വിമാനമിറങ്ങി പുറത്തിറങ്ങവെ ബാംഗ്ലൂരിലെ തണുത്ത കാറ്റേറ്റപ്പോൾ പ്രാചിയ്ക്ക് ചെറുതായൊന്ന് തണുത്തു. തണുത്ത കാറ്റേൽക്കാതിരിക്കാൻ പ്രാചി പീഹുവിനെ സമീപത്തേക്ക് ചേർത്തു പിടിച്ചു.

“മമ്മി, വല്യമ്മ നമ്മളെ പിക്അപ്പ് ചെയ്യാൻ വരുമല്ലോ അല്ലേ?” 7 വയസുകാരിയായ പീഹു ഏറെ ഉത്സാഹത്തോടെ ചോദിച്ചു.

“ഇല്ല… നമ്മൾ ഓഫീസ് ഗസ്റ്റ്ഹൗസിലേക്കാ പോവുന്നത്.”

പ്രാചിയുടെ മറുപടി കേട്ട് പീഹുവിന്‍റെ മുഖത്ത് നിരാശ പടർന്നു. പ്രാചി തിടുക്കപ്പെട്ട് തന്‍റെ കയ്യിലുള്ള ഹാന്‍റ് ബാഗ് പീഹുവിനെ ഏൽപ്പിച്ച ശേഷം ട്രോളി എടുക്കാനായി പോയി. ട്രോളി ഉരുട്ടി കൊണ്ട് തങ്ങളുടെ ബാഗേജ് വരുന്നതും കാത്ത് നിന്നു. പ്രാചി മിക്കപ്പോഴും ബാംഗ്ലൂരിൽ വന്ന് പോകാറുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കായും മറ്റ് ചിലപ്പോൾ സഹോദരിയെ കാണാനുമൊക്കെയായി. പക്ഷേ ഇന്ന് അവൾ ഏതോ വിചിത്രമായ ഭാവത്തിലായിരുന്നു. സ്വന്തം ലാപ്ടോപ്പ് ട്രോളിയിൽ വച്ചശേഷം പ്രാചി ബാഗേജും മറ്റും ട്രോളിയിൽ വച്ചു.

എയർപോർട്ടിന് പുറത്ത് ഓഫീസ് കാർ പ്രാചിയെ കാത്തു നിന്നിരുന്നു. അവർ ഇരുവരും കാറിൽ കയറി ഗസ്റ്റ്ഹൗസിൽ എത്തി. പ്രാചി തനിക്കായി കോഫിയും പീഹുവിനായി ജ്യൂസും സാൻവിച്ചും ഓർഡർ ചെയ്തു. കോഫി കുടിച്ചു കൊണ്ടിരിക്കെ പ്രാചി പീഹുവിനെ തന്നെ നോക്കിയിരുന്നു. അവൾ നിശബ്ദയായി സാൻവിച്ച് കഴിച്ചു കൊണ്ടിരുന്നു. ഫോൺ ബെൽ മുഴങ്ങിയത് കേട്ട് ചിന്തയിൽ നിന്നും ഉണർന്ന് പ്രാചി മൊബൈൽ സ്ക്രീനിലേക്ക് നോക്കി. ചേച്ചിയുടെ കോൾ ആണ്.

“നീയെവിടെയാ പ്രാചി… ചേട്ടൻ നിന്നെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ പോയിരുന്നു. നിന്‍റെ ഫോൺ ഓഫായിരുന്നല്ലോ.”

“പ്രാചിയുടെ സഹോദരി ഉൽക്ക്ണഠ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.”

“ചേച്ചീ, എങ്ങും പോകാൻ മനസ്സ് തോന്നിയില്ല” പ്രാചി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“ഞാനും ചേട്ടനും നിന്നെ കൂട്ടിക്കൊണ്ടുവരാൻ വരുന്നുണ്ട്.”

“പ്ലീസ്… ഇന്ന് വേണ്ട. ഞാൻ നാളെ വരാം.” എന്ന് പറഞ്ഞു കൊണ്ട് പ്രാചി അസ്വസ്ഥതയോടെ ഫോൺ കട്ട് ചെയ്‌തു.

കുളി കഴിഞ്ഞതോടെ പ്രാചിയ്ക്ക് ചെറിയൊരു ഉന്മേഷം തോന്നി. പീഹു ടിവി കാണുന്നതിൽ മുഴുകി. പ്രാചി ലാപ്ടോപ്പ് തുറന്ന് തന്‍റെ മെയിൽ ചെക്ക് ചെയ്യാൻ തുടങ്ങി.

പുതിയൊരു കാഴ്ചപ്പാടോടെ ചിന്തിച്ച് തീരുമാനമെടുക്കേണ്ട കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. ഇനി ജീവിതം പുതുതായി തുടങ്ങേടണ്ടതുണ്ട്. കുറേയേറെ വെല്ലുവിളികൾക്കു ശേഷം എവിടെയൊക്കെയോ എന്തൊക്കെയോ ആശ്വാസം പോലെ അവൾക്കനുഭവപ്പെട്ടു. ജീവിതം ഈ രീതിയിൽ തകിടം മറിയുമെന്ന് ഒരിക്കലും അവൾ വിചാരിച്ചിരുന്നില്ല.

ഓഫീസിൽ ബ്രെയിൻ വിത് ബ്യൂട്ടി ഇന്ന് ആ ടാഗ് എപ്പോഴും അവൾക്ക് ചാർത്തപ്പെട്ടിരുന്നു. പക്ഷേ ഇന്ന് ഈ ടാഗ് വെറും പൊള്ളയായതു പോലെ തോന്നുന്നു.

ചെറിയ പ്രായത്തിൽ തന്നെ എന്തെല്ലാം നേട്ടങ്ങളാണ് താൻ കൈവരിച്ചത്. മികച്ചൊരു കോളേജിൽ നിന്നും എൻജിനീയറിംഗ് ബിരുദം കരസ്ഥമാക്കി.എംബിഎ ടോപ്പറായി. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന പദം കരസ്ഥമാക്കി. എന്നാൽ ഈ നേട്ടങ്ങൾക്കൊക്കെ സന്തുഷ്ടി നിറഞ്ഞ ജീവിതം ഉറപ്പുവരുത്താനായില്ലല്ലോ? മൗസ് ചലിപ്പിച്ചു കൊണ്ടിരുന്ന വിരലുകൾ പെട്ടെന്ന് നിശ്ചലമായി.

