കുഞ്ഞുനാൾ തൊട്ടെ നല്ല ശീലങ്ങൾ കുഞ്ഞുങ്ങളിൽ വളർത്തിയെടുകേണ്ടതുണ്ട്. കേട്ടിട്ടില്ലേ ചോട്ടയിലെ ശീലം ചുടല വരെയെന്ന്. കുഞ്ഞുനാൾ തൊട്ടെ പഠിക്കുന്ന നല്ല ശീലങ്ങളും സ്വഭാവഗുണങ്ങളും അവർ ജീവിതത്തിലുടനീളം പാലിക്കും. അതവരുടെ ദിനചര്യയുടെയും പെരുമാറ്റത്തിന്‍റെയും ഭാഗമായി മാറുകയും ചെയ്യും.

ശുചിത്വശീലം

ഒരു വ്യക്‌തിയെന്ന നിലയിൽ കുഞ്ഞുങ്ങളിൽ വളരെ ചെറുതിലെ തുടങ്ങി നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്നാണ് ഷെംറോക്ക് പ്രീസ്ക്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറായ മീന പറയുന്നത്.

കുട്ടികളിൽ ചുവടെ കൊടുത്തിരിക്കുന്ന ശീലങ്ങൾ വളർത്തിയെടുക്കുക.

• കുഞ്ഞുങ്ങൾ എഴുന്നേറ്റാലുടൻ മുഖവും വായും കൈകാലുകളും കഴുകിപ്പിക്കുക.

• 2-3 മിനിറ്റ് നേരം ബ്രഷ് ചെയ്യിപ്പിക്കുക. അല്ലെങ്കിൽ മുതിർന്നവർ പല്ല് ശുചിയാക്കി കൊടുക്കുക. ദിവസവും രണ്ട് തവണ ബ്രഷ് ചെയ്യുന്ന ശീലം അവരിൽ വളർത്തിയെടുക്കുക.

• ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ സോപ്പിട്ട് ശുചിയാക്കാൻ കുഞ്ഞിനോട് ആവശ്യപ്പെടുക.

• നഖം കൃത്യമായി വെട്ടി ചെറുതാക്കി വയ്‌ക്കാൻ കുട്ടിയോട് ആവശ്യപ്പെടുക. തീരെ ചെറിയ കുട്ടിയാണെങ്കിൽ മാതാപിതാക്കൾ നഖം വെട്ടി കൊടുക്കുക.

• ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ കർച്ചീഫോ ടിഷ്യു പേപ്പറോ കൊണ്ടോ മുഖം മറച്ചുപിടിക്കാൻ കുഞ്ഞിനോട് ആവശ്യപ്പെടാം.

• വൃത്തിയുള്ള വസ്ത്രങ്ങൾ അണിയാൻ കുട്ടിയെ ശീലിപ്പിക്കുക.

• വേസ്റ്റുകളും മറ്റും ഡസ്റ്റ്ബിന്നിൽ നിക്ഷേപിക്കാൻ കുട്ടിയെ ശീലിപ്പിക്കുക.

• സ്വയം വൃത്തിയോടെ ഇരിക്കുന്നതിനൊപ്പം സ്വന്തം വീടും പരിസരവും അയൽവക്കവും വൃത്തിയായി സൂക്ഷിക്കാൻ കുട്ടികളെ ശീലിപ്പിക്കണം.

• സ്വന്തം കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ചിട്ടയായി ഒരിടത്ത് അടുക്കി വയ്‌ക്കാൻ കുട്ടിയെ ശീലിപ്പിക്കുക.

• വിരൽ, പെൻസിൽ, പേന, റബ്ബർ തുടങ്ങിയ വസ്‌തുക്കൾ മൂക്കിലിടുകയോ അതുവച്ച് മുഖത്ത് കുത്തുകയോ ചെയ്‌താൽ കുട്ടികളെ ചെറുതായി ശിക്ഷിക്കാം.

