എൻഗേജ്‌മെന്‍റ് ദിവസം അതിരാവിലെ തന്നെ ജോമോനായിരുന്നു എല്ലാ കാര്യങ്ങളുടേയും മേൽനോട്ടക്കാരൻ. എൻഗേജ്‌മെന്‍റ് കഴിഞ്ഞുള്ള ഫോട്ടോ സെഷനിൽ ജോമോന്‍റെ തോളിൽ ചേർത്തുപിടിച്ചുള്ള ഫോട്ടോയ്ക്കാണ് ആലീസ് പോസ് ചെയ്തത്. ഒറ്റ നോട്ടത്തിൽ അത് രമിത്തിന് ഇഷ്‌ടമായില്ലെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല. എല്ലാം ഭംഗിയാക്കി വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ജോമോൻ ആന്‍റോയോട് പറഞ്ഞു.
“ചാച്ചാ, പള്ളിയിൽ നിന്നും തീയതി കുറിച്ചു… ഇനി പത്തു ദിവസമേ ഉള്ളൂ കല്യാണത്തിന് എനിക്കും രമിത്തിനും തിയതി കുറിച്ച പേപ്പർ അച്ഛൻ തന്നു.
“അയ്യോ, ഈശോ. ഇതൽപം നേരത്തെ ആയല്ലോടാ ജോമോനെ.”
“ആ ഞാനും പറഞ്ഞു. ബാക്കി ദിവസം അവിടെ കല്യാണവും മനസമ്മതങ്ങളും ഉണ്ടെന്ന്…”
“മ്മ്.. അതിപ്പോ നാട്ടുകാരെ അറിയിക്കണമല്ലോ?”
“നാളെ മുതൽ എല്ലാം ഓടിനടന്നങ്ങു ചെയ്യാം… ഓരോ ദിവസവും സോണിച്ചനും ഞാനും രണ്ടായി തിരിഞ്ഞു വിളിച്ചാൽ കാര്യങ്ങൾ കയ്യിൽ നിൽക്കും. അപ്പോ ഭക്ഷണം ഉൾപ്പെടെ ബാക്കിയൊക്കെ ജോമോനെ നീ നോക്കണെ.”
“മ്മ് നോക്കാം ചാച്ചാ.”
“അവന്മാരെ തന്നെ ഭക്ഷണം ഏൽപ്പിച്ചേക്ക്. കൂടെ പള്ളിയും റോസാപ്പൂക്കൾ കൊണ്ട് ഡെക്കറേഷൻ ചെയ്യാൻ പറഞ്ഞേക്ക്… മ്മ്…”
“ചെയ്യാം ചാച്ചാ…”
കല്യാണത്തിന്‍റെ ഒരുക്കങ്ങൾ തകൃതിയായി പൊടിക്കുന്നുണ്ട്. കല്യാണത്തിന്‍റെ രണ്ടുദിവസം മുമ്പാണ് ആലീസിന്‍റെ ചില കൂട്ടുകാരികൾ വീട്ടിൽ വന്നത്. വന്നവരവനെ നോക്കി തമാശയ്ക്ക് ചോദിച്ചു.
“കല്യാണപ്പയ്യൻ ആണോ?”
“ഏയ് അല്ല എന്തേ?”
“ഒന്നുമില്ല. നിങ്ങൾ നല്ല മാച്ചായിരുന്നു.”
“മ്മ്” അവൻ നാണത്തോടെ മൂളി. വൈകുന്നേരം വീട്ടിലെത്തിയ ജോമോന്‍റെ സുഹൃത്തുക്കളായ ബിനുവും വിനോദും വന്നു.
“എടാ, ജോമോനേ… നിനക്കവളെ കെട്ടിക്കൂടായിരുന്നോ? ഇത്രേം നല്ലൊരു പെണ്ണ് കുടുംബത്തിൽ ഉള്ളപ്പോ ആരെങ്കിലും ഇങ്ങനെ മണ്ടത്തരം കാണിക്കുമോ?” ജോമോൻ അത്ഭുതത്തോടെ ബിനുവിനെ നോക്കി.
“എടാ, അതിന് അവളും ഞാനും അങ്ങനെയൊന്നുമല്ല. ഇനി, ഇങ്ങനെ വല്ലോം ഞാൻ പറഞ്ഞാൽ അയ്യോ…” അവൻ ആലോചിച്ചപോലെ പറഞ്ഞു.
