കൊറോണക്കിടയിൽ ഒട്ടൊരു നിയന്ത്രണം ഉണ്ടായെങ്കിലും ഇക്കാലത്തെ വിവാഹങ്ങൾ വേറേ ലെവൽ ആണ്!!!! രാജകൊട്ടാരങ്ങളിലെ സ്വയംവര വിരുന്ന് പോലെ അമ്പരപ്പിക്കുന്ന കെട്ടിമേളത്തോടെയാണ്  ഇന്നത്തെ ന്യൂജെൻ വിവാഹങ്ങൾ മിക്കതും. ആഴ്ചകൾ നീളുന്ന ഈ സ്വർഗ്ഗീയ ആഘോഷങ്ങളുടെ ഓരോ നിമിഷവും നാടും വീടും നാട്ടാരും ആനന്ദത്തിലാറാടുന്നു…

ഞങ്ങൾ പരസ്പരം മനസ്സു കൊണ്ടും ശരീരം കൊണ്ടും സ്നേഹിക്കാൻ ഒരുങ്ങുന്നു എന്ന് ആണിനും പെണ്ണിനും നാലാളെ അറിയിക്കാനുള്ള വേദിയാണ് വിവാഹം. കുതിരപ്പുറത്ത് ബാന്‍റ് മേളത്തിന്‍റെ അകമ്പടിയോടെ വരുന്ന വസ്ത്രാഭരണ വിഭൂഷിതനായ വരൻ. കാത്തു കാത്തിരിക്കുന്ന സദസ്സിനെ ഭ്രമിപ്പിക്കുന്നത്ര നാടകീയതോടെ മാനത്തുനിന്ന് താമരയിതളിൽ ഇറങ്ങി വരുന്ന സുരസുന്ദരിയായി വധു. സ്വർഗ്ഗത്തിൽ നടക്കുന്നു എന്ന് തോന്നിപ്പിക്കും വിധം സുന്ദരമാണ് ഇപ്പോഴത്തെ വിവാഹങ്ങൾ. മെഗാഹിറ്റ് ബാജിറാവു മസ്താനിയിലെയും ബാഹുബലിയിലെയും രാജകൊട്ടാരത്തിന്‍റെ മാതൃകയിൽ നിർമ്മിച്ച കല്യാണവേദികൾ. പ്രിയതാരങ്ങളുടെ ഗാനമേളയും നൃത്തവും സംഗീത സഭയും മെഹന്ദിയും മെഹ്ഫിലും എല്ലാം ചേർന്ന് ഒരാഴ്ച നീളുന്ന സ്വർഗ്ഗീയ വിവാഹങ്ങൾ. പുതുതലമുറ വിവാഹാഘോഷക്കാര്യത്തിൽ വളരെ ലാവിഷ് ആണ്.

കൊറോണയ്ക്ക് മുമ്പ് കൊല്ലത്ത് നടന്ന ഒരു വിവാഹത്തിൽ 42 രാജ്യങ്ങളിൽ നിന്നായി 30000 ത്തോളം അതിഥികളാണ് പങ്കെടുത്തത്. 50 കോടി ചെലവിട്ടു നടത്തിയ കല്യാണത്തിന്‍റെ വേദി ഒരുക്കിയത് രാജസ്ഥാൻ കൊട്ടാരങ്ങളുടെ മാതൃകയിൽ! 400000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കലാസംവിധായകൻ സാബു സിറിൾ ആണ് 75 ദിവസമെടുത്ത് കല്യാണപ്പന്തൽ ഒരുക്കിയത്!

കല്യാണക്കുറി മുതൽ ഹണിമൂൺ ട്രിപ്പ് വരെ ഒരുക്കി കല്യാണം ഒരാഴ്ചയോളം നീളുന്ന ഉത്സവമാക്കാൻ ഇന്നത്തെ തലമുറയ്ക്ക് യാതൊരു മടിയുമില്ല. കൊറോണ വന്നപ്പോൾ അതിഥികളെ വിളിക്കുന്നതിനു നിയന്ത്രണം ഉണ്ട്. അതിനാൽ സാധാരണക്കാർ പോലും ചുരുങ്ങിയത് 4 പരിപാടികൾ നടത്തിയാണ് കല്യാണം കേമമാക്കുന്നത്.

ഇവന്‍റ് കമ്പനികളുടെ സഹായത്തോടെ എന്തും പരീക്ഷിക്കാൻ അവർ റെഡി. കല്യാണക്കുറിയും വേദിയും തീരുമാനിച്ചു കഴിഞ്ഞാൽ ചടങ്ങിലേക്കുള്ള ആദ്യപടി കടന്നു. ഇനിയാണ് വസ്ത്രവും സദ്യയും ഫോട്ടോഗ്രാഫിയും കെട്ടിമേളവുമെല്ലാം…

പെർഫെക്ട് പ്ലാനിംഗ്

ഒരു നല്ല വെഡ്ഡിംഗ് പ്ലാൻ ചെയ്യൽ അത്ര എളുപ്പമുള്ള കാര്യമല്ല. വെഡ്ഡിംഗ് പെർഫെക്ട് ആന്‍റ് കളർഫുൾ ആക്കാൻ കുറഞ്ഞത് 6 മാസം മുമ്പെങ്കിലും പ്ലാൻ ചെയ്തു തുടങ്ങണം. ഒരുപാട് കാര്യങ്ങൾ ഇതിൽ ശ്രദ്ധിക്കാനുണ്ട്.ഇപ്പോൾ നിരവധി സുരക്ഷ കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. വെഡ്ഡിംഗ് തീയതി തീരുമാനിച്ചു കഴിഞ്ഞാൽ ഒരു വെഡ്ഡിംഗ് പ്ലാനർ ഡയറി സൂക്ഷിക്കാം. അതിൽ ഗസ്റ്റ് ലിസ്റ്റ്, വെഡ്ഡിംഗ് ഹാൾ, ഡെക്കറേഷൻ, ഫുഡ്, വെഡ്ഡിംഗ് തീം, ഫോട്ടോഗ്രാഫി, കോസ്റ്റ്യൂം, ജ്വല്ലറി, മറ്റുള്ള ഷോപ്പിംഗുകൾ ഒക്കെ പ്ലാൻ ചെയ്ത് എഴുതി വയ്ക്കാം. ഹാൾ ബുക്കിംഗ്, ഡെക്കറേഷൻസ്, കാറ്ററിംഗ്, വെഡ്ഡിംഗ് തീം ഒക്കെ ഓർഗനൈസ് ചെയ്യാൻ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികളെ ഏൽപിക്കാം.അതിഥികൾക്കും ആതിഥേയർക്കും രോഗബാധ ഏൽക്കാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്തു വേണം സ്റ്റാർട്ട് ചെയ്യാൻ.

