ് ഇപ്പോൾ ഇമോഷൻസ് വച്ചുള്ള ഈ കളി?”

എനിക്ക് ചോദിക്കാതിരിക്കാനായില്ല.

“അയ്യയ്യോ… ഞാൻ എന്തു കളിച്ചുവെന്നാ? ഫസ്റ്റ് മീറ്റിംഗിൽ തന്നെ ഞാൻ വ്യക്‌തമായി പറഞ്ഞതല്ലേ ഇത് ഒരു ദിവസത്തെ കളിയാണെന്ന്!?”

“ഓകെ അങ്ങനെ തന്നെ. ആം സോറി, ഇനി അതൊക്കെ വിടൂ. നമുക്ക് എൻജോയ് ചെയ്യാം.”

ഞങ്ങൾ അപ്പോഴേക്കും ബീച്ച് സൈഡ് എത്തിയിരുന്നു.

കാറിൽ നിന്നിറങ്ങും മുമ്പേ അവൾ ആ കാഴ്ചയിൽ മയങ്ങി.

“ഹായ്… വെരിനൈസ്…” അവളുടെ മുഖത്ത് സന്തോഷത്തിന്‍റെ തിരമാലകൾ. കുറേനേരം അതിലൂടെ നടന്നു. ബീച്ചിലെ മണൽപ്പരപ്പിൽ ഓളങ്ങളുടെ ഒളിച്ചോട്ടം കണ്ടിരുന്നു.

തിരിച്ചു കാറിലേക്ക് നടക്കാൻ തുടങ്ങവേ അവൾ എന്‍റെ കൈകളിൽ കോർത്തു പിടിച്ചു. “സിനിമയിലൊക്കെ കണ്ടിട്ടില്ലേ… എന്നെ അതുപോലെ ചേർത്തു പിടിക്കൂ.”

അവളുടെ ഡിമാന്‍റു കേട്ടപ്പോൾ സ്തംഭിച്ചു പോയി. അങ്ങനെ പറയുക മാത്രമല്ല അവൾ എന്‍റെ ശരീരത്തോടു ചേർന്നു നിൽപ്പായി. എന്‍റെ പഴയ ഗേൾഫ്രണ്ട് ബിന്ദുവിനെ എന്തുകൊണ്ടോ അപ്പോൾ ഞാൻ ഓർത്തുപോയി. അവളുടെ മുടിയിഴകളും ഇതുപോലെ മൃദുലവും സുഗന്ധം നിറഞ്ഞതുമായിരുന്നു. മനസ്സ് ഉണർന്നുവെങ്കിലും ഞാൻ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.

“ഏയ്… അതൊന്നും വേണ്ട.”

“അതെന്താ… നിങ്ങൾക്ക് പേടിയാ?” അവൾ കളിയാക്കി.

“എന്തിന് പേടി?”

“ഞാൻ വീഡിയോ എടുത്ത് ഫേസ്ബുക്കിലെങ്ങാനും ഇട്ടാലോ എന്ന്.” അവൾ കുറുമ്പോടെ കൂടുതൽ ചേർന്നു നിന്നു.

“ഓകെ എങ്കിൽ നീ എടുക്ക്… എനിക്ക് കുഴപ്പമില്ല.”

“ഹാ… ഞാൻ അതു തന്നെയാ പറയാൻ ഉദ്ദേശിച്ചത്. ഒരു പെൺകുട്ടിയായ എനിക്ക് ഇതൊന്നും ചെയ്യാൻ പേടിയില്ലെങ്കിൽ ഒരാണായ നിങ്ങളെന്തിനാ മടിക്കുന്നേ?” അൽപം നിർത്തിയിട്ട് അവൾ പിന്നെയും പറഞ്ഞു.

“അതുകൊണ്ടല്ലേ, നിങ്ങൾ മറ്റ് ആണുങ്ങളെപ്പോലെയല്ല എന്ന് ഞാൻ പറഞ്ഞത്.”

