ഹലോ”, ഫോൺ റിങ് ചെയ്യുന്നതു കേട്ട് മിത ഓടി വന്നു. രഞ്ജനാണ് മറുവശത്ത്.

“ കേൾക്കൂ, ഒരു സന്തോഷവാർത്തയുണ്ട്.”

“എങ്കിൽ വേഗം പറ…”

“പറഞ്ഞാൽ എന്തു തരും.”

“എന്തും”

“ഉറപ്പാ?”

“അതേ, പക്ഷ ഒന്നും വേഗം പറയുന്നുണ്ടോ. വെറുതെ പറ്റിപ്പാണോ?”

“നിനക്ക് പാസ്പോർട്ട് ഇല്ലേ?”

“ഉണ്ടല്ലോ… കാര്യം പറ”

“ശരി, നീ ഒന്ന് ഗസ് ചെയ്യൂ.”

“എവിടെയെങ്കിലും കറങ്ങാൻ പോകാനാ?”

“അതേ, ഡാർലിംഗ്, കമ്പനി 6 മാസത്തേക്ക് എന്നെ ലണ്ടനിലേക്ക് അയയക്കുന്നു.

“സത്യം!”

“അതേ, സത്യം അടുത്ത മാസം 10-ാം തീയതി അവിടെ റിപ്പോർട്ട് ചെയ്യണം. നീ പാസ്പോർട്ട് എടുത്തു നോക്കൂ. എക്സ്പയർ ആയിട്ടില്ലല്ലോ”. മിത ഫോൺ വച്ചിട്ട് കസേരയിൽ വന്നിരുന്നു. അവൾക്ക് ഫോണിൽ കേട്ട കാര്യം വിശ്വസിക്കാൻ കഴിഞ്ഞതേയില്ല.

ലണ്ടൻ! ആ മായാനഗരം സന്ദർശിക്കണമെന്ന ആഗ്രഹം എത്രയോ കാലമായി മനസിലുള്ളതാണ്. വിദേശത്തു പോകുന്ന കാര്യം ആരു പറഞ്ഞാലും തന്‍റെ മനസിൽ ലണ്ടൻ നഗരമാണ് കടന്നെത്തുക. സ്ക്കൂളിൽ പഠിക്കുമ്പോൾ അടുത്ത കൂട്ടുകാരിയുടെ അച്ഛന് ലണ്ടനിലായിരുന്നു ജോലി. അവൾ അവധിക്കാലത്ത് ലണ്ടൻ പോകുക പതിവാണ്. അങ്ങനെ ഒരു പ്രാവശ്യം അവൾ ഒരു വർഷം ലണ്ടനിൽ താമസിച്ചു. അതിനു ശേഷം മടങ്ങി വന്നപ്പോൾ എന്തു രസത്തോടെയാണ് ആ യാത്രാവിവരണം കേട്ടിരുന്നത്. അങ്ങനെയാണ് മിതയ്ക്കും ലണ്ടൻ പ്രിയപ്പെട്ട നഗരമായത്. ജീവിതത്തിൽ എന്നെങ്കിലും ലണ്ടൻ കാണണം അതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ആ സ്വപ്നമാണ് സഫലീകരിക്കാൻ പോകുന്നത്.

മിതയുടെയും രഞ്ജന്‍റെയും വിവാഹം കഴിഞ്ഞിട്ട് 3 വർഷമായി. ഇപ്പോഴും കുടുംബം വിപുലമാക്കണമെന്ന ചിന്ത രണ്ടുപേർക്കുമില്ല. യഥേഷ്ടം കറങ്ങി നടക്കാം. കുഞ്ഞുണ്ടായാൽ പിന്നെ അതിനു പറ്റില്ലല്ലോ!

