ഉമ എഞ്ചിനീയർ ആണ്. രാവിലെ പേപ്പർ വായിക്കുന്ന ശീലമുണ്ട്. തലക്കെട്ട് വാർത്തകൾ വായിച്ചു കഴിഞ്ഞാൽ പിന്നെ ഉമ നോക്കുന്നത് രാശിഫലം ആണ്. ഇന്നത്തെ ദിവസം എങ്ങനെയുണ്ട് എന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ മൂഡോഫാകും. ബന്ധുജനങ്ങൾക്ക് നല്ല തല്ല എന്നോ മറ്റോ വായിച്ചാൽ പിന്നെ ഭർത്താവിനെയും മക്കളെയും പറ്റി ആധികേറും ഉമയ്ക്ക്. രാശിഫലത്തിൽ നല്ലതാണ് എഴുതിയിരിക്കുന്നതെങ്കിൽ ആ ദിവസം മുഴുവനും ആഹ്ലാദത്തിലായിരിക്കും ഉമ. പത്രത്തിലെ രാശിഫലക്കോളം ആശ്രയിച്ചിരിക്കും ഉമയുടെ ഒരു ദിവസം. ഇങ്ങനെ ഉമയെ പോലെ വിദ്യാസമ്പന്നരായ ആളുകൾ അന്ധവിശ്വാസത്തിൽ കഴിയുന്നത് എത്ര സങ്കടകരമാണ്. ഉമയെ പോലെ അനവധിപ്പേരുണ്ട്. ജാതിയും മതവും വിശ്വാസങ്ങളും എത്ര ഉന്നതമായ വിദ്യാഭ്യാസം നേടിയിട്ടും മനസിൽ നിന്ന് വിട്ടുമാറാത്തവർ.
ഇനി വേറൊരു സംഭവം പറയാം. വിനീത കറുത്ത നിറത്തിലുള്ള ഡിസൈൻ ചുരിദാർ ധരിച്ചു കൊണ്ടാണ് അടുത്ത സുഹൃത്തിന്‍റെ കല്യാണത്തിനു പോയത്. കൂട്ടുകാരികളെല്ലാം അവളുടെ ഡ്രസ്സിനെ പറ്റി നല്ലതു പറഞ്ഞു. എല്ലാവരും പുകഴ്ത്തുന്നത് കേട്ടപ്പോൾ തന്‍റെ സെലക്ഷൻ തെറ്റിയില്ലെന്ന് വീനിത യ്ക്കു തോന്നി. പക്ഷേ അവളുടെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കല്യാണപ്പെണ്ണിന്‍റെ ആന്‍റി അടുത്തേയ്ക്ക് വന്ന് ചോദിച്ചു “വിനീത എന്തു പണിയാണ് കാണിച്ചത്. കറുത്ത വസ്ത്രം ധരിച്ച് ആരെങ്കിലും ശുഭ കാര്യങ്ങൾക്ക് പങ്കെടുക്കുമോ? ഇതൊരു കല്യാണ ചടങ്ങല്ലേ. മരണ വീടൊന്നും അല്ലല്ലോ?”
ഇതു കേട്ടതും വിനീത വല്ലാതായി. അവളുടെ കണ്ണ് നിറഞ്ഞു. കൂട്ടുകാരികൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ സദ്യ പോലും കഴിക്കാതെ ഇറങ്ങിപ്പോയി. ഇത്തരം അന്ധവിശ്വാസങ്ങൾ പരിഷ്ക്കാരികളെന്ന് നടിക്കുന്നവർക്കിടയിൽ പോലും വ്യാപകമാണ്.
