മദ്ധ്യ കേരളത്തിലെ പുരാതനവും പ്രസിദ്ധവുമായ ആ ദേവാലയം വർണ്ണാഭമായ നഗരത്തിനു ഒരു സിന്ദൂര തിലകമെന്ന പോലെ അങ്ങനെ തലയുയർത്തി നിൽക്കുകയാണ്.

ദേവാലയവും മണിമന്ദിരവും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഏതാണ്ട് അമ്പതടി അകലെ കല്ലുകൾ കൊണ്ട് കനത്ത മതിലു കെട്ടി വേർതിരിച്ചിരിക്കുന്ന സെമിത്തേരിയാണ്. അതിന്‍റെ വിശാലമായ കവാടങ്ങൾ കടന്ന് ഉള്ളിലേയ്ക്ക് പോകുമ്പോൾ മാർബിളിലും ഗ്രാനൈറ്റിലും കടപ്പാക്കല്ലിലും മറ്റും തീർത്ത വലുതും ചെറുതുമായ പലതരം കല്ലറകൾ.

സെമിത്തേരിയുടെ നടുവിലായി വലതു ഭാഗത്ത് അത്രയൊന്നും ആർഭാടങ്ങളില്ലാതെ മുകളിൽ കടപ്പാക്കല്ല് വിരിച്ച ഒരു സാധാരണ കുഴിമാടം. പലതരം പുഷ്പങ്ങളാൽ അലംകൃതമായ അതിനു ചുറ്റും കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന മെഴുകുതിരികളുടെയും സുഗന്ധവാഹിയായ ചന്ദനത്തിരികളുടെയും ഒരു സുരഭില പരിവേഷം. ആ കല്ലറയ്ക്കു മുന്നിൽ നിറഞ്ഞ കണ്ണുകളോടെ വിതുമ്പുന്ന ഹൃദയവുമായി കൂപ്പുകയ്യോടെ പ്രാർത്ഥനാ നിർഭരരായി ഉത്തരം കിട്ടാത്തൊരു ചോദ്യചിഹ്നം പോലെ നിൽക്കുന്ന ഒരു യുവതിയും അവരോട് ചേർന്ന് രണ്ട് പിഞ്ചോമന മക്കളും. കഴിഞ്ഞ ചില മാസങ്ങളായി മിക്കവാറും ദിവസങ്ങളിലെ നിത്യ കാഴ്ചയാണത്.

വേർപിരിഞ്ഞു പോയ തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശിച്ച് ചുറ്റുമുള്ളവർ പിരിഞ്ഞു പോയാലും ആ അമ്മയും മക്കളും അവിടെത്തന്നെ കാണും മണിക്കൂറുകളോളം. സൂര്യൻ തലയ്ക്കു മുകളിൽ കത്തി ജ്വലിച്ചാലും അവരത് അറിയാറില്ല. തുടക്കത്തിൽ വികാരിയച്ചനോ കപ്യാരോ മറ്റോ അവരെ തൊട്ടുണർത്തി ആശ്വസിപ്പിച്ച് പറഞ്ഞുവിടുമായിരുന്നു. എന്നാൽ ഇപ്പോൾ ആരും അവരെ ശല്യം ചെയ്യാറില്ല. കരഞ്ഞെങ്കിലും അവരുടെ ദുഃഖത്തിനൽപ്പം ശമനം വരട്ടേയെന്ന് അവരും കരുതി കാണും. ജീവിതത്തിന്‍റെ മുന്തിരിച്ചാർ നുണഞ്ഞു തുടങ്ങും മുമ്പ് തന്നെ കണ്ണുനീരിന്‍റെ കയ്പുനീർ കുടിക്കുവാൻ വിധിക്കപ്പെട്ടവർ. ചിറകൊടിഞ്ഞു പോയ ആ അമ്മയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും.

“പപ്പയെന്തിയേ മമ്മീ…? നമ്മളെയൊക്കെ വിട്ട് പപ്പ എവിടെയാ മമ്മീ പോയത്…?”

മനം നൊന്തു കരയുന്ന മക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ അസ്ത്രപ്രജ്ഞയായി മിഴിച്ചു നിൽക്കുന്ന എമിലി മമ്മിയേക്കാൾ പപ്പയെയാണ് അവർ ഏറെ സ്നേഹിച്ചത്. ഒരിക്കലും ദേഷ്യപ്പെടുകയോ നോവിക്കുകയോ ചെയ്യാത്ത പപ്പയെ അവർക്ക് ജീവനായിരുന്നു. എന്തിനും ഏതിനും അവർക്ക് പപ്പ തന്നെ വേണമായിരുന്നു.

