ജാസ്‌മിൻ എന്നാണ് ശരിക്കുള്ള പേര്. പക്ഷേ ഞങ്ങൾ കൂട്ടുകാർക്കിടയിൽ അവൾ ജാസ് ആണ്. പരോപകാരിയൊക്കെയാണെങ്കിലും പൊങ്ങച്ചത്തിന്‍റെ കാര്യത്തിൽ ജാസിനെ കടത്തി വെട്ടാൻ ആരും ഇല്ലെന്നു വേണം പറയാൻ. ഇന്നു വൈകിട്ട് അവളുടെ വീട്ടിൽ ചെലവഴിക്കണം പോലും. അവൾ വല്ലാതെ നിർബന്ധിക്കുന്നുണ്ട്. എന്താവും കാര്യം? പുതിയ എൽ.സി.ഡി ടിവി വാങ്ങി കാണുമോ? ചിലപ്പോൾ ഫ്രിഡ്‌ജ്ജായിരിക്കും? സോഫയോ ഡയമണ്ട് സെറ്റോ ആവാനും വഴിയുണ്ട്?
വൈകിട്ട് ഏതാണ്ട് നാലരയോടെ ഞാനവളുടെ വീട്ടിലെത്തി. കോൾ ബെൽ അമർത്തി. ലേറ്റസ്‌റ്റ് ഫാഷണിലുള്ള ചുരിദാർ ധരിച്ച സുന്ദരിയായ ഒരു യുവതിയാണ് വാതിൽ തുറന്നത്. ‘ഗുഡ് ഈവനിംഗ് ‘എന്നെ കണ്ട് ഭവ്യതയോടെ തല താഴ്ത്തി അവൾ അഭിവാദ്യം ചെയ്തു.
“അല്ല ഈ പെൺകുട്ടിയെ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ. ജാസിനു സഹോദരിയും നാത്തൂനുമൊന്നുമില്ലല്ലോ… മനസ്സ് പല വഴിക്കു പായാനൊരുങ്ങി.
“പ്ലീസ് കം ഇൻ, മാഡം അകത്ത് കാത്തിരിക്കുന്നുണ്ട്…” കൂടുതൽ ചിന്തിക്കാനനുവദിക്കാതെ അവൾ എന്നെ അകത്തേയ്ക്കു ക്ഷണിച്ചു.
അന്ധാളിപ്പ് ഒട്ടും വിട്ടുമാറാതെ ഞാൻ മുറിയ്ക്കകത്തെത്തി. എന്നെ കണ്ടതും ജാസ് സന്തോഷത്താടെ ഓടിവന്ന് എന്‍റെ കൈകൾ ചേർത്തു പിടിച്ചു. “കൊള്ളാം… ഇപ്പോഴാണോ വരുന്നത്..” അൽപം വൈകിയെന്ന പരിഭവം മുഖത്തുവരുത്തി അവൾ എന്നെ സോഫയിൽ പിടിച്ചിരുത്തി.
“മായാ… കിച്ചണിൽ ചെന്ന് വേഗം സമോസ ചൂടാക്കി കൊണ്ടു വരൂ.. പിന്നെ ഉഴുന്നു വടയും രണ്ടുതര ചട്‌നിയും…”
പട്ടണം ആദ്യമായി കാണുന്ന നാട്ടുമ്പുറത്തുകാരിയുടെ മുഖത്തോടെ ഞാനിതൊക്കെ വീക്ഷിച്ചു കൊണ്ടിരുന്നു.
“സുമിതാ… ഐ ആം റിയിലി റിലാക്സ്ഡ് നൗ…” ജാസ് ഒരു നെടുവീർപ്പോടെ സോഫയിൽ അലസമായിരുന്നു.
എല്ലാത്തരം ഭക്ഷണവുമുണ്ടാക്കാനറിയാവുന്ന ഒരുഗ്രൻ മെയിഡാണിത്. മീറ്റ് ഷി ഈസ് മായ… പിന്നെ വീട്ടു പണിയ്ക്കു വരുന്ന ബായിമാരെ പോലെ കാര്യമായ മുറുമുറുപ്പും പ്രശനങ്ങളുമെന്നുമില്ല. എപ്പോ പറഞ്ഞാലും എന്തു ചെയ്യാൻ പറഞ്ഞാലും അൾ റെഡി.”
മായ നിമിഷനേരത്തിനകം ഒരു ട്രേയിൽ സമോസയും ഉഴുന്നുവടയുമായെത്തി. ഒപ്പം ചെറിയ രണ്ട് കപ്പുകൾ, ഒന്നിലൊരു സ്വീറ്റ് ചട്‌നി മറ്റതിൽ നല്ല സ്പൈസി പൊതിന ചട്‌നിയും.
പഞ്ഞിയേക്കാൾ മാർദ്ദവമുള്ള ഉഴുന്നുവട ചട്നിയുടെ രുചി പ്രമാദമായിരിക്കുന്നു. എന്തുമാവട്ടെ പാചകകാര്യത്തിൽ ഇവൾ മായയല്ല.. മായാമോഹിനിയാണ്. എന്തൊരു കൈപുണ്യമാണിവൾക്ക് ജാസിന്‍റെ നിർബന്ധത്തിനു പിന്നിലുള്ള രഹസ്യം ഇപ്പോഴല്ലേ പിടികിട്ടിയത്.
