ജയ്പൂരിൽ നിന്ന് അജ്മീറിലേക്കുള്ള ദേശീയപാതയിലൂടെ യാത്ര വളരെ രസകരമായ അനുഭവമാണ്. കുംഭൽഗഡ് വഴിയുള്ള ആ യാത്രയിൽ സിൽക്ക് സ്മൂത്തായ റോഡുകൾ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ ഹരം കൊള്ളിക്കും.
രാജസ്ഥാനിലെ ഗ്രാമങ്ങളിലൂടെയുള്ള കാഴ്ചകൾ കാണുമ്പോൾ കലാകാരന്‍റെ ഭാവനയിലെ ചിത്രങ്ങളാണോ എന്ന് തോന്നും വിധം സന്തോഷകരമാണ്. തിരക്കിട്ട കൃഷിപ്പണികൾക്കിടയിൽ മുഴുകിയ ഗ്രാമീണർ കവലകളിൽ കൊതിയും നുണയും പറയുന്ന വൃദ്ധമാർ, പരമ്പരാഗത വേഷത്തിൽ കടന്നു പോകുന്ന സ്ത്രീകൾ. ഇതിനെല്ലാറ്റിനും ഒപ്പം, അല്ലെങ്കിൽ അതിലേറെ കൗതുകം നൽകുന്ന വർണ്ണശബളമായ തലപ്പാവുകൾ.
രാജസ്ഥാന്‍റെ ഗ്രാമ പ്രദേശങ്ങളിലേക്ക് എത്തുന്ന വിനോദ സഞ്ചാരിയെ വരവേൽക്കുന്ന ഏറ്റവും സാധാരണമായ ദൃശ്യങ്ങളാണിവ.
ജയ്പൂരിൽ നിന്ന് അതിരാവിലെ പുറപ്പെട്ടാൽ കുംഭൽഗഡ് ഉച്ചയോടെ എത്താം. കുംഭൽഗഡിലേക്കുള്ള ആദ്യത്തെ കാഴ്ചകൾ തന്നെ ഒരു പെയിന്‍റിംഗ് പോലെ സുന്ദരമാണ്. ആരവല്ലി മലനിരകൾ മനോഹരമാക്കിയ ഗ്രാമം. പച്ചപ്പുൽ മൈതാനങ്ങൾ, ശാന്തമായൊഴുകുന്ന അരുവി ഇതെല്ലാം പ്രദേശത്തിന്‍റെ മനോഹാരിത കൂട്ടുന്നു. കുംഭാൽഗഡ് ഫോർട്ടിലേക്കു പോകുന്നതിനു മുമ്പുള്ള പോയന്‍റിൽ വച്ച് ഞങ്ങൾ ദിശ അൽപം മാറ്റിപ്പിടിച്ചു സൈറയിലേക്ക്. പിന്നെ വീണ്ടും കുറേ കിലോമീറ്റർ ചുറ്റിത്തിരിഞ്ഞ് ഉദ്ദേശിച്ച ഡെസ്റ്റിനേഷനിൽ എത്തി. കുംഭൽഗഡിലെ വൈൽഡ് റിട്രീറ്റിറ്റ്.
കുന്നിൻ മുകളിലെ ഈ റിസോർട്ടിൽ നിന്നാൽ കുറേ പ്രദേശങ്ങൾ കാണാം. ഇരു ഭാഗത്തെയും താഴ്വരകളാണ് ഏറ്റവും വലിയ ആകർഷണം. വിശാലവും വായുസഞ്ചാരമുള്ളതും സുന്ദരവുമായ കോട്ടേജുകൾ. കോട്ടേജിന്‍റെ കർട്ടനുകൾ മാറ്റിയാൽ ഇരുവശത്തെയും ഗ്ലാസ് വിൻഡോയിലൂടെ സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ആവോളം ആസ്വദിച്ചു നിൽക്കാം. കുംഭൽഗഡ് വന്യജീവി സങ്കേതത്തിന്‍റെ ഒരു ഭാഗത്താണ് ഈ വൈൽഡ് റിസോർട്ട് രാവിലെയും വൈകിട്ടും മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദം യഥേഷ്ടം കേൾക്കാൻ കഴിയും. അർദ്ധ രാത്രിയിൽ പുലിയുടെ അലർച്ച ഞാൻ കേട്ടു.
ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ പ്രശസ്തമായ കോട്ട സന്ദർശിക്കാനിറങ്ങി. വളരെ ഭംഗിയായി ഈ കോട്ട സംരക്ഷിച്ചിട്ടുണ്ട് എന്നത് എടുത്തു പറയണം. ഇതിന്‍റെ ക്രെഡിറ്റ് മുഴുവനും പുരാവസ്‌തു വകുപ്പിന് നൽകിയേ പറ്റൂ.
അൽപം പ്രയാസപ്പെട്ട് നടന്നു തന്നെ വേണം കോട്ടയുടെ കലാ സൗന്ദര്യം മനസ്സിലാക്കാൻ കയറ്റങ്ങൾ വളരെ പ്രയാസകരമാണ്. ഈ പ്രയാസം മറികടക്കാൻ കോട്ട നൽകുന്ന കാഴ്ചകൾ മാത്രം മതി! രജപുത്ര രാജാവ് മഹാറാണാ പ്രതാപിന്‍റെ പിതാവ് റാണ കുംഭയാണ് ഈ കോട്ട പണി കഴിപ്പിച്ചത്. ഇവിടെ വച്ചാണത്രേ മഹാറാണാ പ്രതാപ് ജനിച്ചത്.
കോട്ട സ്‌ഥിതി ചെയ്യുന്നത് തന്നെ ഒരു കുന്നിൻ മുകളിലാണ്. കോട്ടയ്ക്കു ചുറ്റും കുന്നുകളുടെ നിരകൾ വേറെയുമുണ്ട്. ചൈനയിലെ വൻ മതിൽ കഴിഞ്ഞാൽ ഈ കോട്ടയുടെ ഭിത്തികളാണ് ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ ഭിത്തി.
കോട്ട മുഴുവൻ നടന്നു കണ്ടപ്പോഴേയ്ക്കും വൈകുന്നേരമായി. മനോഹരമായ സൂര്യാസ്തമയത്തിന്‍റെ കാഴ്ചകളിൽ മനം നിറഞ്ഞു പോയി. ഇരുൾ വീണപ്പോൾ കോട്ടയ്ക്കകത്ത് ലൈറ്റ് ആന്‍റ് സൗണ്ട് ഷോ ആരംഭിച്ചു. കോട്ടയുടെ ചരിത്രം മനസ്സിലാക്കാൻ സഹായിക്കുന്ന വളരെ ഭംഗിയായി സംവിധാനം ചെയ്‌ത ലൈറ്റ് ആന്‍റ് സൗണ്ട് ഷോ കാണേണ്ട ഒന്നു തന്നെ. കോട്ടയിൽ നിന്ന് ഞങ്ങൾ തിരികെ വൈൽഡ് റിട്രീറ്റ് എത്തിയപ്പോഴേക്കും കനത്ത ഇരുൾ എങ്ങും വീണു പടർന്നിരുന്നു.
ഹൽദിഘാട്ടി
പിറ്റേന്നു രാവിലെ സ്വാദിഷടമായ പ്രഭാത ഭക്ഷണത്തിനുശേഷം ഞങ്ങൾ അടുത്ത യാത്ര തുടങ്ങി. 80 കി.മീ അകലെയുള്ള ഹൽദിഘാട്ടിയാണ് ലക്ഷ്യം. ഉദയ്പൂരിന് തൊട്ടുമുമ്പാണ് ഹൽദിഘാട്ടി. നാട്ടുപാതകളിലൂടെയുള്ള ഡ്രൈവ് മനം കുളിർപ്പിക്കുന്ന കാഴ്ചകൾ സമ്മാനിച്ചു കൊണ്ടിരുന്നു. പച്ചക്കറിപ്പാടങ്ങളും കരിമ്പിൻ തോട്ടങ്ങളും മുളക്പാടങ്ങളും നൽകുന്ന ഹൃദ്യമായ പ്രകൃതി ദൃശ്യം. പരമ്പരാഗത തലപ്പാവണിഞ്ഞ ആട്ടിടയന്മാർ. അവരുടെ ശബ്ദത്തിൽ പോലും ഒതുങ്ങി നിന്ന് പറ്റമായി പോകുന്ന ആട്ടിൻ കൂട്ടങ്ങൾ. ഈ ഡ്രൈവ് ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് മനസ്സിൽ തോന്നിപ്പോയി.
