കുഞ്ഞിനു ജന്മം നൽകിയ ശേഷം മിക്ക സ്ത്രീകളിലും വ്യസന ചിന്ത, ആശങ്ക, വിഷാദം, മാനസിക പിരിമുറുക്കം, അസ്വസ്ഥത എന്നിവ കണ്ട് വരാറുണ്ട്. ഈ അവസ്‌ഥയെ പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ എന്നാണ് പറയുന്നത്. പക്ഷേ സാമൂഹ്യ ശാസ്ത്രജ്ഞരും മനശാസ്ത്രജ്ഞരും കൗൺസിലർമാരുമൊക്കെ പറയുന്നത് അച്ഛനായി കഴിയുന്നതോടെ മിക്ക പുരുഷന്മാരും പാനിക് അറ്റാകിനും വിഷാദത്തിനും അടിമപ്പെടാറുണ്ട് എന്നാണ്.
പിഡിയാട്രിക് ജേണൽ പുറത്തുവിട്ട ഒരു പഠനപ്രകാരം 25 വയസ്സിനുള്ളിൽ അച്‌ഛനാവുന്ന പുരുഷന്മാരിൽ 68 ശതമാനത്തിനും വിഷാദരോഗം പിടികൂടാറുണ്ടത്രേ. സ്ത്രീകളെപ്പോലെ തന്നെ കുഞ്ഞു ജനിച്ച ശേഷം പുരുഷന്മാർക്കും മാനസ്സികമായ പിന്തുണ ആവശ്യമാണ്. പക്ഷേ ഈ കാര്യം ആരും തന്നെ ഓർക്കാറില്ല. ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്തിയ ഡോക്‌ടർ ക്രേഗ് ഗാർഫീൽഡ് പറയുന്നു.
ഉത്സാഹക്കുറവ്
2 കുട്ടികളുടെ അച്ഛനായ റിക്കി ഷെട്ടിക്ക് കുഞ്ഞുങ്ങൾ ഉണ്ടായ ശേഷം തന്‍റെ ജീവിതത്തിലുണ്ടായ മാറ്റത്തെ പറ്റിയോർത്ത് വലിയ ആധിയാണ്. അദ്ദേഹത്തിന് തനിക്ക് അപരിചിതമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. ഈ അനുഭവങ്ങൾ അദ്ദേഹം പിന്നീട് പുസ്‌തകത്തിലാക്കി പ്രസിദ്ധീകരിച്ചു. വിസ്ഡം ഫ്രം ഡാഡീസ് എന്നാണ് പുസ്‌തകത്തിന്‍റെ പേര്. “ഒട്ടുമിക്ക പുരുഷന്മാരും അച്‌ഛനായ ശേഷം ഡിപ്രഷനിലും ആങ്‌സൈറ്റിയിലും കുടുങ്ങി പോകാറുണ്ട്. അവരെ അനേകം തരം ചിന്തകൾ ഭരിക്കാൻ തുടങ്ങും. വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വം അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങുന്നു. ദാമ്പത്യരതി ലഭിക്കാതിരിക്കുക, അല്ലെങ്കിൽ അതിന് അവസരം ലഭിക്കാതിരിക്കുക, രാത്രികാലങ്ങളിൽ കുഞ്ഞിന്‍റെ കരച്ചിൽ കാരണം ഉറക്കം നഷ്ടപ്പെടുന്നത് ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അലട്ടുന്നു.” റിക്കി ഷെട്ടി പറയുന്നു.
