രാത്രിയിൽ അവസാന ബസ്സിലാണ് അപരിചിതമായ ആ നാട്ടിൽ കവലയിൽ വന്നിറങ്ങിയത്. വിജനമായ തെരുവിൽ തനിച്ചാക്കിക്കൊണ്ട് കടന്നുപോയി. കറന്‍റ് പോയതാവണം, തെരുവുവിളക്കുകൾ നിശ്ചലം കണ്ണിമ ചിമ്മാതെ നിൽക്കുകയായിരുന്നു. ആകാശത്ത് നക്ഷങ്ങ്രളെയോ ചന്ദ്രനെയോ കാണാനുണ്ടായിരുന്നില്ല. ഇടക്കിടെ വിശുന്ന മിന്നൽ വെട്ടത്തിൽ ഒന്നു രണ്ട് മാടക്കടകൾ കാണാൻ സാധിച്ചു. സമയമറിയാൻ മൊബൈൽ എടുത്തു നോക്കി. ദീർഘദൂര യാത്രയിരുന്നതിലാവണം ചാർജില്ലാതെ ഓഫായിപ്പോയിരുന്നു. നവവത്സരാഘോഷങ്ങളുടെ ഭാഗമായി സുഹൃത്തിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു.

ഫോണിൽ വിളിച്ചപ്പോൾ തന്നെ അവൻ പറഞ്ഞിരുന്നു. “ഞാൻ നിന്നെപ്പോലെ ഒരു നഗരത്തിന്‍റെ സന്തതിയോ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനോ അല്ല. അതകൊണ്ടുതന്നെ ഞാനൊഴികെ നിന്നെ ആഹ്ലാദിപ്പിക്കുന്ന ഒന്നും അവിടുണ്ടാകില്ല. കേട്ടോ…”

“പക്ഷേ നിന്നെക്കൂടാതെ ശുദ്ധ വായുവും പ്രകൃതിഭംഗിയും ശാലീന സൗന്ദര്യവുമുണ്ടല്ലോ… അതാസ്വദിക്കാനാണ് വരുന്നത്” എന്നുമാത്രം മറുപടി പറഞ്ഞു.

“ശാലീന സൗന്ദര്യം എന്നതുകൊണ്ട് നീ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായി” അവൻ പ്രത്യേക ഈണത്തിൽ മൂളി.

“അവിടങ്ങളിലൊക്കെ പാവങ്ങളാണുള്ളതു കേട്ടോ. നിന്‍റെ വേലകളൊന്നും അവിടെ പുറത്തേക്ക് എടുത്തേക്കല്ലേ”

“അതൊക്കെ അവിടെ വന്നിട്ടു നോക്കട്ടെ…”

ഉച്ചയൂണ് കഴിഞ്ഞ് പുറപ്പെട്ടതാണ്. നീണ്ട യാത്രയായിരുന്നതിനാൽ വൈകിട്ട് പതിവായുള്ള ചായയും ഒഴിവാക്കേണ്ടി വന്നു. ബസ്സിൽ സീറ്റിൽ അടുത്ത് വന്നിരുന്ന ഒരു പെൺകുട്ടി ഇടയ്ക്ക് നീട്ടിയ ഒരു കഷണം ചോക്ലേറ്റ് മാത്രമാണ് ആകെ കഴിച്ചത്. യാത്ര തുടങ്ങുമ്പോൾ കൂടെ ആരുമില്ലായിരുന്നു. പുറം കാഴ്ചകളൊക്കെ ശ്രദ്ധിച്ച് ബസ് നീങ്ങുന്നതിനിടക്കെപ്പോഴോ ആണ് അവൾ കയറി വന്ന് അടുത്തിരുന്നത്.

യാത്രക്കിടയിൽ തുറസ്സായ ഒരു സ്ഥലത്ത് ഒരു ചിത കത്തുന്നതും ചുറ്റും നിരവധിയാളുകൾ കൂടി നിൽക്കുന്നതും കണ്ട് അങ്ങോട്ട് ദൃഷ്ടി പായിച്ചിരിക്കയായിരുന്നു. പെട്ടെന്നാണ് സമീപത്ത് പെട്ടെന്ന് പനിനീർ ചെമ്പകപ്പൂക്കളുടെ ഗന്ധം വിടർന്നതും അവളെ കണ്ടതും.

അതിവേഗം പിന്നിലേക്ക് പായുന്ന ചിതയിലേക്ക് തന്നെ നോക്കിയിരുന്നതിലാവണം അവൾ ചോദിച്ചു.

“മരണം ദു:ഖകരമല്ലേ… മാഷേ…. പിന്നെന്തിനാ അതുതന്നെ നോക്കിയിരിക്കുന്നത്. ലോകത്ത് സന്തോഷകരങ്ങളായ ദൃശ്യങ്ങളുമില്ലേ… അവയിലല്ലേ കണ്ണ് വീഴ്ത്തേണ്ടത്.” അതുപറഞ്ഞ് അവൾ ചിരിച്ചു.

“ലോകത്തിന്‍റെ സ്ഥായീ ഭാവം ദു:ഖമാണ്. അനിവാര്യമായ മരണം മാത്രമാണ് ശാശ്വതമായ സത്യം”

“സാർ പറഞ്ഞതു ശരിയായിരിക്കാം. പക്ഷേ ദു:ഖത്തിലും ആനന്ദം കണ്ടെത്തുകയല്ലേ വേണ്ടത്”

“അത് ജീവിതത്തിന്‍റെ നിലനിൽപ്പിനാവശ്യമാണ്. അതിരിക്കട്ടെ കുട്ടിയുടെ പേരെന്താണ്?”