മനം മയക്കണം മന്ത്രകോടി

അങ്ങനെ ഒരു കളർഫുൾ വെഡ്ഡിംഗിൽ വരനും വധുവും കൂടെയുള്ളവരും ഒക്കെ ഏറ്റവും ബെസ്റ്റ് കോസ്റ്റ്യൂമിൽ ആയാൽ മാത്രമേ എല്ലാം നന്നാവൂ. അവരുടെ ഡ്രസിംഗ്, മേക്കപ്പ്, ഹെയർ സ്റ്റൈൽ ഒക്കെ പെർഫെക്ട് ആയിരിക്കണം.  മേക്കപ്പ് ആന്‍റ് ഹെയർ സ്റ്റൈൽ പെർഫെക്ട് ആവാൻ മേക്കപ്പ് ആർട്ടിസ്റ്റ് സഹായിക്കും. പക്ഷേ ഡ്രസിന്‍റെ കാര്യത്തിൽ പലർക്കും അവർക്കു യോജിച്ച ഡ്രസ്, അതിന്‍റെ മോഡൽ, നിറം ഒക്കെ തെരഞ്ഞെടുക്കാൻ പ്രയാസമാകാറുണ്ട്. അവിടെ ഫാഷൻ കൺസൾട്ടന്‍റിനോ പേഴ്സണൽ ഷോപ്പർക്കോ സഹായിക്കാൻ പറ്റും.

“വെഡ്ഡിംഗ് ഷോപ്പിംഗ്, വധുവിനും വരനും യോജിച്ച ഡ്രസുകൾ, ആഭരണങ്ങൾ ഇവയൊക്കെ സെലക്ട് ചെയ്യാൻ ഞാൻ സഹായിക്കാറുണ്ട്.” പേഴ്സണൽ ഷോപ്പറും ഫാഷൻ കൺസൾട്ടന്‍റുമായ വിദ്യാ മുകുന്ദൻ പറയുന്നു.

ഡ്രസുകൾ മാത്രമല്ല ഡ്രസിന് യോജിച്ച ജ്വല്ലറി, ഷൂസ്, ആക്സസറീസ് എല്ലാം സെലക്ട് ചെയ്യാൻ സഹായിക്കാറുണ്ട്. ഓൺലൈൻ വഴിയും ഇതു ചെയ്തു കൊടുക്കാറുണ്ട്. വെഡ്ഡിംഗ് ഡ്രസുകളിലും ഇന്ന് വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ബേസിക് ആയ ഡ്രസുകൾ, അതായത് വധുവിന് സാരി, ലഹങ്ക, ഗൗൺ, സൽവാർ, വരന് മുണ്ടും ഷർട്ടും, ഷെർവാണി, കുർതി, ധോത്തി എന്നിവയിൽ മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ അവയുടെ തുണികൾ, സ്റ്റിച്ച് മോഡൽ, ചിത്രപ്പണികൾ, സ്റ്റോൺവർക്ക്, കളർ കോമ്പിനേഷനുകൾ എന്നിവയൊക്കെ വളരെ വേഗത്തിൽ മാറി മറയുന്നു.

ഹിന്ദുക്കൾ സാരിയും ലഹങ്കയും ഉപയോഗിക്കുമ്പോൾ ക്രിസ്ത്യൻ വധു കൂടുതലും ഗൗൺ ആണ്. മുസ്ലീം വധു ഇപ്പോൾ സാരിയും ലഹങ്കയും മാറ്റി ഗൗൺ ഉപയോഗിക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. അത് ഒരു പുതിയ മാറ്റമാണ്.

ചില ആളുകൾ വെഡ്ഡിംഗ് ഡ്രസ് കൂടുതൽ ട്രഡീഷണൽ ആകാൻ ആഗ്രഹിക്കുന്നവരാണ്. കേരളത്തിന്‍റെ തനതായ കസവുമുണ്ടും വേഷ്ടിയും അല്ലെങ്കിൽ കേരളസാരി. പക്ഷേ അതിൽ വ്യത്യസ്തത ആഗ്രഹിക്കുന്നു. വ്യത്യസ്തമായ മെറ്റീരിയലും ഡിസൈനും സ്റ്റോണും മൊട്ടിഫും എല്ലാം ആകുമ്പോൾ കൂടുതൽ മനോഹരമാകുന്നു. ക്രിസ്ത്യാനികൾ അവരുടെ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും വെഡ്ഡിംഗിന് ഉപയോഗിച്ചു തുടങ്ങി. പക്ഷേ സ്റ്റൈലിൽ ന്യൂജെൻ മാറ്റങ്ങൾ ഉണ്ട്. ഓഫ് വൈറ്റ് ഗോൾഡ് കോമ്പിനേഷനിൽ ചട്ടയുടെ വർക്ക് ചെയ്ത ജാക്കറ്റ് ധരിച്ച് ഡ്രസ് ഡിഫറന്‍റ് ആക്കി മാറ്റുന്നു.

വെഡ്ഡിംഗ് സാരിക്കും ലഹങ്കയ്ക്കും ഏറ്റവും കൂടുതൽ ചോയിസ് റെഡ് കോമ്പിനേഷൻ കളർ ആണ്. ഫ്ളൂറസെന്‍റ് ഗ്രീൻ, പിങ്ക്, ഇലക്ട്രിക് ബ്ലൂ, വൈറ്റ്, മെറൂൺ, ഓറഞ്ച് ഒക്കെ ഇതിനിടെ പ്രത്യക്ഷപ്പെടാറുണ്ട്. വസ്ത്രവിശേഷങ്ങൾ തീരുന്നില്ല.

