ഹേ മാഡം എന്നെ അടിച്ചുതളിക്കാരി എന്ന് വിളിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു. എന്നെ എന്തെങ്കിലും വിളിക്കണമെങ്കിൽ വളരെ സ്നേഹത്തോടെ പേര് വിളിക്കാം. അല്ലെങ്കിൽ മേഡ് സർവ്വന്‍റ് എന്നോ മേഡ് എന്നോ വിളിക്കാമല്ലോ.

മാഡം, ഞാൻ അടിച്ചുതളിക്കാരിയല്ല. അത് ഓർമ്മ വേണം. എനിക്ക്  ഇവിടുത്തെ ജോലി ആവശ്യമൊന്നുമില്ല. എന്നെയാണ് നിങ്ങൾക്ക് ആവശ്യം. എനിക്ക് എല്ലായിടത്തു നിന്നും ഓഫർ ഉണ്ട്. ഒരു വീട് വിട്ടാൽ 10 വീട് എനിക്ക് കിട്ടും. എന്നെ വേണമെങ്കിൽ ജോലിക്ക് വച്ചാൽ മതി.

ഒരു കാര്യം കൂടി പറഞ്ഞേക്കാം. ഞാൻ എന്‍റെ സൗകര്യത്തിനു മാത്രമേ ജോലിയെടുക്കുകയുള്ളൂ. എന്നെ നിയമിക്കുന്നുണ്ടെങ്കിൽ സമയത്തിന്‍റെ കാര്യമൊന്നും പറയരുത്. എനിക്ക് തോന്നിയ സമയത്ത് ഞാൻ വന്ന് ജോലി ചെയ്തിട്ടു പോകും. ലീവ് പറയാനൊന്നും എന്നെ കിട്ടില്ല. നിങ്ങളെപ്പോലെ ഞാൻ ഓഫീസിലൊന്നുമല്ല പണിയെടുക്കുന്നത്.

ഓഫീസിലേതുപ്പോലെ കൃത്യസമയത്തൊന്നും വരേണ്ടതില്ലല്ലോ. അതിനാൽ ഞാൻ സമയവും സൗകര്യവും അനുസരിച്ചേ ജോലിക്ക് വരൂ. അതുകൊണ്ട് ഇന്ന സമയത്ത് വരണമെനൊന്നും എന്നോട് പറഞ്ഞേക്കരുത്. മാഡത്തിന് മനസ്സിലായോ?

പിന്നെ വേറൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. എനിക്ക് മൊബൈൽ ഉണ്ട്. ഞാനത് എത്ര സമയം വേണമെങ്കിലും ആരെ വേണമെങ്കിലും എപ്പോ വേണമെങ്കിലും വിളിക്കുകയോ സംസാരിക്കുകയോ ചെയ്യും. അതിൽ തലയിടാൻ വന്നേക്കരുത്. മൊബൈൽ ഓഫാക്കി ജോലിയെടുക്ക് എന്ന് മാത്രം കൽപ്പിക്കരുത്. ആരും എന്‍റെ സ്വകാര്യതയിൽ ഇടപെടുന്നത് എനിക്കിഷ്ടമല്ല.

പിന്നെ എപ്പോ വേണമെങ്കിൽ ഒരു ചായ ഇട്ട് കുടിക്കാനുള്ള സൗകര്യവും എനിക്ക് അനുവദിച്ചു തരണം. മിക്ക വീടുകളിലും അവർ തന്നെ ഇട്ട് തരാറാണ് പതിവ്. പാൽ ചായ ആണെങ്കിൽ വളരെ നല്ലത്.

വേറൊരു കാര്യം കൂടിയുണ്ട് മാഡം, ഞാൻ ഉച്ചക്കാണ് വരുന്നതെങ്കിൽ എന്‍റെ പ്രിയപ്പെട്ട ടിവി സീരിയൽ കാണാനുള്ള സമയം കൂടി എനിക്ക് വേണ്ടി വരും. ഈ സമയത്ത് ഞാൻ ഫുൾ സ്പീഡിൽ ഫാൻ ഇടുകയാണെങ്കിൽ മുഖം വീർപ്പിക്കാനൊന്നും വരരുത്. ഇതിനൊപ്പം വരുന്ന പരസ്യം കണ്ട് കണ്ടാണ് എനിക്ക് ഇത്രയും ജനറൽനോളേജ് കിട്ടിയതു തന്നെ!