• റോഡിലും മറ്റ് പൊതുയിടങ്ങളിലും വെയിസ്റ്റ് വലിച്ചെറിയരുതെന്ന് കുട്ടിയെ മനസ്സിലാക്കുക. പുറത്ത് പോകുന്ന അവസരങ്ങളിൽ പേപ്പർ ബാഗുകൂടി കയ്യിൽ കരുതുക. അതിൽ വേസ്റ്റ് ഇടാൻ കുഞ്ഞിനോട് ആവശ്യപ്പെടുക.

വീട്ടിൽ നിന്നും തുടക്കം

ചിട്ടയായും വൃത്തിയായും ഭക്ഷണം കഴിക്കുകയെന്നത് മിക്ക കുട്ടികളേയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഴിക്കുന്ന സമയത്ത് ഭക്ഷണമെല്ലാം ചുറ്റും വിതറിയിടുകയോ മുഴുവനായി കഴിക്കാതെയോ ഭക്ഷണം ബാക്കി വയ്‌ക്കാം. ചിലപ്പോൾ ഭക്ഷണം സമയത്ത് കഴിക്കാതെയും കളിച്ച് നടക്കാം. ഇതെല്ലാം മാതാപിതാക്കൾക്ക് വലിയ തലവേദന ഉണ്ടാക്കുന്ന കാര്യങ്ങളാണ്.

കുട്ടികളുടെ ഭക്ഷണകാര്യത്തിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ കൂട്ടി റെസ്റ്റോറന്‍റിലോ ആഘോഷചടങ്ങുകളിലോ കൊണ്ടു പോകുന്നവരാണെങ്കിൽ കുട്ടികൾക്ക് ടേബിൾ മാനേഴ്സിൽ ശരിയായ പരിശീലനം നൽകാം. കൊച്ചു കുട്ടികൾക്ക് ശരിയായ ടേബിൾ മാനേഴ്സ് പറഞ്ഞു കൊടുക്കുക. ഇക്കാര്യത്തിൽ ഒരു റിഹേഴ്സൽ തന്നെ നടത്താം. ഭക്ഷണം വൃത്തിയായി കഴിക്കുന്ന രീതികളും പരിശീലിപ്പിക്കുക.

കുട്ടികൾ പൊതുച്ചടങ്ങുകളിലും മറ്റും ഇതേ ടേബിൾ മാനേഴ്സ് പാലിക്കും. റസ്റ്റോറന്‍റിലോ ആരുടെയെങ്കിലും വീട്ടിലോ പോകുമ്പോൾ തീൻമേശയിൽ കുട്ടി മോശപ്പെട്ട പ്രവൃത്തി കാഴ്ച്ച വച്ചാൽ കുട്ടിയോട് പരസ്യമായി കയർക്കുകയോ ശാസിക്കുകയോ ചെയ്യുന്നതിന് പകരമായി വീട്ടിലെത്തിയ ശേഷം ശാന്തമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക.

തുടക്കം മുതലേ കുട്ടികളെയും കൊണ്ട് അധികം തിരക്കില്ലാത്ത റെസ്റ്റോറന്‍റിൽ കൊണ്ടു പോകാം. മാതാപിതാക്കളിൽ നിന്നും മനസ്സിലാക്കിയ ടേബിൾ മാനേഴ്സ് കുട്ടികൾ വളരെ സ്വഭാവികമായി പാലിക്കുന്നത് കാണാം. കുട്ടികൾ ഭംഗിയായി ടേബിൾ മാനേഴ്സ് പാലിക്കുന്നുവെങ്കിൽ അവരെ അകമഴിഞ്ഞ് അഭിനന്ദിക്കാൻ മറക്കരുത്. തുടർന്നും അവരത് ഭംഗിയായി നിറവേറ്റുന്നുണ്ടോയെന്നും നിരീക്ഷിക്കുക.

കുഞ്ഞുനാൾ തൊട്ടെ കുട്ടികളെ ടേബിൾ മാനേഴ്സ് പരിശീലിപ്പിക്കേണ്ടത് ഏറ്റവുമാവശ്യമാണ്. കുട്ടികൾ വളരുന്തോറും ഇത്തരം നല്ല ശീലങ്ങൾ അവർക്ക് കൂടുതൽ ആത്മവിശ്വാസം പകരും.

