ദളിതരെ അരികുവൽക്കരിക്കാനുള്ള ശ്രമങ്ങൾ എന്നും നില

നിൽക്കുന്നുണ്ട്. ദളിത് ജീവിതാവസ്ഥയെക്കുറിച്ചും വ്യവസ്ഥിതി അവരെ പുറന്തള്ളുന്നതിനെക്കുറിച്ചും വിനീത വിജയൻ സ്വന്തം അനുഭവത്തിലൂടെ വെളിപ്പെടുത്തുന്നു…

വിപരീത പരിതസ്ഥിതികളെ നേരിട്ട് സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്‌ക്ക് ധൈര്യപൂർവ്വം നടന്നു കയറിയ ആളാണ് വിനീത വിജയൻ. വീട്ടിൽ പഠിക്കാനും പഠിപ്പിക്കാനുമുള്ള സാഹചര്യം ഇല്ലാഞ്ഞിട്ടുപോലും സ്വന്തം പ്രതീക്ഷയും ഇച്‌ഛാശക്‌തിയും കൊണ്ട് ബിഎ റാങ്ക് വരെ കരസ്ഥമാക്കി വിനീത. പിജി കഴിഞ്ഞ് നീറ്റ് പാസായി. ഇപ്പോൾ മുഴുവൻ സമയ റിസർച്ചർ ആണ്. ഡോക്‌ടറേറ്റ് എടുക്കണമെന്നാണ് വിനീതയുടെ അതിയായ ആഗ്രഹം. ദളിത് പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന ആക്‌ടിവിസ്‌റ്റ് കൂടിയായ വിനീത വിജയൻ സംസാരിക്കുന്നു…

പഠിക്കുന്ന കാലത്ത് എന്തെങ്കിലും തരത്തിലുള്ള വിവേചനം സ്‌കൂളിലോ കോളേജിലോ അനുഭവപ്പെട്ടിട്ടുണ്ടോ?

ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. വീട്ടിലെ സാഹചര്യം അതിന് അനുകൂലമായിരുന്നില്ലെങ്കിലും. പഠനത്തിൽ മാത്രമല്ല ക്രിയാത്മകമായ മറ്റ് പ്രവർത്തനങ്ങളിലും ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മുന്നിട്ടു നിന്നിരുന്നു. കഥകളും കവിതയുമൊക്കെ എഴുതുമായിരുന്നു. മറ്റ് കുട്ടികൾക്കിടയിൽ ഞാൻ വേറിട്ടു നിന്നു. അതുകൊണ്ട് തന്നെ വിവേചനം എനിക്ക് ഫീൽ ചെയ്‌തിട്ടില്ല. സ്റ്റൈപന്‍റ് വാങ്ങുന്ന സമയത്ത് ചമ്മൽ തോന്നിയതൊഴിച്ചാൽ സ്കൂളിൽ യാതൊരു തരത്തിലുള്ള വേർതിരിവും അധ്യാപകരുടെ ഭാഗത്ത് നിന്നോ സഹപാഠികളിൽ നിന്നോ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.

കോളേജിൽ ചേർന്നപ്പോഴാണ് കഥ മാറിയത്. മനുഷ്യർ പക്വതയാർജ്‌ജിക്കുമ്പോഴാണല്ലോ ജാതി വേർതിരിവ് വരുന്നത്. 18 വയസ്സോടുകൂടി വിവേചനം ഞാൻ അറിഞ്ഞിരുന്നു. വളരുംതോറും ആളുകളുടെ ഉള്ളിൽ ജാതി സ്പിരിറ്റും വളരും. കോളേജ് പഠനകാലത്തൊക്കെ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് രണ്ട് അനിയന്മാരാണ്. അവരും ഇത്തരം വിവേചനത്തിലൂടെ കടന്നു പോയിട്ടുണ്ടാവാം.

വീട്ടിൽ എല്ലാവരും പഠിക്കാൻ മിടുക്കന്മാരായിരുന്നോ?

