രോഗപീഡകൾ ഇല്ലാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം കൈകഴുകുന്നതാണെന്ന് മെഡിക്കൽ സയൻസും ഐക്യരാഷ്ട്ര സഭയുമെല്ലാം മുമ്പേ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ഈ കാര്യം ഇത്രയും സീരിയസാക്കി എടുക്കാൻ കൊറോണ വൈറസ് വേണ്ടിവന്നു.
ഒരു റിസർച്ചിന്‍റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരമനുസരിച്ച് നമ്മുടെ നാട്ടിലെ 40 ശതമാനം ആളുകൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാറില്ല! നമ്മുടെ നാട്ടിലെ കല്യാണങ്ങൾ തന്നെ ഓർക്കാം. നിരവധി പേർക്ക് ഹസ്തദാനം നൽകിയ ശേഷം കൈ ഒന്നു കഴുകാൻ പോലും മെനക്കെടാതെ ഭക്ഷണം കഴിക്കാൻ തിക്കും തിരക്കും കൂട്ടി പോകുന്നവരെ കണ്ടിട്ടില്ലേ.
ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടക്കം കുറിച്ച കൊറോണ വൈറസ് ഭാരതമടക്കം ലോകമെമ്പാടും വ്യാപിച്ചു. ഒരു വ്യക്‌തിയിൽ നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് സംക്രമണം ഉണ്ടാകാമെന്നതുകൊണ്ടാണ് ഈ രോഗം ഇത്രയും അപകടകാരിയാവുന്നത്.
കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും വലിയ മാർഗം നിരന്തരം കൈ സോപ്പിട്ടു കഴുകുക മാത്രമാണ്. എന്നാൽ ഇതൊരു ശീലമായി മാറാനെടുക്കുന്ന സമയം മാത്രം മതി ഈ രോഗാണുവിന് ലോകമെങ്ങും വ്യാപിക്കാൻ. ഇനി കൈകഴുകുക എന്ന സാധാരണമായി നാം ചെയ്യാറുള്ള ആ പ്രക്രിയ പോരാ ഇവിടെ എന്നും തിരിച്ചറിയണം.
കൈ ശരിയായി എങ്ങനെ കഴുകണം എന്ന യാഥാർത്ഥ്യം കുറേയേറെപ്പേർക്ക് ഇപ്പോഴും അറിയില്ല. അതിനാൽ ലോക്ഡൗൺ കഴിഞ്ഞാലും ഒട്ടും ഇളവു നൽകേണ്ടാത്ത ഒരു കാര്യമാണ് കൈകഴുകൽ. രോഗത്തെ പ്രതിരോധിക്കാൻ നിലവിൽ ഇതു മാത്രമാണ് പോംവഴി. കൈകഴുകൽ ഏറ്റവും സത്യസന്ധമായി നിർവ്വഹിക്കുക എന്ന മാർഗത്തിലൂടെ നിരവധി രോഗങ്ങളിൽ നിന്ന് മോചനം നേടാം.
എന്തുകൊണ്ട് ചെയ്യണം?
നമ്മുടെ ദൈനംദിന ജീവിതത്തിൽ കൈകൾക്കാണ് പ്രധാന റോൾ. അതിനാൽ കൈകളിൽ പലതരം കീടാണുക്കൾ പറ്റിപ്പിടിച്ചിരിക്കുവാൻ സാദ്ധ്യതയുണ്ട്. പൊതുഇടങ്ങളിൽ പോകുമ്പോഴെല്ലാം ബസ്, മെട്രോയുടെ ഹാന്‍റിലുകൾ, ലിഫ്റ്റ് ബട്ടൻ, എടിഎം,ഓഫീസ്, ടോയ്‍ലെറ്റ് വാതിലുകൾ, റെയ്‍ലിംഗ്, പൈപ്പുകൾ ഇങ്ങനെ പല സ്ഥലങ്ങളിലും കൈകൾ കൊണ്ട് സ്പർശിക്കും. അതിലൂടെ രോഗാണുക്കൾ കൈകളിലേക്ക് കടന്നെത്തും. ഈ കൈകൾ ശരിയായ രീതിയിൽ കഴുകാതെയാണ് ഭക്ഷണം കഴിക്കുന്നത്. മറ്റൊരാൾക്ക് ഹസ്തദാനം നൽകുന്നത്. വീടുകളിൽ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്നത്. അങ്ങനെ സ്വയം രോഗാണുക്കളെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
കൊറോണ എന്ന രോഗത്തെ നേരിടാൻ അമേരിക്കയിലെ ഡോക്ടർമാർ ഡോണ്ട് ടച്ച് യുവർ ഫേസ് എന്ന കാമ്പയിൻ നടത്തിവരികയാണ്. മുഖം കൈകൾ കൊണ്ട് എത്രമാത്രം കുറച്ചു സ്പർശിക്കുന്നുവോ അത്രയും നല്ലത്. മുഖം കൂടെക്കൂടെ തൊട്ടു നോക്കാനുള്ള പ്രവണത ഉള്ളവർക്ക് രോഗസാദ്ധ്യത ഏറുന്നു. ഒരു മണിക്കൂറിൽ ഒരു മനുഷ്യൻ 23 തവണ മുഖത്ത് സ്പർശിക്കുന്നുണ്ടെന്നാണ് ഗവേഷണം വെളിപ്പെടുത്തുന്നത്.
ഇതുകൊണ്ടാണ് ഡബ്ലിയുഎച്ച്ഒയും സിഡിസിയും രോഗനിയന്ത്രണത്തിനായി മേൽപ്പറഞ്ഞ ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. അങ്ങനെയാവുമ്പോൾ ആളുകൾക്ക് കൃത്യമായ മുൻകരുതലുകൾ എടുക്കാൻ കഴിയും. കൈ കഴുകൽ, മാസ്ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ ഇവയാണ് ഇതിൽ എന്നും ഏറ്റവും പ്രധാനം. അതിനൊപ്പം തന്നെ മുഖം, കണ്ണ്, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങൾ സ്പർശിക്കാതിരിക്കുകയും ചെയ്യുക.