കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ കല്യാണത്തിനും മറ്റും പോകുന്നതിനായി ചിലർ ദിവസങ്ങൾക്കു മുമ്പേ ഒരുക്കങ്ങൾ ആരംഭിക്കും. മു ൻകൂട്ടി ഡ്രസ്സും മാച്ചിംഗ് ആക്സസറീസും വാങ്ങും. ഫേഷ്യലിംഗും മറ്റും ഉത്സാഹത്തോടെ ചെയ്യും. പക്ഷേ കല്യാണത്തിനു പോയി വന്നശേഷം ഇവർ മൂഡോഫായി ഇരിക്കും. അതിന് കാരണം മറ്റൊന്നായിരിക്കില്ല. ഏതെങ്കിലും ഒരു സ്ത്രീ അവളേക്കാൾ അണിഞ്ഞൊരുങ്ങി വന്നതാവും. ആരെങ്കിലും തന്നേക്കാൾ മികച്ചതായി അണിഞ്ഞൊരുങ്ങി വരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന അപകർഷതാബോധമോ അല്ലെങ്കിൽ അസൂയയോ കാരണം അവരെ അഭിനന്ദിക്കാനോ അവരോട് ഒന്ന് പുഞ്ചിരിക്കാനോ മെനക്കെടില്ല. ഇത്തരം സാഹചര്യം ഉണ്ടാകുന്നത് വേണ്ടത്ര പണം ഇല്ലാത്തത് കൊണ്ടാണെന്നു പറഞ്ഞ് അവൾ ഭർത്താവിനെയോ വീട്ടുകാരെയോ കുറ്റപ്പെടുത്തും. സ്വന്തം ഗുണങ്ങളെയും ആത്മവിശ്വാസത്തേയും തിരിച്ചറിയാത്തതാണ് ഇവിടെ വില്ലനാകുന്നത്. അതുപോലെ മറ്റുള്ളവരിൽ നിന്നും നല്ല ഗുണങ്ങളെ പഠിക്കാത്തതും. മനസ്സിൽ അപകർഷതാബോധം വരികയാണെങ്കിൽ ഉള്ളിലുള്ള പ്രതീക്ഷയും ഉത്സാഹവും കുറയ്ക്കാതെ നോക്കണം. മനസ്സിൽ സങ്കടമുണ്ടാകാൻ അനുവദിക്കരുത്.
ആത്മവിശ്വാസമുണ്ടോ
വിശേഷാവസരത്തിൽ പങ്കുചേരാൻ നിങ്ങൾ സ്വയം തയ്യാറായിട്ടുണ്ടെങ്കിൽ നിങ്ങൾ ഉചിതമായി തന്നെയാണ് തയ്യാറായിരിക്കുന്നതെന്നത് ഉറപ്പാണ്. പിന്നെന്തു കൊണ്ട് സങ്കടപ്പെടണം? സ്വയം എങ്ങനെ പ്രസന്‍റ് ചെയ്യണമെന്നത് സ്വന്തം ആശയത്തിൽ നിന്നും ഉണ്ടായതാണ്. ആ നിലയ്ക്ക് എങ്ങനെയാണ് മറ്റൊരാളുമായി താരതമ്യം ചെയ്യുക? വ്യക്‌തിത്വത്തിനിണങ്ങുന്ന രീതിയിലാണ് നിങ്ങൾ തയ്യാറായിരിക്കുന്നത്.