സമോസയ്ക്കും പറഞ്ഞറിയിക്കാനാവാത്തത്ര രൂപി…” സുമി.. ഞാൻ പത്രാസ് പറയുകയാണെന്നു കരുതരുത്. ഇത്ര നല്ല മെയ്ഡിനെ കിട്ടിയത് എന്‍റെ ഭാഗ്യം. പിന്നെ പണ്ടത്തെ ജോലിക്കാരെ പോലെയല്ല ഇപ്പോഴത്തെ സെർവ്വന്‍റ്സ്, നമ്മുടെ സ്‌റ്റാറ്റസിനു പറ്റിയവരാകേണ്ടേ? വീട്ടിൽ ഒരു ജോലി പോലും പെയ്യേണ്ട അതിരാവിലെ ബെഡ് ടീ ഹാജർ. മാർക്കറ്റിൽ നിന്നും പച്ചക്കറി കൊണ്ടുവരണ്ട ടെൻഷനും എനിക്കില്ല. ബെഡ് ടീ കഴിഞ്ഞ് ഞാൻ ജിമ്മിൽ പോകും. തിരിച്ചെത്തുമ്പോൾ ഉഗ്രൻ ബ്രേക്ക് ഫാസ്റ്റ് റെഡി. ഇച്ചയ്ക്ക് ഒരു ചെറിയ സദ്യവട്ടം കാണും. വൈകിട്ട് ചായയും സ്‌നാക്സും… ഇതുപോലൊന്തെങ്കിലും രാത്രി രാജകീയമായ അത്താഴവും ചൈനീസ്, മുഗളായ് സൗത്ത് ഇന്ത്യൻ, പഞ്ചാബി എന്തും…” സ്പൈസി സമ്മാസയ്ക്കൊപ്പം ജാസിന്‍റെ എരിവും. വർത്തമാനവും… ആരിലും അസൂയ നിറയ്ക്കും.
അലാവുദ്ദിൻ കഥയിലെ മാന്തികനായ ഭൂതത്തെ പോലെ ജാസിന്‍റെ ഈ മായാമോഹിനിയ്ക്കും വല്ല ജാലവിദ്യയും വശം കാണുമോ? എന്‍റെ കണ്ണുകൾ അവളിൽ തന്നെ ഊക്കി നിന്നു. ഞാനപ്പോൾ എന്‍റെ വേലക്കാരിയുടെ ഒരു നൂറായിരം കുറവുകൾ ചിക്കി ചികയുകയായിരുന്നു. ഇന്ന് രാവിലെയാണ് ശമ്പളം കൂട്ടുന്നകാര്യം അവരെന്നോടു പറഞ്ഞത്. ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മുങ്ങും. അവിലെ 6 മണിക്കു വരും… ഒരൊറ്റ തവണയെ ബെൽ അമർത്തു, വാതിൽ തുറന്നില്ലെങ്കിൽ അല്ല തുറക്കാൻ അൽപം വൈകിയാൽ പിന്നെ അവളെ കാണണ്ടെത്തണമെങ്കിൽ മറ്റേതെങ്കിലും വീട്ടിൽ തിരയേണ്ടി വരും. പിന്നെ അടുത്ത ദർശനം നട്ടുച്ചയ് 2 മണിയ്ക്ക് ശേഷമാവും. സിങ്കിൽ 2- 4 പാതങ്ങൾ കൂടിയാൽ തീർന്നു. അവൾ ഒന്നോ രണ്ടോ ഗ്ലാസ് ഐറ്റംസ് പൊട്ടിക്കും. ‘ഇലയിൽ വിളമ്പി കഴിച്ചാൽ പോരെ വെറുതെ ഇരട്ടി പണി ചെയ്യിക്കുന്നു” എന്ന പിറുപിറുക്കൽ കേൾക്കേണ്ടി വരും.
വൃത്തിക്കുറവാണെന്നെങ്ങാനും സൂചിപ്പിച്ചാലേ അവൾ ചൂല് നിലത്തേക്കെറിഞ്ഞ് ഒരു ഇരിപ്പുണ്ട്. തന്നോളം മിടുക്കിയായൊരു ബായി ഈ ലോകത്തിലെ ഇല്ലെന്ന മട്ടിൽ ഒരു നീളൻ പ്രഭാഷണം പിന്നീടങ്ങോട്ടു കേൾപ്പിക്കും.
