ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ ഏകാന്തവാസത്തിന് പല കാരണങ്ങളുണ്ടാവാം. സമയത്ത് വിവാഹം നടക്കാതിരിക്കുക, ജീവിത യാത്രയ്ക്കിടയിൽ ഇടയ്ക്ക് എപ്പോഴോ പങ്കാളി വിട്ടുപോവുക, അതുമല്ലെങ്കിൽ വിവാഹമോചനം തുടങ്ങിയ ജീവിത സാഹചര്യങ്ങളിൽ സ്ത്രീയ്ക്ക് ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വരും. ഇത്തരത്തിൽ ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന സ്ത്രീകളെ സമൂഹം മറ്റൊരു കണ്ണോടു കൂടിയാവും കാണുക. സാധാരണ ഇത്തരം സ്ത്രീകൾ സ്വന്തം കുടുംബാംഗങ്ങളെ ആശ്രയിച്ച് കഴിയുന്നവരായിരിക്കും. എന്നാലിന്ന് സ്‌ഥിതിയാകെ മാറിയിരിക്കുന്നു. തനിച്ച് കഴിയുന്ന സ്ത്രീകൾ സ്വതന്ത്രരായി ആരെയും ഭയക്കാതെ സ്വയം പര്യാപ്തരായി ജീവിതം നയിക്കുന്നവരാണ്.

“ഏത് ബന്ധത്തിലുമെന്ന പോലെ ഭാര്യാഭർതൃബന്ധത്തിനും അതിന്‍റേതായ മഹത്വമുണ്ട്. എന്നു കരുതി അങ്ങനെയൊന്ന് ജീവിതത്തിലില്ലാല്ലോയെന്ന് കരുതി ജീവിതകാലം മുഴുവനും സങ്കടപ്പെട്ടും ടെൻഷനടിച്ചുമിരുന്നിട്ടെന്ത് കാര്യം? സത്യത്തിൽ ഈ ഏകാന്തയെന്നത് മനസ്സിന്‍റെ വെറും തോന്നൽ മാത്രമാണ്. അല്ലാതെ മറ്റൊന്നുമല്ല. മനുഷ്യനായി ജീവിക്കാനുള്ള വീണു കിട്ടിയ ഈ അവസരത്തെ സ്വന്തമിഷ്ടമനുസരിച്ച് സ്വതന്ത്രരായി ജീവിക്കാം.” കൊച്ചിയിലെ ഒരു സ്വകാര്യ മൾട്ടി നാഷണൽ കമ്പനിയിലെ അവിവാഹിതയായ 41കാരി മീനു പറയുന്നു.

“ഞാൻ സ്വയം പര്യാപ്തയാണ്. എന്‍റെയിഷ്ടമനുസരിച്ച് ഞാൻ ജീവിക്കുകയും ഭക്ഷണം കഴിക്കുകയും വസ്ത്രങ്ങൾ അണിയുകയും ചെയ്യുന്നു. വീട്ടിലെ ചില സാഹചര്യങ്ങൾ കൊണ്ട് എന്‍റെ വിവാഹം നടന്നില്ല. പക്ഷേ ഒരു ജീവിതപങ്കാളിയില്ലാത്തത് ഒരു കുറവായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. നേരെ മറിച്ച് വിവാഹം നടന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്രയും സ്വതന്ത്യ്രത്തോടെയും സന്തോഷത്തോടെയും എനിക്ക് ജീവിക്കാനാകുമായിരുന്നോ എന്നെനിക്ക് തോന്നാറുണ്ട്. ഇതുവരെ എനിക്ക് 8 പ്രൊമോഷനുകൾ കിട്ടിയിട്ടുണ്ട്. വിവാഹിതയായിരുന്നുവെങ്കിൽ തീർച്ചയായും കരിയറിൽ ഇത്രയധികം നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്നില്ല,” മീനു പറയുന്നു.