“ഗായത്രി”

യൂണിവേഴ്സിറ്റി കോളേജിൽ സ്ഥിരം വായിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനവും ഏറ്റവും മനോഹരവുമായ ഛന്ദസ്സാണ് ഗായത്രി. സർവ്വസാക്ഷിയായ സൂര്യനെ സ്തുതിക്കുന്ന പ്രാർത്ഥന.

“അറിയാം വിശ്വാമിത്രനാൽ രചിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഋഗ്വേദമന്ത്രം. പക്ഷേ വേദങ്ങൾക്ക് മരണമില്ലെന്നല്ലേ… അവിടെ സാറിന്‍റെ തിയറി തെറ്റി”

“അങ്ങനെയല്ല ഞാൻ പറഞ്ഞത്. മരണം സത്യമാണെങ്കിലും അത് ഒരിക്കലും ഒരു ഫുൾസ്റ്റോപ്പല്ല. അതായത് ഞാൻ മരിച്ചു എന്നു കരുതുക, എന്‍റെ ശരീരം അചേതനമായ കാർബൺ മൂലകങ്ങളായി ഇവിടെ കാണുമല്ലോ… പിന്നീട് അത് വേരുകളിലൂടെ സസ്യങ്ങളിലെത്താം… തുടർന്ന് വേറൊരു ജീവിയിലേക്കും.

“അത് അചേതനത്തിന്‍റെ കാര്യം… അപ്പോൾ ചേതനയുടെ കാര്യമോ?”

“അതാണ് ഞാൻ പറഞ്ഞുവന്നത്. നാശമില്ലാത്തതാണ് അക്ഷരം എന്നല്ലേ… നമ്മളൊക്കെ മരിച്ചാലും ഭാഷ നിലനിൽക്കുന്നില്ലേ…”

“ആത്മാവ് എന്നൊക്കെ നാം പറയാറില്ലേ… അതിന്‍റെ കാര്യമാണ് ചോദിച്ചത്.”

“ആത്മാവ് എനർജിയാണ്. അത് പ്രകൃതിലുണ്ടാവും. ശക്‌തമായ വിശേഷണങ്ങൾ കൊടുത്തു എന്നുവരാം. യക്ഷി എന്നൊക്കെ കേട്ടിട്ടില്ലേ… നിസ്സഹായവസ്ഥയിൽ നിന്നുള്ള അതിതീവ്രമായ പ്രതികാര വാഞ്‌ഛയൊക്കെ ഒരു പക്ഷേ ആത്മാവിൽ ചേക്കേറിയെന്നു വരാം”

അതു പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവളെ ശരിക്ക് ശ്രദ്ധിക്കുന്നത്. നേരത്തെ അവളുടെ വാചകങ്ങളിലേക്കും ആശയങ്ങളിലേക്കും മാത്രമാണ് മനസ്സ് പോയത്. അവൾ രക്‌തവർണ്ണത്തിലുള്ള ചുരിദാറാണ് ധരിച്ചിരിക്കുന്നത്. അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടി കാറ്റിൽ തെന്നിത്തെറിക്കുന്നു. വശ്യമായ പുഞ്ചിരി. അവളുടെ കണ്ണുകൾക്ക് തീവ്രമായ ഒരു കുത്തിത്തുളക്കുന്ന നോട്ടം സ്വന്തമായിട്ടുണ്ടായിരുന്നു.

അവൾ ഇടയ്ക്ക് ബാഗിൽ നിന്ന് ചോക്ലേറ്റ് എടുത്തു കഴിക്കുന്നുണ്ടായിരുന്നു. സാകൂതം നോക്കുന്നതു കണ്ട് അവൾ ഒരു കഷണം ഒടിച്ച് നീട്ടി. അത് പതുക്കെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വണ്ട് പറന്ന് തെറിച്ചു വന്ന് കൈത്തണ്ടയിലിരുന്നു. കുടഞ്ഞു കളയാൻ ശ്രമിച്ചപ്പോൾ ബസ്സിന്‍റെ സൈഡിൽ അറിയാതെ കൈ ശക്‌തിയിൽ തട്ടി. പഴക്കമുള്ള ഒരു ബസ്സായിരുന്നു. തുരുമ്പിച്ച കമ്പിയിലടിച്ച് ചോര പൊടിഞ്ഞു. അവൾ അതുകണ്ട് കയ്യിലിരുന്ന ചോക്ലേറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞ് മുറിവുള്ള വിരൽ പെട്ടെന്ന് അവളുടെ വായിലേക്കെടുത്തു വച്ച് ഈമ്പി. അവളുടെ പെരുമാറ്റം അസഹ്യമായി തോന്നി. വളരെ ബലം പ്രയോഗിച്ചാണ് അവളുടെ വായിൽ നിന്ന് വിരൽ വലിച്ചെടുത്തത്. വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു. രക്‌തം പൊടിഞ്ഞ ഭാഗത്തേക്ക് അവളുടെ ശക്‌തമായ നോട്ടം പിന്തുടർന്നു വന്നു.

അവൾ എന്തോ വിശദമാക്കുന്ന മട്ടിൽ പറഞ്ഞു.

“ക്ഷമിക്കണം പെട്ടെന്ന് ഞാൻ വീട്ടിലാണെന്ന് വിചാരിച്ചുപോയി. നമ്മുടെ കൈ മുറിയുമ്പോഴൊക്കെ പെട്ടെന്ന് ഇതുപോലെ ചെയ്യാറുണ്ടല്ലോ.”