ലണ്ടനിൽ പോകാൻ എന്തായാലും അവസരം ഒത്തു വന്നതല്ലേ, ഓഫീസിൽ നിന്ന് ലോംഗ് ലീവെടുത്തു. തിരിച്ചു വരുമ്പോൾ ജോലി ഉണ്ടാകുമോ എന്നൊന്നും ഉറപ്പില്ല. എന്നാലും വേണ്ടില്ല. ഈ അവസരം പാഴാക്കുകയില്ല. വലിയ ഉത്സാഹത്തോടെ ഇരുവരും യാത്രക്കൊരുങ്ങി. അപ്പോഴാണ് അമ്മ അക്കാര്യം സൂചിപ്പിച്ചത്.

“ലണ്ടനിൽ ഹോട്ടലിലോ ഫ്‌ളാറ്റിലോ താമസിക്കുക വലിയ ചെലവ് വരുന്ന കാര്യമാണ്. അവിടെ അമ്മയുടെ ഒരു സ്നേഹിത താമസിക്കുന്നുണ്ട്. അവരുടെ കൂടെ പേയിങ് ഗസ്‌റ്റായി താമസിക്കാൻ പറ്റുമോ എന്നനേഷിക്കാം.”

“റാണി ആന്‍റിയുടെ കാര്യമാണോ അമ്മ പറഞ്ഞത്.”

“അതെ, കല്യാണം കഴിഞ്ഞ് റാണി ലണ്ടനിൽ സെറ്റിൽഡ് ആയി. അവരുടെ മകളും ഭർത്താവും ഒപ്പമുണ്ട്. നിങ്ങൾക്കും അവിടെ താമസിക്കാമല്ലോ. മരുമകൻ വിദേശിയാണ്. ഞാൻ റാണി വിളിച്ചു പറയാം. അവളുടെ നമ്പറും തരാം. ബാക്കി നിങ്ങൾ നോക്കൂ.”

“ഭാഗ്യം… അമ്മ ആ നമ്പർ തരൂ. ഞാൻ ഇന്നു തന്നെ വിളിക്കാം. മിതയ്‌ക്ക് അവിടെ ഇന്ത്യൻ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിഞ്ഞാൽ അതല്ലേ കംഫർട്ട്!” രഞ്ജൻ പറഞ്ഞു.

രഞ്ജന്‍റെ അമ്മ തന്‍റെ കൂട്ടുകാരിയെ വിളിച്ചു കാര്യം പറഞ്ഞു. അവർക്ക് വലിയ സന്തോഷം. പക്ഷേ കുറച്ചു നാൾ ആന്‍റി അവിടെ ഉണ്ടാവില്ല. അവർ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോകുന്നു. എന്നാലും പ്രശ്നമില്ല. ആന്‍റിയുടെ മകളും ഭർത്താവും വീട്ടിലുണ്ടാകും.

റാണി ആന്‍റിയുടെ മകൾ നീനയും ഭർത്താവ് റോബിനും നല്ല ഫ്രണ്ട്‍ലിയാണ്. ഇന്ത്യൻ സംസ്കാരവും, പാശ്ചാത്യ സംസ്കാരവും കൂടിച്ചേർന്ന ഒരു ജീവിതശൈലിയാണ് അവർക്ക്. സ്വന്തം കാര്യം അതാരായാലും സ്വയം ചെയ്യണം എന്ന നിർബന്ധം നീനയ്ക്കുണ്ടായിരുന്നു. അതിനാൽ മറ്റുള്ളവർക്കു വേണ്ടി, ഭർത്താവിനു വേണ്ടി പോലും ഒന്നും ചെയ്‌തു കൊടുക്കാറില്ല നീന.

10 മണിക്ക് നീന വീട്ടിൽ നിന്നിറങ്ങും. അതിനാൽ 9 മണി വരെ അടുക്കളിയിലുണ്ടാകും. അതിനുശേഷമാണ് മിതയ്ക്ക് അടുക്കള കിട്ടുക. നീനയുടെ പാചകവും ഓഫീസിൽ പോക്കും കഴിഞ്ഞാണ് റോബിന്‍റെ ഊഴം. റോബിൻ പക്ഷേ പാചകത്തിനൊന്നും നിൽക്കാറില്ല. പഴവും, പാലും ആണ് മിക്കവാറും റോബിന്‍റെ ബ്രേക്ക്ഫാസ്റ്റ്.

