സ്നേഹം ഒരു കലയാണ്. എനിക്കാ കല വശമുണ്ടായിരുന്നു. നിങ്ങൾക്ക് വശമുണ്ടായിരുന്ന ഒരേയൊരു കല ചതിയുടെ കല മാത്രമായിരുന്നു.

ജയദേവനെ ഓൺലൈനിൽ കണ്ടപ്പോൾ ഇങ്ങനെയൊരു വാചകം ടൈപ്പ് ചെയ്‌തു സെൻഡ് ചെയ്യാൻ പോകും മുമ്പ് ഒരു നിമിഷം ഞാനാലോചിച്ചു. എഴുതിയ വാചകങ്ങൾ ഒന്നു കൂടി വായിച്ചു നോക്കി. ഉള്ളിൽ കത്തുന്ന വേദനയും ഏകാന്തതയും അനുഭവപ്പെടുമ്പോ പ്രതികരിക്കാൻ പാടില്ലെന്നു രാവിലെ ഗുരുജി മോട്ടിവേഷൻ ക്ലാസ്സിൽ പറഞ്ഞ ഓർമ്മ വന്നതും എഴുതിയ വാചകങ്ങൾ മായ്ച്ചു കളഞ്ഞിട്ട് ബാഗ് തുറന്നു വിക്ടർ ലിനസിന്‍റെ കഥാസമാഹാരം എടുത്തു.

മഴമേഘങ്ങളുടെ നിഴലിൽ എന്ന കഥയിൽ എനിക്കേറ്റവും പ്രിയപ്പെട്ട വരികൾ വായിച്ചു.

“അവൾ എന്‍റെ ലോകത്തിന് എന്താണെന്ന് അവളോടു പറയാൻ എനിക്കൊരിക്കലും കഴിയില്ലെന്നു ഭയന്നിരുന്ന കാലത്ത് ഞാനനുഭവിച്ച വേദനയെ കുറിച്ച് അവളോടു പറഞ്ഞതും ഈ മുറിയിൽ വച്ചാണ്. എനിക്കും അവൾക്കും വേണ്ടി ഞാൻ സ്വപ്നം കണ്ട ജീവിതത്തെ കുറിച്ച് അവളോടു പറഞ്ഞതും മറ്റെങ്ങും അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു താരള്യം സ്വന്തമാക്കിയ ഈ മുറികളിലെ രാത്രികളിൽ തന്നെ.”

വിക്ടർ എനിക്കു സംസാരിക്കാൻ ഏത് കാലത്തും കൂടുതൽ അടുത്തു നിന്ന പുരുഷൻ നീയായിരുന്നു. നിന്നോടു സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്‌തിട്ടുള്ളത്രയും മറ്റൊരാളുമായി സംവദിക്കുവാൻ എനിക്കു സാധിച്ചിട്ടില്ല.

വിക്ടർ അന്നേരം എനിക്കെതിരെയുള്ള കസേരയിൽ വന്നിരുന്നു.

നീ കുടിച്ചിട്ടുണ്ടോ?

ഉണ്ട്, ഒരൽപ്പം അടിക്കാതെ പ്രണയിക്കുന്ന പെണ്ണിനെ കാണാനുള്ള ചങ്കുറപ്പ് കിട്ടിയില്ല.

ഞാനെപ്പോഴെങ്കിലും നിന്നെ പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ?

സ്നേഹം ഒരു കലയാണെന്ന് ഒരൽപം മുമ്പ് ടൈപ്പ് ചെയ്‌തതോ. ആ കലയിൽ കുരുക്കിയല്ലേ നീയെന്നെയിവിടെ തളച്ചിട്ടിരിക്കുന്നത്.

എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അയാൾക്കടുത്ത് ഒരു കസേര വലിച്ചിട്ടിരുന്നു കൊണ്ട് ഞാൻ ലീലയെ കുറിച്ച് പറഞ്ഞു.

നിനക്കറിയുമോ, പണ്ടൊക്കെ ഞാൻ ലീലയെ സ്വപ്നം കാണുമായിരുന്നു. അവളുടെ വെളുത്ത സാരി പറന്നു വന്ന് എന്‍റെ മുഖത്ത് തട്ടുന്നത്. ഞാനൊരു കാര്യം ചോദിക്കട്ടെ.

നിനക്കെപ്പോഴെങ്കിലും ലീലയെ കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടുണ്ടോ?

വിക്ടർ എന്‍റെ കണ്ണിലേക്ക് ഉറ്റുനോക്കി.

കട്ടി പുരികങ്ങൾക്ക് താഴെ മയങ്ങി കിടക്കുന്ന കൃഷ്ണമണികൾ ഒരൽപം ചുവപ്പ് രാശി കലർന്ന സ്ഫടിക പാത്രത്തിൽ പതിച്ച ഗോലികൾ പോലെ എനിക്കു തോന്നി.

നീ ലീലയെ കണ്ടോ?

ഉം, ഇവിടെ എനിക്കവൾ നിന്‍റെ ലീലയാണ്. ഭസ്മത്തിന്‍റെ പരിശുദ്ധിയുള്ള ആ ലീല. അല്ലേ അങ്ങിനെയല്ലേ.

ഉവ്വ്.