അവിചാരിതമായ ജാള്യത്തിൽ നിന്ന് അവളെ രക്ഷിക്കാനായി “ഹേയ് അതു കുഴപ്പമില്ല, ഉമിനീർ നല്ലൊരു അണുനാശകമാണ്” എന്നു പറഞ്ഞെങ്കിലും വിചിത്രമായ ആ പെരുമാറ്റം സംശയം ജനിപ്പിക്കാൻ പോന്നതായി. ആദ്യമായി ബസ്സിൽ വച്ച് കണ്ടുമുട്ടുന്ന അജ്‌ഞാതയായ ഒരു പെൺകുട്ടി വർഷങ്ങളായി അടുത്തിടപഴകുന്ന ഒരു കാമുകിയെപ്പോലെ ഇടപെടുകയെന്നുവച്ചാൽ യഥാർത്ഥത്തിൽ ലജ്‌ജ കലർന്നുള്ള ശൃംഗാരത്തോടെയുള്ള രോമാഞ്ചം അനുഭവപ്പെട്ടു.

യാത്രയിൽ അവൾ അനുവാദത്തിനായി കാത്തുനിൽക്കാതെ ഇടക്കിടെ അവൾ വിരൽ കയ്യിലെടുത്ത് വിശദമായി പരിശോധിക്കും, വേദനയുണ്ടോയെന്നും മറ്റും തിരക്കും. കുറേക്കഴിഞ്ഞ് ഏതോ സ്റ്റോപ്പിൽ അവൾ യാത്ര പറഞ്ഞ് ഇറങ്ങിപ്പോയപ്പോൾ നഷ്ടബോധം തോന്നി.

പിന്നെയെപ്പോഴോ ബസ്സിൽ വച്ച് മയങ്ങിപ്പോയി. നീണ്ട ഉറക്കത്തിൽ പ്രാചീനമായ ചുടുകാടുകളും മീസാൻ കല്ലുകളും ക്രിമറ്റോറിയങ്ങളും കാശിയിൽ ഗംഗാതീരത്തെ മണികർണ്ണികാ ഘാട്ടും അവിടെ കത്തിയെരിയുന്ന മൃതദേഹങ്ങളും സ്വപ്നത്തിൽ നിറഞ്ഞു. ഘാട്ടിലെ ശുഷ്കമായ ചിതയിൽ തീ പിടിച്ച് ഉടലാകെ പൊള്ളി, പാതിയെരിഞ്ഞ്, കുതിച്ചൊഴുകുന്ന ഗംഗയിലേക്ക് ആരോ വലിച്ചെറിഞ്ഞതും ആ ജലതണുപ്പ് ഉടലാകെ പരന്നപ്പോൾ ഞെട്ടിയുണർന്നു.

ബസ് തള്ളിത്തെറിച്ച് ഇരുളിലൂടെ നീങ്ങുകയായിരുന്നു. മനോഹരമായ സായാഹ്നം ഉറക്കം കവർന്നെടുത്തു നഷ്ടപ്പെടുത്തി. പിന്നെയും ഏതൊക്കെയോ വഴികളിലൂടെ അജ്‌ഞാതമായ ദേശങ്ങളിലൂടെ യാത്ര നീണ്ടുപോയി. ഇറങ്ങേണ്ട സ്റ്റോപ്പ് നേരത്തെ തന്നെ കണ്ടക്ടറോട് പറഞ്ഞുവച്ചിരുന്നു. ബസ്സിലെ യാത്രക്കാർ കുറഞ്ഞുവന്ന് രണ്ടോ മൂന്നോ പേർ മാത്രം അവശേഷിച്ചപ്പോൾ അയാൾ അടുത്തുവന്നു തട്ടി.

“അടുത്ത സ്റ്റോപ്പാണ്” റെംബ്രാന്‍റ് പെയിൻറിംഗുകളിലെപ്പോലെ നിഴലും വെളിച്ചവും ഇടകലർന്ന ഒരു ചലിക്കുന്ന അയാളുടെ ചിത്രം കണ്ണുകൾക്ക് ലഭിച്ചു.

വിജനമായ തെരുവിൽ സുഹൃത്ത് കാത്തുനിൽക്കുമെന്നാണ് കരുതിയത്. അവിടെ ആരെയും കാണാനുണ്ടായിരുന്നില്ല. വിളിക്കാമെന്നുവച്ചാൽ മൊബൈൽ ഓഫായിപ്പോയിരുന്നു. മൊബൈൽ പവർ ബാങ്ക് കൈവശം എടുക്കാൻ വിട്ടുപോയി. അവന്‍റെ വീടെവിടെയാണെന്ന് തിരക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ. അൽപം തെക്കോട്ടു നടന്നു.

അവിടെ ഒരു ചെറിയ കുന്നിനു ചേർന്നുള്ള ഇടവഴിയിലൂടെ കുറച്ചുദൂരം കിഴക്കോട്ടു നടന്നാൽ പലതരം പനിനീർച്ചെടികൾ നട്ടുവളർത്തുന്ന വീട്ടുമുറ്റത്തെത്താമെന്ന് പണ്ട് ഹോസ്റ്റലിൽ താമസിക്കുമ്പോൾ അവൻ പറഞ്ഞത് ഓർമ്മയുണ്ട്. അത് മനസ്സിലിട്ട് പതിയെ കാൽ വച്ചു. ഇടയ്ക്കിടെ മിന്നൽ വെട്ടം ചൂട്ടുകത്തിക്കുന്നു. റോഡ് വാഹനങ്ങളുടെ സൗഹൃദവും ശല്യവുമില്ലാതെ ഉറങ്ങി കിടക്കുന്നു. അൽപം നടന്നപ്പോൾ നിരത്തിനോട് ചേർന്ന് വെള്ളമണൽ നിരന്ന വിശാലമായ മൈതാനം കാണായി. പ്രതീക്ഷിച്ച കുന്ന് കണ്ടില്ല.

