ഗൗതമിനെ ആശുപത്രിയിൽ വച്ച് കാണുമെന്ന് അമല സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല. കാലിൽ പ്ലാസ്റ്ററിട്ടിരിക്കുന്ന അമ്മയെ വീൽ ചെയറിൽ ഇരുത്തി പുറത്തേക്ക് വരുമ്പോഴാണ് ഗൗതം എതിർവശത്തു നിന്നും നടന്നു വരുന്നത് അമല ശ്രദ്ധിച്ചത്.
“അമല ഇവിടെ? അമ്മയ്ക്കെന്തു പറ്റി?” ഗൗതം അദ്ഭുതം കൂറിയ മിഴികളോടെ അമലയേയും അമ്മയേയും മാറിമാറി നോക്കി. ഇന്നലെ കണ്ട് പിരിഞ്ഞ പരിചിത ഭാവത്തോടെയായിരുന്നു അയാളുടെ സംസാരം.
“അമലേ നിനക്ക് സുഖമില്ലേ?” ഗൗതമിന്റെ കണ്ണുകളിൽ ഒരാകുലത വന്ന് നിറയുന്നത് അവൾ ശ്രദ്ധിച്ചു. ഗൗതം ഇത്രയും അടുപ്പത്തോടെ കാര്യങ്ങൾ തിരക്കുന്നത് കേട്ടപ്പോൾ അമലയ്ക്ക് പരിഭ്രമം തോന്നി.
അയാളുടെ മുഖത്തു നിന്നും കണ്ണുകൾ പിൻവലിച്ച് അവൾ നിർവികാരയായി പറഞ്ഞു, “സുഖം തന്നെ. അമ്മ ബാത്ത്റൂമിലൊന്നു തെന്നിവീണു. കാലിന് ഫ്രാക്ചറുണ്ട്. ഡോക്ടർ റെസ്റ്റ് പറഞ്ഞിരിക്കുകയാണ്.”
തുടർന്ന് ഒന്നും പറയാനില്ലാത്തതിനാൽ അമല നിശബ്ദയായി. അപ്പോഴേക്കും അമ്മ പതിഞ്ഞ ശബ്ദത്തിൽ ഗൗതമിനോട് ഓരോരോ വിശേഷങ്ങൾ തിരക്കി.
“മോനിവിടെ എങ്ങനെ വന്നു…”
“ഞ… ഞാൻ എന്റെയൊരു ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു. അവനെ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ങ്ഹാ, എനിക്കിങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയമ്മേ. കഴിഞ്ഞ മാസം ജോയിൻ ചെയ്തു” എന്നു പറഞ്ഞു കൊണ്ട് ഗൗതം അമലയെ ഒളികണ്ണാലെ നോക്കി.
അമല അതെല്ലാം കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ദൂരേക്ക് നോക്കിയിരുന്നു.
“അത് നന്നായി മോനേ, മോനിപ്പോൾ എവിടെയാ താമസം?” അമ്മയുടെ ചോദ്യം കേട്ടിട്ട് അമലയ്ക്ക് അമ്മയോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. എന്തിനാണ് അമ്മ വ്യർത്ഥമായ ഉത്സാഹവും ആവേശവും കാട്ടുന്നത്? പഴയതെല്ലാം അമ്മ ഇത്രവേഗം മറന്നു പോയോ? പിന്നെന്തിനാ ഈ അന്വേഷണങ്ങൾ. എവിടെ താമസിക്കുന്നു? എന്തുണ്ട് വിശേഷം? അമലയ്ക്ക് ലജ്ജ തോന്നി. മുമ്പും അമ്മ രഹസ്യമായി ഗൗതമിനെ ഫോൺ ചെയ്യുമായിരുന്നു. ഗൗതമിനോട് സംസാരിക്കരുതെന്ന് ഒരിക്കൽ അമ്മയോട് കർശനമായി പറയേണ്ടിയും വന്നിട്ടുണ്ട്.
