ഫ്രാൻസിന്‍റെ മധ്യഭാഗത്തുള്ള ബീച്ച് ടൗണായ നീസ്. ഫ്രഞ്ച് റിവേറിയയുടെ തലസ്‌ഥാനമാണ്. ധാരാളം ചരിത്രസ്മാരകങ്ങളും വലിയ പള്ളികളും റഷ്യൻ ഓർത്തഡോക്സ് കത്തീഡ്രല്ലും ഉള്ള മനോഹരമായ ഒരു കൊച്ചു സ്വർഗ്ഗം. ടൗണിന്‍റെ പ്രശാന്ത സുന്ദരമായ മധ്യഭാഗത്തായി സ്‌ഥിതി ചെയ്യുന്ന നെഗ്രസ്കോ കഫറ്റേരിയയിൽ ഇരുന്ന് കൊച്ചു വർത്തമാനങ്ങളിൽ മുഴുകി ഈവയും ജാവേദും ആവി പറക്കുന്ന കോഫിയുടെ രുചിയാസ്വദിച്ചു കൊണ്ടിരുന്നു.

വൈരക്കലുകൾ പോലെ തിളങ്ങുന്ന ഈവയുടെ കണ്ണുകളിൽ അവൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകളിൽ ഊറി വരുന്ന ആകുലതയിൽ അവൻ അസ്വസ്ഥനാണ്.

ഈവ ജാവേദിന്‍റെ വിരലുകളെ സ്പർശിച്ചു, “ജാവേദ്, നീയൊരു കാര്യം പ്രോമിസ് ചെയ്യാമോ? തെറ്റായ ഒരു കാര്യവും ചെയ്യില്ലെന്ന്.”

“ഈവ, ഞാനാകെ അസ്വസ്ഥനാണ്. എന്‍റെയുള്ളിൽ എന്തോ തിളച്ചു മറിയുന്നതുപോലെ. ഞാൻ കുറേ അപമാനം സഹിച്ചവനാണ്. എന്തോ നീചജീവിയാണെന്ന മട്ടിലാണ് ആളുകൾ എന്നെ നോക്കുന്നത്. ഞാനിപ്പോൾ കുറേ മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു… ഇനി പിന്തിരിഞ്ഞ് നടക്കാനാവില്ല.”

“ഇല്ല ജാവേദ്, നിനക്കറിയില്ലേ… നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. നീ പിടിക്കപ്പെട്ടാൽ എന്താ സംഭവിക്കുന്നതെന്ന് അറിയാമല്ലോ? നിന്നെ ആ നിമിഷം തന്നെ അവർ ഇല്ലാതാക്കും.”

“ങ്ഹാ ശരിയാണ്… എനിക്ക് സമ്മതമാണ്. എന്തിനാണിവർ എന്‍റെ രൂപത്തെ ഇത്രയും അവജ്ഞയോടെ നോക്കുന്നത്?”

നിസ്സഹായയായ ഈവ അവനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. തനിക്ക് അവനോടുള്ള കടുത്ത പ്രണയത്തെപ്പറ്റിയും ഭാവിയിലേക്ക് സ്വരുക്കൂട്ടിയ സ്വപ്ങ്ങളെക്കുറിച്ചും അവൾ ജാവേദിനോട് ആവർത്തിച്ചു കൊണ്ടിരുന്നു. പക്ഷേ ജാവേദ് തീവ്രവാദത്തിന്‍റെ വഴിയിൽ ഏറെ മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞിരുന്നു.

ജാവേദ് അക്ഷമയോടെ വാച്ചിലേക്ക് നോക്കി. “ഈവ, എനിക്ക് പോകണം. ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്. ആദ്യമായിട്ടാണ് ഞാനൊരു ദൗത്യം ഏറ്റെടുക്കാൻ പോകുന്നത്. എന്ത് സംഭവിച്ചാലും അതെനിക്ക് ഭംഗിയായി നിറവേറ്റണം. വൈകുന്നേരം സമയം കിട്ടുകയാണെങ്കിൽ കാണാം.” ഓർവോർ… ഫ്രഞ്ച് ഭാഷയിൽ ജാവേദ് അവളോട് യാത്ര പറഞ്ഞ് തിടുക്കപ്പെട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു മറഞ്ഞു.