പാത്രം കഴുകുന്ന പൊടിയിൽ ചെറുനാരങ്ങയുടെ അംശം ഉള്ളതിനാൽ പാത്രങ്ങൾ വെട്ടി തിളങ്ങും എന്നൊക്കെ എനിക്കിപ്പോ അറിയാം. ഇത്തരത്തിലുള്ള പരസ്യങ്ങൾ ഞങ്ങളെപ്പോലുള്ള ഹൗസ് മേഡുകളെ ഉദ്ദേശിച്ചാണ് ഇറക്കുന്നത് തന്നെ. വീട്ടിൽ ആര് എന്ത് ഉപയോഗിക്കണമെന്ന് ഞങ്ങളാണല്ലോ  തീരുമാനിക്കുന്നത്. കൈ ചീത്തയാവാതിരിക്കാനും സൗന്ദര്യം നഷ്‌ടപ്പെടാതിരിക്കാനും ഞങ്ങൾ എല്ലാം ശ്രദ്ധിക്കണമല്ലോ. അതിനാൽ ഞാൻ പറയുന്ന പ്രോഡക്‌ട് മാഡം മാർക്കറ്റിൽ നിന്ന് വാങ്ങി വയ്‌ക്കണം.

പിന്നെ വെറെ ഒരു കാര്യം പറഞ്ഞാൽ മുഷിച്ചിൽ തോന്നരുത്. അമ്മായിയമ്മയും അമ്മായിയച്ഛനും വന്ന് താമസിക്കുന്ന വീട്ടിൽ ഞാൻ ജോലിക്ക് നിൽക്കാറില്ല. മറ്റൊന്നുമല്ല അവർ കുതിരകേറുന്നത് എനിക്ക് സഹിക്കാനാവില്ല. ഞാൻ ചിലപ്പോൾ രണ്ടെണ്ണം കൊടുത്തെന്ന് വരും. ഇത്തരക്കാർക്ക് ഹെഡ്മാസ്റ്റർമാരുടെ സ്വഭാവമായിരിക്കും അത് ചെയ്യ്, ഇതു ചെയ്യ്, അവിടെ ശരിയായില്ല ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പിറുപിറുക്കും. ഞാൻ ന്യുജെൻ ആയതിനാൽ ഇതൊന്നും ഒട്ടും പൊറുക്കാൻ കഴിയില്ല മാഡം.

ആ…പിന്നെ… നിങ്ങളുടെ വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ, ഞാൻ ചിലപ്പോൾ അവരെ വഴക്ക് പറഞ്ഞൂന്നോ തല്ലിയെന്നോ വരും. പിന്നെ അതിന്‍റെ പേരിൽ എന്‍റെ മേക്കിട്ട് കയറാൻ വരരുത്. ഇപ്പോ എന്‍റെ വീട്ടിലെ കുട്ടികൾ ആണെങ്കിൽ ഞാൻ ഇതല്ലേ ചെയ്യൂ. അപ്പോ എന്‍റെ സ്വന്തം കുട്ടികളെപ്പോലെയാണ് ഞാനവരെ കണക്കാക്കുന്നതെന്ന് കരുതിയാൽ മതി. പക്ഷേ ചില കൊച്ചമ്മമാരുടെ പിള്ളാരെ പറഞ്ഞത് കേട്ട് എന്‍റെടുത്ത് ചാടിക്കടിക്കാൻ വരും. ഹ… അത്തരം വേലയൊന്നും എന്‍റെടുത്ത് പറ്റില്ല. അല്ല… ഞാൻ ഓർമ്മപ്പെടുത്തിയെന്നേയുള്ളൂ.

പിന്നെ വേറെയുമുണ്ട് കാര്യങ്ങൾ. എനിക്കെന്‍റേതായ റൂൾസ് ആന്‍റ് റഗുലേഷൻസ്  ഉണ്ട്. ജോലിക്കു കയറും മുമ്പ് തന്നെ ഇക്കാര്യങ്ങൾ പറയുന്നതാണ് എന്‍റെ ഒരു രീതി. പിന്നെ പ്രശ്നങ്ങൾ ഒഴിവാക്കാമല്ലോ. മാസത്തിൽ 4 ലീവ് എടുക്കും. ആഴ്ചയിൽ ഒന്ന് വീതം വച്ച്. പിന്നെ എല്ലാ പൊതു അവധി ദിനത്തിലും ഞാൻ വരികയുമില്ല. പിന്നെ രോഗം വന്നാൽ പറയേണ്ടതില്ലല്ലോ. അല്ലാ എനിക്കങ്ങനെ ചെറിയ പനി പോലും വരാറില്ല. എന്നാലും പറയേണ്ടത് പറയണമല്ലോ.

കല്യാണം, മരണം ഒക്കെ ഉണ്ടാവും. അതിതൊക്കെ ചിലപ്പോൾ വിളിച്ചു പറയാൻ പറ്റിയെന്നും വരില്ല. പക്ഷേ ആ ലീവ് ഞാൻ കോമ്പൻസേറ്റ് ചെയ്യാം. ഏതെങ്കിലും അവധി ദിവസം വന്ന് കൊള്ളാം.

