“എടാ ജോമോനേ… എന്നോട് സംസാരിക്കില്ലേ നീ..? ഞാൻ അപ്പോൾ അന്നത്തെ ദേഷ്യത്തിനു പറഞ്ഞതാണ്. നീ എന്നോട് ക്ഷമിക്കില്ലെടാ?” അതുചോദിച്ചു കൊണ്ടവൾ അവന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു. അവൻ ടിവിയിൽ മാത്രം ശ്രദ്ധിച്ചിരുന്നു.
“ചോദിച്ചതു കേട്ടില്ലേ ജോമോനെ? നീ എന്നോട് സംസാരിച്ചില്ലെങ്കിലും എനിക്ക് പിണക്കമില്ല. ഞാനിവിടെ തന്നെയിരിക്കും.” അതുപറഞ്ഞിട്ടവൾ അവൻ നെഞ്ചിലേക്ക് ചാരിയിരുന്നു. അതുകൂടിയായപ്പോൾ അവനൊന്നും മിണ്ടാതെ എഴുന്നേറ്റു റൂമിലേക്ക് നടന്നു പോയി…
അവൾ അവനെ അപ്പോഴും നോക്കിയിരുന്നു..അവളുടെ നിറഞ്ഞ കണ്ണിൽ നിന്നും കണ്ണീർ മറച്ചു പിടിച്ചതിനാൽ ടിവിയിലെ പ്രോഗ്രാം രൂപങ്ങൾ അപ്പോഴേക്കും അവ്യക്തമായിരുന്നു. ജോമോൻ റൂമിലെത്തിയപ്പോൾ പതിവില്ലാതെ റൂമിന്‍റെ വാതിലടച്ചു. അവൻ ഒരുപാടു മാറിപ്പോയി എന്ന് ആലീസിനു തോന്നി. രാത്രി വൈകിയും ജോമോൻ ഭക്ഷണം കഴിക്കാൻ വരാതിരുന്നത് ആലീസ് ശ്രദ്ധിച്ചു. പോയി വിളിക്കാൻ മനസ്സിൽ ആഗ്രഹം തോന്നിയെങ്കിലും ജോമോൻ റൂം അപ്പോഴും അടഞ്ഞുതന്നെ കിടന്നിരുന്നു. രാത്രിയേറെ വൈകി വെളുപ്പിന് മൂന്നു മണിയോടെയാണ് രമിത്ത് തിരിച്ചു വന്നത്. മറ്റുള്ളവരെല്ലാം ഉറങ്ങിയിട്ടും രമിത്ത് തിരിച്ചുവരും വരെ അവളുറങ്ങാതെ ടിവി കണ്ട് സെറ്റിയിൽ കാത്തിരുന്നു.
പിറ്റേന്നു രാവിലെ ഉറക്കമെണീറ്റ ജോമോൻ മുൻവശത്തേക്ക് നടന്നു. അപ്പോഴേക്കും സോണിച്ചനോട് യൂണിവേഴ്‌സിറ്റിയിൽ കൂടെ വരാൻ നിർബന്ധിക്കുന്ന ആലീസിനെയാണ് അവൻ കണ്ടത്.
“എടീ ആലീസുകൊച്ചേ നീ നിന്‍റെ കെട്ടിയോൻ രമിത്തിനെ ഒപ്പം വിളിച്ചോണ്ട് പൊക്കോ? എനിക്കുവയ്യ അങ്ങട്ടുവരാൻ.” സോണിച്ചൻ പറഞ്ഞു.
“ഇച്ചായൻ കുറച്ചുമുമ്പ് വന്നേയുള്ളൂ. ഉറക്കത്തിൽ നിന്നും വിളിക്കരുതെന്നു പറഞ്ഞിട്ടാ കിടന്നത്. ആലീസ് പറഞ്ഞു.”
“ജോമോനെ വിളിച്ചോണ്ട് പൊക്കോ. ബൈക്കോ കാറോ ഉണ്ടല്ലോ ഇവിടെ..” സോണിച്ചൻ പറഞ്ഞു.
