സോറി രാഹുൽ!!! ഈ പ്രോജക്ടിന്‍റെ ടീം ലീഡർ നിങ്ങളെ ആക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓട്ടോമോട്ടീവ് സ്റ്റിയറിംഗ് സിസ്‌റ്റങ്ങളെ കുറിച്ച് വികാസിനുള്ള അനുഭവജ്‌ഞാനം അവഗണിക്കാൻ പറ്റില്ല.”
മിസ്‌റ്റർ ഗുപ്തയുടെ വാക്കുകളിൽ ക്ഷമാപണത്തിന്‍റെ നിറം കലർന്നു. രാഹുൽ ആ പദവി പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനറിയാം. ഗുപ്തയുടെ മാത്രമല്ല കമ്പനിയിലെ എല്ലാവർക്കും.
“പൈലറ്റ് പ്രോജക്‌ടിൽ നിങ്ങളുടെ പെർഫോമൻസ് വച്ചു നോക്കുമ്പോൾ ശരിക്കും ടീം ലീഡർ സ്‌ഥാനം നിങ്ങൾക്കും അർഹതപ്പെട്ടതാണ്. വികാസിന് ക്ലെൻസുമായി കൂടുതൽ ബന്ധം ഉണ്ട്, മാത്രമല്ല അയാളുടെ വർക്കിംഗ് എക്സ്പീരിയൻസും പരിഗണിക്കണമല്ലോ.
“ഇറ്റ്സ് ഓകെ സർ,” രാഹുൽ പുഞ്ചിരിയോടെ തന്‍റെ ബോസിനെ നോക്കി.
“അതേക്കിറിച്ച് സാർ വിഷമിക്കേണ്ട. താങ്കൾ ചെയ്‌തതാണ് ശരി. വികാസിന് എന്നേക്കാൾ എക്സ്പീരിയൻസ് ഉള്ളതല്ലോ.!”
ബോസിനോട് നാവു കൊണ്ട് പറഞ്ഞുവെങ്കിലും രാഹുൽ ഇങ്ങനെയാണ് മനസ്സില്‍ പറഞ്ഞത്.
ങ്ഹും .. അവന്‍റെ പല്ല് കൊഴിക്കുന്ന കാര്യം ഞാനേറ്റു. കണ്ടില്ലേ. ഇരിപ്പ് അർഹിക്കാത്ത ക്രെഡിറ്റ് കയ്യടക്കി വച്ചിരിക്കുന്നു. നാണം കെട്ടവൻ! ഒരു ചാൻസ് കിട്ടിയാൽ വികാസിന്‍റെ കരിയർ പോലും ഞാൻ വെള്ളത്തിലാക്കും…
അല്ലെങ്കിൽ എന്തിന് അയാളെ പറയണം. തലവനാണെന്ന് പറഞ്ഞിരിക്കുന്ന ആ മനുഷ്യന് നട്ടെല്ലില്ലാതായി പോയി. ഹലോ, മിസ്‌റ്റർ ഗുപ്ത, നിങ്ങളുടെ ഡീൽ എനിക്ക് മനസ്സിലായില്ലെന്നു വിചാരിച്ചോ?
പഴയ ക്ലാസ്മേറ്റിന്‍റെ മകൻ എന്ന പരിഗണനയല്ലേ വികാസിന് കൊടുക്കുന്നത്? ഒരു മഞ്ഞ ഷർട്ടും ഇട്ട് വന്നിരിക്കുന്നു തടിയൻ. മ്ലേച്‌ഛൻ… രാഹുൽ മനസ്സിൽ വന്ന ചീത്ത വാക്കുകളെല്ലാം അയാളെ വിളിച്ചു കൊണ്ടിരുന്നു.
“താങ്ക് യു രാഹുൽ… യു ആർ സോ അമേസിംഗ്. ഞാൻ പറഞ്ഞത് ശരിയായ സ്പിരിറ്റിൽ എടുക്കാൻ കഴിഞ്ഞല്ലോ.” രാഹുൽ അതു കേട്ട് അനുസരണയുള്ള നായിനെ പോലെ തലയാട്ടി. മീറ്റിംഗ് ലഞ്ച് സമയമായപ്പോഴേക്കും അവസാനിച്ചു. പിന്നെ എല്ലാവരും വികാസിനെ അഭിനന്ദിക്കാൻ ആയി അയാളെ പൊതിഞ്ഞു.
