അലങ്കാരച്ചെടി തലകളെ ബാധിച്ച വെളുത്ത ഫംഗസ് ബാധയെ സ്പ്രേ കൊണ്ടു തൂത്തെടുക്കുകയായിരുന്നു വില്ലിയങ്കിൾ.

എന്നെ കണ്ടതും ചെയ്തിരുന്ന പ്രവൃത്തി മുഴുമിക്കാതെ സ്പ്രേയും മറ്റും അടുത്തു നിന്നിരുന്ന ആളെ ഏൽപ്പിച്ച് അടുത്തേക്കു വന്നു അഭിവാദ്യം ചെയ്തു.

കൈപിടിച്ച് ചെടിത്തോട്ടത്തിന്‍റെ ഇടതു വശത്തു പണികഴിപ്പിച്ച ഗസീബോയിലേക്കു ക്ഷണിച്ചു. മുളന്തടി കൊണ്ടു ഉണ്ടാക്കിയ മനോഹരമായ ഗസീബോ. ചെറിയ മുളഞ്ചില്ലകൾ മെടഞ്ഞുണ്ടാക്കിയ ഈയൊരു പ്രത്യേക നിർമ്മിതി ഞാൻ കഴിഞ്ഞ തവണ ശ്രദ്ധിച്ചിരുന്നില്ലെന്ന് ഓർത്തു.

ഇളം തണുപ്പ് പടർന്ന അവിടിരുന്ന് നേരിയ തണുപ്പുള്ള മുന്തിരി വീഞ്ഞ് അല്പാൽപ്പം മൊത്തിക്കുടിച്ച് ഞാൻ വില്ലിയങ്കിളിനെ വിവരങ്ങൾ എല്ലാം ധരിപ്പിച്ചു.

ഇത്രയും കാലം തന്‍റെ ഉറക്കം കെടുത്തിയത് എന്തെന്ന് അറിഞ്ഞ നിമിഷം അയാളുടെ കണ്ണുകൾ ചുവന്നു തൊടുത്തു. ഈ സാമൂഹിക ദ്രോഹികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു ഉറപ്പിച്ചു പറഞ്ഞു.

പതുക്കെ പതുക്കെ അയാൾ ശാന്തനാവാൻ തുടങ്ങി. അയാളുടെ കണ്ണുകൾ ഉത്കണ്ഠാപൂർവ്വം എന്‍റെ കണ്ണുകളിൽ തറഞ്ഞുനിന്നു. മകന്‍റെ വിഷയത്തിലുള്ള ഒരു സമീകരണമാണു അയാൾ കാംക്ഷിക്കുന്നതെന്നു എനിക്ക് മനസ്സിലായി. പരിചാരകൻ കൊണ്ടുവച്ച കട്ലറ്റ് ഒരു കഷണം മുറിച്ചെടുത്ത് ചുവന്ന മധുരിച്ച സോസ്സിൽ മുക്കി കഴിച്ചശേഷം ഞാൻ പറഞ്ഞുതുടങ്ങി.

തുറന്നു പറയുന്നതിൽ പ്രയാസം തോന്നരുത്. ഈ വിഷയത്തിൽ നിങ്ങളുടെ മകൻ ശ്രദ്ധക്കുറവുണ്ടായിയെന്നു പറയാതെ വയ്യ. ഇത്തരം സന്ദർഭങ്ങളിൽ ഒരു ഓഫീസറുടെ ഫേസ് മൂല്യം പരിഗണിക്കാതെ എന്ത് സേവനം ആവശ്യപ്പെടുന്നു എന്നതിൽ ജാഗ്രത കാണിക്കേണ്ടിയിരുന്നു. ഉന്നതമായ സ്ഥാനത്ത് ഇരിക്കുന്നവരിൽ നിന്നു ആ സ്ഥാനത്തെ സാധൂകരിക്കുന്ന പ്രവൃത്തികളും നിലപാടുകളും വാക്കുകളും നമ്മൾ പ്രതീക്ഷിക്കുന്നു.