ഈവ കടുത്ത നിരാശയോടെ ജാവേദ് നടന്നു നീങ്ങിയ വഴിയിലേക്ക് നോക്കിയിരുന്നു. അവളുടെ സുന്ദരമായ കണ്ണുകളിൽ നിന്നും കണ്ണുനീർ മുത്തുകളായി നിലത്ത് വീണ് ചിതറി. അവളുടെ പ്രതീക്ഷകൾ പോലെ…

ഈവ നെഗ്രീസ്ക്കോ ഹോട്ടലിൽ തന്നെ ഹോസ്‌പ്പിറ്റാലിറ്റി ഇൻചാർജ്‌ജാണ്. ജാവേദിന്‍റെ ഉറച്ച വാക്കുകൾ കേട്ട് വിങ്ങിയ മനസ്സുമായി അവൾ ജോലിയിൽ മുഴുകാൻ ശ്രമിച്ചുവെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. ഒടുക്കം അവൾ കൂട്ടുകാരി കേരയോട് എന്തോ കാരണം പറഞ്ഞ് അൽപസമയത്തേക്ക് പുറത്തേക്ക് ഇറങ്ങി.

ഹോട്ടലിന് പിന്നിലുള്ള വഴിയിലൂടെ നടന്ന് അവൾ ബീച്ചിലെത്തി. വവൈദ് എതാദ്യൂനിസ് ബീച്ചിലെ ഇരിപ്പിടത്തിൽ കുട്ടികൾ കളിക്കുന്നതും നോക്കിയിരുന്നു. കുട്ടികൾ മതിമറന്ന് കളിച്ചുല്ലസിക്കുന്നുണ്ട്. അവർ ഇടയ്ക്ക് ബീച്ചിൽ പറന്നുപൊങ്ങി നടന്ന ബലൂണുകൾക്ക് പിന്നാലെ പാഞ്ഞു. ചിലപ്പോൾ മണലിൽ കിടന്നുരണ്ടു.

ഈവ ജാവേദിനെപ്പറ്റി തന്നെ ഓർത്തു കൊണ്ടിരുന്നു. ജാവേദുമായുണ്ടായ ആദ്യ കൂടിക്കാഴ്ച. രണ്ട് വർഷം മുമ്പ് ഏലിയാസ് റിവേറിയാ സ്റ്റേഡിയത്തിൽ നടന്ന ഒരു ഫുട്ബോൾ മാച്ച് കാണാൻ പോയപ്പോഴാണ് ജാവേദിനെ ആദ്യമായി അവൾ കാണുന്നത്.

ജാവേദിന്‍റെ ഇരിപ്പിടം അവളുടെ ഇരിപ്പിടത്തിന് തൊട്ടടുത്തായിരുന്നു. രണ്ടുപേരും ഇഷ്‌ട ടീമിനെ ആർപ്പുവിളിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ടീം അടിക്കുന്ന ഓരോ ഗോളിലും ഇരുവരും ആഹ്ലാദിച്ചു. ഇടയ്ക്ക് അവർ പരസ്‌പരം നോക്കി പുഞ്ചിരിച്ചു.

ഒടുവിൽ ടീം ജയിച്ച സന്തോഷത്തിൽ ഇരുവരും ചാടിയെഴുന്നേറ്റ് മതിമറന്ന് പരസ്‌പരം കെട്ടിപ്പിടിച്ചു. കുറച്ച് കഴിഞ്ഞ് പരിസരബോധം വന്നപ്പോൾ തങ്ങളുടെ ചെയ്‌തിയെയോർത്ത് ഇരുവർക്കും ചിരിപൊട്ടി.

നിമിഷനേരം കൊണ്ട് അവർ നല്ല സുഹൃത്തുക്കളായി മാറി. സൗഹൃദം ക്രമേണ പ്രണയമായി വളർന്നു. അവർ പരസ്പരം ജീവനു തുല്യം സ്നേഹിച്ചു.