“എവിടേക്കാ? ” പെട്ടെന്ന് പിന്നിൽ നിന്ന് ഒരു നനുത്ത സ്ത്രീശബ്ദം. ഞെട്ടി പിന്തിരിഞ്ഞുനോക്കി.

ഒരു സ്ത്രീ അവിടെ നിൽപ്പുണ്ടായിരുന്നു, മിന്നൽ വെള്ളമണലിൽ പ്രതിഫലിച്ചു വന്ന വർദ്ധിച്ച വെളിച്ചത്തിൽ കടുത്ത ചുവന്ന വസ്ത്രത്തിൽ ആ രൂപം നിശ്ചലമായി കണ്ണിൽ പതിച്ചു. ഈ ശബ്ദം നേരത്തെ എവിടെയോ കേട്ടിട്ടുള്ളതുപോലെ തോന്നി. പനിനീർ ചെമ്പകഗന്ധം അവിടമാകെ പരന്നു.

“ഞാനാണ് ആ ഛന്ദസ്” അവൾ വശ്യമായി ചിരിക്കുന്നു.

അത് ഗായത്രിയാണെന്നറിഞ്ഞപ്പോൾ മനസ്സിലുളവായ ഇടിമിന്നൽ ശരീരമാസകലം വ്യാപിച്ചു.

“മണക്കൂറുകൾക്ക് മുമ്പ് കിലോമീറ്ററുകളകലെ ബസ്സിറങ്ങിയ നിങ്ങൾ ഇവിടെ?” ചോദിച്ചു പോയി.

“ഞാൻ രക്‌തം കുടിക്കാൻ വന്ന യക്ഷിയാണെന്ന് വിചാരിച്ചു പേടിച്ചു പോയോ? ദൂരെ ഒരിടത്തിറങ്ങിയ സഹയാത്രക്കാരി കുറേനേരം കഴിഞ്ഞ് അപ്രതീക്ഷിതമായി കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പോരെങ്കിൽ ഇന്ന് വെള്ളിയാഴ്ചയും അമാവാസിയും ഒന്നിച്ച്. നിങ്ങൾ പുരുഷന്മാരൊക്കെ ധൈര്യശാലികളാണെന്നാണല്ലോ പൊതുവേ വയ്പ്. വെറുതേ ആ ധാരണ തെറ്റിക്കല്ലേ… ആണുങ്ങളൊക്കെ മീശയും വച്ച് വീരവാദവുമടിച്ച് നടന്നോട്ടെ…”

“പക്ഷേ, ഒന്നു പറയാം… യക്ഷിക്കും നിങ്ങൾക്കും സാമ്യതയുണ്ട്…”

“അതുകൊള്ളാമല്ലോ… യക്ഷി ചുരിദാറാണോ ധരിക്കാറുള്ളത്?” ഞാൻ സാറിനോട് ചുണ്ണാമ്പ് ചോദിച്ചോ?”

“അതല്ല, സ്ത്രീകളെ സാധാരണ അസമയത്ത് ഒറ്റയ്ക്ക് കാണാറില്ല….” ഡൽഹി നിർഭയ സംഭവവും ഉന്നാവ് സംഭവവുമൊക്കെ കോളിളക്കമുണ്ടാക്കുന്ന ഈ കാലത്ത് മാത്രമല്ല, ചുവന്ന വസ്ത്രം ഭയം ലവലേശമില്ലാതെ സംസാരിക്കുകയും ചെയ്യുന്നു.

“ഞാൻ നിങ്ങളെപ്പോലെ അസമയത്ത് ഒറ്റപ്പെട്ടു പോയതാണെങ്കിൽ….? നിങ്ങൾ ഉമ്മറോ ജോസ്പ്രകാശോ ബാലൻ കെ.നായരോ ഒന്നുമല്ലല്ലോ ചാരിത്യ്രം കവരുമെന്ന് കരുതാൻ…

സാറിനെ പരിചയമുള്ള സ്ഥിതിയ്ക്ക് പേടിക്കേണ്ടതുമില്ലല്ലോ? ചുവന്ന വസ്ത്രം യക്ഷികൾ മാത്രമാണോ ധരിക്കാറ്? ദേവിയുടെ ഉടയാടയുടെ നിറം ചുവപ്പാണന്നല്ലേ… എങ്കിൽ എന്നെ ഭഗവതിയായി സങ്കൽപ്പിക്കാത്തതെന്താ? വഴിയറിയാതെ ഉഴലുന്ന ഒരു വഴിപ്പോക്കനെ സഹായിക്കാനെത്തുന്ന ഒരു ദേവി… യക്ഷികൾ സാധാരണ വെള്ള വസ്ത്രമാണ് ധരിക്കാറ്…”