ഉവ്വ് എന്ന ഒരേയൊരു പദത്തിന് എന്‍റെ ജീവിതത്തിൽ എത്ര ആഴത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് ഓർത്തിരിക്കെ ലീല എന്നെ അന്വേഷിച്ച് മുറിയിലേക്ക് വന്നു.

മനോരോഗാശുപത്രിയിൽ അമ്മു എന്നെ കൊണ്ടാക്കി പോന്നതിന് ശേഷം ഡ്യൂട്ടി നേഴ്സ് ആയിരുന്നത് മിക്കപ്പോഴും രാധയായിരുന്നു. രാധയെ ആദ്യം കണ്ടപ്പോൾ എനിക്കു ലീലയെ ഓർമ്മ വന്നു. രാധയെന്ന പേര് എത്ര ഉച്ചരിക്കാൻ ശ്രമിച്ചിട്ടും ലീലയെന്ന് മാത്രം നാവിൽ വന്നു. അവസാനം രാധ തന്നെ പരിഹാരം കണ്ടെത്തി. എനിക്കവളെ ലീലയെന്ന് വിളിക്കാമെന്ന്.

ലീല ആരാണെന്നോ വിക്ടർ ലിനസ് ആരാണെന്നോ അറിയാത്ത ഒരു പാവമായിരുന്നു അവൾ. ഈ ആശുപത്രിയിൽ മനസ്സ് തുറന്നു സംസാരിക്കാൻ എനിക്കുണ്ടായ ഒരേയൊരു മനുഷ്യജീവി. എന്‍റെ നിർബന്ധം സഹിക്കാൻ വയ്യാതെയാണ് അമ്മു എന്നെ ഈ ഹോസ്പറ്റലിൽ അഡ്മിറ്റ് ചെയ്‌തത്.

ഗുരുജി പറഞ്ഞിട്ടാകം രാധ എന്നേയും കൂട്ടി പുറത്തേക്ക് നടന്നു. ടൈലുകൾ പാകിയ നടപ്പാതയും ഇരുവശവും പൂത്തു നിൽക്കുന്ന ബോഗൺവില്ലാ ചെടികളും പിന്നിട്ട് ഞങ്ങൾ മതിൽ കെട്ടിനോട് ചേർന്നുള്ള മഹാഗണി മരത്തിന് ചുവട്ടിലിരുന്നു.

കടലിലേക്ക് താഴുന്ന സൂര്യനെ നോക്കി കൊണ്ടു അന്നേരം ഞാൻ രാധയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു.

ഈ ഹോസ്പിറ്റൽ കടലിന് അഭിമുഖമായി നിൽക്കുന്ന കെട്ടിടമായത് കൊണ്ടാവാം ഇവിടം തന്നെ അമ്മു തെരഞ്ഞെടുത്തതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അവൾക്ക് ചികിത്സയെക്കാൾ ചികിത്സിക്കുന്ന സാഹചര്യങ്ങളിലായിരുന്നു വിശ്വാസം.

ലീലേ നീ എപ്പോഴെങ്കിലും അപമാനത്തിന്‍റെ തീയിൽ വെന്തു വെന്തു ജീവിച്ചിട്ടുണ്ടോ? നിന്‍റെ കണ്ണിൽ നിന്നും ലോകത്തെ ചുട്ടെരിച്ചു കളയാൻ മാത്രം അഗ്നിപർവതം പൊട്ടി ഒലിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ നിർഭാഗ്യകരം. കാരണം നിനക്ക് ഈ ലോകത്തെ കാപട്യം മനസിലാക്കാൻ അവസരം ലഭിച്ചിട്ടില്ല. നിനക്കൊരിക്കലും അതിജീവനത്തിന്‍റെ പുഴ കടക്കാൻ കഴിഞ്ഞിട്ടില്ല.

നീയെപ്പോഴെങ്കിലും മാതാപിതാക്കളാൽ താരതമ്യത്തിന് വിധേയയായിട്ടുണ്ടോ. ഇല്ലെങ്കിൽ കഷ്ടം നിനക്കൊരു കൊടുമുടി കീഴടക്കാൻ സാധിക്കില്ലെന്നു ചുരുക്കം.

അതെല്ലാം പോട്ടെ നീ എപ്പോഴെങ്കിലും പ്രണയിച്ച പുരുഷനാൽ ആട്ടിയോടിക്കപ്പെട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്നും പറയാനില്ല പൊന്നേ. നിനക്ക് അനസ്തേഷ്യ കൂടാതെ ഹൃദയ ശസ്ത്രക്രിയ നടത്തിയതിന്‍റെ അനുഭവം പങ്ക് വയ്ക്കാനില്ലെന്നു ചുരുക്കം. എന്‍റെയീ ഭ്രാന്ത് ഒരു സ്ത്രീയോടുള്ള അസൂയയിൽ നിന്നാണ് തുടങ്ങിതെന്ന് പറഞ്ഞാൽ നീ ചിന്തിക്കും അവളെന്നെക്കാൾ സുന്ദരിയായ ഒരുത്തിയായിരിക്കുമെന്ന്.

ഞാൻ കാണുമ്പോഴും അവർ വീൽ ചെയറിൽ ആയിരുന്നു. വഞ്ചിക്കപ്പെടുന്നത് അറിയാതെ എപ്പോഴും പുഞ്ചിരിക്കാൻ പരിശീലനം ചെയ്തു പാകപ്പെട്ട ഒരുവള്. അവരോടു ചോദിക്കാൻ എന്‍റെയുള്ളിൽ ഒരു ചോദ്യമിരുന്ന് വിങ്ങി വിങ്ങി വേദനിച്ചിരുന്നു ആ നിമിഷത്തിലും.

