ബംഗ്ലൂരുവിൽ വിഷ്വൽ കമ്മ്യൂണിക്കേഷന് പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരു സിനിമ സംവിധായികയാകണമെന്ന സ്വപ്നം കണ്ടു നടന്നിരുന്ന പെൺകുട്ടിയായിരുന്നു കണ്ണൂർ സ്വദേശിയായ ദുന്ദു രൻജീവ്. എന്നാൽ യാദൃശ്ചികമായി ഒരു നാൾ സിനിമ ആർട്ട് ഡയറക്ഷനിലേക്ക് എൻട്രി ചെയ്യുകയായിരുന്നു ദുന്ദു. തീരെ പരിചിതമല്ലാത്ത ആ മേഖലയിലേക്ക് കടന്ന് ചെന്ന് പതിയെ ഇഷ്‌ടപ്പെട്ടു തുടങ്ങുകയായിരുന്നു.
ആ ഇഷ്ടം ചെന്നെത്തിയതോ എക്രോസ് ദി ഓഷ്യൻ, ലില്ലി എന്നീ സിനിമകളുടെ സ്വതന്ത്ര കലാസംവിധായിക പദവിലേക്കും. ഈ സിനിമകൾ ചെയ്യും മുമ്പ് അദർ ലൗവ് സ്റ്റോറി എന്ന ഹിന്ദി വെബ്സീരിസിനു വേണ്ടി ആദ്യമായി സ്വതന്ത്ര കലാസംവിധാനം ചെയ്‌തിരുന്നു.
എൻട്രി ടു ആർട്ട് ഡയറക്ഷൻ
ബംഗ്ലൂരുവിൽ വിഷ്വൽ കമ്മ്യൂണിക്കേഷന് ഇന്‍റേൺഷിപ്പ് ചെയ്‌തു കൊണ്ടിരുന്ന സമയത്താണ് “നിനക്ക് ആർട്ട് ഡയറക്ഷൻ എന്തു കൊണ്ട് ചെയ്‌തു കൂടാ. നീ നന്നായി പെയ്ന്‍റിംഗ് ഒക്കെ ചെയ്യുന്നുണ്ടല്ലോ” എന്ന് എന്‍റെ പ്രൊഫസർ ചോദിച്ചത്. ആർട്ട് ഡയറക്ഷൻ ചെയ്യാൻ പറ്റുമെന്ന വിശ്വാസം എന്നിലുണ്ടാക്കിയത് പ്രൊഫസറാണ്. അങ്ങനെ ഞാൻ ബംഗ്ലൂരുവിൽ ചില പരസ്യ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി.
സിനിമയിൽ എത്തിയ വഴി
100 ഡേയ്സ് ഓഫ് ലവിലാണ് ഞാൻ അസിസ്റ്റന്‍റായി എത്തുന്നത്. നടൻ സന്തോഷ് കീഴാറ്റൂരാണ് എന്നെ അജിത് മങ്ങാടിനെ പരിചയപ്പെടുത്തി തന്നത്. 100 ഡേയ്സ് ഓഫ് ലവിന്‍റെ സെറ്റിലെത്തുമ്പോൾ ഒരു പിടിയുമുണ്ടായിരുന്നില്ല. നമ്മൾ വിചാരിക്കുന്നതൊന്നുമല്ല നടന്നു കൊണ്ടിരിക്കുന്നത്. ആർട്ട് ഡയറക്ഷൻ എന്ന് പറയുന്നത് നമ്മൾ സ്കെച്ച് ചെയ്‌ത് കൊടുക്കുന്നതൊക്കെയാണ് എന്നായിരുന്നു വിചാരമെങ്കിലും അതെന്താണെന്ന് എനിക്ക് അറിയാം. ലൊക്കേഷനിലെത്തിയപ്പോഴാണ് ആ ഫീൽഡിലുള്ളവരെ പരിചയപ്പെടുന്നതും ആർട്ട് ഡയറക്ഷനെക്കുറിച്ച് മനസ്സിലാക്കുന്നതും. അതിലൊരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നമ്മൾ പുറത്ത് നിന്നും കാണുന്ന പോലെയല്ല ആർട്ട് ഡയറക്ഷൻ.