രാഹുലും മടിച്ചില്ല. ഞാനാണ് നടൻ എന്ന് സ്വയം മനസ്സിലോർത്ത്, അയാൾ വികാസിന് അഭിനന്ദനം ചെരിഞ്ഞു. “പുതിയ പ്രൊജക്‌ടിൽ എനിക്ക് ചെയ്യാൻ കഴിയുന്ന എന്തും ഞാൻ സഹായിക്കാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പ്ലീസ് അറിയിക്കൂ.”
ലാപ് ടോപ്പും, തന്‍റെ ഫയലുകളും ഷോൾഡർ ബാഗിലേക്ക് വച്ചു കൊണ്ട് രാഹുൽ വികാസിനോട് പറഞ്ഞു. അപ്പോൾ അയാളുടെ ഉള്ളിലൊരു മറ്റൊരു രാഹുൽ പ്രതികാര ദാഹത്തോടെ അട്ടഹസിച്ചു. “എടാ… നിന്നെ ഞാൻ കാണിച്ചു തരാമെടാ… എങ്ങനെ സഹായിക്കാൻ പോകുന്നുവെന്ന്… ഫൈനൽ റിപ്പോർട്ട് വരട്ടെ. പിന്നടുത്ത മൂന്ന് മാസം, അതിനകം നിന്നെ ഇവിടെ നിന്ന് കെട്ടികെട്ടിച്ചില്ലെങ്കിൽ എന്‍റെ പേര് രാഹുൽ എന്നല്ല.”
“താങ്ക് യു രാഹുൽ” വികാസിന്‍റെ നന്ദിയ്‌ക്ക് ഒരു പഞ്ചാരച്ചിരി വിരിച്ച് രാഹുൽ പുറത്തേക്ക് നടക്കുമ്പോൾ വരാന്തയിൽ കെളുത്തി വലിക്കുന്ന പുഞ്ചിരിയുമായി അന്ന വർഗ്ഗീസ് നിൽക്കുന്നു.
അന്ന ഇവിടെ ചേർന്നിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. രാഹുലിന്‍റെ കഴിവിനെ കുറിച്ച് വലിയ മതിപ്പ് തോന്നിയിട്ടുണ്ട് അന്നയ്‌ക്ക്. “എല്ലാവരോടും നല്ല രീതിയിൽ പെരുമാറും. സഹായമനസ്‌കനാണ്. ടീം ലീഡർ ആവാൻ കഴിഞ്ഞില്ലെങ്കിലും, ആ പ്രശ്നത്തെ എത്ര നന്നായിട്ടാണ് നിങ്ങൾ കൈകാര്യം ചെയ്‌തത്.” അന്ന പറഞ്ഞു.
ശരിയാണ് ഹീ ഈസ് ഓസം… അതു കേട്ടു വന്ന സമീർ രാഹുലിന്‍റെ തോളിൽ മെല്ലെ തട്ടി. എന്നിട്ട് തള്ളവിരൽ ഉയർത്തി ഓൾ ദി ബെസ്‌റ്റ് പറഞ്ഞു.
“ആരോടും മോശമായി പെരുമാറുകയേയില്ല. കീപ് ഇറ്റ് അപ്പ് രാഹുൽ.”
സമീറിന്‍റെ സംസാരം കേട്ടപ്പോൾ രാഹുലിന് ഉള്ളിൽ എന്തൊക്കെയോ തികട്ടി വന്നു. “കഴിഞ്ഞ മാസം എന്‍റെ കാർ എടുത്തു കൊണ്ടു പോയി ഇടിപ്പിച്ചവനല്ലേ. അന്ന് നിന്നെ ചീത്ത വിളിച്ചത് മറന്നുപോയോ… ങ്ഹും കിട്ടിയതു മതിയായില്ലെങ്കിൽവ ഒരിക്കൽ കൂടി നീ അങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ. അപ്പോൾ കാണാം. ”
“ഓഹ്… ഡോണ്ട് ബി സില്ലി… സമീർ…!” അവരുടെ ആശംസകൾക്ക് രാഹുലിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.