വിവാഹമോചനത്തെ തുടർന്ന് ജീവിതത്തിൽ അവിചാരിതമായുണ്ടായ ഏകാന്ത ജീവിതത്തെപ്പറ്റി കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപികയും 25 വയസ്സുകാരന്‍റെ മാതാവുമായ റീന മഹേശ്വർ പറയുന്നതിങ്ങനെ. “എന്ത് ഏകാന്തത? ഞാൻ സ്വയം പര്യാപ്തയാണ്. എനിക്ക് നല്ല വരുമാനമുണ്ട്. കുഴപ്പമില്ലാത്ത ജീവിത സാഹചര്യവുമുണ്ട്. മകനെ നല്ലവണ്ണം പഠിപ്പിച്ചു. അവനിപ്പോ മൾട്ടി നാഷണൽ ഓയിൽ കമ്പനിയിൽ എൻജിനീയറാണ്. എനിക്കിഷ്ടപ്പെട്ട ഭക്ഷണം ഞാൻ കഴിക്കുന്നു, തോന്നുമ്പോഴൊക്കെ എന്‍റെ കൂട്ടുകാരെയും കൂട്ടി യാത്ര പോകും. എന്‍റെ ഇഷ്‌ടങ്ങൾ മാത്രമുള്ള എന്‍റെ ജീവിതം. ഞാൻ ഒറ്റയ്ക്കായി പോയല്ലോയെന്ന വിചാരം. എനിക്ക് ഒരിക്കലുമുണ്ടായിട്ടില്ല. ഇല്ലാത്ത ഒന്നിനെപ്പറ്റി അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട ഒന്നിനെക്കുറിച്ച് ഓർക്കാൻ എന്‍റെ കയ്യിൽ സമയമില്ല. അതാണ് ബുദ്ധിപരമായ സമീപനവും ലൈഫ് മസ്റ്റ് ഗോ ഓൺ വിത്ത് ഓൾ ഇറ്റ്സ് റിച്ച്നസ്.” സർക്കാരുദ്യോഗസ്ഥയായിരുന്ന ഹിമ ( പേര് സാങ്കല്പികം) യുടെ ജീവിതാനുഭവം ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു.

ഹിമയുടെ ഭർത്താവിന്‍റെ ആകസ്മിക മരണമാണ് അവരെ ഏകാന്ത ജീവിതത്തിലേക്ക് നയിച്ചത്. അപ്പോൾ 48 വയസ്സുകാരിയായിരുന്ന അവർക്ക് 18 ഉം 14 ഉം വയസ്സുള്ള മകനും മകളുമുണ്ടായിരുന്നു. ആ നാളുകളെപ്പറ്റി ഹിമ ഓർക്കുന്നത് തന്നെ കഴിഞ്ഞു പോയ ഏതോ കഥ പോലെയാണ്.

“ഭർത്താവിന്‍റെ മരണശേഷം ജീവിതം കഠിനതരമായിരുന്നു. എന്ത് ചെയ്യണം എവിടെ നിന്ന് തുടങ്ങണം എന്നൊന്നും ഒരു പിടിയുമില്ല. ദിവസങ്ങളോളം ആരും കാണാതെ കുറെ കരഞ്ഞു. ഇങ്ങനെയാകരുതെന്ന് പെട്ടെന്നൊരു ദിവസം എനിക്ക് തോന്നി. ക്രമേണ ഞാൻ സ്വയം ജീവിതത്തെ മെരുക്കിയെടുത്തു. ഒരു പുരുഷന് ചെയ്യാവുന്നതിലപ്പുറം കാര്യങ്ങൾ നമുക്കും ചെയ്യാനാവുമെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഞാൻ അങ്ങേയറ്റം ശ്രദ്ധ പുലർത്തി. ഒപ്പം വീട്ടിലെ മറ്റ് കാര്യങ്ങളും ചെയ്‌തു. അവരെ കൂട്ടി ധാരാളം യാത്രകൾ പോയി. ഭർത്താവിനൊപ്പമുണ്ടായിരുന്ന ആ നാളുകളെക്കുറിച്ചുള്ള ഓർമ്മകൾ ഇടയ്ക്കൊക്കെവരാറുണ്ടെങ്കിലും ഒരിക്കലും ഒരു പുരുഷന്‍റെ അഭാവം എന്നെ അലട്ടിയിട്ടില്ല. ഇന്നെന്‍റെ മക്കൾ വളർന്നു. എന്‍റെ മകനിപ്പോൾ ഉയർന്ന സർക്കാരുദ്യോഗസ്‌ഥനാണ്. മകൾ അമേരിക്കയിലും ഞാനെന്‍റെ ജീവിതത്തിലിപ്പോൾ വളരെ സന്തുഷ്ടയാണ്. ജീവിതം എനിക്ക് അവസാനിക്കാത്ത അധ്യായം പോലെയാണിപ്പോഴും.”