ആദ്യമൊക്കെ വലിയ പേടി തോന്നി. എങ്ങനെ ഇത്രയും പേരെ മാനേജ് ചെയ്യും. വർഷങ്ങളായി സ്ട്രഗിൾ ചെയ്യുന്ന എത്രയോ പേർ ഈ രംഗത്തുണ്ട്. അവരൊന്നും തന്നെ സ്വതന്ത്ര കലാസംവിധായകരായിട്ടുമില്ല. അതൊക്കെ ഓർത്തപ്പോൾ ടെൻഷൻ തോന്നി. അഞ്ചാറ് ദിവസം യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. പടത്തിന്‍റെ അസോസിയേറ്റ് ആർട്ട് ഡയറക്ടറായിരുന്ന നിമേഷ് താനൂർ ഓരോന്ന് പഠിപ്പിച്ച് തന്നു. പഠിക്കാൻ ഇന്‍ററസ്റ്റുമുണ്ടായിരുന്നു.
പിന്നീട് ബംഗ്ലൂരുവിൽ പരസ്യത്തിന്‍റെ വർക്ക് വരുമ്പോൾ നിമേഷ് എന്നെ വിളിക്കുമായിരുന്നു. ചെയ്യാൻ താൽപര്യമുണ്ടോയെന്ന് ചോദിക്കും. എക്സാമൊക്കെ കഴിഞ്ഞ് ഫ്രീയായിരിക്കുന്ന സമയമായിരുന്നു അപ്പോൾ. വർക്കും ചെയ്യാം പ്രതിഫലവും കിട്ടും. ബംഗ്ലൂരുവിൽ യാത്ര ചെയ്യുന്ന സമയത്ത് ആർട്ട് ഡയറക്ഷനുമായി ബന്ധപ്പെട്ട ഓരോ അനുഭവങ്ങൾ നിമേഷേട്ടൻ പറയും. അതിനകത്തുള്ള ഫണ്ണും ത്രില്ലും എക്സൈറ്റുമെന്‍റുമൊക്കെ… അങ്ങനെ എനിക്ക് ഈ ഫീൽഡുമായി മെല്ലെ താൽപര്യം തോന്നിത്തുടങ്ങി.
വികെപി സംവിധാനം ചെയ്‌ത റോക്ക്സ്റ്റാറിൽ നിമേഷേട്ടൻ സ്വതന്ത്ര ആർട്ട് ഡയറക്ടറായിരുന്നു. അങ്ങനെ അതിലും വർക്ക് ചെയ്‌തു. തുടർന്ന് എനിക്ക് ശ്രീനിവാസന്‍റെ പവിയേട്ടന്‍റെ മധുരച്ചൂരൽ എന്ന ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്ടറായി വർക്ക് ചെയ്യാനുള്ള ഭാഗ്യവും കിട്ടി. എന്‍റെ നാട്ടിലുള്ളവർ തന്നെയാണ് ആ സെറ്റിലുണ്ടായിരുന്നത്. എല്ലാവരും പരിചയക്കാർ. അതുകൊണ്ട് ആ സിനിമയിൽ വർക്ക് ചെയ്യാൻ വലിയ താൽപര്യമായിരുന്നു. ആ പടത്തിൽ അസിസ്റ്റ് ചെയ്യുന്നതിനിടെയാണ് ഗ്രേറ്റ് ഫാദറിന്‍റെ അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ ഉമ കുമാരപുരം സ്വന്തം പടത്തിൽ ഒരു ഫീമെയിൽ ആർട്ട് ഡയറക്ടറെ വേണമെന്ന് പറയുന്നത്. മലയാളത്തിൽ അപ്പോൾ ആരുമില്ല. അങ്ങനെ ഞാൻ ഉമയുടെ എക്രോസ് ദി ഓഷ്യൻ എന്ന ചിത്രത്തിലും വർക്ക് ചെയ്‌തു. എക്രോസ് ദി ഓഷ്യൻ ഞാൻ ആദ്യമായി സ്വതന്ത്ര ആർട്ട് ഡയറക്ടറായ മൂവിയാണ്. അതിന് ശേഷമാണ് ലില്ലിയിൽ വർക്ക് ചെയ്‌തത്.