സന്ദർഭത്തിനനുസരിച്ച് അഭിനയിക്കാൻ തന്നെ കഴിഞ്ഞേ ഇവിടെ ആരുമുള്ളൂ എന്ന് രാഹുൽ അപ്പോൾ ഗൂഢമായ ചിരിയോടെ ഓർമ്മിച്ചു.
അതൊരു വലിയ ഡീൽ ഒന്നും അല്ലല്ലോ… വരൂ നമുക്ക് ലഞ്ച് കഴിക്കാം. നല്ല വിശപ്പുണ്ട്. രാഹുൽ സംഭാഷണത്തിന്‍റെ ഗതി മാറ്റി.
ടെലികോൺഫറൻസും കഴിഞ്ഞ് കമ്പ്യൂട്ടർ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ സമയം ഏഴുമണിയായി. 15 – 10 നിലയുള്ള ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ രാഹുലിന്‍റെ മുഖത്ത് ക്ഷീണം പ്രകടമായിരുന്നു. അയാൾ ക്ഷീണിതമായ കണ്ണുകൾ വിരലുകൾ കൊണ്ട് അമർത്തിത്തിരുമ്മി. ആകെപ്പാടെ ഒരു വരണ്ട ദിനം. അതിലുപരി തിരക്കുകളും.
എങ്ങനെയും വീട്ടിലെത്തി കിടക്കണം എന്നു മാത്രമേ തോന്നുള്ളൂ. ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ബട്ടൻ അമർത്തി. ലിഫ്‌റ്റിനുള്ളിൽ ഓരോ ഫ്ളോറുകൾ തെളിയുന്നത് അയാൾ അക്ഷമനായി നോക്കി നിന്നു.
ഓഫീസിൽ തന്‍റെ പ്രോഫൈൽ അപ്ഡേറ്റ് ചെയ്യേണ്ട സമയമായിരിക്കുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ ഒരു പ്രത്യപകാരവും ആരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. മാത്രമോ ഈ ജോലി പരമ ബോറായി തുടങ്ങിയിരിക്കുന്നു.
ലിഫ്‌റ്റ് 10 ൽ എത്തി. അപ്പോൾ അയാൾ വീടിനെ കുറിച്ചോർത്തു. ഭാര്യ ഇന്നെന്താവുമോ ഡിന്നറിനുണ്ടാക്കിയിട്ടുണ്ടാവുക? സ്‌ഥിരം ഉണ്ടാക്കുന്ന ചപ്പാത്തിയും കറിയുമാണെങ്കിൽ സംശയമില്ല ഇന്ന് അത് ഞാൻ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയും. അവൾക്ക് പിസ പാചകം ചെയ്യാൻ അറിയില്ലായിരിക്കും. പറ്റുമെങ്കിൽ ഒരെണ്ണം വാങ്ങിയാലോ?
ഇത്രയും സങ്കീർണ്ണമായ ഒരു പകലിനു ശേഷം സ്വസ്ഥമായ ഒരു രാവ് അയാൾ ആഗ്രഹിച്ചു. പക്ഷേ സ്കിൽ റിപ്പോർട്ട് കഴിയുമെങ്കിൽ ഇന്ന് രാത്രി തന്നെ പൂർത്തിയാകണം. തൊട്ടടുത്ത ദിവസം എംഡി വരുന്നുണ്ടെനാണ് കേട്ടത്. കക്ഷി എന്തായാലും ആ റിപ്പോർട്ട് ചോദിക്കും.
ലിഫ്റ്റ് ഗ്രൗണ്ട് ഫോളറിലെത്തി. തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. മഴ പെയ്യുന്നു. പാർക്കിംഗ് ഏരിയയിലേക്ക് അയാൾ ഓടി. ഹൊ! എന്തൊരു കഷ്‌ടമാണ്. മഴയെ ഇഷ്‌ടമേയല്ല രാഹുലിന്. പെയ്യാൻ കണ്ട സമയം. അയാൾ മഴയെ മനസ്സു കൊണ്ട് ശപിച്ചു.
മഴയിൽ കുട ചൂടി പുറത്തേക്കു നടക്കുന്ന മായയെ കണ്ട് രാഹുൽ ചിരിച്ചു. “ഹേയ്, വേഗം വിട്ടോ… മുഴുവൻ നനയും. കല്ലു പെറുക്കി ചാടുന്ന പോലെയല്ലേ ഓരോ തുള്ളിയും” മായ പറഞ്ഞു.