ടിവി കണ്ടുകൊണ്ടിരുന്ന പീഹു ഇതിനോടകം ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. അവളുടെ മനസിൽ അപ്പോൾ മാതൃത്വഭാവത്തോടൊപ്പം നിർവചിക്കാനാവാത്ത സങ്കടവും നിറഞ്ഞു വന്നു. ലാപ്ടോപ്പ് അടച്ച് വച്ചശേഷം പ്രാചി പീഹുവിനെ എടുത്ത് കിടക്കയിൽ കിടത്തി. അവളുടെ കുഞ്ഞ് തലമുടിയിഴകളിൽ പ്രാചി വാത്സല്യത്തോടെ തഴുകി കൊണ്ടിരുന്നു.

പാവം ഈ കുഞ്ഞ് എന്ത് പിഴച്ചു. മനസിൽ നിന്നും പടിയിറക്കിവിട്ടിട്ടും അക്കാര്യങ്ങളൊന്നും മറക്കാനാവുന്നില്ലല്ലോ. എന്നാലും നിശബ്ദമായി അവയൊക്കെ തന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നതായി അവൾക്ക് തോന്നി.

  • ••

“പ്രാചി… പീഹു… വാതിൽ തുറക്ക്.” രാത്രി 9 മണിക്ക് മനീഷ് ഫ്ളാറ്റിന്‍റെ വാതിലിൽ ശക്തിയായി മുട്ടി കൊണ്ടിരുന്നു.

“മമ്മി തുറക്ക്… പപ്പ വന്നു,” പപ്പയെ കാണാനുള്ള ഉത്സാഹത്തിൽ പീഹു മമ്മിയുടെ കൈകളിൽ ഇറുക്കി പിടിച്ച് വാതിലിന് നേർക്ക് ചൂണ്ടി.

പക്ഷേ പ്രാചിയുടെ മനസ് കല്ലായി മാറിയിരുന്നു. പീഹുവിന്‍റെ കയ്യും പിടിച്ച് അവൾ ബെഡ്റൂമിൽ പോയിരുന്നു. മനീഷ് വാതിലിൽ മുട്ടുന്ന ശബ്ദം തുടർന്നു കൊണ്ടിരുന്നു.

അടുത്ത ഫ്ളാറ്റുകാർ ശബ്ദകോലാഹലം സഹിക്കാനാവാതെ അയാളെ തടഞ്ഞപ്പോൾ അയാൾ ഉഗ്രരൂപിയായി ഭീഷണി മുഴക്കി കൊണ്ട് കടന്നു പോയി.

“ഇന്നലെ രാത്രി കുടിച്ചിട്ട് മനീഷ് വന്നിരുന്നു” ലഞ്ച് കഴിച്ചു കൊണ്ടിരിക്കെ പ്രാചി തന്‍റെ സഹപ്രവർത്തകയായ സ്നേഹയോടായി പറഞ്ഞു.

“വീണ്ടും… എങ്ങനെ ധൈര്യമുണ്ടായി?” പോലീസിനെ എന്താ വിളിക്കാതിരുന്നത്?” സ്നേഹ അരിശത്തോടെ ചോദിച്ചു.

“എനിക്ക് വയ്യ അടിക്കടി തമാശ കാട്ടാൻ…”

“അയാളല്ലേ നിന്‍റെ ജീവിതം തമാശയാക്കിയത്…” സ്നേഹയ്ക്ക് ദേഷ്യമടക്കാനായില്ല.

“എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല.” പ്രാചി താടിയ്ക്ക് കയ്യും കൊടുത്ത് ചിന്തയിലാണ്ടു. സ്നേഹ കുറച്ചു നേരം അവളെ നോക്കിയിരുന്ന ശേഷം എഴുന്നേറ്റ് അവളുടെ മുതുകിൽ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

മൂന്ന് സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണ് പ്രാചി. തുടക്കം മുതലെ വീട്ടിൽ കാര്യസ്ഥയെ പോലെ പെരുമാറിയിരുന്ന പ്രാചിയെ ഓർത്ത് വീട്ടിലെല്ലാവർക്കും അഭിമാനമെ ഉണ്ടായിരുന്നുള്ളൂ. എന്തിലും ഏതിലും നേതൃസ്‌ഥാനം അവൾ വഹിച്ചിരുന്നു. ഏത് കാര്യവും അവൾ പൂർണ്ണ ആത്മവിശ്വാസത്തോടെ നിർവഹിച്ചിരുന്നു. അവളുടെ നേട്ടങ്ങളിൽ കുടുംബം അഭിമാനം കൊണ്ടിരുന്നു.

മൂത്ത സഹോദരി ഉയർന്ന നിലയിൽ വിവാഹിതയായി കുടുംബജീവിതം ആരംഭിച്ചു. പഠനത്തിൽ സാധാരണ നിലവാരം പുലർത്തിയിരുന്ന രണ്ടാമത്തെ സഹോദരൻ ഡിഗ്രി പഠനം കഴിഞ്ഞ ശേഷം അച്‌ഛന്‍റെ പിൻബലത്തോടെ ബിസിനസ്സ് ആരംഭിച്ചു.

പ്രാചിയ്ക്കായി പീഡിയാട്രിഷ്യനായ ഡോക്ടർ മനീഷിന്‍റെ ആലോചന വന്നതോടെ വീട്ടുകാർക്ക് ഏറെ സന്തോഷമായി. നല്ല പെരുമാറ്റം ആകർഷകമായ വ്യക്തിത്വം പ്രാചിയ്ക്കും അയാളെ ഏറെയിഷ്ടമായി. വിവാഹശേഷം ഇരുവരും ഹൈദരാബാദിൽ സെറ്റിൽ ചെയ്‌തു. സ്വന്തം ജോലികളിലായി മുഴുകി.

രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു പീഹുവിന്‍റെ ജനനം. അതോടു കൂടി ജീവിതം കൂടുതൽ സന്തോഷഭരിതമായി. അച്‌ഛൻ ഒരു തവണയെങ്കിലും തന്‍റെ വീട്ടിൽ വരാതെ ഈ ലോകം വിട്ടുപോയല്ലോയെന്നായിരുന്നു പ്രാചിയുടെ സങ്കടം.

ജോലിയിൽ ഉയർച്ചയുണ്ടാക്കുന്നതിലും മറ്റുമായി പ്രാചി തിരക്കുകളിൽ മുഴുകി. പലപ്പോഴും അവൾക്ക് ജോലിയുടെ ഭാഗമായി മറ്റ് നഗരങ്ങളിൽ പോകുന്നതിന് പുറമെ വിദേശ രാജ്യങ്ങളിലും പോകേണ്ടി വന്നു. ആ സമയത്തൊക്കെ പീഹു സഹായിയായ അനിതയുടെ സംരക്ഷണത്തിൽ കഴിഞ്ഞു.