എക്രോസ് ദി ഓഷ്യൻ
ഉമയുടേത് ഒരു ഇൻഡിപെൻറന്‍റ് പ്രൊജക്റ്റ് ആയിരുന്നു. പകുതി മലയാളത്തിൽ ആണ്. രണ്ട് കഥകൾ കൂടിച്ചേർന്ന സിനിമയാണ്. ഒന്ന് ഇവിടെ നടക്കുന്നതും മറ്റൊന്ന് കാലിഫോർണിയയിലും. കേരളത്തിൽ നടക്കുന്ന കഥയാണ് ഉമ ഡയറക്റ്റ് ചെയ്‌തിരിക്കുന്നത്. കാലിഫോർണിയയിൽ നടക്കുന്ന ഭാഗം നിക്കോളോ ഡൊണാഡിയോ ആണ് സംവിധാനം ചെയ്തത്. അപൂർവ്വ ബോസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ലില്ലിയിലെ അനുഭവങ്ങൾ
എക്രോസ് ദി ഓഷ്യൻ ചെയ്ത് കഴിഞ്ഞ് പവിയേട്ടന്‍റെ മധുരച്ചൂരലിന്‍റെ ബാക്കി ഭാഗം ചെയ്‌ത് കൊണ്ടിരിക്കുമ്പോൾ ആണ് ഉമയുടെ സുഹൃത്ത് പ്രശോഭ് (ലില്ലിയുടെ ഡയറക്ടർ) എന്നെ വിളിക്കുന്നത്. ഒരു ഫീമെയിൽ ആർട്ട് ഡയറക്ടർ വേണമെന്ന് പറഞ്ഞപ്പോൾ ഉമ എന്‍റെ കാര്യം പറയുകയായിരുന്നുവത്രേ. മൂവി ഫീമെയിൽ ഓറിയന്‍റഡാണ്. പ്രശോഭ് എനിക്ക് സ്ക്രിപ്റ്റ് അയച്ചു തന്നു. വായിച്ച് നോക്കി ഇഷ്ടപ്പെട്ടാൽ ചെയ്‌താൽ മതിയെന്ന് പറഞ്ഞു. ഒത്തിരി വയലൻസുള്ള മൂവിയാണ്. വായിച്ചപ്പോൾ എനിക്കിഷ്ടമായി. വയലൻസ് ഉണ്ടെന്ന് പറഞ്ഞെങ്കിലും സിനിമയിൽ വളരെ സർവൈവൽ ആയ സംഭവമുണ്ടെന്ന് തോന്നി.
പ്രശോഭ് പോസിറ്റീവായ ആളാണ്. നല്ല ടീമായിരുന്നു. അങ്ങനെയുള്ള ടീമിനൊപ്പം വർക്ക് ചെയ്യുക രസകരമാണല്ലോ. ഒരുപാട് ചർച്ചകൾ നടത്തിയ ശേഷമാണ് വർക്ക് തുടങ്ങിയത്. കുറേയധികം കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. കളമശേരി എച്ച്എംടിയുടെ ഭാഗത്തായിരുന്നു ഒരു ലൊക്കേഷൻ. ഒറ്റപ്പെട്ട ഒരു വീടും പരിസരങ്ങളും. രണ്ട് മൂന്ന് സ്‌ഥലങ്ങൾ ചേർത്താണ് ഒറ്റ സ്ഥലമായി സിനിമയിൽ കാണിക്കുന്നത്. ആളുകളിൽ കൺഫ്യൂഷൻ ഉണ്ടാക്കാത്ത രീതിയിലാണ് അത് ഒരുക്കിയത്. കളർ കോമ്പിനേഷൻ എല്ലാം ശ്രദ്ധിക്കണം. സിറ്റ്‍വേഷൻ ഫീൽ ചെയ്യണം. മൊത്തത്തിൽ ചെയ്യാൻ രസമായിരുന്നു. ചാലഞ്ചിംഗ് ആയിരുന്നു. അതുകൊണ്ട് ആ ഫ്ളോയിൽ പോയി.