ഞാനും എന്‍റെ അനിയന്മാരും പഠനത്തിൽ മിടുക്കരായിരുന്നു. മൂത്തയാൾ എൽഎൽബിക്ക് പോയിരുന്നു. പക്ഷേ അനിയനെ പഠിപ്പിക്കാനായി ജോലിക്ക് പോകേണ്ടി വന്നു. ഇളയ അനിയൻ ഇപ്പോൾ ഡോക്‌ടറായി സേവനമനുഷ്ഠിക്കുകയാണ്. ഞങ്ങൾക്ക് സാമ്പത്തിക ഭദ്രതയൊന്നും ഉണ്ടായിരുന്നില്ല. പഞ്ചായത്തിന്‍റെ ചെറിയ സഹായം ലഭിച്ചിരുന്നു. ഞാൻ മെഡിക്കൽ എൻട്രൻസ് നീറ്റ് എഴുതി കിട്ടിയിരുന്നു. ആ കോഴ്സുമായി പൊരുത്തപ്പെടാൻ പറ്റിയിരുന്നില്ല. അതിനാൽ തിരിച്ചു പോന്നു. അച്‌ഛൻ 45-ാം വയസ്സിൽ മരിച്ചു. മദ്യപാനിയായിരുന്നു. പിന്നെ അമ്മയാണ് ഞങ്ങളെ വളർത്തിയത്. കൂലി പണിയെടുത്തും, വീട്ടുജോലി ചെയ്‌തുമാണ് അമ്മ ഞങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്നത്.

നിറത്തിന്‍റെ പേരിലും വിവേചനം ഉണ്ട്. ജാതിയും നിറവും ആയുധമാക്കപ്പെടുകയാണോ?

ദളിതരെ അരികുവൽക്കരിക്കാനുള്ള ശ്രമങ്ങൾ എന്നും നില നിൽക്കുന്നുണ്ട്. ഇന്ത്യയിലെ പത്രസ്‌ഥാപനങ്ങളിൽ പോലും 10 ശതമാനം ദളിത് പത്രപ്രവർത്തകർ ഇല്ല. ഇന്‍റർവ്യൂ സമയത്ത് നിറത്തിന്‍റെ പേരിൽ മാത്രം പുറംതള്ളപ്പെടുന്ന എത്രയോ പേരുണ്ട്. ദൃശ്യമാധ്യമ രംഗത്ത് സുന്ദരികളെ മാത്രം മതി. ഇതൊരു അലിഖിത മാനദണ്ഡമാണ്. എത്ര കറുത്ത നിറമുള്ള വാർത്താവായനക്കാരെ നമുക്ക് എടുത്ത് കാണിക്കാൻ പറ്റും? നമ്മുടെ ന്യൂസ് ഡസ്ക്കുകളും സവർണ്ണവൽക്കരിക്കപ്പെട്ട ഒന്നാണ്. ജിഷ, അശ്വതി സംഭവങ്ങൾ എത്ര ദിവസം പുഴ്ത്തി വച്ചതിനു ശേഷമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

വിദ്യാഭ്യാസം കൊണ്ട് മാത്രം ആരും ലിബറൽ ആവുന്നില്ല. ജാതി ചിന്ത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സവർണ്ണബോധം വിദ്യാസമ്പന്നരിലും നിലനിൽക്കുന്നു…

ജാതി ചിന്ത വിദ്യാഭ്യാസം കൊണ്ട് മാറ്റിയെടുക്കാമെന്ന് വിചാരിക്കുന്നത് തന്നെ തെറ്റായ ചിന്തയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു അനുഭവം പറയാം. വീട്ടിൽ നിന്ന് കോളേജിൽ പോയി  വരാനുള്ള അസൗകര്യം കണക്കിലെടുത്ത് ഞാൻ കോളേജിന്‍റെ അടുത്ത് വാടക വീട് അന്വേഷിച്ചിരുന്നു. ഒരാൾ മുഖേന ഒരു വീട് കിട്ടി. ഉടമസ്‌ഥനെ ചെന്ന് കണ്ടു സംസാരിച്ചു. എന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹം ചോദിച്ചത് ഏതു കാസ്റ്റ് ആണ് എന്നാണ്? കാസ്റ്റിന് താമസിക്കാനല്ല, എനിക്ക് താമസിക്കാനാണ് വീട് ചോദിച്ചത് എന്ന് ഞാൻ പറഞ്ഞു. തെളിവിനായി ഞാൻ തിരിച്ചറിയൽ കാർഡ് കൊടുക്കാമെന്ന് പറഞ്ഞു. പക്ഷേ ജാതി തെളിയിച്ച് എനിക്ക് വീട് ആവശ്യമില്ല. മാനസ്സികമായി ഒത്തുപോകില്ലെന്നുള്ളത് കൊണ്ട് ഞാൻ അവിടെ താമസിക്കാൻ തയ്യാറായില്ല. ആ വീടിന്‍റെ ഉടമ ഒരു ഡോക്‌ടർ ആയിരുന്നു എന്നു കൂടി ഓർക്കണം. ജാതിയുടെ കാര്യം വരുമ്പോൾ അഭ്യസ്ഥവിദ്യർപ്പോലും പെരുമാറുന്നത് ഇങ്ങനെയാണ്.