“അതെന്താ പലരും പലതരക്കാരല്ലേ.”

“അതെയതേ, അതുകൊണ്ടാണ് നിങ്ങളെ ഞാൻ തെരഞ്ഞെടുത്തത്. ഒരു ദിവസത്തേക്കൊക്കെ ബോയ്ഫ്രണ്ട് ആകുമോ എന്നു ചോദിച്ച് ചെന്നാൽ ലോട്ടറി അടിച്ച പോലെ പെരുമാറുമല്ലോ പലരും.”

“ഓഹ്… എന്നെക്കുറിച്ച് അത്രയും ഉറപ്പാണോ? ഞാൻ നല്ല വ്യക്‌തിയാണെന്ന് പ്രിയ എങ്ങനെ അറിയും?

“നിങ്ങളുടെ കണ്ണുകൾ എല്ലാം പറയുന്നുണ്ട്. ഒരാളുടെ കണ്ണിൽ നോക്കിയാൽ അയാളുടെ സ്വഭാവം അറിയാൻ പറ്റും.”

ഞാൻ ഒന്നു നിശബ്ദനായി. ഈ പെൺകുട്ടിയുടെ ഓരോ വാക്കുകളും, ഓരോ നോട്ടവും തന്‍റെ ഹൃദയത്തിലേക്കാണല്ലോ ചെന്നു വീഴുന്നത്. ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ നിന്നെല്ലാം വളരെ വേറിട്ടു നിൽക്കുന്നു. എന്‍റെ മനസ്സിലെ മൂടുപടങ്ങൾ അടർന്നു വീണു. ഞാൻ അവൾക്കൊപ്പം തുറന്ന മനസ്സോടെ ഇടപെടാൻ തയ്യാറായി.

കാഴ്ച കാണലും, ഭക്ഷണം കഴിപ്പും ഒക്കെയായി ഞങ്ങൾ ആ ദിനം ശരിക്കും ആസ്വദിക്കാൻ തുടങ്ങി. ഇതിനിടയിൽ അവൾ വീണ്ടും എന്‍റെ അടുത്തേക്കു ചേർന്നു വന്നു.

“സ്വന്തം ഗേൾഫ്രണ്ടിനെ ഹഗ് ചെയ്യുകയുമില്ലേ?”

എന്‍റെ നെഞ്ചിലേക്ക് ചാരി നിന്നു കൊണ്ടാണ് അവളുടെ ചോദ്യം.

കാലവും സമയവും ഹൃദയവും എല്ലാം ഒരു നിമിഷം നിശ്ചലമായതു പോലെ എനിക്കു തോന്നി. ഞങ്ങൾ സ്വയമറിയാതെ ആ നിൽപ് നിന്നു പോയി. എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പ് വർദ്ധിച്ചു.

മാറിൽ കാതു ചേർത്തു വച്ച് അവൾ അത് കേട്ടിട്ടുണ്ടാവും. ഞാൻ അവളെ രണ്ടു കൈകൊണ്ടും അമർത്തി നെഞ്ചോടു ചേർത്തു. നിമിഷങ്ങൾ കടന്നു പോകുന്നത് ഞങ്ങൾ അറിഞ്ഞില്ല.

ഭൂമിയും ആകാശവും കടലും എല്ലാം സാക്ഷിയായ നിമിഷങ്ങൾ. കുറച്ചുനേരം അങ്ങനെ നിന്നശേഷം അവൾ തന്നെ സ്വയം പിൻവാങ്ങി. അൽപം അകലെ നിന്ന് പ്രിയ എന്നെ നോക്കുന്നു.

“ഇനിയും ഞാൻ ആ കൈകളിൽ നിന്നാൽ നമ്മൾ അതിരു വിട്ടു പോകുമെന്നാരാശങ്ക.” ഞാനും നിശബ്ദനായി.