സുന്ദരൻ ഞാനും സുന്ദരി നീയും

കല്യാണ ദിനം മാത്രം ഒരുങ്ങി സുന്ദരിയായിരുന്നാൽ പോര എന്നൊരു ചിന്ത ഇന്നത്തെ വധൂവരന്മാർക്കുണ്ട്. കാലങ്ങൾ നീണ്ടുനിൽക്കുന്ന സൗന്ദര്യത്തിലേക്കെത്താനുള്ള മാർഗങ്ങളാണ് അവരുടെ മനസ്സിൽ. ആ കൺസെപ്റ്റിലാണ് കല്യാണ ഒരുക്കം. “ഇന്നത്തെ തലമുറ കൂടുതൽ ബ്യൂട്ടി കോൺഷ്യസ് ആണ്. കല്യാണത്തിന് മേക്കപ്പിൽ സുന്ദരിയാവുന്നതൊക്കെ കൊള്ളാം. എന്നാൽ നാച്ചുറൽ ബ്യൂട്ടി പുറത്തേക്ക് വരണം. അതിനായിട്ടാണ് അവർ ബ്യൂട്ടീഷ്യനെയും ബ്യൂട്ടി പാക്കേജുകളേയും സമീപിക്കുന്നത്.” കൊച്ചിയിൽ ഗ്ലോ എൻ ഗ്ലോസ് ബ്യൂട്ടി പാർലർ ഉടമയും പട്ടണം റഷീദ് മേക്കപ്പ് സ്റ്റുഡിയോയിൽ സ്കിൻ ഫാക്കൽട്ടിയുമായ എബി ബിജു പറയുന്നു.

“പല പെൺകുട്ടികളും വന്നിട്ട് എന്‍റെ മുഖത്തിന്‍റെ ടെക്സ്ചർ ഇതിലും ബെറ്റർ ആയിരുന്നു. അതുപോലെ ആക്കിക്കിട്ടണം എന്നൊക്കെ ആവശ്യപ്പെടാറുണ്ട്. ഇന്‍റേണൽ ആയ പ്രശ്നങ്ങൾക്കു കൂടി പരിഹാരം അവർ തേടുന്നുണ്ട്. കല്യാണം ഒരു ദിവസത്തെ ഡീൽ അല്ല. അന്നു മാത്രം കിടിലൻ ലുക്ക് കിട്ടിയിട്ട് കാര്യമില്ല എന്ന് അവർക്കറിയാം. മേക്കപ്പിനെക്കുറിച്ചും മുൻധാരണയോടെയാണ് ബ്രൈഡുകൾ വരുന്നത്.

കുറച്ചുകാലം മുമ്പുവരെ മേക്കപ്പ് ഒരുപാട് ഇട്ടതായി തോന്നരുത്, ഒത്തിരി വേണ്ട എന്ന ചിന്തയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഫീച്ചേഴ്സ് ഹൈലൈറ്റ് ചെയ്ത് ബ്യൂട്ടി എൻഹാൻസ് ചെയ്യണം. പക്ഷേ ഓവർ മേക്കപ്പ് തോന്നാതെ നീറ്റ് ഫീൽ ആയിരിക്കണം. ഇതാണ് ഡിമാന്‍റ്.”

ബ്രൈഡൽ മേക്കപ്പ് പൂർണ്ണമായി ചെയ്യാൻ നാലുമാസം മുമ്പെങ്കിലും ബ്യൂട്ടീഷ്യനെ സമീപിക്കണം. പക്കേജ് തീരുമാനിക്കുന്നത് അവരുടെ മുടിയുടേയും ചർമ്മത്തിന്‍റെയും സ്വഭാവം മനസ്സിലാക്കിയിട്ടാണ്. മുഖക്കുരു, കരിവാളിപ്പ്, താരൻ, മുടിയുടെ റഫ്നസ് ഇതൊക്കെ പരിഹരിച്ചാണ് ബ്യൂട്ടിട്രീറ്റ്മെന്‍റ്.

ചിലപ്പോൾ ഡയറ്റ് ശ്രദ്ധിക്കാൻ വേണ്ട നിർദ്ദേശങ്ങൾ കൊടുക്കേണ്ടി വരും. വിവാഹമാവുമ്പോഴേക്കും നിറം കിട്ടാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കാൻ പറയാറുണ്ട്. അതുപോലെ വരണ്ട ചർമ്മമാണെങ്കിൽ ഹൈഡ്രേറ്റിംഗ് നിലനിർത്താനുള്ള വഴികൾ പറഞ്ഞു കൊടുക്കും. കാൽപ്പാദങ്ങൾ നേരത്തെ പെഡിക്യൂർ ചെയ്ത് ഫുട്ട് ക്രീം ഉപയോഗിച്ച് കാലും പാദവും തമ്മിലുള്ള നിറ വ്യത്യാസം പരിഹരിക്കാം.

ഏതുതരം മേക്കപ്പ് വേണം എന്നതിനേക്കുറിച്ചും വളരെയധികം ധാരണയോടെ വരുന്നവരും ഉണ്ട്. 4 കെ പിക്സൽ ഫോട്ടോ ഷൂട്ടിന് പറ്റിയ 4 കെ റെസല്യൂഷൻ മേക്കപ്പും എയർ ബ്രഷ് മേക്കപ്പും ആണ് ഏറ്റവും പുതിയ ട്രെന്‍റ്. അത്രയും ഷാർപ്പ് ആയ ഫോട്ടോഗ്രാഫിക്ക് ചേർന്ന മേക്കപ്പ് ആവശ്യപ്പെടും. ഹോളിവുഡ് മേക്കപ്പ് സ്റ്റൈൽ ആണിത്. മേക്കപ്പിന് ഹൈക്വാളിറ്റി ഫിനിഷിംഗ് ഉണ്ടായിരിക്കണം. എന്നാൽ ലുക്കിന് മേഡ്അപ് പീൽ ഉണ്ടാവുകയും അരുത്. ഹെയർ സ്റ്റൈൽ പോലും നെറ്റിൽ നിന്നൊക്കെ ഡൗൺലോഡ് ചെയ്ത് കൊണ്ടുവരും. കല്യാണത്തിന്‍റെ അന്ന് ആദ്യമായി മേക്കപ്പിട്ട് പരീക്ഷിക്കാനൊന്നും ഇപ്പോൾ ആരും തയ്യാറല്ല. ട്രയൽ മേക്കപ്പ് ചെയ്യും. അതിന് പേയ്മെന്‍റും വാങ്ങാറുണ്ട്.”