“ഓഹ്… നൊ പ്രോബ്ളം എനിക്ക് മഴ ഇഷ്‌ടമാണ്.”
അയാൾ അതു പറഞ്ഞിട്ട് മഴയ്‌ക്കു നേരെ പല്ലിറുമ്മി.
പിസ വാങ്ങാനൊന്നും ഇനി നിവൃത്തിയില്ല. ഈ മഴയിൽ റോഡിൽ ട്രാഫിക് കുരുക്ക് വീണു കഴിഞ്ഞു. ഇനിയും വൈകിയാൽ കൂടുതൽ തിരക്കാവും. ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോഴാണ് ഭാര്യയുടെ വിളി. രാവിലെ ഉണ്ടാക്കിയ ചപ്പാത്തിയും കറിയും ബാക്കിയുണ്ട്. അതു തന്നെ മതിയോ രാത്രിയിലേക്ക് എന്നാണ് ചോദ്യം.
“ഓ അതു മതി . നീ വെറൊന്നും ഉണ്ടാക്കേണ്ട. എനിക്ക് ചപ്പാത്തിയാ ഇഷ്‌ടം. വീട്ടിൽ എത്തിയിട്ട് പാചകം ചെയ്യാൻ സമയം കിട്ടിയില്ല എന്നാണ് അവൾ പറയുന്നത്. ഇനി പെട്ടെന്ന് ഉണ്ടാക്കി ഒരു മഹാത്ഭുതം സൃഷ്‌ടിക്കാനൊന്നും അവൾക്കു കഴിയില്ലല്ലോ. പിന്നെ വേറെന്തെങ്കിലും ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടെന്തു കാര്യം.
ചിരിച്ചു കൊണ്ട് ഇത്രയും ഒക്കെ പറയേണ്ട കാര്യം പോലും ഇല്ല. എന്നിട്ടും അയാൾ അങ്ങനെ ചെയ്‌തു.
“താങ്ക്യൂ ഡിയർ ഇനി ഇന്ന് കുക്കിംഗ് വേണ്ട. ആം ടയേഡ്.”
അവൾ അത്രയും പറഞ്ഞപ്പോൾ ഇനി വീട്ടിൽ ചെല്ലുമ്പോൾ എന്താണ് കേൾക്കുക എന്ന കാര്യവും അയാൾക്കറിയാം.
“ഈ കുട്ടികളെ കൊണ്ട് എനിക്ക് മതിയായി. അഹാന് ഹോം വർക്ക് ചെയ്യാനുണ്ട്. അവന് അത് പറഞ്ഞു കൊടുക്കണേ. എനിക്ക് കണക്ക് ഒരു പിടിയുമില്ലെന്ന് അറിയാലോ.” ഇങ്ങനെ പറഞ്ഞ് അവൾ ഒരു നിസ്സാര ചിരി ചിരിക്കും.
തിക്കും തിരക്കും മഴയും എല്ലാം തരണം ചെയ്‌ൽ രാഹുൽ വീട്ടിലെത്തിയപ്പോൾ, സമയം ഒമ്പത്. കാർ പാർക്ക് ചെയ്‌ത് വീട്ടിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ മിസിസ് ശർമ്മ, തന്‍റെ നായ്‌ക്കുട്ടിയുമായി പുഞ്ചിരിയോടെ കുശലം ചോദിച്ചു. അവരെ ചുറ്റിപ്പറ്റി നിന്ന നായ രാഹുലിനെ കണ്ടതോടെ ഓടിക്കിതച്ചു വന്നു. കാലിലും മറ്റും നക്കാൻ തുടങ്ങി.
ശെ! അതിന്‍റെ ഉമിനീരു മുഴുവൻ അയാളുടെ പുതിയ ഷൂവിൽ പറ്റിപ്പിടിച്ചു. രാഹുലിന് അറപ്പ് തോന്നിയെങ്കിലും നായ്‌ക്കുട്ടിയെ കുനിഞ്ഞ് ഓമനിക്കാൻ മറന്നില്ല.