ഗൗതവുമായി ഇനി തനിക്കെന്ത് ബന്ധമാണുള്ളത്. എല്ലാം അവസാനിച്ചതല്ലേ? അമല പലതവണ അമ്മയെ അക്കാര്യം ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു വർഷത്തെ ദാമ്പത്യജീവിതത്തിന് തിരശീലയിട്ട് ഗൗതമിൽ നിന്നും താൻ വിവാഹമോചനവും നേടി. പിന്നെയെന്തിന് അമ്മ അയാളോട് സംസാരിക്കണം. അമലയ്ക്ക് ദേഷ്യവും സങ്കടവും ഒരു പോലെ തോന്നി. മകളുടെ മാനസികാവസ്ഥ ഈഹിച്ചിട്ടാകണം അമ്മ നിശബ്ദയായി.
പക്ഷേ, ഗൗതം എന്തിനിത്ര അടുപ്പവും സ്നേഹവും കാട്ടുന്നു. അമല ചിന്തിച്ചു.
“അമ്മേ, ഞാൻ നിങ്ങളെ കാറിൽ വീട്ടിൽ കൊണ്ടുവിടാം.’ ഗൗതം വിനീതനായി പറയുന്നതു കേട്ട് അമല ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു.
“അതൊന്നും വേണ്ട, ബുദ്ധിമുട്ടാകും. ദാ… ഞാൻ ഒരു ഓട്ടോ വിളിച്ചിട്ടുണ്ട്. അയാൾ പുറത്ത് വെയ്റ്റ് ചെയ്യുകയാ,” ഗൗതമിന്റെ സാന്നിധ്യം ഒഴിവാക്കാനായി അമല തെല്ലൊരു അമർഷത്തോടെ പറഞ്ഞു.
“എനിക്കെന്ത് ബുദ്ധിമുട്ടാ? ആ പേരും പറഞ്ഞ് വീട്ടിലൊന്ന് വരാമല്ലോ. നമുക്കൊരു കപ്പ് ചായയും കുടിക്കാം. അത്രേയുള്ളൂ. ” ഗൗതം വീൽ ചെയർ ഉന്തിവന്ന അറ്റൻഡറിനെ മാറ്റി അധികാരത്തോടെ ആ ജോലി ഏറ്റെടുത്തു.
“ചായ മാത്രമെന്തിനാക്കുന്നു. ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി. വിജയമ്മ എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ടാകും.” അമ്മ ഉള്ളിലുയർന്ന സന്തോഷം അടക്കിപ്പിടിച്ചുകൊണ്ടു പറഞ്ഞു.
‘അമ്മ കിട്ടിയ അവസരം മുതലാക്കുകയാണ്. അതും തന്റെ വെറുപ്പിനെ അവഗണിച്ചുകൊണ്ട്.’ അമലയ്ക്ക് അമ്മയോട് നീരസം തോന്നി. കാറിനു സമീപത്തായി വീൽ ചെയർ നിർത്തിയശേഷം ഗൗതം ബാക്ക് ഡോർ തുറന്ന് അമ്മയെ പതിയെ താങ്ങി പിന്നിലെ സീറ്റിൽ കിടത്തി. ഗത്യന്തരമൊന്നുമില്ലാതെ അമലയ്ക്ക് ഗൗതമിനൊപ്പം മുൻ സീറ്റിൽ ഇരിക്കേണ്ടി വന്നു. അയാളുടെ മുഖത്ത് ഒരു വിജയിയുടെ ഭാവം ഒളിഞ്ഞിരിക്കുന്നത് അവളറിഞ്ഞു.
“വഴി പഴയതു തന്നെയല്ലേ?” അയാളുടെ അർഥഗർമമായ ചോദ്യത്തിൽ തീരെ താൽപര്യം കാട്ടാതെ അവൾ പുറത്തെ കാഴ്ചകളിലേക്ക് വ്യർത്ഥമായി കണ്ണുകൾ ചലിപ്പിച്ചുകൊണ്ടിരുന്നു. അയാൾ ഇടയ്ക്കിടെ വശം ചെരിഞ്ഞ് അവളെ നോക്കി. അയാൾ നിശബ്ദനായി കാറോടിച്ചുകൊണ്ടിരുന്നു. അമല തിരിഞ്ഞു നോക്കി. അമ്മ പിൻസീറ്റിൽ നല്ല മയക്കത്തിലായിരുന്നു. മരുന്നിന്റെ സെഡേഷനും തളർച്ചയും ഉള്ളതു കൊണ്ടാവുമെന്ന് അവൾ ഊഹിച്ചു. എന്നിട്ടവൾ തല ചരിച്ച് പുറത്തെ കാഴ്ചകളെ ഓരോന്നായി പെറുക്കിയെടുത്തുകൊണ്ടിരുന്നു.