പീഹുവിനെ കാണുമ്പോഴൊക്കെ ജോലിയുപേക്ഷിച്ചാലോയെന്ന് അവൾ പലപ്പോഴും ചിന്തിക്കുക പോലും ചെയ്‌തിരുന്നു. പക്ഷേ വീടിന്‍റെയും കാറിന്‍റെയും ലോൺ അടയ്ക്കാനുള്ളതു കൊണ്ട് അവൾക്കതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. പിന്നെ മനീഷിന് നേഴ്സിംഗ് ഹോം തുടങ്ങണമെന്നുള്ള സ്വപ്നവും. അന്ന് രാത്രി ഒരു മണിയായിട്ടും മനീഷ് വീട്ടിൽ എത്തിയിരുന്നില്ല. വിളിച്ചിട്ട് മനീഷ് ഫോണും എടുത്തില്ല. മനീഷ് എത്താത്തതിനെ തുടർന്ന് ആധി പൂണ്ട് പ്രാചി മുറിയിൽ ഉലാത്തി കൊണ്ടിരുന്നു.

രാത്രി 2 മണി കഴിഞ്ഞ് കാറിന്‍റെ ശബ്ദം കേട്ട് പ്രാചി വാതിൽ തുറന്നു.

“എവിടെയായിരുന്നു?”

“ഒരു എമർജൻസി കേസ് ഉണ്ടായിരുന്നു.” എന്നു പറഞ്ഞു കൊണ്ട് മനീഷ് ബാത്ത്റൂമിലേക്ക് നടന്നു.

പിന്നീട് എന്നും എമർജൻസി കേസ് ആവർത്തിച്ചു കൊണ്ടിരുന്നു. പ്രാചിയ്ക്ക് പലപ്പോഴും ഇക്കാര്യത്തിൽ സംശയം തോന്നി. എന്നാൽ തന്‍റെ ജോലി തിരക്കുകളും മനീഷിലുള്ള അന്ധമായ വിശ്വാസവും മൂലം അവൾ അതിനെ കുറിച്ചോർത്ത് കൂടുതൽ വ്യാകുലപ്പെട്ടില്ല. എന്നാൽ രാത്രി വൈകി വരുന്നത് ആവർത്തിച്ചതോടെ അവൾ അതിനുള്ള കാരണമന്വേഷിക്കാൻ തന്നെ തീരുമാനിച്ചു.

അന്ന് രാത്രി സഹായിയായ അനിതയെ വീട്ടിൽ നിർത്തിയ ശേഷം മനീഷിനെ കാണാനായി രാത്രി 11 മണിയോടെ പ്രാചി നേഴ്സിംഗ് ഹോമിൽ പോയി. മനീഷിന്‍റെ ക്യാബിൻ അടഞ്ഞു കിടന്നതിനാൽ റിസപ്ഷനിലുണ്ടായിരുന്ന പെൺകുട്ടിയോട് പ്രാചി മനീഷിനെപ്പറ്റി അന്വേഷിച്ചു.

“മാം, ഡോക്ടർ 7 മണിയോടെ പോയല്ലോ.” പെൺകുട്ടി തെല്ലൊരു ആശങ്കയോടെ പറഞ്ഞു.

“7 മണിക്കോ…” പ്രാചിയുടെ മനസ്സിൽ സംശയത്തിന്‍റെ കൊടുങ്കാറ്റ് വീശി. നിനക്കെന്ന് മുതലാണ് നൈറ്റ് ഷിഫ്റ്റ് ആയത്?”

“മാഡം മൂന്നാഴ്ചയായി… ഡോക്ടർ ചിലപ്പോൾ…” പെൺകുട്ടി വാക്കുകൾ മുഴുമിക്കാതെ പരിഭ്രമിച്ചു നിന്നു.

“പറയൂ…” നെഞ്ചിടിപ്പിന്‍റെ വേഗതയെ നിയന്ത്രിച്ചു കൊണ്ട് പ്രാചി ചോദിച്ചു.

“മാം… പ്ലീസ് എന്‍റെ പേര് പറയല്ലേ… ഡോക്ടർ… ലീന നേഴ്സിനൊപ്പം” അവൾ ഭയപ്പാടോടെ പറഞ്ഞു.

“എന്താ” പ്രാചി പ്രഹരമേറ്റ കണക്കെ സ്തബ്ധയായി നിന്നു. തനിക്ക് ചുറ്റുള്ള കാഴ്ചകൾ അതിവേഗം കറങ്ങി കൊണ്ടിരിക്കുന്ന പോലെ അവൾക്ക് തോന്നി. സ്വന്തം മനസ്സിനെ വീണ്ടെടുത്ത ശേഷം പ്രാചി പെൺകുട്ടിയോട് ചോദിച്ചു.

“അവരുടെ അഡ്രസ് തരാമോ?”

“മാം…” പെൺകുട്ടി വീണ്ടും ആശങ്കയിലായി.

“നീ ഒട്ടും വിഷമിക്കണ്ട… നിന്‍റെ പേര് ഞാൻ പറയില്ല.”

പ്രാചി, ധൈര്യം പകർന്നതോടെ അവൾ ഒരു പേപ്പറിൽ ലീനയുടെ അഡ്രസ് എഴുതി പ്രാചിയെ ഏൽപ്പിച്ചു.

രാത്രി 12 മണിക്ക് ടാക്സിയിൽ കയറി അവൾ അസ്വസ്ഥമായ മനസ്സോടെ ലീനയുടെ വീടിനടുത്തായി ഇറങ്ങി. ഒരു തെളിവെന്ന നിലയിൽ വീടിന് മുൻവശത്തായി മനീഷിന്‍റെ കാർ കിടപ്പുണ്ടായിരുന്നു. അത്യുൽക്കടമായ ദേഷ്യത്തോടെ വാതിൽ തുറക്കും വരെ അവൾ ഡോർ ബെൽ മുഴക്കി കൊണ്ടിരുന്നു. ഒടുവിൽ മുതിർന്ന പ്രായത്തിലുള്ള ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.

“നിങ്ങൾ…” ഉറക്കച്ചടവോടെ കണ്ണുതിരുമ്മി കൊണ്ട് മുതിർന്ന സ്ത്രീ ചോദിച്ചു.

