ഇന്നത്തെ കാലത്ത് വീട്ടിൽ ഒരാൾക്ക് അസുഖം വന്നാൽ വലഞ്ഞതു തന്നെ. നാലിൽ കൂടുതൽ അംഗങ്ങൾ, അതായത് അച്‌ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും മാത്രമുള്ള കുടുംബങ്ങളാണ് അധികവും. ഇവർക്കിടയിൽ ഒരാൾക്ക് രോഗം വന്നാൽ മതി ജീവിതമാകെ താളം തെറ്റാൻ. ഇത്തരം സാഹചര്യങ്ങൾ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാൻ സാധ്യത ഉണ്ട്. അതിനാൽ അതീവ ജാഗ്രത പാലിക്കുന്നത് ആണ് നല്ലത്.

രോഗം വരാതെ നോക്കുകയോ ഗുരുതരമാകാതെ നോക്കുകയോ ആണ് അഭികാമ്യം. “കൂട്ടുകുടുംബ വ്യവസ്‌ഥയിൽ നിന്ന് അണു കുടുംബ വ്യവസ്‌ഥയിലേക്ക് ഭാരതീയർ മാറിയത് വിദേശ സംസ്കാരത്തിന്‍റെ ചുവട് പിടിച്ചാണ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ ന്യൂക്ലിയർ ഫാമിലിയിൽ കഴിയുന്ന വൃദ്ധന്മാരുടെയും കുഞ്ഞുങ്ങളുടെയും ഉത്തരവാദിത്തം സർക്കാർ വഹിക്കാറുണ്ട്. സുരക്ഷയും സൗകര്യങ്ങളും യഥാവിധി സർക്കാർ നൽകുന്നതിനാൽ ആർക്കും തന്നെ ഒറ്റപ്പെടൽ മൂലമുള്ള പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കേണ്ടി വരില്ല.” ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നെഫ്രോളജിസ്റ്റ് ഡോ. ജിതേന്ദ്ര ചൂണ്ടിക്കാട്ടുന്നു.

രോഗം വന്നാലോ ചികിത്സാ സൗകര്യം ആവശ്യം വന്നാലോ പ്രത്യേക വാഹനത്തിൽ ഗതാഗതകുരുക്കുകളിൽ പെടാതെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം വിദേശ രാജ്യങ്ങളിൽ സജീവമായുണ്ട്. നമ്മുടെ നാട്ടിൽ ഈ വക സംവിധാനങ്ങളോ സാഹചര്യമോ ഇല്ലാത്തതിനാൽ അണു കുടുംബത്തിൽ രോഗവും രോഗസാധ്യതയും വളരെയേറെ സങ്കീർണ്ണതയുണ്ടാക്കുന്നു.

രോഗലക്ഷണങ്ങളെ തള്ളിക്കളയരുത്

എന്നത്തേയും അപേക്ഷിച്ച് ക്ഷീണമോ, മറ്റ് അസ്വസ്ഥതകളോ തോന്നിയാൽ അലസമായി തള്ളിക്കളയാതെ ഡോക്‌ടറുടെ ഉപദേശം തേടണം. ചെറിയ ലക്ഷണങ്ങൾ അവഗണിക്കാതിരുന്നാൽ വലിയ പ്രശ്നങ്ങളെ വിളിച്ചു വരുത്താതിരിക്കാം. ഫാമിലി ഡോക്‌ടർ ഉണ്ടെങ്കിൽ അദ്ദേഹവുമായി ആരോഗ്യപ്രശ്നങ്ങൾ തുറന്നു സംസാരിക്കുക. വീട്ടിൽ നിന്ന് മറ്റൊരാൾ നിങ്ങളുടെ പ്രശ്നം മനസ്സിലാക്കി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുകയും ചെയ്യരുത്.

ഡോക്‌ടറോട് തുറന്നു പറയാം

ഡോക്‌ടറെ കാണാൻ പോകുമ്പോൾ എല്ലാം തുറന്നു സംസാരിക്കുക. എന്താണ് സ്വയം തോന്നുന്നത് എന്ന് ഡോക്‌ടറോടും പങ്കുവയ്‌ക്കാം. ഡോക്‌ടറുടെ ചോദ്യങ്ങൾക്കും സത്യസന്ധമായ ഉത്തരം നൽകുക. ഭാവനയിൽ കണ്ട് ഒരു കാര്യവും കൂട്ടി പറയരുത്. ഡോക്‌ടർക്ക് ആശയക്കുഴപ്പം ഉണ്ടായേക്കാം. ഇക്കാലത്ത് എല്ലാതരം രോഗങ്ങൾക്കും ചികിത്സ ഉണ്ടെന്ന സത്യം രോഗി അറിഞ്ഞിരിക്കണം. കാൻസർ ആയാലും ക്ഷയമായാലും പേടിക്കേണ്ട കാര്യമില്ല.

