സ്ത്രീകൾ ഒരു കാര്യത്തിലും പുരുഷന്മാരേക്കാൾ ഒട്ടും പിറകിലല്ല. പല രംഗത്തും അവർ പുരുഷന്മാരേക്കാൾ മുന്നിലാണു താനും. വരുമാനമുണ്ടാക്കുന്നതിന്‍റെ കാര്യമായാലും കുടുംബം കെട്ടിപ്പടുക്കുന്ന കാര്യത്തിലായാലും പെണ്ണുങ്ങൾ തന്നെയാണ് ഫസ്റ്റ്! ഈ പോസിറ്റീവ് കാര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ചില കുസൃതികളും കുന്നായ്മകളും ഇല്ലാതില്ലാതില്ല. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം…

മുന്നിൽ നിന്ന് ചിരിച്ച് പിന്നിൽ നിന്ന് കുത്തുക

നിങ്ങളുടെ ഭാര്യ അവരുടെ സ്നേഹിതയോട് പരദൂഷണം പറയുന്നത് നിങ്ങൾ കേട്ടിരിക്കുമല്ലോ. “എടി ആ സുനന്ദയുണ്ടല്ലോ അവളുടെ വിചാരം അവളെപ്പോലെ സുന്ദരമായി സാരിയുടുക്കുന്നവർ വേറെയില്ല എന്നാണ്” പക്ഷേ സുനന്ദയെ നേരിൽ കണ്ടാലോ… ഭാര്യ പറയുന്നത് എന്താണെന്ന് കേൾക്കണ്ടേ…“ ഹോ സുനന്ദ നീ ഈ സാരിയിൽ എത്ര മനോഹരിയായിരിക്കുന്നു. നീയൊരു ബ്യൂട്ടി ക്യൂൻ ആണ്. നിന്‍റെ സാരിയുടെ കളക്ഷൻ അപാരം തന്നെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്‍റെ ഡ്രസ്സിംഗ് സെൻസ് വലിയ ഇഷ്ടമാണ് കെട്ടോ.”

ഭാര്യ… നിനക്ക് ഒരാളെ അഭിനന്ദിക്കണമെന്നുണ്ടെങ്കിൽ പിന്നെ അവരെ പറ്റി ദുഷിപ്പ് പറയുന്നത് എന്തിനാണ്. വെളുക്കെ ചിരിച്ച് അകമേ കുത്തുന്ന ഈ ഏർപ്പാട് ഒട്ടും നല്ലതല്ല ഒന്നു നന്നായി കൂടെടോ?

ഉപദേശം തേടുമെങ്കിലും ഇഷ്‌ടമുള്ളത് ചെയ്യും

“അമ്മേ… ഞാൻ യോഗാ ക്ലാസിന് എവിടെയാണ് ചേരേണ്ടത്. വീടിന്‍റെ അടുത്തുള്ള സെന്‍ററിൽ പോണോ അതോ ആശ്രമത്തിനടുത്തെ ക്ലാസിലോ?” ഭർത്താവും അമ്മായിയമ്മയും പറഞ്ഞത് കേട്ടിരിക്കുമെങ്കിലും അവസാനം ഇവരൊന്നും പറയുന്നിടത്താവില്ല യോഗാ ക്ലാസ്സിനു ചേരുക. ഇതേ ചോദ്യം 2-3 കൂട്ടുകാരികളോടും ചോദിച്ചിട്ടുണ്ടാവും. അവസാനം തന്നിഷ്ടം ചെയ്യും. ഇങ്ങനെ ചെയ്യാനാണെങ്കിൽ എന്തിനാണ് ഭാര്യേ നീ എല്ലാവരോടും അഭിപ്രായം ചോദിക്കുന്നത്.

വാരിവലിച്ചു കഴിക്കും അമിതവണ്ണം പിടിപെടും

“മതി… മതി… എനിക്കധികം വിളമ്പല്ലേ” ഇങ്ങനെ പറയുമെങ്കിലും നിർബന്ധിച്ചാൽ “എങ്കിൽ കുറച്ചു കൂടി ഇട്ടോളൂ” എന്ന് പറയും. എന്നിട്ട് അധികം കഴിച്ചാൽ വണ്ണം വയ്ക്കും എന്ന് സങ്കടം പറയുകയും ചെയ്യും. ഡയറ്റിനെപ്പറ്റിയൊക്കെ വലിയ വാചകമടിയാവും. പക്ഷേ ഇഷ്‌ടമുള്ളത് മുന്നിൽ കിട്ടിയാൽ എല്ലാം മറന്ന് കഴിച്ചു തീർക്കും. ജങ്ക് ഫുഡായാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമായാലും യാതൊരു കൺട്രോളും ഇല്ലാതെ അകത്താക്കും. അല്ല ശരിക്കും ഭക്ഷണപ്രിയയാണെങ്കിൽ പിന്നെ ഡയറ്റിനെപ്പറ്റിയും അമിതവണ്ണത്തെപ്പറ്റിയും വേവലാതിപ്പെടുന്നതെന്തിനാ പാർട്ണർ!

