ഇൻഫോർമേഷൻ യുഗമാണ് എല്ലാവരും എപ്പോഴും പറയുന്ന കാര്യമാണിത്. കാര്യം സത്യവുമാണ്. സ്വന്തമായി നമ്മുടെ കൈവശം എത്രമാത്രം അറിവുണ്ടോ നമ്മൾ അത്രയും തന്നെ വിജയം വരിക്കും.

ഇൻഫോർമേഷൻ എന്ന് നമ്മൾ ലളിതമായി പറഞ്ഞാലും ശരി നഗരം, രാജ്യം തുടങ്ങി ലോകമെമ്പാടും എന്തെല്ലാം സംഭവിക്കുന്നുവെന്നതിനെപ്പറ്റി ധാരണയുണ്ടായിരിക്കണമെന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫാഷൻ, ജീവിതശൈലി, ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളും അതിലുൾപ്പെടും.

ഈ മേഖലകളിൽ നിത്യേന എന്തൊക്കെ പുതുതായി സംഭവിക്കുന്നുവെന്നതിനെപ്പറ്റി അറിയേണ്ടതും ഏറ്റവും പ്രധാനമാണ്.

സ്വന്തം വിഷയത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് ഉണ്ടായിരിക്കുന്നത് വിജയം വരിക്കാൻ സഹായിക്കും. ഇതിന് പുറമെ മറ്റ് വിഷയങ്ങളെ സംബന്ധിച്ചുള്ള അറിവുണ്ടായിരിക്കുന്നതും പ്ലസ് പോയിന്‍റാണ്.

ഏത് മേഖലയിലാണോ ജോലി ചെയ്യുന്നത് ആ മേഖലയ്ക്ക് പുറമെ മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ ജീവിത വിജയം വരിക്കാൻ സഹായിക്കും.

എല്ലാ വിഷയത്തെയും സംബന്ധിച്ചുള്ള അറിവ്

ഉദ്യോഗസ്‌ഥയായാലും വീട്ടമ്മയായാലും ലോകം മുഴുവനും നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചുള്ള അറിവുകൾ ജീവിതത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ അവരെ പ്രാപ്തമാക്കും. ചെറിയ ചെറിയ അറിവുകൾ പോലും നല്ല വഴികളിലേക്ക് നയിക്കും. പക്ഷേ പലർക്കും സ്വന്തം അഭിരുചിയ്ക്ക് അപ്പുറത്തുള്ള വിഷയങ്ങളെക്കുറിച്ച് അറിയാൻ വലിയ താൽപ്പര്യമുണ്ടാകില്ല. എന്നാൽ അറിവാണ് ശക്തിയെന്ന് അംഗീകരിക്കുന്നതിനൊപ്പം തന്നെ അറിവുകളിൽ നിന്നും അകലം പാലിച്ച് നമുക്കൊന്നും ചെയ്യാനാവില്ല.

ഉദാ: സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ചെറിയ സദസിൽ പല വിഷയങ്ങളെക്കുറിച്ച് ചർച്ച നടക്കുമ്പോൾ എല്ലാ വിഷയങ്ങളെപ്പറ്റി നല്ല തികഞ്ഞ അറിവുള്ളയാൾ ചർച്ചയിൽ സജീവമാകും. എന്നാൽ രാഷ്ട്രീയം, സാമ്പത്തികവ്യവസ്ഥ എന്നിവയിലൊന്നും താൽപ്പര്യമില്ലാത്ത സ്ത്രീകൾക്ക് അത്തരം ചർച്ചകൾ വിരസ പൂർണ്ണമാകാം. ഇവയെപ്പറ്റിയൊക്കെ നല്ല ധാരണയും അറിവും കാഴ്ചപ്പാടുമുള്ള സ്ത്രീകൾ വിലമതിക്കപ്പെടും. അവരുടെ വാക്കുകൾ കേൾക്കാൾ എല്ലാവർക്കും താൽപ്പര്യവുമായിരിക്കും.

ചില വീട്ടമ്മമാരെ ശ്രദ്ധിച്ചിട്ടില്ലേ…. വീട്ടിലെ ജോലികളൊക്കെയും സമർത്ഥമായും ചെയ്യും. വീടിന് പുറത്തുള്ള കാര്യങ്ങളിൽ അവർക്ക് അത്ര സാമർത്ഥ്യമോ കഴിവോ പരിചയമോ ഉണ്ടാവണമെന്നില്ല. എന്നാൽ മറ്റ് ചിലരുണ്ട്. വീട്ടിലെ ജോലികൾ വളരെ സാമർത്ഥ്യത്തോടെ ചെയ്യുന്നതിനൊപ്പം ബാങ്കിംഗ്, മെഡിക്കൽ, ഇൻഷ്യൂറൻസ്, മൊബൈൽ, ലാപ്പ്ടോപ്പ് എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കും. മറ്റാരേയും ആശ്രയിക്കാതെ അവർ അത്തരം കാര്യങ്ങൾ നല്ല രീതിയിൽ നടത്തുകയും ചെയ്യും. ലോകം മുഴുവനും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഇവർക്ക് നല്ല ധാരണയുണ്ടായിരിക്കും. അവർക്ക് സമൂഹത്തിൽ നല്ല മതിപ്പ് ലഭിക്കും. പങ്കാളിയുടെ ഈ മികവ് ഭർത്താവിന് സന്തോഷം പകരുന്ന കാര്യവുമായിരിക്കും.

