സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിൽ കുറച്ച് നിയന്ത്രണം കൊണ്ട് വന്നിരിക്കുകയാണ് കേന്ദ്രസർക്കാർ. സമൂഹ മാധ്യമങ്ങളടക്കമുള്ള ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണിത്. കുറച്ചു കാലങ്ങളായി സോഷ്യൽ മീഡിയയിലെ ഒരു പൊതുരീതി പറയാം. ലൈംഗികതയുടെ പേരിലോ അവകാശങ്ങളുടെ പേരിലോ സ്ത്രീകളെയും പുരുഷന്മാരെയും പരസ്പ്‌പരം ശത്രുക്കളാക്കാൻ പ്രേരിപ്പിക്കുന്ന തരം ചർച്ചകളും അഭിപ്രായങ്ങളും ഒരുപാട് കണ്ടുവരുന്നു. തങ്ങൾക്ക് ഇഷ്ടമല്ലാത്തവരെ മോശം വാക്കുകളും കമന്‍റുകളും കൊണ്ട് ഏതെങ്കിലും ഒരു മുഖമില്ലാത്ത ഐഡിയിൽ മറഞ്ഞിരുന്നു അപകീർത്തിപ്പെടുത്തുകയോ ഭയപ്പെടുത്തുകയൊക്കെയാണ് ചെയ്യുന്നത്.

എന്നാൽഇതേ വ്യക്ത‌ി നേരിട്ടൊരു പ്രശ്നം കണ്ടാൽ ഒഴിഞ്ഞുമാറി അകന്നുപോകുകയും ചെയ്യുന്നവരാകാം. സമൂഹത്തിൽ ഈ പ്രവണത വർദ്ധിക്കുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്. ഇനിയും ഒരു മാറ്റം ആവശ്യമല്ലേ?

പണത്തിനും പരസ്യത്തിനും മാത്രമായി സമൂഹ മാധ്യമങ്ങൾ അധപതിക്കാതിരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും ഇടപെടാൻ കഴിയും. സോഷ്യൽ മീഡിയയിലെ ലിംഗ വിവേചനവും സ്ത്രീവിരുദ്ധമായ സൈബർ ആക്രമണങ്ങളും ഇന്ന് വലിയൊരു സാമൂഹിക പ്രശ്ന‌മായി മാറിയിരിക്കുന്നു. പരസ്പരം ബഹുമാനിക്കുന്നതിന് പകരം വിദ്വേഷം വളർത്തുന്ന ഇത്തരം പ്രവണതകൾ ആരോഗ്യകരമായ ഒരു സമൂഹത്തിന് ചേർന്നതല്ല. ഈ പ്രവണതയ്ക്ക് മാറ്റം വരുത്താൻ നമുക്ക് വ്യക്തിപരമായും സാമൂഹികമായും ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ച് ബോധ്യം വേണം. മോശം കമന്‍റുകളോ വാക്കുകളോ കണ്ട് ഭയപ്പെടുന്നതിന് പകരം അവയെ കൃത്യമായി കൈകാര്യം ചെയ്യാൻ പഠിക്കണം.

ഭീഷണിപ്പെടുത്തുന്നതോ അശ്ലീലം നിറഞ്ഞതോ ആയ അക്കൗണ്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റിപ്പോർട്ട് ചെയ്യുക എന്നതാണ് ഒരു കാര്യം. ഇനി വ്യക്‌തിഹത്യയോ ഭീഷണിയോ ഉണ്ടാവുകയാണെങ്കിൽ സൈബർ സെല്ലിൽ പരാതി നൽകാൻ മടിക്കരുത്. ഇതൊന്നും താൽപര്യം ഇല്ലെങ്കിൽ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടി മനപൂർവ്വം മോശം കമന്‍റുകൾ ഇടുന്നവരോട് തർക്കിക്കാതിരിക്കുന്നതാണ് പലപ്പോഴും നല്ലത്. നാം നൽകുന്ന പ്രതികരണം അവരെ കൂടുതൽ പ്രകോപിപ്പിക്കാൻ സഹായിച്ചേക്കാം. ഇനി മേൽപ്പറഞ്ഞ മോശം ഭാഷ ഉപയോഗിച്ച് സ്ത്രീകളെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന പുരുഷന്മാർക്കിടയിൽ തന്നെ മാറ്റം വരണം. സ്വന്തം സുഹൃത്തുക്കളോ പരിചിതരോ സോഷ്യൽ മീഡിയയിൽ സ്ത്രീവിരുദ്ധമായ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ അത് തെറ്റാണെന്ന് പറയാൻ മടിക്കാത്ത പുരുഷന്മാരുടെ ഇടപെടൽ വലിയ മാറ്റമുണ്ടാക്കും. ലിംഗസമത്വം എന്നത് ഒരാളുടെ അവകാശം കവർന്നെടുക്കലല്ല മറിച്ച് എല്ലാവർക്കും തുല്യമായ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണെന്ന് തിരിച്ചറിയണം.