കല്യാണവേദിയിൽ ഒരു രാജകുമാരിയും രാജകുമാരനും എന്ന ആഗ്രഹം മാത്രമല്ല അതു നടപ്പാക്കാനും ഉള്ള ആവേശം ആവോളമുണ്ട് വധൂവരന്മാർക്ക്. സൗന്ദര്യസംരക്ഷണത്തിനും ലുക്കിലും പുരുഷന്മാരും ഇതേ നിലപാടുകൾ തന്നെ ഉള്ളവരാണ്. ഹെയർ സ്റ്റൈൽ ആണ് ഇവരുടെ പ്രിയപ്പെട്ട പരീക്ഷണം. മറ്റ് ബ്യൂട്ടിട്രീറ്റ്മെന്‍റുകളും വർക്കൗട്ടും ഒക്കെയായി വരനും വിവാഹത്തിന് തയ്യാറെടുക്കുന്നു.

സിനിമാക്കഥ പോലെ

പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഇവന്‍റുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവരുണ്ടാവില്ല. എന്നാൽ ഒരു ചടങ്ങിൽ പങ്കെടുത്താൽ പോലും അതിന്‍റെ എല്ലാ രസങ്ങളും കൗതുകങ്ങളും അതേപടി ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല. ഇതിനൊരു പരിഹാരമാണ് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും.

കാൻഡിഡ് ഫോട്ടോഗ്രാഫിയാണ് ഇപ്പോഴത്തെ ട്രെന്‍റ്. ഇവന്‍റിൽ പങ്കെടുക്കുന്ന ആളുകൾ അറിയാതെ പകർത്തുന്ന ഫോട്ടോ-വീഡിയോകൾ ചടങ്ങിന്‍റെ സൗന്ദര്യവും ഒറിജിനാലിറ്റിയും അതേപടി പകർത്തും. ഇതു കണ്ടാൽ പിന്നെ ചടങ്ങ് മിസ് ആയി എന്ന് തോന്നുകയേയില്ല.

newgen wedding

വിവാഹത്തിൽ ഇപ്പോൾ പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും കൂടുതൽ പണം പൊടിക്കുന്ന മറ്റൊരു രംഗം ഏതാണെന്ന് ചോദിച്ചാൽ സംശയം വേണ്ട. ഫോട്ടാഗ്രാഫി ആന്‍റ് വീഡിയോ ഗ്രാഫി. ഇപ്പോൾ കോവിഡ് ഭീഷണി സമയതും ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടന്ന മേഖല ഫോട്ടോഗ്രഫി തന്നെ.

വെഡ്ഡിംഗ് ഇൻവിറ്റേഷൻ വീഡിയോ മുതൽ ഇതിന്‍റെ റോൾ ആരംഭിക്കുന്നു. വിവാഹ ആൽബങ്ങളും വീഡിയോയും എല്ലാം ഇന്ന് ഒരു സിനിമ പോലെ സുന്ദരമാണ്. പത്ത് വർഷം മുമ്പ് 25000 രൂപയ്ക്ക് നല്ലൊരു ആൽബവും വീഡിയോ ഷൂട്ടും ലഭിക്കുമായിരുന്നു. അതേ സ്ഥാനത്ത് ഇപ്പോൾ അത് ലക്ഷങ്ങളുടെ ഇടപാടായി മാറി. ഇതിന്‍റെ പിന്നിലെ ചേതോവികാരം മറ്റാരുമല്ല, ന്യൂജനറേഷൻ തന്നെ.

“ഇന്നത്തെ വിവാഹ ആൽബങ്ങളുടെ സൗന്ദര്യം വേറിട്ടിരിക്കുന്നു. പ്രീവെഡ്ഡിംഗ് സ്റ്റൈലും കാൻഡിഡ് ഫോട്ടോഗ്രാഫിയുമാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെന്‍റ്.” വിവാഹ ഫോട്ടോഗ്രാഫിയിൽ 17 വർഷത്തെ പരിചയമുള്ള സിദ്ദിഖ് കായി പറയുന്നു.

എൻഗേജ്മെന്‍റ് ഫോട്ടോഗ്രാഫി കഴിഞ്ഞാൽ പിന്നെ പ്രീ വെഡ്ഡിംഗ് സ്റ്റൈൽ ഉണ്ട്. ആഭരണം എടുക്കാനായി പെണ്ണും ചെറുക്കനും വരുന്ന ഫോട്ടോഷൂട്ട് ഞാൻ ഒരു കല്യാണത്തിന് ചെയ്തു. ഇനി പെണ്ണുകാണൽ വരെ ഈ ഫോട്ടോഗ്രാഫിയിൽ സ്ഥാനം പിടിക്കുന്ന കാലം വിദൂരമല്ല. ഫോട്ടോഗ്രാഫിയിൽ ന്യൂജനറേഷന്‍റെ ഐഡിയകൾ നിരവധിയാണ്. കല്യാണ ദിവസം ഫോട്ടോയ്ക്ക് പോസ് ചെയ്തു വലയാനും മറ്റും ഇവർക്ക് താൽപര്യമില്ല. അതിനാൽ ഫോട്ടോഷൂട്ടൊക്കെ പല ദിവസങ്ങളിലാക്കി. പിന്നെ കാൻഡിഡ് ഫോട്ടോഗ്രാഫി കൂടി ആയപ്പോൾ കല്യാണസമയം റിലാക്സ് ആയിട്ടിരിക്കാം.