ബെഡ് കോഫിയും ചായയുമൊക്കെ മിത ബെഡ്റൂമിൽ തന്നെ ഉണ്ടാക്കും. 10 മണി കഴിഞ്ഞാലാണല്ലോ അടുക്കള കിട്ടുക. നീന അടുക്കളയിൽ കയറിയാൽ എല്ലാം ഒതുക്കി വൃത്തിയാക്കി മെല്ലേ പുറത്തു കടക്കൂ. അതിലൊക്കെ വലിയ കണിശക്കാരിയാണ് നീന. രഞ്ജനു പോകാറാവുമ്പോഴേയ്ക്കും മിത പ്രഭാത ഭക്ഷണം പെട്ടെന്ന് തയ്യാറാക്കും. മിക്കപ്പോഴും ഓംലറ്റും ബ്രഡ് ടോസ്റ്റും തന്നെ.

ഉച്ചയ്ക്കും വൈകിട്ടും കഴിക്കാൻ മിത നല്ല ഇന്ത്യൻ ഭക്ഷണം തന്നെ റെഡിയാക്കും. എല്ലാവരും പോയിക്കഴിഞ്ഞാൽ പാചകമാണ് മിതയുടെ ഇഷ്‌ട ഹോബി. ഉച്ചയ്ക്കുള്ളിൽ പാചകമെല്ലാം കഴിഞ്ഞ് തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോയി പിറ്റേന്നത്തേക്കുള്ള സാധനങ്ങൾ വാങ്ങും. അവിടെ നിന്ന് അൽപം നടന്നാൽ ഒരു പാർക്കുണ്ട്. അവിടെ കുറച്ചു നേരം ഇരുന്ന് ആളുകളെ കണ്ട് ഇരിക്കും. പിന്നെ വീട്ടിൽ മടങ്ങി വന്ന് കുശാലായി ഭക്ഷണം ഉണ്ടാക്കും. ഇതാണ് മിതയുടെ ദിനചര്യ.

ലണ്ടനിൽ ജനിച്ചു വളർന്ന നീനയ്ക്ക് പാശ്ചാത്യ രീതികളാണ് കൂടുതൽ ഇഷ്ടം. സ്വയം പാചകം ചെയ്‌തു കഴിക്കുക. സ്വന്തം വസ്‌ത്രം മാത്രം കഴുകി ഇസ്‌തിരിയിടുക ഇങ്ങനെയൊക്കെയാണ് നീനയുടെ രീതികൾ. ഭർത്താവ് റോബിനും, റോബിൻ തനിക്കാവശ്യമായ ഭക്ഷണവും ചായയും സ്വയം ഉണ്ടാക്കും. വാഷിംഗ് മെഷീനിൽ ആഴ്ചയിലൊരിക്കൽ നീന വസ്‌ത്രം കഴുകും. അത് ഉണക്കിയെടുക്കുന്നത് റോബിൻ ആയിരിക്കും.

വീട് വൃത്തിയാക്കാനായി എല്ലാം ഒതുക്കി വയ്‌ക്കുന്ന ജോലി നീന ചെയ്താൽ വാക്വം ക്ലീനർ പ്രവർത്തിപ്പിച്ചിരുന്നത് റോബിൻ ആയിരിക്കും.