“ഈ നഷ്ടം നിനക്ക് പിന്നെ മനസ്സിലാകും.” വിനോദ് ജോമോനോടു പറഞ്ഞു. ജോമോൻ വല്ലാതെയായിരുന്നു അപ്പോഴേക്കും.
ബിനു വിനോദുമായി പോയികഴിഞ്ഞപ്പോൾ ജോമോൻ കുറേനേരം മുകളിലെ ബാൽക്കണിയിൽ പുറത്തേക്കു നോക്കിയിരുന്നു. അപ്പോഴേക്കും ആകാശം കറുത്തിരുണ്ട് നിരാശയുടെ ഇരുളുകൾ മൊത്തം മൂടുന്നത് അവൻ തിരച്ചറിഞ്ഞു.
രാത്രിയിൽ ആലീസിന്‍റെ കൂട്ടുകാരികൾ തിരികെ പോയി. അത്താഴം കഴിഞ്ഞു എല്ലാവരും ഉറങ്ങാൻ പോയി, ടിവി കാണുകയായിരുന്ന ജോമോന്‍റെ മുഖഭാവം കണ്ട് അടുത്തു വന്നിരുന്ന് ആലീസവനോട് ചോദിച്ചു.
“എന്താടാ? എന്തുട്ട? കല്യാണത്തിന്‍റെ ഓട്ടത്തിൽ മുഖം വല്ലാതെ ആയതാണോ?”
“അല്ല, ആലീസേ”
“പിന്നെ”
“മറ്റൊരുകാര്യമാണ്. പറഞ്ഞാൽ നീ എന്നെ വഴക്കു പറയരുത്…!”
“മ്മ്… പറ, എന്തേ, എന്തേലും മറന്നോ കല്യാണത്തിന്‍റെ ആയിട്ട്?”
“അങ്ങനെയല്ല. നീ വഴക്ക് പറയരുത്. ഓക്കേ ആണെങ്കിൽ പറയാം.”
“മ്മ്, നീ പറഞ്ഞോടാ.” അവളവനെ നോക്കി.
“നിനക്കീ കല്യാണം വേണോ ആലിസേ…?”
“അതെന്താ ജോമോനെ ഇപ്പോ ഇങ്ങനെ തോന്നാൻ. രമിത്തുമായി ഞാൻ ഇപ്പോൾ കൂടെ സംസാരിച്ചേയുള്ളൂ… നീ കാര്യം പറ.”
“ആലിസെ നമുക്ക് തമ്മിൽ കെട്ടിയാലോ?”
“എന്താടാ നീ ഇങ്ങനെ പറയുന്നത്.” അവളവനെ ദേഷ്യത്തോടെ നോക്കി ചോദിച്ചു.
“നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്കിവിടെ പറ്റില്ല. ഓർമ്മവച്ച നാളുമുതൽ നമ്മൾ കൂട്ടല്ലേ… ഇനി നീ പോയാൽ ഞാനെന്തുചെയ്യും? നീ കെട്ടി പോകുന്നത് ഓർത്തപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് എനിക്ക് നിന്നെ ഇഷ്ടമാണെന്ന്. നീയില്ലാതെ എനിക്ക് പറ്റില്ലെന്ന്. നമുക്ക് ഇപ്പോൾ എങ്ങോട്ടേലും ഓടിപ്പോയാലോ ആലിസെ?”
“ജോമോനെ നീ നിർത്ത് ഇനിയൊന്നും പറയണ്ട. ഇതിപ്പോൾ പറയുന്നതിന്‍റെ ആവശ്യം പോലുമില്ല. ഇനിയെന്നെ നീ അങ്ങനെ കാണരുത്, നിന്നോടിനി ഒരിക്കലും ഞാൻ മിണ്ടാനും വരുന്നില്ല. എനിക്ക് നിന്നെ വേണ്ട. നിന്‍റെ അടുത്ത് ഞാനിത്രേം നേരം എങ്ങനെയാണ് ഇരുന്നതെന്നുപോലും നീയോർത്തില്ലല്ലോ ജോമോനെ വിട്ടു… പൂർണ്ണമായും വിട്ടു. നീയുമായുള്ള എല്ലാം ദാ ഇവിടം കൊണ്ട് ക്ലോസ് ചെയ്യുന്നു. നമ്മൾ തമ്മിലിനിയൊരു ബന്ധവുമില്ല കേട്ടല്ലോ.”