“അതല്ല ചാച്ചാ, സർട്ടിഫിക്കറ്റു കിട്ടാൻ വൈകും. ചിലപ്പോൾ രാത്രിയാകും. അറിയാലോ…?” ആലീസ് പറഞ്ഞു.
“അത് അറിയാന്നോണ്ടാ ഞാൻ വരാത്തത്. എനിക്കെന്തോ അവിടെ അത്രേം പിടിച്ചില്ലായെന്നേ…എടാ, ജോമോനേ..?” സോണിച്ചൻ വിളിച്ചു.
“എന്നതാ പപ്പാ..” ജോമോൻ മുറ്റത്തേക്കിറങ്ങി നിന്നുചോദിച്ചു.
“ഇന്നു നീ രാവിലെ ആലീസുമായൊന്ന് കോട്ടയം വരെ പോണം. അവളുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ യൂണിവേഴ്‌സിറ്റിയിൽ”
ആലീസപ്പോഴും ജോമോന്‍റെ മുഖത്തുതന്നെ നോക്കി നിൽക്കുകയായിരുന്നു. ജോമോൻ തന്നെ ശ്രദ്ധിക്കാത്തത് മനപ്പൂർവം ആണെന്ന് അവൾക്കു തോന്നി.
“അയ്യോ പപ്പാ ഇന്നെനിക്ക് പറ്റില്ല. മറ്റൊരു കാര്യമുണ്ട്… അതുകൊണ്ടാ.” അവൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
“എന്നാ കാര്യമുണ്ടെന്ന് പറഞ്ഞാലും നടക്കുകേല. നീ കാറെടുത്തോ….. ആവശ്യത്തിന് കാശും എടുത്തോ. മോൻ ആലീസിനൊപ്പം പോയേ പറ്റൂ.” സോണിച്ചൻ ഉറപ്പിച്ചു പറഞ്ഞു.
“ശരി പപ്പാ…” അവൻ സമ്മതിച്ചു. കുറച്ചുകഴിഞ്ഞ് യാത്രതിരിച്ചത് മുതൽ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു ആലീസ്.
“എടാ ജോമോനെ, നീ എന്നോട് പിണങ്ങരുത്. ഞാൻ അതൊക്കെ അങ്ങനെയൊരു ഉദേശത്തിൽ പറഞ്ഞതല്ല. എന്നെയൊന്നു മനസ്സിലാക്കൂ നീ. എന്നോട് നീ മിണ്ടാതെയിരിക്കുന്നത് സഹിക്കുന്നില്ല. ഓർമ്മയിൽ ആദ്യമാ ഇങ്ങനെ നമ്മൾ പിണങ്ങുന്നത്. ജോമോനെ നീ മിണ്ടില്ലേ എന്നോട്?” മറുപടി മൗനം തന്നെ ആയിരുന്നു. മുന്നോട്ടു മാത്രം നോക്കി വണ്ടിയോടിച്ചിരുന്ന അവൻ മുഖത്ത് ദേഷ്യവും നിരാശയും കൊണ്ടു മൂടിയിരുന്നു..
“എടാ ജോമോനെ എനിക്കൽപം വെള്ളം വേണം. ഏതെങ്കിലും കടയിൽ നിന്നും ഒരു മിനറൽ വാട്ടർ വാങ്ങിത്തരുമോ?” അവൾ ചോദിച്ചു. വണ്ടിയൊതുക്കി അടുത്ത കടയിലേക്ക് കയറി വെള്ളം വാങ്ങി തിരിച്ചു വന്നിട്ടത് കയ്യിൽ കൊടുക്കാതെ അവളുടെ സീറ്റിലേക്കുവച്ചു.
അതുകൂടി കണ്ടപ്പോൾ അവളുടെ ഉള്ളൊന്നുകൂടി പാളി.
“എടാ നീയിങ്ങനെ പിണങ്ങല്ലേടാ…” അവൾ കരഞ്ഞു തുടങ്ങി. അവനതു ശ്രദ്ധിക്കാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു.