മനസ്സിലെ വികാരങ്ങളുടെ വേലിയേറ്റം ഞാനും അനുഭവിക്കുന്നുണ്ട്. അത് അവൾ അറിയാതിരിക്കുന്നതാണ് നല്ലത്. കേവലം ഒരു ദിവസത്തെ ബന്ധം.

എനിക്ക് അതോർത്തപ്പോൾ തൊണ്ട വരളുന്ന ഒരു ഫീൽ ഉള്ളിൽ. ആരോ അകത്ത് ഇരുന്ന് സൂചിക്ക് കുത്തി നോവിക്കുന്നു. ഞാൻ ഒരു കുപ്പി വെള്ളം പാതിയും അകത്താക്കി.

അവൾക്ക് അതു കണ്ട് ചിരി പൊട്ടി.

“ഏയ്… അതൊരു കുപ്പി വെള്ളമാ… കണ്ടാൽ തോന്നും മദ്യം കുടിക്കുവാണെന്ന്…”

അവളുടെ സംസാരശൈലി കേട്ടപ്പോൾ ഞാനും ചിരിച്ചു പോയി.

“സത്യം പറയാലോ… മദ്യത്തിന്‍റെ പോലൊരു ലഹരി നുരയുന്നുണ്ട്. എനിക്ക് പേടിയുണ്ട്. നിന്നെ ഞാൻ പ്രേമിച്ചു പോവുമോ?”

“ഏയ് അതൊക്കെ ഇപ്പോ തോന്നുന്നതല്ലേ. നമ്മൾ മുന്നേ പറഞ്ഞു തീരുമാനിച്ചതാണ്. കൗമാരക്കാരൊന്നുമല്ലല്ലോ?”

“പ്രിയ പറയുന്നതാണ് ശരി. പക്ഷേ എന്‍റെ തലച്ചോറ് പറയുന്നത് ഹൃദയം കേൾക്കുന്നില്ല എന്നൊരു സംശയം.”

“ഇപ്പോൾ അതൊക്കെ വിടൂ. നമുക്ക് ലഞ്ച് കഴിക്കണ്ടേ. എനിക്ക് നല്ല വിശപ്പ്.”

“ഓഹ്… ഞാൻ ബിന്ദുവിനൊപ്പം ലഞ്ച് കഴിക്കാൻ പോകാറുള്ള റസ്റ്റോറന്‍റ് അൽപം അകലെയുണ്ട്. നമുക്ക് അങ്ങോട്ട് ഡ്രൈവ് ചെയ്യാം. സിറ്റിയി ലാണ്. വൃന്ദാവൻ റസ്റ്റോറന്‍റ്. നല്ല ഭക്ഷണമാണ്. വേണമെങ്കിൽ പൂന്തോട്ടത്തിലിരുന്നും കഴിക്കാം.”

അരമണിക്കൂറിനകം ഞങ്ങൾ ആ റസ്റ്റോറന്‍റിൽ എത്തി. അവിടം കണ്ടപ്പോഴെ പ്രിയ വളരെ ഉത്സാഹവതിയായി.

“നമുക്ക് പൂന്തോട്ടത്തിലിരുന്നു ഭക്ഷണം കഴിക്കാം.” അവിടത്തെ പൂന്തോട്ടം മൊത്തം മൂടി ഒരു വലിയ പച്ചക്കുട പോലെ മേൽക്കൂരയും ഉണ്ട്. അതിനിടയിൽ അവിടവിടെ തീൻമേശകൾ.

“അസ്സലായിരിക്കുന്നു. യുവർ സെലക്ഷൻ ഈസ് ടൂ ഗുഡ്” അവൾ സ്നേഹം നിറഞ്ഞൊരു നോട്ടം സമ്മാനിച്ച് പറഞ്ഞു.

ആ നോട്ടം എന്നിലേക്കൊരു തരംഗമായി ആഴ്ന്നിറങ്ങുന്നത് ഞാൻ അറിഞ്ഞു. പക്ഷേ ആ നോട്ടത്തെ ഞാൻ തുറന്ന ഒരു ചിരി കൊണ്ട് മായ്ച്ചു കളഞ്ഞു.

