മറൈൻ ഡ്രൈവിലെ തിരക്കുകളിൽ നിന്ന് കായൽക്കാറ്റേറ്റ് “സാഗരറാണിയുടെ പടവുകൾ കയറുമ്പോൾ മനസ്സിലുണ്ടായിരുന്നത് ഒരു സാധാരണ ക്രൂസ് യാത്രയുടെ കൗതുകം മാത്രമായിരുന്നു. എന്നാൽ എഞ്ചിൻ പതിയെ ഇരമ്പിത്തുടങ്ങി. കായലിന്‍റെ ശാന്തതയിൽ നിന്ന് അറബിക്കടലിന്‍റെ ഗാംഭീര്യത്തിലേക്ക് ആ കപ്പൽ നീങ്ങിയപ്പോൾ അതൊരു പുതിയ ലോകത്തേക്കുള്ള വാതിൽ തുറക്കലായി. നഗരത്തിന്‍റെ കോലാഹലങ്ങൾ ദൂരെ മറയുന്നു. ഇരുവശവും ചീനവലകൾ ആകാശത്തേക്ക് കൈകളുയർത്തി നിൽക്കുന്ന കാഴ്ച. വൈപ്പിൻ തീരത്തേയും ഫോർട്ട് കൊച്ചിയുടെ പൈതൃകത്തേയും സാക്ഷിനിർത്തി സാഗരറാണി മുന്നോട്ട് നീങ്ങുമ്പോൾ വമ്പൻ കപ്പലുകൾ നമുക്ക് അരികിലൂടെ തലയുയർത്തി കടന്നുപോകും. കായലും കടലും ചുംബിക്കുന്ന അഴിമുഖം കടന്നതോടെ കാറ്റിന് ഉപ്പിന്‍റെ രസവും തിരമാലകൾക്ക് വേഗതയും കൂടി. സാഗരറാണിയുടെ മുകൾത്തട്ടിൽ നിന്ന് നോക്കുമ്പോൾ ചക്രവാളത്തിൽ സൂര്യൻ ചുവപ്പും ഓറഞ്ചും ചായങ്ങൾ ചാലിച്ചു കൊണ്ട് കടലിലേക്ക് താഴ്ന്നിറങ്ങുന്ന ആ കാഴ്ച്ച… അത് വാക്കുകൾക്ക് അതീതമാണ്. കടലിന്‍റെ നടുവിൽ ഇരമ്പുന്ന കാറ്റിനും അലകൾക്കും ഇടയിൽ മറ്റെല്ലാം മറന്ന് ആ കാഴ്ച നോക്കി നിന്നുപോയി. ഇതിനിടയിൽ കലാപരിപാടികളും ഡാൻസും എല്ലാം ചേരുമ്പോൾ സുന്ദരമായ രണ്ട് മണിക്കൂർ അവസാനിക്കുന്നത് പോലും അറിഞ്ഞില്ല. ആ യാത്ര കഴിഞ്ഞ് ജെട്ടിയിൽ തിരിച്ചിറങ്ങുമ്പോഴും ഉള്ളിൽ കടലിരമ്പുന്നുണ്ടായിരുന്നു. വീണ്ടും വരണമെന്ന മോഹത്തിന്‍റെ കടലിരമ്പം…

സത്യമാണത്… അറബിക്കടലിന്‍റെ റാണിക്ക് അഴകേറുന്നത് അവളുടെ കായൽക്കൈവഴികളിലൂടെയും ആഴക്കടലിലെ അസ്തമയക്കാഴ്ചകളിലൂടേയും സഞ്ചരിക്കുമ്പോഴാണ്. കൊച്ചിയിലെ വിനോദസഞ്ചാര ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒന്നാണ് കേരള സ്‌റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്‍റെ ടൂറിസം പദ്ധതികൾ. വെറുമൊരു ക്രൂസ് യാത്ര എന്നതിനപ്പുറം ആധുനിക സൗകര്യങ്ങളോടെ കടലിനെയും കായലിനേയും ആസ്വദിക്കാൻ സാധിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവമാണ് കെഎസ്ഐഎൻസി സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ആറ് വെസ്സലുകളാണ് ഇതിൽ ഉള്ളത്. 3 എണ്ണം കടൽ യാത്രയ്ക്കും 3 എണ്ണം കായൽ യാത്രയ്ക്കും ഉള്ളതാണ്.