“ആദ്യമേ പറയണമായിരുന്നു ഇഷ്ടമുണ്ടെങ്കിൽ അല്ലാതെ മിന്നുകെട്ടിന് രണ്ടുദിവസം മുമ്പല്ല ഇങ്ങനെയൊക്കെ കാണിക്കാൻ…” അവൾ പൊട്ടിത്തെറിച്ചപോലെ അവനോടുറക്കെ അലറി പറഞ്ഞു. അവനൊന്നവളെ നോക്കിയിട്ട് പിന്നേം വണ്ടിയിലായി ശ്രദ്ധ.
“ഞാൻ എന്നാ വേണമായിരുന്നു. വാക്കുറപ്പിച്ച് മോതിരമിട്ടവനോട് പറയണമായിരുന്നോ എനിക്ക് ജോമോനെ മതിയെന്ന്, എങ്കിൽ അതുവരെയുണ്ടായിരുന്ന നമ്മുടെ കുടുംബത്തിന്‍റെ സൽപ്പേരും ഒരുമയും എന്താകുമെന്ന് നീ ആലോചിച്ചുനോക്കിയിട്ടുണ്ടോ? പറയെടാ… നിന്‍റെ നാക്ക് തണുപോയോ? അവൻ ഒരിഷ്ടം പറച്ചിൽ ഞാൻ നൂറുതവണ നിന്നോട് ചോദിച്ചതല്ലേടാ ഈ കല്യാണം വന്നപ്പോഴും പെണ്ണുകണ്ടപ്പോഴും എല്ലാം. പെണ്ണുകാണലിന്‍റെ അന്നു നീയെന്നോട് എന്തെങ്കിലും പറയുമെന്ന് കരുതി ഞാൻ പറഞ്ഞതല്ലേ എനിക്കീ കല്യാണം ഇഷ്‌ടപ്പെട്ടില്ലെന്ന്. എന്നിട്ടും നീയെന്നതാ ഇങ്ങനെ പെരുമാറുന്നത്?” അവൾ നിയന്ത്രണം വിട്ടപോലെ കരഞ്ഞുകൊണ്ടുറക്കെ ചോദിച്ചു. അവനവളെ ശ്രദ്ധിയ്ക്കാത്ത ഭാവത്തിൽ ഇരുന്നു. അൽപം കഴിഞ്ഞവൻ പറഞ്ഞു.
“കണ്ണു തുടയ്ക്കൂ… യൂണിവേഴ്‌സിറ്റി എത്തി.”
“ഓ… അപ്പോ നീ മിണ്ടും അല്ലേ… നന്നായെടാ നന്നായി. ഇനി ഞാനായിട്ട് മിണ്ടാതിരുന്നാൽ പോരെ. ശരി കാറിൽ തന്നെയിരുന്നാൽ മതി. ഞാൻ പോയി സർട്ടിഫിക്കറ്റ് വാങ്ങിവരാം.”
“ഞാൻ വരാം.” അവളെ നോക്കാതെ അവൻ പറഞ്ഞു. കാർ ലോക്കിട്ട് അവൻ അവളുടെ പിന്നാലെ നടന്നു.
“ക്യൂ ആണല്ലോ സർട്ടിഫിക്കറ്റ് വാങ്ങൻ. അവൾ പറഞ്ഞു. അവനൊന്നും മിണ്ടാതെ അവളുടെ ഐഡി കാർഡ് വാങ്ങി വെയിലുള്ള മുറ്റത്തെ ക്യൂവിൽ നിന്നു. അവൾ അൽപം മാറി മരത്തണലിലിരുന്നു. അപ്പോഴും ജോമോനെ തന്നെ നോക്കിയിരുന്ന ആലീസിന്‍റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവളെ നോക്കാതെ അവൻ പതിയെ പതിയെ മുന്നോട്ടേക്ക് നീങ്ങി. ഒരുമണിക്കൂർ കഴിഞ്ഞവൻ തിരിച്ചു വന്നു. കയ്യിലെ സർട്ടിഫിക്കറ്റ് അവൾക്കുനേരെ നീട്ടി. അവളതുവാങ്ങുമ്പോൾ അവന്‍റെ മുഖ ത്തേക്ക് നോക്കി. ആ മുഖം വലിയ നിരാശകൊണ്ട് മൂടിയിരുന്നു. മുടിപോലും ചീകിയിട്ടില്ല. ഫ്രഞ്ച് മോഡൽ താടിവച്ചിരുന്നത് ചുറ്റും കുറ്റിരോമങ്ങൾ കൊണ്ട് വളർന്നിരിക്കുന്നു. അപ്പോഴേക്കും ചെറുതായി മഴ തുടങ്ങി. അവന്‍റെ പിറകേ അവളും കാറിലേക്ക് നടന്നു.
