അന്ന്… എന്‍റെ ഓഫീസിലുള്ള എന്‍റെ കൂട്ടുകാരി എനിക്കായി പ്രത്യേകം ചീരക്കറി കൊണ്ടു വന്നു തന്നു. എനിക്കാണെങ്കിൽ ചീരയൊട്ടും ഇഷ്ടമല്ല. കുട്ടിക്കാലത്ത് എന്‍റെ ക്ലാസിൽ നല്ല പൊക്കമുണ്ടായിരുന്ന ഒരു കുട്ടിയെ എല്ലാവരും ചീരപ്പെണ്ണേ എന്ന് വിളിച്ചിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു. മാർക്കറ്റിലെവിടെയെങ്കിലും ചീര വിൽക്കാൻ വച്ചിരിക്കുന്നത് കാണുമ്പോൾ ഞാൻ അക്കാര്യം ഓർക്കുമായിരുന്നു.

സഹപ്രവർത്തക ചീരക്കറി തന്നപ്പോൾ അത് കഴിക്കാനുള്ള അനിഷ്ടം മനസ്സിലൊളിപ്പിച്ച് മുഖത്ത് ഇഷ്ടം വരുത്തി അൽപം സ്വന്തം പാത്രത്തിലേക്കായി എടുക്കുകയായിരുന്നു. പക്ഷേ ആ കറി കാണാൻ നല്ല ചന്തമായിരുന്നു.

ചീരയിലയുടെ പച്ചപ്പ് ഒട്ടും മാറാതെ മഞ്ഞൾ കലർന്ന തേങ്ങയും ചേർന്ന് നല്ല കളർ കോമ്പിനേഷനിൽ. പക്ഷേ ഞാൻ വീട്ടിൽ ചീരക്കറി ഉണ്ടാക്കുമ്പോഴൊക്കെ ഇലയൊക്കെ വാടി ഇത്തിരി കറുപ്പ് നിറം വരുന്നത് ജാള്യതയോടെയാണ് ഞാൻ അപ്പോൾ ഓർത്തത്.

ചീരക്കറി കാഴ്ചയിൽ നല്ലതായി തോന്നിയെങ്കിലും കഴിക്കുമ്പോൾ എന്തോ ഒരു സ്വാദ് നാവിനെ കീഴടക്കുന്നതു പോലെ. ഒരു തരം കയ്പ് രസം രുചിമുകുളങ്ങളെ കീഴ്പ്പെടുത്തി മനസ്സിൽ മടുപ്പ് നിറച്ചു.

ഞാൻ ഒരിക്കലും ഇത്തരം കറി ഉണ്ടാക്കുകയില്ല. പക്ഷേ എന്ത് ചെയ്യാൻ, വീട്ടിൽ ബാക്കിയുള്ളവർക്കെല്ലാം ചീര വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞാനും മനസ്സ് മടുത്ത് അത് തിന്നുമായിരുന്നു. എനിക്കായി ഇനി മറ്റൊരു കറി കൂടി പ്രത്യേകം തയ്യാറാക്കാൻ ആർക്കാണ് കഴിയുക?

അതുപോലെ ഞാനുമിപ്പോൾ കുറേ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ആദ്യമൊക്കെ കൂട്ടുകാരി ലഞ്ച് ടൈമിൽ നീട്ടുന്ന ചീരപാത്രത്തിൽ നിന്നും മടിച്ച് മടിച്ച് ഇത്തിരിയെടുത്ത് കഴിച്ചിരുന്ന സ്‌ഥാനത്തിപ്പോൾ ആ പാത്രത്തിലെ മുഴുവൻ ചീരയും തിന്നു തീർക്കുമായിരുന്നു. എനിക്കും ചീരക്കറി ഏറെ സ്വാദിഷ്ഠമായി തോന്നി തുടങ്ങിയിരിക്കുന്നു.

പക്ഷേ എന്‍റെ ഭാഗത്ത് ഒരു വീഴ്ചയുണ്ടായിരിക്കുന്നു. വിഡ്ഢിയായ ഞാൻ ഒരിക്കൽ ഈ പെൺകുട്ടിയേയും ചീരക്കറി കഴിപ്പിച്ചു. അവളാണെങ്കിലോ, എന്നെ പോലുമറിയിക്കാതെ എന്‍റെ കൂട്ടുകാരിയിൽ നിന്നും അതിന്‍റെ രുചി രഹസ്യങ്ങളുടെ കലവറയെ ചേരുവകൾ ചോദിച്ച് മനസ്സിലാക്കിയിരിക്കുന്നു. കള്ളി! അല്ല ബുദ്ധിമതി.

