ലോക്ക്ഡൗൺ ടൈമിൽ സമയം ഏറ്റവും ക്രിയാ ത്മകമായി ഉപയോഗപ്പെടുത്തുന്നവർ ധാരാളം പേർ ഉണ്ട്. അതിനായി ധാരാളം വഴികളുമുണ്ട്. എന്നാൽ പലരും ഇക്കാലയളവിൽ പൂന്തോട്ടനിർമ്മാണത്തിനും കൃഷിക്കും കടന്നുവന്നുവെന്നതാണ് ഏറ്റവും എടുത്തുപറയണ്ടേ പ്രത്യേകത. മുറ്റത്ത് ഒരു ചെടി നടാൻ പോലും സമയമില്ലാതിരുന്നവർ മൺവെട്ടിയും തൈകളുമൊക്കെയായി തങ്ങളുടെ ഇത്തിരി മുറ്റത്തും പറമ്പിലുമൊക്കെ ഓടി നടന്ന് ജോലി ചെയ്യുകയാണ്.

അതുപോലെ ലോക്ക്ഡൗൺ കാലയളവിൽ പച്ചക്കറിയ്‌ക്കും മറ്റും ഉണ്ടാകുന്ന ദൗർലഭ്യതയും അവരെ കുഞ്ഞ് കൃഷിരീതിയിലേക്ക് മടക്കി കൊണ്ടുവന്നിരിക്കുകയാണ്.

“കൃഷിയെന്നത് തെറാപ്യൂട്ടിക് ചിക്‌തിസ” എന്നാണ് ഗാർഡനിംഗ് എക്പെർട്ടായ ജോൺ സ്റ്റിർലാന്‍റ് പറഞ്ഞത്. ഇതെറേ ശ്രദ്ധേയം തന്നെയാണ്. മനുഷ്യൻ വീടുകളിലേക്ക് ചുരുങ്ങുമ്പോൾ അവൻ അന്നോളമറിയാതിരുന്ന പ്രകൃതിയേയും ജീവിതത്തിന്‍റെ മനോഹാരിതയേയും ആഴത്തിൽ അറിഞ്ഞു തുടങ്ങുന്നുവെന്നത് ഇത്തരം സാഹചര്യങ്ങളിൽ വാസ്തവമാണ്.

ആശ്വാസവും സമാധാനവും സന്തോഷവും കണ്ടെത്താനായി തന്‍റെതായ ഒരു സ്പേസ് അല്ലെങ്കിൽ ഒരു ചോയിസിനായി അവന്‍റെ മനസ്സ് കൊതിച്ചു തുടങ്ങും. അത്തരമാളുകളുടെ ചോയിസ് കൃഷിയെന്നതാണെങ്കിൽ തീർച്ചയായും സ്ഥലപരിമിതി ഒരു പ്രശ്നമേയല്ല. വീടനകത്തും വരാന്തയിലും വീടിന് ചുറ്റുമുള്ള ഇത്തിരിയിടങ്ങളിലുമൊക്കെയായി ഹെർബുകളും പച്ചക്കറികളും പൂച്ചെടികളും മനോഹരമായി വളർത്തിയെടുക്കാം.

പൂന്തോട്ടം എന്നത് വെറും കണ്ടാസ്വദിക്കാനുള്ളതല്ല. അതിന് ചില മാന്ത്രികമായ ഗുണങ്ങൾ മനുഷ്യരിലും ഉളവാക്കാൻ കഴിയും. ഉൽകണ്ഠ ഡിപ്രഷൻ എന്നിവയെ കുറയ്ക്കാൻ കഴിയും. അതുപോലെ നമ്മുടെ മാനസികാരോഗ്യത്തിന് വിവരണാതീതമായ നല്ല ഗുണങ്ങൾ സൃഷ്ടിക്കാൻ പ്രകൃതിയിൽ നാം ചെലവഴിക്കുന്ന സമയം കൊണ്ട് ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. മനസ്സും ശരീരവും കൂടുതൽ ചെറുപ്പവും ഊർജ്‌ജസ്വലവുമാകും.

