ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോർണിയയിൽ നിന്ന് നിയമവും പഠിച്ചു. 2017ൽ അമേരിക്കൻ സെനറ്ററായി കാലിഫോർണിയയിൽ ചുമതലയേറ്റു.
ഭാരതീയ വംശജരായ നിരവധി പ്രമുഖർ അമേരിക്കയിൽ ഉന്നത പദവികളിലെത്തിയിട്ടുണ്ട്. പക്ഷേ കമലാ ഹാരിസ് എന്ന സ്ത്രീ വ്യത്യസ്തയാണ്. അമേരിക്കൻ പ്രസിഡന്‍റായ ഡൊണാൾഡ് ട്രംപിനും ഉള്ളിന്‍റെ ഉള്ളിൽ ഇവർ ഡെയ്ഞ്ചറസ് ആണെന്ന ചിന്ത ജനിപ്പിക്കാൻ കഴിഞ്ഞ വനിത. ഇവരുടെ കുടുംബബന്ധം, ഇങ്ങ് ദക്ഷിണേന്ത്യയിലേക്ക് വരെ നീളുമ്പോൾ ഇന്ത്യയ്ക്ക് തീർച്ചയായും അഭിമാനിക്കാം.
കാലിഫോർണിയയിലെ സെനറ്ററായ കമലാ ഹാരിസിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. മുമ്പ് ഡൊണാൾഡ് ട്രംപിനെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സഹായിച്ച കമല, ഇത്തവണ ഡമോക്രാറ്റിക് പാർട്ടി മുഖേന ബൈഡനെ പിന്തുണക്കുകയാണ്. അങ്ങനെയാണ് നവംബറിൽ നടക്കാൻ പോകുന്ന യുഎസ് തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച് ഇത്രയും നിർണായകമാവുന്നത്. വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് ഏറ്റവും അനുയോജ്യയായ സ്‌ഥാനാർത്ഥി എന്ന വിശേഷണം കമലയ്ക്ക് ലഭിച്ചു കഴിഞ്ഞു. അമേരിക്കയ്ക്ക് കമലയുടെ നേതൃത്വം അത്രയേറെ അനിവാര്യമായ സംഗതിയായി ഡെമോക്രാറ്റിക് പാർട്ടി ഹൈലൈറ്റ് ചെയ്യുന്നുണ്ട്.
ഒരു സൂപ്പർ ഫൈറ്റർ ആയിട്ടാണ് ബൈഡൻ, കമലയെ വിശേഷിപ്പിക്കുന്നത് വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് ഇത്രയും അർഹതയുള്ള മറ്റൊരൾ ഇല്ല എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്‌തു. വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാൻ ഭാഗ്യം ലഭിച്ച പ്രഥമ ഏഷ്യൻ വംശജ കൂടിയാണ് കമലാ ഹാരിസ്. കമലയുടെ സ്‌ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബൈഡൻ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത്.
“വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് കമലാ ഹാരിസിനെ നോമിനേറ്റ് ചെയ്യുന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. അവർ ഒരു ധീര യോദ്ധാവും അമേരിക്കയുടെ കാർക്കശ്യമുള്ള ഭരണാധികാരികളിൽ ഒരാളുമാണ്. കാലിഫോർണിയയുടെ അറ്റോർണി ജനറൽ പദവിയിലിരിക്കെ കമലയുടെ പ്രവർത്തന മികവ് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വലിയ ബാങ്കുകൾക്ക് അവർ ഉയർത്തിയ വെല്ലുവിളികൾ, പണിയെടുക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ചൂഷകരിൽ നിന്ന് സംരക്ഷിക്കാനുള്ള വ്യഗ്രത എല്ലാം അന്നു തൊട്ടെ ശ്രദ്ധേയമായിരുന്നു. എന്‍റെ കൂടെ കമല ഉണ്ടെന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.”