അന്നു തുടങ്ങി ഈ പെണ്ണ് എന്‍റെ പിന്നാലെ കൂടിയിരിക്കുകയാണ്. ചേച്ചി ചീര വാങ്ങി ഫ്രിഡ്ജിൽ വച്ചിരുന്നാൽ ചീത്തയായി പോകില്ലേ… നമുക്കത് വൃത്തിയാക്കി അരിഞ്ഞ് കറിയാക്കാം. അതിനായി അവൾ പറമ്പിലുള്ള തെങ്ങിൽ നിന്നും തോട്ടി കൊണ്ട് നല്ല പച്ച തേങ്ങ ഇട്ടു കൊണ്ടുവരികയും ചെയ്‌തു.

ഓരോ പ്രാവശ്യവും അവൾ ഇതാവർത്തിച്ചു കൊണ്ടിരുന്നു. ഇങ്ങനെ പോയാൽ അവൾ അധിക ചെലവ് ഉണ്ടാക്കി വയ്ക്കും. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായും നിറവേറ്റാൻ കഴിയാതെ വരും. അതൊന്നും ഈ ധിക്കാരിയെ സംബന്ധിച്ച് പ്രശ്നമല്ലല്ലോ.

കുഞ്ഞുങ്ങൾക്കിഷ്ടമുള്ള കിഴങ്ങുക്കറിയുണ്ടാക്കാമെന്ന് പറയുകയോ അല്ലെങ്കിൽ ഭർത്താവിനിഷ്ടമുള്ള ഉള്ളി സാമ്പാർ ഉണ്ടാക്കാമെന്ന് പറഞ്ഞാലും ആ തന്നിഷ്ടക്കാരി ഞാൻ പറയുന്നതൊന്നും കേൾക്കാതെ ചീരക്കറിയുണ്ടാക്കും.

എല്ലാവരുടേയും ഇഷ്ടങ്ങളും താൽപര്യങ്ങളും പൂർത്തീകരിക്കാൻ ഞാൻ എങ്ങനെ സമയം കണ്ടുപിടിക്കും. സമയം എനിക്കു വേണ്ടി നിലയ്ക്കില്ലല്ലോ?

ഞാനിതുവരെ അവളാരാണെന്ന് നിങ്ങളോട് പറഞ്ഞില്ലല്ലോ. ക്ഷമിക്കുക എന്‍റെ വിവാഹശേഷം ഞാൻ അവളേയും കൂട്ടിയാണ് ഭർത്താവിന്‍റെ വീട്ടിലെത്തിയത്.

എന്‍റെ ജീവിതത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചവളാണവൾ. ഞാൻ പറയുന്ന ഒരു കാര്യം പോലും അവൾ അനുസരിക്കില്ല. അവളെക്കുറിച്ച് എന്താണ് നിങ്ങളോട് പറയേണ്ടത്. എന്നെയവൾ ഒരു അർത്ഥശൂന്യയായിട്ടാണ് കരുതുന്നത്.

ചിലപ്പോൾ വഴിയിൽ കാണുന്ന ഒട്ടകം പോലെയിരിക്കുന്ന പെൺകുട്ടി പിറുപിറുത്തു കൊണ്ടിരിക്കും. മറ്റ് ചിലപ്പോൾ കുട്ടികളെപോലെ ആരെയെങ്കിലും നോക്കി ഒരു കാരണവുമില്ലാതെ ചിരിക്കും.

അവളെക്കൊണ്ട് മടുത്തിരിക്കുകയാണ്. അവളുടെ ഉള്ളിൽ കോളമ്പസ് കോംപ്ലക്സ് എട്ടുകാലിയെ പോലെ വല വിരിച്ചിരിക്കുകയാണെന്ന് തോന്നുന്നു. വഴിമദ്ധ്യേ ആരെയെങ്കിലും കണ്ടാൽ മതി ചിരപരിചിതരെ പോലെ സംസാരിക്കും.

എന്‍റെ ഗൃഹപരിപാലനത്തെക്കുറിച്ച് അവൾ മോശം പ്രതിഛായ സൃഷ്ടിച്ചിരിക്കുകയാണ്. നല്ല പെൺകുട്ടികളെ പോലെ മര്യാദയോടു കൂടി എല്ലാവരോടൊപ്പം കഴിയണമെന്ന് പറഞ്ഞാൽ അവൾ കേൾക്കുകയേയില്ല. തല തെറിച്ച പെണ്ണ്.