ഇത്രേം പറഞ്ഞവൾ അവിടെ നിന്നും എണീറ്റപ്പോൾ അവന്‍റെ മുഖം ഇപ്പോൾ കരഞ്ഞുപോകുമെന്നായി…
“എടീ ആലീസേ… ഞാനൊന്നു പറയട്ടെ?” എന്നുപറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു.
“ജോമോനെ കയ്യിൽ കയറി പിടിക്കുന്നോ, നീ മര്യാദയ്ക്ക് കയ്യെടുക്ക്. ഇല്ലെങ്കിൽ ഞാനിപ്പോൾ ചാച്ചനേം പപ്പയേം വിളിക്കും.”
അവൾ ദേഷ്യത്തോടെ തീർത്തു പറഞ്ഞു. അവളുടെ മുഖം വല്ലാതെ ആയതുകണ്ടപ്പോൾ അവനവളുടെ കൈവിട്ടു. അവൾ തിരികെ റൂമിലേക്ക് പോയി. പതിവില്ലാതെ ഡോർ അടയ്ക്കാൻ തിരിഞ്ഞപ്പോൾ ജോമോൻ ഒരു കൈകൊണ്ട് അവന്‍റെ കണ്ണീർ തുടയ്ക്കുകയായിരുന്നു. കല്യാണത്തിന്‍റെ തലേദിവസം രാവിലെ വൈകിയാണ് ജോമോൻ ഉണർന്നത്. ഹാളിലെത്തുമ്പോൾ രാവിലെ എട്ടുമണി.
“നിന്‍റെ കണ്ണിന് എന്തുപറ്റി ജോമോനേ, വല്ലാതെ ചുവന്നിരിക്കുന്നു”. ആനി ചോദിച്ചു.
“ഒന്നൂല്ല.” അവൻ മറുപടി പറഞ്ഞു.
“ഓഹ്, എന്തോ എന്‍റെ കൊച്ച് കുറച്ചുനാളായി ഓട്ടമല്ലിയോ കല്യാണത്തിന്‍റെ കാര്യങ്ങൾക്കായിട്ട് അതാകും.” ആനി പറഞ്ഞു.
“ആലീസ് എവിടെ മമ്മീ?” അവൻ ആനിയോട് ചോദിച്ചു.
“അവൾ രാവിലെ കഴിച്ചിട്ട് ബ്യൂട്ടി പാർലറിൽ പോയല്ലോ.”
“ആലീസിന്നൊറ്റയ്ക്ക് കഴിച്ചോ?”
“മ്മ് എന്നോടു നിന്നെ വിളിക്കണ്ടാന്ന് പറഞ്ഞു. നിന്‍റെ ഉറക്കം കളയണ്ട എന്നുകരുതിക്കാണും അവൾ.” അവന്‍റെ മുഖം സങ്കടത്തിൽ കറുത്തു.
ജിജിയും ആന്‍റോയും സോണിച്ചനൊപ്പം കാര്യങ്ങളെല്ലാത്തിനുമായി കൂടെ നിന്ന് സഹായിക്കാൻ പറഞ്ഞുവിട്ട ജോമോനെ തന്നെയായിരുന്നു. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഒരുക്കങ്ങളും പൂർത്തിയാക്കി സോണിച്ചനും ജോമോനും കൂടി തിരിച്ചു വീട്ടിൽ വരുമ്പോൾ ആലീസ് ജോമോന്‍റെ മുഖത്തേക്ക് നോക്കിയില്ല.
“എന്നതായി ചാച്ചാ?” അവൾ സോണിച്ചനോട് ചോദിച്ചു.
“ഓ എന്‍റെ കൊച്ചേ എല്ലാം ഒരുവിധം ഒപ്പിച്ചു. ജോമോൻ ഊപ്പാടു വന്നുകാണും എല്ലാത്തിനും ഓടിയോടി.”
“ചാച്ചൻ വല്ലോം കഴിച്ചായിരുന്നോ?”
“ഓ ഞാൻ കഴിച്ചു ജോമോൻ കഴിച്ചില്ല. ചോദിച്ചപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞു.”