എന്നാൽ നമ്മെ ഹതാശരാക്കുന്ന നിലവാരമില്ലാത്ത പ്രവർത്തികളാണ് ചിലപ്പോൾ അവരിൽ നിന്നുമുണ്ടാകാറ്. താങ്കളുടെ മകന്‍റെ കാര്യത്തിലും അത്തരം പ്രവർത്തികൾ ഉണ്ടായിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥൻ അറ്റസ്റ്റ് ചെയ്യാൻ ഏൽപ്പിച്ച, അതായത് അമ്മയുടെ മെഡിക്കൽ ബില്ലുകളുടെ ക്ലെയിം ലഭിക്കുന്നതിനായി നൽകിയ രേഖകൾക്കുള്ളിൽ നിയമവിധേയമല്ലാത്ത ഏതെങ്കിലും ഡോക്യുമെന്‍റ് വച്ചിട്ടുണ്ടാകാം. രേഖക്ക് ഒറിജിനൽ ഉണ്ടായിരിക്കുകയില്ല. അതായത് അത് ഒരു ഫേക്ക് രേഖയാണ്.

രേഖയിലാണ് താങ്കളുടെ മകൻ ഒറിജിനൽ കണ്ടു എന്ന സത്യവാങ്മൂലം നൽകിയിരിക്കുന്നത്. അപ്പോൾ ഇല്ലാത്ത ഒന്നുണ്ടാക്കുവാൻ ശ്രമിക്കുമെങ്കിൽ തെറ്റുകളുടെ ഒരു ശൃംഖല തന്നെയാണ് അതുമായി ബന്ധപ്പെടുത്തി തീർക്കേണ്ടിവരും.

ശൃംഖലയിലെ ഒരു കണ്ണിയായ ഐസക്ക് മാറി എന്നുവേണം കരുതാൻ. അതെത്തുടർന്ന് ഉണ്ടായ കോടതി നടപടികളിൽ നിർഭാഗ്യവശാൽ ഐസക്കും ഭാഗഭാക്കാകുകയായിരുന്നു.

തുടർന്ന് നടന്ന തെളിവു നൽകൽ വേളയിൽ ഒറിജിനൽ കണ്ടാണ് ഡോകുമെന്‍റ് അറ്റസ്റ്റ്ചെയ്ത് നൽകിയതെന്ന് ഐസക്ക് എഴുതി ഒപ്പിട്ടു നൽകുകയും ചെയ്തു. അപ്പോഴെല്ലാം തന്‍റെ കഴുത്തിൽ വീണ കുടുക്ക് താൻ തന്നെ കൂടുതൽ മുറുക്കുകയാണെന്ന് ഐസക് അറിഞ്ഞില്ല.

ഇനി കോടതിയിൽ ലഭ്യമായ തെളിവുകൾ വിലയിരുത്തിയും സാക്ഷിമൊഴികൾ കേട്ടും അന്തിമ ശിക്ഷ തീർപ്പാക്കും അടുത്ത ഘട്ടം അതാണ്. ഇതിൽ ബന്ധപ്പെട്ട എല്ലാ കണ്ണികൾക്കും അതാതിന്‍റെ ഗൗരവം കണക്കാക്കി ശിക്ഷിക്കാനുള്ള സാധ്യതയാണ് ഇനി മുന്നിലുള്ളത്.

വില്ലിയങ്കിളിന്‍റെ മുഖം വലിഞ്ഞുമുറുകുന്നതും നീണ്ട നെറ്റിത്തടത്തിന്വശങ്ങളിലൂടെ വിയർപ്പിന്‍റെ മുത്തുമണികൾ ഉരുണ്ടിറങ്ങുന്നതും ഞാൻ കണ്ടു.

ഇനി എന്താണ് ഒരുപോം വഴി.’ വില്ലിയങ്കിൾ പരവശതയോടെ ചോദിച്ചു. ഞാൻ തെല്ലിട ആലോചിച്ചു. തുടർന്ന് പറഞ്ഞുതുടങ്ങി.

ഇനി കോടതി മുൻപാകെ നടന്ന സംഭവങ്ങൾ വ്യക്തതയോടെ പറയുക. നടന്നതു മാത്രം!സംഭവത്തിന്‍റെ പിന്നാമ്പുറ കഥകളൊന്നും ഡോക്യുമെന്‍റ്സ് ഒപ്പിട്ടു നൽകുമ്പോൾ അറിവില്ലായിരുന്നുവെന്നും, ഉയർന്ന പദവിയിലിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥനിൽ നിന്നുമുള്ള ആ സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തി ഒരിക്കലും താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും, ജാഗ്രത കുറവ് സംഭവിച്ചുവെന്നും പറഞ്ഞ് കോടതി മുൻപാകെ നിരുപാധികം മാപ്പപേക്ഷ നൽകുക.