ജാവേദ് എംബിഎ ചെയ്യാനാണ് ബംഗ്ലാദേശിൽ നിന്നും ഫ്രാൻസിൽ എത്തിയത്. ഫുട്ബോളിന്‍റെ കടുത്ത ആരാധകനുമായിരുന്നു. ഒരിക്കൽ അവൻ അതിനെപ്പറ്റി ഈവയോട് കളിയായി പറഞ്ഞിട്ടുമുണ്ട്.

“ഞാൻ പഠിക്കാനൊന്നുമല്ല വന്നത്, ഫുട്ബോൾ മാച്ച് കാണാനാ”

നാട്ടിൽ കോളേജ് ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു ജാവേദ്. പഠനത്തിൽ അതിസമർത്ഥൻ. സൗമ്യവും ആകർഷകവുമായ വ്യക്‌തിത്വത്തിനുടമയായ ജാവേദിനെ ഒറ്റനോട്ടത്തിൽ തന്നെ ആരും ഇഷ്‌ടപ്പെട്ടു പോകുമായിരുന്നു.

അവന്‍റെ ഈ സ്വഭാവഗുണങ്ങളാണ് ഈവയേയും അവനിലേക്ക് ആകർഷിച്ചത്. അവൾ അവനെ പ്രാണനെപ്പോലെ സ്നേഹിച്ചു. പഠനശേഷം ജാവേദിന് ജോലി കിട്ടുമ്പോൾ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്‌തു.

ജാവേദ് ഒരിക്കൽ അവളോട് പറയുകയും ചെയ്‌തിരുന്നു, “എന്‍റെത് ഒരു യാഥാസ്‌ഥിതിക കുടുംബമാണ്. ഒരു ഫ്രഞ്ച് പെൺകുട്ടിയെ മരുമകളാക്കാൻ അവർ ഒരിക്കലും സമ്മതിക്കില്ല. പക്ഷേ നിന്‍റെ സ്നേഹത്തിനു വേണ്ടി അവരുടെ എതിർപ്പ് ഞാൻ സഹിച്ചു കൊള്ളാം.”

ജാവേദിന്‍റെ ഹൃദയം തനിക്കു വേണ്ടി തുടിക്കുന്നതറിഞ്ഞ് ഈവ അവനെ ഇറുകെ പുണർന്നു. ജാവേദ് ഫ്രഞ്ച് ക്ലാസിൽ പോയി ഇതിനോടകം ഫ്രഞ്ച് ഭാഷയും നന്നായി പഠിച്ചു കഴിഞ്ഞിരുന്നു. ഈവയാകട്ടെ ജാവേദിൽ നിന്നും അൽപസ്വൽപം ഹിന്ദിയും പഠിച്ചു എടുത്തു. പക്ഷേ പ്രണയത്തിന് ദേശവും ഭാഷയും ജാതിയും നിറവുമൊന്നും അറിയില്ലല്ലോ.

ഉദാത്തമായ പ്രണയം ഇവയ്ക്കെല്ലാം അപ്പുറമായിരിക്കും. പരസ്പരമുള്ള ഭാഷയും, സംസ്ക്കാരവും, ശീലങ്ങളും ഒക്കെ ഉൾക്കൊണ്ട് അവർ തീവ്രമായി പ്രണയിച്ചു കൊണ്ടിരുന്നു.

പക്ഷേ… ഇപ്പോൾ ജാവേദിലുണ്ടായ ഈ മാറ്റം അവളെ വല്ലാതെ വേദനിപ്പിക്കുന്നു. അവൾ ഊണും ഉറക്കവും ഉപേക്ഷിച്ച് അതേപ്പറ്റി ഓർത്തു. തന്‍റെയുള്ളിൽ ഊറിക്കൂടുന്ന വേദനയെപ്പറ്റി അവൾക്ക് ആരുമായും പങ്കുവയ്‌ക്കാനും കഴിഞ്ഞിരുന്നില്ല. അതിന് കാരണം അവൾ ഈ ലോകത്ത് അനാഥയായിരുന്നുവെന്നതാണ്. അവൾക്കുണ്ടായിരുന്ന ഒരേയൊരു സുഹൃത്തിനോടാകട്ടെ അവൾക്കത് പറയാനും കഴിഞ്ഞിരുന്നില്ല.