ആലീസിനെ തന്നെ നോക്കിയിരുന്ന ജോമോനെ ശ്രദ്ധിക്കാതെ അമർത്തിയൊന്നു മൂളിയിട്ട് അവൾ റൂമിലേക്ക് പോയി. തലേദിവസത്തെ കല്യാണ പാർട്ടി ആഘോഷമാകുമ്പോൾ എല്ലാവരേയും നോക്കി പുഞ്ചിരിക്കുന്ന ആലീസിന്‍റെ മുഖത്തേക്കുതന്നെ നോക്കിയിരിക്കുകയായിരുന്നു ജോമോൻ.
ആലീസ് പിന്നെ അവനെ നോക്കിയില്ല. നിരാശയും ദേഷ്യവും സങ്കടമായി അവന്‍റെ കണ്ണിലേക്കു ഇരച്ചുകയറി. ഇനി ബന്ധുക്കളെല്ലാവരും വാ… ഫോട്ടോയെടുക്കാം എന്ന് ഫോട്ടോഗ്രാഫർ പറഞ്ഞത് കേട്ട ജോമോനും അവൾക്ക് മുന്നിലെത്തി. അവളുടെ ഇടംവശം തൊട്ടടുത്തു പതിവില്ലാതെ ജിജിയും ആന്‍റോയും നിർത്തി അതിന്‍റെ ഏറ്റവും അങ്ങേയറ്റത്തായി ജോമോനെ നിർത്തി ഫോട്ടോഗ്രാഫർ. നിർത്തിയതെല്ലാം ഓക്കേ അല്ലേ ആലീസുകൊച്ചെ? ഫോട്ടോഗ്രാഫർ അവളോടു ചോദിച്ചു. അതേ അങ്കിളെ… അവൾ അവനെയൊന്നുകൂടി നോക്കി മറുപടി പറഞ്ഞു. അതുകേട്ടപ്പോൾ ജോമോൻ കരഞ്ഞത് പോലെയായി… ജോമോൻ പെട്ടെന്ന് പോക്കറ്റിൽ നിന്നും ഫോണെടുത്തു ചെവിയിൽ വച്ചു സംസാരിച്ചു എന്തോ അത്യാവശ്യം പോലെ നടന്നുനീങ്ങി.
“ഹാ ഇവൻ എങ്ങോട്ടാ ഇപ്പോ പോണത്. ഫോട്ടോ എടുക്കണ്ടേ?” വലതുവശം നിന്ന സോണിച്ചൻ അവനോട് ചോദിച്ചു.
“പള്ളിയിൽ നിന്നാ പപ്പാ… അവിടെ ഡെക്കറേഷനുള്ള പണിക്കാർ വന്നിട്ടുണ്ട്. ഞാനിപ്പോ വരാം..”
“ഫോട്ടോയെടുത്തിട്ട് പോയാൽ പോരേ ജോമോനേ?”
“അതിന് നിന്നാൽ വൈകും. ശരി പപ്പാ, ഞാൻ പോയിട്ടുവരാം.” ജോമോൻ കാറിൽ കയറിപോയി.
പിറ്റേന്നു രാവിലെ മിന്നുകെട്ടിനായി ഒരുങ്ങിവന്ന ആലീസിനെ കണ്ടപ്പോൾ ശരിക്കും അവളൊരു മാലാഖതന്നെയെന്ന് ജോമോനു തോന്നി. അവനവളെ നോക്കി വെറുതെയൊന്നു ചിരിക്കാൻ ശ്രമിച്ചു. ഇല്ല, ചിരി വരുന്നില്ല. ഉള്ളിലൊരു സങ്കടത്തിന്‍റെ തിരമാല ഇരമ്പി വരുന്നതവൻ തിരിച്ചറിഞ്ഞു. ആലീസ് പള്ളിയിലേക്കുള്ള കാറിൽ കയറും മുമ്പ് അവനെ വെറുതെ നോക്കി. സങ്കടത്തോടെയുള്ള ഒരു ചിരിയിൽ അവനും.