ജീവാപായം
ഈ ആധുനിക നൂറ്റാണ്ടിലും അന്ധവിശ്വാസത്തിന്‍റെ പേരിൽ അനേകം ആളുകളാണ് കൊല്ലപ്പെടുന്നത്. സ്വയവും മറ്റുള്ളവരുടെ പ്രേരണ കൊണ്ടും അന്ധവിശ്വാസത്തിന്‍റെ ഭാഗമായി മരണം വരിക്കുന്നവർ അനവധിയാണ്. ഒരു കുടുംബത്തിലെ 14 പേർ ജീവനൊടുക്കിയത് യുപിയിൽ ആയിരുന്നു. വീടിന്‍റെ ചുമരുകളിൽ 14 ദ്വാരങ്ങൾ നിർമ്മിച്ച ശേഷം പ്രാണൻ ദ്വാരത്തിലൂടെ തിരിച്ചെത്തി ശരീരത്തിൽ കയറിയാൽ അമാനുഷിക ശക്തി ലഭിക്കും എന്ന ചിന്തയാണിവരെ തൂങ്ങി മരിക്കാൻ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയിലും സമാന സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. അജയ്.പി മങ്ങാടിന്‍റെ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലിലും സമാനമായ ഒരു അന്ധവിശ്വാസത്തെപ്പറ്റി വിവരണമുണ്ട്.
അന്ധവിശ്വാസം പ്രചരിക്കാനും അത് ആളുകൾക്കിടയിൽ വേരുറയ്ക്കാനും പ്രധാന കാരണം പൂജാരികളും മുല്ലാക്കമാരും പാതിരികളുമാണ്. മതം വിറ്റു കാശാക്കുന്നവർ ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്നു. ഭാവിയെപ്പറ്റി പറഞ്ഞ് പേടിപ്പിക്കുക, ആശങ്കയുണ്ടാക്കി പൂജാദി കർമ്മങ്ങൾ ചെയ്യിപ്പിക്കുക എന്നിവയൊക്കെയാണ് മതമേലാളന്മാരുടെ ധനാഗമന മാർഗ്ഗങ്ങൾ. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തൽ, പുസ്തകം, ലഘുലേഖകൾ എന്നിവ അച്ചടിച്ചു വിതരണം ചെയ്യുന്നതും ഇത്തരക്കാരുടെ സ്‌ഥിരം പരിപാടിയാണ്.
അജ്ഞതയിൽ നിന്നാണ് അന്ധവിശ്വാസം ഉടലെടുക്കുന്നത്. ഭയം, നിരാശ, മോഹഭംഗം, ആർത്തി, ആശങ്ക എന്നീ മനോനിലകൾ ചൂഷണം ചെയ്യാൻ ചുറ്റിലും ആളുകൾ കൂടി വരുന്നതോടെ ഒരു മനുഷ്യൻ അന്ധവിശ്വാസത്തിലേയ്ക്ക് കൂപ്പ് കുത്തുന്നു. യുക്തിയുള്ളവർ ഈ വിചാരങ്ങളെ അതിജീവിക്കുകയും അന്ധവിശ്വാസത്തെ പൊളിച്ചെഴുതുകയും ചെയ്യും. മനോബലം ഇല്ലാത്തവരിൽ ഇത് ജയിലിൽ കുടുങ്ങിയ പോലെ കുടുങ്ങി കിടക്കും.
ടിവി ചാനലിലും സോഷ്യൽ മീഡിയയിലും അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന അനേകം കാര്യങ്ങൾ ഉണ്ട്. ടിവിയിലെ രാശിഫലം അതിലൊന്നാണ്. മിക്ക സീരിയലിലും പുരോഗമനപരമല്ലാത്ത കഥകളാണ് ഹിറ്റായി ഓടുന്നത്. യുക്തിയ്ക്ക് നിരക്കാത്ത പ്രചാര വേലകൾ സോഷ്യൽ മീഡിയയിൽ ധാരാളം ഉണ്ട്. 100 പേർക്ക് ഈ മെസേജ് ഫോർവേഡ് ചെയ്‌തില്ലെങ്കിൽ നിങ്ങൾക്ക് 10 ദിവസത്തിനുള്ളിൽ അനർത്ഥം സംഭവിക്കും എന്നൊക്കെയുള്ള പോസ്റ്റുകളും ട്രോളുകളും സർവ്വസാധാരണമാണ്. നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ ഈ സന്ദേശം 100 പേരിൽ എത്തിക്കുക. അല്ലാത്ത പക്ഷം നിങ്ങൾക്ക് നാലുദിവസത്തിനുള്ളിൽ ദുരന്തം അനുഭവിക്കേണ്ടി വരും എന്നൊക്കെ പേടിപ്പിക്കുന്ന കാര്യങ്ങൾ വാട്സ്ആപ്പിലും മറ്റും പലർക്കും ലഭിക്കാറുണ്ട്. മിക്കവരും ഇതെല്ലാം ആശങ്കയോടെ ഫോർവേഡ് ചെയ്യാറുമുണ്ട്.