“പട്ടിയെ വളർത്തുമ്പോൾ ഇങ്ങനെ കണ്ട ആളുകളുടെ ദേഹത്തേക്ക് ചാടി വീഴാനാണോ ശീലിപ്പിക്കേണ്ടത്, ഷിറ്റ്!” അയാൾ മനസ്സിലോർത്തു.
“ഹലോ… രാഹുൽ ബ്രോണിക്ക് രാഹുലിനോട് എന്തോ ഒരു പ്രത്യേക സ്നേഹമുണ്ട്.” മിസിസ് ശർമ്മ അതു പറഞ്ഞപ്പോൾ രാഹുൽ ഉറക്കെ ചിരിച്ചു.
“ഹ..ഹ… ഇറ്റ് ഈസ് ഒകെ. ഞാൻ കണ്ടിട്ടുള്ള നായ്‌ക്കളിൽ ഏറ്റവും ഭംഗിയുണ്ട് ഇതിന്.”
“രാഹുലിനെ കുറിച്ചോർക്കുമ്പോൾ അദ്ഭുതമാണ് എനിക്ക്. ആരോടും മോശമായൊന്നും സംസാരിക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടില്ല. ആ പ്രശംസയുടെ മറുപടി ഒരു ചിരിയിൽ ഒതുക്കി രാഹുൽ വീട്ടിലേക്ക് നടന്നു.
കറി ചൂടാക്കിയപ്പോഴാണോ എന്തോ അടിയിൽ പിടിച്ച് കരിഞ്ഞ മണം. അയാൾക്ക് ഛർദിക്കാൻ തോന്നി. അകത്തെ മുറിയിൽ കുട്ടികളുടെ ബഹളം കേൾക്കാം. എന്തിനോ വേണ്ടി പോരടിക്കുകയാണ് രണ്ടു പേരും.
അയാൾ കോളിംഗ് ബെൽ അടിക്കാൻ കൈവിരൽ ഉയർത്തിയതാണ്. എന്നാൽ പെട്ടെന്ന് അയാൾക്ക് മറ്റെന്തോ ചെയ്യാനാണ് തോന്നിയത്. കാർ വീണ്ടും അൺലോക്ക് ചെയ്‌ൽ രാഹുൽ ഡ്രൈവിംഗ് സീറ്റിലിരുന്നു.
മഴ മാറിയിരിക്കുന്നു. തണുത്ത രാത്രി. സുഖമുള്ള കാറ്റ് വീശുന്നു. അയാൾക്ക് എന്തെന്നറിയാത്ത ആഹ്ലാദം മനസ്സിലേക്ക് നിറഞ്ഞു വന്നു. അയാൾ കാർ പിന്നോട്ടെടുത്തു. പിസ ഹട്ടിലെത്തുമ്പോൾ അയാൾക്ക് കൂടുതൽ ഉന്മേഷം തോന്നി. സുഖദമായ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നു.
രാഹുൽ പിസ ഓർഡർ ചെയ്‌തിട്ട് ചുറ്റും നോക്കി. ഒരു കോർണറിൽ കുറേപ്പേർ ഒരുമിച്ചിരുന്ന് പിസ കഴിക്കുന്നു. ചങ്ങാതിക്കൂട്ടം ആണ്. അൽപം അകലെ ഒഴിഞ്ഞ കോണിൽ യുവാവും യുവതിയും കണ്ണുകളിൽ കണ്ണു നോക്കി ഇരിക്കുന്നു. മറ്റൊരു ടേബിളിൽ അമ്മയും മക്കളും. പിസയുടെ ലാസ്‌റ്റ് പീസിന് മക്കൾ കടിപ്പിടി കൂട്ടുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുകയാണ് ആ അമ്മ. അയാൾക്ക് അത് കണ്ട് ചിരി വന്നു.
പിസ സെന്‍ററിൽ സാമാന്യം തിരക്കുണ്ട്. അതിനിടയിൽ ഒറ്റയ്ക്കിരിക്കാൻ അയാൾക്ക് ഒട്ടും വിഷമം തോന്നിയില്ല. സത്യം പറഞ്ഞാൽ അനിയന്ത്രിതമായ ഒരു സന്തോഷം, ആ ഇരിപ്പിൽ അയാൾക്ക് തോന്നി.