തൊഴിലിടങ്ങളിലും ദളിതരോട് അവഗണനയുണ്ടോ?

തീർച്ചയായും ഉണ്ട്. ഞാൻ പഠനം കഴിഞ്ഞയിടെ ഒരു സ്വകാര്യ സ്‌ഥാപനത്തിൽ കുറച്ചുനാൾ ജോലി നോക്കിയിരുന്നു. ഞാൻ ജോയിൻ ചെയ്‌ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവിടത്തെ ഒരു സ്‌റ്റാഫിന്‍റെ വീട്ടിൽ ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു. അവിടെ ചടങ്ങിനു പോയി വന്ന ഒരാൾ ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോഴാണ് ഓഫീസിലേക്ക് കയറി വന്നത്. അപ്പോൾ, എന്തേ ഭക്ഷണം കഴിക്കാതെ പോന്നോ? എന്ന് ഒരു സഹപ്രവർത്തക അവരോട് ചോദിച്ചു.

“എന്തൊക്കെ പറഞ്ഞാലും അവര് മറ്റേതല്ലേ?” എന്നാണവർ മറുപടി പറഞ്ഞത്. ആദ്യം എനിക്കത് മനസ്സിലായില്ല. പൊലയര് ക്രിസ്ത്യാനികൾ ആയി മാറിയ ഒരു കൂട്ടരുണ്ടല്ലോ… പുതു ക്രിസ്ത്യാനികൾ” അവര് മറ്റേ ഇനം തന്നെയല്ലേ. അതിനാൽ ഗിഫ്റ്റ് കൊടുത്തു പോന്നു.” ആളുകളുടെ മനോഭാവം ഇങ്ങനെയൊക്കെയാണ്. മറ്റുള്ളവരെ കാണിക്കാനായി കീഴ് ജീവനക്കാരുടെ വീട്ടിൽ പോകും. പക്ഷേ ഭക്ഷണം കഴിച്ചാൽ ജാതി വ്രണപ്പെടും.

ദളിത് ആക്ടിവിസം പറഞ്ഞു നടക്കാൻ ഇന്ന് പലർക്കും താൽപര്യമാണ്…

ദളിത് ആക്‌ടിവിസത്തിനും ഒരു പ്രശ്നമുണ്ട്. സ്ത്രീയോ പുരുഷനോ ദളിതർക്ക് വേണ്ടി വാദിക്കുമ്പോൾ ചൂഷണത്തെപറ്റി പറയുമ്പോൾ നീതി നിഷേധത്തെപ്പറ്റി പറയുമ്പോൾ അവൾ ആ സമൂഹം അംഗീകരിക്കുന്ന ഒരു ഫ്ളാറ്റ് ഫോമിലേക്ക് വളരണം. അങ്ങനെ നേടിയെടുക്കുന്ന സ്‌ഥാനത്തിരുന്നിട്ട് വേണം കാര്യങ്ങൾ വിളിച്ചു പറയേണ്ടത്. അല്ലാതെ ദളിത് സ്വത്വരാഷ്ട്രീയം പ്രസംഗിച്ചാൽ ആരും തന്നെ അവരെ ചെവി കൊള്ളുകയില്ല. അങ്ങനെയുള്ള ഒരു ഉയരത്തിലേക്ക് സ്വയം എത്തിചേരണം. അബേദ്കറെ ലോകം കേൾക്കുന്നത് അദ്ദേഹം ആ ഉയരത്തിൽ എത്തിയ ശേഷം നിലപാടുകൾ പറഞ്ഞത് കൊണ്ടാണ്. അല്ലാതെ ചെയ്യുന്നതൊക്കെ വെള്ളത്തിൽ വരച്ച വരപ്പോലെയായിപോകും. കാവാലം നാടൻ പാടുകൾ പാടിയപ്പോൾ അവാർഡ് കിട്ടി. അത് ദളിതർ നൂറ്റാണ്ടുകൾക്ക് മുമ്പ് പാടിയ പാട്ടുകളാണ്. ഫോക്‌ലോറിന്‍റെ ഭാഗമാണത്. ദളിതർ അംഗീകരിക്കപ്പെടണമെങ്കിൽ സാമൂഹികമായ അപകർഷത വിട്ട് മാറണം. ഈ അപകർഷതാബോധമാണ് അവരെ പിറകോട്ട് വലിക്കുന്നത്. ദളിത് എന്ന് വിളിക്കാം. ആനുകൂല്യങ്ങൾ കൈപറ്റാം. പക്ഷേ ജാതി പറയാൻ മടി. ടിവിയിൽ വന്നിരുന്ന് ദളിതനു വേണ്ടി വാദിക്കുന്നതല്ല ആക്‌ടിവിസം.