പല കല്യാണങ്ങളും കാണികൾക്ക് കാണാൻ പറ്റാറില്ല, ഫോട്ടോഗ്രാഫർമാരുടെ പിൻവശം കാണാനേ നിർവ്വാഹമുള്ളു. അത്രയും മത്സരമാണ് ഫോട്ടോയും വീഡിയോയും എടുക്കാൻ. വരന്‍റേയും വധുവിന്‍റെയും ഭാഗത്തുനിന്ന് ഫോട്ടോഗ്രാഫി ഏർപ്പെടുത്തുമ്പോൾ മത്സരം വരും, ഫോട്ടോഗ്രാഫർമാർക്കിടയിൽ. ഏറ്റവും മികച്ച സ്നാപ്സ് കിട്ടാൻ. ഈ മത്സരത്തിൽ പണി കിട്ടുന്നത് വീട്ടുകാർക്കു തന്നെയാണ്. ഇത്തരം മത്സരം ഒഴിവാക്കാൻ ആണിന്‍റെയും പെണ്ണിന്‍റെയും വശത്തുനിന്ന് ഒരു ഗ്രൂപ്പിനെ ഏൽപ്പിക്കുന്ന രീതി കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്. ഒരു വിവാഹം കവർ ചെയ്യാൻ ഒരു ഫോട്ടോഗ്രാഫി സ്ഥാപനം മാത്രമാകുമ്പോൾ മത്സരം കുറയും, ഓഡിയൻസിന് സമാധാനമായി കാണാം.

രണ്ടു കൂട്ടരുടേയും ഫോട്ടോഗ്രാഫർമാരെ വിളിച്ചു മീറ്റിംഗ് നടത്തി അവർ നിൽക്കേണ്ട സ്ഥലം വരെ മുൻകൂട്ടി തീരുമാനിച്ച അനുഭവം ഉണ്ടായിട്ടുണ്ട്. ഹാളിൽ കൊണ്ടുപോയിട്ട് ഓരോരുത്തരുടേയും സ്ഥാനം കാണിച്ചു കൊടുത്തു. ഇവിടെ നിന്ന് കിട്ടാവുന്ന ചിത്രങ്ങൾ എടുത്താൽ മതി. എന്ന് അവർ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പിരിധിവരെ പരിഹാരമാണ് കാൻഡിഡ് ഫോട്ടോഗ്രാഫി.

ആളുകളുടെ സ്വാഭാവികമായ ചലനങ്ങൾക്കിടയിൽ അവർ അറിയാതെ എടുക്കുന്ന ഫോട്ടോഗ്രാഫിയാണ് കാൻഡിഡ് ഫോട്ടോഗ്രാഫി. ഉപകരണങ്ങളും കൂടുതൽ ആളുകളും വേണം ഫോട്ടോഗ്രാഫി ടീമിൽ. ഡൗൺഷോട്ട്, ഹെലികാം തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് സിനിമ എടുക്കുന്ന പെർഫെക്ഷനിസത്തിലാണ് ഇപ്പോൾ വെഡ്ഡിംഗ് ഷൂട്ടിംഗ്.

പെണ്ണിന്‍റെയും ചെറുക്കന്‍റെയും മാതാപിതാക്കളുടെയും ചലനങ്ങൾ ഒപ്പിയെടുക്കാൻ ഓരോരുത്തരെ ഏൽപ്പിക്കുന്നു. അതിലൂടെ കസ്റ്റമർ പോലും പ്രതീക്ഷിക്കാത്തത്ര മനോഹരമായ ദൃശ്യങ്ങൾ ലഭിക്കുന്നു. ഈ രീതി സക്സസ് ആയതോടെ കാൻഡിഡ് ഫോട്ടോഗ്രാഫിയ്ക്ക് ഡിമാന്‍റാണ്. മാർക്ക് 4 ക്യാമറയാണ് ഇപ്പോഴത്തെ ട്രെന്‍റ്. 225000 രൂപയ്ക്ക് മുകളിലാണ് ബോഡി വില. ലെൻസിന്‍റെ വില വേറെ. ഇത്തരം ക്യാമറയാണോ യൂസ് ചെയ്യുന്നത് എന്ന് കല്യാണ പാർട്ടി ചോദിക്കുന്ന കാലമാണിത് പ്രത്യേകിച്ചും പുതിയ തലമുറയിലെ വധൂവരന്മാർ. പ്രീ വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്കും പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്കും ഇവർ കൂടുതൽ പ്രാധാന്യം നൽകുന്നു. അത് രണ്ടും പാർട്ടിയുടെ സമയം പോലെ ചെയ്യാം. ഹണിമൂണിന് പോകുന്ന ഇടങ്ങളിൽ ഫോട്ടോഷൂട്ടിന് ആളെ കൊണ്ടുപോകുന്ന രീതിയും ഉണ്ട്. വിദേശ ലൊക്കേഷനും അണ്ടർ വാട്ടർ ഫോട്ടോഗ്രാഫിയും ഇതിലെ ട്രെന്‍റാണ്.

ഇങ്ങനെ ഒരു മാറ്റം വന്നതോടെ ഫോട്ടോഗ്രാഫി കമ്പനികൾ ഓഫറുകൾ പോലും വയ്ക്കാൻ തുടങ്ങി. ഫോട്ടോഷൂട്ട് ഏൽപ്പിച്ചാൽ ഹണിമൂൺ ട്രിപ്പ് ഫ്രീ എന്ന രീതിയിലൊക്കെ ചിലർ ഓഫർ നൽകാറുണ്ട്. രണ്ടു ലക്ഷത്തിനു മുകളിലാണ് ഫോട്ടോഗ്രാഫിയുടെ ശരാശരി ചെലവ്. ഫോട്ടോഗ്രാഫിയിൽ ഇത്രയേറെ ശ്രദ്ധ കൈവന്നിട്ട് കൂടിയത് 7 വർഷമായി കാണും.

കൂട്ടുകാരുടെ കല്യാണ വീഡിയോയും ഫോട്ടോകളും മറ്റും കണ്ടശേഷം അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതുവേണം എന്ന ന്യൂജെൻ ആഗ്രഹമാണ് ഈ മാറ്റത്തിനു പിന്നിൽ. പിന്നെ സിനിമയെ വെല്ലുന്ന കല്യാണ വീഡിയോകളുടെ പ്രൊമോ വാട്സാപ്പിലും സോഷ്യൽ വീമീഡിയായിലും ഇട്ട് ലൈക്ക് വാങ്ങണം! അതിന് എത്ര പണം മുടക്കാനും തയ്യാറാണ്. എന്നാൽ ഈ ആഘോഷത്തിന്‍റെ നിറവ് ചിലപ്പോൾ ബന്ധങ്ങളിൽ ഉണ്ടാവാറില്ല എന്ന സത്യത്തിനും ഫോട്ടോഗ്രാഫർമാർ സാക്ഷികളാണ്.

