അയാളെന്നെ പിന്തുടരാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. അരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഞാനുറങ്ങിക്കിടക്കുമ്പോഴായിരിക്കും കൂടുതലായും അയാൾ എന്‍റടുത്തേക്ക് വന്നിരുന്നത്. നീണ്ടുമെലിഞ്ഞ രൂപമായിരുന്നു അയാൾക്ക്. ഒട്ടിയ കവിളും നരച്ച താടിയും മുടിയും മീശയും ചന്ദനക്കളറിലുള്ള മുണ്ടും തോളത്ത് മുഷിഞ്ഞു നാറിയ കരിപിടിച്ച ഒരു തോർത്തും. വായിലെപ്പോഴും മുറുക്കിയതിന്‍റെ ചോരപ്പാടുകൾ കാണാം.

ഒരു ദിവസം കടുത്ത നടുവേദനയായി കട്ടിലിൽ നിന്നിറങ്ങി താഴെ പായ വിരിച്ച് കിടന്നപ്പോഴാണ് അയാൾ ആദ്യമായി എന്‍റെ അടുത്തേക്ക് വന്നത്. അടച്ചിട്ട ജനാലയുടെ കമ്പികൾക്കിടയിലൂടെ അയാൾ അകത്തേക്ക് വന്നു. കിടക്കുന്ന എന്‍റെ അടുത്ത് വന്ന് രൂക്ഷമായി എന്നെ നോക്കി.

“ഇതെന്‍റെ സ്ഥലം… മാറിക്കിടക്ക് എന്നാജ്‌ഞാപിച്ചു.

പാതിമയക്കത്തിലായ ഞാൻ ഒരു വിറയലോടെ തരിച്ചു മരവിച്ചു കിടന്നു. അനങ്ങാൻ പോലും പറ്റാതെ. അയാൾ വന്ന് എന്നെ ഒരു വശത്തേക്ക് തിരിച്ചു കിടത്തി. അയാളുടെ സ്പർശനം ഞാൻ ശരിക്കും അറിഞ്ഞിരുന്നു. പിന്നീട് ഞാൻ കിടക്കുന്നതിന്‍റെ താഴെയായി ഒരു അഗാധ ഗർത്തം രൂപം കൊണ്ടു.

അയാൾ പതുക്കെ പതുക്കെ അതിനിടയിലേക്ക് ഇറങ്ങിപ്പോയി. അലക്കി വെളുപ്പിച്ച ചന്ദനക്കളർ മുണ്ടുടുത്ത് അതിനുനേരെ വിപരീതമായി മുഷിഞ്ഞ് കരിപിടിച്ച തോർത്ത് തോളിലിട്ട് “നിന്നെ എനിക്ക് വേണം” എന്ന് പറഞ്ഞ് അയാൾ പിന്നീടങ്ങോട്ട് എന്‍റെ ജീവിതത്തിലുടനീളം എന്നെ പിന്തുടർന്നു. നമ്മൾ ആത്മാവ്, പ്രേതം എന്നൊക്കെ വിളിക്കുന്ന സാങ്കൽപ്പികമോ യാഥാർത്ഥ്യമോ എന്ന് ഇപ്പോഴും ഉറപ്പില്ലാത്ത ഒന്നായ ആ ഒരു വ്യക്‌തിയാണ് അല്ലെങ്കിൽ ആ ഒരു സംഭവമാണ് പിന്നെ എനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് ഒരു നടുക്കത്തോടെ ഞാൻ മനസ്സിലാക്കി.