സൈബർ ആക്രമണത്തിന് ഇരയാകുന്ന വ്യക്തികൾക്ക് പിന്തുണ നൽകാൻ ഓൺലൈൻ കൂട്ടായ്‌മകൾ ഉണ്ടാകണം. തനിച്ചല്ല എന്ന തോന്നൽ അവർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. മാറ്റം തുടങ്ങേണ്ടത് അടിത്തറയിൽ നിന്നാണ്. മറ്റൊരു ലിംഗത്തിൽപ്പെട്ട വ്യക്‌തിയെ ബഹുമാനിക്കണമെന്നും ഓൺലൈൻ പെരുമാറ്റച്ചട്ടങ്ങൾ എന്താണെന്നും പുതിയ തലമുറയെ പഠിപ്പിക്കണം. സ്ത്രീയായാലും പുരുഷനായാലും വ്യക്തിത്വത്തിനും അഭിപ്രായങ്ങൾക്കും തുല്യ വിലയുണ്ടെന്ന് കുട്ടികൾ മനസ്സിലാക്കി വളരണം.

സോഷ്യൽ മീഡിയ എന്നത് ആശയങ്ങൾ പങ്കുവെക്കാനുള്ള ഇടമാകണം. അല്ലാതെ ആയുധമാക്കാനുള്ള ഇടമാകരുത്. ഇത്തരം നെഗറ്റീവ് പ്രവണതകളെ അവഗണിക്കുന്നതിനൊപ്പം തന്നെ ശരിയായ രീതിയിൽ പ്രതിരോധിക്കുകയും ചെയ്യുന്നത് വഴി മാത്രമേ നമുക്ക് ഒരുമാറ്റം കൊണ്ടു വരാൻ സാധിക്കൂ. ശ്രദ്ധിക്കേണ്ട ഗൗരവകരമായ വിഷയങ്ങൾ വിസ്മരിക്കപ്പെടുകയും ലിംഗപരമായ തർക്കങ്ങളും വിദ്വേഷം പടർത്തുന്ന ചർച്ചകളും കാട്ടുതീപോലെ പടരുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയുടെ ശാപമായി മാറിയിട്ടുണ്ട്. ഇതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്. ഏറ്റവും മുന്നിൽ ഉള്ളത് അൽഗോരിതത്തിന്‍റെ പങ്ക് ആണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളുടെ അൽഗോരിതം ഡിസൈൻ ചെയ്തിരിക്കുന്നത് ആളുകളെ കൂടുതൽ സമയം സൈറ്റിൽ പിടിച്ചിരുത്താനാണ്. സ്നേഹത്തേക്കാൾ വേഗത്തിൽ വിദ്വേഷവും തർക്കങ്ങളും ആളുകളെ പ്രകോപിപ്പിക്കുകയും പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരം തർക്കവിഷയങ്ങളിൽ കൂടുതൽ കമന്‍റുകളും, ഷെയറുകളും വരുന്നത് കൊണ്ട് അൽഗോരിതം അവയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നു. അതുകൊണ്ടാണ് വിജ്‌ഞാനപ്രദമായ കാര്യങ്ങളേക്കാൾ ഇത്തരം വൈറൽ വിവാദങ്ങൾ നമ്മൾ എപ്പോഴും കാണുന്നത്..