ഒരു മാസം മുമ്പ് വരെ ജാസിന്‍റെ അവസ്‌ഥയും എന്നിൽ നിന്നൊട്ടും വ്യത്യസ്തമായിരുന്നില്ല. പാക്ഷ ഇന്ന് ഒരു ജനറൽ മാനേജരുടെ മട്ടാണവൾക്ക്. അപ്പോൾ എന്‍റേതോ… എതോ കമ്പനിയിലെ ഒരു സാധാരണ ക്ലാർക്കിനേക്കാൾ കഷ്‌ടം…
ഉഴുന്നുവടയും സമോസയും ഒരു കപ്പ് ചായയും കുടിച്ച് ഞാൻ സാവകാശം ജാസിന്‍റെ നേരെ തിരിഞ്ഞു.” ഈ മായാജാലക്കാരിയെ നിനക്കെവിടുന്നു കിട്ടി?”
“ഞാനിങ്ങനത്തെ കാര്യങ്ങളൊക്കെ ആരുമായും ഷെയർ ചെയ്യാറില്ല പക്ഷേ നീയെന്‍റെ ബെസ്‌റ്റ് ഫ്രണ്ടല്ലേ. നിന്നോട് പറയുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു.” നിലവറ രഹസ്യം പറയുന്നപോലെ അവൾ തുടർന്നു.
ടൗണിൽ മെയിഡ് സപ്ലേ ചെയ്യുന്ന ഒത്തിരി ഏജൻസികളുണ്ട്. പക്ഷേ ഞാൻ പരിചയപ്പെട്ട ഏജൻസി ഇവരിൽ നിന്നൊക്കെ ഡിഫറന്‍റാണ്. ട്രെയിനിംഗ് കിട്ടിയ പെൺകുട്ടികളാണ്. അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്‌ഥയുടെ മട്ടും ഭാവവുമായിരുന്നു അവൾക്കപ്പോൾ.
“അപ്പോ കാശൊക്കെ വാരിക്കോരി കൊടുക്കേണ്ടി വരുമായിരിക്കും.” ഞാൻ കാര്യത്തിലേയ്ക്കു കടന്നു. ഞാൻ പറഞ്ഞതിന്‍റെ പൊരുൾ മനസ്സിലാക്കിയിട്ടാവണം അവർ അയ്യോ പാവം ഭാവത്തോടെ എന്നെനോക്കി.
“സുമിതേ… നിനക്കിതൊന്നും അഫോർഡ് പെയ്യാൻ പറ്റില്ല. എന്‍റെ ഹസ്സിനു അടുത്തിടെയാണ് പ്രാമോഷൻ കിട്ടിയത്. പിന്നെ നിനക്കറിയമ്മല്ലോ…” പൊങ്ങച്ചം കേൾക്കേണ്ടി വരുന്നതിലേ ദേഷ്യം കടിച്ചമർത്തി ഞാൻ വീണ്ടും ചോദിച്ചു. “അല്ല നീയൊന്നു തെളിച്ചു പറ”
“അതോ. ജോലിക്കാരിയെ കൊണ്ട് എന്തൊക്കെ ജോലി ചെയ്യിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും. ഇന്ത്യൻ ഭക്ഷണം മാത്രമേ ഉണ്ടാക്കുന്നുള്ളൂവെങ്കിൽ ചാർജ് കുറയും. എല്ലാ വീട്ടുജോലികളും ചെയ്യിക്കുകയാണെങ്കിൽ കാര്യമായ ശമ്പളവും കിമ്പളവുമൊക്കെ കെടുക്കേണ്ടി വരും. മായയ്ക്ക് കൊടുക്കുന്ന റേറ്റിനെക്കുറിച്ച് ഞാൻ പറയില്ല. ഏജൻസിക്കാർ വിലക്കിയിട്ടുണ്ട്. പിന്നെ, നിനക്കും വേണമെങ്കിൽ ഞാൻ ഏജൻസിക്കാരുടെ ഫോൺനമ്പർ തരാം. താൽപര്യമുണ്ടെങ്കിൽ ഞാനും കൂടെ വരാം.”
വീട്ടിൽ മടങ്ങിയെത്തിയശേഷവും മനസ്സു നിറയെ മായ നിറഞ്ഞു നിന്നു. ആലോചിച്ചാലോചിച്ച് ഞാനുമൊരു തീരുമനത്തിലെത്തി. എനിക്കും ഒരു ഫുൾ ടൈം മെയ്ഡ് വേണം സഹായത്തിന്, പക്ഷേ ഒന്നുണ്ട്… ഭർത്താവിന്‍റെ അനുവാദം കിട്ടണം. സോപ്പിടുന്ന കാര്യത്തിൽ ഞാൻ പണ്ടേ മാർസ്റ്റേഴ്സ് ബിരുദം നേടിയവളാണല്ലോ…
അങ്ങനെ അടുത്ത ദിവസം ഞാൻ ജാസിനെയും കൂട്ടി ഏജൻസിയിലെത്തി. ഞങ്ങളുടെ വേഷഭൂഷാദികൾ കണ്ടാൽ ഏതോ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ പോകുന്നവരാണെന്നേ തോന്നൂ.. മെയ്ഡിനും ഏജൻസിക്കാർക്കും നല്ല ഇംപ്രഷൻ കിട്ടിക്കോട്ടെയെന്നു കരുതി.
