ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന താരയുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു. അൽപമകലെ താഴ്വാരത്തിൽ കാണപ്പെടുന്ന കെട്ടിടത്തിലായിരുന്നു അവളുടെ കണ്ണുകൾ. അവിടെനിന്നും ആരോ കൈ കൊണ്ട് ഉറക്കെ താളം പിടിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു. ഉയർന്നുപൊങ്ങുന്ന ചിലങ്കയുടെ താള ഗാന സമ്മിശ്രമായ ശബ്ദധോരണികൾ അവളുടെ കാതുകളെ കുളിർപ്പിച്ചു.
"ചെപ്പു കിലുക്കണ ചങ്ങാതി..." ആ നാടക ഗാനം പണ്ടെന്നോ കേട്ടുമറന്നതാണെങ്കിലും ഇന്നിപ്പോൾ ആ ഗാനം അവളുടെ ഹൃദയത്തെ തരളിതമാക്കി. അതിനൊപ്പം ഉയർന്നു താഴുന്ന രണ്ടു കുഞ്ഞിപ്പാദങ്ങളായിരുന്നു അവളുടെ കണ്ണിൽ അപ്പോൾ വിടർന്നു നിന്നത്. ഊർമ്മിള എന്ന കൊച്ചു മിടുക്കി അവളുടെ ജീവിതത്തിന്‍റെ ഭാഗമായിട്ട് നാളുകളേറെയായിരുന്നു. ഡാൻസ് ക്ലാസ് കഴിഞ്ഞ് ജോലിക്കാരിയുടെ കൈ പിടിച്ച് ഓടി വരുന്ന ആ അഞ്ചു വയസ്സുകാരി അവളുടെ സായന്തനങ്ങളെ ജീവസ്സുറ്റതാക്കാറുണ്ട്. ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി അവൾക്കൊപ്പം വരാന്തയിൽ ഇരിക്കുമ്പോൾ താൻ ചൊല്ലിക്കൊടുക്കാറുള്ള ഇംഗ്ലീഷ് പദ്യം അവൾ ഏറ്റുചൊല്ലാറുണ്ട്.
"ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്‌റ്റാർ..."
തനിക്കൊപ്പം തലയാട്ടി ഇംഗ്ലീഷ് പാട്ടുമൂളുന്ന അവൾ മറ്റൊരു നക്ഷത്രക്കുഞ്ഞ് ആണെന്ന് താൻ വിചാരിച്ചിരുന്നു. തന്‍റെ ജീവിതത്തിലെ ഇരുണ്ട ഇടനാഴികളിൽ വെളിച്ചത്തിന്‍റെ നക്ഷത്രപ്പൊട്ടുകൾ ചാർത്തുന്ന കൊച്ചുസുന്ദരി. തന്‍റെ മുന്നിൽ കുഞ്ഞിപ്പാദങ്ങളാൽ ചുവടുവച്ച് നൃത്തം ചെയ്യുന്ന കൊച്ചുമിടുക്കി. എന്നാൽ മുറ്റത്തെ നിഴലിനെ ഒന്നുകൂടി ഇരുട്ടിലാഴ്ത്തിക്കൊണ്ട് കടന്നുവരുന്ന പാദപതനങ്ങൾ കേൾക്കുന്നതോടെ ആ സമാഗമങ്ങൾക്ക് വിരാമമിടാറാണ് പതിവ്.
“ഹും അവള് സ്വന്തം കൊച്ചുങ്ങളെ പെറാൻ കഴിവില്ലാതെ കണ്ട കൊച്ചുങ്ങളെ ലാളിക്കാൻ നടക്കുന്നു. എന്തിനാ ലളിതേ നീ ഈ കൊച്ചിനേയും കൊണ്ട് ഇവിടെ വരുന്നത് ഇവളുടെ കണ്ണു കിട്ടിയിട്ട് അതിന്‍റെ തള്ളക്കും തന്തക്കും ഈ കൊച്ചില്ലാണ്ടാവാനോ?"