പള്ളിയിലെത്തുമ്പോൾ രാവിലെ കൃത്യം പത്തുമണി. അപ്പോഴേക്കും തന്നെ രമിത്തിന്‍റെ കാർ അവിടെയുണ്ടായിരുന്നു. പള്ളിയിൽ വന്ന എല്ലാവരേയും നോക്കിചിരിച്ച ആലീസ് പള്ളിയിലേക്ക് കയറി. പ്രാർത്ഥനയോടെ പെട്ടെന്നുതന്നെ മിന്നുകെട്ടും കഴിഞ്ഞു. രമിത്ത് അപ്പോഴും ചോദിക്കുന്നതിനൊക്കെ പുഞ്ചിരിയോടെ മറുപടി കൊടുത്തതിരുന്നു ആലീസ്. പള്ളിയിൽ ഇരിക്കുന്ന മുൻവരിയിലുള്ള ആൾക്കാർ ഭക്ഷണത്തിനായി ഇറങ്ങുമ്പോൾ അവൾ ജോമോനെ കണ്ടു. അപ്പോഴേക്കും ജോമോൻ ഒരു ഭാവവുമില്ലാതെ എന്തോ ആലോചനകളിൽ നിസ്സംഗതയോടെ ആലീസിനെ ഏറെനേരം നോക്കിയിരുന്നു. ഭക്ഷണത്തിനായി ബന്ധുക്കളെല്ലാവരും ഒരു വരിയായി രമിത്തിനും ആലീസിനൊപ്പം സീറ്റിലിരുന്നപ്പോൾ ജോമോനെയും സോണിച്ചൻ വിളിച്ചു.
“ഞാൻ കഴിച്ചു പപ്പാ.” അവൻ പറഞ്ഞു.
അതുകേട്ടതും “ആഹാ, നേരത്തെ കഴിച്ചോ ഇയാൾ” രമിത്ത് കളിയാക്കി പറഞ്ഞു. അതുകേട്ടപ്പോൾ വല്ലാതായിപോയി ആലീസ്. അവൾക്കുറപ്പായിരുന്നു ഇന്നലെ രാവിലെ മുതൽ ഈ നിമിഷംവരെ അവനൊന്നും കഴിച്ചിട്ടില്ലെന്ന്. അവളുടെ കണ്ണുകൾ നിറഞ്ഞു. ഭക്ഷണം കഴിഞ്ഞപ്പോൾ ആൾക്കാർ പിരിയാൻ തുടങ്ങുമ്പോൾ തിരിച്ചു പള്ളിയിലെത്തി യാത്ര ചോദിക്കുമ്പോൾ ഒന്നും ഒരിടത്തും ജോമോനെ ആലീസ് കണ്ടില്ല. അന്നുവരെ ചിലവഴിച്ച ഓരോ നിമിഷവും ജോമോന്‍റെ ഓർമ്മകളും ആലീസിന്‍റെ മനസ്സിൽ തെളിഞ്ഞു വന്നു. എല്ലാവരോടും യാത്ര ചോദിക്കാനുള്ള സമയമാണ്. പള്ളിവികാരി പറഞ്ഞപ്പോൾ ആലീസ് ചുറ്റും നിന്ന എല്ലാവരേയും നോക്കി. പള്ളിയ്ക്കുള്ളിൽ അകലെയായി ഏറ്റവും പിൻ സീറ്റിൽ ഒറ്റയ്ക്കിരിക്കുന്ന ജോമോനെ അവൾ കണ്ടു. അവനവളെ നോക്കി പുഞ്ചിരിക്കുന്നു… ആ ചിരിയിൽ തന്നെ കണ്ണീർ കവിളിലേക്കൊഴുകുന്നു. അവനൊന്നുകൂടി ആലീസിനെ നോക്കി പുഞ്ചിരിച്ചിട്ട് പള്ളിക്ക് പുറത്തേക്കുനടന്നു. ഇതുകൂടി കണ്ടതും ആലീസ് കരഞ്ഞു പോയി. ബന്ധുക്കളിൽ നിന്നും യാത്രയാകുന്ന വിഷമം കൊണ്ടാണെന്ന് വിചാരിച്ച രമിത്തപ്പോഴേക്കും അൽപം മാറി നിന്നു.
“എന്താ കൊച്ചേ… ഒരു വഴിക്കിറങ്ങുമ്പോൾ കരയരുത് എന്നറിഞ്ഞു ടെ?” ആലീസിനെ ആശ്വസിപ്പിക്കാൻ എത്തിയ ആന്‍റോ ചോദിച്ചു.