അദ്ധ്യാപകനായ ഞാൻ ക്ലാസ് എടുക്കുമ്പോൾ ചിലപ്പോൾ ബോർഡിലെഴുതാൻ അതിനഭിമുഖമായി തിരിയുമ്പോൾ കറുത്ത ബോർഡിന് മുന്നിൽ മുറുക്കി ചുവപ്പിച്ച പല്ലുകൾ കാട്ടി വികൃതമായി ചിരിച്ച് നിന്നെ എനിക്ക് വേണം എന്നയാൾ പറയും. പലപ്പോഴും ഇതുകേട്ട് ഒന്നും ചെയ്യാൻ പറ്റാതെ മരവിച്ച് നിന്ന് പിന്നീട് കുട്ടികളോട് നോട്സ് എഴുതാൻ പറഞ്ഞ് ഞാൻ സ്റ്റാഫ് റൂമിൽ പോയിരിക്കുമായിരുന്നു. ഷുഗർ കുറയുന്ന അസുഖം ഉള്ളതിനാൽ കുട്ടികൾ പലപ്പോഴും അതാണെന്ന് കരുതുമായിരുന്നു.

ചില അവസരങ്ങളിൽ സിനിമാതീയേറ്ററിൽ ടിക്കറ്റ് എടുത്ത് കയറുന്ന നേരം വാതിലിന്‍റെ മൂലയിൽ ആ ഇരുട്ടിൽ വികൃതമായി ചിരിച്ച് അയാൾ നിൽക്കുന്നുണ്ടാകും. എത്രയോ തമാശപ്പടങ്ങൾ നിർവ്വികാരനായി എനിക്ക് ഇങ്ങനെ കാണേണ്ടി വന്നിട്ടുണ്ട്.

മറ്റൊരിക്കൽ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം മാർക്കറ്റിൽ മീൻ വാങ്ങാൻ പോയിരുന്നു. അന്നെന്തോ ചാകരയായിരുന്നു എന്ന് തോന്നുന്നു. ഇഷ്ടംപോലെ മീനുണ്ട്. മാർക്കറ്റിലാണെങ്കിൽ ഉരുത്സവത്തിന്‍റെ അത്ര തന്നെ ആൾക്കാരും. തിങ്ങി നിറഞ്ഞുനിൽക്കുന്ന ആളുകൾക്കുമിടയിലൂടെ മുട്ടിമുട്ടി നിരങ്ങി നീങ്ങുമ്പോൾ പെട്ടന്നതാ അയാൾ മുന്നിൽ! എന്ത് ചെയ്യണമെന്നറിയാതെ ഞാൻ സ്തബ്ധനായി നിന്നുപോയി. ഒരടി മുന്നോട്ട് വയ്ക്കാൻ പറ്റുന്നില്ല.

തൊട്ടുപുറകിലുള്ള ആൾ ഒന്ന് നടക്ക് ചേട്ടാ… നിക്കല്ലേ അവിടെ എന്നും പറഞ്ഞ് എന്നെ പുറകിൽ നിന്ന് തള്ളുന്നുണ്ടായിരുന്നു. ഞാനാകട്ടെ എന്തുചെയ്യണമെന്നറിയാതെ ആകെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. ഇയാളെന്തിന് എന്നെ ഇങ്ങനെ പിന്തുടരുന്നു? ഇതിനിടെ സഹികെട്ട് പുറകിൽ നിൽക്കുന്ന ആൾ എന്നെ പുറകിലേക്ക് പിടിച്ചുവലിച്ച് കടന്നുപോയി.

മാർക്കറ്റിൽ വന്നാൽ മീൻ നോക്കിയിട്ടേ വാങ്ങാൻ പറ്റൂ. അത് ചിലപ്പോ കുറച്ചുനേരം നിന്ന് നോക്കേണ്ടിവരും. അതിന് നിങ്ങളെന്തിനാ എന്നെ തള്ളിമാറ്റുന്നത്. ഞാനറിയാതെ വളരെ ഉറക്കെ അരിശത്തോടെ അയാളോട് ചോദിച്ചു. എന്‍റെ പെട്ടെന്നുള്ള പ്രതികരണം അയാൾ പ്രതീക്ഷിച്ചില്ല. അദ്ദേഹം വേഗം മുന്നോട്ട് തിക്കിത്തിരക്കി നടന്നുപോയി. അപ്പോഴും ആ നരച്ചതാടിയും മീശയും വച്ച ആ മെലിഞ്ഞരൂപം എന്‍റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അയാളോടുള്ള ദേഷ്യം മുഴുവൻ എന്‍റെ പുറകിലുണ്ടായിരുന്ന ആ പാവത്തിൽ ഞാൻ തീർത്തു. പിന്നെ നോക്കുമ്പോൾ അയാൾ അപ്രത്യക്ഷനായിരുന്നു.