ഇന്ന നിറം, വസ്ത്രം ഇന്ന ദിവസം ധരിച്ചാൽ ആയുരാരോഗ്യവും ധനവും ഉണ്ടാവും എന്നൊക്കെ വിശ്വസിപ്പിച്ച് ആത്മീയക്കച്ചവടം പൊടിപൊടിക്കുന്ന വിശ്വാസികളാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്. സ്ത്രീകളെയാണ് അന്ധവിശ്വാസം കൂടുതലും പിടികൂടുക. വ്രതമെടുപ്പും നേർച്ചയും ഉരുളലും മറ്റും സ്ത്രീകളെ ആധുനികരാവുന്നതിൽ നിന്ന് വിലക്കാനുള്ള സംഗതികളായി തീരുന്നു.
മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം പറയാം. 13 വയസ്സുള്ള ഒരു പെൺകുട്ടിയെ കൊണ്ട് 68 ദിവസം വ്രതമെടുപ്പിച്ചു. ഉപവാസം എടുപ്പിച്ചത് കുടുംബ ബിസിനസ്സ് മെച്ചപ്പെടുത്താൻ വേണ്ടിയായിരുന്നുവത്രേ. പെൺകുട്ടി ശാരീരിക അസ്വസ്ഥത കാണിച്ചിട്ടും വ്രതം മുടക്കിയില്ല. ഫലമോ പെൺകുട്ടി മരണത്തിനു കീഴ്പ്പെട്ടു. ബിസിനസ്സ് എന്തായോ എന്തോ?
നിയമവിരുദ്ധം
നമ്മുടെ നാട്ടിൽ സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നിവയുമായി ബന്ധപ്പെട്ടു പോലും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കുന്നതും, ഭക്ഷണം കഴിക്കുന്നതും പൂജ ചെയ്യുന്നതും വഴിപാട് കഴിക്കുന്നതും പാടില്ലത്രേ. ചിലർ തൊഴിലിനുപോലും പോകാതെ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കും.
സൂര്യഗ്രഹണ സമയത്ത് വാരണാസിയിലും ഹരിദ്വാറിലും ഗംഗയിൽ സ്നാനം ചെയ്യാൻ ഭക്‌തന്മാരുടെ വൻതിരക്കാണ്. ഭക്‌തജനത്തിരക്ക് കണ്ടശേഷം ഒരു വിദേശ പത്രപ്രവർത്തകൻ പറഞ്ഞത് വളരെ പ്രസക്തമാണ്. “ഈ കൂട്ടായ്മ ശത്രുക്കളെ തുരത്താൻ ഉപയോഗിച്ചിരുന്നെങ്കിൽ ഈ ജനതയുടെ ജീവിതം എത്ര സുന്ദരമായേനെ” ഇങ്ങനെ വിശ്വാസത്തിന്‍റെ പേരിൽ തടിച്ചു കൂടുന്നത് നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ നാട് എന്നേ നന്നായി പോയേനെ. പുഴ വൃത്തിയാക്കാനോ പാലം പണിയാനോ വിശ്വാസികൾ ഒത്തു കൂടിയിരുന്നെങ്കിൽ! ഒന്ന് ആലോചിച്ചു നോക്കൂ…
കുഞ്ഞ് ജനിക്കുന്നതിനും വിവാഹത്തിനും ഗൃഹപ്രവേശത്തിനും ഭൂമി പൂജയ്ക്കും നല്ല മുഹൂർത്തം നോക്കുന്നവരാണ് ഭാരതീയർ. ഇതിനായി പൂജാരിയെയോ, പണിക്കരേയോ കാണാൻ പോകും. നല്ല ദിവസം നോക്കി ഭാര്യയുടെ സിസേറിയൻ ചെയ്യിക്കുന്ന ഭർത്തൃവീട്ടുകാരുണ്ട്. ആരാണ് ഈ ശുഭ മുഹൂർത്തം നിശ്ചയിക്കുന്നത് എന്ന് ചിന്തിക്കാത്ത വിദ്യാസമ്പന്നരാണ് ഈ ജനത. റോക്കറ്റ് വിക്ഷേപിക്കുമ്പോഴും തേങ്ങ ഉടയ്ക്കുന്നവർ!