അമ്മയുമായി ബന്ധപ്പെട്ട വിഷയത്തിൻമേൽ വൈകാരികതയോടെ സമീപിച്ചതാണെന്നും, അതു വീഴ്ചയായെന്നും തുറന്ന് സമ്മതിക്കുക. ഇനി ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തിക്കോളാമെന്നും എഴുതി അറിയിക്കുക.

മാത്രമല്ല ഇന്നോളം ഉള്ള ഔദ്യോഗിക ജീവിതത്തിൽ കാര്യക്ഷമമായി ജോലി നിർവഹിച്ചതിന് പ്രശംസകൾ ലഭിച്ചിട്ടുണ്ടെന്നും, ആദ്യമായാണ് ഇത്തരം ഒരു സാഹചര്യം നേരിടുന്നതെന്നും കോടതി മുൻപാകെ പറയുക.

അതല്ല, കഴിഞ്ഞ തെളിവെടുപ്പിൽ പറഞ്ഞ പോലെ ഒറിജിനൽ കണ്ടാണ് ഒപ്പിട്ടുനൽകിയതെന്ന നിലപാടിൽ ഉറച്ചുനിന്നാൽ കാര്യങ്ങൾ സങ്കീർണ്ണതയിലേക്കു നീങ്ങും. കാരണം അങ്ങനെയൊരു ഒറിജിനൽ ഇല്ല. എന്തുകൊണ്ട് ഒറിജിനൽ ഇല്ല എന്ന ചോദ്യം വലിയൊരു അന്വേഷണത്തിലേക്കു നയിക്കും. അത് ഒരു ചൂണ്ടുപലകയായിരിക്കും. പ്രത്യേകിച്ച് സർവ്വീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ.

ഏതായാലും കോടതിയിൽ വകുപ്പിന്‍റെ ഭാഗമായ വക്കീൽ ഉണ്ടാവും. അദ്ദേഹത്തിന് പ്രവൃത്തി പരിചയത്തിന്‍റെ അടിസ്ഥാനത്തിൽ മികച്ച കാഴ്ചപ്പാടുകൾ ഉണ്ടാവും. കോടതിക്കു മുന്നിൽ എത്തുന്നതിനുമുമ്പ് അയാളോടൊത്ത് ചർച്ച ചെയ്യുക. കോടതിയിൽ പറയേണ്ടത് എന്തെന്നും, എഴുതി നൽകേണ്ടത് എന്തെന്നും വ്യക്തമായി ഉറപ്പിക്കുക.

ഒരു കാരണവശാലും സമ്മറി ഓഫ് എവിഡൻസ്ഘട്ടത്തിൽ പറയേണ്ടിവന്ന ഒറിജിനൽ കണ്ടാണ് അറ്റസ്റ്റ് ചെയ്ത് നൽകിയതെന്ന സ്റ്റേറ്റ്മെന്‍റിൽ ഉറച്ചു നിൽക്കാതിരിക്കുക.

അപ്പോൾ സ്റ്റേറ്റ്മെന്‍റ് ഓഫ് എവിഡൻസിന്‍റെ ഘട്ടത്തിൽ നുണ പറഞ്ഞു എന്നാകില്ലേ?’ ചാട്ടൂളിപോലെ വില്ലിയങ്കിളിൽ നിന്നു ചോദ്യം എന്നിൽ വന്നുപതിച്ചു.

ഞാൻ തെല്ലിട ചിന്തയിലാണ്ടു. ഞാൻ പറഞ്ഞു: അതൊരു പ്രശ്നമാണ്. എങ്കിലും ആ ഉയർന്ന ഉദ്യോഗസ്ഥൻ ഐസക്കിനെ ഫോൺ ചെയ്തു കാണുമല്ലോ. തെളിവെടുപ്പിന് പോയ സമയത്ത് താമസ, വാഹന സൗകര്യങ്ങളെല്ലാം ഏർപ്പാടാക്കിയതായാണ് പറഞ്ഞത്. അയാൾക്കനുകൂലമായി തെളിവു നൽകാൻ ഐസക്കിനോട് പറഞ്ഞും കാണും.