രണ്ടു മണിക്കൂറിനു ശേഷം ഞങ്ങൾ ഹൽദിഘാട്ടിയിലെത്തി. മഞ്ഞളിന്‍റെ നിറമുള്ള മണ്ണ് എന്ന അർത്ഥത്തിലാണ് ഹൽദിഘാട്ടി എന്ന പേര് ഈ പ്രദേശത്തിന് ഉണ്ടായത്. രാജാ മഹാറാണാ പ്രതാപ് മുഗളന്മാരുമായി അന്തിമ പോരാട്ടം നടത്തിയ മണ്ണാണിത്. അവിടെ കാലുകുത്തിയപ്പോൾ, സത്യം പറയട്ടെ, മേലാകെ കോരിത്തരിക്കുന്ന പ്രതീതി. റാണാപ്രതാപിന്‍റെ വാൾമുനയിൽ പുരണ്ട മുഗൾ രക്‌തത്തിന്‍റെ സ്മരണയിലാണത്രേ രക്ത് തലൈ എന്ന പ്രദേശത്തിന് ആ പേര് ലഭിച്ചത്.
റാണാ പ്രാതാപിന്‍റെ പ്രിയപ്പെട്ട കുതിരയായിരുന്ന ചേതക്, യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റതോടെ റാണ കൂടുതൽ വന്യമായ പോരാട്ടം നടത്തി മുഗളന്മാരോട് പ്രതികാരം ചെയ്‌തിരുന്നു. ഇതിന്‍റെ സ്മരണയിലുള്ള ഒരു മ്യൂസിയം ടൂറിസം വകുപ്പ് അവിടെ ഒരുക്കിയിട്ടുണ്ട്. കുംഭൽഗഡിലേക്കുള്ള മടക്കയാത്ര പതിവു പോലെ സുന്ദരമായിരുന്നു. ശേഷം നീന്തലും മറ്റും ആയി ഞങ്ങൾ ഒഴിവുവേള ശരിക്കും ആസ്വദിച്ചു.
ബേരയിലേക്ക്
ഗുജറാത്തിന്‍റെ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബേരയിലേക്കായിരുന്നു പിറ്റേന്ന് ഞങ്ങളുടെ അടുത്ത യാത്ര. അവിസ്മരണീയം എന്നേ ആ യാത്രയെ വിശേഷിപ്പിക്കാൻ കഴിയൂ. അത്രയേറെ വർണ്ണ വൈവിധ്യം നിറഞ്ഞ പ്രദേങ്ങൾ ഞാൻ കണ്ടിട്ടേയില്ല. റണക്പുരിലെ ജൈനക്ഷേത്രം മാർബിൾ ശിലാ ഭംഗിയുടെ ആദ്യത്തെ അമൂർത്ത രൂപമാണ്. ഇവിടെ കുറച്ചുനേരം ചെലവഴിച്ച ശേഷം ബേരയിലെ ഞങ്ങളുടെ പ്രധാന ലക്ഷ്യസ്‌ഥാനമായ ലിയോപാഡ് ലെയർ റിസോർട്ട് എത്തിച്ചേർത്തു.
ഈ റിസോർട്ട് നടത്തുന്നത് ഠാക്കൂർ ദേവിസിംഗ് റണാവത്തും ഭാര്യയും ചേർന്നാണ്. അദ്ദേഹത്തിന്‍റെ സ്വന്തം ഭൂമിയിലാണ് ഇത്. വന്യമൃഗങ്ങളെ കാണുന്നതിനു വേണ്ടി രൂപകൽപന ചെയ്ത റിസോർട്ടാണിത്. ആധുനിക സൗകര്യങ്ങൾ എല്ലാം ഇവിടെ ഉണ്ട്. എന്നാൽ ആഡംബരം ഒട്ടും ഇല്ല.
ഞങ്ങൾ ഇവിടെ നാലുപ്രാവശ്യം ലിയോപാഡ് ട്രക്കിംഗ് സഫാരി നടത്തി. രണ്ടു പ്രാവശ്യം പ്രഭാതത്തിലും രണ്ടു പ്രാവശ്യം വൈകുന്നേരവും. മൂന്ന് സഫാരികളിൽ ഠാക്കൂർ ഞങ്ങളുടെ കൂടെ വരികയും ചെയ്‌തു. യാത്രയിൽ ഞങ്ങൾക്ക് പുലികളെ കാണാൻ കഴിഞ്ഞു. അതിശയിപ്പിക്കുന്ന കാഴ്ച.
