പാമ്പുകടിയേറ്റാൽ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടിയേറ്റാൽ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മൾ ചെയ്യാറുള്ള കാര്യങ്ങൾ വിപരീതഫലമുളവാക്കുന്നതാണ്. പാമ്പുകടിയേറ്റാൽ ശരിയായ ചികിത്സാരീതി എങ്ങനെയാണ് എന്നതിനെക്കുറിച്ച് പ്രശസ്ത ഗ്യാസ്ട്രോ എൻറോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം പ്രസിഡന്‍റുമായ ഡോ. രാജീവ് ജയദേവൻ പറയുന്നത് ശ്രദ്ധിക്കാം.
പാമ്പുകടിയേറ്റാൽ മുറിവേറ്റ ഭാഗത്തിന് മുകളിൽ ചരടുപയോഗിച്ച് കെട്ടുക, മുറിവായിൽ നിന്ന് രക്‌തമൂറ്റിക്കളയുക എന്നതൊക്കെയാണ് ആളുകൾ സാധാരണയായി ചെയ്യാറ്.
ഇതുരണ്ടും ശരിയായ പ്രവൃത്തികളല്ല. എന്നാൽ മുറിവേറ്റ ഭാഗത്തിന് മുകളിൽ ചരടുപയോഗിച്ച് കെട്ടുന്നത് പലപ്പോഴും ഉപകാരത്തേക്കാളേറെ ഉപദ്രവമാണ് ചെയ്യുന്നത്. ചരടിന്‍റെ മുറുക്കം കൂടിപ്പോയാൽ ആ ഭാഗത്തേക്കുള്ള രക്‌തയോട്ടം നിലയ്ക്കുകയും പിന്നീട് അത് മുറിച്ചുകളയേണ്ടതായും വരാറുണ്ട്. വിഷം ശരീരത്തിൽ പടരുന്നത് കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ലിംഫ് സിസ്റ്റവും ചെറിയ രക്‌തക്കുഴലുകളും വഴി പതുക്കെയാണ് വിഷം ശരീരത്തിൽ പടരുക. കടിയേറ്റ ഭാഗം ഹൃദയത്തിനു താഴെ വരുന്ന രീതിയിൽ പിടിക്കുക. ഇതിന് കാലോ കയ്യോ താഴ്ത്തിയിട്ടാൽ മതിയാകും. ഇത് വിഷം പടരുന്നത് കുറയ്ക്കും. രോഗി പരിഭ്രാന്തനാകാനും പാടില്ല. കാരണം രക്‌തചംക്രമണം വർദ്ധിക്കുന്നത് ശരീരത്തിൽ മുഴുവൻ വിഷം വ്യാപിക്കാനിടയാക്കും. രോഗിയെ ശാന്തതയോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
വിഷം വ്യാപിക്കാതിരിക്കാൻ
നാല് ഇഞ്ച് വീതിയുള്ള പരുപരുത്ത തുണി ഉപയോഗിച്ച് മുറിവ് കെട്ടാം. ലിംഫിന്‍റെ ഒഴുക്കിനെ തടയുകയും രക്‌തയോട്ടം നിലനിർത്തുകയുമാണ് നമ്മുടെ ലക്ഷ്യം. പതിയെ കടിയേറ്റ ഭാഗത്തുനിന്നും തുടങ്ങി, മുഴുവൻ കാലോ കയ്യോ പൊതിയാം. മുറിവ് പൊതിയുമ്പോൾ പെരുവിരൽ കയറാൻ തക്കവിധം അയവിൽ വേണം പൊതിയാൻ.
മുറിവിൽ ഐസ്, വിഷക്കല്ല്, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവ പുരട്ടുന്നതുകൊണ്ടോ ഇലക്ട്രിക് ഷോക്കോ പൊള്ളലോ ഏൽപ്പിക്കുന്നതുകൊണ്ടും ഒരു പ്രയോജനവുമില്ല. മുറിവിൽ നിന്ന് രക്‌തമൂറ്റി കളഞ്ഞതുകൊണ്ടും കാര്യമില്ല. വിഷം അത്തരത്തിൽ ശരീരത്തിൽ നിന്ന് പോകില്ല എന്നത് നമ്മൾ മനസ്സിലാക്കണം. മുറിവേറ്റ ഭാഗം നീരുവന്ന് തടിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആഭരണങ്ങളും ഇറുകിയ വസ്ത്രവും അവിടെ നിന്ന് അഴിച്ചുമാറ്റണം.
പാമ്പുകടിയേറ്റ ആളെ നടത്തരുത്
പാമ്പുകടിയേറ്റയാൾ നടക്കുകയോ ഓടുകയോ ചെയ്യുന്നത് വിഷം ശരീരം മുഴുവൻ വ്യാപിക്കാൻ കാരണമാകും. കടിയേറ്റ ആൾ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനെ റിക്കവറി പൊസിഷൻ എന്നാണ് പറയുന്നത്. കാരണം ഛർദിച്ചാൽ ശ്വാസകോശത്തിനുള്ളിൽ പോകാതെ രോഗി സുരക്ഷിതനായിരിക്കും.