ഉച്ചകഴിഞ്ഞ് ഞങ്ങൾ പുരാവസ്‌തു മ്യൂസിയങ്ങൾ, മൃഗശാലകൾ സന്ദർശിച്ചു. പരസ്പരം സംസാരിച്ചും കാഴ്ച കണ്ടും ഉള്ള ആ യാത്രയിൽ ഞങ്ങൾ ശരിക്കും ഉള്ളു തുറന്നു ഇടപെട്ടു. എല്ലാ സങ്കോചങ്ങളും പരസ്പരം ഇല്ലാതായിക്കഴിഞ്ഞു.

വീട്ടുവിശേഷം, ഓഫീസ് കാര്യങ്ങൾ, കോളേജുകാലത്തെ രസങ്ങൾ ഇങ്ങനെ ഞങ്ങൾക്കു സംസാരിക്കാൻ തീരാത്തത്ര വിഷയങ്ങൾ. അങ്ങനെയങ്ങനെ വൈകുന്നേരമായത് അറിഞ്ഞതേയില്ല.

പ്രിയയ്ക്ക് വീട്ടിൽ പോകാൻ സമയമായി. അവളെ ഇനി കാണില്ല. ഇത്രയും നേരം എന്‍റെ കൂടെ ഉണ്ടായിരുന്നവൾ. ഇതെല്ലാം ഒരു പകൽ സ്വപ്നം മാത്രമാണെന്നു വിശ്വസിക്കണം. പക്ഷേ ഈ പെണ്ണ് എന്‍റെ ഹൃദയവും കൊണ്ടാണ് അപ്രത്യക്ഷമാകാൻ പോകുന്നതെന്ന സത്യം അവൾ പോലും അറിയുന്നുണ്ടാകുമോ?

“പ്രിയ… നമ്പർ തരൂ. എനിക്ക് നിന്നെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.” രണ്ടും കൽപിച്ച് ഞാൻ മനസ്സു തുറന്നു. അതല്ലാതെ വേറൊരു വഴിയില്ല എന്‍റെ മുന്നിൽ.

“ആർ യൂ സീരിയസ്?”

“യെസ്…” ഞാൻ അവളുടെ കൈകൾ മുറുകെ പിടിച്ചു.

“ഐ തിങ്ക് ഐ ലവ് യു…”

“ഇതു കരാർ ലംഘനമാണ് കേട്ടോ.”

പ്രിയ എന്നെ അക്കാര്യം ഓർമ്മിപ്പിച്ചു. “ഓകെ പക്ഷേ നിനക്ക് എന്‍റെ സുഹൃത്തായിരിക്കാമല്ലോ.”

“ഏയ്… അതും റിസ്കാണ്. പ്രത്യേകിച്ചും നിങ്ങൾക്ക് എന്നോട് ഇഷ്‌ടം തോന്നിയ സ്‌ഥിതിയിൽ. ഫ്രണ്ട്ഷിപ്പ് നോട്ട് ഓക്കെ.”

“ശരി… അതൊക്കെ പോകട്ടെ. ഞാൻ പ്രിയയെ വിവാഹം കഴിക്കാനും തയ്യാറാണ്.”

ഞാൻ പെട്ടെന്ന് പറഞ്ഞു പോയി. അത്രയും തിരക്കിട്ട് പറയേണ്ട ഒരു സംഗതി അല്ലെങ്കിലും ഇനി ഒരവസരം കിട്ടിയില്ലെങ്കിലോ… പഴയ പ്രണയത്തിന്‍റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന എന്‍റെ മനസ്സിനെ ഉയർത്തിക്കൊണ്ടുവന്നത് ഇവളാണ്. ശിഷ്ടകാലം ഈ ഹൃദയമായിരിക്കട്ടെ എനിക്ക് കൂട്ടിന് ചേർന്നു നിൽക്കുന്നത്. അവൾ പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല.