ചതിക്കപ്പെട്ട സ്ത്രീയുടെ മുഖത്തിന്‍റെ ഭാഷ എന്തായിരിക്കുമെന്ന് ഊഹിച്ചിട്ടുണ്ടോ?

ആ ചോദ്യം ചോദിക്കാനുള്ള മനോധൈര്യം എനിക്കുണ്ടായില്ല. അവരെപ്പോലെ പുഞ്ചിരിക്കാൻ ശ്രമിക്കൂ ചുണ്ടേയെന്ന് സങ്കടത്തോടെ സ്വയം പറയാൻ ശ്രമിച്ചു പരാജയപ്പെട്ട് കൊണ്ട് അപരിചിത്വം നടിച്ചു തൊട്ടടുത്ത കസേരയിൽ ഞാനിരുന്നു.

ഈ സ്ത്രീയെ ഒന്നു കാണണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കാണാൻ കഴിയുമെന്ന് വിചാരിച്ചതല്ല. അതും ഈ വേഷത്തിൽ. തിളങ്ങുന്ന അവരുടെ പുടവയിലേക്കും ആഭരണങ്ങളിലേക്കും നോക്കിയപ്പോൾ വായിൽ ഉളുപ്പ് രസം നിറയുന്നത് പോലെ ഒരനുഭവമുണ്ടായി.

വലിയ വലിയ വാക്കുകൾ കൊണ്ട് എന്‍റെ ഹൃദയം നിറച്ച പുരുഷന്‍റെ കാപട്യം ഉള്ളിലെ പുകച്ചിൽ കൂട്ടി. പെട്ടെന്ന് എനിക്കു തോന്നി ഇവരോട് ഉറക്കെ ഉറക്കെ വിളിച്ചു പറയണമെന്ന്. ഇതൊക്കെ വെറും ട്രാപ്പ് ആയിരുന്നുവെന്ന്. വഞ്ചിക്കപ്പെട്ട് തകരാൻ പോകുന്ന ആ ജീവിതത്തിൽ നിന്നും അവരെ രക്ഷിക്കണമെന്നൊക്കെ ഒരു കലാപകാരി ഉള്ളിലിരുന്നു വിറച്ചുതുള്ളി.

അന്നേരം അമ്മു എന്‍റെ കൈയിൽ കടന്നു പിടിച്ചിട്ടു പറഞ്ഞു. നമുക്ക് പുറത്തേക്ക് നിൽക്കാം. അയാൾ വരുമ്പോൾ നിന്നെ കാണാതിരിക്കുന്നതാണ് നല്ലത്. എനിക്കവരെ കണ്ടു കൊതി മാറിയിട്ടില്ലായിരുന്നു. ഞാൻ സ്നേഹിച്ച പുരുഷനെ തട്ടിയെടുത്തവളായി ഏതാനും ദിവസം മുമ്പ് വരെ വെറുത്തു പോയവളെ.

പലപ്പോഴും അമ്മു എന്‍റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞിട്ടുണ്ട്.

നിനക്കു യാതൊരു കുറവും ഇല്ല ജിനി. ആ സ്ത്രീയെ അയാൾ തെരഞ്ഞെടുത്തത് മനസിന്‍റെ നന്മയായി കണ്ടൂടെയെന്നൊക്കെ.

ആ ന്യായീകരണങ്ങൾ മനസിലാക്കാൻ തക്ക വിവേകമില്ലായ്മയല്ല എന്നെ പൊള്ളിച്ചതും വേദനിപ്പിച്ചതും. ഞങ്ങളുടെ പ്രണയം തുടങ്ങിയ അതേ സമയത്താണ് അവരുമായി ജയദേവന്‍ പരിചയത്തിലായതും അടുപ്പത്തിലായതുമെന്ന അറിവാണ്. അയാളുടെ നിലപാടുകളും അവരുടെ സാഹചര്യവും രണ്ടായതു കൊണ്ട് മാത്രം ഒരുമിച്ചുള്ള ജീവിതം കുറച്ചു കഴിഞ്ഞാകാമെന്ന് തീരുമാനിച്ചു കാത്തിരുന്നവർ.

അഞ്ജുവിന്‍റെ വീട്ടുകാർക്ക് ഈ ബന്ധത്തോട് താൽപര്യമില്ലായിരുന്നു. ജയദേവന്‍റെ രാഷ്ട്രീയ ബന്ധവും, പ്രൈവറ്റ് കമ്പനിയിലെ ഉദ്യോഗത്തോടുള്ള താൽപര്യ കുറവും മാത്രമായിരുന്നില്ല എതിർപ്പിന് കാരണമെന്ന് എനിക്കു തോന്നുന്നു ജീനി. ആ സ്ത്രീ വീട്ടുകാരുടെ കറവ പശു ആണെന്നൊക്കെ പറയാം.

അമ്മു ആ വിവരങ്ങൾ എന്നോടു പറഞ്ഞു കൊണ്ടിരുന്ന രാത്രിയിലും എന്‍റെ ഫോണിലേക്ക് ഉമ്മ എന്നൊരു മെസേജ് വന്നിരുന്നു.