“ഞാൻ ആ മനുഷ്യന്‍റെ ഭാര്യയാണ്. അയാളിപ്പോൾ നിങ്ങളുടെ വീട്ടിലുണ്ട്.” പ്രാചി ദേഷ്യത്തോടെ പറഞ്ഞു.

“ഇവിടെയാരുമില്ല” മുതിർന്ന സ്ത്രീ ഈർഷ്യയോടെ മറുപടി പറഞ്ഞു.

“ഈ ബാഗ് ആരുടേതാണ്?” സോഫയിൽ കിടന്ന മനീഷിന്‍റെ ബാഗിലേക്ക് ചൂണ്ടി കൊണ്ട് പ്രാചി ഉടനടി ചോദിച്ചു.

“എനിക്കറിയില്ല…” ആ സ്ത്രീ അപ്പോഴും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“കള്ളം പറയുന്നോ…” പ്രാചിയുടെ ശബ്ദം ഉയർന്നു. കുറച്ചു കഴിഞ്ഞതോടെ അകത്തെ വാതിൽ തുറക്കുന്ന ശബ്ദം മുഴങ്ങി. പൊക്കമുള്ള സുന്ദരിയായ ഒരു പെൺകുട്ടി അലക്ഷ്യമായി കിടന്ന ഗൗൺ ഒതുക്കി പിടിച്ചു കൊണ്ട് പുറത്തു വന്നു.

“മമ്മി, എന്തായി ബഹളം? മാം… നിങ്ങൾ…” പ്രാചിയെ കണ്ടതോടെ അവളുടെ മുഖഭാവമാകെ മാറി.

വർദ്ധിച്ചു വന്ന വെറുപ്പോടെ ലീനയെ അടിമുടി നോക്കിയ ശേഷം പ്രാചി ലീന ഇറങ്ങി വന്ന മുറിയിലേക്ക് നടന്നു. ലീന പ്രാചിയെ തടയാൻ ശ്രമിച്ചുവെങ്കിലും പ്രാചി അവളെ തട്ടിമാറ്റി കൊണ്ട് മുറിയിൽ പ്രവേശിച്ചു. മനീഷ് പുറത്തെ ബഹളമൊന്നും അറിയാതെ സുഖമായി ഉറക്കത്തിലായിരുന്നു.

“മനീഷ്” പ്രാചി ഉച്ചത്തിൽ അലറി വിളിച്ചു.

ശബ്ദം കേട്ട് കണ്ണുതിരുമ്മി കൊണ്ട് മനീഷ് എഴുന്നേറ്റു. കണ്മുന്നിൽ പ്രാചിയെ കണ്ട് അയാൾ അദ്ഭുതപ്പെട്ടു. പരിസരബോധം വന്നതോടെ അയാൾ പരിഭ്രമത്തോടെ പുതപ്പെടുത്ത് ശരീരം മറയ്ക്കാൻ ശ്രമിച്ചു.

“എന്തിന് മറയ്ക്കണം മനീഷ്… മറയ്ക്കാൻ ഇനിയെന്താണ് ഉള്ളത്?” കസേരയിൽ തൂക്കിയിട്ടിരുന്ന ഷർട്ടെടുത്ത് അവൾ അയാളുടെ നേർക്കെറിഞ്ഞു കൊണ്ട് മുറിയിൽ നിന്നും പുറത്തു കടന്നു.

പുറത്തെ മുറിയിൽ എന്ത് ചെയ്യണമെന്നറിയാതെ ലീന സങ്കോചത്തോടെ നിൽപ്പുണ്ടായിരുന്നു. അൽപ്പ സമയം കൊണ്ട് തന്നെ വസ്ത്രമണിഞ്ഞ് പുറത്ത് വന്ന മനീഷ് പ്രാചിയുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങാൻ തുനിഞ്ഞയുടൻ പ്രാചി ദേഷ്യത്തോടെ കൈ തട്ടിമാറ്റി.

പ്രാചി കുത്തുന്ന കണ്ണുകളോടെ ലീനയുടെ അമ്മയെ നോക്കി.“ നാണമില്ലേ നിങ്ങൾക്ക്… നിങ്ങളുടെ മുന്നിൽ… മകൾ അപരിചിതനായ ഒരാൾക്കൊപ്പം…”

“എന്‍റെ വീട്ടിൽ വന്ന് എന്നെ കുറ്റപ്പെടുത്തുന്നോ… നീ നിന്‍റെ ഭർത്താവിനോട് ചോദിക്ക്” തെല്ലും കൂസലില്ലാതെ മുതിർന്ന സ്ത്രീ ധിക്കാരത്തോടെ മറുപടി പറഞ്ഞു.

“ഓഹോ… അപ്പോൾ ഇതാണ് നിങ്ങളുടെ നിലവാരം…” പ്രാചി മനീഷിന്‍റെ നേരെ നോക്കി പരിഹാസച്ചുവയോടെ പറഞ്ഞ ശേഷം പുറത്തേക്ക് ഇറങ്ങി. “പ്രാചി… പ്രാചി…” എന്ന് വിളിച്ചു കൊണ്ട് മനീഷ് അവൾക്ക് പിന്നാലെ ഓടി വന്നു.

ടാക്സിയിൽ കയറിയ പ്രാചിയുടെ മനസ്സിനെ രാത്രിയുടെ നിശബ്ദതയും ഇരുട്ടും വെട്ടി നുറുക്കി കൊണ്ടിരുന്നു. അവളുടെ മനസിൽ ഉഗ്രമായ കൊടുങ്കാറ്റ് വീശി കൊണ്ടിരുന്നു. ആ കൊടുങ്കാറ്റിൽ മനീഷിനോട് ഉണ്ടായിരുന്ന ബഹുമാനവും പ്രണയവും വിശ്വാസവും പറന്നു പോയി. വേദന നീലനിറം പൂണ്ട് അവളുടെ കണ്ണുകളിലൂടെ കണ്ണീർ ചാലുകളായി പ്രവഹിച്ചു കൊണ്ടിരുന്നു.

“മാം…” ഡ്രൈവർ വിളിച്ചു.

“ഓ…” വർദ്ധിച്ച വേദനയെ മറച്ചു കൊണ്ട് അവൾ യാന്ത്രികമായി അയാൾക്ക് പണം നൽകിയ ശേഷം വീട്ടിലേക്ക് നടന്നു. ഇന്നാദ്യമായി ആ വീട് അപരിചിതമായ പോലെ അവൾക്ക്തോന്നി. അൽപ്പം സമയം കഴിഞ്ഞ് മനീഷും എത്തി. പ്രാചിയോട് എന്തെങ്കിലും പറയാനുള്ള ധൈര്യം അയാൾക്കുണ്ടായിരുന്നില്ല. അയാൾ നേരെ ബെഡ്റൂമിൽ പോയി.