“ഗുഡ്ബൈ ഡിയർ, എന്‍റെ പപ്പ പറയുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. നിങ്ങൾ എന്നെ മറക്കുന്നതാവും നല്ലത്.” അവൾ കൈവീശി. ഒരിക്കൽ മാത്രം തിരിഞ്ഞു നോക്കി അവൾ മറഞ്ഞു പോകുന്നത് ഞാൻ ഒരു പ്രതിമ കണക്കേ നോക്കി നിന്നു.

കാർ തനിച്ചിരുന്ന് ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ അസാന്നിധ്യത്തിന്‍റെ വേദന എന്‍റെ കണ്ണുകളെ ഈറനണിയിച്ചു. ഞാൻ ഇഷ്‌ടപ്പെടുന്നവർ എന്നെ തനിച്ചാക്കി പോകുന്നത് എന്തുകൊണ്ടാവും? ഇങ്ങനെ വേദന തരാനായി ഇവരൊക്കെ എന്‍റെ ജീവിതത്തിലേക്ക് എന്തിന് കടന്നു വരുന്നു? ഞാൻ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട് ഒരുവിധത്തിൽ വീടണഞ്ഞു.

ആ രാത്രി മുതൽ എല്ലാ രാത്രികളും എനിക്ക് നിദ്രാവിഹീനമായി. പകലുകൾ എനിക്ക് കടന്നു കൂടാൻ പ്രയാസകരമായി. ഒരു ദിനം കൊണ്ട് ജീവിതം മാറിമറഞ്ഞുപോയല്ലോ. ദേവദാസിനെപ്പോലെ ഞാൻ വീണ്ടും നിരാശ കാമുകനായി മാറുകയാണോ? അവൾ എവിടെ നിന്നു വന്നു. എങ്ങോട്ടു പോയി. അവളെ പിന്തുടർന്ന് അന്വേഷിക്കാൻ പോലും നിവൃത്തിയില്ലാതായി. നീറിനീറുന്ന ഓർമ്മകൾ വീണ്ടും നിറയുന്നു.

വീട്ടിലാണെങ്കിൽ എന്‍റെ കല്യാണാലോചനകളുമായി അമ്മ മുന്നോട്ടു പോകുന്നു. കഴിഞ്ഞ മാസം കണ്ടിഷ്ടപ്പെട്ട പെൺകുട്ടിയെ അമ്മ വധുവായി മനസ്സിൽ ഉറപ്പിച്ചമട്ടാണ്. പക്ഷേ ഇനി ഈ അവസ്ഥയിൽ ഒന്നിനും താൽപര്യം വരുന്നില്ല. എനിക്ക് വിവാഹമൊന്നും വേണ്ട അമ്മേ. ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. പക്ഷ അത് ഞാൻ വിചാരിച്ചതിലും വലിയ സംഘർഷമാണ് വീട്ടിൽ ഉണ്ടാക്കിയത്.

“അതെന്താ… നിനക്ക് പെട്ടെന്ന് ഒരു മാറ്റം?” നിനക്ക് ആരെയെങ്കിലും ഇഷ്‌ടമായോ.” അമ്മ എന്നെ മാറ്റി നിർത്തി ചോദിച്ചു.

“അതെ…” ഞാൻ അതു ശങ്കയില്ലാതെ സമ്മതിച്ചു.

“ശരി, എങ്കിൽ ആരാ കുട്ടി. അവരുടെ വീട്ടുകാരോട് കാര്യം പറയാം. ഫോൺ നമ്പറുണ്ടോ?”

“എന്‍റെ കയ്യിൽ ഒന്നും ഇല്ല.”

“ഓഹ്… അതെന്തു പ്രണയമാണ്?”