സോഷ്യൽ മീഡിയയിലെ പ്രധാന പ്പെട്ട സൗകര്യം ഒളിച്ചിരുന്ന് പറയാൻ കഴിയുന്നു എന്നതാണ്. നേർക്കുനേർ നിന്ന് ഒരാളോട് പറയാൻ മടിക്കുന്ന കാര്യങ്ങൾപോലും ഒരു വ്യാജ അക്കൗണ്ടിന് പിന്നിലിരുന്ന് ടൈപ്പ് ചെയ്യാൻ പലർക്കും എളുപ്പമാണ്. ഇത് ഉത്തരവാദിത്തമില്ലാതെ പെരുമാറാൻ പലർക്കും പ്രചോദനം നൽകുന്നു. സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട സാമ്പത്തിക പ്രശ്ന‌ങ്ങൾ, പരിസ്‌ഥിതി ആഘാതങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയ ഗൗരവമായ കാര്യങ്ങളിൽ നിന്ന് പൊതുജന ശ്രദ്ധ മാറ്റാൻ പലപ്പോഴും ഇത്തരം വിവാദങ്ങൾ സഹായിക്കുന്നു. വികാരപരമായ കാര്യങ്ങളിൽ ജനം തർക്കിച്ചുകൊണ്ടിരിക്കുമ്പോൾ വിവേകപരമായ കാര്യങ്ങൾ ആരും ചർച്ച ചെയ്യുന്നില്ല. നമുക്ക് എന്ത് മാറ്റം കൊണ്ടുവരാം?

അവഗണന ഒരു ആയുധമാക്കാം

ഇത്തരം ചർച്ചകൾ കാണുമ്പോൾ അതിൽ കമന്റ് ചെയ്യാനോ ഷെയർ ചെയ്യാനോ പോകാതിരിക്കുന്നത് ഒരു പരിധിവരെ അതിന്‍റെ വ്യാപ്തി കുറയ്ക്കും. പ്രതികരണം കിട്ടാതാകു മ്പോൾ അത്തരം തർക്കങ്ങളുടെ വേഗത കുറയും.

ഗുണമേന്മയുള്ള ഉള്ളടക്കം പ്രോത്സാഹിപ്പിക്കാം

നല്ല അറിവ് നൽകുന്ന സമൂഹത്തിന് ഗുണകരമായ പോസ്‌റ്റുകൾ കൂടുതൽ ഷെയർ ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുക. സോഷ്യൽ മീഡിയ എന്നത് ഇരട്ടത്തലയുള്ള വാളുപോലെയാണ്. നിലവിലെ പോക്ക് തുടർന്നാൽ പുതിയ തലമുറയ്ക്ക് അതൊരു വിഷലിപ്തമായ ഇടം മാത്രമായി മാറും. എന്നാൽ കൃത്യമായ നിയന്ത്രണങ്ങളും ബോധവൽക്കരണവും ഉണ്ടെങ്കിൽ ഇതിൽ നിന്ന് അവർക്ക് വലിയ ഗുണങ്ങളും നേടാനുണ്ട്. പുതിയ തലമുറയ്ക്ക് സോഷ്യൽ മീഡിയയെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

അൽഗോരിതത്തെ തോൽപ്പിക്കുക: മോശം കാര്യങ്ങൾ കാണിച്ചുതരുന്ന സോഷ്യൽ മീഡിയ രീതിയെ മാറ്റാൻ നല്ല വിഷയങ്ങൾ സെർച്ച് ചെയ്യാനും പിന്തുടരാനും കുട്ടികളെ ശീലിപ്പിക്കണം.

വിമർശനാത്മക ചിന്ത: ഓൺലൈനിൽ കാണുന്നതെല്ലാം സത്യമല്ലെന്നും പലതും ആളുകളെ പ്രകോപിപ്പിക്കാൻ വേണ്ടി നിർമ്മിച്ചതാണെന്നും കുട്ടികൾ തിരിച്ചറിയണം.

സമയക്രമീകരണം: അനാവശ്യ തർക്കങ്ങളിൽ സമയം കളയാതെ അറിവ് നേടാൻ മാത്രമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന രീതി വളർത്തിയെടുക്കണം. ചുരക്കത്തിൽ സോഷ്യൽ മീഡിയയിലെ ചെളിവാരി എറിയൽ സംസ്കാരം മാറണമെങ്കിൽ നമ്മൾ നല്ല ഉള്ളടക്കങ്ങളെ കൂടുതൽ പിന്തുണയ്ക്കുകയും മോശം പ്രവണതകളെ കൂട്ടമായി എതിർക്കുകയും വേണം. എങ്കിൽ മാത്രമേ നമ്മുടെ കുട്ടികൾക്ക് ഇതൊരു സുരക്ഷിതമായ ഇടമാകൂ…