സോഷ്യൽ മീഡിയ വിശ്വസനീയമല്ല

ചുറ്റുപാടിൽ നിന്നും കൂടുതൽ അറിവുകൾ നേടുന്നതിനെപ്പറ്റി പ്രതിപാദിക്കുമ്പോൾ ഒരു കാര്യം തുറന്നു പറയാതെ വയ്യ. സോഷ്യൽ മീഡിയകൾ വഴി ലഭിക്കുന്ന വിവരങ്ങൾ അറിവുകൾ നേടാൻ ധാരാളമാണെന്ന് കരുതരുത്. വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിൽ വിളമ്പുന്ന വിവരങ്ങൾ 100 ശതമാനം വിശ്വസനീയമായിരിക്കണമെന്നില്ല. മറ്റൊന്ന് അവ അപൂർണ്ണവും വളച്ചൊടിച്ചതുമായിരിക്കുമെന്നതാണ്.

എന്നാൽ ഇത്തരം വാർത്തകളും വിവരങ്ങളും പരിശോധിച്ച് സത്യാവസ്‌ഥ മനസിലാക്കുകയാണെങ്കിൽ നന്ന്. അല്ലാത്ത പക്ഷം ഇത്തരം അപൂർണ്ണമായ അറിവുകൾ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു കൊണ്ടുള്ള ഔഷധങ്ങളെപ്പറ്റിയുള്ള വിവരങ്ങളും നുറുങ്ങുകളും മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് സാധാരണമായിരിക്കുകയാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിച്ച് സ്വീകരിക്കുന്നതിന് പകരമായി അവ സ്വന്തം ശരീരപ്രകൃതത്തിന് ഇണങ്ങുന്നതാണോ എന്നറിയേണ്ടതാവശ്യമാണ്. അല്ലെങ്കിൽ ഡോക്ടറോട് ചോദിച്ച് അതുമല്ലെങ്കിൽ ആധികാരികമായി ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്‌തോ മനസിലാക്കുകയെന്നത് ബുദ്ധിപൂർവ്വമായ നടപടിയാണ്. ദിവസവും ഇപ്രകാരം ധാരാളം വാർത്തകൾ വരുന്നതിനാൽ സത്യാവസ്‌ഥ തിരിച്ചറിയുകയെന്നത് വെല്ലുവിളിയാണ്. മറിച്ച് അത്തരം കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കുന്നതിന് പകരമായി അതിന്‍റെ നല്ലതും ചീത്തയുമായ വശങ്ങൾ അറിയുകയാണ് വേണ്ടത്.

മറ്റൊരു കാര്യം, ഭൂരിഭാഗം സ്ത്രീകളും പാചകത്തിനാണ് പ്രാമുഖ്യം നൽകുന്നത്. നേരെ മറിച്ച് ആരോഗ്യസംരക്ഷണത്തിന് ഏതാണ് നല്ലത്, ഏത് വസ്തുവിൽ എത്ര കലോറി, എത്ര പോഷകങ്ങൾ ലഭിക്കും, ഏത് സീസണിൽ ഏത് പഴം കഴിക്കുന്നതാണ് നല്ലത് എന്നിങ്ങനെയുള്ള കാര്യങ്ങളിലും കൂടി അറിവുകൾ നേടുന്നത് മാതൃകാപരമായിരിക്കും.

എന്നാൽ ഇന്നും ഇത്തരം കാര്യങ്ങളിൽ ചിലരെങ്കിലും അജ്ഞരായിരിക്കുമെന്നതാണ് വാസ്തവം. രുചിക്കൊപ്പം ആരോഗ്യമെന്ന കോമ്പിനേഷൻ ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം അപ്ഡേറ്റ് ചെയ്യുകയാണ് സ്ത്രീകൾ വേണ്ടത്.

അനിവാര്യമായത്

സാമ്പത്തിക മേഖലയെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കുകയെന്നത് അനിവാര്യമാണ്. ബാങ്ക്, സേവിംഗ്സ്, ഇൻവെസ്‌റ്റ്മെന്‍റ് അല്ലെങ്കിൽ ഇൻഷ്യൂറൻസ് പോലെയുള്ള പല കാര്യങ്ങളും അതിലുൾപ്പെടാം. ഇന്നും 100ൽ 50 സ്ത്രീകൾക്ക് സ്വന്തം ബാങ്ക് അക്കൗണ്ടിനെക്കുറിച്ച് ഒന്നുമറിയില്ലെന്നതാണ് വാസ്തവം.