ഏതോ അജ്ഞാതമായ തുരുത്തിലകപ്പെട്ടതുപോലെ അമലയ്ക്ക് തോന്നി. ചുറ്റും ഇരുട്ട് പരക്കുന്നതു പോലെ… അജ്ഞാതവും വന്യവുമായ ഒരിടത്തെത്തിയ പ്രതീതി. അടുത്ത് ജീവൻ ഒരു തുടിപ്പു പോലുമില്ല. അന്തരീക്ഷത്തിൽ മുറിയാത്ത മൗനം കനം വച്ചിരിക്കുന്നതുപോലെ. അസ്വസ്ഥതയോടെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ഈ സമയമത്രയും ഗൗതം അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയയുടൻ അമല കാറിൽ നിന്നിറങ്ങി തിടുക്കപ്പെട്ട് ഗേറ്റ് തുറന്നു. എത്രയും പെട്ടെന്ന് അവിടെവച്ചു തന്നെ ഗൗതമിനോട് നന്ദി പറഞ്ഞ് യാത്രയാക്കണം. പിന്നെ അമ്മയെ എങ്ങനെയെങ്കിലും താങ്ങിപ്പിടിച്ച് അകത്തുകൊണ്ടു വരാം എന്നായിരുന്നു അവളുടെ മനസിലെ ചിന്ത. പക്ഷേ, തിരിഞ്ഞു നോക്കിയപ്പോൾ അമ്മയെ ഇരു കൈകളിലും താങ്ങിയെടുത്ത് ഗൗതം പിന്നിൽ നിൽക്കുന്നതു കണ്ട് അവൾ അന്തം വിട്ടു നിന്നു. ഗൗതം അമ്മയെ നേരെ ബെഡ് റൂമിൽ കൊണ്ട് കിടത്തി.
എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാതെ അമല പകച്ചു നിന്നു.
“ചായയോ കോഫിയോ?” ബെഡ്റൂമിൽ നിന്നു പുറത്തു വന്ന ഗൗതമിനെ അമല ചോദ്യ ഭാവത്തിൽ നോക്കി.
“എന്തായാലും വിരോധമില്ല,” ഗൗതം സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. അമലയുടെ മനസ് വീണ്ടും അസ്വസ്ഥമായി പഴയ ഓർമ്മകളെ കുടഞ്ഞെറിയുന്തോറും അവയെല്ലാം പൂർവാധികം ശക്തിയോടെ മടങ്ങി വരികയാണല്ലോ… തെല്ലൊരു ഈർഷ്യയോടെ അവൾ അടുക്കളയിൽ ചെന്ന് ചായ തയ്യാറാക്കി കപ്പിൽ പകർന്നു കൊണ്ടു വന്നു.
അമ്മ അപ്പോഴേക്കും കാലിലെ വേദനയൊക്കെ മറന്ന് സംസാരം തുടങ്ങി. ഗൗതം അമ്മയ്ക്ക് അരികിലായി ഒരു കസേര വലിച്ചിട്ട് ഇരുന്ന് ചായ കുടിച്ചു.
“മോനേ, ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി.” അമ്മ ഇടയ്ക്ക് ഓർമ്മിപ്പിച്ചു.
അമലയെ കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് തള്ളിയിടും മുമ്പേ ഗൗതം എഴുന്നേറ്റു. “വേണ്ടമ്മേ, ഇന്നു വേണ്ട. മറ്റൊരിക്കലാവാം. ഞാൻ അമ്മയെ ഇടയ്ക്ക് കാണാൻ വരാം. അമ്മയ്ക്ക് വേഗം സുഖമാകട്ടെ. അന്ന് അമ്മ വച്ചുണ്ടാക്കുന്നത് കഴിച്ചിട്ടേ ഞാൻ മടങ്ങൂ… കാരണം…”
എന്തോ പറയാൻ ഉദ്ദേശിച്ചെങ്കിലും അയാളത് പൂർണ്ണമാക്കാതെ നിർത്തി. അതിനു ശേഷം അയാൾ അമലയെ നോക്കി പുഞ്ചിരിച്ചു.