കോളേജിൽ പലപ്പോഴും വർണ്ണ വിവേചനത്തിന് ഇരയാകേണ്ടി വന്നതിനാൽ അവന്‍റെയുള്ളിൽ അപമാനത്തിന്‍റെ കനൽ എരിഞ്ഞു കൊണ്ടിരുന്നു. ആ അപമാനം അവനെ പ്രതികാരദാഹിയാക്കി മാറ്റിയിരുന്നു. അവന്‍റെയുള്ളിൽ തിളച്ചു മറിയുന്ന ലാവയെപ്പറ്റി മനസ്സിലാക്കാൻ ഈവയ്ക്കും പെട്ടെന്നു കഴിഞ്ഞിരുന്നില്ല.

അറിഞ്ഞു തുടങ്ങിയപ്പോഴാകട്ടെ ഏറെ വൈകി കഴിഞ്ഞിരുന്നു. ജാവേദ് പറഞ്ഞ ഓരോ കാര്യവും ഈവ കൃത്യമായി ഓർത്തെടുത്തു. വളരെ സത്യസന്ധനും സമാധാന പ്രിയനുമായ ചെറുപ്പക്കാരനായിരുന്നു ജാവേദ്. സ്വന്തം ജോലിയോട് അവൻ അങ്ങേയറ്റം പ്രതിബദ്ധത പുലർത്തിയിരുന്നു.

ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്ന ലക്ഷ്യത്തോടെയാണ് അവൻ ഫ്രാൻസിൽ എത്തിയത്. അവന്‍റെ മുന്നിൽ രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്ന് നല്ലൊരു ഭാവിയുണ്ടാക്കുക. മറ്റൊന്ന് മികച്ചൊരു ഫുട്ബോളർ ആകുക. ഇത് രണ്ടും അവന്‍റെ ഏറ്റവും വലിയ മോഹമായിരുന്നു. എന്നാൽ വർണ്ണവിവേചനമായി ബന്ധപ്പെട്ട് 1-2 സംഭവങ്ങൾ അവന്‍റെ ഉള്ളുലച്ചു കളഞ്ഞിരുന്നു.

കോളേജിൽ പഠിക്കുന്ന സമയത്ത് ഫുട്ബോൾ മാച്ചിൽ അവന്‍റെ മികച്ച പെർഫോമൻസിനെ കോച്ച് മാർട്ടിൻ എപ്പോഴും പുകഴ്ത്തിയിരുന്നു. പക്ഷേ ടീം സെലക്ഷൻ വന്ന സമയത്ത് ജാവേദിന്‍റെ പേര് എങ്ങുമുണ്ടായിരുന്നില്ല.

അവൻ അതിന്‍റെ കാരണത്തെപ്പറ്റി അന്വേഷിച്ചപ്പോൾ അധികൃതർ നൽകിയ മറുപടി കേട്ട് അവൻ ശരിക്കും ഞെട്ടിപ്പോയി. “ഞങ്ങളുടെ ടീമിൽ കളിക്കുന്നതിനെപ്പറ്റി നിനക്ക് സ്വപ്നം കാണാൻ പോലും യോഗ്യതയില്ല.”

അതോടൊപ്പം ഉയർന്ന പരിഹാസത്തിന്‍റെ പൊട്ടിച്ചിരി അവനെ അപമാനിതനാക്കി.

അതിനു ശേഷം കോളേജിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയുമ്പോഴൊക്കെ സഹപാഠികളും അധ്യാപകരും അവനെ പരിഹസിച്ച് ചിരിക്കുന്നത് പതിവായി. ബംഗ്ലാദേശ് എന്ന പീറ രാജ്യത്തു നിന്നും വരുന്ന വിദ്യാർത്ഥികൾ അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു അവരുടെ പരിഹാസം.