പ്രാചി സോഫയിൽ തളർന്നിരുന്നു.

മനസ്സിൽ കൊടുങ്കാറ്റ് കെട്ടടങ്ങുന്നില്ല. താൻ ചെയ്ത തെറ്റ് എന്താണെന്ന് മനീഷിനോട് ചോദിക്കാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. പക്ഷേ അനിതയെക്കുറിച്ചോർത്ത് അവൾ നിശബ്ദത പാലിച്ചു. മുറിവേറ്റ മനസ് ഉറക്കവും മറന്നിരിക്കുന്നു. സമയത്തിന് ഭാരമേറിയ പോലെ. പിന്നീട് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

“മമ്മി…” പീഹു തന്‍റെ കുഞ്ഞു കൈകൾ കൊണ്ട് പ്രാചിയെ ഉണർത്തി. രാവിലെ 10 മണിയായതറിഞ്ഞ് അവൾ തിടുക്കപ്പെട്ട് എഴുന്നേറ്റു. മനീഷ് നേഴ്സിംഗ് ഹോമിലേക്ക് പോയി കഴിഞ്ഞിരുന്നു. രാത്രിയിലെ കാര്യം ഓർത്തപ്പോൾ അതേതോ ദുസ്വപ്നം പോലെ ഒരുവേള അവൾക്ക് തോന്നി. എന്നാൽ അടുത്തനിമിഷം അതെല്ലാം യാഥാർത്ഥ്യമാണെന്ന് തോന്നിയതോടെ അവൾ പീഹുവിനെ വാരിയെടുത്ത് മടിയിലിരുത്തി ഉച്ചത്തിൽ കരയാൻ തുടങ്ങി.

അടുക്കളയിൽ ജോലി ചെയ്‌തു കൊണ്ടിരുന്നു അനിത അമ്പരപ്പോടെ ഓടി വന്നു. മമ്മിയുടെ കരച്ചിൽ കണ്ട് പീഹുവും കരയാൻ തുടങ്ങി.

“എന്ത് പറ്റി മാഡം…” കാര്യമറിയാതെ അനിത പ്രാചിയുടെ ചുമലിൽ പിടിച്ചാശ്വസിപ്പിച്ചു.

“ഒന്നുമില്ല” കണ്ണു തുടച്ചു കൊണ്ട് പ്രാചി മറുപടി പറഞ്ഞു. പെട്ടെന്ന് ഓഫീസിൽ 12 മണിക്ക് മീറ്റിംഗ് വച്ച കാര്യമോർത്ത് പ്രാചി ഫോണെടുത്ത് ഓഫീസിൽ വിളിച്ച് അവധി പറഞ്ഞു. ശേഷം പീഹുവിനെയെടുത്ത് ബെഡ്റൂമിലേക്ക് പോയി. ജോലി കാര്യത്തിൽ കണിശത പുലർത്തിയിരുന്നുവെങ്കിൽ വീട്ടിൽ ഓടിയെത്താൻ കൊതിച്ചിരുന്ന പ്രാചിക്ക് ഇപ്പോൾ ആ വീട് നരകമായതു പോലെ തോന്നി. പീഹുവിനെയുമെടുത്ത് എവിടെയെങ്കിലും ഓടി പോകാനാണ് അവൾക്ക് തോന്നിയത്.

വൈകുന്നേരം നേഴ്സിംഗ് ഹോമിൽ നിന്നെത്തിയ മനീഷ് പ്രാചിയോട് ക്ഷമയാചിച്ചു.

“നിങ്ങളെന്തിനാണ് എന്നോടിത് ചെയ്‌തത്?” മനീഷിന്‍റെ കൈപിടിച്ചു കൊണ്ട് പ്രാചി ഉച്ചത്തിൽ ചോദിച്ചു.

“നീ നിന്‍റെ ജോലിയിൽ ഫുൾടൈം തിരക്കിലായിരുന്നു. എനിക്ക് വേണ്ടി മാറ്റി വയ്ക്കാൻ നിനക്ക് സമയമുണ്ടായിരുന്നില്ലല്ലോ…” തെല്ലും ലജ്‌ജയില്ലാതെ മനീഷ് മറുപടി പറഞ്ഞു.

“ആർക്കുവേണ്ടിയായിരുന്നു എന്‍റെ തിരക്കുകൾ? സ്വന്തം കുടുംബത്തിനു വേണ്ടി. നിങ്ങളുടെ സ്വപ്നമായിരുന്നില്ലേ നേഴ്സിംഗ് ഹോം എന്നുള്ളത്.”

സ്വയം രക്ഷയ്ക്കായി അയാൾ നടത്തിയ പ്രതിരോധങ്ങളിൽ അയാൾ സ്വയം വീണു കൊണ്ടിരുന്നു. ഇരുവരുടെ തർക്കം കേട്ട് പീഹു ഉച്ചത്തിൽ കരയാൻ തുടങ്ങി. പെട്ടെന്ന് മനീഷ് ചാടിയെഴുന്നേറ്റ് മനുഷ്യത്വം സ്നേഹം വിശ്വാസം എന്നിവയുടെ കഴുത്ത് ഞെരിച്ചു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി.

അതിനുശേഷം പിന്നീടൊരിക്കലും കാര്യങ്ങൾ സാധാരണ രീതിയിലായില്ല.

“ഇറങ്ങി പോ ഈ വീട്ടിൽ നിന്നും എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല.” സർവ്വ നിയന്ത്രണം വിട്ട പ്രാചി അലറി.

“ഇത് എന്‍റേയും വീടാണ്” മനീഷിന്‍റെയും ശബ്ദവും ഉയർന്നു.

“ഈ ഫ്ളാറ്റും കാറും എന്‍റെ പേരിലാണെന്ന കാര്യം മറക്കണ്ട. മാത്രമല്ല ലോൺ അടയ്ക്കുന്നതും ഞാനാ.” പ്രാചി ദേഷ്യത്തോടെ മറുപടി പറഞ്ഞു.