അമ്മായിയമ്മ ഉറക്കെ ചീത്തവിളിക്കാൻ തുടങ്ങുന്നതോടെ ലളിതയെന്ന വേലക്കാരി വിമ്മിഷ്‌ടത്തോടെയാണെങ്കിലും ആ കുഞ്ഞിനേയും വലിച്ചുകൊണ്ട് അതിവേഗം നടന്നുനീങ്ങും. തല മുണ്ഡനം ചെയ്ത ചുളിവു വീണ മുഖത്തെ നേരിടാനാവാതെ കുനിഞ്ഞ ശിരസോടെ അകത്തേക്കു നടക്കുമ്പോൾ കേൾക്കാം, തന്നെ ഉറക്കെ പ്രാകുവാനുപയോഗിക്കുന്ന ചീത്ത വാക്കുകൾ. സന്ധ്യയുടെ പരിപാവനതക്കുമേൽ വർഷിക്കുന്ന മാലിന്യമായി ആ വാക്കുകൾ അന്തരീക്ഷത്തെ ദുർഗ്ഗന്ധ പൂരിതമാക്കുമ്പോൾ കർപ്പൂരവും ചിരാതും തുണിത്തിരിയുമായി മുറ്റത്തെ തുളസിത്തറയിലേക്ക് താൻ മെല്ലെ നടന്നു നീങ്ങും. തുളസിത്തറയിൽ ചിരാതുവച്ച് തിരിയിട്ടുകത്തിച്ച് ഉറക്കെ നാമം ജപിക്കുമ്പോൾ അകത്തു നിന്നുള്ള ദുർഗ്ഗന്ധം വമിക്കുന്ന തമിഴ് വാക്കുകൾ കേൾക്കാതിരിക്കാൻ കാതുകൾ കൊട്ടിയടക്കും. സാരിത്തലപ്പ് തലയിൽ വലിച്ചിട്ട് ഈശ്വര ചിന്തയിൽ ലീനയായിരിക്കുമ്പോൾ എല്ലാ വേദനകളും ഓടി മറയുന്നതായി തോന്നും. അകത്ത് മഴ പെയ്‌തോർന്നതുപോലെ നിശബ്ദത പരക്കുമ്പോൾ കിണ്ടിയിലെ വെള്ളം തുളസിത്തറയിലൊഴിച്ച് തിരിഞ്ഞു നടക്കും.
ഇപ്പോൾ തന്‍റെ മുറിയിൽ ചമ്രം പടിഞ്ഞിരുന്ന് അവർ നാമം ജപിക്കാൻ തുടങ്ങിയിട്ടുണ്ടാകും. അതിനിടയിലും ഉതിർന്നു വീഴുന്ന ശാപവാക്കുകൾ.
അത്താഴം പാകം ചെയ്ത് ഊണു മുറിയിലെ മേശപ്പുറത്ത് അടച്ചു വയ്ക്കുമ്പോഴാകും പുറത്ത് കാറിന്‍റെ ഹോണടി കേൾക്കുന്നത്. പൂമുഖ വാതിൽ തുറന്ന് പുറത്തിറങ്ങി ഗേറ്റു തുറക്കുമ്പോൾ ഡ്രൈവിങ്ങ് സീറ്റിൽ രൂക്ഷമായ നോട്ടത്തോടെ ഭർത്താവിരിപ്പുണ്ടാകും. ഗേറ്റ് തുറക്കാൻ അൽപം താമസിച്ചതിലെ അക്ഷമ മുഴുവൻ ആ നോട്ടത്തിലുണ്ടാകും. കാലം ചെല്ലുന്തോറും വർദ്ധിച്ചുവരുന്ന മുഷിച്ചിലിന്‍റെ ബാഹ്യപ്രകടനങ്ങൾ. ജീവിതത്തിന്‍റെ പടുവാതിൽക്കൽ നിന്നും മടങ്ങിപ്പോകാൻ വ്യഗ്രത കൂട്ടുന്ന തന്‍റെ യൗവ്വനം അയാളിലെ മുഷിച്ചിലിന്‍റെ ആക്കം കൂട്ടുന്നത് കണ്ടില്ലെന്ന് നടിക്കാനെ കഴിഞ്ഞിരുന്നുള്ളു. നിസ്സഹായതയുടെ നെല്ലിപ്പലകയിൽ തരിച്ചു നിൽക്കുന്ന തന്നെ വെറുപ്പോടെ വീക്ഷിക്കുന്ന അമ്മയും മകനും. നീണ്ടുപോകുന്ന ചികിത്സകളുടെ സാമ്പത്തികഭാരം പലപ്പോഴും അയാളിലെ പുരുഷനിൽ ക്രോധവും അക്ഷമയുമായി പരിണമിക്കുമ്പോൾ കണ്ണീർ വറ്റിവരണ്ട് ശൂന്യമായ മിഴികളുയർത്തി താൻ ഇരുട്ടിലേക്ക് തുറി ച്ചു നോക്കി നിൽക്കുകയാവും. ഇന്നും അതു തന്നെയൊക്കെയവും സംഭവിക്കുക. ഷൂസ് ഊരി സ്‌റ്റാന്‍റിൽ വച്ച് അകത്തേക്ക് നടക്കുമ്പോൾ അയാളുടെ ശ്രദ്ധ മേശപ്പുറത്തെ കളി സാമാനങ്ങളിലായിരുന്നു.