മൂവി കണ്ടപ്പോൾ
മൂവി കണ്ടപ്പോൾ അതിൽ വർക്ക് ചെയ്‌ത എല്ലാവർക്കും ചില്ലറ പോരായ്മകൾ തോന്നി. ഞാൻ വർക്ക് ചെയ്തതുകൊണ്ട് എനിക്കും എന്‍റേതായ പാളിച്ചകൾ മനസ്സിലായി. എനിക്കത് ഫീൽ ചെയ്യുകയും വേണം. എന്നാലെ അടുത്ത പടത്തിൽ അതെനിക്ക് മെച്ചപ്പെടുത്താനാവൂ. പക്ഷേ പ്രേക്ഷകർ അത് നോട്ടീസ് ചെയ്‌തില്ല. അവർക്കത് നാച്വറലായി മാത്രമേ തോന്നിയുള്ളൂ.
ആർട്ട് ഡയറക്ഷനിൽ ഇഷ്‌ട ചിത്രം
ഗുരു എന്ന സിനിമ ഒത്തിരി ഇഷ്‌ടപ്പെട്ട ഒന്നാണ്. കാഴ്ചയില്ലാത്ത ആളുകളുടെ ഒരു നഗരം. വളരെ ഡള്ളായ കളറാണ് അതിലുള്ളത്. അങ്ങനെ ശ്രദ്ധിച്ച ചില ചിത്രങ്ങളുണ്ട്. മൂഡ് ഫോർ ലവ് അതിലൊന്നാണ്. ആ ചിത്രത്തിൽ തീവ്രമായ നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഓരോ കളറിനും ഓരോ മൂഡുണ്ട്. അതിന് ഹിഡൻ മീനിംഗുണ്ട്. പക്ഷേ പ്രേക്ഷകർ അതറിയണമെന്നില്ല. പ്രേക്ഷകരറിയാതെ ആ മൂഡിലേക്ക് അവരെ നയിക്കാൻ ഇതിനെല്ലാം കഴിയും.
ഒരു സ്ത്രീയെന്ന നിലയിലുള്ള? അംഗീകാരം കിട്ടുന്നുണ്ടോ?
ഇന്നത്തെ തലമുറ ആക്സ്പറ്റ് ചെയ്യുന്നുണ്ട്. അവരുടെ ആശയങ്ങൾക്കനുസരിച്ച് നമുക്ക് പ്രസന്‍റ് ചെയ്യാൻ പറ്റും. ആശയപരമായ വ്യക്‌തത ഉള്ളതിനാലാണത്. മുതിർന്നവരാണെങ്കിൽ പെട്ടെന്ന് അംഗീകരിക്കില്ല. അവിടെ ഞാൻ മിണ്ടാതിരിക്കും. ഓരോരുത്തർക്കും ഇന്നയിന്ന കളേഴ്സ് വേണമെന്നായിരിക്കും. പക്ഷേ എന്‍റെ മനസ്സിൽ മറ്റൊന്നായിരിക്കും. ആശയപരമായ ഭിന്നത വരാം, മലയാളത്തിലാണ് കൂടുതൽ പ്രശ്നം.
ബോളിവുഡിലും ഹോളിവുഡിലുമൊക്കെ സ്ത്രീകളാണ് കൂടുതലും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. ആർട്ട് ഡയറക്ഷൻ പഠിപ്പിച്ച് കൊടുക്കാൻ ഒരു സ്ഥാപനമില്ല. കുറേയധികം റിസർച്ച് ചെയ്‌ത് രൂപപ്പെടുത്തിയെടുക്കേണ്ട ഒന്നാണത്. വളരെയധികം പ്രാക്ടിക്കലാണ്. ക്യാമറയാണെങ്കിൽ അതിന്‍റെ തീയറി പറഞ്ഞു കൊടുക്കാം. പക്ഷേ? ആർട്ട് പറഞ്ഞു കൊടുക്കുക അത്രയളുപ്പമല്ല. ഞാൻ മൂന്ന് വർഷം അസിസ്റ്റ് ചെയ്‌തിരുന്നു. ഇപ്പോൾ സ്വന്തമായി ചെയ്‌തിരിക്കുന്നു. ഇതൊരു ചെറിയ കാലയളവ് മാത്രമാണ്.