മനീഷ് സമയമൊട്ടും പാഴാക്കാതെ സ്വന്തം സാധനങ്ങൾ പായ്ക്ക് ചെയ്‌ത് വീട് വിട്ടിറങ്ങി. മനീഷിന്‍റെ വാക്കുകളും പ്രവർത്തികളും അവളുടെ മനസിനെ കുത്തി നോവിച്ചു.

ഒടുവിൽ അവൾ രണ്ട് വീട്ടുകാരേയും വിളിച്ച് വിവാഹമോചനത്തിനുള്ള തന്‍റെ തീരുമാനം അറിയിച്ചു. അദ്ഭുതസ്തബ്ധരായ അവർ പ്രാചിയെ ഉപദേശിച്ചു. എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും. പീഹുവിന്‍റെ ഭാവി… മനീഷിനെ ഉപദേശിക്കാം. എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ അവർ മുന്നോട്ട് വച്ചു.

ഓഫീസിൽ സഹപ്രവർത്തകർ പ്രാചിയ്ക്ക് വേണ്ട പിന്തുണയെല്ലാം നൽകി. നഗരത്തിന് പുറത്തുള്ള മീറ്റിംഗുകളിൽ പ്രാചിയെ അവർ അയച്ചില്ല. ഉറ്റ കൂട്ടുകാരിയായ സ്നേഹ എല്ലാ നിമിഷവും അവൾക്കൊപ്പം നിന്നു. വീട്, ഓഫീസ്, പീഹു… എല്ലാ ഒറ്റയ്ക്ക് നടത്തി കൊണ്ടു പോവുക അത്രയെളുപ്പമായിരുന്നില്ല പ്രാചിയ്ക്ക്.

ശാരീരികമെന്നതിലുപരിയായി മാനസികമായി പ്രാചി തളർന്നു പോയിരുന്നു. ആരൊക്കെ ചുറ്റിലും ഉണ്ടെങ്കിലും അവൾ പീഹുവിനൊപ്പം തനിച്ചായിരുന്നുവെന്നതാണ് സത്യം.

പലപ്പോഴും ഏകാന്തത അവളെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. രാത്രിയിൽ ചെറിയൊരു അനക്കം കേട്ടാൽ പോലും അവൾ ഞെട്ടിയുണർന്നിരിക്കുമായിരുന്നു.

“മമ്മി, പപ്പ എന്‍റെ ബർത്ത്ഡേയ്ക്ക് വരുമോ?” ജന്മദിനത്തിന് അതിഥികളുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരുന്ന പ്രാചിയോട് പീഹു ചോദിച്ചു.

“ഇല്ല മോളെ…”

“എന്താ വരാത്തെ?” പീഹുവിന്‍റെ മുഖം വാടി.

“പപ്പ മരിച്ചു പോയി.” ഉള്ളിലുയർന്ന ദേഷ്യത്തെ കടിച്ചമർത്തി കൊണ്ട് പ്രാചി മറുപടി പറഞ്ഞു.

ഇപ്പോൾ തികച്ചും മദ്യപാനിയായി മാറിയ മനീഷ് ഇടയ്ക്കിടെ വീട്ടിൽ വന്ന് വാതിലിൽ മുട്ടുന്നതും പപ്പയെ കാണണമെന്നുള്ള പീഹുവിന്‍റെ വാശിയുമൊക്കെ പ്രാചിയുടെ അസ്വസ്ഥത വർദ്ധിപ്പിച്ചു. ഒരു ദിവസം ഓഫീസ് ജോലിത്തിരക്കിൽ മുഴുകിയിരുന്ന പ്രാചിയുടെ ഫോണിലേക്ക് അനിത വിളിച്ചു. “എന്താ അനിത?”

ലാപ്ടോപ്പിൽ നിന്നും കയ്യെടുത്തു കൊണ്ട് പ്രാചി കസേരയിൽ ചാരിയിരുന്നു.

“മാഡം കുഞ്ഞിന് സുഖമില്ലായെന്ന് തോന്നുന്നു.” അനിത വളരെ സങ്കടത്തോടെ പറഞ്ഞു.

“എന്ത് പറ്റി?” പ്രാചി പരിഭ്രമത്തോടെ കസേരയിൽ നിന്നും എഴുന്നേറ്റു.

“വൈകുന്നേരം വരെ കുഴപ്പമില്ലായിരുന്നു. പക്ഷേ ഇപ്പോ… മാഡം വേഗം വരാമോ.” എന്ന് പറഞ്ഞു കൊണ്ട് അനിത ഫോൺ വച്ചു.

പരിഭ്രമത്തോടെ പ്രാചി വീട്ടിലേക്ക് വേഗം കാറോടിച്ച് വന്നു. പീഹു കിടക്കയിൽ അനക്കമറ്റ് കിടക്കുന്നു.

“പീഹു…പീഹു…” എന്ത് പറ്റി മോൾക്ക്?” എന്ന് പറഞ്ഞു കൊണ്ട് പ്രാചി അനിതയുടെ നേർക്ക് നോക്കി.

“അറിയില്ല മാഡം. പകൽ കുഴപ്പമില്ലായിരുന്നു.” പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന വണ്ണം അനിത പറഞ്ഞു.

“മോളുടെ സ്ക്കൂളിൽ നിന്നും ഫോൺ വന്നിരുന്നു, മോൾ വീണെന്ന് പറഞ്ഞായിരുന്നു ഫോൺ കുറച്ചുനേരം ബോധമില്ലാതായിയെന്നും പറഞ്ഞു. അവർ മാഡത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു. പക്ഷേ മോൾ വീട്ടിൽ വന്നപ്പോൾ കുഴപ്പമില്ലായിരുന്നു. ഭക്ഷണവും നല്ലവണ്ണം കഴിച്ചു. പക്ഷേ വൈകുന്നേരം പാൽ കുടിച്ചതത്രയും ഛർദ്ദിച്ചു. .”

“എന്ത്” മീറ്റിംഗ് ഉള്ളതിനാൽ മൊബൈൽ ഓഫാക്കി വച്ചതോർത്ത് പ്രാചിയ്ക്ക് കുറ്റബോധം തോന്നി.

ആ സമയത്ത് പീഹുവിന്‍റെ ഈയവസ്‌ഥയിൽ അവളുടെ മനസ്സിൽ ഒരെയൊരാളുടെ ചിത്രമാണ് തെളിഞ്ഞത്. മനീഷിന്‍റെ, പീഹുവിന്‍റെ പപ്പയുടെ.