പരമ്പരാഗത വിഷ ചികിത്സ
പാമ്പുകടിയേറ്റയാൾക്ക് ഏറ്റവും ആദ്യം വേണ്ടത് അടിയന്തിര പരിശോധനയും ശുശ്രൂഷയും ആന്‍റിവെനം കുത്തിവെയ്പുമാണ്. മറ്റെന്തും ഒരു ഭാഗ്യപരീക്ഷണമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനമായും രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് കടിക്കുന്ന എല്ലാ പാമ്പുകളും വിഷമുള്ളവയാവണമെന്നില്ല. വിഷമുള്ള പാമ്പുകൾ തന്നെ കടിക്കുമ്പോൾ എല്ലായ്പ്പോഴും വിഷം ശരീരത്തിലേക്ക് ഏൽക്കണം എന്നില്ല. ഇതിനെ ഡ്രൈ ബൈറ്റ്സ് എന്നാണ് പറയുന്നത്. അണലി, മൂർഖൻ ഇനത്തിൽ പെട്ട പാമ്പുകളുടെ കടിയേറ്റുണ്ടാകുന്ന പകുതി കേസുകളും ഇത്തരത്തിൽ ഡ്രൈ ബൈറ്റ്സ് ആണ്. ഇത്തരം കേസുകളിൽ ചികിത്സയുടെ ആവശ്യമില്ലാതെ തന്നെ രോഗി സുഖം പ്രാപിക്കും.
ഈയടുത്ത് കാലിക്കറ്റ് മെഡിക്കൽ കോളേജിൽ നടത്തിയ പഠനത്തിൽ നിന്നു മനസ്സിലായത് പാമ്പുകടി കേസുകളിൽ നാലിൽ ഒന്ന് വിഷമില്ലാത്ത പാമ്പുകളിൽ നിന്നാണ് എന്നാണ്. പാമ്പുകടിയേറ്റാൽ നൽകുന്ന ആന്‍റിവെനം (എ. എസ്.വി) ചികിത്സയാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളത് എ.എസ്.വി ചികിത്സയുടെ ആവിർഭാവം പാമ്പുകടിയേറ്റുള്ള മരണനിരക്ക് 50 ശതമാനത്തിൽ നിന്ന് 5 ശതമാനം വരെയായി കുറച്ചു.
ലോകത്തെല്ലായിടത്തും പാമ്പുവിഷബാധയ്ക്ക് പലതരം പച്ചമരുന്നുകൾ പ്രയോഗിച്ചു വരുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഒന്നും ഇന്നേ വരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ പാമ്പുകടിയേറ്റാൽ ഒരു പരീക്ഷണത്തിന് നിൽക്കാതെ അടുത്തുള്ള ആശുപത്രിയെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്.
കടിച്ച പാമ്പിനെ തിരിച്ചറിയുന്നത്
പാമ്പിനെ തിരിച്ചറിയുന്നത് ചിക്‌ത്സയ്ക്ക് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ പാമ്പിനെ അന്വേഷിച്ചു നടന്നു സമയം നഷ്ടപ്പെടുത്തുന്നതും കടിയേറ്റ ആളോട് അതേപ്പറ്റി തിരക്കി പരിഭ്രാന്തി കൂട്ടുന്നതും നല്ലതല്ല. കടിച്ച പാമ്പ് അവിടെ തന്നെ നിൽക്കണമെന്നില്ല. മാത്രമല്ല അന്വേഷിക്കുന്ന ആൾക്കും പാമ്പുകടിയേൽക്കാൻ ഇതും കാരണമാകാറുണ്ട്. ഇതിനുപകരം ഒരു ഫോട്ടോ എടുത്താൽ മിക്കവാറും പാമ്പിനെ തിരിച്ചറിയാൻ വിദഗ്ദ്ധർക്കാവും.
ഇന്ത്യയിലെ ഭൂരിഭാഗം പാമ്പുകളുടേയും വിഷത്തെ നിർവ്വീര്യമാക്കാൻ കഴിയുന്ന കുത്തിവയ്പ്പാണ് പോളിവാലെന്‍റ് ആന്‍റിവെൻ. ഈ കുത്തിവയ്പ്പ് മിക്കവാറും വിഷബാധയേറ്റ എല്ലാവർക്കും നൽകാറുണ്ട്. ഇത് അണലി, മൂർഖൻ, വെള്ളിക്കെട്ടൻ അഥവാ ക്രെയ്റ്റ്, റസ്സൽ അണലി, സോ സ്കേൽഡ് അണലി എന്നീ പ്രധാനപ്പെട്ട നാലിനം പാമ്പുകളുടേയും വിഷത്തെ നിർവ്വീര്യമാക്കും.