മേൽപ്പറഞ്ഞ കാര്യം അത്ര എളുപ്പത്തിൽ നടക്കുന്നതല്ല. എങ്കിൽപോലും ചെറിയ മാറ്റങ്ങൾ പോലും ഗുണകരമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വെറും ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ കഴിയില്ല. അവർക്ക് കൃത്യമായ സാമൂഹിക പ്രതിബദ്ധത ഉണ്ടായേ തീരൂ. ഇന്ന് പലപ്പോഴും പ്ലാറ്റ്ഫോമുകൾ വിദ്വേഷം പടരുന്നതിനെതിരെ കണ്ണടയ്ക്കുന്നത് അത് അവർക്ക് കൂടുതൽ എൻഗേജ്‌മെന്‍റ് നൽകുന്നു എന്നതുകൊണ്ടാണ്. ഈ പ്ലാറ്റ്ഫോമുകൾ വരുത്തേണ്ട ചില പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാകണം. ഇക്കാര്യത്തെക്കുറിച്ച് കേന്ദ്രം പുതിയ ചട്ടത്തിൽ സൂചിപ്പക്കുന്നുണ്ട്.

കർശനമായ ഫിൽട്ടറിംഗ്

സ്ത്രീ വിരുദ്ധമായ വാക്കുകൾ, അസഭ്യങ്ങൾ, ഭീഷണിപ്പെടുത്തലുകൾ എന്നിവ സെക്കൻഡുകൾക്കുള്ളിൽ തിരിച്ചറിയാനും നീക്കം ചെയ്യാനുമുള്ള സാങ്കേതികവിദ്യ ഇന്നുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം കമന്‍റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പോലും നടപടി എടുക്കാൻ പ്ലാറ്റ്ഫോമുകൾ വൈകുന്നു. ഇത്തരം റിപ്പോർട്ട് ചെയ്യപെട്ട ഉള്ളടക്കങ്ങൾ കോടതിയോ സർക്കാരോ പറഞ്ഞാൽ മൂന്ന് മണിക്കൂറിനകം നൽകണമെന്നാണ്. വ്യക്തിഗത പരാതികളിലും സമയ പരിധി കുറച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ ആ പ്ലാറ്റ്ഫോമിനെതിരെ നടപടിയുണ്ടാകും.

ആധികാരികത ഉറപ്പാക്കൽ

വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ആരേയും എന്തും പറയാം എന്ന സാഹചര്യം മാറണം. അക്കൗണ്ടുകൾ തുടങ്ങുമ്പോൾ കൃത്യമായ തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കിയാൽ സൈബർ ആക്രമണങ്ങൾ പകുതിയിലധികം കുറയും. കുറ്റകൃത്യം ചെയ്‌താൽ പിടിക്കപ്പെടും എന്ന ഭയം അത്യാവശ്യമാണ്.

അൽഗോരിതത്തിലെ മാറ്റം

വിദ്വേഷം പടർത്തുന്ന പോസ്‌റ്റുകൾ വൈറൽ ആക്കുന്നതിന് പകരം വിദ്യാഭ്യാസപരമായതും സാമൂഹിക നന്മ ലക്ഷ്യം വെക്കുന്നതുമായ പോസ്‌റ്റുകൾ കൂടുതൽ റീച്ച് നൽകുന്ന രീതിയിലേക്ക് പ്ലാറ്റ്ഫോമുകൾ മാറണം.

പ്രാദേശിക നിയമങ്ങളുമായുള്ള സഹകരണം

ഓരോ രാജ്യത്തെയും നിയമ വ്യവസ്ഥയുമായി പ്ലാറ്റ്ഫോമുകൾ സഹകരിക്കണം. ഒരു സ്ത്രീക്ക് നേരെ ഓൺലൈൻ ആക്രമണം ഉണ്ടായാൽ കുറ്റവാളിയെ കണ്ടെത്താൻ സൈബർ പോലീസിന് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ നൽകാൻ പ്ലാറ്റ്ഫോമുകൾ ബാധ്യസ്‌ഥരാകണം.

സമൂഹമെന്ന നിലയിൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ നമുക്ക് സാധിക്കും. ഗൗരവകരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളും കൂട്ടായ്‌മകളും സോഷ്യൽ മീഡിയയിൽ തന്നെ സജീവമാക്കുക എന്നതാണ് അതിലൊന്ന്. സാങ്കേതികവിദ്യ നമ്മളെ തമ്മിൽ ബന്ധിപ്പിക്കാനാണ് ഉണ്ടായത്. തമ്മിലടിപ്പിക്കാനല്ല. പുതിയ തലമുറയ്ക്ക് വേണ്ടി ലോകത്തെ മുന്നോട്ട് നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഡിജിറ്റൽ ഇടങ്ങൾ നമുക്ക് കൂടുതൽ വളർത്തിയെടുക്കാം.

और कहानियां पढ़ने के लिए क्लिक करें...