ടേബിൾ മാനേഴ്സ് – അത്യാവശ്യ കാര്യങ്ങൾ

• ഭക്ഷ്യവസ്‌തുക്കൾ ചെറുതായി മുറിച്ച് നന്നായി ചവച്ചരച്ച് വായയടച്ച് പിടിച്ച് കഴിക്കാൻ പരിശീലിപ്പിക്കുക. വെള്ളം കുടിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അനാവശ്യ ശബ്ദം ഉണ്ടാക്കരുതെന്ന കാര്യവും അവരെ ഓർമ്മിപ്പിക്കുക. പ്ലെയിറ്റിൽ ആവശ്യമുള്ളത്ര ഭക്ഷണം മാത്രമെടുത്ത് കഴിക്കാനുള്ള പരിശീലനവും നൽകുക. പിന്നീട് ആവശ്യമുണ്ടെങ്കിൽ മാത്രം ഭക്ഷണമെടുക്കാം. അങ്ങനെയായാൽ ഭക്ഷണ അനാവശ്യമായി പാഴാവുകയില്ലെന്ന കാര്യം അവരെ ഓർമ്മിപ്പിക്കാം.

• ഭക്ഷണം കഴിക്കുന്ന വേളയിൽ ഏത് പാത്രത്തിൽ ഏത് വിഭവമാണ് എടുക്കേണ്ടതെന്ന കാര്യവും ചെറിയ പ്രായത്തിൽ പറഞ്ഞു കൊടുക്കാം. ഉദാ: സൂപ്പ് കഴിക്കുന്നതിന് അത്യാവശ്യം വലിയ സ്പൂൺ ആവശ്യമാണെന്ന കാര്യം ഡെസർട്ടിനായി ചെറിയ സ്പൂൺ, അതുപോലെ ഗ്രേവിയുള്ള കറിക്കായി ബൗൾ ആണ് ഉപയോഗിക്കേണ്ടതെന്ന സാമാന്യ അറിവുകൾ അവർക്ക് പകർന്നു നൽകാം. ഭക്ഷണം ടേസ്റ്റിയാണെങ്കിൽ അത് തയ്യാറാക്കി വ്യക്‌തിയെ എങ്ങനെ അഭിനന്ദിക്കണം, ഏതെങ്കിലും ഭക്ഷണം ഇഷ്‌ടമായില്ലെങ്കിൽ എങ്ങനെ അക്കാര്യം വിനയപൂർവ്വം പറയണമെന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കണം.

• സ്വന്തം വീട്ടിലോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും വീട്ടിലോ ആണെങ്കിൽ ഭക്ഷണം കഴിച്ച ശേഷം സ്വന്തം പ്ലെയിറ്റെടുത്ത് സിങ്കിൽ കൊണ്ടുവയ്ക്കാനുള്ള നല്ല ശീലവും കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കാം.

• റെസ്റ്റോറന്‍റിൽ പോകുമ്പോൾ നാപ്കിൻ ഉപയോഗിക്കേണ്ട രീതിയെപ്പറ്റി പറഞ്ഞു കൊടുക്കാം. വായയും കയ്യും തുടയ്ക്കാനാണ് നാപ്കിൻ.

• ടേബിളിൽ ഇരിക്കേണ്ട രീതികളെപ്പറ്റിയും കുട്ടികളെ പഠിപ്പിക്കുക. ടേബിളിൽ അടുത്തിരിക്കുന്നയാൾക്ക് ശല്യമുണ്ടാകാത്തവിധം ഇരിക്കേണ്ട രീതിയെപ്പറ്റി പ്രത്യേകം പറഞ്ഞു കൊടുക്കാം.

• ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കരുതെന്ന് ഓർമ്മിപ്പിക്കുക. നൈഫും ഫോർക്കും ഉപയോഗിക്കേണ്ട സാഹചര്യമാണെങ്കിൽ വലതുകൈ കൊണ്ട് നൈഫും ഇടതു കൈകൊണ്ട് ഫോർക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടുന്ന രീതിയും അവർക്ക് പറഞ്ഞു കൊടുക്കാം. ഭക്ഷണം കഴിച്ച ശേഷം ഗ്ലാസിലുള്ള വെള്ളം കൊണ്ട് കൈകഴുകാനും പാടില്ല. ഭക്ഷണം കഴിച്ചയുടൻ ടേബിളിൽ നിന്നും എഴുന്നേൽക്കാതെ എല്ലാവരും കഴിച്ച് തീരും വരെ കാത്തിരിക്കുകയും വേണമെന്ന് കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കുക.

• തുടക്കം മുതലെ വീട്ടിലുള്ള വ്യത്യസ്ത തരം കട്ട്ലറി ഉപയോഗിക്കാൻ കുട്ടിയെ ശീലിപ്പിക്കുക. പ്ലെയിറ്റിൽ നിന്നും സ്പൂൺ കൊണ്ട് കോരിയെടുക്കുന്ന ഭക്ഷണം വായ്ക്കരികിൽ കൊണ്ടു വന്ന് കഴിക്കുന്ന രീതി പറഞ്ഞു കൊടുക്കാം. ടേബിളിലിരിക്കുന്ന ഏതെങ്കിലും വിഭവം ആവശ്യമാണെങ്കിൽ അടുത്തിരിക്കുന്നയാളിനോട് ആ വിഭവം സമീപത്തേക്ക് നീക്കി വയ്‌ക്കാൻ ആവശ്യപ്പെടാം.

ടേബിൾ മാനേഴ്സ്

 കുട്ടികളുമായി ഏതെങ്കിലും പൊതുച്ചടങ്ങിൽ പങ്കെടുക്കേണ്ടി വരുന്നത് ചിലരെയെങ്കിലും അലട്ടുന്ന കാര്യമാണ്. പ്രത്യേകിച്ചും വികൃതികളായ കുട്ടികളാണെങ്കിൽ ഭക്ഷണമിരിക്കുന്ന ടേബിളിനരികിൽ ചെന്ന് കുട്ടികൾ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കും വിധം കുട്ടിക്കിഷ്ടപ്പെട്ട വിഭവങ്ങൾ വേണമെന്ന് പറഞ്ഞ് വാശിപിടിക്കാം. മാതാപിതാക്കൾക്ക് നാണകേട് ഉണ്ടാക്കുന്ന വിധം കുട്ടി പെരുമാറിയെന്നും വരും.

ചില കുട്ടികളാകട്ടെ ഒരിടത്തിരുന്ന് ഭക്ഷണം കഴിക്കണമെന്നില്ല. ഓടി നടന്നായിരിക്കും ഭക്ഷണം കഴിക്കുക. ക്രോക്കറി പാത്രങ്ങൾ താഴെയിട്ട് പൊട്ടിക്കുകയും ചെയ്യാം. ചിലപ്പോൾ ടേബിളിൽ വെള്ളം മറിച്ചിടുകയോ ഭക്ഷണം വിതറിയിടുകയോ ചെയ്‌ത് തീൻമേശ അലങ്കോലപ്പെടുത്താം. ഭക്ഷണം സർവ്വ് ചെയ്യുന്നവർക്ക് ഇത് തലവേദന സൃഷ്ടിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ.

വളരെ ചെറിയ പ്രായം തൊട്ടെ കുട്ടികൾക്ക് ടേബിൾ മാനേഴ്സ് പറഞ്ഞു കൊടുക്കുക. ഓരോ കാര്യവും കൃത്യമായും ഭംഗിയായും വെടിപ്പോടെയും ചെയ്യാൻ അവരെ പ്രേരിപ്പിക്കുക. നല്ല സ്വഭാവത്തിന്‍റെ ഒരു അടയാളം കൂടിയാണ് നല്ല ടേബിൾ മാനേഴ്സ്.

और कहानियां पढ़ने के लिए क्लिक करें...