ഗിറ്റാറിന്‍റെ സ്വരലയതാളത്തിനൊപ്പം തന്‍റെ മാന്ത്രിക ശബ്ദം കൊണ്ട് ഇംഗ്ലീഷ് സംഗീതത്തെ ആസ്വാദ്യ ഹൃദയങ്ങളിലെത്തിച്ച ഗായകൻ… നവീൻ ജെ ആന്ത്രപ്പേർ. ഗായകൻ, ഗിറ്റാറിസ്റ്റ്, സംഗീത സംവിധായകൻ എന്നിങ്ങനെ സംഗീതത്തിന്‍റെ പല തലങ്ങളിലൂടെ സംഗീതത്തിന്‍റെ ആത്മാവ് തൊട്ടറിയുകയാണ് ഈ യുവ ഗായകൻ. കഴിഞ്ഞ 23 വർഷമായി സംഗീത ലോകത്ത് സജീവമായ നവീൻ 2013 ൽ റിലീസ് ചെയ്‌ത ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോയിലൂടെ ആരാധകരുടെ മനം കവരുകയായിരുന്നു. തുടർന്ന് ഗാനത്തിന് ഐ ലൈക്ക് ഇറ്റ് വേൾഡ് ടാലന്‍റ് അവാർഡും ഗായകനെ തേടിയെത്തി.
ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി മ്യൂസിക് ഷോകൾ നടത്തിയിട്ടുള്ള നവീനിന് സംഗീതമെന്നാൽ ആത്മാവു പോലെയാണ്. ഏത് തലമുറയേയും ആവേശം കൊള്ളിക്കുന്ന മ്യൂസിക് റെൻഡിഷൻ. ഒപ്പം ഹൃദയ സ്പർശിയായ വരികളിലൂടെ നവീൻ മനുഷ്യ സ്നേഹത്തെയും പ്രതീക്ഷകളേയും നന്മയേയും തന്‍റെ സംഗീതത്തിലൂടെ ഹൈലൈറ്റ് ചെയ്യുന്നു. നവീനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും.
ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോ ഏറെ ഹിറ്റായിരുന്നുവല്ലോ.
ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോ ഒറ്റപ്പെടൽ അനുഭവിക്കുന്നവരെക്കുറിച്ചുള്ളതാണ്. ഒറ്റപ്പെടൽ അനുഭവിക്കുന്ന ആർക്കും അതുമായി റിലേറ്റ് ചെയ്യാൻ പറ്റും. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുകയെന്നതാണ് ഈ സംഗീതത്തിന്‍റെ ലക്ഷ്യം. ഏകാന്തതയനുഭവിക്കുന്ന ഏത് കുട്ടിക്കും വേണ്ടിയാണ് ഈ ഗാനം. പക്ഷേ ഈ സംഗീതത്തിൽ ഉപയോഗിച്ചിരിക്കുന്ന ചൈൽഡ് എന്ന പദം പ്രായഭേദമില്ലാതെ ഏതൊരു വ്യക്‌തിയേയും സൂചിപ്പിക്കുന്നു.
പലപ്പോഴും എല്ലാം നഷ്ടപ്പെട്ടു പോയവരെയോ ഒറ്റപ്പെട്ടുപോയവരെയോ നമ്മൾ കാണാറുണ്ട്. പക്ഷേ അത്തരമാളുകളെ ശ്രദ്ധിക്കാനോ അവരുടെ ജീവിതത്തിൽ പ്രതീക്ഷകൾ നിറയ്ക്കാനോ സമയമില്ലാതെ എല്ലാവരും കടന്നു പോവുകയാണ് ചെയ്യുക. ഒറ്റപ്പെടൽ അനുഭവിക്കുന്നവരെക്കുറിച്ച് ചിന്തിക്കാനുള്ള സന്ദേശം നൽകുകയെന്ന ലക്ഷ്യമാണ് ആ ഗാനം ഓർമ്മപ്പെടുത്തുന്നത്. അതുപോലെ നിറഞ്ഞ പ്രതീക്ഷയും.
സംഗീതം പോലെ തന്നെ ചിത്രീകരണം കൊണ്ടും ഏറെ പ്രത്യേകതകൾ ഉള്ള പാട്ടാണല്ലോ അത്
ലോൺലി അയാം ക്രയിംഗ് എന്ന പാട്ട് 2013 ലാണ് റിലീസ് ആയത്. പാട്ടെഴുതിയത് എന്‍റെ സുഹൃത്ത് ടിഎസ് അഭിലാഷാണ്. കമ്പോസിംഗ് ഞാൻ തന്നെയായിരുന്നു.