വർണ്ണക്കല്ലുകൾ പതിച്ച മോതിരവും മാലയും അണിഞ്ഞാൽ നല്ലതു വരും എന്ന് വിശ്വസിക്കുന്നവർ അനേകരുണ്ട്. എന്തായാലും മുൻകാലങ്ങളെ അപേക്ഷിച്ച് അന്ധവിശ്വാസം കൂടി വരുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയയിലെ ചെയ്‌തികൾ കാണിക്കുന്നത്. ടിവിയിൽ വരുന്ന പരസ്യങ്ങളിൽ പലതും പാരമ്പര്യത്തിന്‍റെ പേരിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവ യാണ്.
വിശ്വാസികളുടെ ലോകം
മതത്തിന്‍റെ തലപ്പത്തിരിക്കുന്നവർ ഉണ്ടാക്കിയെടുക്കുന്ന ലോകമാണ് അന്ധവിശ്വാസത്തെ നിലനിർത്തുന്നത്. ഇത് അവരുടെ ലാഭത്തിന്‍റെ കച്ചവടമാണ്. അത് നിലനിർത്തി കൊണ്ട് പോവേണ്ടത് അവരുടെ സുഖജീവിത സൗകര്യങ്ങൾക്ക് ആവശ്യവുമാണ്. വിശ്വാസികളെ സൃഷ്ടിക്കുകയും അവരുടെ ചിന്തകളിലേയ്ക്ക് ഭയവും ആശങ്കയും നിറയ്ക്കുകയും അതിനു പരിഹാരം കാണാനായി പൂജകളും മന്ത്രങ്ങളും മന്ത്രവാദവും സൃഷ്ടിക്കുകയും ചെയ്യുന്നത് സാധാരണക്കാരല്ല.
മതത്തിന്‍റെയും ജാതിയുടെയും പേരിൽ പാരമ്പര്യം പറഞ്ഞ് അന്ധവിശ്വാസത്തെ ഊട്ടിഉറപ്പിക്കുന്നത് അമ്പലം, പള്ളി, ദേവാലയങ്ങൾ ഇവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർ തന്നെയാണ്. ഇതൊരു കേന്ദ്രീകൃത ബിസിനസ്സാണ്. മന്ത്രമോതിരം മുതൽ ഉണ്ണിയപ്പം വരെ ഭക്‌തിയുടെ പേരിൽ വിൽപ്പന നടത്തുന്നു. ധനമോഹനയന്ത്രം, സിദ്ധമാല, സിദ്ധമോതിരം, തിരുവോസ്തി, കണ്ണ് പറ്റാതിരിക്കാനുള്ള കല്ല്, പുണ്യജലം ഇങ്ങനെ പലതിന്‍റെയും പരസ്യം ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. സത്യത്തിൽ ഇത് നിയമം മൂലം നിരോധിക്കേണ്ടതാണ്.
അശാസ്ത്രീയമായ കാര്യം പറഞ്ഞ് ദുർബലമായ മനസ്സുള്ളവരെ പണത്തിനുവേണ്ടി ചൂഷണം ചെയ്യുന്നത് നിയമ വിരുദ്ധമാണ്.