5 മിനിറ്റെന്നു പറഞ്ഞ് അരമണിക്കൂർ

“ഞാനിതാ 5 മിനിറ്റിനുള്ളിൽ റെഡിയായി വരാം.” “ഇതാ വന്നൂ…” നമ്മൾ വിചാരിക്കും ഉടനെ മേക്കപ്പിട്ട് വരുമെന്ന്. കണ്ണാടി കണ്ടാൽ പിന്നെ അരമണിക്കൂർ കഴിഞ്ഞ് നോക്കിയാൽ മതി ഭായ്. അതു സഹിക്കാം എന്നാൽ ആരെങ്കിലും നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ ഈ വേഷത്തിൽ എന്നെങ്ങാനും പറഞ്ഞു പോയാൽ പിന്നെ വരുന്ന മറുപടിയാണ് അസഹനീയം” അയ്യോ… എനിക്ക് ഒരുങ്ങാൻ തീരെ സമയം കിട്ടിയില്ല. അല്ലെങ്കിൽ കുറേക്കൂടി നന്നായി ഒരുങ്ങാമായിരുന്നു.”

പങ്കാളിയെ മാറ്റും പക്ഷേ മാറ്റം അംഗീകരിക്കില്ല.

മാറ്റത്തിനു മാത്രമേ മാറ്റമില്ലാതുള്ളൂ എന്നാണല്ലോ പറയാറ്. എന്നാൽ ഭാര്യമാർ ഭർത്താവ് പഴഞ്ചനാണെന്ന് പറയുകയോ, ബന്ധം ഒഴിയുകയോ ഒക്കെ ചെയ്യുമെങ്കിലും ക്രിയാത്മകമായി സ്വയം മാറാൻ ഒട്ടും താൽപര്യം കാണിക്കില്ല. ഭർത്താവ് എത്ര നല്ല മനുഷ്യനായാലും പെർഫെക്ട് അല്ല എന്ന ചിന്ത വച്ചു പുലർത്തും. പാർട്ടിക്ക് പോയാൽ നിങ്ങളെന്താ ആരോടും സംസാരിക്കാത്തത്, ഷോപ്പിംഗിന് പോയാൽ നിങ്ങൾ എന്താ എനിക്കൊന്നും വാങ്ങാതെ വന്നത് എന്നൊക്കെ പിറുപിറുക്കും.

പാവം ഭർത്താവ് ഇതെല്ലാം കുറേ കേട്ട് കഴിയുമ്പോൾ സ്വയം മാറാം എന്ന് കരുതുകയും ചെയ്യാം. അതോടെ വ്യക്‌തിത്വം പണയപ്പെടുത്തിയതിന്‍റെ ആത്മസംഘർഷത്തിലാവും കക്ഷിയുടെ ജീവിതം.

ഷോപ്പിംഗ് ഭ്രമം

 “ഞാൻ ഓൺലൈൻ ഷോപ്പിംഗിൽ വിശ്വസിക്കുന്നില്ല” ഇതാവും നയം. എന്നാലോ ഇന്‍റർനെറ്റിൽ മാലയുടെയോ ചുരിദാറിന്‍റെയോ പരസ്യം കണ്ടാൽ ക്ലിക്ക് ചെയ്‌ത് അരിച്ചു പെറുക്കുകയും ചെയ്യും. എന്നാൽ മാളിൽ പോയി സമയം ചെലവഴിച്ചു ഇതൊക്കെ വാങ്ങാനാവും പെരുത്തിഷ്ടം. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ, ഓൺലൈനിൽ വാങ്ങാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ വെറുതെ നെറ്റിൽ കേറി നോക്കുന്നതെന്തിനാ… അതുപോലെ പുതിയ ഷോറും എവിടെ തുറന്ന് കണ്ടാലും വെറുതെ ഒന്ന് കേറി നോക്കും.