നെഫർറ്റിറ്റി കടലിലെ കൊട്ടാരം

കൊച്ചിയിലെത്തുന്ന ഏതൊരു സഞ്ചാരിയുടേയും സ്വപ്‌നയാത്രയാണ് നെഫർറ്റിറ്റി. പേരുപോലെതന്നെ രാജകീയമായ ഈ ലക്ഷ്വറി ക്രൂസ് വെസൽ അറബിക്കടലിന്‍റെ തിരമാലകൾക്ക് മുകളിലൂടെയുള്ള ഒരു കൊട്ടാരമാണ്. ത്രിഡി തിയറ്റർ, ബാങ്ക്വറ്റ് ഹാൾ, ഡൈനിങ് ഏരിയ തുടങ്ങി എല്ലാവിധ ആധുനിക സ‌ജ്ജീകരണങ്ങളും ഈ കപ്പലിലുണ്ട്. കടലിന്‍റെ നടുവിൽ നിന്ന് അസ്ത‌മയം കാണുന്നതിനൊപ്പം ഗാനമേളയും നൃത്തവും രുചികരമായ ഭക്ഷണവും ചേരുമ്പോൾ അതൊരു അവിസ്മരണീയമായ അനുഭവമായി മാറുന്നു. വിദേശ സഞ്ചാരികളെപ്പോലും ആകർഷിക്കുന്ന തരത്തിലാണ് നെഫർറ്റിറ്റിയുടെ ഓരോ യാത്രയും ക്രമീകരിച്ചിരിക്കുന്നത്. 2000 രൂപയാണ് ഒരാൾക്കുള്ള സ്റ്റാർട്ടിങ് ടിക്കറ്റ് നിരക്ക്. 4 മണിക്കൂർ യാത്രയിൽ കൂടുതൽ ഉൾക്കടലിലേക്ക് പോകാൻ അതായത് 12 നോട്ടിക്കൽ മൈൽ വരെ കടലിൽ പോകാൻ അനുമതിയുള്ള വെസ്സൽ ആണിത്. ഒരു ദിവസം രണ്ട് ഷെഡ്യൂൾ ആണ് ഈ ഷിപ്പിന് ഉള്ളത്. രാവിലെ 10 മണി മുതൽ 2 വരെയും വൈകിട്ട് 4.30 മുതൽ 8.30 വരെയും.

സാഗരറാണി കായലിലെ കുളിർമ

ബജറ്റ് ഫ്രണ്ട്ലി യാത്രകൾ ആഗ്രഹിക്കുന്നവർക്കായി സാഗരറാണി ഒരുക്കുന്ന യാത്രകൾ ഏറെ ശ്രദ്ധേയമാണ്. സാഗരറാണി എന്ന പേരിൽ രണ്ട് വെസ്സലുകൾ ഉണ്ട്. രണ്ടും കടൽ യാത്ര ആസ്വദിക്കാൻ ഉള്ളതാണ്. മറൈൻ ഡ്രവിലെ തിരക്കുകളിൽ നിന്ന് മാറി കൊച്ചിക്കായലിന്‍റെ വിശാലതയിലേക്ക് അഴിമുഖത്ത് വരെ ഇവർ നമ്മെ കൂട്ടിക്കൊണ്ടുപോകും. 60 പേർക്ക് പാക്കേജ് ആയി പോകാം. ഒരാൾക്ക് 600 രൂപയാണ് നിരക്ക്. ഭക്ഷണം കലാപരിപാടികൾ ഒക്കെ ഉണ്ടാകും. സാഗരറാണിയിൽ കസ്‌റ്റമൈസേഷൻ സാധ്യമാണ്. ഗ്രൂപ്പ് ആയി പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരുമിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ക്ലിയോപാട്രയും മിഷേലും: ആഘോഷങ്ങൾക്കായി ഒരിടം

വിനോദസഞ്ചാരികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന “ലോങ്ങ് ക്രൂസ്” പദ്ധതികൾ ഏറെ ആകർഷകമാണ്. ഏകദേശം 7 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ യാത്രകൾ കൊച്ചിക്കായലിന്‍റെ ഉൾപ്രദേശങ്ങളിലൂടെയുള്ള ഒരു സമ്പൂർണ്ണ പര്യവേക്ഷണമാണ്. വൈപ്പിൻ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ ചരിത്രപ്രധാനമായ കടൽ കടന്ന് ഉൾനാടൻ കായലുകളിലൂടെയുള്ള ദീർഘദൂര യാത്രയാണിത്. യാത്രയ്ക്കിടയിൽ നൽകുന്ന ലഘു ഭക്ഷണവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഈ പാക്കേജിന്‍റെ ഭഗമാണ്. ചീനവലകൾ, കപ്പൽശാലകൾ, കണ്ടൽക്കാടുകൾ, ഗ്രാമീണ ജീവിതം എന്നിവ തൊട്ടടുത്ത് കണ്ട് ആസ്വദിക്കാൻ ഈ യാത്ര അവസരമൊരുക്കുന്നു. ഗ്രൂപ്പുകൾക്കും കുടുംബങ്ങൾക്കും ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ പ്രൊജക്റ്റാണിത്. ചെറിയ ഗ്രൂപ്പുകൾക്കും കുടുംബ സംഗമങ്ങൾക്കും അനുയോജ്യമായ രീതിയി ലുള്ള ക്ലിയോപാട്ര, മിഷേൽ എന്നീ ബോട്ടുകൾ കൊച്ചിൻ ബാക്ക്‌വാട്ടേഴ്‌സിലെ താരങ്ങളാണ്. കായലിന്‍റെ ശാന്തത ആസ്വദിക്കാനും ഓളപ്പരപ്പിലൂടെയുള്ള തണുത്ത കാറ്റേറ്റ് സൗഹൃദങ്ങൾ പങ്കുവെയ്ക്കാനും ഇതിലും മികച്ച ഒരിടം കൊച്ചിയിലില്ല. ഔദ്യോഗിക മീറ്റിംഗുകൾക്കും വിവാഹ നിശ്ചയം പോലുള്ള ചടങ്ങുകൾക്കും ഇന്ന് കൊച്ചിയിലെ ഏറ്റവും ജനപ്രിയമായ വേദികളിലൊന്നായി ഇവ മാറിക്കഴിഞ്ഞു. കൂടാതെ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സൂര്യാംശു പരിസ്ഥ‌ിതി സൗഹൃദ വിനോദസഞ്ചാരത്തിന് പുതിയൊരു മുഖം നൽകുന്നു. ശബ്ദ മലിനീകരണമില്ലാതെ കായലിലെ ആവാസവ്യവസ്‌ഥയെ അറിഞ്ഞ് യാത്ര ചെയ്യാമെന്നത് ഇതിന്‍റെ സവിശേഷതയാണ്.