ഉറങ്ങുമ്പോഴും ഉണരുമ്പോഴും നിന്‍റെ ചുംബനമാണ് എന്‍റെ ഊർജ്ജമെന്ന് പറഞ്ഞയാളുടെ.

അമ്മുവിന്‍റെ നേർക്ക് ഫോൺ നീട്ടിയിട്ട് നോക്കെന്ന് പറഞ്ഞിട്ട് സങ്കടവും വെറുപ്പും കൂടി കലർന്ന നിരാശയോടെ കുളിമുറിയിൽ കയറി ഷവറിന് കീഴിൽ നിന്ന് ആർത്തലച്ചു ഞാൻ കരഞ്ഞു.

അഞ്ജുവിനെ കുറിച്ച് മുഴുവൻ വിവരങ്ങളും സംഘടിപ്പിച്ചു കൊണ്ട് വന്നത് അമ്മു തന്നെയാണ്.

തൊട്ടടുത്ത നഗരത്തിൽ അവർ ജോലി ചെയ്യുന്ന കോർപ്പറേഷൻ ഓഫീസും താമസിക്കുന്ന ഹോസ്റ്റലും ഉണ്ട്. കൂടുതൽ ചികഞ്ഞു പോകാനുള്ള താൽപര്യം ഞാൻ പ്രകടിപ്പിച്ചപ്പോൾ അമ്മു ഒഴിഞ്ഞു മാറി. ചീഞ്ഞാൽ മുറിച്ച് മാറ്റ് എന്നു കടുപ്പിച്ചു പറഞ്ഞിട്ടു തോളിൽ ഒരൊറ്റ അടി വച്ചു തന്നു.

ആ അടിയുടെ വേദനയേക്കാൾ കടുപ്പം കൂടിയ ഹൃദയവേദന അടക്കാൻ വയ്യാതെ അയാൾക്കും അവർക്കും പിന്നാലെ വീണ്ടും വീണ്ടും ഞാനലഞ്ഞു നടന്നു. ചോദിച്ചപ്പോൾ അയാൾ നിരസിച്ചു, തെളിവ് തിരത്തിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറി. പിന്നെ ഒച്ചയുണ്ടാക്കി ആക്ഷേപിച്ചു. എന്നെ മനോരോഗിയെന്ന് വിളിച്ചു. മറ്റുള്ളവരുടെ കാര്യം തിരക്കി നടക്കാൻ അന്തസില്ലേയെന്ന് അപമാനിച്ചു.

എന്നെ അധിക്ഷേപിച്ചതല്ല വേദന കൂട്ടിയത്. ഒരു പുരുഷനെ പോലെ അയാളത് സമ്മതിക്കാഞ്ഞതായിരുന്നു. വഴക്കിട്ട് ഓഫീസിൽ നിന്നും ഞാനിറങ്ങി പോന്നു. രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ ഫോണിൽ അയാളുടെ മെസേജ്.

നീ പിണങ്ങിയോയെന്ന്.

എന്‍റെ ഹൃദയം കത്തിക്കാളി. ഫോണെടുത്ത് അയാളെ വിളിച്ചിട്ട് ഞാനലറി നിങ്ങളുടെ മറ്റവളോട് ചെന്ന് ചോദിക്കെന്ന്. എനിക്കു വീണ്ടും സമനില തെറ്റി. ഇയാളെന്നെ പിന്തുടരുന്നത് എന്തിനാണെന്ന് ഉള്ളിൽ കരഞ്ഞു. മറക്കാനും സമ്മതിക്കില്ലേ.

എന്‍റെ വാശി സഹിക്കാൻ പറ്റാതായപ്പോഴാണ് അമ്മു വീണ്ടും അഞ്ജുവിനെ പറ്റിയുള്ള ബാക്കി വിവരങ്ങൾ തപ്പിയെടുത്ത് കൊണ്ടു വന്നത്.

മറ്റൊന്നും അറിയേണ്ട ആ സ്ത്രീയെ ആണോ എന്നെയാണോ അയാൾ വഞ്ചിച്ചത് എന്നു മാത്രം.

നിങ്ങൾ ഒരുമിച്ച് വഞ്ചിക്കപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞു അമ്മു പറഞ്ഞു. അന്നേരം എന്‍റെ ഹൃദയത്തിൽ എല്ലാ അലകളും ഒരുമിച്ച് അടങ്ങി. മനസ് നിശ്ചലമായി.

ആ സ്ത്രീയുമായുള്ള ജയദേവന്‍റെ ബന്ധം ഒരു കുടുക്കായിരുന്നു ജിനി. അയാളുടെ സുഹൃത്തിന്‍റെ നാട്ടുകാരിയും എഫ്ബിഫ്രണ്ടും ആയിരുന്നു അഞ്ജു. അരക്കു കീഴേക്ക് തളർന്ന ഒരു സ്ത്രീ. കോർപ്പറേഷനിൽ ജോലി ഉള്ളത് കൊണ്ട് വീട്ടിൽ നിന്നും മാറി ഹോസ്റ്റലിൽ താമസിക്കുന്നു. കുറെയധികം സ്വാതന്ത്ര ചിന്താഗതിയൊക്കെ ഉള്ള കൂട്ടത്തിലാണ്. അവർക്ക് ഏതാണ്ട് മുപ്പത്തിയെട്ട് വയസൊക്കെ കാണും.