ദളിതർക്ക് വേണ്ടിയുള്ള സാമൂഹ്യപദ്ധതികള്‍‍ ഒന്നും തന്നെ ഫലപ്രദമാക്കുന്നില്ലേ?

ധാരാളം പദ്ധതികൾ ഉണ്ട്. ഓർമ്മയിൽ നിന്ന് ഒരു കാര്യം പറയാം. 70 ശതമാനം ദളിതരും 10-ാം ക്ലാസോടു കൂടി വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണ്. 30 ശതമാനത്തിൽ തന്നെ സർക്കാർ ജോലി കിട്ടുന്നത് 10 ശതമാനതിന് താഴെയാണ്. കണക്ക് ഇതാണ്. പട്ടികജാതി വികസനത്തിനായി ചെലവഴിക്കുന്ന ഫണ്ട് ഉപകാരപ്രദമാക്കുന്നോ എന്ന് പഠനവിധേയമാക്കണം. ഫണ്ട് ചെലവഴിച്ച് കൊണ്ട് മാത്രം കാര്യമില്ല. കൊഴിഞ്ഞു പോകുന്നത് തടയാൻ നടപടി ഉണ്ടാവണം.

20 ശതമാനം വിദ്യാർത്ഥികളും കൊഴിഞ്ഞു പോകുന്നത് സാമ്പത്തികമായ പിന്നോക്കാവസ്‌ഥകൊണ്ടാണ്. അത് മാറേണ്ടേ? പലരും തൊഴിൽ തേടിപോവുകയാണ്. നിസ്സാരമായ സ്റ്റൈപെന്‍റ് ആണ് കിട്ടുന്നത്. ഭക്ഷണവും താമസവും കൂടാതെ പോക്കറ്റ് മണിയായി മാസം ഒരു വിദ്യാർത്ഥിക്ക് 200 രൂപയാണ് നൽകുന്നത്. ഇതുകൊണ്ട് ചെലവ് നടക്കുമോ? പട്ടിക ജാതി വകുപ്പിന്‍റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എല്ലാ ജില്ലകളിലും ഉണ്ട്. തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണവിടെ കൊടുക്കുന്നത്. ജയിലുകളിൽ ഇതിലും മാന്യമായത് കിട്ടും. മുമ്പ് ഞങ്ങൾ വകുപ്പ് മന്ത്രിയെ കണ്ട് പരാതി കൊടുത്തിരുന്നു. ദളിത് വിദ്യാർത്ഥി ഫെഡറേഷന്‍റെ ഇടപ്പെടൽ കാരണം ഒരു ഉത്തരവ് വന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. സർക്കാർ പദ്ധതികളെപ്പറ്റി ആരും അറിയിക്കാറില്ല. എസ്സി ഡെവലപ്പ്മെന്‍റ് ഓഫീസർ അറിയിപ്പ് നൽകാറില്ല.

ഫണ്ട് നൽകുന്ന കാര്യത്തിലും വിവേചനം ഉണ്ട് അല്ലേ?

ഇല്ലെന്ന് പറയാൻ കഴിയില്ല. ന്യൂനപക്ഷത്തുള്ള സാമ്പത്തിക പിന്നോക്കാവസ്‌ഥയിൽ നിൽക്കുന്നവർക്ക് 1000 രൂപ മാസം കൊടുക്കുന്നുണ്ട്. എസ്സി ഡെവലപ്പ്മെന്‍റ് ഫണ്ടിൽ നിന്നാണ് ഈ തുക കൊടുക്കുന്നത്. ഇത് പ്രകടമായ അനീതിയല്ലെ? ദളിത് വിദ്യാർത്ഥികൾക്ക് 200 രൂപ കിട്ടുമ്പോഴാണ് അവരുടെ ഫണ്ടിൽ നിന്ന് മറ്റുള്ളവർക്ക് 1000 രൂപ വിതരണം ചെയ്യുന്നത്.

ദളിതർ സമൂഹത്തിൽ ഉന്നത സ്‌ഥാനം നേടിയെടുത്താലും അംഗീകരിക്കാൻ പലർക്കും മടിയാണ്?