ഇതെന്താ ഏജൻസിയാണോ..? ഫൈവ് സ്റ്റാർ ഹോട്ടലാണോ? ഗ്രാന്‍റeയിരിക്കുന്നു. ഞങ്ങൾ മുൻവശത്തുള്ള വലിയ ഇരിപ്പിടങ്ങളിലൊന്നിൽ ഇരുന്നു. ആരോ മുൻവശത്തെ മേശപ്പുറത്ത് കൂൾ ഡ്രിംഗ്‌സ് കൊണ്ടു വച്ചു. ഒപ്പം എ.സിയുടെ വിറപ്പിക്കുന്ന തണുപ്പും.
കെട്ടും മട്ടും ഭാവഹാവാദികൾ കൊണ്ടും ഹീറോ എന്നു തോന്നിക്കുന്നയാൾ ഞങ്ങൾക്കു മുന്നിൽ ഒരു ഫോം കൊണ്ട് വച്ചു. ഭവ്യതയും ഗൗരവവും കലർന്ന സ്വരത്തിൽ ശുദ്ധ ഇംഗ്ലീഷിൽ അയാൾ ഇന്‍റർവ്യൂവെടുക്കാൻ തുടങ്ങി. ഞാൻ എത്ര വരെ പഠിച്ചിട്ടുണ്ട്. വീട്ടിൽ എത്ര മുറിയുണ്ട്. വാടകവീടാണോ അതോ സ്വന്തം വീടാണോ? ദിവസം എത്ര നേരം ഭക്ഷണം കഴിക്കും. ആഴ്ചയിൽ എത്ര തവണ അതിഥികൾ വരും അതിഥികളുടെ ഭക്ഷണ ശീലങ്ങൾ. വീട്ടിൽ വെറ്റില സിഗരറ്റ് ശീലക്കാരുണ്ടോ പിന്നെ പച്ചക്കറി- ഓട്ടോക്കാരോട് 5-10 രൂപയ്ക്ക് കശപിശ കൂടുന്നവരാണോ…
“ഇത് ഞങ്ങളുടെ റേറ്റ് കാർഡ്… വായിച്ചിട്ട് ചെരുന്നതാണെന്നു തോന്നുന്നതിൽ ടിക്ക് ചെയ്‌താൽ മതി.” അയാൾ റേറ്റ് കാർഡ് ഞങ്ങൾക്കു നേരെ നീട്ടി.
ഇന്ത്യൻ ഭക്ഷണമുണ്ടാക്കാൻ 2,000 രൂപ, ചൈനീസ് 2000, മുഗളായ് കോണ്ടിനെന്‍റൽ വേണമെങ്കിൽ 3,000 പിന്നെ ബ്രേക്ക് ഫാസ്റ്റിന് 1,000 രൂപ വേറെ കൊടുക്കേണ്ടി വരും.
വായിച്ചതിന്‍റെ അർത്ഥം മനസ്സിലായിട്ടും ഒരു നിരക്ഷരയെ പോലെ ഞാൻ ജാസിന്‍റെ മുഖത്തേയ്ക്കു പകച്ചുനോക്കി. ഞാൻ അസ്ത്ര പ്രജ്‌ഞയായിരിക്കുന്നതു കണ്ട് അവൾ കൈമുട്ടുകൊണ്ട് പതിയെ തട്ടിയപ്പോഴാണ് എനിക്ക് സ്‌ഥലകാല ബോധമുണ്ടായത്. സുമി… നീ ഇന്ത്യൻ ഫുഡ് ടിക്ക് ചെയ്യ്… മുഗളായ്, ചൈനീസുമൊക്കെ നിനക്കെന്തിനാ.”
അതെനിക്കൊരു കുറച്ചിലായി തോന്നി. ഞാൻ മുഗ്ളായിയിൽ തന്നെ ടിക്ക് ചെയ്‌തു. തുടർന്നു. ഹീറോ ലുക്കുകാരൻ തുരുതുരേ ചോദ്യങ്ങൾ ചോദിച്ചു. പക്ഷേ മുമ്പത്തതിലും എളിമ്മയയോയാണെന്നു മാത്രം.
“മാഡം…. എല്ലാ മാസവും ഇവർക്ക് 4,000 രൂപ വീതം കൊടുക്കേണ്ടി വരും ആഴ്ചയിൽ ഒരു ദിവസം അവധി. വർഷത്തിൽ 15 ദിവസത്തെ അധിക ശമ്പളം കൊടുക്കേണ്ടി വരും. പിന്നെ അവർക്ക് നാട്ടിലേയ്ക്കു വന്നുപോകാൻ സെക്കന്‍റ് എസി വാടക. ഇതു കൂടാതെ 2 മാസത്തെ ശമ്പളം ഡെപ്പോസിറ്റായി നൽകേണ്ടിയും വരും. പിന്നെയൊന്നുണ്ട്, ഇടയ്ക്കു വച്ച് മെയ്ഡിനെ ഇറക്കി വിട്ടാൽ ശമ്പ ഡെപ്പോസിറ്റ് മടക്കി തരില്ല. മെയ്ഡ് തന്നെയാണ് ജോലി വേണ്ടെന്നു വയ്ക്കുന്നതെങ്കിൽ എമൗണ്ട് തരുന്നതാണ്. അൽപം കഴിഞ്ഞപ്പോൾ വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി ഞങ്ങളുടെ മുന്നിൽ വന്നു നിന്നു.