“എടാ എനിക്ക് വിശക്കുന്നുണ്ട്…” അവൾ പറഞ്ഞു. അവൻ അൽപദൂരം കഴിഞ്ഞ് ഒരു ഹോട്ടലിൽ നിർത്തി. വണ്ടിയിൽ നിന്നും കുട എടുത്തവൾക്ക് കൊടുത്തു.
“എന്‍റെ കൂടെ വരണം.” അവൾ പറഞ്ഞു.
“എനിക്ക് മസാലദോശ മതി,” സീറ്റുറപ്പിച്ചവൾ വെയിറ്ററോട് പറഞ്ഞു.
“സാറിനോ..? അയാൾ ചോദിച്ചു. ഒന്നും വേണ്ട. അവിടെ കൊടുത്തേക്കൂ. അതുമതി,” ജോമോൻ പറഞ്ഞു.
“എന്താ ജോമോനേ ഇങ്ങനെ. നിനക്ക് എന്‍റെ കൂടെ മിണ്ടാൻ പാടില്ലല്ലേ? എനിക്കൊപ്പം ഇതുവരെ വരാൻ മടിയാണല്ലേ? എനിക്കൊപ്പം ആഹാരം കഴിക്കാൻ പാടില്ലല്ലേ? ഞാൻ പറഞ്ഞതാ എനിക്ക് കല്യാണം വേണ്ടന്ന്… ആരു കേൾക്കാൻ… എന്നെ പെണ്ണുകാണാൻ വരുന്നതിന്‍റെ തലേദിവസം ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടും കർത്താവുപോലും കേട്ടില്ല ആ പ്രാർത്ഥന.” അതു പറഞ്ഞവൾ പിന്നേം കരഞ്ഞുതുടങ്ങി.
“ആൾക്കാര് കാണും, എല്ലാവരും നോക്കുന്നു…” അവൻ പതിയെ പറഞ്ഞു.
“കേൾക്കട്ടെ… എല്ലാരും കേൾക്കട്ടെ ഇല്ലെങ്കിൽ നീയെന്നോട് പഴയപോലെ സംസാരിക്കൂ. എനിക്കിനി വയ്യ ഇങ്ങനെ ടെൻഷനടിക്കാൻ. ഞാൻ വീട്ടിൽ എല്ലാരോടും പറയാൻ പോകുവാ. പറ്റുന്നില്ല ഒട്ടും പറ്റുന്നില്ല അതുകൊണ്ടാ.” അവൻ അതുകേട്ടതും എണീറ്റ് നടന്നു. ക്യാഷ് കൗണ്ടറിലെ ബില്ലുകൊടുത്തു. അവിടെ തന്നെ അവൾ കഴിച്ചിട്ടുവരും വരെ കാത്തുനിന്നു. നിനക്കെന്താ ജോമോനേ പറ്റിയത്, അന്നങ്ങനെ? പോട്ടെ, മറന്നേക്ക്… പ്ലീസ്..” അവൻ മറുപടിയൊന്നും പറഞ്ഞില്ല. മൗനത്തിൽ മാത്രം മുഴുകിയിരുന്നു. ഇടയ്ക്കെപ്പോഴോ കണ്ണിൽ പൊടി പോയപോലെ അവന്‍റെ കണ്ണുകൾ ഒരുവട്ടം അവൻ തുടയ്ക്കുന്നത് കണ്ടപ്പോൾ ആലീസ് പറഞ്ഞു.