പ്രിസ്ക്രിപ്ഷൻ സൂക്ഷിക്കാം

ഡോക്‌ടറെ കാണുന്ന നേരത്ത് അദ്ദേഹം കുറിച്ചു തരുന്ന പ്രിസ്ക്രിപ്ഷൻ ഭദ്രമായി സൂക്ഷിച്ചു വയ്‌ക്കുക. ഏതെങ്കിലും ശാരീരിക അസ്വസ്ഥത ആവർത്തിച്ചുണ്ടാകുന്നുണ്ടെങ്കിൽ പഴയ കുറിപ്പടികൾ ആവശ്യമായി വരും. ഇങ്ങനെ രോഗം വരുന്നുണ്ടെങ്കിൽ ഭാവിയിൽ അത് തീവ്രമാകാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കി ഉചിതമായ ചികിത്സ തേടാം. ഇക്കാര്യം ഡോക്‌ടറോടും തുറന്നു സംസാരിക്കണം.

ഡോക്‌ടറെ കാണുമ്പോൾ

ശരീരത്തിൽ ഏതു ഭാഗത്തു വിഷമം വന്നാലും ജനറൽ ഫിസിഷ്യനെ കാണുന്ന ശീലം നമുക്കുണ്ട്. ഫാമിലി ഡോക്‌ടറെ കണ്ടാൽ പൊതുവായ ഒരു ധാരണ കിട്ടിയേക്കും. എന്നാൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെങ്കിൽ സ്പെഷ്യലിസ്‌റ്റുകളെ കാണുന്നത് നന്നായിരിക്കും. അതിലൂടെ ചികിത്സയുടെ ദൈർഘ്യം കുറയ്‌ക്കുകയും ചെയ്യാം. പല്ലുവേദന വന്നാൽ ദന്തഡോക്ടറെ കാണുന്നതു പോലെയാണ് ശരീരത്തിലെ ഓരോ ഭാഗവും.

രോഗം അവഗണിക്കരുത്

രോഗ ലക്ഷണങ്ങൾ പലപ്പോഴായി ശ്രദ്ധയിൽ പെട്ടാൽ പോലും പലരും അതെല്ലാം അവഗണിക്കുകയാണ് പതിവ്. ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് മുഴകളോ നീരോ പ്രത്യക്ഷപ്പെടുക, മലത്തിൽ രക്‌തം വരിക, മോണയിൽ നിന്ന് പഴുപ്പ് വരിക, കൂടെകൂടെ ചുമ ഉണ്ടാകുക ഇങ്ങനെ പലതും വലിയ രോഗങ്ങളുടെ ലക്ഷണമാകാം. എന്നാൽ മാസങ്ങളോളം ഇതൊക്കെ സഹിക്കുകയും രൂക്ഷമാവുമ്പോൾ ഡോക്ടറെ സമീപിക്കുകയും ചെയ്താൽ കാര്യങ്ങൾ പിടിവിട്ടു പോയേക്കാം.

മെഡിക്കൽ കാർഡ്

ഗുരുതരമായ രോഗം എന്തെങ്കിലും അലട്ടുന്ന ആളാണെങ്കിൽ മെഡിക്കൽ കാർഡ്, റിപ്പോർട്ട്, ഡയറി ഇങ്ങനെ എന്തെങ്കിലും ബാഗിൽ സൂക്ഷിക്കാം. യാത്രക്കിടയിൽ ഒരു പ്രശ്നം ഉണ്ടായാൽ ഡോക്‌ടറെ കാണേണ്ടി വന്നാൽ സൗകര്യമാവും. ഇനി മറ്റൊരാളാണ് ആശുപത്രിയിലെത്തിക്കുന്നതെങ്കിൽ പോലും ഈ ഡയറി അവർക്കും പ്രയോജനപ്പെടും. അപകടങ്ങളിലോ മറ്റോ പെട്ടാലും ഈ മെഡിക്കൽ കാർഡുണ്ടെങ്കിൽ ശരിയായ ചികിത്സ ഡോക്‌ടർക്കു നൽകാൻ കഴിയും.

മെഡിക്കൽ ഡയറിയിൽ സ്വന്തം അഡ്രസ്സും ബന്ധപ്പെടേണ്ട നമ്പറും നൽകിയിരിക്കണം. രോഗമുണ്ടെങ്കിൽ മെഡിക്കൽ ഡയറിയിൽ ടെസ്‌റ്റ്, മരുന്നുകൾ, ഭക്ഷണക്രമം എവ സംബന്ധിച്ചും വിവരങ്ങൾ ചേർക്കാം. ചെയ്യേണ്ട ടെസ്‌റ്റുകളെ കുറിച്ചും ഒരു ധാരണ ഉണ്ടാക്കാൻ ഇത് സഹായിക്കും. കഴിക്കുന്ന മരുന്നുകളുടെ പേര്, അളവ്, ഇവയും ഡയറിയിൽ കുറിച്ചു വയ്‌ക്കാം. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ അവർക്ക് ഫോണിലും തങ്ങളുടെ മെഡിക്കൽ ഡയറി ഉണ്ടാക്കാം.