ലീവ് ഒപ്പിക്കാൻ എന്‍റെ കൈയിൽ നമ്പറിനൊന്നും കുറവൊന്നും ഇല്ല. പക്ഷേ ഞാനത് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് എല്ലാം നേരത്തെ തന്നെ വെട്ടിത്തുറന്ന് പറയുന്നത്. മാത്രമല്ല നിങ്ങളെ പോലെ വിദ്യാസമ്പന്നയും ഉയർന്ന ഉദ്യോഗസ്‌ഥയുമായ സർവ്വോപരി സുന്ദരിയും സുശീലയുമായ മാഡത്തോട് എനിക്കെങ്ങനെ ഒളിച്ചു കളിക്കാനാവും.

അഡ്വാൻസ് ചോദിക്കുന്നതിനെപ്പറ്റിയും എനിക്ക് ചിലത് പറയാനുണ്ട്. ചില സമയത്ത് അത് നിങ്ങൾക്ക് അഡ്ജസ്റ്റ് ചെയ്തേ പറ്റൂ. നാലായിരം മുതൽ അയ്യായിരം വരെ ഞാൻ അഡ്വാൻസ് വാങ്ങാറുണ്ട്. ആയിരം രണ്ടായിരം വച്ച് ഓരോ മാസവും പിടിച്ചാൽ മതി. അതിനിടയിൽ വിട്ട് പോകുകയാണെങ്കിൽ ഞാൻ മൊത്തം അടച്ചു തീർത്തിട്ടെ പോകൂ. അതു ഞാൻ ഗ്യാരന്‍റി.

ഇനി എന്‍റെ സ്വഭാവത്തെപ്പറ്റി അറിയണമെങ്കിൽ ഞാൻ മുമ്പ് ജോലി ചെയ്‌ത ഇടങ്ങളിലോ ഇപ്പോൾ ജോലിക്ക് പോകുന്ന സ്‌ഥലങ്ങളിലെ ആൾക്കാരോടൊ ചോദിച്ചാൽ മതി. എല്ലാവർക്കും എന്നെ പറ്റി നല്ല അഭിപ്രായമാണ്. ഒരു സ്ഥലത്ത് നിന്നും ഒരു സൂചിപോലും ഇതുവരെ കാണാതായെന്ന് ഒരാളും പരാതി പറഞ്ഞിട്ടില്ല.

ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയും ആൾക്കാരുണ്ടല്ലോ, നിന്നെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം എന്നാണ് എല്ലാവരും പറയുന്നത് മാഡം. എനിക്കറിയാം മാഡത്തിനും എന്നെപറ്റിയുള്ള ആദ്യ ഇംപ്രഷൻ ഇങ്ങനെ തന്നെയായിരിക്കും.

വീടുകളിലെ മെമ്പർമാരുടെ ദിനചര്യ വീട്ടമ്മമാരേക്കാൾ എനിക്ക് നന്നായറിയാം. ഞാൻ അത്രയ്ക്ക് ശ്രദ്ധിച്ചിട്ടാണ് എല്ലാം ചെയ്യുന്നത്.

മാഡം ഇനി കുറച്ച് പേഴ്സണൽ കാര്യം കൂടി പറഞ്ഞോട്ടെ… റൊമാന്‍റിക്കായ കാര്യമാണ്. മറ്റൊന്നും തോന്നരുത്.

വീട്ടിലെ പുരുഷ കേസരികൾ ഞാൻ നിലം തുടയ്‌ക്കുമ്പോഴോ, കുനിഞ്ഞ് പാത്രം കഴുകുമ്പോഴോ നോക്കിപ്പോയാൽ ഞാൻ ഉത്തരവാദിയല്ല. എന്തായാലും ജോലി ചെയ്യുമ്പോൾ സാരി കേറ്റി കുത്തേണ്ടി വരും. അപ്പോൾ അവിടെയും ഇവിടെയും ഒക്കെ കാണുമല്ലോ. അത് എന്‍റെ കുഴപ്പമായി എടുക്കരുത്. അനിഷ്ട സംഭവങ്ങൾക്കൊന്നും ഞാൻ ഉത്തരവാദിയായിരിക്കില്ല. ഞാൻ പറഞ്ഞുവരുന്നത് ഒളിഞ്ഞുനോട്ടത്തിന്‍റെ കാര്യമാണ്… തെറ്റിദ്ധരിക്കരുതേ.