പ്രസിഡന്‍റ് സ്‌ഥാനത്തിനുള്ള മത്സരം
പ്രസിഡന്‍റ് സ്‌ഥാനത്തിനായുള്ള മത്സരത്തിൽ കമല പുറത്തായതിനു ശേഷം ബൈഡൻ, വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് കമലയെ തെരഞ്ഞെടുക്കുമെന്ന ശ്രുതി വ്യാപകമായിരുന്നു. ബൈഡന്‍റെ തീരുമാനം ഔദ്യോഗികമായി സ്‌ഥിരീകരിക്കപ്പെട്ട ശേഷം കമലയും ബൈഡന് നന്ദി പറഞ്ഞു കൊണ്ട് ട്വീറ്റ് ചെയ്‌തു.
“അമേരിക്കൻ ജനതയ്ക്കു വേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റി വച്ച വ്യക്‌തിയാണ്. നമ്മുടെ ജീവിതത്തിന്‍റെ സുരക്ഷയ്ക്കായി അദ്ദേഹം പോരാടിക്കൊണ്ടിരിക്കുന്നു. നമ്മുടെ ആശയങ്ങൾക്കനുസൃതമായ ഒരു അമേരിക്കയെ വികസിപ്പിക്കാൻ അദ്ദേഹത്തിനു കഴിയും. പാർട്ടിയുടെയും അദ്ദേഹത്തിന്‍റെയും തീരുമാനപ്രകാരം വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹത്തെ സർവ്വ സൈന്യാധിപനാക്കാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഞാൻ ചെയ്യും.” കഴിഞ്ഞ വർഷം ബൈഡൻ പാർട്ടിയുടെ നേതൃത്വത്തിലെത്തിയ ശേഷം കമല പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാനുണ്ടാവില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
“ഫീമെയിൽ ഒബാമ” എന്നാണ് മാധ്യമങ്ങൾ ഇവരെ വിളിക്കുന്നത്. 2016ലാണ് അമേരിക്കൻ സെനറ്റിലേക്ക് 54 കാരിയായ കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ ഏറ്റവും ശക്‌തിയുള്ള പദവികളിലൊന്നായ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വംശജയായ വനിത കൂടിയായി കമല അങ്ങനെ മാറുകയും ചെയ്തു. 2016ലെ സെനറ്റ് മത്സരത്തിൽ ഒബാമ കമലയെ പിന്തുണച്ചിരുന്നു. 2011 മുതൽ 2017 വരെ അറ്റോർണി ജനറൽ എന്ന പദവിയും ഇവർ വഹിച്ചിട്ടുണ്ട്. കമലയുടെ ജനനം കാലിഫോർണിയയിലെ ഓക്ലാന്‍റിലായിരുന്നു. അമ്മ ശ്യാമള ഗോപാലൻ. 1960ൽ, 19-ാം വയസിലാണ് ചെന്നൈയിൽ നിന്ന് അമേരിക്കയിലെത്തിയത്. കാൻസർ റിസർച്ചിനാണ് അന്ന് അവർ അമേരിക്കയിലെത്തിയത്. കമലയുടെ പിതാവ് ഡൊണാൾഡ് ഹാരിസ് ജമൈക്കക്കാരനാണ്. സാമ്പത്തിക ശാസ്ത്രം പഠിക്കാനാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ശ്യാമളയും ഡോണാൾഡ് ഹാരിസും ഒരു പൊതുചടങ്ങിൽ വച്ച് കണ്ടുമുട്ടി പരിചയപ്പെട്ട് സുഹൃത്തുക്കളായി. തുടർന്ന് 1963 ലാണ് ഇരുവരും വിവാഹതരായത്.