ജീവിതത്തിലുണ്ടാകുന്ന ഏകാന്തതയെ കുറിച്ച് വ്യത്യസ്തങ്ങളായ വ്യഖ്യാനങ്ങളുണ്ടാകാം. “ഏകാന്തതയെന്നത് മനസ്സിന്‍റെ ഒരു തോന്നൽ മാത്രമാണ്. അല്ലാതെ മറ്റൊന്നുമല്ല. ജീവിത പങ്കാളിയും കുടുംബവുമൊക്കെയുണ്ടായിട്ടും ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട്. കുടുംബത്തിനു വേണ്ടി ഇവർ അഹോരാത്രം കഷ്ടപ്പെടുകയും കുടുംബാംഗങ്ങൾക്കു വേണ്ടി സന്തോഷിക്കുകയുമൊക്കെ ചെയ്യുമ്പോഴും ഇത്തരം സ്ത്രീകൾ ഏകാന്തയുടെയും അവഗണനയുടെയും കടുത്ത വ്യഥയനുഭവിക്കുന്നവരായിരിക്കും. തങ്ങളുടെ ഇഷ്‌ടങ്ങളും താൽപര്യങ്ങളും വേദനകളും മറ്റുള്ളവർ മനസ്സിലാക്കുന്നില്ലല്ലോയെന്ന കടുത്ത വ്യഥ അനുഭവിക്കുന്ന ഇത്തരക്കാർ കടുത്ത ഏകാന്തത അനുഭവിക്കുന്നവരല്ലേ? അതുകൊണ്ട് ഏകാന്തതയെന്നത് കേവലം തോന്നൽ മാത്രമാണ്.” എന്നാണ് മനഃശാസ്ത്രജ്ഞനായ നിധി പറയുന്നത്. ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന സ്ത്രീകൾ കൂടുതൽ നേട്ടമുണ്ടാകുന്നു

അവിവാഹിതരായ സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ, വിധവകൾ എന്നിവർക്കിടയിൽ നടത്തിയ ഒരു സർവ്വേയെക്കുറിച്ച് ഏതാനും നാൾ മുമ്പ് ഒരു ദിനപത്രത്തിൽ ലേഖനം അച്ചടിച്ച് വരികയുണ്ടായി. ആ ലേഖനം മുന്നോട്ടു വയ്ക്കുന്ന ചില നിരീക്ഷണങ്ങളിതാ:-

• വിവാഹിതരായി ജീവിതം നയിക്കുന്ന സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിതത്തിലെ എല്ലാ മേഖലയിലും വിജയം വരിക്കാൻ സ്വതന്ത്രമായ ജീവിത സാഹചര്യം വഴിയൊരുക്കിയെന്നാണ് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ 93 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നത്.