കല്യാണമൊന്നും നടക്കാൻ വഴിയില്ലെന്നു ബോധ്യമായി തുടങ്ങിയ കാലമായത് കൊണ്ട് അത്യാവശ്യം ആണ് സൗഹൃദങ്ങളൊക്കെയുണ്ട്. ചിലരൊക്കെ അവരെ ചൂഷണം ചെയ്‌തിരിക്കാം. പണമായും മറ്റ് പലതുമായും. നിന്‍റെ ആളും അങ്ങിനെയൊരു ലക്ഷ്യം വച്ചു തന്നെയാവണം അവരുമായി അടുത്തത്. ആ ബന്ധം ഏതാണ്ട് വിവാഹത്തോളം എത്തിയെന്നാണ് ഞാനറിഞ്ഞത്.

അവരുടെ കൈയിൽ അത്യാവശ്യം സമ്പാദ്യമൊക്കെയുണ്ട്. ഭാഗം വച്ചു കിട്ടിയ സ്വത്ത് വിറ്റ് കാശ് ബാങ്കിൽ ഡെപ്പോസിറ്റ് ആയിട്ട് വേറെയും. വയസായാൽ പെൻഷനും കിട്ടുമല്ലോ. അതൊക്കെ മുന്നിൽ കണ്ടാണ് അയാളീ കല്യാണത്തിന് തയ്യാറായതെന്നാണ് ഞാനറിഞ്ഞത്.

പക്ഷേ ഇനി പറയാൻ പോകുന്നത് നീ ശ്രദ്ധയോടെ കേൾക്കണം.

ഇതിലും വലുതോ അറിയാനുള്ളതെന്ന് ഓർത്തപ്പോൾ ചെറിയ ഒരു ചിരി എന്‍റെ ഉള്ളിൽ പൊട്ടി.

ആ അടുപ്പം വല്ല്യ പാടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അഞ്ജുവിനെ ലക്ഷ്യം വച്ച് കുറച്ചു പേരെ ഫോളോ ചെയ്യിക്കാൻ ശ്രമിച്ചു ആദ്യം. അതിനു അയാളുടെ സുഹൃത്തിന്‍റെ സഹായമുണ്ടായിരുന്നു. ഇങ്ങിനെയൊരു കക്ഷിയുണ്ട് ഒന്ന് മുട്ടി നോക്കിയാൽ ചിലപ്പോ വല്ലതും തടയുമെന്ന് സുഹൃത്താണ് ഇയാൾക്ക് സൂചന കൊടുത്ത്.

ചുമ്മാ ചെന്ന് മുട്ടിയാൽ വളയാനുള്ള സാധ്യത ഉണ്ടാകില്ലെന്നു കണ്ടാകണം ഇങ്ങിനെയൊരു പ്ലാൻ ക്രിയേറ്റ് ചെയ്‌തത്. സ്വഭാവികമായും അഞ്ജു നിന്‍റെ ആളുടെ സുഹൃത്തിന്‍റെ സഹായം തേടി. അങ്ങിനെയാണ് പ്രശ്നം കണ്ടുപിടിക്കാൻ ജയദേവനും ഇടപെടുന്നത്. നിനക്കറിയാമല്ലോ അയാൾക്ക് രാഷ്ട്രീയത്തിലൊക്കെയുള്ള പിടിപാട്.

അഞ്ജു അങ്ങിനെ പെട്ടു പോയി എന്നതാണു സത്യം. പിന്നെ സംഭവിച്ചത് നിനക്കു പറ്റിയത് തന്നെ. തീവ്രമായ ആരാധന. വീൽ ചെയറിൽ കഴിയുന്ന ഒരു പെണ്ണ്. അവിവാഹിത, സ്വഭാവികമായും മധുര വാക്കുകൾ പറയാതെ കെയർ ചെയ്‌തു കൂടെ നിൽക്കുമെന്ന് ബോധ്യം വരുത്തുന്ന ഒരാളിൽ ആകർഷണവും വിധേയത്വവും സംഭവിക്കും.

മതി, കൂടുതൽ കേൾക്കാൻ നിൽക്കാതെ പുതപ്പെടുത്തു തലവഴി പുതച്ചു മൂടി ഞാൻ കിടന്നു. മോളെ, അമ്മു എന്‍റെ അരികിലിരുന്നു വിളിച്ചു.

സങ്കടം കൊണ്ട് എന്‍റെ നെഞ്ചു പൊള്ളിയടർന്നു. ഞാനെത്ര ശ്രമിച്ചിട്ടും അയാളെ മറക്കാൻ പറ്റുന്നില്ലായിരുന്നു. അത്രമേൽ അയാളെന്നിൽ ആഴത്തിൽ വേരൂന്നിയിരുന്നു.