ആധുനിക മെഡിക്കൽ സൗകര്യം

ആശുപത്രിയിൽ പോയി ബുക്ക് ചെയ്യാനും മറ്റും സമയം കിട്ടാത്തവരാണെങ്കിൽ സ്മാർട്ട് ഫോൺ സൗകര്യം യഥാവിധി ഉപയോഗിക്കണം. പലതരം ആപ്ലിക്കേഷനുകൾ ഫോണിൽ ലഭ്യമാണ്. ഡയറ്റ് അലർട്ട്, ഹെൽത്ത് പ്ലാൻ തുടങ്ങി പലതും ഫോണിൽ സെറ്റ് ചെയ്യാം. ഡോക്‌ടറുമായി ചാറ്റ് ചെയ്‌ത് രോഗം നിർണയിക്കാനും പ്രിസ്ക്രിപ്ഷൻ വാങ്ങാനുമുള്ള ആപ്ലിക്കേഷനുകളും ലഭ്യമാണ്. ചെറിയ പ്രശ്നങ്ങൾ, രോഗ ലക്ഷണങ്ങൾ ഉവയെക്കുറിച്ച് അഭിപ്രായം ആരായാനും മറ്റും ഈ സൗകര്യം നല്ലതാണ്. ഡോക്‌ടറെ കാണാൻ മണിക്കൂറുകൾ കാത്തുനിൽക്കാതെ ഇത്തരം കാര്യങ്ങൾ പരിഹരിക്കാം. വീഡിയോ കോൺഫറൻസിംഗിലൂടെ ഡോക്‌ടറെ കാണുന്ന രീതി ഇന്നത്തെ കാലത്ത് ഉചിതം.

വീട്ടുകാരുടെ സഹകരണം

അണു കുടുംബമായാലും കൂട്ടുകുടുംബമായാലും അംഗങ്ങളിലാർക്കെങ്കിലും ഗുരുതരമായ രോഗം പിടിപെട്ടാൽ, മറ്റു അംഗങ്ങളുടെ ശാരീരികവും മാനസികവുമായ പിന്തുണ വേണ്ടി വരും. അണു കുടുംബങ്ങളിൽ പെട്ടവർ രോഗിയാകുമ്പോൾ ഒറ്റപ്പെടൽ കൂടുതൽ അനുഭവപ്പെടും. ഒരാൾക്കു ആരോഗ്യം നഷ്‌ടമായാൽ ബാക്കി അംഗങ്ങൾ കുടുംബത്തിലെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. രോഗി, പരമാവധി സ്വന്തം കാര്യങ്ങൾ എങ്കിലും സ്വയം നോക്കാൻ ശേഷിയുള്ളതായാൽ മറ്റുള്ളവർക്ക് ആശ്വാസമാകും. രോഗിയ്ക്ക് തന്‍റെ രോഗത്തെ നേരിടുന്നതിനുള്ള മാനസിക ധൈര്യവും പ്രധാനമാണ്.

  • എത്ര ഗുരുതരമായ രോഗമായാലും ചികിത്സ ഇക്കാലത്ത് ലഭ്യമാണ്. രോഗത്തിൽ നിന്ന് മോചനം നേടാൻ കഴിയും എന്ന ആത്മവിശ്വാസം രോഗിക്കുണ്ടാവണം.
  • രോഗിക്ക് സ്വയം ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും അങ്ങനെ തന്നെ ചെയ്യാൻ ശ്രമിക്കുക. ഡോക്‌ടറെ കാണാനും തനിച്ചു പോകാം.
  • എത്ര തിരക്കുണ്ടെങ്കിലും വീട്ടിലൊരാൾക്കു അസുഖമുണ്ടെങ്കിൽ അയാളുടെ ആരോഗ്യ വിവരങ്ങൾ മറ്റംഗങ്ങൾ ദിവസവും രണ്ടു പ്രാവശ്യമെങ്കിലും ചോദിച്ചറിയണം.
  • രോഗം വരുന്നതിനു മുമ്പ് ഓഫീസിൽ പോയിക്കൊണ്ടിരിക്കുകയും രോഗം വന്നതിനു ശേഷം ജോലി ഇല്ലാതാവുകയും ചെയ്‌ത വ്യക്‌തിയാണെങ്കിൽ മാനസികമായ പിന്തുണ വളരെയധികം വേണ്ടി വരും.
और कहानियां पढ़ने के लिए क्लिक करें...