കേരളത്തിൽ കണ്ടുവരുന്ന ഹമ്പ് നോസ്ഡ് പിറ്റ് വൈപ്പറിന്‍റെ കടിയേറ്റാൽ
ഇത്തരം കേസുകളിലാണ് ഏതിനം പാമ്പാണ് കടിച്ചതെന്നത് തിരിച്ചറിയുന്നത് സഹായകമാവുന്നത്. ഹമ്പ് നോസ്ഡ് പിറ്റ് വൈപ്പറിന്‍റെ ചികിത്സയ്ക്ക് ഇന്ത്യയിൽ ലഭ്യമായ പോളി വാലെന്‍റ് എഎസ്‍വി ഉപയോഗിക്കാൻ പറ്റില്ല. ഇതിന് ഇന്ത്യയിൽ ഇപ്പോൾ സപ്പോർട്ടീവ് ട്രീറ്റ്മെന്‍റ് മാത്രമാണ് ഉള്ളത്. വളരെ ചെറിയ ഈയിനം അണലി കേരളത്തിലെ മലയോര ഭാഗങ്ങളിലും റബ്ബർ തോട്ടങ്ങളിലും സാധാരണ കണ്ടുവരുന്ന ഒന്നാണ്.
കടിയേറ്റ ആളെ ആദ്യം കൊണ്ടുപോകേണ്ടത്
കടിയേറ്റ ആളെ ഏറ്റവും പെട്ടെന്ന് അടുത്തുള്ള ഹോസ്പിറ്റലിനെ കാഷ്വാലിറ്റിയിൽ എത്തിക്കണം. അവിടെയെത്തുന്നതിനു മുമ്പ് ആന്‍റിവെനം അവിടെ ലഭ്യമാണോയെന്ന് വിളിച്ച് അന്വേഷിക്കണം.
ആന്‍റിവെനം ചികിത്സയും പാർശ്വഫലങ്ങളും
ചിലയാളുകൾക്ക് അലർജി ഉണ്ടാകാറുണ്ട്. പക്ഷേ ഇതു നമുക്ക് ചികിത്സിച്ചു മാറ്റാവുന്നതേയുള്ളു. എഎസ്‍വിയാണ് നമുക്കിപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും ഉത്തമമായ ചികിത്സ.
എഎസ്‍വി കുത്തിവയ്പ്പ്
8-10 യൂണിറ്റ് വരെയാണ് ആദ്യം സാധാരണയായി നൽകുക. ഇത് പ്രായമോ ഭാരമോ അനുസരിച്ചല്ല അകത്തുചെന്ന വിഷത്തിന്‍റെ അളവനുസരിച്ചാണ് നൽകുന്നത്. വിഷം അകത്തുചെന്നതിന്‍റെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ആദ്യം ഡോക്ടർ പരിശോധിക്കും. എന്നിട്ടേ എഎസ്‍വി കൊടുക്കൂ.
വിഷമേറ്റാലുള്ള ലക്ഷണങ്ങൾ
കടിച്ച ഭാഗത്ത് കാര്യമായ മുറിവുണ്ടായെന്നു വരില്ല. ഛർദിയാണ് പൊതുവേ വിഷബാധയെൽക്കുന്നതിന്‍റെ ആദ്യ ലക്ഷണം. മൂർഖൻ വെള്ളിക്കെട്ടൻ എന്നിവയുടെ വിഷമേറ്റാൽ മങ്ങിയ കാഴ്ച, കൺപോളകൾ തൂങ്ങുക, പേശികളും കഴുത്തും ക്ഷീണിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഗുരുതരമായ കേസുകളിൽ ഈ ലക്ഷണങ്ങൾ വേഗം പ്രത്യക്ഷപ്പെടാം. അതായത് കടിയേറ്റ് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ. ചികിത്സ നൽകിയില്ലെങ്കിൽ രോഗിയുടെ സ്ഥിതി വഷളാവുകയും പേശികൾ പൂർണമായും തളർന്നുപോവുകയും ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്യും. ശ്വാസം നേരെയാകുന്നതുവരെ വെന്‍റിലേറ്റർ വേണ്ടിവരാറുണ്ട്.
അണലിയുടേത് പോലുള്ള ഹീമോ ടോക്സിക് വിഷപ്പാമ്പുകളുടെ കേസിൽ മൂത്രത്തിലും മോണയിലും മൂക്കിൽ നിന്നും രക്‌തസ്രാവം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദനയും നീരും ഉണ്ടാകും. ചികിത്സ വൈകിയാൽ ഹൃദയത്തിലും തലച്ചോറിലും ശ്വാസകോശത്തിലും ഇതുപോലെ രക്‌തസ്രാവം ഉണ്ടായേക്കാം. കിഡ്നി തകരാറിലായാൽ ഡയാലിസിസ് വേണ്ടിവരും.
അണലി വിഷബാധയിലൂടെയാണ് പാമ്പ് കടി മൂലം ഇന്ത്യയിൽ ഏറ്റവും അധികം മരണങ്ങൾ ഉണ്ടാകുന്നത്.