“വണ്ടി നിർത്തൂ. ഇതിനൊരു തീരു മാനമാകാതെ ഇവിടുന്നിനി ഞാൻ വീട്ടിലേക്ക് വരുന്നില്ല. പറയൂ… ഞാനെന്താ ചെയ്യേണ്ടത്. നീ പറഞ്ഞുതാ എനിക്ക് അതുംകൂടി? ഇനിയിങ്ങനെ അഭിനയിച്ചു ജീവിക്കാൻ വയ്യ. പറ ഞാൻ പറയട്ടെ എനിക്ക് നിന്നെ മതിയെന്ന്… കല്യാണം കഴിഞ്ഞ് ഒരാഴ്ച്ച ആയപ്പോൾ ഭർത്താവ് പെണ്ണിന്‍റെ അവിഹിതം കയ്യോടെ പൊക്കിയതായി വാർത്തവരും. അതുപോരേ..? ഞാനിന്നു പറഞ്ഞേക്കാം എല്ലാരോടും…..”
“ഞാൻ നിങ്ങളോടൊന്നും പറഞ്ഞില്ലല്ലോ ഇതൊക്കെ എന്നോടുപറയാൻ മാത്രം..?” അവനിടറിയ ശബ്ദ്‌ദത്തിൽ പറഞ്ഞു.
“നിങ്ങളോ..” ഞാൻ നിനക്കിപ്പോ നിങ്ങളാണല്ലേ? എടാ ജോമോനെ നീ എന്നോടിത്രേം പറയണ്ടായിരുന്നു. അലറി കരഞ്ഞുകൊണ്ടവൾ പറഞ്ഞു. ഞാൻ ചത്താൽ നിന്‍റെ പിണക്കം തീരുമല്ലോ അല്ലേ? ഞാൻ ആത്മഹത്യചെയ്‌തു തന്നേക്കാം. അതാകുമ്പോ ടെൻഷനടിക്കണ്ടല്ലോ ഇങ്ങനെ. നിനക്കതുപോരേ? പിന്നെ നിന്നോടൊന്നിനും ഞാൻ മിണ്ടാൻ വരണ്ടല്ലോ അല്ലേ..”
അവനൊന്നും മറുപടി പറയാതെ കാറിന്‍റെ ഡോറുകൾ പവർലോക്കിട്ടു കൊണ്ട് വണ്ടി സ്റ്റാർട്ടാക്കി, അവളുടെ എതിർപ്പിനെ വകവയ്ക്കാതെ വണ്ടി മുന്നോട്ടു പാഞ്ഞു. വീടെത്തുന്നതിനു തൊട്ടുമുമ്പുള്ള ചെറിയ റോഡിലെത്തിയപ്പോൾ ഗിയറിന്‍റെ പുറത്തുവച്ചിരുന്ന ജോമോൻ ഇടം കൈയ്യിലേക്ക് അവൾ വലംകൈകൊണ്ട് അമർത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു.
“ഞാനെന്താ വേണ്ടത്. നീ പറയൂ…?” അവളുടെ ചോദ്യം വല്ലാതെയായിരുന്നു അപ്പോഴേക്കും. അവൻ അവന്‍റെ കൈ മാറ്റി സ്റ്റിയറിംഗിൽ വച്ചു. പിന്നെയും മൗനമായിരുന്നു മറുപടി. വീട്ടിലെത്തിയപ്പോൾ ഉച്ചകഴിഞ്ഞു.
“നേരത്തെ കിട്ടിയോ സർട്ടിഫിക്കറ്റ്?” സോണിച്ചൻ ചോദിച്ചു.
“കിട്ടി പപ്പാ. അവിടെ എടുത്തുവച്ചിരുന്നു. പോയി വാങ്ങുന്ന സമയം മാത്രം മതിയായിരുന്നു.”
“മ്മ് മോളെന്താ വല്ലാതിരിക്കുന്നത്?”
“ഒന്നുമില്ല ചാച്ചാ… യാത്രയുടെ…”
“മ്മ്… എന്നാ പോയി ഫ്രഷാകൂ”
“രമിത്ത് പുറത്തേക്കുപോയി വൈകുന്നേരം രമിത്തിങ്ങു വരും.”