കഴിഞ്ഞു പോയ ഏതാനും വർഷങ്ങൾ ജീവിതത്തിൽ നിന്നും മായ്ച്ചു കളയാൻ ഈ ജന്മം കഴിയില്ലെന്നു എനിക്കു തോന്നി. എനിക്കു പണമോ സർക്കാർ ജോലിയോ ഉണ്ടായിരുന്നില്ല. പക്ഷേ അയാൾ ലാളിച്ച ശരീരം, ഉമ്മ വച്ച ചുണ്ടുകൾ, അയാളെ ഉൻമാദിയാക്കിയിരുന്ന എന്‍റെ സ്പർശനങ്ങൾ ഇതൊക്കെ അവരിലും കണ്ടെത്താൻ അയാൾക്ക് സാധിച്ചിരിക്കാമെന്ന ഓർമ്മയിൽ വിഷാദ രോഗം വീണ്ടും എന്നിലേക്ക് മടങ്ങി വന്നു.

അമ്മു ജോലിക്കു പോയ ശേഷം മരിക്കാനായി വിഫലമായ ശ്രമം നടത്തി പരാജയപ്പെടുകയും രാത്രിയിൽ കൈയിലെ മുറിവ് പാട് കണ്ടു അവളെന്നെ ചീത്തവിളിക്കുകയും മുഖമടച്ച് തല്ലുകയും ചെയ്‌തു.

എനിക്കപ്പോൾ കരയാൻ തോന്നിയില്ല. ഞങ്ങളൊരുമിച്ചു ഈ വീട് വാടകക്ക് എടുത്തതും കെട്ടും ഭാണ്ഡവും പെറുക്കി കൂട്ടി താമസിക്കാൻ വന്നതുമാണ് അന്നേരം ഓർമ്മയിൽ വന്നത്. പരാജയപ്പെട്ട ഒരു വിവാഹവും വിവാഹമോചനവും നൽകിയ മുറിവുകൾ ഏതാണ്ട് ഉണങ്ങി തുടങ്ങിയ നാളുകൾ. വിഷാദരോഗത്തിനുള്ള മരുന്ന് മുടക്കരുതെന്ന ഡോക്‌ടറുടെ നിർദ്ദേശം കൂടെ നിന്ന് ഓർത്ത് പാലിച്ചത് അമ്മുവാണ്.

ആഴ്ചയിൽ രണ്ടു ദിവസത്തേക്കു ഭർത്താവിന്‍റെയും കുട്ടികളുടെയും അടുത്തേക്ക് അവളോടിപ്പോയി തിരികെ എത്തുന്നതു വരെ ഈ നഗരത്തിൽ ചുറ്റി നടന്നു കൊണ്ടു എനിക്കെന്നെ തിരിച്ചെടുക്കാൻ നന്നേ പണിപ്പെടേണ്ടി വന്നിട്ടുണ്ട്.

ജയദേവനുമായി അടുപ്പമുണ്ടാകുന്നത് ആ കാലത്താണ്. മേലാധികാരി, കർക്കശക്കാരൻ, അവിവാഹിതൻ എങ്കിലും ഒഴിവുവേളകളിൽ മധുരമായി സംസാരിക്കും. ധാരാളം തമാശകൾ പറയുമായിരുന്നു. സ്നേഹിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. വേറെ ഒരാളും നല്ല വാക്കുകൾ പറഞ്ഞിട്ടില്ല. വീടിന് ഭാരമായ മകളെ ഒഴിവാക്കാൻ ശ്രമിച്ചതല്ലാതെ ആരും അന്വേഷിച്ചു വരില്ലന്നു ഉറപ്പായിരുന്നു.

ഒരാളെ മുഴുവനുമായി വിശ്വസിച്ചു. ആരൊക്കെ ഉപേക്ഷിച്ചാലും ആ ആളുടെ തണലുണ്ടാകുമെന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല.

അഞ്ജുവിനെ കുറിച്ച് ഞാൻ അന്വേഷിക്കുന്ന കാര്യം അറിഞ്ഞതും അയാളെന്നെ ചീത്ത വിളിച്ചു. മനോരോഗി നാണം കെട്ടവൾ മേലിൽ എന്‍റെ ഓഫീസിന്‍റെ പടി നീ കയറരുത്. ഒപ്പിടാൻ കൊണ്ട് വച്ച ഫയലുകൾ എന്‍റെ മുഖത്തേക്ക് എറിഞ്ഞിട്ട് പുറത്തേക്ക് പോകാൻ വിരൽ ചൂണ്ടി കൊണ്ടു അയാളലറി.

അപമാനം കൊണ്ട് കത്തിയ ഹൃദയവുമായി ഡിസ്സ്മിസ്സ് ലെറ്റർ കൈപ്പറ്റി വീട്ടിൽ വന്നു കയറിയതും അമ്മുവിനെ കെട്ടിപ്പിടിച്ചു ഞാൻ വാവിട്ടു കരഞ്ഞു.

ജോലിയോ വരുമാനമോയില്ലാതെ അമ്മുവിന്‍റെ തണലിൽ ഒന്നരമാസം. ഉറക്കമില്ലാത്ത രാത്രികളിലും പകലുകളിലും ജയദേവനെ വാട്സ്ആപ്പിൽ ഓൺലൈനിൽ കാണുമ്പോഴൊക്കെ ഉള്ളുരുകി. ഒരിക്കലും അയാളെന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തില്ല.

അങ്ങോട്ട് വിളിക്കാൻ അഭിമാനം എന്നെയും അനുവദിച്ചില്ല.

ഒരിക്കൽ സഹിക്കെട്ടപ്പോൾ അമ്മു ദേഷ്യത്തിൽ പറഞ്ഞു.