• ജീവിതപങ്കാളിയുടെ ആവശ്യകത വ്യർത്ഥമാണെന്ന് ചിന്തിക്കുന്നവരാണ് 65 ശതമാനം സ്ത്രീകൾ എന്ന് മാത്രമല്ല അവർക്ക് വിവാഹത്തോട് തീരെ താൽപര്യവുമില്ല.

• വിവാഹം ചെയ്യുന്നതിലുപരിയായി ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നതാണ് കൂടുതൽ നല്ലതെന്ന് വിശ്വസിക്കുന്നവരാണിവർ.

• ഒറ്റപ്പെടൽ എന്ന അവസ്‌ഥ അവർക്ക് ഒരിക്കലും തോന്നിയിട്ടില്ല. സ്വന്തമിഷ്ടമനുസരിച്ച് സാമൂഹിക – സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരാണ് അവർ. ആധുനികമായ എന്‍റർട്രെയിൻമെന്‍റ് സോണുകൾ അവർ കണ്ടെത്തുന്നു. യാതൊരു ടെൻഷനുമില്ലാതെ ഇഷ്ടം പോലെ ഉറങ്ങുകയും ചെയ്യുന്നു.

സർവ്വേ അനുസരിച്ച് ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകാന്ത ജീവിതം നയിക്കുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്.

സിംഗിൾ വുമൺ ട്രെന്‍റ്

 കഴിഞ്ഞ ദശകവുമായി താരതമ്യം ചെയ്യുമ്പോൾ ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകളുടെ സംഖ്യയിൽ 39 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ സാന്നിധ്യം പണ്ടു മുതലെയുണ്ട്. അവിടെ അവർ അവഗണിക്കപ്പെടുകയോ ഒറ്റപ്പെടലിന്‍റെ ഇരയാവുകയോ ചെയ്യുന്നില്ല. ഇന്ത്യൻ സമൂഹത്തിൽ ഒരു ദശകമായി ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകളുടെ അവസ്‌ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ അൾ ദി സിംഗിൾ ലേഡീസ് അൺമാരീഡ് വ്യുമൺ ആന്‍റ് ദി റൈസ് ഓഫ് ആൻ ഇൻഡിപെൻഡന്‍റ് നേഷൻ എന്ന പുസ്തകം എഴുതിയ റെബേക്ക ടെസ്റ്റർ പറയുന്നത് 2009 ന് ആനുപാതികമായി ഈ ദശകത്തിൽ ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതൽ ആണ്. അവര്‍ അവരുടെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു.

ഏകാന്ത ജീവിതം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ ജീവിത സാഹചര്യങ്ങളോ സ്വന്തമിഷ്ടപ്രകാരമോ ആണ്. ഏകാന്ത ജീവിതം നയിക്കാൻ ആത്മധൈര്യവും സ്വാശ്രയശീലവും അനിവാര്യമാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവില്ലെങ്കിൽ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്‌ഥയുണ്ടാകാം.

“ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. സ്വയം തെരഞ്ഞെടുത്ത ജീവിതത്തിൽ സന്തുഷ്ടയായിരിക്കുകയെന്നുള്ളതും പ്രധാനമാണ്.” മനഃശാസ്ത്രജ്ഞയായ നീത ശ്രീവാസ്തവ പറയുന്നു.

സിംഗിൾ വുമൺ – ചില ഗുണങ്ങൾ

 നിങ്ങളുടെ സമയം നിങ്ങളുടെ സ്വന്തം

വിവാഹിതരായ കൂട്ടുകാരുമൊത്ത് പ്രത്യേകിച്ച് കുട്ടികളുള്ളവരുമായി പുറത്ത് പാർട്ടിയ്ക്ക് പോകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അവർക്ക് ജീവിതത്തിൽ പല കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്‌തിട്ടു വേണം ഒന്ന് പുറത്തിറങ്ങാൻ. എന്നാൽ ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾക്ക് ഇത്തരം ആശങ്കകളൊന്നും വേണ്ട. തോന്നുന്ന സമയത്ത് തോന്നുന്ന സ്‌ഥലത്ത് പോകാം.