“ഞാൻ സൺഡേ മാത്രമേ ഷോപ്പിംഗ് നടത്തുള്ളൂ.” ഇങ്ങനെ പറയുന്ന സ്ത്രീകളും ഒട്ടും കുറവല്ല. എന്നാൽ ഒഴിവു കിട്ടുമ്പോഴെല്ലാം ഷോപ്പിംഗ് ആയിരിക്കുമെന്നതാണ് സത്യം.

സകല കാര്യത്തിലും കൺഫ്യൂഷൻ

“എനിക്കറിയില്ല, കല്യാണത്തിനു ഞാനെന്ത് അണിയണമെന്ന് ലഹങ്ക മതിയോ അതോ സാരി ധരിക്കണോ. സാരിയാണേൽ തന്നെ അത് മഞ്ഞ വേണോ, അതോ ചുവപ്പോ?” തീരുമാനമെടുക്കുന്ന കാര്യത്തിൽ സ്ത്രീകൾ ഇപ്പോഴും കൺഫ്യൂസ്ഡ് ആയിരിക്കും. ഉറച്ച തീരുമാനം പറയാൻ അവർ മെനക്കെടില്ല.

വെല്ലുവിളിക്കും, കണ്ണീർ പൊഴിക്കും 

ഭർത്താവിന്‍റെ അരികിൽ ഭാര്യമാർ തങ്ങളുടെ കണ്ണുനീർ മൂർച്ചയുള്ള വാളുപോലെയാണ് ഉപയോഗിക്കുക. ഇതു കാണുമ്പോൾ ഭർത്താവ് ഒന്നയയും. വാലുചുരുട്ടി സംഗതി ഒത്തുതീർപ്പാക്കും. തെറ്റ് ഭാര്യയുടെ ഭാഗത്തായാലും അവസാനം സമ്മതിച്ചു കൊടുക്കേണ്ടി വരുന്നു. കണ്ണീരാണ് പലപ്പോഴും ഭർത്താവിനെ വെട്ടിലാക്കുന്നത്. ഏതു പ്രതിസന്ധിയിലും ഞാൻ ഓകെ ആണെന്ന് പറയും.

“മനുഷ്യാ… നിങ്ങൾക്ക് എന്നെപ്പറ്റി യാതൊരു വിചാരവും ഇല്ല. ഇന്നലെ മുതൽ എന്‍റെ ആരോഗ്യം മോശമാണ്. തലവേദന വിട്ടുപോകുന്നേയില്ല.”

“എന്‍റെ തല പൊട്ടിത്തെറിക്കുന്ന വേദന എന്നിട്ടും നിങ്ങൾക്കൊരു കുലുക്കവുമില്ല.” ഇങ്ങനെ തട്ടിവിടും. അപ്പോൾ ഭർത്താവ് ക്ഷേമം അന്വേഷിക്കും. ചായ ഇട്ടു കൊടുക്കും, എന്നാലോ ഭർത്താവിന് ജലദോഷം വന്നാൽ ഒരു ചുക്ക് കാപ്പി പോലും ആ കൈ കൊണ്ട് കിട്ടില്ല! നാട്ടുകാരോടൊക്കെ ഞാൻ സുഖമായിരിക്കുന്നു എന്ന് പറയുകയും ചെയ്യും. വീട്ടിലെത്തിയാലോ മുട്ടുവേദന, തലവേദന, കാലുവേദന… ഇങ്ങനെ ഓരോരോ ഒഴിവു കഴിവുകൾ നിരത്തുകയും ചെയ്യും.

മുഖം വീർപ്പിക്കും

 അമ്പിളി അമ്മാവനെ പിടിച്ചു കൊണ്ടു വന്നു കൊടുത്താലും തെളിയാത്ത മുഖമാവും ഭാര്യയുടേത്. സന്തോഷിപ്പിക്കാൻ ചെയ്യുന്നതൊന്നും നമ്മൾ വിചാരിക്കുന്നത്ര ഏൽക്കില്ല. എന്നാലോ നിനച്ചിരിക്കാത്ത അവസരത്തിൽ നമ്മളെ വല്ലാതെയങ്ങ് പരിഗണിക്കുകയും ചെയ്യും. എന്തൊരു സ്വഭാവമാണിത്. നീരസം പ്രകടിപ്പിക്കുന്നതിന്‍റെ പിന്നിൽ സ്നേഹം ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും. എന്നാലോ ഭർത്താവിന്‍റെ നീരസം അവൾ മൈന്‍റ് ചെയ്യുകപോലുമില്ല. ഇനി നിങ്ങൾ പറയൂ ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമല്ലേ?

और कहानियां पढ़ने के लिए क्लिक करें...