ഒരാൾക്ക് മറ്റൊരാളെ എളുപ്പത്തിൽ ഉപേക്ഷിക്കാൻ കഴിയണമെങ്കിൽ ഒരു കാരണമോ ഉണ്ടാകൂ ജിനി. നിന്നെക്കാൾ പ്രിയപ്പെട്ട മറ്റൊരാൾ അയാളുടെ ജീവിതത്തിൽ ഉണ്ടെന്ന്.

ജയദേവന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ട ആ ആള് ഞാനോ അഞ്ജുവോ മാത്രമല്ലെന്നു കണ്ടുപിടിച്ചാണ് അമ്മു ഒരു ദിവസം വന്നുകയറിയത്.

അയാൾക്ക് വേറെ ഒരുപാട് സ്ത്രീ ബന്ധങ്ങളുണ്ട്. പലയിടത്തും അയാളോടൊപ്പം പല പല സ്ത്രീകളുമായി കണ്ടവരുണ്ട്. ഒരു ചതിയനെയോർത്ത് നീ വെറുതെ കണ്ണീർ വാർക്കരുത് പൊട്ടീ.

എനിക്കയാളെ ഒന്നൂടെ കാണണം.

ഇനിയും നാണം കെടാനൊ?

അല്ല, ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നു കാണിച്ചു കൊടുക്കാന്.

അമ്മു എതിർത്തിട്ടും വകവയ്ക്കാതെ ഞാൻ വീണ്ടും അതേ ഓഫീസിൽ ചെന്നു. ജയദേവന് ഉണ്ടായിരുന്നില്ല. പഴയ സഹപ്രവർത്തകർ സഹതപിച്ചു കൊണ്ട് ചോദിച്ചു.

ഇപ്പോ ചികിത്സയൊക്കെ ഉണ്ടോ? സാർ പറഞ്ഞപ്പോഴാ പിരിഞ്ഞു പോകാനുള്ള കാരണം അറിഞ്ഞത്. എനിക്കു ഭ്രാന്താണ് എന്ന് അതിനകം അവിടെ കഥകൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞെന്നു ബോധ്യമായി. അടുത്ത ആഴ്ച ജയദേവന്‍റെ വിവാഹമാണെന്ന് അറിഞ്ഞതും ഞാൻ വീണ്ടും പരാജിതയായി. അയാളുടെ വലിയ മനസിനെ കുറിച്ചായിരുന്നു കേട്ടത് മുഴുവൻ. നമുക്കാ കല്യാണത്തിന് പോകണം അമ്മൂ. എനിക്കയാളെ മറക്കാൻ ആ കാഴ്ച ഉള്ളിൽ നിറക്കണം. അമ്മുവിന് ഭയമുണ്ടായിരുന്നു. എന്‍റെ മനോനില തെറ്റുമോയെന്ന്.

ഞങ്ങൾ ചെല്ലുമ്പോ ആ സ്ത്രീക്ക് ചുറ്റിലും ധാരാളം പേര് കൂടി നിൽപ്പുണ്ടായിരുന്നു. പത്രക്കാർ ആണെന്ന് തോന്നുന്നു. ഈ കല്യാണം ജയദേവന് തന്‍റെ ഇമേജ് കൂട്ടാൻ നന്നായി വിനിയോഗിച്ചിട്ടുണ്ടെന്ന് മനസിലായി. അവരുടെ മുഖം വേണ്ടതിൽ അധികം മേക്കപ്പ് ചെയ്‌തു ചുവപ്പിച്ചിരുന്നു. മുപ്പത്തിയെട്ട് വയസ്സിനു ചേരാത്ത ലജ്ജ എടുത്തണിയാൻ പരിശ്രമിക്കുന്ന ആ സ്ത്രീയോട് എനിക്കു സഹതാപം തോന്നി.

ചെറുക്കന്‍റെ കൂട്ടർ എത്തിയിട്ടില്ലാത്തത് കൊണ്ട് ഞങ്ങളുടെ കാഴ്ച സൗകര്യപ്രദമായിരുന്നു. ആളുകൾ തിക്കി തിരക്കി വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അടുത്ത കസേരയിലിരുന്നു അവരെ വീക്ഷിക്കുന്നത് രസകരമായി ഞാനസ്വദിച്ചു.

പോയാലോ, അമ്മു എന്‍റെ കൈയിൽ തൊട്ടു കൊണ്ട് വീണ്ടും ചോദിച്ചു. പോകാം.

തൊണ്ടയിൽ കയ്ക്കുന്ന വേദന അടക്കി കൊണ്ട് ഞാനെഴുന്നേറ്റ് പുറത്തേക്ക് നടന്നു.

ഞാൻ ഭയന്നിരുന്നു. അമ്മു ആശ്വാസത്തിൽ പറഞ്ഞു.

എന്ത്?

നീ എന്തേലും മണ്ടത്തരം ചെയ്യുമൊയെന്ന്?

ഇല്ല, ഞാനാ കുട്ടിയുടെ കഥ ഓർത്തു ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു.

ഏത് കുട്ടിയുടെ?

ഷൂസ് വാങ്ങാൻ കരഞ്ഞ കുട്ടിയുടെ. കാലുകൾ ഇല്ലാത്ത ഒരാളെ കാണും വരെയേ എന്‍റെ കരച്ചിൽ ഉണ്ടായിരുന്നുള്ളൂവെന്ന് പറഞ്ഞ ആ കുട്ടിയുടെ. പക്ഷേ ഈ ഷൂസ് അവരുടെ കാലുകളെ കൂടുതൽ മുറിവേൽപ്പിക്കുമെന്ന വേദനയാണ് എന്നെ അലട്ടുന്നത്.

