പൊതുവെ മിക്ക സ്ത്രീകളേയും അലട്ടുന്ന ഒരു ചർമ്മ പ്രശ്നമാണ് മെലാസ്മ. 30 വയസ്സ് പിന്നിടുന്നതോടെയാണ് മിക്കവരിലും മെലാസ്‌മ കണ്ടു വരുന്നത്. മുഖത്തുണ്ടാകുന്ന ഇത്തരത്തിലുള്ള കറുത്ത പാടുകൾ മൂലം മനോവിഷമം അനുഭവിക്കുന്ന ധാരാളം പേരുണ്ട്. ലേസർ ചികിത്സ, ഫേസ് പായ്ക്കുകൾ പോലെ പല സൗന്ദര്യ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും മെലാസ്മ മാറാതെ വിഷമിക്കുന്നവരാണ് അവരിൽ ഏറെപ്പേരും. അഥവാ അത്തരം ചികിത്സകളിലൂടെ ഫലമുണ്ടായാലും അത് കുറച്ചുനാൾ മാത്രമേ നീണ്ടു നിൽക്കുകയുള്ളൂ. പിന്നീട് മെലാസ്‌മ അതേപടി മടങ്ങി വരികയും ചെയ്യും. ഇക്കാരണത്താൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് കഴിയുന്ന ധാരാളം പേരുണ്ട്. മെലാസ്‌മയുടെ തീവ്രമായ പാടുകൾ മൂലം പുറത്തിറങ്ങാൻ മടിക്കുന്നവരുമുണ്ട്.

മെലാസ്മയ്ക്കുള്ള ഒരു കാരണം പലപ്പോഴും പെരിമെനോപോസാണ്. പാടുകളൊന്നുമില്ലാത്ത സുന്ദരമായ ചർമ്മം ഏതൊരു പെണ്ണും മോഹിക്കുന്ന ഒന്നാണ്. മുഖക്കുരുപോലെയുള്ള ചർമ്മ പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്. എന്നാൽ മെലാസ്മയെ ചെറുക്കാൻ ഡോക്ട‌റുടെ മേൽനോട്ടത്തിലുള്ള ശരിയായ ചികിത്സയാണ് വേണ്ടത്. അതുപോലെ നല്ല ക്ഷമയും സ്വയം സ്നേഹവും ഇതിന് ആവശ്യമാണ്.

രോഗനിർണ്ണയം നടത്തി മെലാസ്മയാണെന്ന് അറിയുന്നതിന് മുമ്പായി ജീവിതത്തിന്‍റെ ഏതൊക്കെ ഘട്ടങ്ങളിലാണ് മെലാസ്മ ഉണ്ടാകുന്നതെന്ന് അറിയേണ്ടതും പ്രധാനമാണ്.

കുറച്ചുകാലം നീണ്ടുനിൽക്കുന്ന ഒരു ചർമ്മരോഗമാണ് മെലാസ്‌മ എന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ചർമ്മം ശരിയായി പരിപാലിച്ചില്ലെങ്കിൽ ഇത് ചിലപ്പോൾ ജീവിതകാലം മുഴുവനും നമ്മോടൊപ്പമുണ്ടാകാം. 20% സ്ത്രീകളിലും 10% പുരുഷന്മാരിലുമാണ് മെലാസ്മ കണ്ടുവരുന്നത്. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകൾ മൂലമാണ് സ്ത്രീകളിൽ മെലാസ്മ കൂടുതലായി കാണപ്പെടുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിലെ തകരാറുകൾ കൂടുതലും സ്ത്രീകളിലാണ് കാണപ്പെടുന്നത്. ദീർഘകാലമായി തൈറോയ്‌ഡ് ബാധിച്ച സ്ത്രീകളിൽ മെലാസ്മ വരാനുള്ള സാധ്യത കൂടുതലാണ്.

കുടുംബത്തിൽ ആർക്കെങ്കിലും മെലാസ്മ ഉണ്ടെങ്കിൽ അത് അടുത്ത തലമുറയിലേക്കും എളുപ്പത്തിൽ കടന്നു വരാം. ഇതിന് പാരമ്പര്യവുമായും ബന്ധമുണ്ട്. ആർത്തവവിരാമ സമയത്ത് കൊളാജൻ നഷ്‌ടപ്പെടുന്നതിനാൽ സ്ത്രീകളുടെ ചർമ്മം സ്വാഭാവികമായും നേർത്തതായി മാറാം. ഇതുമൂലം സൂര്യന്‍റെ  അൾട്രാവയലറ്റ് രശ്‌മികൾ ചർമ്മത്തെ ദോഷകരമായി ബാധിക്കും. ഇത് മെലാസ്‌മയെ എടുത്തു കാട്ടും. മെലാസമയെ ഇല്ലാതാക്കാൻ പ്രധാനപ്പെട്ട ഒരേയൊരു മാർഗ്ഗം മാത്രമേയുള്ളൂ.