ചില എളുപ്പവഴികൾ

വീട്ടിൽ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ നമുക്ക് ഭയമില്ലാതെ ഉപയോഗിക്കാം. പക്ഷേ വീട്ടിൽ കൃഷിയൊരുക്കുകയെന്നത് പലരേയും സംബന്ധിച്ച് വെല്ലുവിളി തന്നെ. സ്ഥല പരിമിതി, മണ്ണിന്‍റെ ലഭ്യതക്കുറവ് ഇങ്ങനെ പല കാരണങ്ങളുണ്ട്.

സ്ഥല പരിമിതിയുള്ളവർക്ക് ഏറ്റവും പരീക്ഷിക്കാവുന്ന ഓരാശയമാണ് മൈക്രോ ഗ്രീൻസ്. ഇത്തരത്തിൽ കൃഷി ചെയ്യുന്നവർക്ക് സ്ഥലമോ കൂടുതൽ പരിചരണമോ ആവശ്യമില്ല. വീട്ടിലേക്ക് ആവശ്യമായ ഇലവർഗ്ഗങ്ങൾ ഉൽപാദിപ്പിച്ചെടുക്കാമെന്നതാണ് ഇതിന്‍റെ മെച്ചം. പയർ മണികളേക്കാൾ വലുതും മുതിർന്ന ചെടിയേക്കാൾ ചെറുതുമായ ഇലവർഗ്ഗങ്ങളാണ് മൈക്രോ ഗ്രീൻസ്. 10-15 ദിവസം കൊണ്ട് അവയെ മുളപ്പിച്ച് എടുക്കാമെന്നതാണ് മെച്ചം.

വളരെ പോഷകസമ്പന്നമായ ചെറിയ ഇലവർഗ്ഗങ്ങളാണിവ. ചെറുപയർ, ബീൻസ്, പയർ, കടുക്, ഉലുവ എന്നിങ്ങനെ എല്ലാ ധാന്യങ്ങളും മൈക്രോ ഗ്രീൻസ് ആയി കൃഷി ചെയ്തെടുക്കാം. അവയുടെ ഇലകൾ തോരനായും സാലഡുമായും യഥേഷ്ടം ഉയോഗിക്കുകയും ചെയ്യാം.

എവിടെ നടാം

പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും ചട്ടികളിലും ഗ്രോസറി പാക്കുകളിലും പൂച്ചട്ടികളിലും വീട്ടിൽ ഉപയോഗശൂന്യമായ വലിയ പാത്രങ്ങൾ എന്നിവയിലൊക്കെയായി മൈക്രോ ഗ്രീൻസ് കൃഷി രീതി പരീക്ഷിക്കാം. കോട്ടൺ തുണികൾ, പേപ്പറുകൾ, കച്ചി, ചകിരി, മണ്ണ് എന്നിവയിലൊക്കയായി വിത്ത് പാകി മുളപ്പിച്ചെടുക്കാം.

വിത്തുകൾ മണിക്കൂറുകളോളം കുതിർത്ത് ഒരുക്കിവച്ചിരിക്കുന്ന ഇടങ്ങളിലായി പാകി മുളപ്പിക്കാം. വെള്ളം സ്പ്രേ ചെയ്ത് കൊടുത്തു നനയ്ക്കുകയും ചെയ്യാം.

ചെടികൾ ഒരടി കഷ്ടിച്ച് വലിപ്പം വയ്ക്കുന്നതോടെ അവ മുറിച്ചടുത്ത് കറിയാക്കാം. വേരുകൾ ഉപയോഗിക്കേണ്ടതില്ല. തണൽ ഉള്ള ഇടങ്ങളിൽ വേണം ഈ കൃഷിരീതി പരീക്ഷിക്കാൻ.