ഗുഹാന്തരങ്ങളിൽ പുലികളുടെ വന്യമായ മുരൾച്ച ഇടയ്ക്കിടെ പ്രകമ്പനം കൊള്ളുന്നുണ്ടായിരുന്നു. ഒരു ഗുഹയുടെ പുറത്ത് ഞങ്ങൾ കുറേനേരം കാത്തു നിന്നു. അൽപം കഴിഞ്ഞപ്പോൾ കരുത്തനായ ഒരു ആൺപുലി ഗുഹയിൽ നിന്ന് പുറത്തു വന്നു. കുറച്ചുനേരം ഞങ്ങളെ ഉറ്റുനോക്കിയ ശേഷം, തീർത്തും അവഗണിച്ചു കൊണ്ട് അവൻ എങ്ങോട്ടോ നടന്നകന്നു. പോകുന്ന വഴിയിൽ അത് മണ്ണിൽ ഉരുളുകയും നീണ്ടു നിവർന്ന് ക്ഷീണം തീർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 20 മിനിട്ടു കഴിഞ്ഞു കാണും. അതേ പുലി മടങ്ങി വന്ന് ഗുഹയിലേക്ക് കടന്നു പോയി.
ഒരു പുലിയെ ഇത്രയും അടുത്ത് ഞങ്ങളാരും കണ്ടിട്ടുണ്ടായിരുന്നില്ല. എത്ര കാലം കടന്നുപോയാലും ആ പുലിയുടെ നടപ്പും നോട്ടവും മനസ്സിൽ നിന്ന് മായുകയില്ല.
അന്ന് വൈകിട്ട് ഠാക്കൂർ സാഹിബ് ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ ഹവേലിയിൽ ഡിന്നർ നൽകി സൽക്കരിച്ചു. വളരെ സുന്ദരമായ ഹവേലി ആയിരുന്നു അത്. തികച്ചും പരമ്പരാഗത ശൈലിയിലെ കൊട്ടാരത്തിനകത്ത് ഞങ്ങൾക്ക് ലഭിച്ച അത്താഴവും പരമ്പരാഗതമായ രുചിക്കൂട്ടു നിറഞ്ഞതായിരുന്നു.
പിറ്റേന്ന് പുലർച്ചെ പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ ജോധ്പുരിലേക്ക് യാത്രയായി. പാലി വഴിയാണ് യാത്ര. ജോധ്പൂർ നഗരത്തിൽ ഞങ്ങൾ ഒരു ദിവസം താമസിച്ചു. ഷോപ്പിംഗിന് പറ്റിയ നഗരമാണ് ജോധ്പൂർ. രാജസ്‌ഥാനി കലയുടെ പലതരം രൂപങ്ങൾ നമുക്ക് ഇവിടെ നിന്ന് കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. വസ്‌ത്രങ്ങൾ, ചെരുപ്പുകൾ, തലപ്പാവുകൾ, ഒട്ടകത്തിന്‍റെ തൊലി കൊണ്ടുണ്ടാക്കിയ ഉൽപന്നങ്ങൾ ഇതൊക്കെ ഇവിടെ കിട്ടും.
ജെയസാൽമേര്‍
ഞങ്ങളുടെ യാത്രയുടെ അന്തിമഘട്ടത്തോടടുക്കുകയാണ്. ജെയസാൽമേറിലേക്കാണ് ഇനിയുള്ള യാത്ര. യഥാർത്ഥത്തിൽ രാജസ്ഥാൻ സന്ദർശിക്കാൻ പ്രേരിപ്പിച്ച സംഗതി തന്നെ ജയ്സാൽമേറും, അവിടത്തെ ഒട്ടകക്കാഴചകളും ആണ്.
വ്യത്യസ്തമായ അനുഭവമായിരുന്നു. ഇരുവശവും മണലാരണ്യങ്ങളും ഇടയ്ക്കിടെ ഗ്രാമീണ കാഴചകളും. ഇതിനിടയിലെല്ലാം കൗതുകക്കാഴ്ചയായി വന്നു കയറുന്ന ഒട്ടകങ്ങളും.