“മനീഷ്… മോൾക്ക് സുഖമില്ല… ഞാൻ മോളേയും കൊണ്ട് നേഴ്സിംഗ് ഹോമിൽ വരികയാണ്.” പരിഭ്രമവും ഭയവും മൂലം വാക്കുകൾ മുഴുവിക്കാനാവാതെ പ്രാചി അസ്വസ്ഥയായി.

“എന്ത് പറ്റി പീഹുവിന്?” മനീഷ് അമ്പരപ്പോടെ ചോദിച്ചു. അവൾ പീഹുവിനെ എടുത്ത് കാറിൽ കിടത്തിയ ശേഷം എങ്ങനെയൊക്കെയോ കാറോടിച്ച് നേഴ്സിംഗ് ഹോമിലെത്തി.

അവൾ കാർ പാർക്ക് ചെയ്‌ത് പീഹുവിനെ എടുത്ത് നേഴ്സിംഗ് ഹോമിലേക്ക് തിടുക്കപ്പെട്ട് നടക്കവെ ആരോ അവളുടെ ചുമലിൽ കൈ വച്ചു. അവൾ തിരിഞ്ഞു നോക്കി. അത് മനീഷായിരുന്നു. അയാൾ പീഹുവിനെ വാരിയെടുത്ത ശേഷം പ്രാചിയെ ആശ്വസിപ്പിച്ചു.

എമർജൻസി വാർഡിൽ പീഹുവിനെ അഡ്മിറ്റ് ചെയ്‌തു. ഡോക്‌ടർമാർ പീഹുവിനെ പരിശോധിച്ചു. ഡ്രിപ്പിട്ട് മരുന്ന് നൽകി. പുറത്ത് പ്രാചി കരഞ്ഞു കൊണ്ടിരുന്നു. അവൾക്ക് ഓരോ നിമിഷവും ഭാരമുള്ളതായി തോന്നി.

ബോധം വീണ സമയത്ത് പീഹു അമ്മയെ വിളിച്ചു. “മമ്മി” നഴ്സ് പറഞ്ഞതനുസരിച്ച് പ്രാചി ഒരു ഭ്രാന്തിയെപ്പോലെ മുറിയിലേക്ക് ഓടി ചെന്നു. അവൾ പീഹുവിനെ കെട്ടിപ്പിടിച്ച് തെരുതെരെ ഉമ്മ നൽകവെ മനീഷ അവളെ തടഞ്ഞു.

പപ്പയെ അടുത്ത് കണ്ട സന്തോഷത്തിൽ പുഞ്ചിരിച്ചയുടൻ പീഹുവിന്‍റെ ബോധം മറിഞ്ഞു.

“വിഷമിക്കണ്ട, സെഡേഷന്‍റെ ഇഫക്റ്റാണ്.” പ്രാചിയെ ആശ്വസിപ്പിച്ചു കൊണ്ട് മനീഷ് പറഞ്ഞു.”

അതുകൊണ്ട് ചില ടെസ്റ്റുകൾ നടത്തണം. 1-2 ദിവസം കിടക്കേണ്ടി വരും. ഞാൻ അതിനുള്ള ഏർപ്പാടുകൾ ചെയ്യട്ടെ.”

മുഴുവൻ പരിശോധനകൾ നടത്തിയെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്ന് അറിഞ്ഞ് പ്രാചിയ്ക്ക് ആശ്വാസം തോന്നി. 2 ദിവസത്തിനു ശേഷം പീഹുവിനെ ഡിസ്ചാർജ് ചെയ്‌തു. മനീഷ് അവരെ വീട്ടിൽ കൊണ്ട് വിട്ടശേഷം മടങ്ങാനൊരുങ്ങവെ പീഹു പപ്പയുടെ കയ്യിൽ മുറുക്കി പിടിച്ചു. കുറേ ദിവസങ്ങൾക്ക് ശേഷം പപ്പയെ അടുത്ത് കിട്ടിയ സന്തോഷത്തിലായിരുന്നു അവൾ.

“പ്ലീസ് പപ്പ പോകണ്ട,” പീഹുവിന്‍റെ നിർബന്ധത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ മനീഷ് പ്രാചിയെ നിസഹായതോടെ നോക്കി.

“മോൾ പറഞ്ഞതല്ലേ പ്ലീസ്…” പ്രാചി സ്വയമറിയാതെ മറുപടി പറഞ്ഞു.

പഴയതു പോലെ പീഹു ഇരുവർക്കുമിടയിൽ വളരെ സമാധാനത്തോടെ ഉറങ്ങി. അവൾ പപ്പയുടെ കയ്യിൽ മുറുക്കി പിടിച്ചായിരുന്നു പീഹുവിന്‍റെ ഉറക്കം.

അതിനുശേഷം ആ പതിവ് തുടർന്നു കൊണ്ടിരുന്നു. സ്വന്തം ജീവിതത്തിലുണ്ടായ ഏകാന്തതയുടെ മടുപ്പിൽ താനിപ്പോൾ മനീഷിന്‍റെ ഭാര്യ അല്ലായെന്ന കാര്യവും അവൾ മറന്നു പോയിരുന്നു.

“ഞാനെന്താ ഈ കേൾക്കുന്നത്.” ഒരു ദിവസം സ്നേഹ ദേഷ്യത്തോടെ പറഞ്ഞു.

“ഒറ്റയ്ക്ക് മടുത്തു. ഞാൻ തളർന്നു പോയിരിക്കുന്നു,” നിരാലംബയായ സ്ത്രീയുടെ പാരവശ്യത്തോടെ പ്രാചി പറഞ്ഞു.

“ഇത് ശരിയാണോ?” സ്നേഹയുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു.

“പീഹുവിന്‍റെ മുഖത്ത് ഇപ്പോൾ പഴയ സന്തോഷമാണ്. ഞാനെങ്ങനെ അവളുടെ…”

“എവിടെ പോയി നിന്‍റെ അഭിമാനബോധം? നീയൊരു ശക്തയായ സ്ത്രീയാണ്. മനീഷ് നിന്നെ വഞ്ചിക്കുക മാത്രമല്ല നിന്നെ ഡൈവോഴ്സും ചെയ്‌തു. അതു മറക്കരുത്.”

ഒരു ദിവസം രാത്രി ലീന പ്രാചിയുടെ വീട്ടിലെത്തി അവളോട് ഉച്ചത്തിൽ കയർത്തു.

“മനീഷ് നിങ്ങളെന്തിനാ ഇവിടെ വന്നത്. രാത്രിയിൽ?” അവൾ ദേഷ്യത്തോടെ മനീഷിനോട് പുലമ്പി കൊണ്ടിരുന്നു.