ഇനി താൻ പാകം ചെയ്യുന്ന ഭക്ഷണമേ കഴിക്കുകയുള്ളൂവെന്ന് അയാളെങ്ങാനും പറഞ്ഞു കളയുമോയെന്ന് അവൾ ഭയന്നു. ഗൗതമിന് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ.
വീട്ടിൽ വരുമ്പോഴൊക്കെ അമല എപ്പോഴും അയാളുടെ അരികിൽ തന്നെയുണ്ടാവണമെന്ന്. ഗൗതമിന് നല്ല ഭക്ഷണം വച്ച് വിളമ്പി നൽകുന്ന നല്ല ഭാര്യയാകണമെന്ന്, അതിനായി ബാങ്കിലെ ജോലി ഉപേക്ഷിക്കാൻ വരെ അമലയെ അയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ അമലയ്ക്കാകട്ടെ എപ്പോഴും അടുക്കളയിൽ സമയം ചെലവഴിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും അവൾക്ക് വേലക്കാരി കൂടിയേ തീരൂ.
“മോള് ഗൗതമിന് സ്വന്തമായി എന്തെങ്കിലും പാകം ചെയ്തു കൊടുക്കണം. എല്ലാം വേലക്കാരിയെക്കൊണ്ട് പാകം ചെയ്യിക്കുന്നത് ശരിയല്ല. നല്ല ഭക്ഷണം പാകം ചെയ്ത കൊടുക്കുന്ന ഭാര്യയോട് ഭർത്താവിന് നല്ല സ്നേഹമുണ്ടാകും.” അമ്മ കൂടെക്കൂടെ അമലയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അമ്മയുടെ ന്യായവാദങ്ങൾ കേൾക്കുമ്പോൾ അമലയ്ക്ക് ദേഷ്യം വരും.
“അമ്മ എന്താ ഈ പറയുന്നത്? ഇരുപത്തിനാലു മണിക്കൂറും ഞാൻ അടുക്കളയിൽ ചെലവഴിക്കണമെന്നോ? എന്താ എനിക്ക് ജോലിക്കൊന്നും പോകണ്ടേ. മെയിൽ ഷൊവനിസ്റ്റായ ഭർത്താവിനെ സഹിക്കുന്നതിന് ഒരു പരിധിയുണ്ട്.” അമല തർക്കിക്കാൻ തുടങ്ങിയതോടെ അമ്മ നിശബ്ദയായി.
അന്നൊക്കെ മിക്ക ദിവസങ്ങളിലും കലഹത്തിന് ഭക്ഷണം ഒരു പ്രധാന കാരണമായി. ചില ദിവസങ്ങളിൽ ഗൗതമും അമലയും ഭക്ഷണമൊന്നും കഴിക്കാതെ കിടന്നുറങ്ങുക പോലും ചെയ്തിട്ടുണ്ട്. ആ ഓർമ്മകൾ അമലയുടെ മനസിൽ വീണ്ടും വെറുപ്പിന്റെ വിഷം പരത്തിക്കൊണ്ടിരുന്നു. ഗൗതം പോയ ശേഷവും കയ്പുള്ള ആ ഓർമ്മകൾ അവളെ ഏറെക്കാലം വേട്ടയാടിക്കൊണ്ടിരുന്നു. ജോലിയുപേക്ഷിക്കാൻ പറഞ്ഞതായിരുന്നു അവളെ ഏറ്റവുമധികം ചൊടിപ്പിച്ചത്.