അവൻ പതിയെ പതിയെ വർണ്ണ വിവേചനത്തിന് ഇരയായി കൊണ്ടിരുന്നു. അതോടെ അവൻ ഫേസ്ബുക്കിൽ അതിനെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള സ്റ്റാറ്റസുകൾ ഇടാൻ തുടങ്ങി. “ ലൈഫ് ഈസ് നോട്ട് ഈസി, നിങ്ങളുടെ വ്യക്‌തിത്വം നിങ്ങളിലുള്ള ഗുണങ്ങൾ കൊണ്ടല്ല നിങ്ങളുടെ ജാതി, മതം, നിറം എന്നിവ കൊണ്ടാണ് തിരിച്ചറിയപ്പെടുന്നത്.” ഇങ്ങനെയുള്ള ധാരാളം സ്റ്റാറ്റസുകളിലൂടെ അവന്‍റെ ഉള്ളിൽ നിറയുന്ന വേദനയുടെ ആഴവും തീവ്രതയും കൂടിക്കൊണ്ടിരുന്നു.

ഇത്തരത്തിലുള്ള വിദ്വേഷം വമിക്കുന്ന സ്റ്റാറ്റസുകൾ വായിച്ചിട്ടാകാം സമാനമനസ്ക്കരായ പലരും അവനുമായി സമ്പർക്കം പുലർത്തുന്നത് പതിവായി. അതോടെ ജാവേദിന് പുതിയ കുറെ ബന്ധങ്ങൾ ഉണ്ടായി. ഭീകരവാദ പ്രവർത്തനങ്ങളിൽ ജാവേദ് പതിയെ പതിയെ ഭാഗമായിക്കൊണ്ടിരുന്നു.

ഈവ അവന്‍റെ ഓരോ ചലനങ്ങളും അറിഞ്ഞിരുന്നു. അവൾ ഏറെ ഭയപ്പെട്ടു. അവളൊരിക്കൽ ജാവേദിനോട് അതേപ്പറ്റി പറയുക വരെ ചെയ്‌തു.

“ജാവേദ്, എനിക്ക് നിന്‍റെയൊപ്പം ജീവിക്കണം. നിനക്ക് ഇവിടെ താമസിക്കാൻ സാധ്യമല്ലെങ്കിൽ നമുക്ക് നിന്‍റെ നാട്ടിൽ പോയി ജീവിക്കാം. എനിക്ക് നിന്നെ നഷ്ടപ്പെടാൻ കഴിയില്ല. ഞാൻ അവിടെ നിന്‍റെ കുടുംബത്തോടൊപ്പം കഴിഞ്ഞു കൊള്ളാം.” ഈവ കരഞ്ഞു കൊണ്ടിരുന്നു.

“വേണ്ട ഈവ, എന്‍റെ മാതാപിതാക്കൾ ഒരിക്കലും നിന്നെ സ്വീകരിക്കില്ല. നീ സങ്കടപ്പെടുന്നത് എനിക്ക് കാണാനാവില്ല. എനിക്ക് ഇവിടെ തന്നെയാണ് ഇഷ്‌ടം.”

“പക്ഷേ ജാവേദ്, നീ ഈ അപകടം പിടിച്ച വഴിയിലൂടെ നടക്കുന്നത് കാണുമ്പോൾ എനിക്ക് പേടിയാവുന്നു?”

“ഇത് തെറ്റായ വഴിയല്ല… എന്‍റെ മതത്തെ നീചവും പരിഹാസ്യവുമായി കാണുന്നതിനെതിരെ എന്തെങ്കിലും ചെയ്‌തേ പറ്റൂ. എങ്കിലെ ഞങ്ങൾക്ക് ഞങ്ങളുടെ അഭിമാനം രക്ഷിക്കാനാവൂ.”

“ഈ വഴിയിലൂടെ സഞ്ചരിച്ചിട്ട് നിങ്ങൾക്കൊന്നും കിട്ടാൻ പോകുന്നില്ല. നഷ്ടം നമ്മൾക്കു തന്നെയാവും. നമ്മളാണെങ്കിൽ ജീവിതം തുടങ്ങിയിട്ടു പോലുമില്ല. നമുക്ക് കുറേ സ്നേഹിക്കണ്ടേ… കുടുംബം ഉണ്ടാകണ്ടേ. ഇനി എത്രയോ മാച്ചുകൾ നമ്മൾ ഒരുമിച്ച് കാണാനിരിക്കുന്നു. ഇപ്പോൾ നമ്മളൊന്നും ആയിട്ടില്ലല്ലോ.”