ജോലിയ്‌ക്കു പോകുന്നതെ വീട്ടിൽ തന്നെ കഴിയുന്നതിനാൽ രഞ്ജന്‍റെ കാര്യങ്ങൾ നോക്കാൻ മിതയ്ക്ക് കൂടുതൽ സമയം ലഭിക്കുന്നുണ്ടായിരുന്നു. രഞ്ജന് ഇഷ്‌ടമുള്ള ഭക്ഷണം ഉണ്ടാക്കാനും അതാത് ദിവസത്തെ വസ്‌ത്രം തെരഞ്ഞെടുത്ത് തേയ്ച്ചു വയ്‌ക്കാനും എല്ലാം മിതയ്‌ക്ക് ഇഷ്ടമാണ്. അതിന് അവൾ മുൻഗണന നൽകാറുണ്ട്.

ഒരു ദിവസം രഞ്ജന്‍റെ ഷർട്ട് തേയ്‌ക്കുന്ന സമയത്താണ് ആ സംഭവം. നീന അതു കണ്ട് അങ്ങോട്ട് വന്നു. “എന്താണിത് മിത, നീ എന്തിനാ രഞ്ജന്‍റെ ഡ്രസ് തേയ്ക്കുന്നത്. അത് ഒക്കെ അവനവൻ തന്നെ ചെയ്യേണ്ട കാര്യമല്ലേ! ഇനി നിനക്ക് ഭർത്താവിനെ ഇങ്ങനെ സേവിച്ചേ മതിയാവൂ എന്നാണെങ്കിൽ റോബിൻ ഇവിടെ ഉള്ളപ്പോൾ ദയവായി ഒഴിവാക്കൂ. ഇതു കണ്ടാൽ പിന്നെ എന്നോടും ചോദിക്കും, ഡ്രസ് തേയ്ച്ച് കൊടുക്കാൻ. അല്ലെങ്കിൽ തന്നെ ഇന്ത്യൻ വൈഫ് എന്ന സങ്കൽപം അൽപം കൂടുതലാണ് റോബിന്.”

മീത ഞെട്ടിപ്പോയി! നീനയെ അവൾ അമ്പരപ്പോടെ നോക്കി നിന്നു എന്തു മറുപടിയാണ് പറയുക.

അതു കണ്ട് നീന വീണ്ടും പറഞ്ഞു. “ഞാൻ സീരിയസ് ആയിട്ടു തന്നെയാ പറഞ്ഞത്. ഇങ്ങനെയൊക്കെ ചെയ്‌ത് ഞങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടാക്കരുത്. എന്നെ വിവാഹം ചെയ്തതു തന്നെ ഇന്ത്യൻ വൈഫ് എന്ന ആഗ്രഹത്തിലാണ്. പക്ഷേ എനിക്ക് ട്രഡീഷണൽ ആകാൻ ഒരിക്കലും പറ്റില്ല.” മിതയ്ക്ക് ഇതൊക്കെ കേട്ടിട്ട് വല്ലായ്മ തോന്നി.

തന്‍റെ വ്യക്‌തിപരമായ കാര്യങ്ങൾ കൊണ്ട് ഇങ്ങനെയൊക്കെ കുഴപ്പം ഉണ്ടാകുമെന്ന് എങ്ങനെ ചിന്തിക്കാനാണ്. രാത്രിയിൽ രഞ്ജൻ വന്നപ്പോൾ അവൾ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞു.

“നീന പറയുന്നതു കേൾക്കൂ, അവരെ വിഷമിപ്പിക്കാൻ പോവണ്ട. എങ്ങനെയെങ്കിലും രണ്ടു മാസം കൂടി കഴിയണം.” തങ്ങളുടെ വ്യക്‌തി ജീവിതം നീനയ്ക്കു ഒരു തരത്തിലുമുള്ള പ്രയാസം ഉണ്ടാക്കാതിരിക്കാൻ മിത ആവതു ശ്രമിച്ചു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ആ സംഭവം ഉണ്ടായത്.