“എന്തു പറയാനാ അമ്മേ… ഞങ്ങൾ ഒരു ദിവസമേ കണ്ടിട്ടുള്ളൂ. പക്ഷേ എനിക്ക് വിവാഹമുണ്ടെങ്കിൽ അവളെ മതി. പക്ഷേ എവിടെയെന്ന് കണ്ടുപിടിച്ചിട്ടും കാര്യമുണ്ടോ എന്ന് അറിയില്ല.”

ഞാൻ എല്ലാ കാര്യവും അമ്മയോട് തുറന്നു പറഞ്ഞു. അമ്മ അദ്ഭുതപ്പെട്ടുപോയി. എന്തായാലും നേരത്തെ അമ്മ കണ്ടു വച്ച പെണ്ണിനെ കല്യാണം കഴിക്കാൻ അമ്മ പിന്നീട് നിർബന്ധിച്ചതേയില്ല. ഭാഗ്യം, ആറുമാസം കടന്നുപോയിരിക്കുന്നു. ഇപ്പോൾ വീണ്ടും വിവാഹാലോചനകൾ വരുന്നുണ്ട്. ആ സംഭവത്തിന്‍റെ സ്വാധീനം എന്നിൽ കുറയട്ടെ എന്ന് അമ്മ കരുതിക്കാണും. ഇതിനിടയിൽ ആദ്യം വന്ന ആലോചനയുടെ ഭാഗമായി പെൺവീട്ടുകാർ എന്‍റെ വീടു സന്ദർശിച്ചു. കൂട്ടത്തിൽ അമ്മ കണ്ട പെൺകുട്ടിയും വന്നിട്ടുണ്ടായിരുന്നു. ഞാൻ വളരെ മടിച്ച് അവരെ കാണാൻ മുറിയിലേക്ക് ചെന്നു. അവൾ മുഖം തിരിഞ്ഞു നിൽക്കുകയാണ്. ആ മുറിയിൽ മറ്റാരും ഇല്ല. അവളോട് ഒരു കാര്യമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ. അത് പറയാൻ മുഖം കാണണമെന്നില്ല.

“ഞാൻ ഉള്ള കാര്യം തുറന്നു പറയുമ്പോൾ വിഷമം തോന്നരുത്. എനിക്ക് ഒരാളെ ഇഷ്‌ടമാണ്. അതു മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ ഐ ആം സോറി. ഈ ബന്ധത്തിന് യെസ് പറയാതെ എന്നെ ഒന്നു രക്ഷിക്കൂ. പ്ലീസ്!”

“ശരിക്കും ഞാൻ വേണ്ട എന്നു പറയട്ടെ…” അവൾ മുഖം തിരിക്കാതെ മറുപടി നൽകി.

ഓഹ്… ഈ സ്വരം…! ഞാൻ ഓടിച്ചെന്ന് അവളുടെ ചുമലിൽ പിടിച്ചു എന്‍റെ നേർക്കു തിരിച്ചു. ഞാൻ ഞെട്ടിത്തരിച്ചു പോയി. “പ്രിയ…!”

“അതേ, ഞാൻ തന്നെ” അവൾ ചിരിച്ചു.

“പക്ഷേ നീ”

“സത്യം പറയാലോ… എനിക്ക് അറേഞ്ച്ഡ് മാര്യേജ് വേണ്ട. ലവ് മാര്യേജാണ് ഇഷ്‌ടം. അതിന് ഞാൻ സ്വയം കണ്ടെത്തിയ ഒരു വഴിയാണ് ഈ കണ്ടതെല്ലാം എങ്ങനെയുണ്ട്?” അവൾ പൊട്ടിച്ചിരിച്ചു.

ഞാൻ അവളെ ചേർത്തു പിടിച്ചു. ശ്വാസം മുട്ടുന്ന വിധത്തിൽ… സ്വപ്നത്തിനും ജീവിതത്തിനും ഇടയിൽ സ്വന്തമായ ശുഭ നിമിഷം.

और कहानियां पढ़ने के लिए क्लिक करें...