അവൾ ദേഷ്യപ്പെടുമ്പോഴെല്ലാം ഗൗതം തന്റെ ജോലിയെല്ലാം ഉപേക്ഷിച്ച് അവളെ അനുനയിപ്പിക്കാനും ഓടിയെത്തുമായിരുന്നു. വഴക്കു മൂലം ചില ദിവസങ്ങളിൽ അയാൾ ഓഫീസിൽ പോലും പോയിരുന്നില്ല. ഒരു വലിയ വഴക്കു കഴിഞ്ഞാൽ അയാൾ ചിരിച്ചുകൊണ്ട് അവളേയും കൂട്ടി പുറത്ത് ഭക്ഷണം കഴിക്കാൻ പോകുമായിരുന്നു. ചിലപ്പോൾ അതിനൊപ്പം ഗംഭീരമായ ഷോപ്പിംഗും നടത്തും. വീട്ടിൽ മടങ്ങിയെത്തുമ്പോഴേക്കും ഗൗതം അമലയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയിരിക്കും. ഇങ്ങനെ മിക്കപ്പോഴും സംഭവിച്ചു കൊണ്ടിരുന്നു. കുറച്ചുനാൾ കഴിഞ്ഞതോടെ അയാളുടെ ഈ സ്വഭാവ വൈചിത്ര്യം അവളിൽ അസഹനീയമായ വെറുപ്പും ദേഷ്യവും ഉണ്ടാക്കി ഒരു വ്യക്തിക്ക് എങ്ങനെ ഇങ്ങനെ മാറാൻ കഴിയുന്നുവെന്ന് നീരസത്തോടെ അവൾ ചിന്തിച്ചിട്ടുണ്ട്.
ഗൗതമിനെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരിന്നു അമ്മ, മുമ്പത്തെപ്പോലെ തന്നെ യാതൊരു മാറ്റവുമില്ലാതെ ഗൗതം ആഹ്ളാദ ചിത്തനാണെന്ന് അമ്മ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നു. അമ്മ മരുന്നെടുത്ത് കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു. അമ്മ പഴയതിലും ഏറെ സന്തോഷവതിയും സംതൃപ്തയുമാണെന്ന് അമലയ്ക്ക് തോന്നി, അതിന്റെ കാരണവും അമലയ്ക്ക് നന്നായറിയാമായിരുന്നു.
എന്നെന്നേക്കുമായി തന്നിൽ നിന്നും വിവാഹമോചനം നേടിയയാളാണ് അയാൾ. ആ ഒരു വിവാഹമോചനത്തിന്റെ പേരിൽ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ധാരാളം കുത്തുവാക്കുകളും ശകാരങ്ങളും കേൾക്കേണ്ടി വന്നിട്ടുമുണ്ട്. ചിലർ അപവാദകഥകൾ വരെ പ്രചരിപ്പിച്ചു. അന്ന് താൻ അനുഭവിച്ച വേദനകൾക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ലെന്ന് അമല ഓർത്തു. പിന്നെന്തിന് അമ്മ അയാളെ വീണ്ടും മനസ്സിൽ പ്രതിഷ്ഠിക്കുന്നതെന്നോർത്തപ്പോൾ അമലയ്ക്ക് അദ്ഭുതം തോന്നി. പക്ഷേ, അമ്മയുടെ സന്തോഷവും ഉത്സാഹവും കണ്ടപ്പോൾ അവൾ അശക്തയായിക്കൊണ്ടിരുന്നു.