“മാഡം ഇവർ സ്പെഷ്യൽ ട്രെയിനിംഗ് കഴിഞ്ഞ മെയ്‌ഡാണ്. പേര് ചഞ്ചല ഇവരുണ്ടാക്കുന്ന ഭക്ഷണം ഒരു തവണ കഴിച്ചു നോക്കിയാൽ മാഡം ഒത്തിരി വട്ടം ഞങ്ങളെ ഓർക്കും.”
ചഞ്ചല അകത്തു ചെന്ന് സ്യൂട്ട് കെയ്‌സ് എടുത്തുകൊണ്ട് വന്നു.
“ഇവൾക്ക് ടാക്സസി കാശ് കൊടുക്ക് നിന്‍റെ കൂടെ ടൂവീലറിൽ.. അതു ശരിയാവില്ല.” ജാസ് വിലക്കി. ഞാൻ പേഴ്‌സ് തുറന്ന് അവശേഷിക്കുന്ന അവസാനത്തെ 100 രൂപ നോട്ടെടുത്ത് ചഞ്ചലയ്ക്കു നൽകി.
വൈകിയാണ് ചഞ്ചല വീട്ടിലെത്തിയത്. “മാഡം…. ഇതിലേതാണ് എന്‍റെ റൂം.” വീട് ഇഷ്ടമായില്ലെന്ന് തോന്നിക്കുന്ന പെരുമാറ്റമായിരുന്നു അവളുടേത്.
ഞാൻ വീടിനു പുറത്തുള്ള ഒരു മുറി ചൂണ്ടിക്കാണിച്ചു. ” മാഡം, കള്ളന്മാരും പിടിച്ചു പറിക്കാരുമൊക്കെയുള്ള നാടല്ലെയിത്. ഞാനവിടെ എങ്ങനെ ഒറ്റയ്ക്കു തങ്ങും. വല്ലാത്ത ഇരുട്ടും… എനിക്ക് അകത്തെവിടെയെങ്കിലും ഒരു ബാത്ത് അറ്റാച്ച്ഡ് റൂം ശരിയാക്കി തന്നാൽ മതി.”
അവളുടെ ലക്ഷ്യം എന്‍റെ മുറിയാണെന്നെനിക്ക് മനസ്സിലായി. “ചഞ്ചല നീ ഇദ്ദേശിക്കുന്ന തരത്തിലുള്ള മുറി ഈ വീട്ടിലില്ല. ഞങ്ങൾ രണ്ടാളും ജോലിക്കാരാണ്. രാവിലെ പോയാൽ സന്ധ്യകഴിഞ്ഞേ മടങ്ങിയെത്തു. നീ ഡ്രോയിംഗ് റൂമിൽ തങ്ങിക്കോ ഇവിടെ കൂളറുമുണ്ട്. ” അൽപം മടിയോടെയാണെങ്കിലും ഞാൻ പറഞ്ഞു മുഴുമിപ്പിച്ചു.
ചിഞ്ചലയ്ക്ക് ഒട്ടും ഇഷ്‌ടമായില്ലെങ്കിലും അവൾ സ്യൂട്ട് കെയ്‌സ് ഡ്രോയിംഗ് റൂമിൽ ഒരിടത്ത് ഒതുക്കി വച്ചു. അവൾ വന്നയുടൻ കിച്ചൻ കാണാൻ തിരുക്കുകൂട്ടുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അവൾ നേരെ ബാത്ത്റൂമിലേയ്ക്കാണ് പോയത്.
ഒരു സംഗീത നിശ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. അവൾ കുളിച്ചിറങ്ങിയതും “മാഡം ഒരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നു, അടുക്കളയെവിടെയാ.” അവൾ തിരക്കി.
ഹാവൂ… ഇപ്പോഴെങ്കിലും കിച്ചനെവിടെയാണെന്നു ചോദിച്ചല്ലോ… ഞാൻ ആശ്വസിച്ചു..
“ദാ… അവിടെ” ചായക്കൊപ്പം സമോസ കൂടി ആവാം. ഹസ് ജോലികഴിഞ്ഞ് വരുന്നുണ്ടാവും. സോഫയിലേയ്ക്ക് ചാഞ്ഞു.
“മാഡം ഞാനിന്ന് രാവിലത്തെ ട്രെയിനിനാ വന്നത്. ഇന്ന് ജോലിയൊന്നും ചെയ്യില്ല. ചായ കുടിച്ച് വിശ്രമിക്കും, രാത്രി എനിക്ക് സിംപിൾ ഭക്ഷണം മതി.”
