"ഞാൻ ഫെമിനിസ്റ്റാണോ മാഡം!!?? "ഒരു വിദ്യാർഥിനിയുടെ ഈ ചോദ്യമാണ് ഫെമിനിസമെന്ന വാക്കിനെകുറിച്ചു കൂടുതൽ ചിന്തിപ്പിച്ചത്.. കൂട്ടുകാരിയോട് മോശമായി പെരുമാറിയ അധ്യാപകന്‍റെ കോളറിൽ കയറിപിടിച്ചു ആ കുട്ടി. പെൺകുട്ടികളോട് മാന്യമായി പെരുമാറണമെന്ന് വീറോടെ പറയുകയും ചെയ്തു. അതിനുശേഷം ഒളിഞ്ഞും തെളിഞ്ഞും സഹപാഠികളുൽപ്പടെ അവൾക്കിട്ട പേരാണ് 'ഫെമിനിച്ചി'.
ഒരു വെറും പരാതിയിൽ ഒതുക്കാതെ പരസ്യമായി കൂട്ടുകാരിക്ക് വേണ്ടി പ്രതികരിച്ചു എന്നതാണ് അവൾക്ക് ഈ പേര് ചാർത്തി കിട്ടാനുള്ള കാരണം. അവളുടെ ചോദ്യം കേട്ടപ്പോൾ രണ്ടു കാര്യങ്ങളാണ് എന്‍റെ മനസിലേക്ക് വന്നത്.. ഒന്ന് ഫെമിനിസ്റ്റ് എന്ന വിളി അവളെ വേദനിപ്പിച്ചിരിക്കുന്നു. എവിടെയോ ഒരു നാണക്കേട് അവളെ ബാധിച്ചിരിക്കുന്നു.. രണ്ട്, ആ സംഭവത്തിനു ശേഷം തോളിൽ തട്ടി മിടുക്കി എന്നു പറഞ്ഞ അതേ സഹപാഠികളുടെ പിന്നീടുള്ള നിലപാട്.
ഫെമിനിച്ചി ആയല്ലോ?
പെൺകുട്ടികൾ ഉൾപ്പടെയുള്ള സഹപാഠികൾ, മാറി നിന്ന് "ഇവൾ വല്യ ഫെമിനിച്ചിയായല്ലോ" എന്ന് പറഞ്ഞത് ഏറെ ചിന്തിക്കേണ്ടതാണ്. കാരണം അവർ വളർന്നു വരുന്ന തലമുറയാണ്.. നാളെ ലോകത്തെ നയിക്കേണ്ടവർ.. യഥാർത്ഥത്തിൽ എന്താണ് ഫെമിനിസം? വളരെ എളുപ്പത്തിൽ പറഞ്ഞാൽ, സമൂഹത്തിൽ സ്ത്രീയ്ക്ക് പുരുഷനൊപ്പം തുല്യത വേണമെന്നും, അവനാസ്വദിക്കുന്ന എല്ലാ വിശേഷാവകാശങ്ങൾക്കും അവൾ അർഹയാണെന്നും, അവൾ ബഹുമാനിക്കപ്പെടേണ്ടവളാണെന്നും ഉറക്കെ പറയുന്നവരാണ് ഫെമിനിസ്റ്റുകൾ. അതാണ് എന്‍റെ കണ്ണിലെ ഫെമിനിസം.
പുരുഷന്മാരും
അത്തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീയ്ക്ക് വേണ്ടി സംസാരിക്കുന്ന ആണ്‍സുഹൃത്തുക്കളുണ്ട്.. അവരും ഫെമിനിസ്റ്റുകളാണ്.... സഹികെട്ടിട്ടും മിണ്ടാതെ അടുക്കളപ്പുറത്ത് കഴിയുന്ന ഒരു പറ്റം സ്ത്രീകളുടെ, അടിച്ചമർത്തലിന്‍റെയും വിവേചനത്തിന്‍റെയും കയ്പുനീര് കുടിച്ചു മടുത്തു ജീവിക്കുന്ന അനേകായിരം പെണ്ണുങ്ങളുടെ ശബ്ദമാണവർ.