ഇനിയെനിക്ക് വയ്യാ. ഞാനവളെ കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ്. അവൾ മരിച്ചേ പറ്റൂ. ഒരു അറയിൽ ഒരു വാൾ മതി. ഈ വീട്ടിൽ ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ. അതാലോചിച്ചപ്പോൾ എന്‍റെ മനസ്സ് തണുത്തതു പോലെ തോന്നും.

അവളാണ് ഇവിടെ ജീവിക്കുന്നതെങ്കിൽ ഞാനെന്നും മരിച്ച് ജീവിക്കും. അവൾ മരിക്കുകയാണെങ്കിൽ എനിക്ക് സ്വസ്ഥമായ ജീവിതം കിട്ടും. ഇന്ന് അവളുടെ ജീവിതത്തിലെ അവസാന ദിനം കുറിക്കപ്പെടും.

നാളെ മുതൽ അവളുടെ ശബ്ദം ആരും കേൾക്കുകയില്ല. ആർക്കും ഒരു സംശയത്തിനിട വരുത്താതെ പുറത്ത് ഒരൊച്ചയും കേൾക്കാത്ത വിധം ഞാനവളെ അതിവിദഗ്ദ്ധമായി കൊല ചെയ്യും.

വരൂ… ഇന്ന് ഞാൻ അവൾക്ക് ഏറെ പ്രിയപ്പെട്ട ചീരക്കറി കുട്ടികൾക്കിഷ്ടപ്പെടുന്ന രുചിയിൽ ഉണ്ടാക്കി കൊടുക്കട്ടെ. എന്‍റെ പുറപ്പാട് അറിഞ്ഞാൽ ഇപ്പോൾ അവൾ ബഹളം വച്ച് തുടങ്ങും. അതേ രുചിയിൽ വേണം എന്ന് പറഞ്ഞ് വാശികാട്ടി എന്‍റെ പിന്നാലെ കൂടും.

അവധി ദിവസങ്ങളിൽ വീട്ടിൽ ചെയ്യാൻ ഇരട്ടിപ്പണികളുണ്ടാവും എനിക്ക്. കുട്ടികൾക്കും ഭർത്താവിനും ഇഷ്‌ടപ്പെട്ട പ്രാതൽ, കറികൾ, ആഴ്ചയൊടുവിലെ പെന്‍റിംഗ് ജോലികൾ ഇങ്ങനെ വിശ്രമം അനുവദിക്കാത്ത ജോലികളുടെ ഒരു നിര. ഒന്ന് നിവർന്ന് നിന്ന് ശ്വാസമെടുക്കാൻ പോലും സമയമുണ്ടാവില്ല. എനിക്ക് കടുത്ത അരിശം വരുന്നു. എന്‍റെ ദേഷ്യം ഉച്ചിലെത്തിയിരിക്കുന്നു. ഈ വട്ടു പിടിച്ച പെണ്ണ് മരണത്തെ സ്വയം വിളിച്ച് വരുത്തിയിരിക്കുകയാ.

അരിശം മൂത്ത ഞാൻ അമ്മിക്കല്ലും പൊക്കി അവളുടെ നേർക്ക് ചീറിയടുത്തു. ഉടനെ അവൾ പിന്നിലൂടെ വന്ന് എന്‍റെ വായിൽ തുണി തിരുകിക്കയറ്റി. എന്‍റെ കൈകാലുകൾ ചലിക്കാനാവാത്ത വിധം മരവിച്ചു പോയി. ഞാൻ നിസ്സഹായയായിരിക്കുന്നു. നിരാശപൂണ്ട കണ്ണുകളോടെ ഞാനവളെ നോക്കിയിരുന്നു. അവളുടെ മനസ്സിലെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു. വെറുക്കപ്പെട്ട ചീരക്കറി അവൾ സമർത്ഥമായി എന്നെകൊണ്ട് തയ്യാറാക്കിപ്പിച്ചു.