“മ്മ്…” അവൾ ഇറങ്ങിയതും അവൻ വണ്ടി പുറത്തേക്കു എടുത്തു
“അല്ലാ നീയിതെങ്ങോട്ടാ ജോമോനേ…”
“പെട്രോൾ അടിച്ചില്ല പപ്പാ… ഞാൻ മറന്നുപോയി… ഞാൻ കവലയിൽ നിന്നും അടിച്ചിട്ടു വരാം.”
“കവലയിൽ പോകാനോ സാധനങ്ങൾ വല്ലതും വാങ്ങാനോ ഉണ്ടെങ്കിൽ നീ തന്നെ പോണം” സോണിച്ചൻ പറഞ്ഞു മറുപടിയൊന്നും പറയാത്ത അവന്‍റെ മുഖത്തെപ്പോഴും നിരാശയും ദേഷ്യവും പടർന്നുകയറുന്നത് ആലീസ് തിരിച്ചറിഞ്ഞു. അവൻ പോയികഴിഞ്ഞ് അവളകത്തേക്ക് കയറി.
“എന്നാ മമ്മീ ഇന്ന് സ്പെഷ്യലായി ട്ട്.” കുറച്ച് കഴിഞ്ഞു തിരിച്ചെത്തിയ ജോമോൻ ജിജിയോട് ചോദിച്ചു.
“ഇന്നോ ഒന്നാന്തരം പോർക്ക് ഫ്രൈയും കള്ളപ്പവും. രമിത്തിന് വല്യ ഇഷ്ടമാ ഇത്. എന്തേ?”
“എന്നാ എടുത്തുവച്ചേക്കൂ. ഞാനിപ്പോ വരാം”
“ഇന്നെന്താ അത്താഴം നേരത്തെയാണല്ലോ?”
“ആ ഇത്തിരി വിശപ്പുണ്ട്. അതാ മമ്മി എടുത്ത് വച്ചേക്കൂ ഞാനിപ്പോൾ വരാം.”
“മ്മ് ശരി.”
“മോളേ ആലീസേ, നീ കഴിച്ചായിരുന്നോ? രമിത്തുവരാൻ അൽപം വൈകും,” ജിജി ചോദിച്ചു
“ഇല്ല മമ്മീ എന്തുവാ…”
“നീ പോയി ജോമോന്‍റെ കൂടെയിരുന്നൽപം എന്തേലും കഴിക്കൂ. ജോമോന് വിശക്കുന്നു. ടേബിളിലെടുത്ത് വയ്ക്കാൻ പറഞ്ഞു.”
“ശരി മമ്മീ.” അവൾ ടേബിളിൽ വന്നിരുന്നു.
അപ്പോഴേക്കും ഷർട്ടുമിട്ട് ജോമോൻ റൂമിന് പുറത്തേക്ക് വന്നു. വാഷ്‌ബേസിനിൽ കൈ കഴുകികഴിഞ്ഞു നോക്കുമ്പോൾ അവനെ നോക്കിയിരിക്കുകയാണ് ആലീസ്. പെട്ടെന്നവൻ ജിജിയോട് പറഞ്ഞു..
“ഞാൻ ഇറങ്ങുവാ മമ്മീ, കവലവരെ പോണം. പോയിട്ട് വരാം.”
“വിശപ്പുണ്ടെന്ന് പറഞ്ഞിട്ട് ജോമോൻ കഴിച്ചില്ലല്ലോ?” ആനി ചോദിച്ചു.
“ഇല്ല ഇപ്പോ വിശപ്പിത്തല്ലാത്തോണ്ടാ വിശപ്പ് മാറി ഞാൻ പിന്നെ കഴിച്ചോളാം..”