റോഹതാംഗ് പാസ്, മണാലി എന്നിവിടങ്ങളിൽ വച്ചാണ് പാട്ട് ചിത്രീകരിച്ചത്. മഞ്ഞുമൂടിയ പർവ്വതങ്ങളും ഗ്ലേസിയറുകൾ പർവ്വത കൊടുമുടികളുടെ ദൃശ്യഭംഗി ആ പാട്ടിന് കൂടുതൽ സൗന്ദര്യം പകർന്നു.
എത്ര വർഷമായി സംഗീത രംഗത്ത്?
പ്രൊഫഷ്ണലായി പെർഫോം ചെയ്‌ത് തുടങ്ങിയത് 1997 ലാണ്. ഇപ്പോൾ 23 വർഷമായി പ്രൊഫഷണൽ സംഗീതത്തിൽ.
സംഗീത പഠനമാരംഭിച്ചത്
എന്‍റെ 7-ാം വയസ്സു മുതലാണ് ഞാൻ സംഗീതമഭ്യസിച്ച് തുടങ്ങിയത്. കിന്‍റർ ഗാർട്ടൻ മുതൽ 7-ാം ക്ലാസ് വരെ വൈപ്പിനിലെ ലേഡി ഓഫ് ഹോപ്പ് സ്ക്കൂളിലാണ് പഠിച്ചത്. ഗിറ്റാറിന്‍റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത് എന്‍റെ അച്‌ഛൻ ജോസഫ് ആന്ത്രപ്പേർ ആയിരുന്നു. അതിനു ശേഷം ഞാൻ തനിയെ പഠിക്കുകയായിരുന്നു. ആ സമയത്ത് ബ്രേക്ക് ഡാൻസും ഗിറ്റാറും പഠിച്ച് തുടങ്ങിയിരുന്നതു കൊണ്ട് സ്റ്റേജിൽ അവയൊക്കെ അവതരിപ്പിക്കുമായിരുന്നു.
സ്ക്കൂളിലെ മാർച്ചിംഗ് ബാൻഡിലെ ട്രംപറ്റ് പ്ലേയറും ഡ്രമ്മറുമായിരുന്നു ഞാൻ. പിന്നെ 8-ാം ക്ലാസ് മുതൽ രാജഗിരി സ്ക്കൂളിലായി പഠനം. അവിടെ പ്രോഗ്രാമുകളിൽ ബ്രേക്ക് ഡാൻസ് പെർഫോം ചെയ്യുമായിരുന്നു. ലേഡി ഓഫ് ഹോപ്പിലേയും രാജഗിരി സ്ക്കൂളിലെയും സംഗീതാധ്യാപകരിൽ നിന്നാണ് ഞാൻ സംഗീതം പരിശീലിച്ചത്. പിന്നീട് സ്റ്റേജ് പെർഫോമൻസിൽ നിന്നും കുറെക്കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
പ്രകൃതിയിലെ ഓരോ ചലനങ്ങളിൽ നിന്നും കാറ്റിൽ നിന്നും നീലിമയാർന്ന ആകാശത്തു നിന്നും ചുറ്റുപാടും കണ്ട ആളുകളിൽ നിന്നും എന്തിനേറെ പ്രൊഫഷണൽ സംഗീതജ്ഞരല്ലാത്തവരിൽ നിന്നു വരെ സംഗീതം പഠിക്കുകയാണ് ഉണ്ടായത്. അതൊരു മനോഹരമായ യാത്രയായിരുന്നു.
വീട്ടിലെ വിശേഷങ്ങൾ?
എന്‍റെ കുഞ്ഞുനാൾ തുടങ്ങി വീട്ടിൽ സംഗീതം മാത്രമായിരുന്നു. വീട്ടിൽ എല്ലാവരും സംഗീത പ്രേമികളാണ്. സംഗീതത്തിന്‍റെ അന്തരീക്ഷം ആയിരുന്നു വീട്ടിൽ. ശരിക്കും ഒരു മ്യൂസിക്കൽ ഫാമിലിയാണ് ഞങ്ങളുടേത്.