‘ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് ഏറ്റവും അധികം ഡിപ്രഷന്‍ ഉണ്ടാവുന്നത് 3 മുതൽ 6 മാസം പ്രായമുള്ള കുട്ടികളുടെ പിതാവിനായിരിക്കും എന്നാണ്. കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് വരുന്നതോടെ തങ്ങളുടെ പ്രാധാന്യം കുറയുമെന്നവർ വിശ്വസിക്കുന്നു. കാരണം സ്വഭാവികമായി ഭാര്യയുടെ ശ്രദ്ധ കൂടുതലും കുഞ്ഞിലായിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ രാത്രി ഉറക്കം ലഭിക്കാതെ വരികയും, സമ്മർദ്ദത്തിന് അടിമപ്പെടുകയും ചെയ്യാം. ഉദാസീനനായി എപ്പോഴും കാണപ്പെടുകയും ചെയ്യുന്നു.
ലൈഫ്സ്റ്റൈൽ മാറ്റം
“ഇത് ന്യൂക്ലിയർ ഫാമിലികളുടെ കാലമാണ്. അതിനാൽ തന്നെ കുട്ടികളെ പരിചരിക്കാൻ മുത്തശിയോ നാത്തൂനോ അമ്മായിയമ്മയോ പെങ്ങളോ ഒന്നും കാണുകയുമില്ല. എന്തെങ്കിലും അത്യാവശ്യം വരികയാണെങ്കിൽ ഡോക്‌ടറുടെ അടുത്ത് പോകാനായി വീട്ടിൽ മറ്റ് പുരുഷന്മാരും ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ മുഴുവൻ ഉത്തരവാദിത്തങ്ങളും ഭാര്യയ്ക്കും ഭർത്താവിനും ഏറ്റെടുക്കേണ്ടി വരും. ഇത് അവരുടെ സ്വാതന്ത്യവും ആഹ്ലാദവും ഇല്ലാതാക്കുന്ന കാര്യങ്ങളാണ്. യുവദമ്പതികൾ പെട്ടെന്ന് ഇത്തരം ജീവിത സമ്മർദ്ദങ്ങളിൽ പെട്ട് പതറിപോവാറാണ് പതിവ്. ജീവിതാനുഭവങ്ങളുടെ കുറവ് കാരണം ക്രിയാത്മകമായി ജീവിതത്തെ നേരിടാനും ഇവർക്ക് കഴിയാറില്ല.” ഫോര്‍ട്ടിസ് ആശുപത്രിയിലെ മനശാസ്ത്രജ്ഞനായ സഞ്ജയ് ഗർഗ് പറയുന്നു.
ആദ്യമായി അച്ഛനാവുന്ന ഒരാളുടെ ജീവിതം പെട്ടെന്ന് മാറ്റങ്ങൾക്ക് വിധേയമാകും. വെറും ഒന്നോ രണ്ടോ വർഷത്തെ മാത്രം പരിചയമുള്ള ഒരാളെ കൂടാതെ തന്നെ ആശ്രയിക്കുന്ന ഒരാൾ കൂടി വരുന്നതാണ് പുരുഷമനസ്സിനെ കുഴക്കുന്നത്. ഇതുകൂടാതെ ജീവിത ചെലവ് വർദ്ധിക്കുന്നതും ടെൻഷനുണ്ടാക്കുന്നു. ഇതേപ്പറ്റിയൊക്കെ ഓർത്ത് വേവലാതിപ്പെടുന്നത് പതിവാകുമ്പോഴാണ് പുരുഷന്മാർ ഡിപ്രഷന് അടിമപ്പെടുന്നത്.