മറ്റൊരിക്കൽ ആശുപത്രിയിൽ ഒരു സുഹൃത്തിനെ കാണാൻ വേണ്ടി പോയപ്പോഴായിരുന്നു. ലിഫ്റ്റിൽ കുറേപ്പേർ ഉള്ളതിനാലും ചെറിയ മുട്ടുവേദന ഉള്ളതിനാലും ചവിട്ടുപടികൾ ഒഴിവാക്കി വീൽചെയർ കൊണ്ടുപോകുന്ന നിരപ്പായ വഴിയിലൂടെയാണ് ഞാൻ മുകളിലേക്ക് കയറിയത്.

ഇടനാഴിയുടെ ഇങ്ങേ അറ്റത്ത് എത്തിയപ്പോൾ അങ്ങേ അറ്റത്തെ ജനൽക്കമ്പികൾക്കിടയിലൂടെ അയാൾ കടന്നുവരുന്നു. ഞാനപ്പോഴേ ക്കും പകുതി ദൂരം പിന്നിട്ടിരുന്നു. തിരിഞ്ഞോടാണോ മുന്നോട്ട് പോകണോ എന്നറിയാതെ ഞാൻ പകച്ചുനിന്നു. ഇടനാഴിയിൽ ആരുമില്ല. ഞാനും അയാളുമല്ലാതെ. സന്ധ്യാസമയമായതിനാൽ നേർത്ത ഇരുട്ടും.

അയാൾ പതുക്കെ എന്‍റെ അടുത്തേക്ക് നടന്നടുക്കാൻ തുടങ്ങി. പേടിച്ചുപോയ ഞാൻ പാതി തുറന്നിട്ട ഏതോ രോഗിയുടെ മുറിയിലേക്ക് ഓടിക്കയറി. മുറിയിലെ ആൾക്കാർ ദേഷ്യത്തോടെ എന്നെ നോക്കി. അതിലൊരുത്തൻ നിങ്ങളേതാ എന്ന് ചൂടായി ചോദിച്ചു. സോറി. റൂം മാറിപ്പോയി എന്ന് ഞാൻ പറഞ്ഞു. എന്നാലൊന്ന് മുട്ടിയിട്ട് വന്നൂടെ ഒരു മര്യാദയൊക്കെ വേണ്ടേ എന്നയാൾ ചോദിച്ചു. മുഖത്തെ നീരസം ശരിക്കും പ്രകടമായിരുന്നു. ഞാൻ വീണ്ടും സോറി പറഞ്ഞു.

കൂട്ടത്തിലെ സ്ത്രീകൾ ഏതോ ഒരു അലമ്പനെ നോക്കുന്ന രീതിയിൽ എന്നെ വളരെ വെറുപ്പോടെ നോക്കി. വീണ്ടുമൊരിക്കൽ കൂടെ സോറി പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ അയാളെ കാണാനില്ലായിരുന്നു. ആ മുറിയിലുണ്ടായിരുന്ന സ്ത്രീകളിൽ ഒരു സ്ത്രീയെ പിന്നീട് ഞാൻ കണ്ടിരുന്നു.

എന്‍റെ ഒരു കൂട്ടുകാരിയുടെ കൂട്ടുകാരി ആയിരുന്നു അവർ. യാദൃച്ഛികമായി ബസ് സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ കൂട്ടുകാരി ഈ സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി തന്നു. അപ്പോൾ അവർ പറയുകയാ എനിക്കിയാളെ ഓർമ്മയുണ്ട്. ഒരിക്കൽ ആശുപത്രിയിൽ വച്ച് കണ്ടിട്ടുണ്ട്. ഒരു മര്യാദയുമില്ലാതെ റൂമിലേക്ക് കടന്നുവന്ന ആളാണ് ഇയാൾ. ഇല്ലാതായി എന്നു പറയുന്നതാകും ശരി, എന്‍റെ അവസ്ഥ കണ്ടിട്ടാകണം കൂട്ടുകാരി പറഞ്ഞു.