ഡയൻ, ഭൂതപ്രേതങ്ങൾ, പിശാച് എന്നി കാര്യങ്ങൾ ഒക്കെ ദുർബലമായ മനസിന്‍റെ ചിന്തകളാണ്. അതും ചൂഷണം ചെയ്യപ്പെടുന്നു. ജീവിത വിജയത്തിനായി നഗ്നപൂജ നിർദ്ദേശിക്കുന്ന പൂജാരികളും മുല്ലാക്കമാരും സൂഫി ചമഞ്ഞു നടക്കുന്നവരും പള്ളി വികാരികളും ഉണ്ട്. ചെകുത്താൻ സേവ ചെയ്യുന്നവരും കുറവല്ല. ദോഷം നീങ്ങാൻ വേണ്ടി വാതിൽ പടിയിലും വണ്ടിയുടെ താഴെയും ചെറുനാരങ്ങ കെട്ടി തൂക്കുന്നവരുമുണ്ട്. ചിലർ വണ്ടിയുടെ ബോണറ്റിൽ വരെ മുളകും നാരങ്ങയും കെട്ടിത്തൂക്കും. ഇതൊക്കെ അപകടത്തിൽ പെടാതിരിക്കാനാണത്രേ. കാലം പോയ പോക്കേ…
രണ്ട് വിവാഹം ജീവിതത്തിൽ നടക്കുമെന്ന് ഭയന്ന് മരത്തെ കല്യാണം കഴിച്ച ശേഷം (മാല ചാർത്തും) വധുവിനു താലി ചാർത്തുന്ന മണ്ടന്മാരും ഉണ്ട്. പല സിനിമാനടന്മാരും ഇങ്ങനെ ചെയ്‌തവരാണ്. രണ്ടാം വിവാഹയോഗം ഒഴിവാക്കാൻ വേണ്ടിയാണിത്. അഭിഷേക് ബച്ചൻ ഇങ്ങനെ ചെയ്‌തത് വാർത്തയായിരുന്നു. ഇവരെല്ലാം ഇങ്ങനെ ചെയ്തത് ഏതെങ്കിലും ഒരു പുരോഹിതന്‍റെ നിർദ്ദേശപ്രകാരമായിരിക്കുമല്ലോ.
മതത്തിന്‍റെ പേരിൽ
ദൈവത്തിന്‍റെ പേരിലും മതത്തിന്‍റെ പേരിലും അന്ധവിശ്വാസം വളർത്തുന്നതിനെ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യമൊന്നും സാധാരണ ജനത്തിന് ബാധകമല്ല. അവരെ ഇങ്ങനെ വിശ്വസിപ്പിച്ച് ജീവിതം തന്നെ താറുമാറാക്കുന്നവർ സമൂഹത്തെ പിന്നോട്ടാണ് നയിക്കുന്നത്.
ഹൈദ്രബാദിൽ നടന്ന സംഭവം നോക്കൂ. 50 വയസുള്ള ഒരു എംബിഎകാരന് ഒരു സംശയം. തന്നോട് വിരോധമുള്ള ചില കുടുംബാംഗങ്ങൾ തനിക്കെതിരെ മന്ത്രവാദം പ്രയോഗിക്കുന്നുവെന്നും അതു കൊണ്ടാണ് തനിക്ക് പ്രമോഷൻ കിട്ടാത്തതെന്നും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി! ശത്രു ദോഷത്തിനും കണ്ണ് തട്ടാതിരിക്കാനും മന്ത്രവാദത്തിനും ആഭിചാരക്രിയയ്ക്കും പിറകെ പോകുന്നവർ അവരുടെ ജീവിതം വ്യർത്ഥമാക്കുകയാണ്. ഇത്രയും കാലമായി തങ്ങൾ ആർജിച്ച അറിവുകൾ ഒന്നും തന്നെ അവരെ രക്ഷിക്കുന്നില്ല.
മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയായ ഒരു പെൺകുട്ടി ഒരു പയ്യനുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ അമ്മയ്ക്ക് ഈ ബന്ധം ഇഷ്‌ടമായിരുന്നില്ല. അതുകൊണ്ടവർ പരിഹാരത്തിനായി ഒരു തന്ത്രിയെ സമീപിച്ചു. ശത്രു സംഹാരത്തിനായി പെൺകുട്ടിയുടെ അമ്മയുടെ പക്കൽ നിന്ന് പലപ്പോഴായി 500 രൂപ വച്ച് തന്ത്രി വാങ്ങിച്ചിരുന്നു. അവസാനം 2 ലക്ഷം വരെയായി. മാത്രമല്ല ആ സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചു.
മകളെ രക്ഷിക്കാൻ നടന്ന അമ്മ അന്ധവിശ്വാസത്താൽ അവരും വെട്ടിലായി എന്ന് പറഞ്ഞാൽ മതിയല്ലോ. തന്ത്രി ജപിച്ചു കെട്ടുന്ന ചരട് പെൺകുട്ടി വലിച്ചു പൊട്ടിച്ചു ദൂരെ കളഞ്ഞു. എന്നിട്ട് കാമുകനൊപ്പം ഇറങ്ങിപ്പോയി. ഇത്തരം സംഭവങ്ങൾ അനവധി പ്രബുദ്ധ കേരളത്തിലും നടക്കുന്നുണ്ട്.