“ദേവതമാർ സ്വയം പുകഴ്ത്തൽ നടത്തുമോയെന്നതിൽ സംശയമുണ്ട്. നിങ്ങൾക്ക് യക്ഷിയോടാണ് സാമ്യം… ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല… യക്ഷികൾ എല്ലായ്പ്പോഴും ഫെമിനിസ്റ്റുകളായിരിക്കും. പുരുഷനിൽ നിന്നുണ്ടാകുന്ന കൊടിയ പീഡനത്തിന്‍റെ പരിണത ഫലമായാണല്ലോ യക്ഷികൾ പരുവപ്പെടുന്നത്… അവർ പിന്നീട് ആണുങ്ങളുടെ ചോര കുടിച്ച് പക വീട്ടാൻ ഇറങ്ങി തിരിച്ചവരായിരിക്കും… മാത്രമല്ല രക്‌ത യക്ഷികൾക്ക് അസാമാന്യമായ ഓർമ്മ ശക്‌തിയും ധാരണാ ശക്‌തിയുമുണ്ടായിരിക്കും. ഇപ്പോൾ തന്നെ കണ്ടില്ലേ… വെള്ളിയാഴ്ചയും അമാവാസിയും പക്കവുമൊക്കെ പറഞ്ഞത്…”

അവൾ വീണ്ടും ചിരിച്ചു. ഇപ്രാവശ്യം ചിരി അൽപം കൂടി ഉച്ചത്തിലായി.

“അപാര കോമഡിയാണല്ലോ… ഞാൻ കുറെ മുമ്പേ ബസ്സിറങ്ങിയെന്നത് നേരാ… അവിടെ എന്‍റെ സുഹൃത്ത് കാത്തുനിൽപ്പുണ്ടായിരുന്നു… അയാളൊടൊപ്പം കാറിലാണ് ഇവിടെ വരെ എത്തിയത്… നിങ്ങൾ ഇവിടെ ബസ്സിറങ്ങിയ സ്റ്റോപ്പെത്തുന്നതിനു കുറേ മുമ്പായി ഒരു ചുവന്ന മാരുതി സ്വിഫ്റ്റ് ഓവർടേക്ക് ചെയ്തു പോയത് ശ്രദ്ധിച്ചിരുന്നോ?”

“അതു ശ്രദ്ധിച്ചില്ല… യക്ഷി സഞ്ചരിച്ച വാഹനത്തിന്‍റെയും നിറം ചുവപ്പ് തന്നെ. ചുവപ്പിനെ വിടാൻ ഭാവമില്ലല്ലോ… ചുവപ്പ് നിങ്ങളുടെ വീക്ക്നെസ്സാണോ? അതിരിക്കട്ടെ നിങ്ങളുടെ അച്ഛനോ ആങ്ങളയോ കാത്തുനിൽക്കാത്തതെന്താ? നിങ്ങളുടെ വീടെവിടെയാണ്? കൊണ്ടുചെന്നാക്കാം… ഒരു സുന്ദരി രാത്രിയിൽ വിജനമായ റോഡിലൂടെ പോകണ്ട… അപകടമുണ്ടാകും”

“ഒറ്റയ്ക്കാണെങ്കിലും എനിക്ക് പേടിയൊന്നുമില്ല കേട്ടോ… അത്യാവശ്യം മാർഷ്യൽ ആർട്സൊക്കെ പഠിച്ചിട്ടുണ്ട്. ഞാൻ ഒറ്റമകളായതുകൊണ്ടു തന്നെയാണെന്നു വച്ചോ… രണ്ട് വയസ്സുള്ളപ്പോൾ തന്നെ പപ്പ മരിച്ചുപോയി. മമ്മി മാത്രമേ ഉള്ളൂ. പിന്നെ അമ്മാവന്മാരൊക്കെ അടുത്ത് താമസമുണ്ട്. ഇന്നാണെങ്കിൽ വീട്ടിൽ മമ്മിയുമില്ല. ഒരു ബന്ധുവീട്ടിൽ പോയിരിക്കുന്നു” അവൾ നടന്നു.

“ഓഹോ മാർഷ്യൽ ആർട്സൊക്കെ പഠിച്ചിട്ടുണ്ടോ… എതിരിടാൻ പറ്റിയ ഒരാളെ നോക്കി നടക്കുവായിരുന്നു. കുറേ നാളായി കൈത്തരിപ്പൊക്കെ തീർത്തിട്ട്… അതിരിക്കട്ടെ ഏതൊക്കെ പഠിച്ചിട്ടുണ്ട്?” തമാശക്കായി ചോദിച്ച് അവളെ അനുഗമിച്ചു.

“കരാട്ടെ, കുംഗ്ഫൂ, കളരിപ്പയറ്റ്…”

“ഇതൊക്കെ അത്യാവശ്യത്തിനും അടിയന്തിരഘട്ടങ്ങളിലും ഉപകാരപ്പെടുമോ?”

“മാത്രമല്ല സ്ത്രീശാക്‌തീകരണ ബില്ലും സ്ത്രീ സംരക്ഷണ നിയമവുമൊക്കെ ഇക്കാലത്ത് ഞങ്ങളുടെ രക്ഷയ്ക്കുണ്ട് കേട്ടോ… എന്തിനെങ്കിലും തുനിയും മുമ്പ് ഇതെല്ലാം ഓർമ്മ വേണം…” അവൾ ചിരിച്ചു. പിന്നീട് മുകളിലേക്ക് നോക്കി പറഞ്ഞു.

“നല്ല മഴക്കാറുണ്ട്… മഴ പെയ്യാൻ സാദ്ധ്യതയുണ്ട്”

“ഇപ്പറഞ്ഞ ബില്ലും നിയമവുമൊക്കെ ഈ കാളരാത്രി, ഈ കുരിരുട്ടിൽ ഇപ്പോൾ രക്ഷയ്ക്കെത്തുമോ?”

“ഇതെപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും… ഇന്നോ രാത്രിയോ പകലോ എന്നൊന്നും നോക്കണ്ട… ബുദ്ധിജീവിയുടെ നല്ല ഭാവി ഇരുട്ടിലാകും… ഞാൻ പറഞ്ഞില്ലെന്നു വേണ്ട കേട്ടോ… അതുപോട്ടെ… നിങ്ങൾ ആരെക്കാണാനാ ഇവിടെ വന്നത്?”

“പ്രദീപ്… എന്‍റെ സുഹൃത്ത്”

“ആ ചനലിൽ വർക്ക് ചെയ്യുന്ന പ്രദീപാണോ?”

“അതേ അതു തന്നെ…”

“അയ്യോ… കഷ്ടമായല്ലോ… അയാളുടെ വീട് ഇവിടെ നിന്നും പത്തിരുപത് കിലോമീറ്റർ ഇനിയും പോകണം. ആളെ എനിക്ക് അടുത്ത പരിചയമുണ്ട്. എന്‍റെ നൃത്തത്തെപ്പറ്റി ചാനലിൽ അയാൾ ഫീച്ചർ ചെയ്തിട്ടുണ്ട്. ഈ കുഗ്രാമത്തിൽ ഓട്ടോ പോലും കിട്ടില്ല. ഇനിയിപ്പോൾ വണ്ടികളുമില്ല, ലാസ്റ്റ് ബസ്സിലല്ലേ നിങ്ങൾ വന്നത്”

“പൊല്ലാപ്പായല്ലോ, പണി കിട്ടി… ലോഡ്ജോ, ഹോസ്റ്റലോ അങ്ങനെയെന്തെങ്കിലും കാണുമോ?”

“ഇതൊരു പട്ടിക്കാടാ മാഷേ, അതൊന്നും പ്രതീക്ഷിക്കണ്ട. പത്തിരുപത് കിലോമീറ്ററപ്പുറത്ത് പ്രദീപിന്‍റെ നാട്ടിൽ ചെന്നാൽ ഇതൊക്കെ കിട്ടും”

“ആ ഫോൺ ഒന്നു തരൂ… ഫോൺ ചാർജില്ലാതെ ചത്തുപോയി… പ്രദീപിന്‍റെ നമ്പർ കാണാതറിയില്ല… വീട്ടിലേക്ക് വിളിച്ച് കളക്ട് ചെയ്തു വിളിക്കാം…”

“എന്‍റെ മൊബൈലും ദീർഘയാത്രയായതിനാൽ ഇപ്പറഞ്ഞ പോലെ ഓഫായി..”

“നിങ്ങൾക്ക് ടൂവിലറുണ്ടോ?”

“സൈക്കിൾ പോലുമില്ല…”

“പരിചയമുള്ള അയൽ വീടുകളിൽ നിന്ന് സംഘടിപ്പിച്ചു തരാമോ?”

“മാഷിന്‍റെ ഇപ്പോഴത്തെ ആവശ്യമെന്താ? പ്രദീപിന്‍റെ അടുത്തെത്തണം… അല്ലേ? എന്നാൽ അതിനി നടപ്പില്ല… ഇന്നെന്‍റെ വീട്ടിൽ തങ്ങാം. നാളെ രാവിലെ തിരിക്കാം…. എന്തു പറയുന്നു?” പതുക്കെ നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

“അതുശരിയാവില്ല, ഞാൻ ഒരു അന്യപുരുഷൻ… ഗായത്രി കല്യാണ പ്രായമായ സുന്ദരിയായ ഒരു പെൺകുട്ടി… രാത്രിയിൽ തനിച്ച് നിങ്ങളുടെ വീട്ടലും ആരുമില്ല… ഇവിടെ വല്ല കടത്തിണ്ണയോ ആൽത്തറയോ ഉണ്ടെങ്കിൽ എന്നെ സംബന്ധിച്ചടുത്തോളം അത് വ്യത്യസ്തമായ ഒരു എക്സ്പീരിയൻസുമായിരിക്കും.

“സാറിന് ഇത്ര പേടിയാണോ? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത്തരം സാഹചര്യങ്ങളിൽ സാധാരണ സ്ത്രീകളാണ് ഭീരുക്കളാകാറുള്ളത്… ബാംഗ്ലൂരിലൊക്കെ ആണും പെണ്ണുമൊക്കെ ഒന്നിച്ച് ഒരു റൂമിലൊക്കെ വാടകയ്ക്ക് താമസിക്കാറുണ്ട്… പിന്നെയാണോ ഒരു വീട്…”

“നാം സമൂഹത്തെ പേടിക്കണം… ഇപ്പോഴും എന്‍റെ കാര്യമല്ല ഉദ്ദേശിച്ചത്.. ഒരു സ്ത്രീ പുരുഷനെ അപേക്ഷിച്ച് നൂറിരട്ടി സമൂഹത്തെ ഭയക്കേണ്ടിയിരിക്കുന്നു. കാരണം ലോകം പുരുഷനേക്കാൾ സ്ത്രീയെ കൂടുതൽ ശക്‌തിയായി അവളുടെ നിലനിൽപും അതിജീവനവും വരെ തകർക്കുന്ന രീതിയിൽ അടിമുടി ഇടവേളകളില്ലാതെ ശ്വാസമെടുക്കാൻ പോലും അവസരം കൊടുക്കാതെ ആക്രമിച്ചുകളയും. ആകെ ഒരു ജന്മവും ജീവിതവുമേയുള്ളൂ അതെപ്പോഴും ഓർക്കണം”