ചീരക്കറി എന്നെകൊണ്ട് പാകം ചെയ്യിപ്പിച്ച് അവർ സ്വയം കഴിച്ച് വിരൽ നക്കി തുടച്ച് അവസാന രുചിയുമാസ്വദിക്കുക മാത്രമല്ല എന്നെ കൊണ്ട് നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയും ചെയ്തു. എന്നെ കഴിപ്പിക്കുന്ന കാഴ്ച കണ്ട് ഞാൻ അന്തംവിട്ടിരുന്നു. ഇന്നവളെ കൊല്ലേണ്ട ദിവസമായിരുന്നു. പക്ഷേ ഇവിടെ എല്ലാം കണക്കുകളും പിഴച്ചു. അവൾ വളരെ സമർത്ഥമായി രക്ഷപ്പെട്ടിരിക്കുന്നു. അത് മാത്രമല്ല എന്നെ ജീവനോടെ അവൾ വിട്ടയക്കുകയും ചെയ്‌തു.

അവളെന്നെ തോൽപ്പിച്ച് ജയിച്ചിരിക്കുന്നു. എന്‍റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവളെ എനിക്ക് എങ്ങനെ കൊല്ലാനാവും? അവളെ ഞാനെത്ര മാത്രമാണ് സ്നേഹിക്കുന്നത്. ചിലപ്പോൾ മാർക്കറ്റിൽ പോകുമ്പോൾ ഞാനവളേയും കൂട്ടി കറങ്ങി നടക്കും. അവളുടെ ജന്മദിനം ആരുമറിയാതെ അവൾക്കൊപ്പം ആഘോഷിക്കും. അവൾക്കിഷ്ടപ്പെട്ട ജന്മദിന സമ്മാനവും കൊടുക്കും. ഇടയ്ക്ക് ഐസ്ക്രീം പാർലറിൽ കയറി സ്ട്രോബറി ഐസ്ക്രിമിന്‍റെ രുചിയാസ്വദിക്കും. എല്ലാം അവൾക്കു വേണ്ടി…

ഒരു കോമാളിയെ പോലെ കഴിഞ്ഞ 20 വർഷമായി എനിക്കൊപ്പമുള്ള അല്ല എന്നെ ഒട്ടിപ്പിടിച്ചിരിക്കുന്ന ഇവൾ എന്‍റെ ആരാണെന്നറിയാൻ നിങ്ങൾക്കെല്ലാവർക്കും ആകാംക്ഷയുണ്ടായിരിക്കുമല്ലോ.

അതെ… ഞാനവളെ വെറുക്കുകയും നിർലോഭം സ്നേഹിക്കുകയും ചെയ്‌തിരുന്നു. യഥാർത്ഥത്തിൽ ഞാനും അവളും തമ്മിൽ എന്ത് ബന്ധമാണുള്ളത്?

നിങ്ങൾക്കവളെ മനസ്സിലായില്ലല്ലോ?

എന്‍റെയുള്ളിലെ സദ്ഗുണങ്ങൾ നിറഞ്ഞ ഗൃഹനാഥയ്ക്കുള്ളിൽ ഇരിക്കുന്ന പെൺകുട്ടിയാണവൾ. സ്വന്തമിഷ്ടമനുസരിച്ചും ജീവിക്കാൻ ആഗ്രഹിക്കുകയും കൈക്കുമ്പിൾ നിറയെ സന്തോഷം തേടി നടക്കുന്ന കുട്ടിത്തമുള്ള ഒരു കുഞ്ഞ് വലിയ വ്യക്‌തിത്വം ആണവൾ! സാധാരണ സ്ത്രീകളെ പോലെ ഞാനും സ്വന്തമായ അസ്തിത്വവും ഇഷ്ടങ്ങളും സ്വപ്നങ്ങളും പേറുന്ന ആ പെൺകുട്ടിയെ കൊന്നൊടുക്കി നിശബ്ദയാക്കാൻ ശ്രമിച്ചു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. അല്ല കഴിയുമായിരുന്നില്ല.

സാധാരണ സ്ത്രീകൾ ഇഷ്‌ടപ്പെട്ട ആഭരണങ്ങൾ വാങ്ങിയണിയും. അതേപോലെ ആ ആഭരണങ്ങൾ ആവശ്യങ്ങൾക്കായി ത്യജിക്കുകയും ചെയ്യും. ഡിസ്ക്കൗണ്ട് സെയിൽ മേളകളിൽ ഇഷ്‌ടപ്പെട്ട ഒരു സാരിയെങ്കിലും തെരഞ്ഞ് അവൾ കറങ്ങി നടക്കും.