ഒരു വീഡിയോ ആൽബം റെഡിയാക്കിയെടുക്കാൻ മൂന്ന് മാസം മുതൽ 6 മാസം വരെ സമയം എടുക്കാറുണ്ട്. വളരെ ആഡംബരത്തോടെ പ്രീ- പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് നടത്തിയെത്തിയ വിവാഹ ആൽബം 6 മാസമായിട്ടും എൻക്വയറി ഇല്ല. അങ്ങോട്ട് വിളിച്ചപ്പോഴാണ് കാര്യം മാനസ്സിലായത്. ഡിവോഴ്സ്. പക്ഷേ അവർ ഫോട്ടോഗ്രാഫർമാർക്ക് നഷ്ടം വരരുതല്ലോ എന്ന് ചിന്തിച്ചിട്ടാവും ആൽബം പണം കൊടുത്തു വാങ്ങാൻ തയ്യാറായി എന്നു മാത്രം.”

ബ്രൈഡിന്‍റെ പ്രൈഡ്

കേരളീയ വിവാഹത്തിന്‍റെ മനോഹാരിതയും പ്രൗഢിയും പെണ്ണിന്‍റെ സ്വർണ്ണാഭരണങ്ങളിലാണെന്നു പറഞ്ഞാൽ ഒട്ടും അതിശയമില്ല. കിലോക്കണക്കിന് സ്വർണ്ണം ഇട്ട് ആണിഞ്ഞൊരുങ്ങുന്നവരും ഔചിത്യത്തോടെ സ്വർണ്ണം ഉപയോഗിക്കുന്നവരും ഉണ്ട്. എങ്കിലും സ്വർണ്ണം അനിവാര്യമാണ്. സ്വർണ്ണമില്ലാതെ വിവാഹം പൂർണ്ണമാവുന്നില്ല. 20 ദശലക്ഷത്തോളം വിവാഹങ്ങൾ ഒരു വർഷം ഇന്ത്യയിൽ നടക്കുന്നുണ്ട്. പക്ഷേ ഇതിലെല്ലാം സ്വർണ്ണം അവിഭാജ്യഘടകമാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ അല്ല, അവനവന്‍റെ കഴിവിനുതകുന്ന സ്വർണ്ണം തീർച്ചയായും വിവാഹത്തിന് വാങ്ങിയിട്ടുണ്ടാകും.

പുതിയ ജനറേഷൻ ഒരുപാട് സ്വർണ്ണം വാരിക്കോരി അണിയാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിലും വിവാഹത്തിന് ആവശ്യമായ സ്വർണ്ണം അവരും വാങ്ങുന്നു. “ആന്‍റിക് ഡിസൈനുകളും പാറ്റേണുകളുമാണ് ഇപ്പോൾ കൂടുതൽ ഡിമാന്‍റ്. അതും എക്സ്ക്ലൂസീവ് പീസുകൾ വേണമെന്ന ഡിമാന്‍റ്.” മലബാർ ഗോൾഡ് കൊച്ചി ബ്രാഞ്ച് മാനേജർ പറയുന്നു. ട്രഡീഷണൽ ഡ്രസിനായാലും റിസപ്ഷനായാലും യെലോ ഗോൾഡ് ഓർണമെന്‍റ്സ് ഉപയോഗിക്കുന്നതിനേക്കാൾ ആന്‍റിക് ടച്ച് ഉള്ള ആഭരണങ്ങളാണ് ചോദിച്ചു വാങ്ങുന്നത്. നീല ഡ്രസ് ആണെങ്കിൽ നീല നിറത്തിലുള്ള കല്ല് വച്ച് ആഭരണങ്ങൾ എന്നൊക്കെയുള്ള ചിന്തകൾ ഇപ്പോഴില്ല. ഡ്രസുമായി ഓവറോൾ മാച്ച് ചെയ്യുന്ന മോഡേൺ എക്‌സ്ക്ലൂസീവ് പറ്റേണുകൾക്കാണ് ആവശ്യക്കാർ.

ചെട്ടിനാട്, അൺകട്ട് ഡയമണ്ട്, എത്നിക്സ് സ്റ്റൈൽ ഇവയ്ക്കൊക്കെ പ്രിയമുണ്ട്. കല്യാണം കഴിഞ്ഞാലും ഇവ മാറ്റാതെ ഉപയോഗിക്കാം. ഡിറ്റാച്ച് ജ്വല്ലറിയും ട്രെന്‍റാണ്. ഒരേ ആഭരണം തന്നെ ഇട്ട് തോന്നാവുന്ന മടുപ്പ് ഒഴിവാക്കാൻ ഡിറ്റാച്ചബിൾ ജ്വല്ലറിയ്ക്ക് കഴിയും.  മിക്കവരും വിവാഹ നിശ്ചയം മുതൽ സ്വർണ്ണത്തിന്‍റെ പർച്ചേസ് ആരംഭിക്കാറുണ്ട്. നിശ്ചയങ്ങൾക്ക് ഡയമണ്ട് ആഭരണങ്ങളാണ് ഫാഷൻ. ആ ആഭരണങ്ങൾ വിവാഹത്തിന് പിന്നെ ഉപയോഗിക്കാറില്ല.