ഒട്ടകസഫാരി നടത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. പുലർച്ചെ 4 മണിക്ക് ജെയസാൽമേർ – ബാർമ്മർ ദേശീയ പാതയിലൂടെ ഞങ്ങൾ ലക്ഷ്യസ്‌ഥാനത്തേക്ക് തിരിച്ചു. ഒട്ടകസഫാരിയുടെ സ്റ്റാർട്ടിംഗ് പോയിന്‍റ് ഇവിടെ നിന്ന് 50 കി.മീ അകലെയാണ്. അവിടെ എത്തിയ ഞങ്ങൾക്ക് ഒട്ടക സഫാരിക്കായി മൂന്ന് ഒട്ടകങ്ങളെ കിട്ടി. ബാബുജി, അപ്പാച്ചിനോ, കിങ് കോങ് എന്നാണ് അവയുടെ പേര്. ഒട്ടകസഫാരി തുടങ്ങി. ഇടയിൽ വച്ചാണ് ഞങ്ങൾ പ്രഭത ഭക്ഷണം കഴിച്ചത്. മരുഭൂമിയിൽ സൂക്ഷിക്കാൻ പറ്റുന്ന തരം ഭക്ഷണങ്ങളല്ലാതെ മറ്റൊന്നും ഇവിടെ പ്രതീക്ഷിക്കരുതെന്ന് മുൻകൂട്ടി ഞങ്ങളെ അറിയിച്ചിരുന്നു.
ഒട്ടകത്തിന്‍റെ കൂടെ
ആദ്യമായിട്ടാണ് ഞങ്ങൾ ഒട്ടകത്തിന്‍റെ പുറത്ത് കയറുന്നത്. അതിന്‍റെ ചലനങ്ങൾക്കൊപ്പം ശരീരം ഒത്തു പോകാൻ അൽപം സമയം വേണ്ടി വന്നു. നടുവേദനയോ, നട്ടെല്ലിന് അസുഖമോ ഉള്ളവർ കാമൽ സഫാരി നടത്തരുത് എന്ന് ഓർമ്മിപ്പിക്കട്ടെ! ശാരീരികമായി ഫിറ്റ് ആണെങ്കിൽ മാത്രം ചെയ്യാവുന്ന ഒരു ദീർഘ സഫാരിയാണിത്.
നാലു ദിവസത്തെ ഒട്ടക സഫാരിയാണ്. ഞങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ദിവസങ്ങളിൽ വിചിത്രമായ യാത്രാനുഭവങ്ങളാണ് കാത്തിരുന്നത്. ആധുനികതയുടെ സ്പർശനമേൽക്കാത്ത രാജസ്ഥാൻ ഗ്രാമത്തിലെ റോഡുകളിലൂടെയാണ് യാത്ര. അവിടെ വാഹനങ്ങളുടെ ഇരമ്പലോ, ഹോണടിയോ ഒന്നും തന്നെ നമ്മെ അലോസരപ്പെടുത്തുകയില്ല. യഥാർത്ഥത്തിൽ മനുഷ്യവാസമുള്ള ഒരു രാജ്യത്താണോ നമ്മൾ താമസിക്കുന്നത് എന്നു തോന്നിപ്പോയി ഈ ദിനങ്ങളിൽ ചുറ്റും മരുഭൂമിയുടെ കടൽ. ഇടയ്ക്കിടെ അപൂർവ്വമായി ചെറിയ ഗ്രാമങ്ങൾ.
ഗ്രാമത്തിൽ പ്രവേശിച്ച് കഴിഞ്ഞ് പരമ്പരാഗത വസ്‌ത്രം ധരിച്ച സ്ത്രീ പുരുഷന്മാരെ കാണുമ്പോഴാണ് ജനവാസം ഉണ്ടെന്ന് അറിയുന്നത് തന്നെ. ഒട്ടകങ്ങളെ കാണുമ്പോഴേക്കും ഗ്രാമത്തിലെ കുട്ടികൾ ഓടിയെത്തും. സംശയം ചോദിച്ചാൽ പുരുഷന്മാർ മാത്രമാണ് മറുപടി പറയുക. സ്ത്രീകൾ വളരെ ലജ്‌ജയോടെ ഒഴിഞ്ഞു പോകും. ഇത്തരം ഗ്രാമങ്ങളിലെത്തുമ്പോഴാണ് എന്തെങ്കിലും വായ്ക്ക് രുചിയോടെ ഭക്ഷിക്കാൻ കിട്ടുക. അടുത്ത ദിവസത്തേക്കു വേണ്ട ഭക്ഷണം ഇത്തരം സ്‌ഥലങ്ങളിൽ നിന്ന് വാങ്ങി സൂക്ഷിക്കുകയും ചെയ്‌തു.