അമ്മയാണ് എല്ലാം, തന്‍റെ എല്ലാ വിജയങ്ങൾക്കു പിന്നിലും അമ്മയാണെന്ന് വിശ്വസിക്കുന്നു കമല. തന്‍റെ രാഷ്ട്രീയ കരിയറിന്‍റെ ഖ്യാതിക്കും അതിലേക്ക് നയിച്ച വ്യക്‌തി, സൂപ്പർ ഹീറോ ആയ അമ്മയ്ക്ക് സമർപ്പിക്കുന്നു. ഉത്തരവാദിത്തബോധമുള്ള ഒരു പൗരയായി വളരാൻ തന്നിൽ ആത്മവിശ്വാസം നിറച്ചത് അമ്മയാണ്. കമലാ ഹാരിസ് ദി ട്രൂത്ത്സ് വി ഹോൾഡ്, ആൻ അമേരിക്കൻ ജേർണി എന്ന തന്‍റെ പുസ്തകത്തിൽ ഇങ്ങനെ കുറിക്കുന്നു. “ഞങ്ങളുടെ വ്യക്‌തിത്വം എങ്ങനെയാവണമെന്ന് മനസിലാക്കിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. ഒരു സ്ത്രീയ്ക്ക് എങ്ങനെ തന്‍റെ സ്വപ്നങ്ങൾക്ക് രൂപം നൽകാൻ കഴിയുമെന്ന് ഞങ്ങളെ പഠിപ്പിച്ച അസാധാരണ സ്ത്രീയാണവർ.” എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള സഹായവും ഉപദേശവും അമ്മയാണ് എനിക്ക് നൽകിക്കൊണ്ടിരുന്നത്. കുട്ടികൾക്കു വേണ്ടി എഴുതിയ മറ്റൊരു പുസ്തകത്തിലും (സൂപ്പർ ഹീറോസ് ആർ എവരിവെയർ) കമല തന്‍റെ അമ്മയെയാണ് നമ്പർ വൺ സൂപ്പർ ഹീറോ ആയി അവതരിപ്പിച്ചിരിക്കുന്നത്.
ഓക്ലാന്‍റിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി എടുത്തു. തുടർന്ന് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടി. പിന്നീട് സാൻഫ്രാൻസിസ്ക്കോ ജില്ലാ അറ്റോർണിയായി ജോലി ആരംഭിച്ചു. 2017 ലാണ് കാലിഫോർണിയയിലെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്‌തത്. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ കറുത്ത വർഗ്ഗക്കാരിയാണ് കമല. ഹോംലാന്‍റ് സെക്യൂരിറ്റി ആന്‍റ് ഗവൺമെന്‍റ് അഫയേഴ്സ് കമ്മിറ്റി, ഇന്‍റലിജൻസ് സെലക്ട് കമ്മിറ്റി, ജ്യുഡീഷ്യറി കമ്മിറ്റി, ബജറ്റ് കമ്മിറ്റി ഇങ്ങനെ നിരവധി കമ്മിറ്റികളിൽ പ്രവർത്തിച്ചു. ഇന്ത്യൻ വംശജയും ഹിന്ദുവുമായ കമലയ്ക്ക് യുഎസ് ഭരണ രംഗത്ത് തന്‍റെ വിദേശ ബന്ധമോ ഹിന്ദു മത സംസ്കാരമോ ഒന്നും തടസമായില്ല. അക്കാര്യങ്ങളൊന്നും അവിടെ ആരും ഉന്നയിച്ചതുമില്ല. അമേരിക്കൻ ജനത ഇക്കാര്യത്തിൽ ഇന്ത്യക്കാരെക്കാൾ വിശാല മനസ്കരാണ്. വ്യക്‌തിയുടെ കാര്യക്ഷമതയും അറിവുമാണ് അവർക്ക് പ്രധാനം. അതു കൊണ്ടുമാത്രമാണ് കമലയെപ്പോലൊരു