വശീകരണ യന്ത്രം എന്ന ഒരു സൂത്രവുമായി ഇറങ്ങിയ കുറെ ദുർമന്ത്രവാദികൾ ഉണ്ട്. തട്ടിപ്പ് തന്നെ ലക്ഷ്യം. ഓൺലൈൻ വഴി കാശടച്ച് അപ്പോയിൻമെന്‍റ് ഒക്കെ എടുത്തിട്ടാണ് പലരും മന്ത്രാവാദിയെ കാണാൻ ചെല്ലുന്നത്. ഇര പണക്കാരാണെങ്കിൽ നന്നായി പിഴിഞ്ഞു വിടും.
അന്ധവിശ്വാസവും കൊലയും
ആധുനിക ഇന്ത്യയിലും ആഭിചാരക്രിയയുടെ പേരിൽ ബലി കൊടുക്കുന്നവരുമുണ്ട്. ജീവിതവിജയം നേടാനും മോക്ഷം കിട്ടാനും അമാനുഷിക ശക്തി കിട്ടുമെന്നുമുള്ള ചിന്തയാലും ബലി കഴിക്കുന്നവർ. സത്യം പറഞ്ഞാൽ മാനസിക രോഗമുള്ളവരാണ് ഇത്തരം കാര്യങ്ങളിൽ ചെന്ന് പെടുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെകുത്താൻ കൂടിയ പെണ്ണ് എന്നൊക്കെ മുദ്ര കുത്തി ആളുകൾ സ്ത്രീകളെ മർദ്ദിച്ച് കൊല്ലുന്ന കാഴ്ച ദാരുണമാണ്.
അന്ധവിശ്വാസം പ്രകടിപ്പിക്കുന്നതും അത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണെങ്കിലും പലപ്പോഴും അധികാരത്തിലിരിക്കുന്നവർ തന്നെ ഇതെല്ലാം നടപ്പിലാക്കുന്നു എന്നതാണ് ദുഃഖകരം. പല സംഘടനകളും അന്ധവിശ്വാസ നിർമ്മാർജ്‌ജനത്തിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മതത്തിന്‍റെ ഉള്ളിലുള്ള തൽപര കക്ഷികൾ എല്ലാം തുരങ്കം വയ്ക്കുന്നു. പല പ്രവർത്തകരേയും കൊലപ്പെടുത്താൻ വരെ അവർ മടിക്കുന്നില്ല. നരേന്ദ്ര ധബോൽക്കർ കൊല്ലപ്പെട്ടത് സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെ നിരന്തരം പോരാടിയതിന്‍റെ പേരിലാണ്.
മതത്തിന്‍റെയും ജാതി ആചാരങ്ങളുടെയും ജീർണ്ണിച്ച സംസ്കാരത്തിന്‍റെയും ഭാഗമായി നിൽക്കാനാണ് ജനകീയരായ പല ഭരണകർത്താക്കളും താൽപര്യം കാണിക്കുന്നത്. മതങ്ങളാണ് അധികാരത്തിന്‍റെ സിരാകേന്ദ്രം എന്ന് അറിയാവുന്നതിനാൽ അവരെ തളർത്തുന്ന യാതൊരു നടപടിയ്ക്കും ഭരണകൂടവും തയ്യാറാകാറില്ല. സമീപകാലത്ത് നാം കണ്ട പല സംഭവങ്ങളും ഉദാഹരണങ്ങളാണ്.
ഇതിനുപുറമേ രോഗശാന്തിക്കായി പ്രാർത്ഥനയും വ്രതവുമായി വിശ്വാസികളെ കൂട്ടുന്ന തരത്തിൽ മതത്തിന്‍റെ മുഖംമൂടി അണിഞ്ഞ ആൾദൈവങ്ങളും വളരുകയാണ്. അന്ധവിശ്വാസത്തിന്‍റെ വേരുകൾ അറുക്കാൻ ജനം ഉണരുക തന്നെ വേണം. അന്ധവിശ്വാസികളെ ഒറ്റപ്പെടുത്തണം.