അന്ന് ഞായറാഴ്ച ആയിരുന്നു. അവധി ദിനമായതിനാൽ എല്ലാവരും വൈകി ആണ് എഴുന്നേറ്റത്. നീന ആദ്യം എഴുന്നേറ്റ് കാപ്പി ഉണ്ടാക്കി ഐപാഡുമായി ഇരിപ്പായി. അൽപം കഴിഞ്ഞ് റോബിൻ എഴുന്നേറ്റു. അയാൾ ഗ്രീൻ ടീ ഉണ്ടാക്കി, പത്രവുമായി ഡ്രോയിംഗ് റൂമിലും. അവരുടെ തിരക്ക് കഴിഞ്ഞപ്പോൾ മിത അടുക്കളയിൽ ചെന്ന് മസാല ചായ ഉണ്ടാക്കി. നീനയ്‌ക്കു ചായ വേണോ എന്ന് ചോദിക്കാനും മിത മറന്നില്ല. പക്ഷേ അവൾ വേണ്ട പറഞ്ഞതിനാൽ റോബിനോടും ചോദിച്ചില്ല. രണ്ടു കപ്പു ചായയുമായി മിത സ്വന്തം മുറിയിലേക്ക് പോയി. അവരിരുവരും വീട്ടിൽ നിന്ന് അമ്മ കൊടുത്തു വിട്ട കായുപ്പേരിക്കൊപ്പം ചായ ആസ്വദിച്ചു കുടിച്ചു.

“മിത, എനിക്ക് തലയ്‌ക്ക് നല്ല ഭാരം പോലെ അൽപനേരം ഒന്നു മസാജ് ചെയ്‌തുതാ. മുടി വെട്ടുന്നിടത്ത് മസാജ് ചോദിച്ചപ്പോൾ എന്തൊരു റേറ്റ്! ഇന്ന് നീ ഒന്നു ട്രൈ ചെയ്യ്! നിന്‍റെ കൈപുണ്യം അറിയട്ടെ.” മിത അൽപം എണ്ണ ചൂടാക്കിയെടുത്തു വന്ന് രഞ്ജന്‍റെ മുടിയിഴകളിലും താലയോട്ടിയിലും പുരട്ടി മെല്ലെ മസാജ് ചെയ്‌തു. രഞ്ജൻ ആ മസാജിംഗ് ആസ്വദിച്ച് കസേരയിൽ ചാഞ്ഞു കിടന്നു. ആ സമയത്താണ് പത്രം അന്വേഷിച്ച് റോബിൻ അവരുടെ അടുത്തേക്ക് വന്നത്. അകത്തേയ്‌ക്കു വന്ന റോബിൻ ആ കാഴ്ച കണ്ട് അതിശയിച്ചു.

“എന്താ ഇത്? ഇന്ത്യൻ വൈഫ് ഇതും ചെയ്യുമോ?” ആ നിഷ്കളങ്കമായ ചോദ്യം കേട്ട് രഞ്ജനും മിതയും പൊട്ടിചിരിച്ചുപോയി.

“ രാവിലെ എഴുന്നേറ്റപ്പോൾ തുടങ്ങിയതാ ചെറിയൊരു തലവേദന. മിത ഒന്നു മസാജ് ചെയ്‌താൽ അത് മാറും.” ഒരു വിചിത്ര ജീവിയെ കാണും പോലെ റോബിൻ മിതയെ നോക്കി.

അപ്പോൾ മിതയ്‌ക്ക് നീനയുടെ വാക്കുകൾ ഓർമ്മ വന്നു. അവൾ മസാജിംഗ് നിർത്തി റോബിനെ വൈക്ലബ്യത്തോടെ നോക്കി. അവളുടെ മുഖത്തെ ഭാവമാറ്റം കണ്ടപ്പോൾ റോബിൻ ഒന്നും മിണ്ടാതെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. അടുത്ത മുറിയിൽ ഉണ്ടായിരുന്ന നീനയോട് റോബിൻ ഇക്കാര്യം പറയുന്നത് മിതയും രഞ്ജനും കേൾക്കുന്നുണ്ടായിരുന്നു.