വനിതയ്ക്ക് അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് സ്‌ഥാനത്തേക്ക് മത്സരിക്കാൻ പോലും കഴിഞ്ഞത്. എന്നാൽ 2004ൽ നടന്ന ഇന്ത്യൻ തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി പദത്തിലേക്ക് സോണിയഗാന്ധിയെ പരിഗണിക്കാൻ ശ്രമിച്ച വേളയിൽ അവരുടെ ഇറ്റലി ബന്ധം വളരെയേറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ദിരാഗാന്ധിയുടെ മകൻ രാജീവ് ഗാന്ധിയെ വിവാഹം ചെയ്‌ത ശേഷമാണ് അവർ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്. സോണിയയുടെ വിദേശ ബന്ധത്തിന്‍റെ പേരിൽ എതിർ പാർട്ടികൾ പ്രത്യേകിച്ചും ബിജെപി സോണിയയുടെ വിശ്വസ്തതയെ പോലും ചോദ്യം ചെയ്യുകയുണ്ടായി. സോണിയാ ഗാന്ധി പ്രധാനമന്ത്രിയായാൽ താൻ തല മുണ്ഡനം ചെയ്യുമെന്ന് അന്തരിച്ച നേതാവ് സുഷമ സ്വരാജ് വെല്ലുവിളിച്ചിരുന്നു. സ്വാതന്ത്യ്രം നേടി വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിദേശി ബന്ധമുള്ള നേതാവ് രാജ്യത്തിന്‍റെ പരമോന്നത പദത്തിൽ എത്തുന്നത് രാജ്യത്തെ 100 കോടി ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് അന്ന് സുഷ്മ സ്വരാജ് പറഞ്ഞത്.
ആരും മോശമല്ല
സുഷ്മ സ്വരാജ് 1995 ൽ സോണിയ ഗാന്ധിയുമായി മത്സരിച്ച് ബെല്ലാരിയിൽ പരാജയപ്പെടുകയുണ്ടായി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും വിദേശ ബന്ധമുള്ള സോണിയയുടെ ഉന്നതപദവിയെ എതിർത്തിരുന്നു. അന്ന് സോണിയയെ ഇക്കാര്യത്തിൽ പിന്തുണച്ച ഏക ബിജെപി നേതാവ് അടൽ ബിഹാരി വാജ്പോയി മാത്രമാണ്. വിദേശികളായവരെ നമ്മുടെ നാട്ടിൽ വധുവായോ വരനായോ സ്വീകരിക്കാൻ മടിയില്ല, പക്ഷേ അവർക്ക് ഹൃദയത്തിൽ സ്‌ഥാനം കൊടുക്കാൻ തയ്യാറല്ല എത്ര മോശമാണത്. അത്രയേറെ സങ്കുചിത മനസുകളുടെ ഉടമകളാണോ ഭാരതീയർ? വിദേശത്തു ജനിച്ച് നമ്മുടെ നാട്ടിൽ ജീവിക്കുന്നവരെ, അവരുടെ കഴിവും സത്യസന്ധതയും സമർപ്പണവും പരിഗണിച്ചു തന്നെ വേണം സ്നേഹിക്കാനും ആദരിക്കാനും.
അമേരിക്കയിൽ ഇന്ത്യൻ വംശജരായ ശാസ്ത്രജ്ഞരും പാർലെമന്‍റ് അംഗങ്ങളും ഡോക്ടർമാരും എഞ്ചിനീയർമാരും നിരവധി ഉണ്ട്. അവർക്കൊക്കെ വേണ്ടത്ര ആദരവ് ലഭിക്കുന്നുണ്ട്. ഉന്നത പദവികളിൽ സ്വന്തം കഴിവു തെളിയിച്ച് കടന്നു വന്നവരാണവർ.