വിവാഹമോചനം നേടിയശേഷം അമ്മയ്ക്കൊപ്പമുള്ള ജീവിതത്തിൽ പഴയ അമലയാകാൻ അവൾ ഓരോ നിമിഷവും ആഗ്രഹിച്ചുകൊണ്ടിരുന്നു. പഴയതെല്ലാം മറന്ന്, പക്ഷേ, ഇന്ന് മനസ് വല്ലാതെ ഉലഞ്ഞിരുന്നതിനാൽ അമലയ്ക്ക് ഒന്നും സംസാരിക്കാനായില്ല. അല്ലെങ്കിലും ഇനിയെന്താണ് തങ്ങൾക്കിടയിൽ സംസാരിക്കാൻ അവശേഷിപ്പിച്ചിരിക്കുന്നതു തന്നെ. നിസാരകാര്യത്തിനു വരെ കലഹിച്ചിട്ടില്ലേ എന്നവൾ ഓർത്തു. തന്റെ പക്വതയില്ലായ്മയും വീട് നോക്കി നടത്താനുള്ള പ്രാപ്തിയില്ലായ്മയും പാചകത്തിലുള്ള പരിചയക്കുറവുമൊക്കെ അന്ന് കാരണങ്ങളായിട്ടുണ്ടെന്ന് അവൾ ഓർത്തു. വിവാഹത്തിന്റെ ആദ്യനാളുകൾ സന്തോഷത്തിന്റെ നാളുകളായിരുന്നു. അന്നൊക്കെ അവർ ഒരുമിച്ചു പുറത്തു പോയി ഭക്ഷണം കഴിച്ചു. ഇഷ്ടം പോലെ കറങ്ങി. പരസ്പരം സ്നേഹിക്കാൻ മത്സരിച്ചു കൊണ്ടിരുന്നു. എന്നാൽ മധുവിധുകാലം അവസാനിച്ച് ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് കടന്നതോടെ പ്രശ്നങ്ങൾ ഓരോന്നായി തലപൊക്കിക്കൊണ്ടിരുന്നു. ജോലിയുപേക്ഷിക്കണമെന്ന ഗൗതമിന്റെ ഒറ്റവാശിയാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ തന്നെ എത്തിച്ചത്.
വീട്ടിൽ സഹായത്തിന് ഒരു വേലക്കാരി വരുമായിരുന്നുവെങ്കിലും പാത്രം കഴുകലും വീട് വൃത്തിയാക്കലും തുണിയലക്കലും മാത്രമായിരുന്നു അവരുടെ ജോലി. അതു കഴിഞ്ഞ് നേരെ അടുത്ത വീട്ടിലേക്ക് പോകേണ്ടതുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്ന ജോലിയിൽ നിന്നും അവർ ഒഴിഞ്ഞുമാറി.
പക്ഷേ, ഗൗതമിന് എല്ലാ കാര്യത്തിലും പെർഫെക്ഷൻ വേണമായിരുന്നു. ഭക്ഷണത്തിന് രുചി പോര, ചപ്പാത്തി വെന്തില്ല, കറിയിൽ ഉപ്പ് കൂടി, വീട് അടിച്ചുവാരിയില്ല… തുടങ്ങിയ നൂറ്നൂറ് കുറ്റങ്ങൾ അയാൾ ദിവസേന ചികഞ്ഞു പെറുക്കിക്കൊണ്ടിരുന്നു. ഇതെല്ലാം കൃത്യമായി ചെയ്യാൻ അമല നന്നേ പാടുപെട്ടുകൊണ്ടിരുന്നു. ഇടയ്ക്ക് ദേഷ്യം മൂക്കുമ്പോൾ അയാൾ ഓടി വന്ന് സഹായിക്കും. എങ്കിലും അവളുടെ മനസ്സിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കനലുകൾ എരിഞ്ഞു കൊണ്ടിരുന്നു.
ദിവസം ചെല്ലുന്തോറും ഇരുവർക്കുമിടയിൽ അകൽച്ചയുടെ ദൂരം കൂടിക്കൊണ്ടിരുന്നു. ഗൗതം മിക്കപ്പോഴും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. അവർക്കിടയിൽ വാക്കുകൾ മരിച്ചു കൊണ്ടിരുന്നു. വീടിനുള്ളിൽ നിശബ്ദത കട്ടപിടിച്ചു. ജീവനും ഓജസും നഷ്ടപ്പെട്ട ചലിക്കുന്ന രണ്ട് നിഴലുകൾ പോലെ അവർ ദിവസങ്ങൾ തള്ളിനീക്കിക്കൊണ്ടിരുന്നു. ഇത് യഥാർഥമായ ജീവിതമാണോ അതോ വെറും നീഴൽ ചിത്രങ്ങളാണോ എന്നറിയാതെ അമലയുടെ മനസ്സെപ്പോഴും ഭ്രാന്തമായ ചിന്തകളിലൂടെ അലഞ്ഞുകൊണ്ടിരുന്നു. ആ ഉരുക്കു കോട്ടയിൽ നിന്നും പുറത്തു കടക്കാൻ അവൾ സദാ കൊതിച്ചു കൊണ്ടിരുന്നു.