“ഇന്ത്യൻ ഹസ്ബന്‍റ്സിനും വിചിത്ര സ്വഭാവം തന്നെ. സ്വന്തം ഭാര്യയെ സർവെന്‍റിനെപ്പോലെയാണോ അവർ കരുതുന്നത്? കണ്ടില്ലേ അയാൾ കസേരയിൽ ഇരിക്കുന്നു. അവരാകട്ടെ തല മസാജ് ചെയ്‌തു കൊടുക്കുന്നു.”

അതു കേട്ടപ്പോൾ രഞ്ജനും മിതയും അമ്പരന്നു. ഹൊ! റോബിൻ ഇങ്ങനെയൊക്കെയാണോ ഭാര്യാഭർതൃ ബന്ധത്തെ കാണുന്നത്? ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നതും പരിചരിക്കുന്നതും അടിമയായതു കൊണ്ടല്ല എന്ന് എങ്ങനെ റോബിനെ മനസ്സിലാക്കിക്കും? രഞ്ജന് അതിന് മറുപടി കൊടുക്കാതെ പോകാൻ മനസുവന്നില്ല. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് റോബിന്‍റെ അടുത്തു ചെന്നു.

“റോബിൻ, നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. മിത ഇതൊക്കെ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. ഞാൻ പറഞ്ഞിട്ടല്ല. ഞാൻ അവളെ ഒന്നിനും നിർബന്ധിക്കാറില്ല. അവൾക്ക് ഇതൊക്കെ ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അധികാരം ഉണ്ട്. റോബിൻ ഒന്നും മറുപടി പറഞ്ഞില്ലെങ്കിലും നീന പറയാതിരുന്നില്ല.

“പിന്നെ, അതെ നിഷ്കളങ്കമൊന്നുമല്ല ഇവരൊക്കെ. ഇന്ത്യയിലെ ഭാര്യമാർ ഭർത്താക്കന്മാരോട് വഴക്കുക്കൂടാനും മിടുക്കികളാണ്.” അടുത്ത മുറിയിൽ നിന്ന് മിത ഇതെല്ലാം കേട്ടുവെങ്കിലും അവിടെ ചെന്ന് സംസാരിക്കാൻ അവൾ ഭയപ്പെട്ടു. നീന എന്തെങ്കിലും കടുത്ത വാക്കുകൾ പറയും. ബന്ധം വഷളാകും. അന്നു മിത നീനയ്‌ക്ക് മുഖം കൊടുക്കാതെ കഴിച്ചുക്കൂട്ടി. എങ്കിലും പിറ്റേന്ന് കണ്ടപ്പോൾ നീന പറയാനുള്ളത് പറഞ്ഞു.

“ഭർത്താവിനെ അത്രയ്ക്കങ്ങ് സേവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ഇന്ത്യയിൽ ചെന്നിട്ടു മതി. എനിക്ക് തലവേദന ഉണ്ടാക്കരുത്. പ്ലീസ്.”

“ഇന്നലെ മുഴുവനും റോബിൻ അതു തന്നെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്യണമെന്നായിരുന്നു റോബിന്‍റെ ആഗ്രഹം. റോബിന്‍റെ അങ്കിൾ കുറേക്കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു കേട്ട കാര്യങ്ങളിലൂടെയാണ് അങ്ങനെയൊരു മോഹം റോബിനുണ്ടായത്. ഞാൻ ഇന്ത്യൻ ഒറിജിൻ ആണെന്നറിഞ്ഞാണ് എന്നെ സ്നേഹിച്ചത്. നിന്നെ കണ്ടശേഷം ഇങ്ങനെയൊക്കെയാണല്ലോ ഇന്ത്യൻ വൈഫ് എന്ന ചിന്ത റോബിനു വന്നിട്ടുണ്ട്. എന്തായാലും നീ ചെയ്യുന്ന പോലെയൊന്നും ആവാൻ എനിക്കു വയ്യാ.”