അതിരാവിലെ എണീറ്റ് ബെഡ് കോഫി കൊടുത്ത് എല്ലാവരേയും വിളിച്ചുണർത്തി മക്കളെ പല്ല് തേപ്പിച്ച് കുളിപ്പിച്ചൊരുക്കി സ്ക്കൂളിൽ കൊണ്ടു വിടുന്നതും തിരിച്ചു കൊണ്ടു വരുന്നതും എല്ലാം റോയിച്ചനായിരുന്നു. വല്ലപ്പോഴും എമിലി കുട്ടികളെ ശാസിക്കുകയോ തല്ലുകയോ ചെയ്യുമ്പോൾ ഇടയ്ക്കു വന്ന് പിടിച്ചു മാറ്റുന്നതും അവരുടെ പ്രിയപ്പെട്ട പപ്പയായിരുന്നു. തനിക്കും മക്കൾക്കും ഇനി ആരുണ്ട്? അവളുടെ കണ്ണുകൾ വാർന്നൊഴുകി.

അത്തിമറ്റത്തിൽ റോയിച്ചന്‍റെ ആ കൊച്ചു വീട് അയൽക്കാർക്കെന്നും സംസാര വിഷയമായിരുന്നു. ബാങ്ക് മാനേജരായ റോയിച്ചൻ. കോളേജ് ലക്ചററായ ഭാര്യ എമിലി. പ്രൈമറി സ്ക്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾ റിജോയും റിൻസിയും. അതാണ് അവരുടെ ലോകം.

സ്നേഹത്തിന്‍റെയും പരസ്പര വിശ്വാസത്തിന്‍റെയും അരക്കിട്ടുറപ്പിച്ചിരുന്ന കുടുംബ ബന്ധങ്ങളുടേയും ഒരു ഗുരുകുലം തന്നെയാണവിടം. അയൽവീടുകളെ പോലെ പരാതികളോ വഴക്കോ വക്കാണമോ അടിപിടിയോ നിലവിളിയോ ഒന്നും തന്നെ അവിടെ നിന്ന് ഒരിക്കലും ഉയർന്നു കേട്ടിട്ടില്ല.

നഗരത്തിന്‍റെ തിരക്കിൽ നിന്നുമകന്ന് ഇടത്തരക്കാർ തിങ്ങിപ്പാർക്കുന്ന ആ പ്രദേശത്തെ ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള ആ വീട് ചെറുതെങ്കിലും മനോഹരമാണ്. അയൽക്കാർക്കെന്നും സഹായഹസ്തവുമായെത്തുന്ന യുവതിയായ വീട്ടമ്മ.

എമിലിയിൽ നിന്ന് എന്തെങ്കിലുമൊരു സഹായം സ്വീകരിച്ചിട്ടില്ലാത്ത ആരും തന്നെ ആ അയൽപക്കത്തില്ല. റോയിച്ചൻ വീട്ടിലെന്നല്ല ആരോടും ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. ആരേയും വശീകരിക്കുന്ന ആ സൗമ്യഭാവം. അതാണ് അയാളുടെ ഏറ്റവും വലിയ സമ്പത്ത്.

ബാങ്കിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നവും അതെത്ര തന്നെ വലുതാ യാലും റോയിച്ചൻ ഇടപെട്ടാൽ അതിനൊരു പരിഹാരമായി. അതുകൊണ്ടായിരിക്കും ഒരു ബ്രാഞ്ചു മാനേജർ മാത്രമായിരുന്ന അയാളെ അസിസ്റ്റന്‍റ് ജനറൽ മാനേജരായി നിയമിക്കാൻ ഡയറക്ടർ ബോർഡ് ഐകകണ്ഠേന തീരുമാനിച്ചത്.

ഓഫീസിൽ നിന്ന് വന്നാൽ ജോലിയിൽ തന്നെ സഹായിക്കുകയും കുട്ടികളോടൊത്ത് ചേർന്നിരുന്ന ആ മുഖം മനസ്സിൽ നിന്നു പോകുന്നില്ല. സ്ഥാനക്കയറ്റം കിട്ടിയതിനു ശേഷം ആദ്യത്തെ ഡയറക്ടർ ബോർഡ് മീറ്റിംഗിനു പോയ ആ ദിവസം എമിലിയുടെ ഓർമ്മയിൽ വന്നു.