പക്ഷേ ഈവ പറഞ്ഞതൊന്നും കേൾക്കാൻ ജാവേദ് തയ്യാറായിരുന്നില്ല. അവൻ ബ്രെയിൻവാഷ് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. തീവ്രവാദത്തിന്‍റെ വഴിയിൽ സഞ്ചരിക്കാൻ അവൻ പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞിരുന്നു. നിലവിളികളുടേയും രക്‌തച്ചൊരിച്ചിലുകളുടേയും മൃതശരീരങ്ങളുടേയും ലോകത്തേക്ക് അവൻ പൂർണ്ണമായും ഇറങ്ങിക്കഴിഞ്ഞിരുന്നു…

വൈകുന്നേരം ജാവേദ് ഈവയെ കാണാനെത്തിയപ്പോൾ ഈവ പരിഭ്രാന്തിയോടെ അവനെ ഇറുക്കെ പുണർന്ന് കരയാൻ തുടങ്ങി. ഈവയുടെ മനസ്സ് നിറയെ അവനെക്കുറിച്ചുള്ള ആശങ്കയായിരുന്നു.

ജാവേദ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഈവ, എനിക്ക് ഗുഡ്‍ലക്ക് ആശംസിക്കൂ. ഇന്ന് ഞാൻ ഒരു ദൗത്യത്തിന് പുറപ്പെടുകയാണ്.”

“എന്ത് ജോലി? എവിടെയാണ്?”

“ബാസ്റ്റിൽ ഡേ പരേഡിലേക്ക് ഒരു ട്രക്കുമായി ഞാൻ പോവുകയാണ്?

“എന്തിനാ? എന്ത് ചെയ്യാനാണ്?”

“ഒന്നിനുമല്ല, വെറുതെ തിരക്കിലേക്ക് ഡ്രൈവ് ചെയ്യാൻ.” ജാവേദ് നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.

ഈവ പൊട്ടിക്കരഞ്ഞു,“ ജാവേദ് നിനക്ക് ഭ്രാന്തു പിടിച്ചോ? എത്രയോ പേരുടെ ജീവനാകും നഷ്‌ടപ്പെടുക? ഇല്ല നീയത് ചെയ്യില്ല… എന്നെയോർത്തെങ്കിലും,” ഈവ കരഞ്ഞു കൊണ്ട് മുട്ടുകുത്തിയിരുന്ന് അവന്‍റെ കാലുകളിൽ ഇറുക്കിപ്പിടിച്ചു.

ജാവേദ് ഇത്രയും അപകടം പിടിച്ച ഒരു കാര്യം ചെയ്യുമെന്ന് ഈവ ഒട്ടും വിശ്വസിച്ചിരുന്നില്ല. അവൻ മുമ്പും പല തവണ മരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. താനൊരു ചാവേറായി പ്രവർത്തിക്കുമെന്ന് അവൻ ഇടയ്ക്കിടെ അവളോട് പറയുമായിരുന്നു. മറ്റ് ചിലപ്പോൾ സ്വയം വെടിവച്ചു മരിക്കുമെന്ന് പറഞ്ഞ് അവൻ ഭീഷണി മുഴുക്കുമായിരുന്നു. പക്ഷേ അടുത്ത ദിവസങ്ങളിൽ അവൻ വളരെ ശാന്തനാകും. താൻ പറഞ്ഞ കാര്യങ്ങൾ ഏറ്റ് പറഞ്ഞ് അവളോട് ക്ഷമ യാചിക്കും. പക്ഷേ ഇപ്പോൾ

“സോറി ഈവ… ജീവനോടെയുണ്ടെങ്കിൽ തീർച്ചയായും നിന്നെ കാണാൻ വരും.”

“വേണ്ട ജാവേദ്… നീ പോകരുത്. നിന്‍റെ ഈ ക്രൂരമായ തമാശ അവസാനിപ്പിക്കൂ.” ഈവ താണുകേണപേക്ഷിച്ചു.

ഈവയെ എഴുന്നേൽപ്പിച്ച് അവളുടെ ചുണ്ടുകളിൽ ചുംബിച്ച ശേഷം ജാവേദ് അവളെ ഇറുക്കെ പുണർന്നു. ഇരുവരും വിതുമ്പി കരഞ്ഞു.