അതുകൊണ്ടുതന്നെ ഉന്നത ഉദ്യോഗസ്ഥന്‍റെ സമ്മർദ്ദത്തിന്‍റെ ഫലമായാണ് അയാൾക്കനുകൂലമായി തെളിവു നൽകാൻ തയ്യാറായത് എന്ന് പറയണം. മാത്രമല്ല, അയാളുടെ പശ്ചാത്തലമോ ഇപ്പോൾ നടക്കുന്ന കോടതി നടപടികളുടെ പശ്ചാത്തലത്തെക്കുറിച്ചോ യാതൊരു അറിവുമില്ല എന്ന് തീർത്തു പറയണം.

ഉന്നത ഉദ്യോഗസ്ഥൻ നൽകിയ മെഡിക്കൽ രേഖകൾ അടങ്ങിയ പേപ്പറുകൾ അറ്റസ്റ്റു ചെയ്തു നൽകിയതാണ്. അതുമാത്രമേ ഈ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ഉള്ള ബന്ധം എന്ന് ആശങ്കക്ക് ഇടയില്ലാത്തവിധം കോടതി മുൻപാകെ അടിവരയിട്ട് നൽകണം.

ഒന്നാമതായി ചിന്തിക്കേണ്ട കാര്യം, ഐസക്ക് കുറ്റാരോപിതൻ അല്ല എന്നുള്ളതാണ്. കുറ്റാരോപിതൻ ആ ഉയർന്ന ഉദ്യോഗസ്ഥനാണ്. പല വിഭാഗവുമായി ബന്ധപ്പെട്ട സാക്ഷികൾ കാണുമായിരിക്കും. അതിലൊരു സാക്ഷി മാത്രമാണ് താങ്കളുടെ മകൻ. അതും ഈ വിഷയവുമായി ബന്ധപ്പെട്ട എത്രയോ സാക്ഷികളിൽ ഒരാൾ മാത്രം…

ഞാൻ പറഞ്ഞുനിർത്തി. വില്ലിയങ്കിളിന്‍റെ മുഖത്ത് സമാധാനത്തിന്‍റെ പ്രകാശം പരക്കുന്നതുകണ്ട് ഞാൻ എഴുന്നേറ്റു.

സന്ധ്യ മാഞ്ഞ അന്തരീക്ഷം ഇരുളാൻ തുടങ്ങി. എന്നെ വീട്ടിലെത്തിക്കാൻ കാർ ഏർപ്പാടാക്കാമെന്ന് പറഞ്ഞതിനെത്തുടർന്ന് പുതുതായി നേഴ്സറിയിലേക്കുവന്ന അലങ്കാരച്ചെടികൾ കാണുകയായിരുന്ന ഞാൻ. അന്തരീക്ഷത്തിന് ഇളംതണവും നേരിയ സുഗന്ധവും.

സുഗന്ധം പുറപ്പെടുവിക്കുന്ന ചെടി വില്ലിയങ്കിൾ എനിക്ക് കാണിച്ചുതന്നു. നാക്കുപോലെ നീണ്ട വെള്ളപ്പൂക്കളുള്ള ആ ചെടി എനിക്കേറെ ഇഷ്ടപ്പെട്ടു. എന്നാൽ ആ അപൂർവ്വസുഗന്ധം വിഷപ്പാമ്പുകളെ ആകർഷിക്കുമെന്ന് വില്ലിയങ്കിൾ പറഞ്ഞറിഞ്ഞപ്പോൾ, ആ ചെടി വീട്ടിൽ കൊണ്ടുപോയി പരിപാലിക്കണമെന്ന എന്‍റെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.