അതായത് നിത്യവും സൺസ്ക്രീൻ ഉപയോഗിക്കുക. ഇതിനുപുറമെ മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങൾ പിന്തുടരുന്ന റൂട്ടീൻ എന്നും നിലനിർത്തുക എന്നതാണ്. മെലാസ്മയ്ക്ക് ചികിത്സയുണ്ട്. പക്ഷേ അത് മാറ്റാനുള്ള കുറുക്കുവഴിയില്ല എന്നോർക്കുക. ഈ പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അവയെ ഫോളോ ചെയ്യുകയാണെങ്കിൽ 5-6 മാസത്തിനുള്ളിൽ ഈ പാടുകളുടെ കാഠിന്യം കുറഞ്ഞു വരും. മാത്രവുമല്ല മുഖത്ത് പുതിയ പാടുകൾ പ്രത്യക്ഷപ്പെടുകയുമില്ല.

വീട്ടു വൈദ്യം ഗുണം ചെയ്യില്ല

ഉരുളക്കിഴങ്ങ് ജ്യൂസ്, കറ്റാർ വാഴ ജെൽ, കടലാമാവ്, അരിപ്പൊടി പായ്ക്ക്, മറ്റ് നിരവധി പായ്ക്കുകൾ എന്നിവ ഇതിനുള്ള പരിഹാരമായി മിക്കവരും ഉപയോഗിച്ച് കാണാറുണ്ട്. അവ പുരട്ടുന്നതിലൂടെ ചർമ്മത്തിന് ദോഷമൊന്നും ഉണ്ടാവുകയില്ലെങ്കിലും മെലാസ്മ മാറി കിട്ടാൻ അവയൊന്നും ഫലപ്രദങ്ങളല്ല.

മെലാസ്മയ്ക്കുള്ള ജീവൻ രക്ഷാ മരുന്നായാണ് സൺസ്ക്രീൻ പ്രവർത്തിക്കുന്നത്. എന്നാൽ മിക്ക സ്ത്രീകളും സ്വന്തം ദിനചര്യയിൽ സൺസ്ക്രീനിന് വലിയ പ്രാധാന്യമൊന്നും നൽകി കാണാറില്ല. ഫൗണ്ടേഷൻ, കൺസീലർ, മറ്റ് നിരവധി സൗന്ദര്യ ഉൽപ്പന്നങ്ങൾ എന്നിവ മുഖത്ത് പ്രയോഗിക്കുമെങ്കിലും സൺസ്ക്രീനിന് വലിയ പ്രാധാന്യമൊന്നും നൽകില്ല. കയ്യിൽ എപ്പോഴും പോക്കറ്റ് ഫ്രണ്ട്ലി സൺസ്ക്രീൻ കരുതുന്നത് ഗുണകരമാണ്. ടിന്‍റഡ് സൺസ്ക്രീൻ ആയാൽ ഇരട്ടി ഫലം ചെയ്യും. അതായത് ഫൗണ്ടേഷൻ പ്രത്യേകം പ്രയോഗിക്കേണ്ടി വരികയില്ല. മെലാസ്‌മ പാടുകൾക്ക് കവറേജും ലഭിക്കും.

ദിവസത്തിൽ ഒരിക്കൽ മാത്രമല്ല ഓരോ 4 മണിക്കൂർ കൂടുമ്പോഴും സൺസ്ക്രീൻ പുരട്ടേണ്ടത് ആവശ്യമാണ്. മെലാസ്‌മയുടെ വർദ്ധിച്ചുവരുന്ന ഘട്ടങ്ങൾ തടയാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ജീവിതത്തിന്‍റെ ഒരു ഭാഗമാക്കുക.