നിങ്ങൾക്ക് സാമാന്യ ബുദ്ധിയുണ്ട്
അവസരത്തിനിണങ്ങും വിധമാണ് ഒരുങ്ങിയിരിക്കുക. അവസരം, അന്തരീക്ഷം എന്നിവയൊക്കെ വിലയിരുത്തിയാണ് തയ്യാറെടുപ്പുകൾ നടത്തിയിരിക്കുക. അവസരത്തിനിണങ്ങുന്ന വസ്ത്രം, വസ്ത്രത്തിനിണങ്ങുന്ന ആഭരണങ്ങൾ, മേക്കപ്പ്, വാച്ച്, സാൻഡിൽ തുടങ്ങി മുകളിൽ നിന്നും താഴെ വരെ ഒരേ താളത്തിലാണ് നിങ്ങൾ തയ്യാറായതെങ്കിൽ അതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമല്ലേ ചെയ്യേണ്ടത്? ഒരുക്കത്തിനായി കൂടുതൽ സമയം, പണം പാഴാക്കിയിട്ടില്ല നിങ്ങൾ സമയവും പണവും അധികം ചെലവഴിക്കാതെയാണ് ഒരുങ്ങിയതെന്നോർത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്. നമ്മുടെ ഉള്ളിലുള്ള സന്തോഷമാണ് മുഖത്ത് പ്രകാശിക്കുക. അതിലും വലുതായ മറ്റെന്ത് അലങ്കാരങ്ങളാണ് വേണ്ടത്. അതിന്‍റെ തിളക്കത്തിന് മുന്നിൽ മറ്റെല്ലാം തന്നെ മങ്ങി പോകും.
ഹൃദ്യമായ പെരുമാറ്റം
നിങ്ങൾ ആരുടെ സന്തോഷത്തിലാണ് പങ്കുചേരാൻ വന്നിരിക്കുന്നതെന്ന കാര്യം ഓർമ്മിക്കുക. അവരുമായി നിങ്ങൾക്കുള്ള ഹൃദ്യമായ ബന്ധം അതെല്ലാം തന്നെ നിങ്ങളുടേത് മാത്രമാണ്. സ്വയം സന്തുഷ്ടയായി അവരുടെ സന്തോഷത്തിൽ പങ്കു കൊള്ളുകയെന്നതാണ് നിങ്ങളുടെ പ്രഥമ കർത്തവ്യം. ഇത്തരമൊരു മനോഭാവം മനസ്സിലുണ്ടാകുന്നതോടെ അപകർഷതാബോധം പൊടുന്നനെ അകലും. മികവിന് നന്ദി പറഞ്ഞ് അവരിൽ നിന്നും എന്തെങ്കിലും പഠിക്കുക നല്ലതിനെ അകമഴിഞ്ഞ് പ്രശംസിക്കുക. മാത്രവുമല്ല അവരിൽ നിന്നും നല്ലത് പഠിക്കാൻ ശ്രമിക്കുക. ഈ രണ്ട് ഗുണങ്ങളും നിങ്ങളെ മികച്ചതാക്കും. മറ്റുള്ളവരിൽ നിന്നും അറിവുകൾ നേടാൻ മടി കാട്ടരുത്. അങ്ങനെ ചെയ്യുന്നതു കൊണ്ട് ആരും ചെറുതാകുകയുമില്ല. നിങ്ങളിൽ ഒരുപാട് നന്മകൾ ഉണ്ട് നിങ്ങളുടെ കണ്ണുകളെയോ മുടിയെയോ മുഖത്തെയോ നടപ്പിനെയോ പെരുമാറ്റത്തെയോ ബുദ്ധിയേയോ ധൈര്യത്തെയോ ആത്മവിശ്വാസത്തെയോ ഭാഷാ പ്രയോഗത്തെയോ ആശയ പാടവത്തെയോ ആരെങ്കിലും എന്നെങ്കിലുമൊരിക്കലും പ്രശംസിച്ചിട്ടുണ്ടാകുമല്ലോ. അത്തരം പ്രശംസകൾ ഓർക്കുക. സ്വന്തം വ്യക്‌തിത്വത്തിൽ വിശ്വാസം ഊട്ടിയുറപ്പിക്കുക. ഓരോരുത്തർക്കും അവരവരുടേതായ ആകർഷകത്വമുണ്ടെന്ന് വിശ്വസിക്കുക. ഇനി സ്വയമൊന്ന് പുഞ്ചിരിച്ചോളൂ.