“ഓ… ഇന്നെന്തുപറ്റി? ഇതു ശരിയാകുന്നില്ലല്ലോ. ധൃതി പിടിച്ച് ചെയ്‌താൽ ഒന്നും ശരിയാകത്തില്ല.” നെക് ടൈ ശരിയാക്കി കൊണ്ട് അയാൾ പിറുപിറുത്തു. പിന്നെയും ശരിയാകാതെ വന്നപ്പോൾ അകത്തേയ്ക്കു നോക്കി വിളിച്ചു.

“കൊച്ചേ, അവിടെ എന്തെടുക്കുവാ…?” ഭാര്യയെ അയാൾ മോളെ, കൊച്ചേ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അടുക്കളയിൽ തിരക്കിലായിരുന്ന അവൾ ഓടിക്കിതച്ചെത്തിയപ്പോൾ കഴുത്തിൽ കുരുക്കിട്ടു നിൽക്കുന്ന റോയിച്ചനെയാണ് കണ്ടത്.

“ങാ… അല്ലെങ്കിലും ഇദ്ദേഹം എന്തുചെയ്താലാണ് നേരെയാകുന്നത്?” ടൈ ശരിയാക്കിക്കൊടുത്തു കൊണ്ട് അവൾ പറഞ്ഞു. പിന്നെയാണ് അവൾ റോയിച്ചന്‍റെ കാലിലേയ്ക്ക് ശ്രദ്ധിച്ചത്. അവൾക്കു ചിരി പൊട്ടി.

“ഞാനീ മനുഷ്യനെ ക്കൊണ്ടു തോറ്റു. വലിയ ബാങ്കുമാനേജരാണെന്നു പറഞ്ഞിട്ടെന്തു കാര്യം. സ്വന്തം കാലിൽ ഷൂസിടാൻ പോലും അറിയത്തില്ല.”

അപ്പോഴാണ് കാലിലെ ഷൂസ് പരസ്പരം മാറിപ്പോയ കാര്യം അയാളറിയുന്നത്. സുസ്മേര വദനനായി ഭാര്യയെ ചേർത്തു പിടിച്ചു കൊണ്ട് അയാൾ അവളുടെ കാതിൽ മൊഴിഞ്ഞു.

“ഇതൊക്കെ നോക്കാൻ മോളടുത്തുള്ളപ്പോൾ പിന്നെ ഞാനെന്തിനു പേടിക്കണം?” അയാളുടെ കൈ തട്ടി മാറ്റി കൃത്രിമ കോപം നടിച്ചുകൊണ്ട് അവൾ പറഞ്ഞു.

“അങ്ങോട്ടു മാറ് മനുഷ്യാ കൊച്ചുങ്ങളിങ്ങോട്ടു വരും. ശൃംഗരിക്കാൻ കണ്ടൊരു നേരം. എന്താ ഇപ്പോഴിങ്ങേ രുടെ തിരക്കു കഴിഞ്ഞോ…?”

പെട്ടെന്നോർത്തിട്ട് അയാൾ പറഞ്ഞു. “എന്‍റമ്മോ… ഇന്നൊരു ബോർഡു മീറ്റിംഗ് ഉണ്ട്. ഹെഡ് ഓഫീസിൽ ഉടനെ പോകണം. പിള്ളേരെ സ്ക്കൂളിൽ വിട്ടേക്കണേ മോളെ. എനിക്കിന്ന് അശേഷം നേരമില്ല.”

“അവർക്കിന്ന് സ്ക്കൂൾ ഒഴിവാ. എനിക്കും. ഇന്നലെ പറഞ്ഞത് മറന്നു പോയോ?” അപ്പോഴാണ് മകൻ റിജോയും മകൾ റിൻസിയും അകത്തു നിന്നും വന്നത്. “ഗുഡ്മോണിംഗ് പപ്പാ… ഗുഡ്മോണിംഗ് മമ്മീ..”

“ഗുഡ്മോണിംഗ് ങാഹാ… ഇന്ന് ഒഴിവാണല്ലോ. അപ്പോൾ അടിപൊളി കളിയായിരിക്കുമല്ലോ?”

“ഇല്ല പപ്പാ… അൽപനേരം കളിച്ചേച്ച് പിന്നെ ഞങ്ങൾ പഠിക്കും. ഹോംവർക്ക് ഒത്തിരി ചെയ്യാനുണ്ട്” റിജോ പറഞ്ഞു.