സ്വന്തം പണം

 ഒരു കുടുംബമായി ജീവിക്കുമ്പോൾ പണച്ചെലവ് മൊത്തത്തിലായിരിക്കും. എന്നാൽ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് പണച്ചെലവാക്കൽ മറ്റാരെയും ബാധിക്കുകയില്ല. ഇഷ്‌ടപ്പെട്ടത് എന്തും വാങ്ങാം.

സ്വയം തിരിച്ചറിയുന്നു

 ഏകാന്ത ജീവിതം നയിക്കുന്ന സ്ത്രീകൾ സ്വന്തം ജീവിതാവസ്‌ഥയിൽ നിങ്ങൾ ആരാണെന്ന് സ്വയം തിരിച്ചറിയുന്നു. സ്വന്തം ഇഷ്‌ടങ്ങളും അനിഷ്ടങ്ങളും എന്തെന്ന് അറിയുന്നു അതുപോലെ ജീവിതം എങ്ങനെ നയിക്കണം, മോറൽ കോഡ് എന്തായിരിക്കണം, സ്വന്തം ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ ഇവയൊക്കെ വ്യക്‌തമായി തിരിച്ചറിയുന്നു.

സ്വതന്ത്ര കരിയർ

 ജോലി പ്രധാനമാണെങ്കിൽ തീർച്ചയായും സ്വന്തം കരിയർ മെച്ചപ്പെടുത്താനുള്ള സുവർണ്ണാവസരം ഒരുങ്ങും. സമയ പരിമിതികളും മറ്റ് ടെൻഷനുകളൊന്നുമില്ലാതെ ഏറ്റവും മികച്ച പെർഫോമൻസ് കരിയറിൽ

യാത്ര 

ഏകാന്ത ജീവികൾക്ക് ഏറ്റവും നന്നായി ആസ്വദിക്കാവുന്ന ഒന്നാണ് യാത്ര. തോന്നുന്ന സമയത്ത് ട്രാവലിംഗ് ബാഗും റെഡിയാക്കി യാത്ര പുറപ്പെടാം. ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് റിസ്കാണെങ്കിൽ ട്രാവലിംഗ് ഗ്രൂപ്പുകളെയോ സമാന ചിന്താഗതിക്കാരായ യാത്രാ പ്രേമികൾക്കൊപ്പമോ യാത്ര ചെയ്യാം.

ഇഷ്‌ടമുള്ള ഹോബീസ്

സിനിമ കാണാ, സംഗീതം പഠിക്കാം, ഡാൻസ് ചെയ്യാം, മൂഡ് തോന്നുമ്പോൾ ഇഷ്‌ടം പോലെ പെയ്‌ന്‍റിംഗും ചെയ്യാം. ഇനി നല്ലൊരു പുസ്തകം വായിക്കണമെന്നുണ്ടെങ്കിൽ മറ്റുള്ള തിരക്കുകൾക്ക് അവധി നൽകി വീട്ടിലിരുന്ന് പുസ്തകം വായിക്കാം. സായംസന്ധ്യയിൽ കുന്നിൻ ചരുവിൽ അൽപസമയം ഒറ്റയ്ക്കിരിക്കണമെന്ന് തോന്നുകയാണെങ്കിൽ പോയി ഒറ്റയ്ക്കിരുന്ന് അസ്തമയ സൂര്യന്‍റെ സൗന്ദര്യം ആസ്വദിക്കാം. നല്ലൊരു ഷോപ്പിംഗ് മൂഡിലാണെങ്കിൽ ഉടനെതന്നെ മാളിൽ പോയി ഇഷ്ടം പോലെ ഷോപ്പിംഗും ആസ്വദിക്കാം. അങ്ങനെ ഏറ്റവും സുന്ദരമായി തന്നെ ജീവിതം നയിക്കാം.

और कहानियां पढ़ने के लिए क्लिक करें...