ഒടുവിൽ അമ്മയ്ക്ക് സുഖമില്ലെന്ന കാരണം കാട്ടി അമല സ്വന്തം വീടിനടുത്തുള്ള ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ വാങ്ങി താമസം അമ്മയ്ക്കൊപ്പമാക്കി. മകളുടെ അപ്രതീക്ഷിതമായ വരവിൽ അമ്മയ്ക്ക് പന്തികേട് തോന്നാതിരുന്നില്ല.
“പെട്ടെന്ന് എന്ത് പറ്റി മോളേ” അമ്മയുടെ മനസ്സ് ആശങ്കപ്പെടുന്നത് അവളറിഞ്ഞു.
“ഇനി എനിക്ക് അയാളോടൊപ്പം ജീവിക്കാനാവില്ല” മകളുടെ നിർദയമായ മറുപടി കേട്ട് അമ്മ കസേരയിൽ തളർന്നിരുന്നു.
“നിനക്കെന്താ ഭ്രാന്തു പിടിച്ചോ? കല്ല്യാണമെന്നത് കുട്ടികളിയാണോ? നീ ചെയ്തത് ഒട്ടും ശരിയായില്ല.” അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു.
അമല സകലകാര്യങ്ങളും അമ്മയെ ധരിപ്പിച്ചു. എന്നിട്ടും അമ്മ അവളെ ആവുന്നതും പറഞ്ഞു മനസ്സിലാക്കിക്കൊണ്ടിരുന്നു.
“മോളേ, ഇതെല്ലാം സാധാരണ പ്രശ്നങ്ങൾ മാത്രമാണ്. ഒരുമിച്ച് താമസിച്ച് തുടങ്ങുമ്പോൾ പരസ്പരം കൂടുതൽ മനസിലാക്കി വിട്ടുവീഴ്ചകൾ ചെയ്യുകയാണ് വേണ്ടത്. ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ അതൊക്കെ മാറും. അപ്പോൾ കൂടുതൽ സ്നേഹമാകും.”
“അമ്മയെന്താ എന്നെ മനസ്സിലാക്കാത്തത്. ഇതൊന്നും നിസാര കാര്യമല്ല. ഗൗതമിന് എന്നെയൊട്ടും ഉൾക്കൊള്ളാനാവില്ല. അങ്ങനെയൊരാൾക്കൊപ്പം എനിക്കു വയ്യാ.” അമല കരഞ്ഞുകൊണ്ടേയിരുന്നു. അതോടെ അമ്മ നിശബ്ദദയായി എങ്കിലും അമ്മ രഹസ്യമായി ഗൗതമിനോട് ഫോണിൽ ഇടയ്ക്കിടെ സംസാരിച്ചു കൊണ്ടിരുന്നു.
“നീ ഫോൺ ചെയ്താൽ ഗൗതം വന്ന് നിന്നെ കൂട്ടിക്കൊണ്ടു പോകാമെന്നാ പറയുന്നത്.” ഒരിക്കൽ അമ്മ പറഞ്ഞു.
“എന്തിന്? എനിക്ക് അയാളുടെ ഔദാര്യമൊന്നും വേണ്ട, ഞാനെന്തിന് ഫോൺ ചെയ്യണം? അയാൾ വേണമെങ്കിൽ മാപ്പ് പറയട്ടെ, അപ്പോൾ ആലോചിക്കാം.” അമല ദേഷ്യത്തോടെ പറഞ്ഞു.
“മോളേ ഇത്രയും വാശിയരുത്.” അമ്മ തുടർന്ന് എന്തെങ്കിലും പറയുന്നതിനു മുമ്പേ അമല തടഞ്ഞു. അതോടെ ആ അധ്യായം അവിടെ അവസാനിക്കുകയായിരുന്നു. ഒടുവിൽ ഉഭയകക്ഷി സമ്മതപ്രകാരം അവർ ഇരുവരും വിവാഹമോചനവും തേടി.