ദളിത് വിഭാഗത്തിൽ നിന്ന് ഏതെങ്കിലും ഒരാൾ കഴിവ് കൊണ്ട് ഉയർന്ന് വരുമ്പോൾ വിലകുറച്ച് കാണുന്ന മനോഭാവം സമൂഹത്തിനുണ്ട്. എനിക്ക് ബിഎ റാങ്ക് കിട്ടിയ സമയത്ത്, “നിങ്ങൾപ്പോയി പരീക്ഷ പേപ്പറിൽ പേരെഴുതിയാൽ പോരെ പാസാകില്ലെ” എന്നാണ് ഒരു ചേച്ചി ചോദിച്ചത്. “പരീക്ഷാ പേപ്പറിൽ ജാതി എഴുതാനുള്ള കോളം ഇല്ലല്ലോ” എന്നാണ് ഞാൻ മറുപടി പറഞ്ഞത്.

ജോലി നേടിയാലും ആനുകൂല്യമാണെന്നേ പറയൂ. ദളിതർ ഉയർന്നുവരുമ്പോൾ വിലക്കുറച്ച് കാണാനുള്ള ശ്രമം  എല്ലാ ഭാഗത്ത് നിന്നും ഉണ്ട്.

കവിതയിലും കഥയിലും ദളിത് വിഷയമാണോ കൂടുതലും കൈകാര്യം ചെയ്യുന്നത്?

എന്‍റെ ചുറ്റുപാടുകളിൽ നിന്നാണ് സർഗ്ഗാത്മകമായ രചനകൾക്കുള്ള വിഷയം ലഭിക്കുന്നത്. നമ്മുടെ ജീവിതം അതിൽ പ്രതിഫലിക്കുമല്ലോ. സോഷ്യൽ മീഡിയകളിൽ ഞാനിപ്പോൾ കൂടുതൽ എഴുതാറുണ്ട്.

സോഷ്യൽ മീഡിയയിലും ദളിത് വിവേചനം ഉണ്ടോ?

കറുത്ത മുഖചിത്രം ഇടാൻ മടിയുള്ളതിനാൽ പൂവിന്‍റെയും പൂമ്പാറ്റയുടെയും ചിത്രം പൊഫൈൽ ചിത്രമാക്കുന്നവരുണ്ട്. ദളിതനാണെന്ന അപകർഷതാബോധമാണിതിനു കാരണം. രമ്യ എന്ന കുട്ടിയുടെ ഒരു പോസ്‌റ്റ് കണ്ടു. അവൾ നല്ല കറുപ്പാണ്. അവൾ ഒരു ചിത്രം ഇട്ടു അപ്പോൾ തന്നെ എഫ്ബിയിൽ കമന്‍റ് വന്നു. വൃത്തികെട്ട ചിത്രം ഇട്ട് ആളുകളെ പേടിപ്പിക്കുന്നതെന്തിനാ? അവൾ പക്ഷേ ബോൾഡായാണ് മറുപടി കൊടുത്തത്.  എന്‍റെ രൂപം കറുപ്പാണ്. അത് എന്‍റെ വ്യക്‌തിത്വത്തിന്‍റെ ഭാഗമാണ്. ഞാൻ ഇനിയും പോസ്‌റ്റ് ചെയ്യും. നിറത്തിന്‍റെ പേരിൽ എന്നെ മാറ്റി നിർത്തണ്ട. പക്ഷേ പലർക്കും അപകർഷതാ ബോധം ഉണ്ട്.

ദളിതർ എന്ന സ്വത്വബോധത്തിലേക്ക് ഓരോ ദളിതനും വളർന്നു വരണം. ലൈക്ക് കിട്ടുമോ, ഷെയർ കിട്ടുമോ എന്നുള്ള ഭയം എന്തിനാണ്? എന്‍റെ ചിന്ത ഒറ്റയല്ല. കുറെ പേരുണ്ട് എന്ന തോന്നൽ തീർച്ചയായും വേണം. ഡിസ്ക്രിമിനേഷൻ അനുഭവിക്കുന്ന ആരും ദളിതനാണ് എന്നാണ് എനിക്ക് തോന്നുന്നത്. മാറ്റി നിർത്തപ്പെടുന്നവർ, നീതി നിഷേധിക്കപ്പെടുന്നവർ എല്ലാം ദളിത് ആണ്. അരിക് മാറ്റപ്പെട്ടവരെല്ലാം തന്നെ ദളിതരാണ്. അതിന് ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ല.

और कहानियां पढ़ने के लिए क्लिक करें...