കായൽ യാത്രയിൽ രണ്ട് വെസ്സൽ വൈക്കം പൂത്തോട്ട പലേക്കരി ഫിഷ് ഫാമിലേക്കാണ്. മറ്റൊന്ന് പിഴലയിലേക്കും… ഫുൾഡേ ട്രിപ്പ് ആണ് ഇവയെല്ലാം. ഇതോടൊപ്പം കയാക്കിംഗ്, ഫിഷിംഗ്, പെഡലിംഗ് പോലുള്ള വിനോദങ്ങളും ആസ്വദിക്കാം. എല്ലാ വെസ്സലിലും ഗൈഡും, കലാകാരന്മാരും ഉണ്ടാകും.

ഇനി എന്തുകൊണ്ട് ഈ യാത്രകൾ വ്യത്യസ്തമാകുന്നു എന്ന് കൂടി പറയാം. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള നിർമ്മാണവും വിദഗ്‌ധരായ ജീവനക്കാരും ആണുള്ളത് കേരളീയ വിഭവങ്ങൾക്കൊപ്പം വൈവിധ്യമാർന്ന ഭക്ഷണ രീതികളും യാത്രയുടെ ഭാഗമാണ്. മിക്ക യാത്രകളിലും കേരളത്തിന്‍റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കാറുണ്ട്. ഇത് സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകുന്നു. കൊച്ചിയിലെത്തുന്ന ആരും നഷ്ട്‌ടപ്പെടുത്താൻ പാടില്ലാത്ത ഒന്നാണ് കെഎസ്ഐഎൻസി-യുടെ ഈ ജല യാത്രകൾ. കടലിന്‍റെ ഗാംഭീര്യവും കായലിന്‍റെ ലാളിത്യവും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഈ ടൂറിസം പദ്ധതികൾ കൊച്ചിയെ ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

യാത്രാ സമയം

വിവിധ വെസലുകൾക്ക് വ്യത്യസ്ത സമയക്രമമാണുള്ളത്.

  • സൺസെറ്റ് ക്രൂയസ് സാഗര റാണി സാധാരണയായി വൈകുന്നേരം 5 അല്ലെങ്കിൽ 5.30 മുതൽ 7.30 വരെ (2 മണിക്കൂർ)
  • നെഫർറ്റിറ്റി ലക്ഷ്വറി യാത്ര: രാവിലെ 10 മുതൽ 2 വരെ, വൈകിട്ട് 4.30 മുതൽ രാത്രി 8.30 വരെയോ അല്ലെങ്കിൽ പ്രത്യേകമായി ചാർട്ടർ ചെയ്യുന്ന സമയത്തോ ആയിരിക്കും.
  • ലോങ്ങ് ട്രിപ്പുകൾ: രാവിലെ 10 മണി ക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിക്കാറുള്ളത്. (കാലാവസ്ഥയ്ക്കും തിരക്കിനുമനുസരിച്ച് സമയത്തിൽ മാറ്റം വരാം)

ബുക്കിംഗിനും വിവരങ്ങൾക്കും

സഞ്ചാരികൾക്ക് നേരിട്ടോ ഓൺലൈൻ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ലൊക്കേഷൻ: സാഗരറാണി, നെഫർറ്റിറ്റി തുടങ്ങിയവ പുറപ്പെടുന്നത് കൊച്ചിയിലെ മറൈൻ ഡ്രൈവ്, ബോൾഗാട്ടി ജെട്ടി എന്നിവിടങ്ങളിൽ നിന്നാണ്.

വെബ്സൈ‌റ്റ്: ഔദ്യോഗിക ബുക്കിംഗി നായി www.ksinc.in സന്ദർശിക്കാവുന്നതാണ്.

और कहानियां पढ़ने के लिए क्लिक करें...