“എടാ ജോമോനേ..” അപ്പോഴേക്കും കരഞ്ഞു തുടങ്ങിയ ശബ്ദത്തിൽ ആലിസ് പതുക്കെ വിളിച്ചു. അവനതുകേൾക്കാതെ പുറത്തേക്കിറങ്ങി പോയി. അതുകണ്ടപ്പോൾ അവനോടൊപ്പം ഒരുമിച്ചു കഴിക്കാൻ പഴയ പ്ലേറ്റിൽ വിളമ്പി നോക്കിയിരുന്ന ആലീസിന്‍റെ കണ്ണിൽ നിന്നുമൊരു കണ്ണീർത്തുള്ളി പാത്രത്തിലെ ഭക്ഷണത്തിലേക്ക് വീണു. ആരും കാണാതിരിക്കാൻ അവൾ പെട്ടന്നവളുടെ കണ്ണുകൾ തുടച്ചു. ഭക്ഷണം കഴിക്കാതെ പതുക്കെ എണീറ്റു അടുക്കളയിലേക്ക് നടന്നു. അവൻ ഭക്ഷണം കഴിക്കാതെ ഇത് രണ്ടാം ദിവസമാണെന്ന് ആലീസിന് അറിയാമായിരുന്നു. പിറ്റേന്ന് രാവിലെ ജോമോൻ കൂട്ടുകാരുടെയൊപ്പം പുറത്തേക്ക് പോയി. രമിത്തിനോടൊപ്പമുള്ള മൊത്തം സമയവും ജോമോൻ തിരിച്ചു വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു ആലീസ്. രാത്രിയിൽ ജോമോൻ തിരിച്ചുവന്നു.
“നീ കഴിക്കുന്നില്ലേടാ… ആന്‍റോ അവനോട് ചോദിച്ചു… ഇല്ല ചാച്ചാ… വിശപ്പില്ല.” അതുപറഞ്ഞവൻ ആലീസിനെ നോക്കാതെ റൂമിലേക്ക് കയറി കതകടച്ചു. അധികം വൈകാതെ അവൻ ബാത്ത്റൂമിലുള്ള ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്‌ദം ഹാളിൽ കേട്ടു. രാവിലെ ഉറക്കമെണീക്കാൻ വൈകിയ ജോമോൻ ക്ലോക്കിലേക്ക് നോക്കി സമയം രാവിലെ ഏഴര. അവൻ ഹാളി ലേക്ക് നടന്നു. ഹാളിൽ സോണിച്ചൻ ഇരിക്കുന്നുണ്ട്. അവൻ ചോദിച്ചു.
“പപ്പാ മമ്മിയും ചാച്ചനും എന്തിയേ?”
“ആഹാ ജോമോൻ മറന്നോ ഇന്നല്ലേ നിന്‍റെ അപ്പാപ്പൻ വർഗീസ് അച്ചാച്ചന്‍റെ ഓർമ്മദിനം. അവരെല്ലാം കൂടി സെമിത്തേരിയിൽ കല്ലറ വൃത്തിയാക്കാൻ പോയേക്കുവാ, വൈകുന്നേരം ഓർമ്മപുതൂക്കൽ പ്രാർത്ഥനയുണ്ടവിടെ രമിത്തിന് ജോലിക്കായുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നാളെയാണ്. ഇന്നവൻ തിരുവനന്തപുരത്തുപോകും. ഞാനവനെ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടു ചെന്നാക്കാൻ ഉള്ളതുകൊണ്ട് അവരുടെകൂടെ പോയില്ല. പ്രാർത്ഥനയ്ക്ക് വൈകുന്നേരം നമുക്കൊരുമിച്ച് പോകാം. തിരുവനന്തപുരം പേകേണ്ടവനാണ്. അവളും അവനും ഇതുവരെ ഉറക്കംപോലും എണീറ്റിട്ടില്ല.” സോണിച്ചൻ പറഞ്ഞു.