“ങേ നിങ്ങളും ഫെമിനിസ്റ്റാണോ? ഫെമിനിസ്റ്റിന്‍റെ ഭാഷയിലാണല്ലോ നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ മറയില്ലാതെ പറഞ്ഞാൽ അത് ഫെമിനിസം… അല്ലേ? സമൂഹം… എനിക്ക് പുച്ഛമാണ് ആ വാക്കിനോട്. ഇപ്പറയുന്ന സമൂഹം പ്രതിനിധീകരിക്കുന്നത് ആരെയൊക്കെയാണ്? ചുറ്റുവട്ടത്തിന്‍റെ കടന്നുകയറ്റമൊക്കെ എനിക്കറിയാം… പുരുഷ കേന്ദ്രീകൃതമായ ഈ ദുരഭിമാന മേൽകോയ്മ വേരുകളാഴ്ത്തിയ സമൂഹത്തെ എനിക്ക് വെറുപ്പാണ്” തണുത്ത ഇളം കാറ്റ് അവളുടെ മുടിയിഴകളിലുടക്കിത്തെറിച്ച് കടന്നു പോകുന്നുണ്ടായിരുന്നു.

അൽപം കഴിഞ്ഞ് ഒരു കെട്ടിടത്തിനടുത്തെത്തി.. “ഇതാണ് വീട്… വരൂ കറന്‍റ് പോയിരിക്കുകയാണ്” എന്നുപറഞ്ഞ് അവൾ ക്ഷണിച്ചു… നടത്തത്തിനിടക്ക് വേറെ വീടുകൾ കാണാഞ്ഞത് അദ്ഭുതപ്പെടുത്തി.

ഇരുട്ടിൽ തപ്പിപ്പിടിച്ച് വാനിറ്റി ബാഗിൽ നിന്ന് ചാവിയെടുത്ത് പരതി, വാതിൽ തുറന്ന് ഇരുവരും അകത്ത് പ്രവേശിച്ചപ്പോഴേക്കും പുറത്ത് കനത്ത മഴ പെയ്യാൻ തുടങ്ങി. ഇരുട്ടിൽ എവിടെയോ നിന്ന് അവൾ മെഴുകുതിരി കൊണ്ടുവന്ന് തെളിച്ചു. പുറുത്തു നിന്ന് കാറ്റ് ജ്വാല കെടുത്താൻ തുടങ്ങിയപ്പോഴേക്കും അവൾ ചെന്ന് വാതിലടച്ചു.

“ഹം… തും എക് കമ്രേ മേം ബന്ദ് ഹോ..” അവൾ ചെറുചിരിയോടെ പാടി.

“നിങ്ങൾക്ക് കുളിക്കണമെന്നുണ്ടോ” അവൾ ബാത്ത്റൂം കാണിച്ചു തന്നു.

അകത്തെ ഇരുട്ടിൽ തണുത്ത വെള്ളത്തിൽ യാത്രാക്ഷീണം ഒഴുക്കിക്കളഞ്ഞു. തിരിച്ചുവന്നപ്പോൾ കത്തുന്ന മെഴുകുതിരികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു… അതുകൊണ്ട് തന്നെ വെളിച്ചവും… തീൻമേശക്കരികിൽ അവൾ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു.

“ഡാഡി മമ്മി വീട്ടിൽ ഇല്ലൈ… വീണ്ടും അവളുടെ ചിരിയുടെ മേമ്പൊടിയോടെയുള്ള തമിഴ് ഗാനം മേശക്കരികിൽ അവളുടെ സമീപത്ത് ചെന്നിരുന്നു. ഇപ്പോഴാണ് ശ്രദ്ധിച്ചത്. അവളും കുളിച്ച് വസ്ത്രം മാറിയിരിക്കുന്നു. വെളുത്ത നേര്യതിൽ നിന്ന് താഴംപൂവിന്‍റെ ഗന്ധം ഉതിരുന്നു. മേശയിൽ ഫലവർഗ്ഗങ്ങൾ നിരന്നിരിക്കുന്നു.

“വീട്ടിൽ ആരു ഇല്ലാത്തതിനാൽ ഭക്ഷണം ഒന്നും ഉണ്ടാക്കാനായില്ല. തൽക്കാലം പഴങ്ങൾ കഴിച്ച് വിശപ്പടക്കാം…”

നല്ല വിശപ്പുണ്ടായിരുന്നു. “രാത്രി ഭക്ഷണം പഴങ്ങളാക്കുന്നതാണ് നല്ലത്” ഒരു ചുവന്ന ആപ്പിളെടുത്ത് കടിച്ചുകൊണ്ട് പറഞ്ഞു.

ഭക്ഷണം കഴിഞ്ഞപ്പോൾ സോഫയിൽ അവൾ അരികിൽ വന്നിരുന്നു, പഴയ ആൽബമെടുത്ത് താളുകൾ മറിച്ചു. അതിൽ അവളുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നു. ഓരോ ചിത്രങ്ങൾ കാണിക്കുമ്പോഴും “ഇത് പപ്പ… ഇത് മമ്മി… ഇത് അങ്കിൾ എന്നൊക്കെപ്പറഞ്ഞ് പരിചയപ്പെടുത്തി.

അവൾ നൃത്തം ചെയ്യുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. മെഴുകുതിരി നാളങ്ങളുടെ അരണ്ട സ്വർണ്ണ വെളിച്ചത്തിൽ കുരുത്തോലയുടെ മിനുസതയുള്ള മുഖത്ത് പെട്ടെന്ന് ലജ്‌ജ വിരുന്നുവന്നത് കണ്ടു.

“ഇത് എന്‍റെ ആളാണ്… ജമാൽ വിവാഹത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഒരു പ്രണയം…”

“നിങ്ങൾ വ്യത്യസ്ത മതക്കാരല്ലെ…?”