സോണിയ ഗാന്ധിയെ വിമർശിക്കുകയും വെറുക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, ഗുജറാത്തുകാരിയായ അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസിനെ മറക്കാൻ പാടില്ല. 1987ലാണ് യുഎസ് സേനയിൽ സുനിത ചേർന്നത്. 6 മാസത്തെ ട്രെയിനിംഗിനു ശേഷം ബേസിക് ഡ്രൈവിംഗ് ഓഫീസർ ആയി. 1989ൽ നേവൽ ഓഫീസർ ആയി ജോലി ലഭിച്ചു. പിന്നീട് ഹെലികോപ്റ്റർ കോബേറ്റ് സപ്പോർട്ട് സ്ക്വാഡ്രനിൽ പരിശീലനം നേടി. ഭൂമധ്യസാഗരം, റെഡ് സീ, ഏഷ്യൻ ഗൾഫ് എന്നിവിടങ്ങളിലെ ഓപ്പറേഷൻ ഡസർട്ട് ഷീൽഡ്, ഓപ്പറേഷൻ പ്രൊവൈഡ് കംഫർട്ട് ഇവയിൽ ജോലി ചെയ്തു. 1992ൽ എച്ച്46 ഓഫീസറായി മിയാമിയിലേക്ക് നിയമിതയായി. 1995ൽ യുഎസ് നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ പരിശീലകയായി. 1998ൽ സുനിത വില്യംസ് നാസാ ദൗത്യത്തിലും പങ്കാളിയായി.
അമേരിക്കയിൽ സുനിതാ വില്യംസിനെ അസാധാരണ പ്രതിഭയുള്ള വ്യക്‌തിയായി കണക്കാക്കുന്നു. എന്നാൽ അതിലൊന്നും അവരുടെ ഭാരതീയ ബന്ധം ചർച്ചാ വിഷയമായിട്ടില്ല. അവരുടെ കഴിവും അറിവുമാണ് എല്ലാറ്റിലും മുന്നിൽ നിൽക്കുന്നത്. സുനിതയെ പോലെ നിരവധി ഇന്ത്യൻ വംശജർ അമേരിക്കയിൽ ഉന്നതപദവികൾ വഹിക്കുന്നുണ്ട്. ഇവിടെയൊന്നും തന്നെ നമ്മുടെ നാട്ടിൽ പറയുന്നതു പോലെ വിദേശബന്ധം ചാർത്തി കൊടുത്തിട്ടില്ല എന്നത് വാസ്തവം തന്നെയാണ്. അമേരിക്കയുടെ മധ്യവേനൽ തെരഞ്ഞെടുപ്പുകളിൽ 12 ഇന്ത്യൻ വംശജർ ഉന്നത സ്‌ഥാനങ്ങളിലേക്ക് കടന്നു വന്നു. യുഎസിൽ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുപാട് കാലം അവിടെ താമസിച്ച ഒരാളവണമെന്ന നിർബന്ധവുമില്ല. അമേരിക്ക കോൺഗ്രസിന്‍റെ ഹൗസ് ഓഫ് റപ്രസന്‍റേറ്റീവ്സിലേക്ക് ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടണമെങ്കിൽ ആ വ്യക്‌തിക്ക് യുഎസ് പൗരത്വം വേണമെന്നു മാത്രമേ നിബന്ധനയുള്ളൂ. മത്സരത്തിൽ വിജയിച്ചാലും ഇല്ലെങ്കിലും തുടർന്നുള്ള 7 വർഷം അമേരിക്കയിൽ ഉണ്ടാകുകയും വേണം. യുഎസ് ഹൗസ് ഓഫ് റപ്രസന്‍റേറ്റീവ്സിൽ 435 അംഗങ്ങളാണുള്ളത്. ഇന്ത്യൻ വംശജനായ രാജ കൃഷ്ണമൂർത്തി, കാലിഫോർണിയയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാലുവട്ടം മത്സരിച്ച റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർത്ഥി എമിബേര 5 ശതമാനം വോട്ടിന്‍റെ മുൻബലത്തിൽ വിജയിച്ചു കയറി. ഇങ്ങനെ മത്സരിച്ച് വിജയിച്ച മറ്റൊരു വ്യക്‌തി, പ്രമീളാ ജയപാൽ ആണ്. ഹൗസ് ഓഫ് റപ്രസന്‍റേറ്റീവിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് ഇവർ.