“ഓകെ, ദാറ്റ്സ് ഗുഡ്. അപ്പോൾ പപ്പ ഇറങ്ങട്ടെ. സീ യു” ബ്രീഫ്കേസും എടുത്തു കൊണ്ട് റോയിച്ചൻ ഇറങ്ങിയപ്പോൾ എമിലി ഓർമ്മിപ്പിച്ചു.

“സൂക്ഷിച്ചു കാറോടിക്കണേ റോയിച്ചാ…”

സ്നേഹവും ശാന്തിയും സമാധാനവുമായി ആനന്ദത്തിന്‍റെ അനന്തവിഹായസ്സിൽ പാറിപ്പറന്നുല്ലസിച്ചിരുന്ന ആ ഉല്ലാസപ്പറവകളുടെ നന്ദനോദ്യാനത്തിൽ ഓർക്കാപ്പുറത്താണ് ദുരന്തങ്ങൾ ഒരു ശനിപാതം പോലെ ആ കുടുംബത്തിൻ മേൽ ആഞ്ഞടിച്ചത്. നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതു പോലെ പെട്ടെന്ന് ഇരുട്ടിലാണ്ടു പോയി.

റോയിച്ചൻ പോയതിനു ശേഷം അടുക്കളയിൽ ജോലിയിലായിരുന്ന എമിലി അസഹ്യമായ നെഞ്ചുവേദനയാൽ തളർന്നു വീണു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് എമിലിയെ പ്രസിദ്ധ കാർഡിയോളജിസ്റ്റും ഫാമിലി ഡോക്ടറുമായ ഡോ.ഗോപിനാഥന്‍റെ ക്ലിനിക്കിൽ എത്തിച്ചത്.

ഐസിയുവിൽ കിടത്തി വേണ്ടതെല്ലാം ചെയ്‌ത് അവൾ അപകടനില തരണം ചെയ്‌തുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഡോക്ടർ ഗോപിനാഥൻ റോയിച്ചന്‍റെ ബാങ്കിലേയ്ക്ക് വിളിച്ചത്. അപ്പോഴാണ് അറിയുന്നത് പെട്ടെന്ന് തലകറങ്ങി വീണ് സുബോധം നഷ്ടപ്പെട്ട അയാളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്. എമിലിയെ തന്‍റെ അസിസ്റ്റന്‍റുമാരെ ഏൽപ്പിച്ച് ഡോക്ടർ ഗോപിനാഥൻ തന്‍റെ സുഹൃത്തിന്‍റെ അടുത്തെത്തി.

റോയിച്ചനെ ബ്രെയിൻ ട്യൂമർ എന്ന മസ്തിഷക രോഗം കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. ആറേഴു മാസങ്ങൾക്കു മുമ്പ് ഡോക്ടർ നിർബന്ധിച്ചാണ് അയാളെ പരിശോധനകൾക്കു വിധേയനാക്കിയത്. പക്ഷേ അപ്പോഴെയ്ക്കും വളരെ വളരെ വൈകിപ്പോയിരുന്നു. കൂടി വന്നാൽ അഞ്ചോ ആറോ മാസങ്ങളെ അയാൾ ജീവിച്ചിരിക്കൂ എന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം.

റോയിച്ചന്‍റെ ആഗ്രഹപ്രകാരം മറ്റാരേയും ഇത് അറിയിച്ചിട്ടില്ല. ഹൃദയഗതി തകരാറിലായ എമിലി നേരത്തെ തന്നെ ഡോക്ടർ ഗോപിനാഥന്‍റെ ചികിത്സയിലാണ്. ദിവസങ്ങൾ തോറും അവളുടെ ഹൃദയം ദുർബ്ബലമായിക്കൊണ്ടിരിക്കുകയാണ്. ഹൃദയം മാറ്റി വയ്ക്കലല്ലാതെ അതിന് മാറ്റൊരു പരിഹാരമില്ല. തനിക്കെന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് എമിലിയുടെ ഹൃദയം മാറ്റി വയ്ക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹം. അതിനായി റോയിയും ഡോക്ടറും കൂടി കിണഞ്ഞു പരിശ്രമിച്ചു വരികയാണ്. എന്നാൽ യോജിച്ചതൊന്നും ഒത്തു വന്നില്ല.