“നിനക്ക് ആളെ തെറ്റിയതാകും ഇവനാള് പക്കാ നീറ്റാ” ഞാനവളോട് പറഞ്ഞു എനിക്കങ്ങനെ ഒരബദ്ധം പറ്റിയിട്ടുണ്ടെന്ന്. അതിന്‍റെ കാരണം ആരും ചോദിക്കുന്നില്ലല്ലോ… അഥവാ ഞാൻ പറഞ്ഞാൽ അത് ഞാൻ പറയുന്ന മുടന്തൻ ന്യായമായേ അവർ കാണൂ… ആ നിമിഷം എനിക്കയാളോട് അടങ്ങാത്ത കലി വന്നു. അയാൾ കാരണം എന്‍റെ മാനവും മര്യാദയും വരെ നശിപ്പിക്കപ്പെടുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നിത്തുടങ്ങി.

പിന്നീട് പല തവണ എന്തെങ്കിലും എഴുതുമ്പോഴും പത്രം വായിക്കുമ്പോഴും ഒരു മിന്നായം പോലെ അയാൾ മുന്നിലൂടെ കടന്നുപോകും. പലപ്പോഴും ചരമക്കോളം നോക്കുമ്പോഴായിരിക്കും അയാളുടെ ആ മിന്നൽ പാച്ചിൽ. അതുകൊണ്ട് തന്നെ ഇപ്പോൾ പത്രത്തിൽ ചരമക്കോളം പേജ് ഞാൻ നോക്കാറില്ല. ക്ലാസിലെ കുട്ടികൾ പത്രം നോക്കിയിട്ട് ചരമക്കോളം നോക്കി പറയും.

“സാറേ ഒരുത്തൻ 99 ൽ ഔട്ടായി. സെഞ്ച്വറി അടിക്കാൻ പറ്റിയില്ല. ബൈക്ക് ആക്സിഡന്‍റ് ആയിട്ടാണ് മരിച്ചതെങ്കിൽ സാറേ ഒരുത്തൻ റൺഔട്ട് ആയി എന്നൊക്കെ പറഞ്ഞ് ചിരിക്കും. ഒരുതരം ഭീതിയോടെയാണിത് ഞാൻ കേൾക്കുന്നത്.

മറ്റൊരിക്കൽ വാട്ടർ ടാങ്ക് കഴുകി പുറത്തേക്കിറങ്ങിയ ഞാൻ നോക്കുമ്പോൾ സഹായികളായ ഭാര്യയുടെയും അവളുടെ അച്ഛന്‍റേയും അമ്മയുടെയും പിന്നിലായി അയാൾ നിന്ന് ചിരിക്കുന്നു. സന്ധ്യാസമയത്തെ ചുവന്ന സൂര്യരശ്മികൾ അയാളുടെ വായിലെ മുറുക്കിനെ ഒന്നുകൂടി ചുവപ്പിച്ചു. ഞാനാകെ കുഴഞ്ഞുപോയി.

അന്ന് രാത്രി എനിക്ക് പനി പിടിച്ചു. ശരീരം മൊത്തം വേദനയും. അത് ടാങ്ക് കഴുകിയതിന്‍റെ ആണെന്ന് അവർ പറഞ്ഞു. ഇതിനുമുമ്പും കുറേ തവണ ഞാൻ ടാങ്ക് കഴുകിയതാണ് ആരും സഹായികളില്ലാതെ. അന്നൊന്നും യാതൊരുവിധ ക്ഷീണമോ വേദനയോ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. ഇയാൾ എന്‍റെ ജീവിതത്തിലെ നിർണ്ണായക ഘടകമായി മാറുന്നുണ്ടോ എന്ന് ഞാൻ ഒരു വിറയലോടെ ഓർത്തു.