അപരിചിതർക്കിടയിൽ അങ്ങനെ ഇരിക്കുമ്പോൾ അയാൾ വളരെ ശാന്തനായി. ആരോടും ഒന്നും പറയേണ്ട, അഭിനിയിക്കേണ്ട… അയാൾ ആശ്വാസത്തോടെ തന്‍റെ കസേരയിൽ ചാഞ്ഞിരുന്നു.
പിസയ്ക്കൊപ്പം കുടിക്കാൻ കോക്ക് ഓർഡർ ചെയ്യണം എന്നാലോചിച്ചിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്‌തത്. അയാൾ ദീർഘശ്വാസത്തോടെ ഫോണെടുത്തു നോക്കി.
ഭാര്യയാണ്.
“ഹായ് സൗമ്യ…!”
“എവിടെയാണ് എത്ര നേരമായി കാത്തിരിക്കുന്നു.”
കുട്ടികളുടെ ബഹളം അപ്പോഴും തുടരുന്നുണ്ട്. അവളുടെ ശബ്ദം ആ ബഹളത്തിൽ മുങ്ങിപ്പോയി.
ഓഫീസിലേക്ക് അത്യാവശ്യമായി മടങ്ങിപോകേണ്ടി വന്നു. ഒരുമിച്ച് ഡിന്നർ കഴിക്കാൻ പറ്റാത്തതിൽ വിഷമമുണ്ട്. എന്ന് പറയാനാണ് അയാൾക്ക് തോന്നിയത്. പക്ഷ നാവ് സംസാരിച്ചത് മറ്റൊന്നായിരുന്നു.
“നീ വീട്ടിൽ ഒന്നും ഉണ്ടാക്കിയിട്ടില്ലല്ലോ. എനിക്ക് കരിഞ്ഞ ചപ്പാത്തി വേണ്ട. വായക്ക് രുചിയായി എന്തെങ്കിലും കഴിച്ചിട്ടു വരാം.”
“ങ്ഹേ….” അങ്ങേ വശത്ത് സൗമ്യ അമ്പരപ്പോടെ നിൽക്കുന്നത് അയാൾ മനസ്സു കൊണ്ട് വീക്ഷിച്ചു. ഛെ! താൻ എന്താണ് പറഞ്ഞത്. അറിയാതെ ആണെങ്കിലും മനസ്സിൽ തോന്നിയത് പറയാൻ കഴിഞ്ഞതിൽ അയാൾക്ക് ആശ്വാസം തോന്നി.
വെയ്‌റ്റർ മേശപ്പുറത്ത് പിസ കൊണ്ടു വച്ചപ്പോൾ അയാൾക്ക് നാവിൽ വെള്ളമൂറി. മനോഹരമായ ഒരു ലോകത്ത് എത്തിയപ്പോലെ അയാൾ കോൾമയിൽ കൊണ്ടു.
ഉച്ചയ്ക്കു ശേഷം ഇതു വരെ ഒന്നും കഴിച്ചിട്ടില്ല. ഒരു ഗ്ലാസ് വെള്ളം പോലും അയാൾ ഓർത്തു. വയറ്റിൽ കത്തിക്കാളുന്ന വിശപ്പിലേക്ക് ഈ സ്വാദിനെ നുണയാൻ അയാൾ ആവേശത്തോടെ ആഗ്രഹിച്ചു.
ഒരു കഷണം പിസ എടുത്ത് അയാൾ വായിൽ വച്ചു.
“ഓഹ്… ഗുഡ്, നല്ല സ്വാദ്.” അയാളുടെ എല്ലാ ക്ഷീണവും പറന്നകന്നു. “മനസ്സ് പറഞ്ഞത് ഇപ്പോഴെങ്കിലും താൻ കേട്ടല്ലോ.” അയാൾ അലോചിച്ചു.
സത്യത്തിൽ ഇത്രകാലം ഞാൻ എന്തിനാണ് അത് മാറ്റിവച്ചത്. അവനവന് തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ എന്തിനാണ് മടിക്കുന്നത്?
പിസയുടെ ഒരു കഷണം കൂടി ആസ്വദിച്ച് കഴിക്കവേ രാഹുൽ സ്വയമറിയാതെ പറഞ്ഞു പോയി. “എന്താ ഞാനും ഒരു മനുഷ്യൻ അല്ലേ!”