“അതിനെന്താ? പ്രണയത്തിന് മതം, ജാതി, രാഷ്ട്രീയം പ്രായം ഒന്നും പ്രശ്നമല്ല… അങ്ങനെയായിരുന്നെങ്കിൽ ഞാനവിടെ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല.”

“അതെന്താ?”

“എന്‍റെ പപ്പയും മമ്മിയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്… അവർ വെവ്വേറെ മതക്കാരായിരുന്നു. പപ്പ ക്രിസ്ത്യനും മമ്മി ഹിന്ദുവുമാണ്.”

“നിങ്ങളുടെയും പേരന്‍റ്സിന്‍റെയും സംഭവബഹുലമായ പ്രണയ കഥകൾ കേൾക്കണമെന്നുണ്ട്. പക്ഷേ, ക്ഷീണം കൊണ്ട് ഉറക്കം വരുന്നു. നാളെ പറയണം” കറന്‍റ് വന്നിരുന്നില്ല… അവൾ ഒരു മെഴുകുതിരി കയ്യിലെടുത്ത് കിടപ്പുമുറിയിലേക്ക് നയിച്ചു.

മൃദുലമായ കട്ടിലിൽ ഇരുന്നു. “ഇനി മനസ്സിൽ ചീത്ത വിചാരങ്ങളൊന്നും വരാതെ നോക്കണം… ഉറങ്ങിക്കോ” അവൾ കുലുങ്ങിച്ചിരിച്ചുകൊണ്ട് പതുക്കെ നടന്ന് മുറിക്കു പുറത്തു നിന്ന് വാതിലടച്ചു. പുറത്ത് ശക്‌തിയാർജിക്കുന്ന മഴയുടെ ഇരമ്പം കേട്ടു. പിറ്റേന്ന് വർദ്ധിച്ച ബഹളത്തിൽ ആരോ ശക്‌തിയായി കുലുക്കി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. തീവ്രമായ പകൽ വെട്ടം കണ്ണിലടിക്കുന്നു. മുന്നിൽ പ്രദീപാണ്. അവൻ ഭയചകിതനായിരിക്കുന്നു.

“എടാ, നീയിന്നലേ ഇവിടെയായിരുന്നോ? നിന്നെ വിളിച്ചിട്ട് സ്വിച്ച് ഓഫാരുന്നു. പലയിടത്തേക്കും വിളിച്ച് വെപ്രാളപ്പെട്ടു. നീ യാത്ര തിരിച്ചില്ലെന്ന് പിന്നെ കരുതി. ഇന്ന് പുലർച്ചേ നടക്കാൻ പോയ ചിലരാ, നീയിവിടെ ബോധം കേട്ടു കിടക്കുന്നതുകണ്ട് പാൽ വാങ്ങാൻ പോയ എന്നോട് പറഞ്ഞത്… ആരാണെന്നറിയാനുള്ള കൗതുകം കൊണ്ടാണ് വന്നു നോക്കിയത്. നിനക്കെന്തുപറ്റീ? നീയെന്താ ഇവിടെ?…”

ഞെട്ടിത്തരിച്ച് ചുറ്റും നോക്കി. ചുറ്റുപാടും ജീർണിച്ച മരക്കുരിശുകളുള്ള കുഴിമാടങ്ങളും കല്ലറകളും… ഏതോ ഗ്രാനൈറ്റ് കല്ലറക്കു മുകളിലിരുന്ന് പ്രദീപിനോട് പുലമ്പി.

“ഗായത്രി എവിടെ… ഗായത്രി എവിടെ?”

“ഏത് ഗായത്രി? ഇതിവിടെ പള്ളിയുടെ സെമിത്തേരിയാ… ഒരു ഗായത്രിയുടെ കല്ലറക്കു മുകളിലാ നീയിന്നലെ രാത്രി കടന്നുറങ്ങിയത്?”

ഉൾക്കിടിലത്തോടെ എഴുന്നേറ്റ് നോക്കി. കല്ലറയുടെ മുൻഭാഗത്ത് ഗായത്രി ഗോൺസാൽവസ് ആർ.ഐ.പി എന്നെഴുതിയിരുന്നു.

“ദുരഭിമാനക്കൊലയുടെ ഇരയാ ഇവൾ… അപമാനവും ദുരഭിമാനവും സ്റ്റാറ്റസും മതവും പറഞ്ഞ് വിരലിലെണ്ണാവുന്ന അകന്ന ബന്ധുക്കളും സമുദായക്കാരും അനാവശ്യമായി അവളുടെ പേഴ്സണൽ കാര്യത്തിലിടപെട്ട് കൊന്നു തള്ളിയ കഴിവുള്ള ഒരു പാവം പെൺകുട്ടി… അവളടെ കാമുകനേയും അവർ വകവരുത്തി. സത്യം പറ… ഇന്നലെ രാത്രി എന്താ ഉണ്ടായത്?”

അവന്‍റെ ഭയവും ഉദ്വേഗവും നിഴലിക്കുന്ന മുഖം കണ്മുന്നിൽ മങ്ങി അവ്യക്‌തമായിക്കൊണ്ടിരുന്നു. ശരീരത്തിലൂടെ ഒരുമിന്നൽ പാഞ്ഞു. തലേന്നത്തെ ഇരുട്ട് തലയിൽ വന്നു നിറഞ്ഞു. വേച്ചുവേച്ച് അവന്‍റെ ദേഹത്തേക്ക് പതിയെ ചാഞ്ഞു.

और कहानियां पढ़ने के लिए क्लिक करें...