“നീന, എനിക്ക് ദു:ഖമുണ്ട്. ഞാൻ കാരണം ഇങ്ങനെയൊക്കെ ഉണ്ടായല്ലോ! റോബിനും നീനയ്ക്കുമിടയിൽ പ്രശ്നമുണ്ടാകാൻ ഇടയാവുന്ന ഒന്നും ചെയ്യാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാം.”

അന്ന് റോബിന്‍റെ ജന്മ ദിനമായിരുന്നു. രാവിലെ തന്നെ മിതയും രഞ്‌ജനും ജന്മദിനാംശംസകൾ നേർന്നു. “ഇന്നെന്താ സ്പെഷ്യൽ?”

“മദർ ഇൻ ലോ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ കാരറ്റ് ഹൽവ ഉണ്ടാക്കുമായിരുന്നു. എല്ലാ ബർത്ത്ഡേയ്ക്കും മമ്മി അതുണ്ടാക്കും. എന്തു ടേസ്റ്റിയാണെന്നോ!”

“ആഹാ! അതു മിത ഉണ്ടാക്കും. അവൾക്കു നല്ല ടേസ്റ്റായി പ്രിപ്പെയർ ചെയ്യാനറിയാം. എന്താ മിത? നീ തയ്യാറല്ലേ? റോബിന്‍റെ ബർത്ത്ഡേ ആഘോഷം ഇന്ത്യൻ സ്റ്റൈലിൽ ആക്കാം.”

അതിന് മറുപടി ഒന്നും പറഞ്ഞില്ല മിത. അവൾക്ക് പേടിയായി. നീന എന്തു പറയും എന്നോർത്തിട്ടാണ്. എന്നാൽ വയ്യ എന്നു പറഞ്ഞാൽ രഞ്‌ജനും റോബിനും എന്തു വിചാരിക്കും?

“വൈകിട്ട് ഇന്ത്യൻ സ്റ്റോറിൽ നിന്ന് വാങ്ങാം. അവിടെ കിട്ടും കാരറ്റ് ഹൽവ. എന്തിനാ മിതയെ കഷ്‌ടപ്പെടുത്തുന്നോ?”

“ഏയ്, മിത വെറുതെ ഇരിക്കുകയല്ലോ, അവൾക്ക് നന്നായി ഉണ്ടാക്കാനുമറിയാം. പിന്നെന്തിനാ പുറത്തു നിന്നു വാങ്ങുന്നേ?” റോബിൻ ഇങ്ങനെ പറഞ്ഞപ്പോൾ നീന പിന്നെ എതിർത്തു പറഞ്ഞില്ല.

വൈകിട്ട് വീട്ടിൽ നടന്ന ചെറിയ ബർത്ത്ഡേ പാർട്ടിയിൽ മിത ഉണ്ടാക്കിയ കാരറ്റ് ഹൽവ എല്ലാവർക്കും കൊടുത്തു. എതിർപ്പു പ്രകടിപ്പിച്ച് നീന പോലും യഥേഷ്ടം ഹൽവ കഴിച്ചു. അതു കണ്ടപ്പോൾ മിത ആശ്വസിച്ചു. ഇന്ന് ഇതിന്‍റെ പേരിൽ ഒരു പ്രശ്നം ഉണ്ടാകില്ലല്ലോ…

അപ്പോഴാണ് അവരെ എല്ലാം അമ്പരപ്പിച്ചു കൊണ്ട് റോബിന്‍റെ വാചകം.

“നീനയെ ഞാൻ വിവാഹം കഴിച്ചത് ഇന്ത്യൻ പെൺകുട്ടി ആണല്ലോ എന്നു കരുതിയായിരുന്നു. പക്ഷേ ഇന്ത്യൻ വൈഫ് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായത് മിതയെ കണ്ടശേഷമാണ്. അടുത്ത ജന്മം എനിക്ക് രഞ്ജനായി ജനിച്ചാൽ മതിയായിരുന്നു.”