കാർ വന്നു. കാറിൽ ഞാൻ കയറാനാഞ്ഞപ്പോൾ വില്ലിയങ്കിൾ എന്‍റെ കൈപിടിച്ച് താങ്ക്സ്, താങ്ക്സ്എന്ന് വികാരഭരിതമായി പിറുപിറുത്തു. കാറിൽ കയറി ഇരുന്നശേഷം ഞാൻ വില്ലിയങ്കിളിനെ വിളിച്ച് അടുത്തിരുത്തി. ചെവിയിൽ പറഞ്ഞു:

ഐസക്കിനോട് ഒരു കാര്യം പറയണം. ആ ഉയർന്ന ഉദ്യോഗസ്ഥനിൽ നിന്നു ഇന്നും തുടർച്ചയായ ഫോൺ കോളുകൾ ഉണ്ടാകാം. കാരണം തെളിവെടുപ്പ് സമയത്ത് പറഞ്ഞത് കോടതി മുൻപാകെ പറയേണ്ടത് അയാളുടെ ആവശ്യമാണ്. അത് തീർച്ചപ്പെടുത്താൻ ഫോൺ ചെയ്ത് ഉറപ്പുവരുത്താൻ ശ്രമിക്കും.

അയാളുടെ കോൾ എടുക്കാതിരിക്കുക. നാലഞ്ച് മിസ്ഡ് കോൾ കോൾലിസ്റ്റിൽ കിടക്കട്ടെ. തുടർന്ന് ഫോൺ എടുത്ത് അയാളുടെ സംഭാഷണം റെക്കോർഡ് ചെയ്യുക. ഉറപ്പായും അയാളുടെ സമ്മർദ്ദം ഉൾക്കൊണ്ട സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനാവും.

അയാൾക്കനുകൂലമായി, അതായത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ നിർബന്ധിച്ചുവെന്ന അത്യന്തം ഗൗരവമായ തെളിവ് നമ്മുടെ കൈവശമാകും. അവശ്യമെങ്കിൽ കോടതി മുൻപാകെ ഡിജിറ്റൽ തെളിവുകൾ സമർപ്പിക്കാനുമാവും.

വില്ലിയങ്കിൾ എല്ലാം തലകുലുക്കി കേട്ടു. സമ്മതിച്ചു. കാർ മുന്നോട്ടു നീങ്ങി. വെള്ളപ്പൂക്കളുടെ സുഗന്ധം അകലങ്ങളിൽ നിന്നു അകന്നു ശമിച്ചു. റബർ മരങ്ങളിൽ കാറ്റു പതിഞ്ഞു. ഉണങ്ങിയ ചില്ലകളിൽ കാറ്റു പിടിക്കുന്ന ശബ്ദം. ആ വഴിത്താരയിൽ സ്ട്രീറ്റ് ലൈറ്റ് ഉണ്ടായിരുന്നെങ്കിലും അവയിലെ ബൾബുകൾ ആരോ എറിഞ്ഞുടച്ച നിലയിലായിരുന്നു. തകർന്ന ബൾബുകൾ മാറ്റി വെളിച്ചം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിൽ പരാതി കൊടുക്കാൻ വില്ലിയങ്കിളിനോട് സംസാരിക്കണമെന്ന് നിശ്ചയിച്ച് യാത്ര തുടരുമ്പോഴാണ്, അങ്ങകലെ ഒറ്റപ്പെട്ട് നിൽക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ നിന്നു കണ്ണഞ്ചുന്ന പ്രകാശവും ഒപ്പം ഒരാർത്തനാദവും ഉയർന്നത്.

ആ ഭയാനകമായ തേങ്ങൽ കേട്ടിടത്തേക്കു കുതിച്ചെത്തണമെന്ന മനസ്സു മോഹിച്ചെങ്കിലും, വിവേകം എന്നെ ആ ഉദ്യമത്തിൽ നിന്നു പിന്തിരിപ്പിച്ചു.

ഭയാശങ്കകൾ എന്നെ വന്നു പൊതിഞ്ഞു. പെട്ടെന്ന് ആ സ്ഥലം വിട്ടുപോകണമെന്ന മനസ്സ് പറഞ്ഞു...

എന്‍റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ഡ്രൈവർ വാഹനത്തിന്‍റെ വേഗം കൂട്ടി. യാത്ര തുടരുമ്പോൾ തേങ്ങലിന്‍റെ അലകൾ ഒരു വളയം പോലെ എന്നെ പിൻതുടരുന്നതായി എനിക്കു തോന്നി...

(തുടരും)

और कहानियां पढ़ने के लिए क्लिक करें...