എനിക്ക് മറുത്തൊന്നും പറയാൻ അവസരം നൽകാതെ പലവട്ടം ചോദിച്ച് അവൾ ചായയുണ്ടാക്കി. നല്ലപോലെ പാൽ ചേർത്ത ചായയായിരുന്നു അവൾക്കിഷ്‌ടം അത്തരം ചായ എനിക്കും കുടിക്കേണ്ടി വന്നു. പിന്നെ അവൾ നേരെ ഡ്രോയിംഗ് റൂമിൽ ചെന്ന് പായവിരിച്ചു കിടന്നു. 8 മണിവരെ ഉണർത്തരുതെന്ന നിർദ്ദേശവും നൽകി.
സന്ധ്യയോടെ ഭർത്താവ് വീട്ടിൽ മടങ്ങിയെത്തി. അദ്ദേഹം ഡ്രോയിംഗ് റൂമിൽ കാലു കുത്തുന്നതിനു മുമ്പായി ഞാനദ്ദേഹത്തെ തടഞ്ഞു നിർത്തി. “ദാ ആരാ വന്നിരിക്കുന്നതെന്നു നോക്കൂ.”
ഭർത്താവ് സഹതാപത്തോടെ എന്നെ നോക്കി. “ഒരു ഗ്ലാസ് ചായ കിട്ടുമോ?”
8 ആവാത്തതു കൊണ്ട് ചായ ഞാൻ തന്നെയുണ്ടാക്കി. പക്ഷേ രാത്രി ഭക്ഷണമൊക്കെ അവളുണ്ടാക്കും എന്ന വിശ്വാസം എന്നിൽ നിറഞ്ഞു നിന്നിരുന്നു.
8 മണി വരെ ഒരു കണക്കിനു സ്വയം കടിഞ്ഞാണിട്ടു നിന്നു. കൃത്യം 8 മണിയ്ക്ക് അവളെയുണർത്തി. “മാഡം, എന്തൊരു ബഹളമാ… തല വേദനിക്കുന്നു.” അവൾ ചിണുങ്ങികൊണ്ടു പറഞ്ഞു.
ബാത്ത്റൂമിൽ ചെന്ന് കയ്യും മുഖവുമൊക്കെ കഴുകി അവൾ അടുക്കളയിലെത്തി. അവൾ പച്ചക്കറികളിലേയ്ക്ക് അലക്ഷ്യമായൊന്നു നോക്കി.
“മാഡം… പടവലങ്ങ, പീച്ചിങ്ങ, കൊണ്ട് കറിയുണ്ടാക്കാനെനിക്കറിയില്ല. ഇതൊന്നും ഞാൻ കഴിക്കാറുമില്ല. ഏജൻസിക്കാർ പറഞ്ഞില്ലേ.”
“ഞാനിന്നു രാവിലെ മുതൽ തിരക്കിലായിരുന്നു. അതുകൊണ്ട് മറ്റു പച്ചക്കറികളൊന്നും കൊണ്ടുവരാൻ പറ്റിയില്ല. സാരമില്ല. ഇന്ന് പരിപ്പുകറിയും ചോറും മതി. രാവിലത്തെ ഭക്ഷണം അതുപോലെ ഫ്രിഡ്‌ജിലിരിക്കുന്നുണ്ട്.” ഞാൻ രാവിലത്തെ ഭക്ഷണം മൈക്രോവേവിൽ വച്ച് ഒന്നു ചൂടാക്കി ഭർത്താവിനു നൽകി.” സാരമില്ല. ഇതെങ്കിലും കിട്ടിയല്ലോ…. പരിഹാസത്തോടെ ഭർത്താവ് പറഞ്ഞു.
“പ്ലീസ്… ഇന്നത്തെ ഒരു ദിവസത്തേക്കു നിങ്ങളൊന്ന് ക്ഷമിക്ക്… നാളെ മുതൽ ചൈനീസ്, കോണ്ടിനെന്റൽ, മുഗളായ്…”
ഞങ്ങൾ നാളത്തെ നല്ല പ്രഭാതം സ്വപ്നം കണ്ടുറങ്ങി. അതിനാൽ ഉറക്കത്തിൽ വാതിൽ മുട്ടുന്ന ശബ്ദം പോലും കേട്ടില്ല. ഭർത്താവാണ് വാതിൽ തുറന്നത്. മുന്നിൽ ചഞ്ചല, “സർ.. എനിക്ക് നിലത്തു കിടന്നിട്ട് ഉറക്കം വരുന്നില്ല. ഞാൻ സോഫയിൽ കിടന്നോട്ടെ?”
ശരിയെന്നർത്ഥത്തിൽ അദ്ദേഹം തലയാട്ടി. അല്ലാതെന്തു ചെയ്യും. ഞാൻ പിറ്റേന്നുണർന്നു. നോക്കുമ്പോൾ ഡ്രോയിംഗ് റൂമിലെ സോഫയിൽ ചഞ്ചല സുഖമായുറങ്ങുന്നു. എനിക്കുണ്ടായ ദേഷ്യത്തിന് അതിരില്ല. ഞാൻ പ്രതികരിക്കുമെന്ന് കണ്ട് ഭർത്താവ് എന്‍റെ കയ്യിൽ പിടിച്ചു വലിച്ചു.