“കുഞ്ഞ് ജീവിതത്തിലേക്ക് വരുന്നതിന് മുമ്പ് വരെ പ്രതീക്ഷയും ആഹ്ലാദതിമർപ്പുമുണ്ടായിരുന്നു. ആദ്യമായി ഒരാൾ എന്നെ അച്ഛാ എന്നും ഭാര്യയെ അമ്മയെന്നും വിളിക്കുന്നതോർത്ത് വലിയ സന്തോഷം തോന്നിയിരുന്നു. ഞങ്ങൾ വരാനിരിക്കുന്ന കുഞ്ഞിന്‍റെ പേര് വരെ കണ്ടുവച്ചിരുന്നു. വലിയ പ്ലാനിംഗ് ഒക്കെ ഉണ്ടായിരുന്നു. പക്ഷ എന്‍റെ കുഞ്ഞ് വന്നപ്പോൾ എന്‍റെ ജീവിതരീതി അടിമുടി മാറിപ്പോയി. എന്നെക്കുറിച്ച് ഭാര്യയ്ക്ക് വലിയ ചിന്തയൊന്നും പിന്നെ കണ്ടില്ല. കുഞ്ഞ് മാത്രമായി അവളുടെ ലോകം. കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോകുമ്പോൾ 2-3 മണിക്കൂർ അങ്ങിനെ നഷ്ടപ്പെടുമായിരുന്നു. അത് വാങ്ങി കൊടുക്കണം, കുഞ്ഞിന് ഇത് വേണം എന്നൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും. ഇതെല്ലാം എന്‍റെ സ്വസ്ഥത നശിപ്പിക്കുമായിരുന്നു.” രണ്ട് മാസം മുമ്പ് അച്‌ഛനായ സുരേഷ് ശ്രീവത്സൻ പറയുന്നു.
റിലേഷൻഷിപ്പ് വിദഗ്ദ്ധനും കൗൺസിലറുമായ രേഖാ ശ്രീവാസ്തവ പറയുന്നത്, പുരുഷന്‍റെ ജീവിതത്തിൽ വിവാഹം വഴിത്തിരിവാകുന്ന കാര്യമാണെന്നാണ്. എന്നാൽ പിതാവാകുക എന്നത് അതിനേക്കാൾ ഏറെ സംഭവബഹുലമായ സംഗതിയാണ്. അച്‌ഛനായതിനു ശേഷം കടന്നു പോകുന്ന മാനസ്സികാവസ്‌ഥ അയാൾക്ക് മുൻപരിചയം ഒട്ടും ഇല്ലാത്ത ഒരു അവസ്‌ഥയാണ്. മുമ്പ് അനുഭവിച്ചിട്ടില്ലാത്ത ഒരു ഫീലിംഗ്. കുഞ്ഞ് വരുന്നതോടെ പരിതസ്‌ഥിതികൾ പെട്ടെന്ന് മാറുന്നു. ഈ മാറ്റം ഉൾകൊള്ളാനുള്ള തയ്യാറെടുപ്പും പുരുഷന് ലഭിക്കാറില്ല. ഈ കാരണങ്ങൾ എല്ലാം തന്നെയാണ് ഡിപ്രഷനിലേക്ക് നയിക്കുന്നത്.”
അമിത വൈകാരികത
“പുരുഷന്മാരിൽ പോസ്റ്റ്പാർട്ടം ഡിപ്രഷനുള്ള കാരണം ഹോർമോൺ വ്യതിയാനങ്ങൾ ആണ്. മാനസ്സിക സമ്മർദ്ദം കാരണം ടെസ്ട്ടോസ്റ്റരോൺ ലെവൽ കുറയുകയും എസ്ടോജൻ പ്രോലക്ടീൻ, കോർട്ടിസോൾ ലെവൽ കൂടുകയും ചെയ്യുന്നു. ഇതാണ് സ്ട്രെസ് ഉണ്ടാവാൻ ഇടയാക്കുന്നത്.” ഗൈനക്കോളജിസ്റ്റായ ഡോ. സ്മിതാ ബാനർജി പറയുന്നു. കമാന്റോ ഡാഡ് എന്ന പുസ്തകത്തിന്‍റെ രചിതാവ് നീൽ സിൻ ക്ലയർ പറയുന്നത് ഇങ്ങനെയാണ്. “കമാൻഡോ എന്ന നിലയിൽ ഞാൻ ധാരാളം പ്രതിസന്ധികളിൽ തളരാതെ പോരാടിയിട്ടുണ്ട്. എന്നാൽ പിതാവായതാണ് ഞാൻ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ സ്ട്രെസ്സ്. ഞാൻ എന്‍റെ മക്കളെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ട്. പക്ഷേ എന്താണെന്ന് അറിയില്ല എന്നെ നിരാശ പലപ്പോഴും പിടിക്കൂടാറുണ്ട്. പുതിയ പരിതസ്‌ഥിതി കൈകാര്യം ചെയ്യാൻ പറ്റാത്തതാവാം ഇങ്ങനെ ഡിപ്രഷന്‍ ഉണ്ടാവുന്നതിനുള്ള കാരണം. പുരുഷന്മാർ സ്ട്രോംഗ് ആണെന്നാണ് പൊതുവെ എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. അതിനാൽ ആരും തന്നെ അവരുടെ മനോവേദനയെപ്പറ്റി ചിന്തിക്കാറില്ല. മനസ്സിലാക്കാറുമില്ല. ഈ കാരണങ്ങൾ കൊണ്ടു തന്നെ പിന്തുണയും ലഭിക്കില്ലല്ലോ.”