അങ്ങനെ മാനസികമായും ശാരീരികവുമായി തളർന്നിരിക്കുമ്പോഴാണ് മിന്നൽപ്പിണർ പോലെ ഒരു ചിന്ത അയാളുടെ മനസിലേയ്ക്ക് ഓടിയെത്തിയത്. എന്‍റെ തന്നെ ഹൃദയം എമിലിയ്‌ക്ക് നൽകാൻ സാധിച്ചാൽ… അതെ… അതു നടക്കണം… നടന്നേ മതിയാകൂ… ഭാര്യയേയും മക്കളേയും തന്നേക്കാളേറെ സ്നേഹിച്ച ആ കുടുംബ സ്നേഹിക്കു കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല.

തന്‍റെ സുഹൃത്തിന്‍റെ തീരുമാനമറിഞ്ഞ ഡോക്ടർ ഗോപിനാഥൻ സ്തംഭിച്ചു പോയി. എന്നാൽ രണ്ടു ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിയുന്നതു തന്നെ ഉത്തമമാണെന്നു ഡോക്ടർക്ക് അറിയാമായിരുന്നു. പിന്നെ അമാന്തിച്ചില്ല. എമിലി അറിയാതെ രണ്ടുപേരെയും ആവശ്യമായ എല്ലാ ടെസ്റ്റുകൾക്കും വിധേയമാക്കി. അതെ, അത് അവർക്ക് അനുകൂലമായിരുന്നു. എല്ലാം ഭദ്രം.

റോയിച്ചൻ തന്‍റെ അന്ത്യാഭിലാഷം ഒരു സമ്മതപ്രതത്തിന്‍റെ രൂപത്തിൽ തയ്യാറാക്കി ഒരു പ്രതി ഡോക്ടർ ഗോപിനാഥന്‍റെ പക്കലും ഒറിജിനൽ ബാങ്കു ലോക്കറിലും സൂക്ഷിച്ചു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സങ്കടത്തോടെയാണെങ്കിലും എല്ലാവരും കർത്തവ്യനിരതരായി. റോയിച്ചനിനി ഈ ലോകത്ത് മണിക്കൂറുകളേ ബാക്കിയുള്ളുവെന്ന് സ്‌ഥിരീകരിക്കപ്പെട്ടു. ആധുനിക സജ്ജീകരണങ്ങളെല്ലാമുള്ള ഡോക്ടർ ഗോപിനാഥന്‍റെ കാർഡിയാക് കെയർ സെന്‍ററിൽ ആ നഗരത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ട തീയേറ്റർ സജ്ജമായിക്കഴിഞ്ഞു. ഈ രംഗത്ത് പേരുകേട്ട ലോക പ്രശസ്തരായ ഡോക്ടർ ന്യൂട്ടൻ തോമസും ഡോക്ടർ രാമചന്ദ്രനും ഡോക്ടർ അശോകനും അവിടേയ്ക്ക് പറന്നെത്തി.

പിറ്റേ ദിവസം ഏഴര വെളുപ്പിന് റോയിച്ചൻ ഈ ലോകത്തുനിന്ന് യാത്രയായി. ആരോരുമറിയാതെ. തന്‍റെ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാതെ, ഒരു വാക്ക് മിണ്ടാതെ. എന്നാൽ, ചാരിതാർത്ഥ്യത്തോടെ തനിക്കുള്ളതെല്ലാം സ്വകുടുംബത്തിനായി സമർപ്പിച്ചു കൊണ്ട് അയാൾ ഇനിയൊരിക്കലും ഉണരാത്ത സുഖസുഷുപ്തിയിലമർന്നു.

നിമിഷങ്ങൾക്കകം എമിലിയുടെ ഓപ്പറേഷനുള്ള വേദിയൊരുങ്ങി.

ഡോകട്ർ ഗോപിനാഥനടക്കമുള്ള പതിനൊന്നു വിദഗ്‌ധരുടെ മേൽ നോട്ടത്തിൽ ശസ്ത്രക്രിയ നടന്നു. നീണ്ട ഒമ്പതു മണിക്കൂറുകൾക്കു ശേഷം പുറത്തു വന്നപ്പോൾ ഡോക്ടർമാർക്ക് ആശ്വാസത്തിന്‍റെ നെടുവീർപ്പുകൾ. ദൈവാനുഗ്രഹത്താൽ എല്ലാം പരിപൂർണ്ണ വിജയമായിരുന്നു.