അസിലിക് ആസിഡും അർബുട്ടിനും വളരെ പ്രധാനമാണ്

 

അസിലിക് ആസിഡും ആൽഫ അർബുട്ടിനും അടങ്ങിയ ഏത് ക്രീമും പുരട്ടാം. ഇവ രണ്ടും ചർമ്മത്തിന് തിളക്കം നൽകുന്ന ഘടകങ്ങളാണ്. ഇത് തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ മലാസ്‌മ പാടുകൾ മങ്ങി തുടങ്ങും. എന്നാൽ ഏതെങ്കിലും മെഡിക്കേറ്റഡ് ക്രീം ഉപയോഗിക്കുന്നതിന് മുമ്പായി കൈകളിൽ ഒരു പാച്ച് ടെസ്റ്റ് നടത്തി നോക്കുന്നത് ഉചിതമായിരിക്കും.

നിയാസിമൈഡ് പ്രധാനമാണ്

ഏതെങ്കിലും സ്കിൻ ലൈറ്റനിംഗ് ക്രീം പുരട്ടിയ ശേഷം 4 തുള്ളി നിയാസിനാമൈഡ് സിറം മെലാസ്മയുള്ള ഇടത്ത് പുരട്ടുന്നത് ഇരട്ടി ഫലം ചെയ്യും.

റെറ്റിനോൾ മികച്ചത്

രാത്രിയിൽ റെറ്റിനോൾ അടങ്ങിയ ക്രീം പുരട്ടുകയാണെങ്കിൽ മെലാസ്‌മയ്ക്കൊപ്പം ചർമ്മത്തിലുള്ള നേർത്ത പാടുകളേയും കലകളേയും അത് ഇല്ലാതാക്കും. റെറ്റിനോൾ ആദ്യമായി ഉപയോഗിക്കുന്നവർ ഏതെങ്കിലും ബ്രാൻഡിന്‍റെ വീര്യം കുറഞ്ഞ റെറ്റിനോൾ ഉപയോഗിച്ച് തുടങ്ങുന്നതായിരിക്കും നല്ലത്. ദിവസവും ഉപയോഗിക്കുന്നതിന് പകരം. ആദ്യ ആഴ്‌ചയിൽ 2 തവണയും പിന്നീട് 3 തവണയായും ശേഷം എല്ലാ ദിവസവും അത് ഉപയോഗിക്കാം. മെലാസ്‌മ, മുഖക്കുരു പാടുകൾ, നേർത്ത വരകൾ, പിഗ്മെന്റേഷൻ എന്നിവയ്ക്ക് ഫലപ്രദമായ ഒരു ക്രീമാണിത്. പകൽ സമയത്ത് അബദ്ധവശാൽ പോലും റെറ്റിനോൾ അടങ്ങിയ ക്രീം ഉപയോഗിക്കാം.

ശ്രദ്ധാപൂർവ്വം ലെയറിംഗ് ചെയ്യുക

ചർമ്മ സംരക്ഷണത്തിൽ ലെയറിംഗ് ശരിയായി ചൊയ്യണ്ടത് വളരെ പ്രധാനമാണ്. സിറം ഉപയോഗിക്കുന്നതിന് മുന്നോടിയായി മുഖം നന്നായി വൃത്തിയാക്കേണ്ടതുണ്ട്. സിറത്തിന്‍റെ ഏതാനും തുള്ളി മാത്രമാണ് വേണ്ടത്.

സിറം മസ്സാജ് ചെയ്‌ത് പുരട്ടുന്നതിന് പകരം മുഖത്ത് തുള്ളികളായി ഇട്ട ശേഷം മൃദുവായി തട്ടി കൊടുത്താൽ മാത്രം മതി. ശേഷം ട്രീറ്റ്‌മെന്‍റ് ക്രീം പുരട്ടുക. അതും മെലാസ്മ‌യുള്ളിടത്ത് മാത്രമല്ല മുഖത്ത് മുഴുവനായി ഡോട്ടുകളായി ഇട്ട് വേണം പുരട്ടാൻ. ഇതിനു ശേഷം മോയ്സ്ചറൈസർ അപ്ലൈ ചെയ്യാം. ഒടുവിൽ 3 വിരലുകൾ നിറയെ സൺസ്ക്രീൻ എടുത്ത് മുഖത്ത് പുരട്ടാം ടിന്‍റഡ് സൺസ്ക്രീൻ ആയാൽ മുഖത്തിന് പ്രത്യേക ഭംഗി നൽകും.