“ഞാൻ…” മനീഷ് മറുപടി പറയാനാവാതെ കുഴങ്ങി.

“നാണമില്ലേ നിങ്ങൾക്ക് മറ്റൊരു സ്ത്രീയുടെ ഭർത്താവിന്‍റെ കൂടെ…” ലീന പ്രാചിയുടെ നേരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും എന്നോട് ചെയ്‌തത് എന്താണ്. അയാൾ എന്‍റെ ഭർത്താവായിരുന്നു.” പ്രാചി ദേഷ്യത്തോടെ പറഞ്ഞു.

“ആയിരുന്നു… ഇപ്പോൾ എന്‍റെ ഭർത്താവ്” വാ എന്‍റെ കൂടെ വീട്ടിൽ പോകാം.” അവൾ മനീഷിനെ നിർബന്ധിച്ച് കൂടെ കൂട്ടി കൊണ്ടു പോയി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മനീഷ് പ്രാചിയുടെ വീട്ടിൽ വന്ന് പോകുന്നത് പതിവാക്കി. ലീന ആ സമയത്തൊക്കെ ഫോൺ ചെയ്ത് ഭീഷണി മുഴക്കി കൊണ്ടിരുന്നു. വീട്ടിൽ നടക്കുന്ന പ്രശ്നങ്ങളെപ്പറ്റി പീഹുവിന് കുറച്ചൊക്കെ മനസിലായി തുടങ്ങിയിരുന്നു.

വഞ്ചകനായ മനീഷ് ഒരു ലജ്ജയുമില്ലാതെ ഇരുവരേയും വിഡ്ഢികളാക്കി കൊണ്ടിരുന്നു. അയാൾക്ക് പ്രാചിയെ പൂർണ്ണമായും മറക്കാനാവുമായിരുന്നില്ല.

“മനീഷ്, നിങ്ങൾക്കവളെ ഉപേക്ഷിച്ചു കൂടെ?” പ്രാചി ഒരിക്കൽ അവളോട് ചോദിച്ചു.

“അവൾ എന്‍റെ ഭാര്യയല്ലേ. എന്‍റെ കുഞ്ഞിന്‍റെ അമ്മ.” അയാൾ കുടിലമായ ചിരിയോടെ പറഞ്ഞു.

“ഞാനോ?” പ്രാചി അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.

“നീ… നീ… എന്‍റെ ഭാര്യയായിരുന്നു.” യാതൊരു സങ്കോചവുമില്ലാതെ അയാൾ ചെറുചിരിയോടെ പറഞ്ഞു.

അയാളുടെ മറുപടി അവളുടെ നെഞ്ചിൽ ആഴ്ന്നിറങ്ങി. അന്ന് രാത്രി അവർ പരസ്പരം കലഹിച്ചു കൊണ്ടിരുന്നു. മമ്മിയുടെ കരച്ചിലും നിസ്സഹായവസ്‌ഥയും കണ്ട് പീഹുവിന്‍റെ മുഖം വാടി. അവൾ പപ്പയുടെ അടുത്ത് ചെന്ന് പറഞ്ഞു.

“പപ്പ ഇവിടെ നിന്ന് പൊയ്ക്കോ.”

മനീഷ് പോയതോടെ പ്രാചി അസ്വസ്ഥതയോടെ മുറിയിൽ ഉലാത്തി കൊണ്ടിരുന്നു. സങ്കടം സഹിക്കാതെ അവൾ സ്നേഹയെ ഫോൺ ചെയ്‌തു.

“ഹലോ…” ഉറക്കത്തിൽ നിന്നെഴുന്നേറ്റ സ്നേഹ തളർന്ന ശബ്ദത്തിൽ ചോദിച്ചു. പ്രാചിയുടെ കരച്ചിൽ കേട്ട് സ്നേഹ എഴുന്നേറ്റിരുന്നു.

“നീ പറഞ്ഞത് ശരിയാ എന്‍റെ ജീവിതം ഒരു തമാശയായിരിക്കുന്നു.” പ്രാചി നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.

“പ്രാചി, നമ്മൾ കഴിഞ്ഞ അധ്യായം അടയ്ക്കാതെ പുതിയ അധ്യായം തുറക്കാനാവില്ല.” കാര്യങ്ങൾ കേട്ട ശേഷം സ്നേഹ മറുപടി പറഞ്ഞു.

“മനീഷ് നിന്‍റെ ജീവിതത്തിലെ മോശം അധ്യായമായിരുന്നു. നീയത് ഇപ്പോഴും അടയ്ക്കാൻ ശ്രമിച്ചില്ല. അയാളെ ഒഴിവാക്കുക.”

രാവിലെ നിർത്താതെയുള്ള ഡോർബെൽ മുഴങ്ങുന്നത് കേട്ടാണ് പ്രാചി ഉറക്കമുണർന്നത്. അവൾ ഓടിപോയി വാതിൽ തുറന്നതും ചേച്ചിയും ചേട്ടനും മക്കളായ റിയയും രാഹുലും മുന്നിൽ നിൽക്കുന്നത് കണ്ട് അദ്ഭുതപ്പെട്ടു. പ്രാചി ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപിടിച്ചു.

പീഹു റിയയേയും രാഹുലിനെയും കണ്ട് തുള്ളിച്ചാടി. കുട്ടികൾ മൂവരും മുറിയിൽ ബഹളം വച്ച് ഓടി നടന്നു.

“വേഗം സാധനം പായ്ക്ക് ചെയ്യ് നമുക്ക് വീട്ടിൽ പോകാം.” ചേച്ചി മുറിയിൽ കടന്നയുടൻ സാധനങ്ങൾ പെറുക്കിയൊതുക്കി പായ്ക്ക് ചെയ്യാൻ തുടങ്ങി.

“നീ ട്രാൻസ്ഫർ വാങ്ങി വന്നത് നന്നായി.” ചേട്ടൻ അവളെ അഭിനന്ദിച്ചു.

പ്രാചി മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചു.

നിയമപരമായി വേർപ്പെടുത്തിയ ബന്ധത്തെ തന്‍റെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും വേർപ്പെടുത്തിയ ആശ്വാസതണലിലായിരുന്നു അവൾ…

ഇനി ഒരു പുതിയ അധ്യായം തുറക്കണം. തീരാത്ത മധുരിതമായ അധ്യായം. ചേച്ചി അവളെ ചേർത്തു പിടിച്ച് ചുമലിൽ തലോടി.

और कहानियां पढ़ने के लिए क्लिक करें...