ധൈര്യം ആണ് ആവശ്യം. ആണായാലും പെണ്ണായാലും റിസ്ക് എറ്റെടുക്കാൻ കഴിയണം. പെണ്ണാണ് എന്ന് പറഞ്ഞ് പരിമിതികൾക്കുള്ളിൽ നിന്ന് വർക്ക് ചെയ്യുന്നതിനോട് താൽപര്യമില്ല. ഈ ജോലിയ്ക്ക് നീണ്ട സമയം ആവശ്യമാണ്.
ദുന്ദു എന്ന പേരിനുമുണ്ടല്ലോ പ്രത്യേകത?
അതെ, ശിവന്‍റെ കയ്യിലുള്ള ഡമരുവിന്‍റെ പേരാണ് ദുന്ദുഭി. അതിൽ നിന്ന് എടുത്താണ് അച്‌ഛനുമ്മമ്മയും എനിക്ക് ദുന്ദു എന്ന് പേരിട്ടിരിക്കുന്നത്. കൂടാതെ ഒരു മ്യൂസിക്കൽ ഇൻസ്ട്രമെന്‍റും കൂടിയാണ് ദുന്ദുഭി.
വീട്ടിലുള്ളവരുടെ പിന്തുണ
അച്‌ഛൻ രൻജീവ്. അമ്മ രാധ. രണ്ടുപേരും ഹോമിയോ ഡോക്ടർമാരാണ്. എനിക്കൊരു ചേച്ചിയുണ്ട്. കുക്കു അഭിഷേക്. ചേച്ചിയും ഹോമിയോ ഡോക്ടറാണ്. ചേച്ചിയുടെ ഭർത്താവ് അഭിഷേക് ബംഗ്ലൂരുവിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ്. ഞാൻ ഒരു ഡോക്ടറാകണമെന്നായിരുന്നു അച്‌ഛന് ആഗ്രഹം. പക്ഷേ എനിക്കതിനോട് താൽപര്യമുണ്ടായിരുന്നില്ല. അമ്മ നേരെമറിച്ചായിരുന്നു. അമ്മയ്ക്ക് കലയോട് വലിയ താൽപര്യമാണ്. അതുകൊണ്ട് ഞാൻ കലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ അമ്മയ്ക്ക് സന്തോഷമാണ്. വീട്ടിലുള്ളവരുടെ പിന്തുണ എനിക്കുണ്ട്. അവർ വർക്കിനു പോകുമ്പോൾ സൂക്ഷിക്കണമെന്നേ പറയൂ. പോകണ്ട എന്ന് പറയില്ല. ചേച്ചിയുടെ ഭർത്താവ് എനിക്ക് അമേരിക്കയിൽ നിന്നും പെപ്പർ സ്പ്രേ ഇംപോർട്ട് ചെയ്‌ത് തന്നിരുന്നു. പുറത്ത് പോയി രാത്രിയിലൊക്കെ വർക്ക് ചെയ്യുന്നതല്ലേ ഇതിരിക്കട്ടെയെന്ന് പറയും.
പുതിയ പടം വരുമ്പോൾ ചേട്ടൻ എനിക്ക് ഓസ്ക്കാർ ശിൽപത്തിന്‍റെയോ നാഷണൽ അവാർഡിന്‍റേയോ ഫോട്ടോയെടുത്ത് അയച്ചിട്ട് ഇത് വീട്ടിൽ കൊണ്ടു വരണം എന്ന് പറയും. ചേച്ചിക്കും ചേട്ടനും രണ്ട് കുട്ടികളാണ്. ട്വിൻസാണ്. എന്‍റെ അടുത്ത കൂട്ടുകാരാണവർ. പോസ്റ്ററിൽ എന്‍റെ പേര് കാണുമ്പോൾ അവർക്ക് സന്തോഷമാണ്. ലില്ലി “എ” സർട്ടിഫിക്കറ്റ് മൂവിയായിതു കൊണ്ട് അവരെ കാണിക്കാൻ പറ്റിയില്ല. അവർക്ക് കാണാൻ പറ്റുന്ന ഒരു മൂവി ചെയ്യണം.