ചങ്കുറപ്പുള്ള പെണ്ണുങ്ങൾ
ഫെമിനിസം എന്ന വാക്കിനെ ഫെമിനിച്ചി എന്ന വിളിപ്പേരാക്കി മാറ്റിയത് ചില വികലമനസ്സുകളാണ്.. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയും അരക്ഷിതാവസ്ഥയും ചൂണ്ടി കാണിച്ചു മുന്നോട്ട് വന്ന ചങ്കുറപ്പുള്ള പെണ്ണുങ്ങളേയാണ് ഫെമിനിച്ചി എന്നാദ്യം വിളിച്ചു കേട്ടത്. പിന്നീട് സ്ത്രീയ്ക്ക് വേണ്ടി ഉയരുന്ന ഓരോ ശബ്ദത്തെയും അപമാനിക്കാനും അടിച്ചമർത്താനും ആ വാക്കുപയോഗിച്ചു തുടങ്ങി. ഞാൻ സ്ത്രീയാണെന്നും , എനിക്കെന്‍റെ സ്വാതന്ത്ര്യമുണ്ടെന്നും പ്രഖ്യാപിക്കുന്നവരെല്ലാം ഒന്നുകിൽ 'ആക്ടിവിസ്റ്റ്' അല്ലെങ്കിൽ 'ഫെമിനിച്ചി' എന്ന അവസ്‌ഥയായി!!!
പുതിയതലമുറ
എങ്ങനെയാണ് ഇത്തരമൊരു ചിന്താഗതി പുതിയതലമുറയിൽ പോലും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്? അടക്കവും ഒതുക്കവും വേണം എന്ന് പെണ്‍കുട്ടിയോട് പറയുന്നതിനൊപ്പം, സ്ത്രീയോട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന എത്ര അമ്മമാരുണ്ട് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
അപ്പോൾ ഓരോ വീടകങ്ങളുമാണ് ഫെമിനിസ്റ്റിനെ, ഫെമിനിച്ചിയാക്കുന്ന പ്രതിഭാസത്തിന്‍റെ ഉറവിടമെന്നു പറഞ്ഞാൽ തെറ്റില്ല, അല്ലെ? സ്ത്രീ അമ്മയാണെന്നു പറഞ്ഞല്ല വളർത്തേണ്ടത്. അമ്മയും പെങ്ങളും മാത്രമല്ല പിറന്നു വീഴുന്ന ഓരോ പെണ്‍കുട്ടിയും ആദരവും ബഹുമാനവും അർഹിക്കുന്നു എന്നാണ് പറഞ്ഞു കൊടുക്കേണ്ടത്. അതുപോലെ പറയാതിരിക്കാനാവാത്ത മറ്റൊന്നുണ്ട്.. ഫെമിനിസം എന്നത് അതിന്‍റെ ശരിയായ നിർവചനത്തിലല്ലാതെ ജീവിതത്തിൽ പകർത്തുന്നവർ.
പുതിയ തലമുറയിലെ പെണ്‍കുട്ടികൾ തങ്ങളുടെ വ്യക്തിത്വത്തെ ഉയർത്തിപിടിക്കുന്നവരാണ്... രാത്രികളെ ഭയക്കാത്തവരാണ്.. അവർക്കൊപ്പം തോളോട്തോൾ ചേർന്നു നിൽക്കാൻ പറ്റുന്ന തലമുറയെ വാർത്തെടുക്കാൻ മതാപിതാക്കൾക്കെ കഴിയൂ... കുലസ്ത്രീകൾ എന്ന ചെല്ലപ്പേരിൽ "സ്ത്രീ ന സ്വാതന്ത്ര്യ മർഹതി" എന്ന് സ്വയം പ്രഖ്യാപിക്കുന്ന ചിലരില്ലെന്നല്ല...!! എങ്ങനെയാവും അവർ അവരുടെ ആണ്മക്കളെ വളത്തിക്കൊണ്ട് വരികയെന്നത് കണ്ടറിയണം!!