മരിച്ചുപോയ എന്‍റെ അച്ഛനെ ഞാൻ ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട്. ഞങ്ങൾ തമ്മിൽ സ്വപ്നത്തിൽ ഒരുപാട് നേരം സംസാരിക്കാറുമുണ്ട്. അങ്ങനെയൊരിക്കൽ സംസാരിക്കുമ്പോൾ അച്ഛനോട് ഞാൻ ഇയാളുടെ കാര്യം പറഞ്ഞു. പൊടുന്നനെ സ്വപ്നത്തിൽ അയാളും എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. “നിന്‍റെ അച്ഛന്‍റെ ലോകമല്ല എന്‍റേത്. അദ്ദേഹത്തിന് എന്നെ കാണാൻ പറ്റില്ല” അയാൾ പറഞ്ഞു. “അച്ഛാ അച്ഛാ… ദേ അയാൾ വന്നിരിക്കുന്നു” എന്ന് ഞാൻ അച്ഛനോട് പറഞ്ഞു. അതുവരെ സംസാരിച്ചിരുന്ന അച്ഛൻ പെട്ടെന്ന് നിശബ്ദനായി. പിന്നെ അച്ഛനെ കാണുന്നില്ല.

ഞാൻ ഞെട്ടി എണീറ്റ് നോക്കുമ്പോൾ അലമാരയുടെ ഒരു സൈഡിൽ ജനൽക്കമ്പി പിടിച്ച് അയാൾ ചാരി നിൽക്കുന്നു. തൊണ്ടവരണ്ട് ഒന്ന് ശബ്ദിക്കാൻ പറ്റാതെ അനങ്ങാൻ പോലുമാവാതെ ഞാൻ വിറങ്ങലിച്ച് കിടന്നു. എന്നെ വളരെ ദേഷ്യത്തോടെ നോക്കി ജനൽക്കമ്പികൾക്കിടയിലൂടെ അയാൾ എങ്ങോ മറഞ്ഞു.

ഒരിക്കൽ അടുക്കളയിലെ തുടയ്ക്കുന്ന കരിമ്പൻ പിടിച്ച തോർത്ത് മറ്റ് വേയ്സ്റ്റ് പേപ്പറുകൾക്കൊപ്പം ഞാൻ കത്തിച്ചു. ആ തോർത്ത് എന്നിൽ ഇടയ്ക്കിടെ അകാരണമായ ഒരു ഭീതി ഉണ്ടാക്കിയിരുന്നു. അയാളുടെ തോളിലെ തോർത്ത് പോലെ ആയിരുന്നു അതും. ആ തോർത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ചാമ്പലാക്കിക്കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ ക്രൂരമായ കണ്ണുകളോടെ ആ നരച്ച രൂപം എന്‍റെ മുന്നിൽ വീണ്ടും വന്നു.

“നീയത് കത്തിച്ചു കളഞ്ഞു അല്ലേ… നിന്നെ എനിക്ക് വേണം” അയാൾ വീണ്ടും പറഞ്ഞു. ഒരു വിറയലോടെ ഞാൻ തരിച്ചു നിന്നു. രാത്രി ഭാര്യയോട് എല്ലാം പറയാൻ തോന്നി. സ്വതവേ വളരെ ഭീരുവായ അവൾ ഇതും കൂടി കേട്ട് പേടിച്ച് സമാധാനം കളയണ്ട എന്നു കരുതി ഞാൻ പറഞ്ഞില്ല.

മറ്റാരോടെങ്കിലും പറയണം എന്നുവച്ചാൽ നാട്ടിലെ അറിയപ്പെടുന്ന നിരീശ്വരവാദി ആയ ഞാൻ ഇത്തരം കഥകൾ പറഞ്ഞാൽ അവരുടെ മുന്നിൽ അപഹാസ്യനായേക്കും എന്നതിനാൽ പറഞ്ഞില്ല.