പകൽ മുഴുവൻ ക്യാമൽ സഫാരിയും നടപ്പും. രാത്രിയിൽ ഞങ്ങൾ എവിടെയെങ്കിലും ക്യാമ്പ് ചെയ്യും. സഫാരിക്കിടയിലെ പ്രധാനപ്പെട്ട കാര്യമാണ് രാത്രി തങ്ങാൻ പറ്റിയ ഇടം കണ്ടെത്തുന്നതും ക്യാമ്പ് റെഡിയാക്കുന്നതും. ദിവസവും 4 മണിക്കകം അതു കണ്ടെത്തും. ഒരു രാത്രി ഞങ്ങൾ താമസിച്ചത് ബഗ്സി ബാബാ കിധാനി എന്ന ഒരു ക്യാമ്പിലാണ്. ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങിയാലുടൻ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യണം. അതു കഴിഞ്ഞാൽ അടുപ്പ് കത്തിക്കാൻ ആവശ്യമായവ ശേഖരിക്കണം.
മരുഭൂമിയിലെ രാത്രികൾ കൊടും തണുപ്പില്‍ പുതഞ്ഞു നിൽക്കുകയാണ്. തൊട്ടടുത്തെ തീ അടുപ്പിലെ ചൂടിൽ പുത പ്പിനുള്ളിൽ നുഴഞ്ഞു കയറി ചുരുണ്ടു കൂടി കിടന്നാലും തണുപ്പ് ഇടയ്‌ക്കിടെ അരിച്ചെത്തും. മണൽപ്പരപ്പിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഉണർന്നു കിടക്കാൻ നല്ല രസമാണ്. മണലാരണ്യത്തിലെ വ്യക്‌തമായ ആകാശക്കാഴ്ചയിൽ നക്ഷത്രങ്ങൾ നമുക്ക് തൊട്ടടുത്താണെന്ന് തോന്നിപ്പോകും. ഞങ്ങളുടെ ഒട്ടകങ്ങളുടെ സാരഥികൾ ആയ ദിനയും ഹുക്കുറും ക്യാമ്പ് ഫയറിൽ രാജസ്‌ഥാൻ നാടൻ പാട്ടുകൾ പാടി ഞങ്ങളെ രസിപ്പിക്കുകയും ചെയ്‌തു. വരണ്ട പ്രദേശങ്ങളിലെ ജലസംരക്ഷണത്തെ കുറിച്ചുള്ള പ്രാധാന്യം ഈ ഒട്ടക സഫാരി നമ്മെ പഠിപ്പിക്കുന്നു. കൈയ്യിലുള്ള വെള്ളം പോലും വേഗം വറ്റിപ്പോകും ഇവിടെ. ഒട്ടകങ്ങൾക്ക് ഒന്നര ദിവസം കൂടുമ്പോഴാണ് വെള്ളം കുടിക്കാൻ കിട്ടിയിരുന്നത്.
ലളിത ജിവിതം
ഇവിടത്തെ ഗ്രാമീണരുടെ ജീവിതത്തെക്കിറിച്ച് അനുഭവിച്ച് മനസ്സിലാക്കാനുള്ള അവസരമാണ് ഒട്ടകസഫാരി നൽകിയത്. മനുഷ്യന് ജീവിച്ചു പോകാൻ ആവശ്യമായ അടിസ്‌ഥാനപരമായ കാര്യങ്ങൾ മാത്രമേ ഈ ഗ്രാമങ്ങളിലും അവരുടെ ഭവനങ്ങളിലും നമുക്ക് കാണാൻ കഴിയൂ. നമ്മുടെ വീട്ടിൽ കുമിഞ്ഞു കൂടിയ ആധുനിക വസ്‌തുക്കൾ എത്ര അനാവശ്യമാണ് എന്ന് നമുക്ക് തോന്നിപ്പോകും. അങ്ങനെ നാലുദിവസത്തെ ഒട്ടകസഫാരി കഴിഞ്ഞപ്പോൾ ശരിക്കും ജീവിതത്തെയും പ്രകൃതിയെയും അതിന്‍റെ ശരിയായ രീതിയിൽ അനുഭവിച്ചതായി ഞങ്ങൾ അറിഞ്ഞു.
ജയ്സാൽമേറിലെ മണലാരണ്യം കടന്ന് അതേ പേരിലുള്ള ചെറുപട്ടണത്തിൽ എത്തി. ഇന്ത്യൻ നിലവാരത്തിനു ചേർന്ന പട്ടണമാണ് ജയ്സാൽമേർ. ഇവിടെ നിന്നു മടങ്ങിയിട്ടും ആ ഒട്ടകങ്ങളും മണലാരണ്യവും അവിടത്തെ ജനതയും മനസ്സിൽ നിന്ന് കുടിയൊഴിയുന്നില്ല.