ഹിന്ദു മുസ്ലീം വിവാഹങ്ങളിൽ ട്രഡീഷണൽ ആഭരണങ്ങൾക്ക് കൂടുതൽ ഡിമാന്‍റുണ്ട്. എന്നാൽ ക്രിസ്ത്യൻ വിവാഹത്തിൽ ഗൗണിനൊപ്പം ഡയമണ്ട് ആഭരണങ്ങളാണ് കൂടുതൽ ചോദിച്ചു വാങ്ങുന്നത്. റിസപ്‌ഷൻ പാർട്ടികൾക്ക് അൺകട്ട് ഡയമണ്ട് ആഭരണങ്ങളാണ് താരം. ഇപ്പോൾ വിവാഹത്തിന് ഡയമണ്ട് പർച്ചേസ് മിഡിൽ ക്ലാസ് മുതലുള്ള കുടുംബങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞു.

new gen wedding

പെണ്ണിനു മാത്രമല്ല, ആണിനും ആഭരണങ്ങൾ ഇപ്പോൾ പാഷനാണ്. പക്ഷേ പ്ലാറ്റിനം പോലുള്ള ആഭരണങ്ങളാണെന്നു മാത്രം. മാല, മോതിരം, ചെയിൻ ഇങ്ങനെ റോയൽ ലുക്ക് ലഭിക്കുന്ന പ്ലാറ്റിനം ആഭരണങ്ങളാണ് ബ്രൈഡ് ഗ്രൂമിന്‍റെ ഡിമാന്‍റ്. എന്തായാലും ജീവിതത്തിൽ ആദ്യമായിട്ടാണല്ലോ ഇത്രയും ആഭരണങ്ങൾ ഒരു പെൺകുട്ടി അണിയുന്നത്. അത് അണിയുമ്പോൾ അവൾ ഒരു രാജകുമാരി ആവണം എന്ന ആഗ്രഹം തന്നെയാണ് പ്രധാനം.

നാവിലാണ് സന്തോഷം!

ഇതെന്താണ്? ഈ സദ്യയ്ക്കിതെന്താ മാറ്റം…! ചിലയിടത്ത് നാടൻ തട്ടുകട, ചിലയിടത്ത് വിദേശി, അറബിക് ഫുഡ് കൗണ്ടറുകൾ, ചിലയിടത്ത് ഹൊ…. പേരുപോലും അറിയാൻ പറ്റാത്ത എന്തൊക്കെയോ. ആകെ കൺഫ്യൂഷനായല്ലോ. അന്തവും കുന്തവുമില്ലാതെ ഒരു ഉത്സവപ്പറമ്പിൽ ചെന്നപോലെയാണ് ഇപ്പോൾ കല്യാണ സദ്യ നടക്കുന്ന സഥലങ്ങൾ. മുൻപൊക്കെ കൊതിയോടെ ഓടിച്ചെന്ന് കുടിക്കാൻ തിരക്കു കൂട്ടിയിരുന്ന സ്ക്വാഷിന്‍റെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് കല്യാണ വേദിയിലേക്ക് ചെന്നു നോക്കിയാൽ അവിടെ കാത്തിരിക്കുന്നത് കളർഫുൾ ഡ്രിങ്ക്സ്… മെറൂണും ക്രീമും പച്ചയും മഞ്ഞയും… വെൽക്കം ഡ്രിങ്ക് പോലും തീം വെഡ്ഡിംഗിന്‍റെ കുപ്പായമണിഞ്ഞിരിക്കുന്നു.

സ്റ്റേജിനും വസ്‌ത്രത്തിനും വീഡിയോയ്ക്കുമെല്ലാം ചെലവഴിക്കുന്നതിനേക്കാൾ പ്രാധാന്യത്തോടെ കല്യാണവിരുന്നിന് ചെലവാക്കാൻ ആളുകൾ റെഡിയാണിന്ന്. ഇപ്പോഴത്തെ മോഡേൺ കല്യാണ സദ്യ കഴിക്കുമ്പോൾ ഇത്രയും പേർക്ക്, ഇത്രയും വിഭവങ്ങളൊക്കെ എങ്ങനെ റെഡിയാക്കുന്നു എന്ന് അതിശയം തോന്നിയേക്കാം. കാറ്ററിംഗ് സർവീസുകാരും വീട്ടുകാരുമായി നിരവധി ചർച്ച നടത്തിയ ശേഷമാണ് ഇങ്ങനെ ഒരു പൂരപ്പറമ്പ് തയ്യാറാവുന്നത്!

കുറച്ചുനാൾ മുമ്പ് കേരളത്തിൽ നടന്നൊരു കല്യാണത്തിന്‍റെ മെനുവിൽ നൂറിലേറെ വെറൈറ്റികൾ ഉണ്ടായിരുന്നു. എത്ര തരം ഫുഡ് ഉണ്ട് എന്നത് സ്റ്റാറ്റസ് സിംബലായ ഇക്കാലത്ത്, അതിനനുസരിച്ച് പുത്തൻ സ്റ്റൈലുകളും വിഭവങ്ങളും കല്യാണ വിരുന്നിനൊരുക്കാൻ തയ്യാറാണ്? ആതിഥേയരും കാറ്ററിംഗ് സർവീസുകാരും.

സാധാരണ യാത്രാ സൗകര്യം പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഒരാഴ്ച മുമ്പ് വീട്ടിൽ എത്തിച്ചേരുന്ന ബന്ധുക്കളും സ്വന്തക്കാരും ചേർന്ന് കല്യാണസദ്യ ഒരുക്കുമായിരുന്നു. സാരിയോ മുണ്ടോ വലിച്ചു കെട്ടിയ കല്യാണവേദിയിൽ വീട്ടുകാർ തന്നെ സദ്യ വിളമ്പും. നല്ല സ്വാദിഷ്ഠമായ സദ്യ. അങ്ങനെ ഒരു കാലത്തെ ഓർമ്മയിലേക്ക് പിന്തള്ളിയാണ് ഇപ്പോഴത്തെ കല്യാണവിരുന്നുകൾ ആഘോഷം തീർക്കുന്നത്.