പച്ചക്കറി കൃഷി

തക്കാളി, പച്ചമുളക്, പാവൽ, വെണ്ട, പയർ, പടവലങ്ങ, കുമ്പളങ്ങ, മത്തങ്ങ, വഴുതന, ബീറ്ററൂട്ട്, ഉള്ളി, ഉരുളക്കിഴങ്ങ്, ക്വാളിഫ്ളവർ, കാബേജ് അങ്ങനെ എന്തും കൃഷി ചെയ്തെടുക്കാൻ അനുയോജൃമാണ്. കേരളത്തിലെ കാലാവസ്ഥ ആവശ്യത്തിന് വെള്ളവും വളവും  (വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്ന ജൈവവളം) ഇട്ട് കൃഷി സമ്പന്നമാക്കാം. വീട്ടിൽ സ്വന്തമായി കൃഷി ചെയ്യുന്നവർക്ക് എല്ലാവിധ പിന്തുണയും നിർദ്ദേശങ്ങളും നൽകാൻ കൃഷിവകുപ്പും സജീവമാണ്.

എങ്ങനെ കൃഷി ചെയ്യാം

സ്ഥലപരിമിതിയാണ് നഗരവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, അത്തരക്കാരക്ക്‌ ടെറസുകളും ബാൽക്കണിയുമൊക്കെ നല്ലൊരു കൃഷിയിടമാക്കി മാറ്റിയെടുക്കാം. ഗ്രോസറി പാക്കുകളിലും ചട്ടികളിലുമൊക്കെയായി പച്ചക്കറി തൈകൾ നട്ട് വളർത്തി വീട്ടിലേക്ക് ആവശ്യമുള്ള ഫ്രഷ് പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിച്ചെടുക്കാം.

സ്ഥലപരിമിതി കണക്കിലെടുത്ത് അനുയോജ്യമായ തൈകൾ നടുന്നതാണ് നല്ലത്. കൃഷി ചെയ്യുന്ന രീതികൾ അറിയാൻ ഇന്ന് ധാരാളം വഴികളുണ്ട്. കാർഷിക പുസ്തകങ്ങൾ, ഗൂഗിൾ എന്നിവയൊക്കെ ഉപയോഗിപ്പെടുത്താം.

കൂട്ടത്തിൽ നമ്മുടെ നാട്ടിൽ ലഭ്യമല്ലാത്ത പച്ചക്കറിയും പരീക്ഷണാർത്ഥം നട്ട് വളർത്തിയെടുക്കാവുന്നതാണ്.

വിവിധ കൃഷി രീതികൾ മനസ്സിലാക്കി സ്വന്തമായ ചില പരീക്ഷണങ്ങളും അവലംബിച്ച് മനോഹരവും വൈവിദ്ധ്യമാർന്നതുമായ ഒരു പച്ചക്കറിത്തോട്ടം ഓരോരുത്തർക്കും വീട്ടിൽ ഒരുക്കിയെടുക്കാവുന്നതാണ്. ഇപ്രകാരം തന്നെ മനോഹരമായ പൂന്തോട്ടവും ക്രിയേറ്റ് ചെയ്യാം. ഇൻഡോറിലും ഔട്ട് ഡോറിലും ആയി പൂന്തോട്ടമൊരുക്കി സ്വന്തം ക്രിയേറ്റിവിറ്റി തെളിയിക്കൂ.

മുറ്റത്തെ നയന സുന്ദരമായ പച്ചപ്പ് ആസ്വദിച്ചുകൊണ്ട് സ്വന്തം ടെൻഷനും ആകുലതകൾക്കും ഗുഡ്ബൈ പറഞ്ഞ് ജീവിതത്തിന് പുതിയൊരു അദ്ധ്യായം കുറിക്കാം. പ്രകൃതിയെ ഒന്നു സ്നേഹിച്ചു നോക്കൂ. പ്രകൃതി നിങ്ങൾക്ക് തിരിച്ച് ഇരട്ടി സ്നേഹം പകർന്നു തരും.

और कहानियां पढ़ने के लिए क्लिक करें...