ഒരുച്ചതിരിഞ്ഞ സമയത്താണ് എന്‍റെ പേരിൽ ഒരു കുറിയർ ഉണ്ടെന്ന ഫോൺകോൾ കുറിയർആപ്പീസിൽ നിന്നും എനിക്ക് ലഭിച്ചത്. ഞാനത് പ്രതീക്ഷിച്ചിരുന്ന ഒന്നായിരുന്നു. എന്‍റെ പഴയൊരു സുഹൃത്ത ഗബ്രി ഒരു കുറിയർ അയക്കുന്ന കാര്യം മുന്നേ എന്നോട് സൂചിപ്പിച്ചിരുന്നു.

എന്നാൽ അയക്കുന്നു എന്നതല്ലാതെ ഉള്ളടക്കത്തെക്കുറിച്ച് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ജിജ്ഞാസയാൽ കുറിയർ പാക്കറ്റിനെ കുറിച്ച് പല കാര്യങ്ങളും ചോദിച്ചെങ്കിലും എല്ലാ വിവരങ്ങളും ആ പാക്കറ്റിൽ നിന്നുതന്നെ ലഭിക്കും എന്ന മറുപടിയാണ് ഗബ്രിയിൽ നിന്നും ലഭിച്ചത്.

ഫോൺ വഴി വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിൽ ഗബ്രി മടിക്കുന്നതായി എനിക്ക് തോന്നിയതിനാൽ കുരിയർ പാക്കറ്റിനെക്കുറിച്ചുള്ള സംഭാഷണത്തിൽ നിന്നും ഞാൻ പിൻമാറി മറ്റു വിഷയങ്ങൾ സംസാരിച്ചു തുടങ്ങി.

അവിടെ കടുത്ത തണുപ്പാണ്. രാവിലെ കോരികകളുമായി ഇറങ്ങി മഞ്ഞുകട്ടകൾ തൂത്ത് കളഞ്ഞാലേ യാത്ര പോലും സാധ്യമാകൂ. വിദേശരാജ്യങ്ങൾ ഇന്നത്തെ തലമുറയെ വല്ലാതെ കണ്ട് ഭ്രമിപ്പിച്ചിരിക്കുന്നു. മികച്ച ജീവിതസൗകര്യങ്ങൾ തേടി വിദേശരാജ്യങ്ങളിലേക്ക് കുടിയേറാനുള്ള പ്രവണത പണ്ടുതൊട്ടുണ്ടെങ്കിലും ആക്കം കൂടിയത് ഈയടുത്ത കാലത്താണ്. എന്നാൽ മേൽപറഞ്ഞ പോലുള്ള പരീക്ഷണങ്ങൾ അനവധി.

ശരി. പാക്കറ്റ് വരട്ടെ. അതുവരെ കാത്തിരിക്കാം എന്നു കരുതിയെങ്കിലും ഒന്നുരണ്ടു ദിവസങ്ങൾക്കുശേഷം ഞാൻ ഗബ്രി പറഞ്ഞിരുന്ന കുറിയർ കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.

അതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. ആ കമ്പനിക്കരികെ പുതുതായി തുടങ്ങിയ ഇറ്റാലിയൻ ഫുഡ്സ്റ്റാൾ. ആ പരിസരത്ത് അപൂർവ്വമായ ഒന്നായിരുന്നു അത്. പാസ്തയുടെ വിവിധതരം ഫ്ലേവറുകൾ ലഭിക്കുന്ന ഒരു മികച്ച ഫുഡ്സ്റ്റാൾ. പാസ്ത മുൻപ് ഞാൻ പലപ്രാവശ്യം കഴിച്ചിട്ടുണ്ടായിരുന്നെങ്കിലും  ഈ ടൗണിൽ താമസമാക്കിയതിനു ശേഷം ഈയൊരു അപൂർവ്വ വിഭവം കഴിച്ചിരുന്നില്ല. ഇപ്രദേശത്ത് ലഭിച്ചിരുന്നില്ല എന്നതാണ് ശരി.

ഇവിടെ അങ്ങനെ സുലഭമായി കിട്ടുന്ന ഒന്നായിരുന്നില്ല അത്. രുചികരമായ വിഭവമായിരുന്നിട്ടും ഉപഭോക്താക്കൾ കുറവായിരുന്നു. നല്ലപോലെ വെന്ത് മഷ്റൂം ഗ്രേവിയിൽ മുങ്ങിക്കിടക്കുന്ന പാസ്ത രുചിമുകുളങ്ങളെ ഉണർത്തുന്ന ഒന്നായിരുന്നു. എന്നാൽ വളരെ ചെറിയ ഒരളവ് പാസ്ത മാത്രമേ അവർ നല്കിയിരുന്നുള്ളൂ. മാത്രമല്ല ആ ചെറിയ ബൗളിന് സാമാന്യം നല്ല വിലയും നിരന്തരമായ സന്ദർശനം പോക്കറ്റിന്‍റെ കനം കാര്യമായി കുറക്കുന്ന ഒന്നായിരുന്നു.

അങ്ങനെ ഇറ്റാലിയൻ പാസ്ത കൂടി ലക്ഷ്യം വച്ച് ഒന്നുരണ്ടു പ്രാവശ്യം കുറിയർ കമ്പനിയിലേക്ക് പോകുകയും   ആ കമ്പനിയിലെ സ്റ്റാഫുമായി പരിചയത്തിലാവുകയും ചെയ്തു.

തുടർച്ചയായി പാക്കറ്റുകൾ വന്നുകൊണ്ടിരിക്കുന്ന, മേൽവിലാസക്കാരനെത്തേടി നിരന്തരം പാക്കറ്റുകൾ പൊയ്ക്കൊണ്ടിരുന്ന തിരക്കുപിടിച്ച ഒരു ഓഫീസായിരുന്നു പ്രസ്തുത കമ്പനിയുടെ ഇവിടുത്തെ ശാഖ. ആഴ്ചകൾ രണ്ട് കഴിഞ്ഞെങ്കിലും ഇതുവരെ കമ്പനിയിൽ നിന്നും എന്നെത്തേടി പാക്കറ്റൊന്നും വന്നതായുള്ള അറിയിപ്പ് ലഭിച്ചില്ല.

ഗബ്രിയിൽ നിന്നും ഫോൺ കോളും ലഭിച്ചില്ല. അപ്പോഴേക്കും എന്‍റെ ഉത്കണ്ഠയും ജിജ്ഞാസയും ഏറെക്കൂറെ ശമിച്ചു കഴിഞ്ഞിരുന്നു. ഇനിയിപ്പോൾ സാവകാശം വന്നു കൊള്ളട്ടെ. അതുവരെ ഈയിടെ എന്നെ പിടികൂടിയ താത്പര്യത്തിന്‍റെ പുറകെ കൂടാം എന്നു ഞാൻ നിശ്ചയിച്ചു.

और कहानियां पढ़ने के लिए क्लिक करें...