ഒടുവിൽ ഉറച്ച മനസ്സോടെ ജാവേദ് ഈവയെ തന്നിൽ നിന്നും അടർത്തി മാറ്റിയിട്ട് ഉറച്ച കാലടികളോടെ തിടുക്കപ്പെട്ട് നടന്നകന്നു.

ഈവ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ വിളിച്ചു. “ജാവേദ്, നിൽക്കൂ. രാത്രിയിൽ ഞാൻ നിന്നെ കാത്തിരിക്കും… ജാവേദ്,”

ഈവ തകർന്ന മനസ്സോടെ നിലത്തിരുന്ന് കരഞ്ഞു. അടുത്ത നിമിഷം അവൾ എന്തോ ആലോചിച്ച് ഉറപ്പിച്ച ശേഷം സ്വയം കരച്ചിലടക്കി.

ജാവേദിനെ തടഞ്ഞേ പറ്റൂ. എന്നോടുള്ള സ്നേഹത്തെ മറികടന്ന് അവന് ആരെയെങ്കിലും കൊന്നൊടുക്കാൻ പറ്റുമോ? ഇല്ല, ഞാനിവിടെ നിശബ്ദയായി ഇരുന്നു കൂടാ. എന്തെങ്കിലും ചെയ്‌തേ പറ്റൂ. എന്‍റെ സ്നേഹം തോറ്റ് മടങ്ങികൂടാ.

ജാവേദിനെ നാശത്തിന്‍റെ വഴിയിൽ നിന്നും രക്ഷിച്ചേ പറ്റൂ. അവന് എന്നെ കണ്ടുകൊണ്ട് മുന്നോട്ട് പോകാനാവില്ല. ട്രക്ക് ജനക്കൂട്ടത്തിന് നേർക്ക് ഓടിച്ച് കയറ്റണമെന്നാണല്ലോ ജാവേദ് പറഞ്ഞിരിക്കുന്നത്.

ജൂലൈ 14 നാണ് ഫ്രാൻസിലെ ദേശീയ ദിനമായ ബാസ്റ്റിൽ ഡേ ആഘോഷിക്കുന്നത്. അന്നേ ദിവസം യൂറോപ്പിലെ ഏറ്റവും വലിയ മിലിറ്ററി പരേഡും നടക്കും.

ആ ദിനമെത്തിയതോടെ നിരത്തുകൾ ജനക്കൂട്ടം കൊണ്ട് നിറഞ്ഞു. ആബാല വൃദ്ധം ജനങ്ങൾ ആഘോഷദിനത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് വീക്ഷിക്കുകയായിരുന്നു.

അന്ന് രാത്രി ജാവേദ് ഈവയുടെ അടുത്തെത്തിയില്ല. അന്ന് നടക്കാനിരിക്കുന്ന അപകടത്തെക്കുറിച്ച് പോലീസിനെ അറിയിക്കാനുള്ള ധൈര്യവും അവൾക്കുണ്ടായിരുന്നില്ല. അഥവാ പറഞ്ഞാൽ അവൾക്ക് മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും.

ഒരു പക്ഷേ ജാവേദ് തന്നെ ഭയപ്പെടുത്തുന്നതായിരിക്കും. അവനതിന് കഴിയില്ല. എന്നാലും ജാവേദ് പറഞ്ഞ സ്ഥലത്തേക്ക് ഈവ ചെന്നു. ജാവേദിനെ അവൾ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫായിരുന്നു. ആൾകൂട്ടത്തിനിടയിൽ ജാവേദിനെ കാണാനാവും എന്ന പ്രതീക്ഷിയിലായിരുന്നു അവൾ.

പെട്ടെന്ന് ആൾക്കൂട്ടത്തിന് നേരെ ചീറിപ്പാഞ്ഞുവരുന്ന ഒരു ട്രക്കിലേക്ക് അവൾ നോക്കി. ജാവേദ്! അവളൊരു നിമിഷം സ്തബ്ധയായി നിന്നു.