സ്ക്കൂൾ, കോളേജ് പഠനക്കാലത്തെ കലോത്സവങ്ങൾ ഓർക്കുമ്പോൾ
സ്ക്കൂൾ, കോളേജ് പഠനകാലത്ത് സംഗീതത്തിൽ എപ്പോഴും ആക്ടീവായിരുന്നു. രാജഗിരി പബ്ലിക് സ്ക്കൂളിൽ പഠിക്കുമ്പോഴാണ് ഞാനാദ്യമായി പാടിയത്. സ്‌ക്കൂൾ ഫംഗ്ഷനുകൾക്കുവേണ്ടി ഞാൻ സ്‌ഥിരമായി പാട്ടുപാടുകയും ഗിറ്റാർ വായിക്കുകയും ചെയ്യുമായിരുന്നു. 97ൽ കേരള സ്ക്കൂൾ കലോത്സവത്തിൽ വൃന്ദവാദ്യ സംഗീതത്തിൽ ഞങ്ങൾക്കാണ് ഫസ്റ്റ് കിട്ടിയത്. മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്ത് എംജി കലോത്സവത്തിൽ വെസ്റ്റേൺ ഗ്രൂപ്പ് മ്യൂസിക്കിൽ ഫസ്റ്റ് കിട്ടിയിരുന്നു. അതിന്‍റെ വോക്കൽ കോച്ച് ഞാനായിരുന്നു. അന്നത്തെ റിഹേഴ്സലും ഒരുക്കങ്ങളും ഓർക്കുമ്പോൾ ആ കാലം തിരിച്ച് വന്നിരുന്നെങ്കിലെന്ന് തോന്നി പോകും. അത്രയും ത്രില്ലിംഗ് ആയ എക്സ്പീരിയൻസായിരുന്നുവത്.
സംഗീതത്തോടുള്ള കാഴ്ചപ്പാട്
എനിക്ക് ജന്മനാലെ ലഭിച്ച വരദാനമാണ് സംഗീതം. എന്‍റെ ജീവിതത്തിലുടനീളം സംഗീതമുണ്ട്. ഇനിയും അത് തുടരും. സംഗീതമെന്ന മഹത്തായ വരം തന്നതിന് ഞാൻ ആ ശക്തിയോട് കടപ്പെട്ടിരിക്കുന്നു.
സംഗീതത്തിന് പുതിയ ദിശ
മഹാരാജാസ് കോളേജ് പഠനകാലമാണ് എന്‍റെ സംഗീത സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകിയത്. 2000 ത്തിൽ മഹാരാജാസിൽ ഇംഗ്ലീഷിൽ ബിരുദ കോഴ്സിന് പഠിക്കുമ്പോഴാണ് പ്രൊഫഷണലായി ലൈവ് മ്യൂസിക് ഷോകൾ നടത്തി തുടങ്ങിയത്. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തു ചേർന്നുള്ള ലൈവ് ഷോകൾ.
2005 തുടങ്ങി ഞാൻ സോളോ പെർഫോമൻസിലേക്ക് തിരിഞ്ഞു. ദി നവീൻ ആന്ത്രപ്പേർ ഷോ എന്ന ബാനറിലായിരുന്നു സോളോ പെർഫോമൻസുകൾ. ഈ സമയത്താണ് എന്‍റെ ആദ്യ ഇംഗ്ലീഷ് ആൽബം ക്രിസ്തുമസ് മെലഡീസ് റിലീസാകുന്നത്. 4 മ്യൂസിക് വീഡിയോകൾ അതിൽ ഉണ്ടായിരുന്നു. അതിൽ ഞാൻ പാടുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. മഹാരാജാസ് കോളേജിൽ വച്ച് പരിചയമുണ്ടായിരുന്ന സംവിധായകൻ അൻവർ റഷീദാണ് ആ മ്യൂസിക് വീഡിയോ ഡയറക്റ്റ് ചെയ്‌തത്. 2005 ൽ അടുത്ത ഇംഗ്ലീഷ് മ്യൂസിക് വീഡിയോ യുവർ ടെന്‍റർനസ് റിലീസ് ചെയ്‌തു. അതും അൻവർ റഷീദാണ് ഡയറക്ട് ചെയ്തത്. സിനിമാറ്റോഗ്രാഫി ഷൈജു ഖാലിദും.
ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്‌തിരുന്ന ചിൻകു ചിൻകു വെന്ന ടെലിവിഷൻ ഷോവിന്‍റെ മ്യൂസിക് കംപോസിംഗ് ചെയ്യാനുള്ള ഭാഗ്യമെനിക്കുണ്ടായി. 100 എപിസോഡിലധികം ഉണ്ടായിരുന്ന പ്രോഗ്രാമായിരുന്നുവത്. ഇതിനിടെ കേരളത്തിൽ പല ഭാഗങ്ങളിലും മ്യൂസിക് ഷോ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. അതിനുശേഷമാണ് മുംബൈയിലേക്ക് പോകുന്നത്. സൗണ്ട് റെക്കോഡിംഗ് പഠിക്കാനായിരുന്നുവത്. അവിടെ വച്ചും ധാരാളം മ്യൂസിക് ചാനലുകളിലും വേദികളിലും സംഗീതം അവതരിപ്പിക്കാൻ അവസരം കിട്ടി. അവിടെ വച്ചാണ് ലോൺലി അയാം ക്രയിംഗ് എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്യുന്നത്. പിന്നീട് ദുബായിൽ ചേക്കേറി. ദുബായ്, യുഎഇ എന്നിവിടങ്ങളിൽ സംഗീത പരിപാടികളുമായി ആക്ടീവാകുകയായിരുന്നു. ഇതിനിടെ കേരളത്തിൽ മ്യൂസിക് ഷോകൾ അവതരിപ്പിക്കാൻ വരുമായിരുന്നു. ഇക്കാലമത്രയും സംഗീതത്തെക്കുറിച്ച് ആഴത്തിൽ അറിയാനും പഠിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.
90 കളിലും 2000 ത്തിന് ആരംഭത്തിലുമൊക്കെ പോപ്പ്, റാപ്പ് തുടങ്ങിയ വെസ്റ്റേൺ സംഗീതവും ഇന്ത്യൻ സംഗീത പശ്ചാത്തലമുള്ള ആൽബങ്ങളുമൊക്കെയായി സമാന്തര സംഗീതം നമുക്ക് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഉടനീളം സിനിമ സംഗീതം മാത്രമേ വളരുന്നുള്ളൂവെന്ന് കരുതുന്നുണ്ടോ?
തീവ്രമായ ഇച്‌ഛയുണ്ടെങ്കിൽ ഏത് മേഖലയിലായാലും അതിനുള്ള സാധ്യതകൾ തെളിഞ്ഞു വരുമെന്ന വിശ്വാസക്കാരനാണ് ഞാൻ. ഞാൻ കൂടുതലും ശ്രദ്ധയർപ്പിച്ചിരുന്നത് ഇംഗ്ലീഷ് സംഗീതത്തിലാണ്. സിനിമ സംഗീതം പോലെ തന്നെ ഇംഗ്ലീഷ് സംഗീത ലോകത്ത് ആൽബങ്ങൾക്കുള്ള സാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളെന്താണോ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി കഠിനപ്രയത്നം നടത്തുക. ഒരിക്കലും ആ ആഗ്രഹത്തെ കൈവിട്ട് കളയരുത്. നമ്മൾ നമ്മുടെ ഏറ്റവും മികച്ചത് സമ്മാനിക്കുക. അതിനുള്ള പ്രതിഫലം നമുക്ക് ലഭിക്കും. അവസരങ്ങൾ ഉണ്ട്.
സംഗീത ലോകത്ത് റോൾ മോഡലുകൾ
ഒരുപാട് പേരുണ്ട്. പക്ഷേ ദൈവം എനിക്ക് തന്ന യൂണിക് ടാലൻറിനനുസരിച്ച് എന്‍റേതായ യഥാർത്ഥ രീതിയിൽ സംഗീതം അവതരിപ്പിക്കാനാണ് ഇഷ്ടം. ഒറിജിനലായിരിക്കുക അതാണ് ഇഷ്ടം.
മറക്കാനാവാത്ത നിമിഷങ്ങൾ
ജീവിതത്തിലെ ഓരോ നിമിഷവും വിലമതിക്കാനാവാത്തതും മറക്കാനാവാത്തതുമാണ്. ഒരുപാട് അധ്വാനങ്ങൾക്കു ശേഷം ലോൺലി എന്ന ഗാനം എല്ലാവരും ഇരുകൈ നീട്ടി സ്വീകരിച്ചത് വല്ലാത്തൊരു ത്രില്ലിംഗ് അനുഭവമായിരുന്നു.
ഭാവി പരിപാടികൾ
ഇനി വരാനിരിക്കുന്ന പാട്ടുകളുടെ റെക്കോഡിംഗുകളും വീഡിയോ ഷൂട്ടുകളും ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇനിയും സംഗീതത്തെ ഏറെ അറിയാനുണ്ട്. അതിനുള്ള മനോഹരമായ യാത്ര തുടരുകയാണ്.