“പാവം…നിലത്തു കിടന്നിട്ട് ഉറക്കം ശരിയാവുന്നില്ലെന്ന്… എന്നോടിന്നലെ ചോദിച്ചിരുന്നു..”
ഞാൻ തൽക്കാലം ശാന്തയായി. ചായയ്ക്കുള്ള വെള്ളം ഗ്യാസടുപ്പിൽ വച്ച് ചഞ്ചലയെന്നു നീട്ടി വിളിച്ചു.
“ബ്രേക്ക് ഫാസ്റ്റാരുണ്ടാക്കും?” ഞാൻ തിരക്കി.
“മാഡം.. എനിക്കു പനിയാണെന്നു തോന്നുന്നു…” അവൾ ദീനഭാവേന പറഞ്ഞു. വൈകിട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോഴും രാവിലെ കിടന്ന അതേ കിടപ്പിൽ തലവരെ പുതച്ച് അവൾ കിടക്കുന്നു. ഏതോ അപരിചതരുടെ വീട്ടിൽ കാലെടുത്തു വയ്ക്കുന്ന പ്രതീതിയായിരുന്നു അപ്പോൾ എനിക്ക്. വീട് അലങ്കോലമായി കിടക്കുന്നു. അടുക്കള എച്ചിൽ പാത്രങ്ങളാൽ കുമിഞ്ഞു കൂടി കിടക്കുന്നു. വീടിനകത്ത് വല്ലാത്ത ദുർഗന്ധം.
ഒട്ടും പ്രതികരിക്കാൻ കൂട്ടാക്കാതെ ഞാൻ ഏജൻസി ഫോണിലേയ്ക്കു വിളിച്ചു. ഹീറോ ആയിരുന്നു ലൈനിൽ.. മെയ്ഡിനു സുഖമില്ലെന്നറിഞ്ഞതിൽ താൻ വ്യസനിക്കുന്നുവെന്ന് അയാൾ ആദ്യമേ അറിയിച്ചു.
“മാഡം… നിങ്ങൾ പറഞ്ഞപ്രകാരം എല്ലാം കൊണ്ടും നിങ്ങൾക്ക് നൂറ് ശതമാനം ചേരുന്ന മെയിഡായിരുന്നുവത്.
“അവരുടെ രോഗമൊന്നു ഭേദമാവട്ടെ ഒക്ക ശരിയാവും..” അയാൾ എന്നെ ആശ്വസിപ്പിച്ചു.
ഞാൻ ശക്തിയായി ഫോൺ റിസീവറിൽ വച്ച് വണ്ട് മുരളും പോലെ ശബ്ദമുണ്ടാക്കി കൊണ്ട് അടുക്കളയിലെത്തി. അപ്പോഴേഴേക്കും ചഞ്ചലയും ഉണർന്നിരുന്നു.
“മാഡം… രാവിലെ മുതൽ തലകറങ്ങുന്നുണ്ട്. ഇവിടത്തെ വെള്ളം എനിക്ക് ഒട്ടും പിടിക്കുന്നില്ല. ഞാൻ ഒരക്ഷരം മിണ്ടാതെ പാത്രങ്ങൾ കഴുകാൻ തുടങ്ങി. അവൾ വീണ്ടും തലവരെ പുതച്ചു കിടന്നു. ഞാൻ വേഗം ചെന്ന് കോളനിയിലെ ഡോക്ടറെ വിളിച്ചു കൊണ്ടുവന്നു. തലനരച്ച ഡോക്ടർ ചഞ്ചലയെ ശരിക്കും പരിശോധിച്ചു. പക്ഷേ ഈ പുതിയ വ്യാധിയെന്താണെന്ന് ഒരു പിടിപാടുമുണ്ടായില്ല. ഒടുവിൽ ഒരു സമാധാനത്തിന് 2- 4 ഗുളിക കുറിച്ചുകൊടുത്തു.
മരുന്നു കഴിച്ച് അവൾ വീണ്ടും ഉറങ്ങി. സന്ധ്യമയങ്ങി രാത്രിയാവാറായി. മുഗളായ്, ചൈനീസ് സ്വപ്നം മെനഞ്ഞ് മെനഞ്ഞ് ജാസിന്‍റെയും കുടുംബത്തിന്‍റേയും വരവും കാത്തിരുന്നു. പുറത്തു നിന്നും ഭക്ഷണം വാങ്ങാതെന്തു ചെയ്യും?