ഓരോ തവണ കിടന്നുറങ്ങുമ്പോഴും അതിപ്പോ കട്ടിലിൽ ആയാലും അടച്ചിട്ട ജനലിന്‍റെ കമ്പികൾക്കിടയിലൂടെ അയാൾ എന്‍റടുത്തേക്ക് വരും. ഇത് അസഹ്യമായപ്പോൾ പ്രത്യേകിച്ചൊരു കാര്യവും കൂടാതെ വീട് മാറി താമസിക്കാം എന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. എന്‍റെ നിർബന്ധത്തിന് വഴങ്ങി അവസാനം അവൾ സമ്മതിച്ചു.

പുതിയ വീട്ടിലെ താമസം സംഭവങ്ങൾ കൂടുതൽ വഷളാക്കി. ഒരു മാറ്റം മാത്രം. എനിക്ക് നിന്നെ വേണം എന്നത് അയാൾ നിന്നെ ഞാൻ കൊണ്ടുപോകും എന്നാക്കി മാറ്റി. അയാൾ നിരന്തരം എന്നെ പിന്തുടരാൻ തുടങ്ങി.

എനിക്ക് നിന്നോട് എന്തും പറയാം എന്നതുകൊണ്ടും നീയെന്‍റെ നല്ലൊരു സുഹൃത്തും ആയതുകൊണ്ടുമാണ് ഞാനിത് നിന്നെ അറിയിക്കുന്നത്. ഈ എഴുതിയതൊക്കെയും കനിഹ, നിന്‍റെ അഡ്രസിൽ ഞാൻ നാളെ പോസ്റ്റ് ചെയ്യും. അതിനുമുമ്പ് ഇതെല്ലാം നിനക്ക് ഞാൻ വാട്സാപ്പ് ചെയ്യും. അഥവാ അത് ഡിലീറ്റ് അയിപ്പോയാലും എഴുത്തുപ്രതി നിന്‍റെ അഡ്രസിൽ കിട്ടും. അങ്ങനെ ഒരുറപ്പ് പറയാൻ പറ്റില്ലെങ്കിലും. ഇത് പോസ്റ്റ് ചെയ്യാൻ പറ്റുമോ എന്നുതന്നെ ഉറപ്പില്ല. കാരണം ഇതെല്ലാം കണ്ടുകൊണ്ട് അയാൾ എന്‍റെ അടുത്ത് തന്നെയുണ്ട്. അടച്ചിട്ട ജനാലയുടെ കമ്പികൾക്കിടയിലൂടെയാണ് ഇത്തവണയും അയാൾ വന്ന് നിൽക്കുന്നത്.

“നീ എഴുതിക്കോ. നിന്നെ ഞാൻ കൊണ്ടുപോകും” ഒരുതരം മരവിപ്പോടെയാണ് ഞാനിതെഴുതുന്നത്. ഭാര്യ രണ്ട് ദിവസത്തേക്ക് അവളുടെ വീട്ടിൽ പോയിരിക്കുകയാണ്.

പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ കനിഹാ, നിന്നെ നാളെ രാവിലെ ഞാൻ വിളിച്ചിരിക്കും. 6 മണിയ്ക്ക് ഞാനിത് നിനക്ക് സെന്‍റ് ചെയ്ത് കഴിഞ്ഞു.

ഇപ്പോൾ സമയം രാവിലെ 5.45 ഞാൻ സിറ്റ്ഔട്ടിൽ നിൽക്കുന്നു. കൂടെ അയാളുമുണ്ട്. സമയം 6.10 എന്‍റെ മൊബൈൽ ഫോൺ അടിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ നോക്കി. നിന്‍റെ കോളാണ്. കോളിംഗ് എന്നെഴുതി കാണിക്കുന്നു. പക്ഷേ അടച്ചിട്ട ജനൽ കമ്പികൾക്കിടയിലൂടെ അകത്തു കടന്ന എനിക്ക് നിന്‍റെ കോൾ അറ്റന്‍റ് ചെയ്യാൻ പറ്റില്ലല്ലോ… മുറുക്കി ചുവപ്പിച്ച ചുവന്ന ചുണ്ടുകൾ കാട്ടി അയാൾ അപ്പോഴും എന്നെ നോക്കി വികൃതമായി ചിരിച്ചു.

और कहानियां पढ़ने के लिए क्लिक करें...