സംഭവിച്ചതെല്ലാം അതിജീവിച്ച് അമല പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. ഗൗതമിനെ അവൾ എന്നെന്നേക്കുമായി മറന്നു കഴിഞ്ഞിരുന്നു. എങ്കിലും ചില നേരത്ത് പഴയ ഓർമ്മകൾ അവളെ പിന്തുടർന്നുകൊണ്ടിരുന്നു. അമ്മയുടെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരുന്നു. വൈദ്യപരിശോധനയിൽ അമ്മയുടെ ഹാർട്ട് വീക്കാണെന്ന് അറിഞ്ഞതോടെ അമല മാനസികമായി തളർന്നു. എങ്കിലും തനിക്ക് പിടിച്ചു നിന്നേ പറ്റൂ.
ഒരു ദിവസം വൈകുന്നേരം ഓഫീസ് കഴിഞ്ഞ് മടങ്ങിയെത്തിയ അമലയോട് ഗൗതം വീട്ടിൽ വന്ന കാര്യം അമ്മ പറഞ്ഞു. ഗൗതമിന് ഇവിടെയടുത്ത് ട്രാൻസ്ഫർ കിട്ടിയെന്നും ഇവിടെയുള്ള ഒരാശുപത്രിയിൽ അയാളുടെ പരിചയത്തിൽ പെട്ട ഡോക്ടറെക്കൊണ്ട് അമ്മയ്ക്കു വേണ്ട പരിശോധനകൾ നടത്താമെന്നും അയാൾ ഉറപ്പ് പറഞ്ഞതായി അമ്മ അമലയെ ധരിപ്പിച്ചു.
“അമ്മേ പ്ലീസ്…” അമല അമ്മയെ തടഞ്ഞു.
“അമ്മയെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അയാളുടേതല്ല” അമല കർശനമായി പറഞ്ഞു.
അമ്മ പിന്നീട് അതേക്കുറിച്ചൊന്നും പറഞ്ഞില്ല. പഴയതു പോലെ അമ്മ ഇപ്പോൾ അധികമൊന്നും സംസാരിക്കാറേയില്ല. എപ്പോഴും ഏതോ ചിന്തയിൽ മുഴുകിയിരിക്കും. അമ്മയുടെ സ്വഭാവത്തിലുണ്ടായ മാറ്റം അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. താൻ പോയാൽ മകൾ തനിച്ചായി പോകില്ലേയെന്ന ആധി അവരെ സകലസമയവും അലട്ടിക്കൊണ്ടിരുന്നു. അത് അമല ഊഹിച്ചെടുത്തിരുന്നു.
ഒരു ദിവസം അമ്മയുടെ സുഖവിവരം അന്വേഷിച്ചെത്തിയ ഗൗതം അമലയുമായി ദീർഘനേരം സംസാരിച്ചു. അതിനെല്ലാം വളരെ ചുരുങ്ങിയ വാക്കുകളിൽ അമല പ്രതികരിച്ചുകൊണ്ടിരുന്നു.
“അമല… കഴിഞ്ഞതെല്ലാം മറക്കണം. നിന്നെ ഡിവോഴ്സ് ചെയ്തത് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണ്. അല്ല നീയും അതിനൊരു കാരണക്കാരിയായിരുന്നു. നമ്മളെത്ര നിസാര കാര്യത്തിനു വേണ്ടിയാ കലഹിച്ചത്. അല്ലേ… ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു. നമുക്കൊരുമിച്ചു കൂടേ… അമ്മയ്ക്കു വേണ്ടിയെങ്കിലും, അമ്മ അത് ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. ഒപ്പം ഈ ഞാനും.”
ഗൗതം നിശ്ചലയായി നിന്ന അമലയുടെ കൈകളെ ചേർത്തു പിടിച്ചു. അയാളുടെ കണ്ണുകളിൽ ആകാംക്ഷയുടെ നിമിഷങ്ങൾ നിറയുന്നത് അവൾ കണ്ടു. അവളുടെ കണ്ണുകൾ സങ്കടങ്ങളുടെ ആഴക്കടലായി.
“ഗൗതം..” അവളുടെ ചുണ്ടുകൾ വിറച്ചു.
ഗൗതം അവളെ തന്നിലേക്ക് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.