90കൾക്ക് ശേഷമാണ് കല്യാണ സദ്യയിൽ ആഡംബരം കണ്ടു തുടങ്ങിയതെന്ന് വർഷങ്ങളുടെ സർവീസ് പാരമ്പര്യമുള്ള കൊച്ചിയിലെ വികെവി കാറ്ററേഴ്സിന്‍റെ സാരഥി വി.കെ വർഗ്ഗീസ് പറയുന്നു. കോടീശ്വരന്മാരുടെ കല്യാണങ്ങൾക്കു മാത്രമാണ് മുൻപൊക്കെ ഇമ്മാതിരി സദ്യ ഒരുക്കമുണ്ടായിരുന്നത്. ഇപ്പോൾ അണുകുടുംബം വർദ്ധിച്ചു. ആളുകൾക്ക് സാമ്പത്തികവും കൂടി. അതിനാൽ കല്യാണ സദ്യ വിഭവങ്ങളുടെ കൂടി ആഘോഷമാക്കാൻ ഒരു മടിയുമില്ല ആർക്കും. സദ്യയിൽ പലതരം വിഭവങ്ങളും സ്‌ഥാനം പിടിച്ചു.

തനി കേരള നാടൻ ഭക്ഷണം മുതൽ ഇറ്റാലിയൻ രുചി വരെ ഉണ്ടാകും. എത്ര ഐറ്റംങ്ങൾ സ്‌ഥാനം പിടിച്ചാലും മോഡേൺ വിഭവങ്ങൾ വന്നാലും ആളുകൾക്ക് കൂടുതൽ ഇഷ്‌ടം ട്രഡീഷണൽ ഫുഡ് തന്നെ.

മൂന്ന് തരം ഗ്രൂപ്പ് ആണ് ഭക്ഷണം കഴിക്കുന്നത്. കുട്ടികൾ, 15-50 വയസ്സിലുള്ളവർ, 50 തിനു മുകളിലുള്ളവർ. ഈ മൂന്നു വിഭാഗത്തെ കേന്ദ്രീകരിച്ചാണ് സദ്യ ഒരുക്കുന്നത്. കുട്ടികൾക്കു വേണ്ടി എരിവില്ലാത്തതും ഫണ്ണി ഐറ്റങ്ങൾ ഉള്ളതുമായ കിഡ്സ് കോർണർ ഇപ്പോൾ ട്രെന്‍റാണ്. അവരെ അടക്കി ഒതുക്കി ഇരുത്താൻ സഹായിക്കുന്ന കാർട്ടൂണോ മറ്റോ ആ കോർണറിൽ സ്‌ഥാനം പിടിച്ചിട്ടുണ്ടാകും.

15-45 പ്രായത്തിലുള്ളവർ കൂടുതലും ഫ്രൈഡ്റൈസ്, ചിക്കൻ പോലുള്ള വിഭവങ്ങളുടെ ആരാധകരാണ്. 50 തിനു മുകളിൽ ഉള്ളവർക്ക് പലർക്കും ട്രഡീഷണൽ ഫുഡ് ആണ് പ്രിയം. കൊച്ചിയിലെ വിരുന്നുകാരല്ല, കൂത്താട്ടുകുളത്തെ വിരുന്നുകാർ. ഈ വ്യത്യാസം മനസ്സിലാക്കി ഓരോ ഏരിയയുടെ ഭക്ഷണശീലവും മനസ്സിലാക്കി വേണം ഭക്ഷണം ഒരുക്കാൻ. നാട്ടിൻ പുറങ്ങളിലാണെങ്കിൽ ഭക്ഷണം നന്നായി കഴിക്കും. നഗരങ്ങളിൽ ആളുകൾ കൂടുതൽ ഹെൽത്ത് കോൺഷ്യസ് ആണ്. ഭക്ഷണം കുറച്ചേ കഴിക്കൂ.

സദ്യയ്ക്ക് ഉപയോഗിക്കുന്ന പ്ലേറ്റും ടേബിൾ ക്ലോത്തു പോലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. സദ്യ കൊടുക്കുമ്പോൾ ഓരോരുത്തരും കസ്റ്റമറാണല്ലോ. പലതരത്തിലുള്ള ആളുകൾ വരും, സദ്യയ്ക്ക് അവരെയെല്ലാം തൃപ്തിപ്പെടുത്തേണ്ടത് ഭക്ഷണം വിളമ്പുന്നവന്‍റെ ഉത്തരവാദിത്തമാണ്.

ഒരു സദ്യ നടക്കുമ്പോൾ രണ്ടുപേർ, നിറയെ ചോദിച്ചു വാങ്ങിച്ചു കഴിക്കാൻ തുടങ്ങി. കുറേയൊക്കെ കൊടുത്ത് കഴിഞ്ഞപ്പോൾ വിളമ്പുകാർക്ക് സംശയം. ഇവർക്ക് ഇനിയും കൊടുക്കണോ? പക്ഷേ ഞാൻ പറഞ്ഞു, ഭക്ഷണം തരില്ല എന്നു പറയാൻ പാടില്ല. അവർക്ക് മതിയാവുന്നതു വരെ കൊടുത്തേക്കൂ. അതനുസരിച്ച് വിളമ്പിക്കൊടുത്തു, പിന്നെ അവർക്ക് ഐസ്ക്രീം വേണം. രണ്ട് കപ്പ് ഐസ്ക്രീം കഴിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഡീസന്‍റ് ആയി വിളമ്പിയതു കൊണ്ട് രണ്ടെണ്ണത്തിൽ നിർത്തുന്നു. അല്ലെങ്കിൽ 15 ഒക്കെയാണ് ഞങ്ങളുടെ ഹോബി എന്ന്. സദ്യ വിളമ്പുന്നവരോട് കലഹിക്കാൻ വഴിയുണ്ടോന്ന് നോക്കി നടക്കുന്നവർ കൂടി കാണും. ഇങ്ങനെ ഓരോ കസ്റ്റമറേയും തൃപ്തിപ്പെടുത്തണം. വെറുതെയാണോ കല്യാണത്തിന്‍റെ സന്തോഷം നാവിലാണ് എന്നു പറയുന്നത്!

എന്തായാലും,കുറച്ചു കാലം എല്ലാം ഒന്ന് മങ്ങി നിൽക്കുകയായിരുന്നു. കോവിഡ് വാക്‌സിൻ വന്നതോടെ കാര്യങ്ങൾ കൂടുതൽ ഉഷാർ ആവുകയാണ്. കൊറോണയെ പേടിച്ചു കല്യാണം നീട്ടിവച്ചുകൊണ്ടിരിക്കാൻ ഇനി ആളെ കിട്ടില്ല..!!!

और कहानियां पढ़ने के लिए क्लिक करें...