അമിത ജിജ്‌ഞാസ കൊണ്ടാണ് പുരുഷന്മാരിൽ പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ ഉണ്ടാവുന്നത്. എന്നാൽ എപ്പോഴും ഇങ്ങനെ ആയിരിക്കണമെന്നുമില്ല. പല കേസുകളിലും ഇത് വൈകാരിക വ്യതിയാനങ്ങൾ കൊണ്ടും സംഭവിക്കാം. വളരെ സന്തോഷവാനായ ഒരാൾ പെട്ടെന്ന് തന്നെ മൂഡ് മാറി സങ്കടപ്പെട്ടിരിക്കുകയും ചെയ്യും. തന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ അമിത പ്രതീക്ഷകളും അച്‌ഛനാക്കുന്ന ഒരാളെ സമ്മർദ്ദത്തിലാഴ്ത്തും. നല്ല ഭർത്താവ് നല്ല പിതാവ് ആയിരിക്കാൻ സാധിക്കുമോ എന്ന ആശങ്ക ക്രമേണ പോസ്റ്റ്പാർട്ടം ഡിപ്രഷനായി കലാശിക്കാം.
ഇന്ന് ഭാര്യ കുഞ്ഞിനെ നോക്കുന്നതു പോലെ തന്നെ ഭർത്താവും കുഞ്ഞിനെ പരിചരിക്കേണ്ടി വരുന്നുണ്ട്. ഉദാ: നാപി മാറ്റുക, കുഞ്ഞിനെ പാലു കുടിപ്പിക്കുക, കുളിപ്പിക്കുക. “പുതുതായി അച്ഛനായ ഒരാൾക്ക് ഓഫീസിലെ ജോലി കൂടാതെ വീട്ടിലെ പുതിയ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടി വരാറുണ്ട്. ഇത് പലരിലും അനാവശ്യ പിരിമുറുക്കം സൃഷ്ടിക്കാം. ഞങ്ങൾ ഇത്തരം സ്‌ഥിതി വിശേഷം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പരിശീലിപ്പിക്കാറുണ്ട്. സന്തുഷ്ടി നിറഞ്ഞ ജീവിതം നയിക്കാനുള്ള വഴികൾ മനസ്സിനെ പഠിപ്പിക്കുകയാണ് രീതി. ന്യൂക്ലീയർ കുടുംബങ്ങളിലാണ് ഈ പ്രശ്നം അധികവും തലപൊക്കുന്നത്. ഒറ്റപെട്ടുപോകുമോ എന്ന ഉൾഭയമാണ് എല്ലാ പ്രശ്നത്തിനും കാരണം. അത് ഇല്ലാതാക്കുന്ന ടെക്നിക്ക് ആണ് ഞങ്ങൾ ഉപദേശിക്കുന്നത്” സാമൂഹിക ശാസ്ത്രജ്‌ഞനായ രേഖ ശ്രീവാസ്തവ പറയുന്നു.
പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ ലക്ഷണങ്ങൾ
- പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ഏതെങ്കിലും കാര്യത്തെ ചൊല്ലി അസ്വസ്ഥനാവുക.
- ഭാര്യയോടും കുട്ടിയോടും അകലം പാലിക്കാനുള്ള പ്രവണത അല്ലെങ്കിൽ അതിനുള്ള ശ്രമം, അവസരം ഉണ്ടാക്കുക.
- മുമ്പത്തേക്കാൾ കൂടുതലായി പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുക.
- കുഞ്ഞിനെ കാണുമ്പോൾ അകാരണമായി ഇമോഷണൽ ആകുകയും ഉമ്മ വയ്ക്കുകയും ലാളിക്കുകയും ചെയ്യുക. എന്നിട്ട് പെട്ടെന്ന് തന്നെ ഡിറ്റാച്ചഡ് ആവുന്ന ശീലം.
- മനപൂർവ്വം ഓഫീസിൽ നിന്ന് ലേറ്റായി വീട്ടിലെത്തുക. അല്ലെങ്കിൽ വീട്ടിൽ നിന്ന് വിട്ടു നിൽക്കാനുള്ള അവസരം മുതലെടുക്കുക. ഉദാ: ഓഫീസ് അസൈൻമെന്‍റ് ചോദിച്ചു വാങ്ങുക. അവധി ദിവസങ്ങളിലും ഓഫീസിൽ പോവുക.
പുതിയ അച്ഛന്മാർ എന്തു ചെയ്യണം പ്രഗ്നൻസി സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് വയ്പ്പ്. എന്നാൽ ഇത് പുരുഷനും സ്ത്രീയും കൂട്ട് ഉത്തരവാദിത്വമുള്ള സംഗതിയാണ്. അതിനാൽ നല്ല അമ്മയാവാൻ സ്ത്രീ കഷ്ടപ്പെടുന്നതു പോലെ പുരുഷന്മാരും ഉത്തരവാദിത്തങ്ങൾ സധൈര്യം ഏറ്റെടുക്കണം. ഒളിച്ചോട്ടം പരിഹാരമല്ല. സ്ത്രീ അമ്മയാവാൻ കൊതിക്കുന്നതുപ്പോലെ പുരുഷന്മാരും വിജയിക്കുന്ന വിവേകബുദ്ധിയുള്ള പിതാവാകാൻ ശ്രമിക്കേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രമിക്കണം.
- കുടുംബാംഗങ്ങളം സുഹൃത്തുക്കളും സഹപ്രവർത്തകരുമായി തുറന്ന് സംസാരിക്കുക. നല്ല ആത്മബന്ധങ്ങൾ സൃഷ്ടിക്കുക. അവരെ സഹായിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യാം.
- പിരിമുറുക്കം നിയന്ത്രിക്കാനാവാത്ത അവസ്‌ഥയുണ്ടെങ്കിൽ ഒരു മനശാസ്ത്രജ്ഞനെ കാണാൻ മടിക്കരുത്.
- മനസ്സിൽ ഒരിക്കലും അപരാധബോധം, കുറ്റബോധം വച്ചു പുലർത്തരുത്. പുതിയ ജീവിത സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക.
- ഒളിച്ചോടുന്നതിനു പകരം ഉത്തരവാദിത്ത ങ്ങൾ നിറവേറ്റാനായി ധൈര്യം കാണിക്കുക.
- ജീവിതത്തിലേക്ക് പുതിയ ആൾ വരുമ്പോൾ ആധിപിടിക്കേണ്ട ആവശ്യമില്ല. സന്തോഷിക്കുക. നിങ്ങളടെ ഭാവി ശോഭനമാക്കാനുള്ള ആളെയാണ് ലഭിച്ചതെന്ന് മനസ്സിനെ വിശ്വസിപ്പിക്കുക.