ഭർത്താവിന്‍റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കു വേണ്ടിയും സ്വന്തം വ്യക്‌തിത്വവും അസ്തിത്വവും അവൾ തച്ചുടയ്ക്കും. അവിടെ അവൾ വ്യക്‌തിയേയില്ല… പകരം അവൾ ഒരു നിഴലായി രൂപാന്തരം പ്രാപിക്കും.

പുസ്തകങ്ങളും പത്രങ്ങളുമായുള്ള പ്രിയപ്പെട്ട ബന്ധത്തെ അവൾ മറക്കും. പിന്നീട് എന്തിന് സ്വന്തം ഇഷ്‌ടങ്ങൾ ഭൂതകാലത്തിലെ വിഴുപ്പിൽ അവൾ കെട്ടിവയ്ക്കും. ആ ഇഷ്ടങ്ങൾ എവിടെയെങ്കിലും ഉപേക്ഷിക്കാനായി തട്ടിൻ പുറത്തെ ഇരുളിൽ മായ്ച്ചു കളയും.

ആ പെൺകുട്ടി എന്‍റെയുള്ളിൽ ഇപ്പോഴും പ്രസരിപ്പോടെ ജീവിച്ചിരിക്കുന്നുവെന്നത് എന്‍റെ ഭാഗ്യമാണ്. ഇത്രയും വർഷങ്ങൾക്ക് ഇപ്പുറം മനസ്സ് തുറന്ന്. ശരീരത്തിലെ കോടാനുകോടി വരുന്ന കോശങ്ങളെ ഉണർത്തി മതിയാവോളം ശ്വസിക്കാൻ അവൾ ശ്രമിക്കുകയാണ്. എപ്പോൾ വേണമെങ്കിലോ അല്ലെങ്കിൽ ചില ഇടവേളകളിലോ സ്വന്തമിഷ്ടമനുസരിച്ച് ജീവിക്കാനും അവൾ കൊതിക്കുന്നുണ്ട്.

ഒരു നിമിഷ നേരത്തെക്കാണെങ്കിലും മനസ്സ് തുറന്ന് തനിക്കു വേണ്ടി അവൾ ചിരിക്കാറുണ്ട്. ഏറെ സന്തോഷത്തോടെ തന്നെ. എന്തിനേറെ അവൾക്കിഷ്ടപ്പെട്ട അല്ല, ഏറ്റവുമിഷ്ടപ്പെട്ട ചീര വിഭവം ഉണ്ടാക്കി കഴിപ്പിക്കാറുമുണ്ട്. യഥാർത്ഥത്തിൽ ഞാനല്ല അവളാണ് എന്നെ ജീവിപ്പിക്കുന്നത് എനിക്ക് കൂടുതൽ തെളിച്ചത്തോടെ സ്വപ്നങ്ങൾ കാട്ടിതരുന്നത് അവളല്ലേ.

മഴ പെയ്യുമ്പോൾ പുറത്തെ തണുപ്പിലേക്ക് അവളല്ലേ എന്നെ സ്നേഹത്തോടെ ഉന്തി തള്ളിവിടുന്നത്. പണ്ടെങ്ങോ കേട്ടുമറന്ന പ്രണയ പാട്ടുകളിലെ ഈണങ്ങളിലേക്ക് എന്‍റെ ചെവി ചേർത്തു പിടിക്കുന്നത് അവളല്ലോ. ആകാശത്ത് ചിതറിത്തെറിച്ച് മിന്നുന്ന നക്ഷത്രങ്ങളെ ഭൂമിയിലെ ഇരുട്ടിൽ നിന്നാസ്വദിക്കാൻ അവളല്ലേ എന്നെ വീണ്ടും പുറത്തേക്ക് ക്ഷണിക്കുന്നത്.

ഇല്ല എനിക്കാവില്ല അവളെ കൊല്ലാനും മറക്കാനും എനിക്ക് വേണം ജീവവായു പോലെ എന്നെ അതിരറ്റ് സ്നേഹിക്കുന്ന എന്നെ മാത്രം എത്രയോ ആഴത്തിൽ തിരിച്ചറിയുന്ന ആ പൂമ്പാറ്റ പെണ്ണിനെ എന്നെയൊരിക്കലും ഉപേക്ഷിച്ച് പോകാത്ത നിരുപാധികം സ്നേഹിക്കുന്ന എന്‍റെ പൂമ്പാറ്റ പെണ്ണിനെ…

और कहानियां पढ़ने के लिए क्लिक करें...