പോകാം ജിനി. അമ്മു സങ്കടപ്പെട്ടു കൊണ്ട് എന്‍റെ കൈയിൽ പിടിച്ച് വലിച്ചു കൊണ്ട് അവിടെനിന്നിറങ്ങി പോന്നു. മടങ്ങി പോക്കിൽ എനിക്കൊരു പട്ടം വേണമെന്ന് അമ്മുവിനോടു വാശി പിടിച്ചു. പിന്നെ ഈ പ്രായത്തിലിനി പട്ടംപറപ്പിക്കാഞ്ഞിട്ടാണ്. അവൾ ശാസിച്ചെങ്കിലും എന്‍റെ മുഖത്ത് വാട്ടം കണ്ടതും കടയിൽ നിന്നും ചുവന്ന നിറത്തിലുള്ള ഒരു പട്ടം വാങ്ങി തന്നു.

വൈകുന്നേരം ടെറസിൽ നിന്നു പട്ടം പറത്താൻ അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കെ ഞാൻ ചോദിച്ചു. നീയെപ്പോഴെങ്കിലും പട്ടം പറത്തിയിട്ടുണ്ടോ. നൂലിന്‍റെ അറ്റം ഹൃദയത്തിൽ കൊളത്തിയിട്ടു കൊണ്ട് വേണം ആകാശത്തേക്കത് പറത്തി വിടാൻ. പട്ടം പറത്തും മുമ്പ് കാറ്റിന്‍റെ ദിശ ഏത് ദിക്കിലേക്കെന്നറിയാൻ അയയിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടിത്തൂക്കിയിടണം. കവർ പറക്കുന്ന ദിശ നോക്കി വേണം പട്ടം വിട്ടു കൊടുക്കാൻ. അങ്ങിനെ ചെയ്‌തില്ലെങ്കിൽ പട്ടം പറക്കില്ലേ എന്നു ചോദിക്കാം. ഇതൊക്കെ അച്‌ഛന്‍റെ ബുദ്ധിയായിരുന്നു. അപാര ബുദ്ധിമാനായ ഒരാളായിരുന്നു അച്‌ഛൻ. എന്നിട്ടു എന്‍റെയേും അജയന്‍റേയും വിവാഹത്തിൽ അച്‌ഛന് തെറ്റുപറ്റി.

ഹൃദയത്തിൽ കൊളുത്തിയിട്ട നൂലിലാണ് ഞാൻ ജയദേവനോടുള്ള സ്നേഹം നിറച്ചതും. അച്‌ഛന്‍റെ ബുദ്ധിയിലും എന്‍റെ ബുദ്ധിശൂന്യതയിലും പൊട്ടിപ്പോയ പട്ടം പോലെയാണ് എന്‍റെ ജീവിതമെത്തിയതെങ്കിൽ അതാരുടെയും കുറ്റമാവില്ല അല്ലേ അമ്മൂ.

ആ ചോദ്യം ചോദിച്ച ശേഷം ടെറസിൽ കുത്തിയിരുന്നു ആർത്തലച്ചു ഞാൻ കരഞ്ഞു. ഞാനും ജയദേവനും ഒരുമിച്ച് പങ്കുവച്ച പകലുകളും രാത്രികളും ഓർമ്മ വന്നതും നിലത്തേക്ക് കമിഴ്ന്നടിച്ചു കിടന്നു കരഞ്ഞു.

ഒരു സായാഹ്നത്തിൽ ജയദേവന്‍റെ കൂടെ ലോഡ്ജിൽ മുറിയെടുത്തതും രാത്രിയിൽ ടെറസിൽ പോയി ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങൾ കണ്ടുകൊണ്ടു കിടന്നതുമെല്ലാം ഓർമ്മയിലേക്ക് ഇരച്ചു കയറി വന്നു. ഞങ്ങൾ ഒരുമിച്ച് കണ്ട ആകാശം, നക്ഷത്രങ്ങൾ, നിലാവ്.

പട്ടം പൊട്ടിപ്പോയത് ആരുടേയും കുറ്റമാവില്ല അല്ലേ ലീലേ.

ഒരു സന്ധ്യയിൽ നിന്നു കൊണ്ട് ചോദിച്ച ചോദ്യം ഈ സന്ധ്യയിൽ നിൽക്കേ വീണ്ടും എന്‍റെ നാവിൽ നിന്നും വീണു. അന്നേരം വീശിയടിച്ച കാറ്റിൽ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഇടം കൈകൊണ്ടു ഒതുക്കി വയ്ക്കാൻ ഞാൻ ശ്രമിച്ചു. ലീല പിന്നിൽ നിന്നും എന്‍റെ കണ്ണു പൊത്തി പിടിച്ചു. എന്‍റെ കണ്ണിലും അവളുടെ കൈയിലും പടർന്ന നനവ് ഞങ്ങളെ ഇരുവരെയും അന്നേരം ഒരു നദിയാക്കി മാറ്റിക്കളഞ്ഞു.

और कहानियां पढ़ने के लिए क्लिक करें...