മിക്കവാറും ഭർത്താക്കന്മാരാണ് വീട്ടമ്മമാരായ ഭാര്യമാരുടെ അക്കൗണ്ട് കൈകാര്യം ചെയ്യുക. നിക്ഷേപത്തിനും സമ്പാദ്യത്തിനും ഏതാണ് മികച്ചത് എന്നത് അറിയുന്നത് പോകട്ടെ കുടുംബത്തിന്‍റെ നിക്ഷേപമെത്രയാണെന്നോ ചെലവുകൾ എങ്ങനെ ക്രമീകരിക്കണമെന്നോ എന്നൊന്നും വീട്ടമ്മമാരിൽ ചിലർക്ക് വലിയ ധാരണയൊന്നുമുണ്ടാവില്ല. ആരോഗ്യത്തെക്കുറിച്ച്

മരുന്നുകളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ഒരു വ്യക്‌തിയെന്ന നിലയിൽ വീട്ടമ്മമാർക്ക് സാമാന്യ അറിവുണ്ടായിരിക്കണം. ഇക്കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലെങ്കിൽ തെറ്റായ നിർണയങ്ങളിലേക്കാവും എത്തിച്ചേരുക.

എന്തെങ്കിലും അസുഖം വന്നാൽ ചിലരെങ്കിലും ഭയം മൂലം പരിഭ്രാന്തരാകും. അസുഖങ്ങളെയും അസ്വസ്ഥകളെക്കുറിച്ചും സാമാന്യമായ അറിവുകൾ ഇത്തരം ഘട്ടങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാൻ സ്ത്രീകളെ പ്രാപ്തരാക്കും.

തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങൾ, ഡിപ്രഷൻ എന്നിവ നല്ലൊരു ശതമാനം സ്ത്രീകളിൽ കണ്ടുവരുന്ന പ്രശ്നങ്ങളാണ്. ഇത്തരം അസ്വസ്ഥതകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ അസ്വസ്ഥരാകുന്നതിന് പകരം ഉചിതമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. മാനസികമായും ശാരീരികമായും ആരോഗ്യവതിയായ സ്ത്രീയ്ക്ക് ക്യാൻസർ രോഗത്തെപ്പോലും ചെറുത്തു തോൽപ്പിക്കാനാവും. അതിന് വേണ്ടത് നല്ല ആത്മവിശ്വാസത്തിന് പുറമെ രോഗത്തെക്കുറിച്ച് ശരിയായ അറിവും ധാരണയുമാണ്.

ടെക്നിക്കൽ ആയ അറിവുകളിൽ എന്താണ് വേണ്ടത്

ഇന്ന് ഏതൊരാളുടെയും ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ടെക്നോളജി എന്നത്. എഫ്ബി, ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിക്കാനുള്ള അറിവ് മാത്രം പോരാ. ടെകി സേവിയാകാൻ ടൈപ്പിംഗ്, എഡിറ്റിംഗ്, ഫോട്ടോ എഡിറ്റിംഗ്, ബേസിക് അക്കൗണ്ടിംഗ്, ഇ-മെയിൽ അയക്കാൻ അറിയുക, ഓൺലൈൻ പേമെന്‍റ്, നെറ്റ് ബാങ്കിംഗ്, ഓൺലൈൻ ബുക്കിംഗ് അല്ലെങ്കിൽ ജീപിഎസ് സിസ്റ്റം എന്നിവയൊക്കെ കൈകാര്യം ചെയ്യാനുള്ള അറിവും ആവശ്യമാണ്.

കയ്യിലൊരു സ്മാർട്ട് ഫോണുണ്ടെങ്കിൽ ഒരു വ്യക്‌തിയ്ക്ക് ഈ ലോകം മുഴുവനും ചുറ്റിക്കറങ്ങാൻ പറ്റും. മറ്റൊന്നുമല്ല, ഒരു ബട്ടനൊന്ന് അമർത്തിയാൽ ഭക്ഷണം, ടിക്കറ്റ് ബുക്കിംഗ്, ലോകമെമ്പാടുമുള്ള സ്‌ഥലങ്ങളെക്കുറിച്ചുള്ള അറിവുകൾ, മണിട്രാൻസ്ഫർ എന്നിങ്ങനെ എന്തും നമ്മുടെ കൈവെള്ളയിലെത്തും. പക്ഷേ ഇത് എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യണമെന്ന അറിവുണ്ടായിരിക്കണം. പെർഫക്ടായ അറിവായിരിക്കണമത്. ഇത്തരം അറിവുകൾ ഓരോരുത്തരുടെയും ജീവിതം വളരെ ഈസിയാക്കും.

और कहानियां पढ़ने के लिए क्लिक करें...