അവൻ തിരിച്ച് റൂമിലെത്തി കുളിച്ചു. കണ്ണാടിയിൽ നോക്കി താടിരോമം വല്ലാതെ വളർന്നിരിക്കുന്നു. പൂർണ്ണമായും ഷേവു ചെയ്ത് മീശ വെട്ടി മാറ്റിയൊതുക്കി. ഒന്നുകൂടെ കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കാൻ പോലും മറന്നുപോയ മുഖമാണ് തന്‍റെ എന്നവൻ തിരിച്ചറിഞ്ഞു. തേച്ചുമടക്കിയ കറുത്ത ജീൻസ് പാൻറും വെളുത്ത കോട്ടൻ ഷർട്ടും ധരിച്ചവൻ തലമുടി ചീകിയൊതുക്കി. പിന്നെ വെള്ള ക്യാൻവാസ് ഷൂസ്സും ധരിച്ചു. കയ്യിൽ വാച്ചും കെട്ടി കുറച്ചുനേരം കട്ടിലിൽ വെറുതെയിരുന്നു. മൊബൈൽ ഫോൺ ചാർജുണ്ടെന്ന് ഉറപ്പുവരുത്തി വെറുതെ ഗ്യാലറി നോക്കി. എടുത്ത എല്ലാ ഫോട്ടോയിലും ഒപ്പം നിൽക്കുന്ന ആലീസ്സിന്‍റെ മുഖം അവനെ കൂടുതൽ വിഷമിപ്പിച്ചു. അപ്പോൾ ആലീസിന്‍റെ മുറിയുടെ ഡോർ തുറന്നു.
“എടോ ഞാൻ ഇന്നുപോയാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞു മറ്റെന്നാൾ രാത്രി തിരിച്ചുവരുള്ളൂ കോട്ടോ?” രമിത്ത് അവളോട് പറഞ്ഞു.
“അതേയുള്ളോ. ഞാൻ കൂടെ വരണോ”
“വേണ്ട വന്നാലും അവിടെ ഹോട്ടലിൽ ഒറ്റയ്ക്കായി പോകും താൻ ഞാൻ പോയിട്ടുവരാം.” “ശരി ഇച്ചായാ” അവൾ മറുപടി പറഞ്ഞു.
“അല്ലാ എനിക്കൊന്നും തരുന്നില്ലേ ഒരു യാത്രയ്ക്കിറങ്ങുമ്പോൾ?”
“എന്ത്?”
“ഉമ്മ. എല്ലാരും കൊടുക്കുന്നതാണ്”
“ഉമ്മയല്ല വാപ്പ… ഒന്നുപോയേ..”
“എടാ ജോമോനേ?” പുറത്തു നിന്നും സോണിച്ചൻ വിളിച്ചു.
“എന്നതാ പപ്പാ..” അവൻ പുറത്തിറങ്ങി ചോദിച്ചു.
“നീയാ രമിത്തിനോട് ഒന്നിറങ്ങാൻ പറയുമോ?”
“ഞാൻ വണ്ടിയിറക്കാം” എന്നു പറഞ്ഞുകൊണ്ടയാൾ അൽപം മാറി പാർക്ക് ചെയ്ത് വണ്ടിയെടുക്കാൻ നടന്നു. അവൻ അതു പറയാനായി രമിത്തിന്‍റെ റൂമിന്‍റെ പടി ചവിട്ടിയപ്പോൾ ആലീസ്സിനെ ചേർത്തുപിടിച്ചു ചുംബിക്കുന്ന കാഴ്‌ചയാണ് കണ്ടത്. പെട്ടെന്നവൻ കാണാത്തപോലെ തിരിച്ചു മാറിയെങ്കിലും രമിത്തവനെ കണ്ടു.
മിസ്‌റ്റർ… കസിൻ ഒക്കെ ശരിതന്നെ എങ്കിലും ഒരു ഫാമിലി താമസിക്കുന്ന റൂമിൽ വരുമ്പോൾ അൽപം മാനേഴ്‌സ് കാണിക്കണം. ദൂരെ നിന്നും ഒരു ഒച്ചയെങ്കിലും… അവനെ നോക്കി നിന്നിരുന്ന ആലീസ്സിന്‍റെ മുഖഭാവം അപ്പോൾ ദയനീയമായിരുന്നു. ഭർത്താവിനോടു തിരിച്ചൊരു വാക്കും പറയാനാകാത്ത വിധത്തിൽ…