കൃത്യസമയത്ത് അതിഥികളെത്തി. എന്‍റെയും വീടിന്‍റെയും പരിതാപകരമായ അവസ്‌ഥ കണ്ട് ജാസ് ആദ്യമൊന്നു ഞെട്ടി. “സുമി, ജോലി ചെയ്യിക്കലും ഒരു കലയാണ്. എല്ലാവർക്കും ഈ കഴിവുണ്ടാവണമെന്നില്ല. മുമ്പ് നിനക്ക് രണ്ടാളുടെ കാര്യം നോക്കിയാൽ മതിയായിരുന്നു. ഇതിപ്പോ… വഴിയേ പോകുന്ന വയ്യാവേലിയെ വീട്ടിൽ കൊണ്ടു വന്നെന്നപോലെയായി…”
ജാസ് പറഞ്ഞതുകേട്ട് എന്‍റെ മുഖം വാടി. നിരാശയുടെ പടുഗർത്തത്തിൽ വീഴുംമുമ്പ് ജാസ് എന്‍റെ കൈകൾ ചേർത്ത് പിടിച്ച് ധൈര്യം നൽകി. “നീ വിഷമിക്കാതിരിക്ക്. ജോലിക്കാരിയെ നിലയ്ക്കു നിർത്താൻ നിനക്കറിയില്ല അത്ര തന്നെ. ഇനിയും ഇവളെ തലയിലെടുത്ത് വച്ചാൽ നിന്‍റെ ബെഡ്റൂമിൽ വന്നു കിടക്കാൻ അധിക താമസമില്ല…”
എനിക്ക് കരച്ചിൽ വന്നു. ഫുൾടൈം മെയിഡ് സഹായം ഇനിയൊരിക്കലും വേണ്ടെന്ന് രണ്ടു ദിവസത്തെ അനുഭവങ്ങൾ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.
മടങ്ങുന്നതിനു മുമ്പ് ജാസ് അവസാനമായി ഒരു തുരത്തൽ ടിപ്പ് പറഞ്ഞു തന്നു. സുമി നീയാണ് ഇവളെ പറഞ്ഞയക്കുന്നതെങ്കിൽ ഡെപ്പോസിറ്റിൽ നിന്നും ഒരു ചില്ലികാശും കിട്ടില്ല. അവൾ തന്നെ തടിതപ്പുന്നതരത്തിൽ വല്ലതും ചെയ്യ്.
സന്ധ്യയോടെ ഞാൻ ട്രാക്കിലിറങ്ങി. ചഞ്ചലയുടെ പായയും സ്യൂട്ട് കെയ്സും പുറത്തെ മുറിയിൽ കൊണ്ടുവച്ചു. എന്നിട്ട് സ്വരം അൽപം കടുപ്പിച്ചു പറഞ്ഞു.
“ഡോക്ടർ പറയുന്നു നിനക്ക് പകർച്ചവ്യാധിയാണ് പോലും… നീ എന്തായാലും അകത്തേക്കു വരണ്ട. നിനക്കുള്ള ഭക്ഷണം ഞാൻ പുറത്തെ മുറിയിലെത്തിക്കാം.”
സുമിയുടെ തന്ത്രം ഫലിച്ചു. അടുത്ത ദിവസം തന്നെ ചഞ്ചലയുടെ ദീനം ഭേദമായി. അവൾ ഡ്രോയിംഗ് റൂമിലെങ്ങനെയെങ്കിലും കടന്നു കൂടാനുള്ള ശ്രമം നടത്തി. തീർന്നില്ല, ബ്രേക്ക് ഫാസ്‌റ്റുണ്ടാക്കാൻ പോലും മുമ്പെങ്ങുമില്ലാത്ത ശുഷ്കാന്തിയും… അവളുണ്ടാക്കിയ ഭക്ഷണം ഒരൊറ്റയാഴ്ച്ച കഴിച്ചാൽ കിടപ്പാകുമെന്നു മാത്രമല്ല അതേ കിടപ്പിൽ പരലോകം പ്രാപിക്കേണ്ടി വരുമെന്നും എനിക്ക് ബോദ്ധ്യമായി.
എന്തായാലും ഡെപ്പോസിറ്റ് തുക വസൂലാക്കണം. ഞാൻ ശപഥം ചെയ്തു. അവളെ ഡ്രോയിംഗ് റൂമിൽ കാലുകുത്താനനുവദിച്ചില്ലെന്നു മാത്രമല്ല എന്നും പടവലങ്ങയും പീച്ചിങ്ങയും വാങ്ങി അവൾക്കിഷ്ടമില്ലാത്ത കറികളുണ്ടാക്കി വച്ചു. നാലാം നാൾ ഏജൻസിയിൽ നിന്നും ഫോൺ.
“മാഡം ദയവായി വന്ന് ഡെപ്പോസിറ്റ് പണം വാങ്ങിച്ചോളൂ. ചഞ്ചലയ്ക്ക് അവിടുത്തെ ജോലി ശരിയാവുന്നില്ലപോലും.”
അങ്കം ജയിച്ച ഉണ്ണിയാർച്ചയുടെ തലയെടുപ്പായിരുന്നു അപ്പോഴെനിക്ക്. ചഞ്ചലയ്ക്ക് ബസ്സ് കാശും നൽകി, സ്വയം ടൂവിലറിൽ ഏജൻസിയിൽ ചെന്ന് പണം വാങ്ങി.
മടങ്ങും വഴി സ്വീറ്റ് ഹൗസിൽ നിന്നും ചൂടു സമോസയും ഉഴുന്നുവടയും വാങ്ങി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ ഞാൻ വീട്ടിലേയ്ക്കു പറക്കുകയായിരുന്നു.