ഇതു കേട്ടതോടെ മൂവരുടെയും മുഖഭാവം മാറി. അതു കണ്ടപ്പോൾ താൻ പറഞ്ഞത് അബന്ധമായോ എന്ന് റോബിന് തോന്നാതിരുന്നില്ല.

“അയ്യോ… ഞാൻ പറഞ്ഞത്, രഞ്ജൻ ആകണമെന്നല്ല. മിതയെപ്പോലെ നല്ലൊരു ഇന്ത്യൻ പെൺകുട്ടിയെ ഭാര്യയായി കിട്ടണമെങ്കിൽ ഇന്ത്യാക്കാരനായി ജനിക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ. കാരറ്റ് ഹൽവ സൂപ്പർ. താങ്ക്യൂ മിതാ!” റോബിൻ ചിരിച്ചു.

ആ സംഭാഷണത്തോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി.

“റോബിന് എന്തുപറ്റി? സ്വന്തം ഭാര്യയെ കുറിച്ച് ഇത്രവേഗം അഭിപ്രായം മാറിയോ?” രഞ്ജൻ അതിശയത്തോടെ പറഞ്ഞു.

“ഹൊ! നീനയെ എങ്ങനെ ഫെയ്സ് ചെയ്യും? എനിക്ക് പേടി തോന്നുന്നു രഞ്ജു ഏതാനും ദിവസങ്ങൾ കൂടിയല്ലേ ഉണ്ടായിരുന്നുള്ളൂ. സന്തോഷത്തോടെ പിരിയേണ്ടവരായിരുന്നു നാം.”

പിറ്റേന്ന് നീനയെ കണ്ടപ്പോൾ മിത ചിരിക്കാൻ ശ്രമിച്ചു. പക്ഷേ നീന ദേഷ്യത്തിലാണ്. “റോബിൻ നിന്‍റെ ആരാധകനായി മാറിയല്ലോ. ഇനിയും എനിക്ക് ഇത് സഹിക്കാൻ പറ്റില്ല. രണ്ടുപേരും ഇവിടെ നിന്ന് മാറിത്താമസിക്കാനുള്ള വഴി ഉടനെ കണ്ടെത്തണം. അല്ലെങ്കിൽ മിത ഇന്ത്യയിലേയ്‌ക്ക് മടങ്ങൂ. ഇപ്പോൾ എന്നോട് റോബിൻ പറയുന്നത് നിന്നെപ്പോലെ ആകാനാണ്. എനിക്ക് ഇനി മാറാനൊന്നും വയ്യ. ഞാൻ എന്തോ അങ്ങനെ തന്നെ ജീവിക്കും.”

മിതയ്ക്ക് വലിയ വിഷമം തോന്നി. എങ്ങനെയും ഇവിടെ നിന്ന് ഉടനെ പോകണം. രാത്രി രഞ്ജൻ വന്നപ്പോൾ അവൾ അതു പറഞ്ഞു.

“ശരി നീ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങു. രണ്ടാഴ്ച കഴിയുമ്പോൾ ഞാനും വരുമല്ലോ.” റോബിനോട് ഒന്നും പറയാതെ മിത പിറ്റേന്നുള്ള ഫ്ളൈറ്റിനു തന്നെ നാട്ടിലേക്ക് മടങ്ങി. എങ്കിലും മിതയിലൂടെ ഇന്ത്യൻ പെൺകുട്ടിയെ കുറിച്ച് റോബിന്‍റെ മനസ്സിൽ ഉണ്ടായ മതിപ്പ് നഷ്ടമായതേയില്ല. മിത പോയിട്ടും അയാൾ ഇന്ത്യൻ വൈഫ് എന്ന സ്വപ്നത്തിൽ നിന്ന് അകന്നതേയില്ല.

और कहानियां पढ़ने के लिए क्लिक करें...