ജാവേദിനെ തടയാൻ ഒരു ബൈക്കുകാരൻ അലറി വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ട്രക്ക് നിന്നില്ല. പക്ഷേ, അവൾ മറ്റൊന്നും ചിന്തിക്കാതെ ഓടി ട്രക്കിന് മുന്നിൽ വന്നു നിന്നു.

ട്രക്കിന് മുന്നിൽ കൈ വിടർത്തി നിൽക്കുന്ന ഈവയെ കണ്ട് ഒരു നിമിഷം ജാവേദിന്‍റെ കൈ വിറച്ചു. അവൾ കരയുകയായിരുന്നു. അവളുടെ കാലുകൾ വിറച്ചു കൊണ്ടിരുന്നു.

പക്ഷേ ജാവേദ് താൻ ഏറ്റെടുത്ത ദൗത്യത്തെക്കുറിച്ച് ഓർത്തു. അവന്‍റെ മനസ്സിന് ഭ്രാന്തു പിടിച്ച പോലെയായിരുന്നു. അവൻ ട്രക്കിന്‍റെ സ്പീഡ് കുറച്ചില്ല. അത് ഈവയേയും ഒപ്പം മറ്റ് കുറേ പേരെയും ഇടിച്ചു തെറിപ്പിച്ച് കൊണ്ട് മുന്നോട്ട് കുതിച്ചു.

നിമിഷനേരം കൊണ്ട് പോലീസ് ജാവേദിനെ വെടിവച്ചിട്ടു. അവിടം യുദ്ധക്കളം പോലെയായി. ചുറ്റും നിലവിളിയും ആർത്ത നാദങ്ങളും! പരിക്കേറ്റവർ രക്‌തത്തിൽ കിടന്ന് പുളഞ്ഞു. രക്‌തത്തിൽ മുങ്ങി കിടക്കുന്ന ശവശരീരങ്ങൾ.

രക്ഷപ്പെട്ടവർ കുഞ്ഞുങ്ങളേയും എടുത്തു കൊണ്ട് ചുറ്റിലും ചിതറിയോടുന്നുണ്ട്. വയസ്സായവരും കുട്ടികളും ചെറുപ്പക്കാരുമൊക്കെ പ്രാണരക്ഷാർത്ഥം തലങ്ങും വിലങ്ങും ഓടി. എങ്ങും നിലവിളി മാത്രം.

ഈവയും ജാവേദും ഈ ലോകത്ത് നിന്നും വിട പറഞ്ഞു കഴിഞ്ഞിരുന്നു. തീവ്രവാദത്തിന്‍റെ ക്രോധാഗ്നിയിൽ വീണ്ടും ഒരിക്കൽ കൂടി സ്നേഹം തോറ്റുപോയി.

ചുറ്റിലും ചിതറിയ സ്വപ്നങ്ങൾ, പ്രതീക്ഷകൾ നിലയ്‌ക്കുന്ന ശ്വാസങ്ങൾ, ജീവനു വേണ്ടി പിടയുന്നവർ… പേടിപ്പെടുത്തുന്ന കാഴചകളായിരുന്നു. വിടരാൻ കൊതിച്ച പൂമൊട്ടുകൾ പോലെ രക്‌തവർണ്ണത്തിൽ കുളിച്ച് ഒരുപാട് കുട്ടികളുടെ ശരീരങ്ങളും അങ്ങിങ്ങ് ചിതറിക്കിടന്നു.

ക്രമസമാധാനം പുന:സ്ഥാപിക്കാൻ ശ്രമിച്ച് ഫ്രഞ്ച് പോലീസും നിസ്സഹായരായി നോക്കി നിന്നു. എങ്ങും കരയുന്ന ശബ്ദങ്ങൾ മാത്രം. വിശ്വാസവും ആത്മാവും നഷ്‌ടപ്പെട്ട പ്രണയവുമായി ഈവയും രക്‌തസാക്ഷിയായി.

തീവ്രവാദത്തിന്‍റെ വഴിയിലൂടെ സഞ്ചരിച്ച് സ്വന്തം ജീവൻ ബലിയർപ്പിച്ച ജാവേദിന്‍റെ കണ്ണുകൾ ശൂന്യതയിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു.

और कहानियां पढ़ने के लिए क्लिक करें...