ജോലി സമയം അവാർഡ് സിനിമ പോലെ ആവില്ല എന്ന് ഞാൻ ഉറപ്പു തരാം. ഞാൻ സംസാരിച്ചോണ്ടിരിക്കും. പരദൂഷണമല്ല കെട്ടോ, എല്ലാവർക്കും ഇന്‍റർസ്റ്റിംഗ് ആയ കാര്യങ്ങളാവും ഞാൻ സംസാരിക്കുക.

ഇങ്ങനെ പരസ്പരം മിണ്ടിയും തമാശ പറഞ്ഞും ഞാൻ ജോലി എഞ്ചോയ് ചെയ്യും. അതിന് മറ്റൊരു ഗുണവും ഉണ്ട്. വീട്ടുകാർ തമ്മിൽ നല്ല അടുപ്പം വരും. ബോസ് കളിക്കാൻ ആർക്കും തോന്നുകയുമില്ല.

പിന്നെ പലചരക്ക് സാധനങ്ങളോക്കെ വേണമെന്നുണ്ടെങ്കിൽ അതിന്‍റെ സപ്ലൈയും എനിക്ക് ചെയ്യാൻ കഴിയും. ഒന്ന് ഫോൺ ചെയ്‌ത് പറഞ്ഞാൽ മതി. ഞാൻ കൊണ്ടു വരും. അതിന്‍റെ കാശ് സർവീസ് ചാർജ് അടക്കം ഉടനെ തരേണ്ടിയും വരും കേട്ടോ.

പിന്നെ പരദൂഷണവും മറ്റുള്ളവരുടെ വീട്ടിലെ കാര്യവും പറഞ്ഞ് നടക്കുന്ന ചളി ജോലിക്കാരികളെപ്പോലെ എന്നെയും കാണരുത്. ഞാൻ ആ ടൈപ്പല്ല. പിന്നെ സഹിക്കാൻ പറ്റാത്ത വല്ലതും ഉണ്ടെങ്കിൽ ഞങ്ങൾ പരസ്പരം എസ്എംഎസ് ചെയ്യാറാണ് പതിവ്. അല്ലെങ്കിൽ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലിടും.

കഴിഞ്ഞ ദിവസം നമ്മുടെ യൂണിയനിലെ സരോജയെ തെക്കേലെ സഹദേവൻ ചേട്ടൻ ഒന്ന് തോണ്ടിയത് ഗ്രൂപ്പിൽ വലിയ ചർച്ചയായിരുന്നു. ഞാൻ പക്ഷേ അങ്ങനെയൊന്നും ചെയ്യാറില്ല. വല്ല കാശും വാങ്ങി ഒതുക്കാറാണ് പതിവ്! പക്ഷേ ബ്ലാക്ക്മെയിൽ ചെയ്യാറൊന്നുമില്ല മാഡം.

പിന്നെ അവസാനമായി ഒരു കാര്യം കൂടി. ഭീഷണിയായി എടുത്താലും കുഴപ്പമൊന്നുമില്ല. ഞങ്ങളുടെ മേഡ് സർവ്വന്‍റ് യൂണിയൻ വളരെ ശക്‌തമാണ്. അതിന്‍റെ സെക്രട്ടറി ഞാനാണ്.

യൂണിയൻ മീറ്റിംഗ് ഉള്ളപ്പോൾ സംഭാവനയും ലീവും തരേണ്ടിവരും. ആ മീറ്റിംഗിന്‍റെ തീരുമാനപ്രകാരം ഞങ്ങളുടെ ശബള വർദ്ധനയും മറ്റ് അലവൻസുകളും കൂട്ടി തരാനുള്ള ബാധ്യതയും നിങ്ങൾക്കുണ്ട്. അതിന് മുൻകൂർ നോട്ടീസ് ഒന്നും ഞങ്ങൾ നൽകാറില്ല.

സംഘടിത ശക്‌തിയായി നിന്നാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാനാവുകയുള്ളൂ മാഡം. ഞാൻ ഇതൊക്കെ മാഡത്തെ പേടിപ്പിക്കാൻ പറഞ്ഞതൊന്നുമല്ല കേട്ടോ. പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇനി മാഡം തന്നെ തീരുമാനിച്ചോളൂ.

എന്നെ ജോലിക്ക് വയ്‌ക്കണമോ വേണ്ടയോ എന്ന്. ആരു വന്നാലും ഞങ്ങളുടെ യൂണിയനിൽ അംഗത്വമുള്ളവരായിരിക്കും വരിക. മാഡം ആലോചിച്ചിട്ട് തീരുമാനിച്ചാൽ മതി. ശരി എങ്കിൽ ഞാൻ വരട്ടെ… ഇതാ എന്‍റെ കാർഡ്.

और कहानियां पढ़ने के लिए क्लिक करें...