മോയ്സ്‌ചറൈസറിന് നിരവധ ഗുണങ്ങളുണ്ട്

മെലാസ്മ ചികിത്സയ്ക്കുള്ള ഏത് ട്രീറ്റ്‌മെന്‍റ് ക്രീമും മുഖത്തെ അൽപ്പം വരണ്ടതാക്കും. അതിനാൽ മുഖത്ത് മോയ്സ്ചറൈസർ പുരട്ടേണ്ടത് വളരെ പ്രധാനമാണ്. ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിന് ഇത് ഉപകരിക്കും.

ഓറഞ്ചും ചുവപ്പും നിറത്തിലുള്ള കൺസീലർ ഉപയോഗിക്കാം

മെലാസ്‌മ ചികിത്സ നടക്കുമ്പോൾ ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള കൺസീലർ ഉപയോഗിച്ച് മെലാസ്‌മ പാടുകളെ എങ്ങനെ അപ്രത്യക്ഷമാക്കാം? ഏത് നിറത്തിലുള്ള കൺസിലർ ഉപയോഗിക്കണമെന്നത് മെലാസ്മയുടെ നിറത്തെയും ചർമ്മമത്തിന്‍റെ നിറത്തെയും ആശ്രയിച്ചാണിരിക്കുക. ഒരു കാര്യം പ്രത്യേകം ഓർക്കുക. കൺസീലർ അമിതമായി ഉപയോഗിക്കേണ്ടതില്ല. അൽപം മാത്രം മതി. മെലാസ്‌മയ്ക്കുള്ള ക്രീം പുരട്ടിയ ശേഷം മാത്രമേ ഏത് മേക്കപ്പും ചെയ്യാവൂ. അതിനുശേഷം നിർബന്ധമായും സൺസ്ക്രീൻ പുരട്ടണം.

തുടർച്ചയായ പരിചരണം മെലാസ്‌മയെ ഇല്ലാതാക്കും

സ്വയം സ്നേഹിക്കുക. അത് ഏതൊരു പ്രശ്നത്തിനും ഉത്തമമായ പരിഹാരമാർഗ്ഗം കൂടിയാണ്. സൗന്ദര്യം എന്നത് തൊലിപ്പുറത്ത് മാത്രമല്ല ആന്തരികവും കൂടിയാണ്. അതിനാൽ സന്തോഷം നിലനിർത്തുക. ഏത് പ്രായത്തിലുള്ളവരായാലും ശരി സ്വയം നന്നായി ശ്രദ്ധിക്കുക. മെലാസ്‌മ വാർദ്ധക്യത്തിന്‍റെ ലക്ഷണമല്ല. അത് നമ്മു ടെ അശ്രദ്ധയുടെ അടയാളമാണെന്ന കാര്യം മറക്കരുത്.

മെലാസ്‌മ ചികിത്സ പാതി വഴി ഉപേക്ഷിക്കരുത്

തുടർച്ചയായ പരിശ്രമത്തിലൂടെ മാത്രം നിയന്ത്രിക്കാൻ കഴിയുന്ന ഒരു ചർമ്മരോഗമാണ് മെലാസ്‌മ. ലേസർ ചികിത്സയിലൂടെ ഏതാനും ദിവസങ്ങൾ കൊണ്ട് ഇത് പരിഹരിക്കാമെങ്കിലും ചികിത്സയ്ക്ക് ശേഷം ചർമ്മം നേർത്തതും സെൻസിറ്റീവുമായി മാറുമെന്നതാണ് ന്യൂനത. അതിനാൽ സൂര്യരശ്മികൾ നമ്മുടെ ചർമ്മത്തിൽ മുമ്പത്തേക്കാൾ കൂടുതൽ പ്രഭാവം സൃഷ്ടിക്കും. മറ്റൊന്ന് ലേസർ ചികിത്സയ്ക്കുശേഷം സൺസ്ക്രീൻ പ്രയോഗിക്കുന്നതിൽ അശ്രദ്ധ പുലർത്തുന്നത് മെലാസ്‌മ വീണ്ടും ഉണ്ടാകാൻ ഇടവരുത്തും. മറ്റൊരു പ്രധാനകാര്യം ചർമ്മം സെൻസിറ്റീവ് ആണെങ്കിൽ ഈ ഉൽപ്പന്നങ്ങൾ ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിൽ തീർച്ചയായും ഒരു ഡെർമറ്റോളജിസ്റ്റിന്‍റെ ഉപദേശം തേടാൻ മറക്കരുത്.

और कहानियां पढ़ने के लिए क्लिक करें...