ആഴ്ചകൾക്കു ശേഷം വീട്ടിലെത്തിയ എമിലിയോട് ഡോക്ടർ ഗോപിനാഥൻ തന്നെയാണ് റോയിച്ചന്‍റെ വിവരങ്ങളെല്ലാം അറിയിച്ചത്. ഒരിക്കലും താങ്ങാനാവാത്തൊരു ആഘാതമായിരുന്നു അവൾക്കത്. തലതല്ലി അലമുറയിട്ട് കരയുന്ന അവളെ ആശ്വസിപ്പിക്കുവാൻ നന്നേ പണിപ്പെടേണ്ടി വന്നു.

“നോക്കൂ… എമിലി ദൈവം വലിയൊരു അനുഗ്രഹമല്ലേ നമ്മോടു കാണിച്ചത്. പിന്നെ ആരുണ്ട്? റോയിച്ചൻ നിങ്ങൾക്കു തന്നിട്ടു പോയ ഈ ജീവന് കരഞ്ഞ് സങ്കടപ്പെട്ട് ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടാക്കരുത്. റോയി അത് ഒരിക്കലും സഹിക്കില്ല കോട്ടോ. ഇതാ റോയിച്ചൻ നിങ്ങൾക്കെഴുതിയ കത്താണിത്. വായിച്ചു നോക്കണം.” ഡോക്ടർ വളരെ മയത്തിൽ അവളെ സാന്ത്വനപ്പെടുത്തി.

റോയിച്ചൻ ആദ്യമായും അവസാനമായും അവർക്കെഴുതിയ ആ എഴുത്ത് ഇങ്ങനെയാണ് അവസാനിക്കുന്നത്.

“ചില കാര്യങ്ങൾ മറച്ച് വയ്ക്കേണ്ടി വന്നതിൽ നിങ്ങൾ എന്നോട് ക്ഷമിക്കണം. നമുക്കിടയിൽ ഇന്നു വരെ ഒരു രഹസ്യവും ഉണ്ടായിരുന്നില്ലല്ലോ. എമിലിയുടെ രോഗത്തിന്‍റെ ഗൗരവം മനസിലായതോടെ എരിയുന്നൊരു നെരിപ്പോടു പോലെ പുകയുകയായിരുന്നു ഞാൻ. നമ്മുടെ കുടുംബത്തിന്‍റെ നിലനിൽപ്പിനു വേണ്ടി ചില സത്യങ്ങൾ മറച്ചു വയ്ക്കുന്നതിൽ തെറ്റില്ലെന്നു എനിക്കു തോന്നി. എന്‍റെ രോഗാവസ്ഥ കൂടി എന്ന് അറിഞ്ഞതോടെ അത് അനിവാര്യമാണെന്നു ബോധ്യപ്പെടുകയും ചെയ്‌തു.”

“നമുക്ക് രണ്ടുപേർക്കും ഒന്നായിരിക്കുവാനുള്ള ഒരേയൊരു മാർഗ്ഗം. ഒരേ സമയം രണ്ടുപേർക്കും ഒന്നിച്ച് മക്കളോടൊപ്പമായിരിക്കുവാനുള്ള ഏറ്റവും നല്ല എളുപ്പ വഴി. മോളെ, ഞാൻ എന്‍റെ ഹൃദയം നിനക്കു തരികയല്ല. നാം ഒന്നായിത്തീരുകയാണ്. അക്ഷരാർത്ഥത്തിൽ തന്നെ. നമ്മളിനി രണ്ടല്ല. ഒരാത്മാവും ഒരു ശരീരവും മാത്രമുള്ള ഒന്നാണ്. ഒരാൾ മാത്രം. അതുകൊണ്ട് എമിലി ഒരിക്കലും കരയരുത്. മോളു കരഞ്ഞാൽ മക്കളും കരയും. മക്കൾക്ക് ഇനി നീ മാത്രമേയുള്ളൂ. ജീവിതാവസാനം വരെ നമ്മൾ ഒന്നാണ്. നിങ്ങളാരും കരയരുത്. എനിക്ക് സഹിക്കാനാവില്ലെന്ന് നിനക്കറിയാമല്ലോ. സന്തോഷമായിരിക്കുക. ഞാൻ കൂടെത്തന്നെയില്ലേ. നമ്മളൊന്നല്ലേ.”

 

സ്നേഹപൂർവ്വം റോയിച്ചൻ

और कहानियां पढ़ने के लिए क्लिक करें...