“എനിക്കെന്‍റെ ജോമോനെ കാണണം പപ്പാ” അവൾ അപേക്ഷാപൂർവ്വം കണ്ണീരോടെ ആന്‍റോയോട് പറഞ്ഞു.
“അവൻ ഇവിടെയെങ്ങാനും കാണും. ഞാനൊന്ന് വിളിച്ച് നോക്കട്ടെ. സ്വിച്ചോഫ് എന്ന മറുപടി. ഇതുംകൂടി കേട്ടപ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി.
“ജോമോൻ, കാറെടുത്തു പുറത്തേക്കു പോയി.” അടുത്തുനിന്ന ജോമോൻ സുഹൃത്തായ വിനോദ് പറഞ്ഞു.
“എങ്ങോട്ടാ മോനേ പോയത്?”
“കാറ്ററിങ്ങുകാർക്കുള്ള പൈസാ കൊടുക്കാൻ”
“ഓ… ഇതിപ്പോ ഇനിയിപ്പോ അവനെ വൈകുന്നേരം നോക്കിയാൽ മതി…”
പക്ഷേ അവൾക്കുറപ്പായിരുന്നു അവൻ മനപ്പൂർവ്വം അടുത്തുവരാതെയും ഒരു ഫോട്ടോയ്ക്ക് പോലും അടുത്ത് നിൽക്കാതെയും അകന്നും പോയതാണെന്ന്. അന്ന് വൈകി രാത്രിയോടെയാണ് ജോമോൻ വീട്ടിലെത്തിയത്.
“ജോമോനെ… നിന്നെ ആലീസ് ഒരു പാടു തിരക്കി. നീ എവിടെയായിരുന്നു?” ആനിയാണ് അതുചോദിച്ചത്.
“ഞാൻ എല്ലാവരേയും കണക്കു നോക്കി പൈസ കൊടുക്കാൻ പോയതാ…”
“മ്മ് അവൾ നിന്നെ കുറേ വിളിച്ചു ഫോണിൽ ഫോൺ ഓഫായിരുന്നു.”
“ചാച്ചാ പൈസയുടെ കണക്കുകൾ പറയട്ടെ?” ജോമോൻ ചോദിച്ചു
“കണക്കൊക്കെ നാളെ കേൾക്കാം. മോൻ പോയി ഉറങ്ങൂ… ഒരുപാടു ക്ഷീണമുണ്ട് നിന്‍റെ മുഖത്ത്.” സോണിച്ചനാണ് അതുപറഞ്ഞത്.
അവനൊന്നമർത്തി മുളിയിട്ട് നേരെ റൂമിലേക്കുപോയി. വസ്ത്രം മാറി ഷവറിന്‍റെ താഴെ കുളിക്കാനായി നിന്നു. അപ്പോഴേക്കും അവൻ നിയന്ത്രണം വിട്ടിരുന്നു. അവൻ ജീവൻ നഷ്ട്‌ടപ്പെടും പോലെ അലറി കരയാൻ തുടങ്ങി. അവന്‍റെ കരച്ചിൽ ആരും കേൾക്കാതെ ജലമവന്‍റെ കണ്ണീരിനെ മായ്ച്ചു.
പിറ്റേന്നു രാവിലെ ആന്‍റോയുടെ മുമ്പിൽ കണക്കുകൾ പറഞ്ഞശേഷം ജോമോൻ തിരിച്ചു നടക്കുമ്പോൾ ആന്‍റോ പറഞ്ഞു.
“ആ പിന്നെ ജോമോനെ നിന്‍റെ അപ്പാപ്പൻ വർഗ്ഗീസ് മാപ്പിളയുടെ ഓർമ്മ പ്രാർത്ഥനയാണ് അടുത്ത ബുധനാഴ്ച്ച പിന്നേ ഒന്നൂടെയുണ്ട്.”
“എന്തുവാ ചാച്ചാ? അവൻ ചോദിച്ചു.”
“മറ്റന്നാൾ രാവിലെ ആലീസും രമിത്തും ഇങ്ങുവരും. അവർക്കൊരു വിരുന്ന് ഒരുക്കണം. രണ്ടുദിവസം കഴിഞ്ഞ് രമിത്ത് തിരുവനന്തപുരത്തിനു പോകും. അവൻ ജോലിക്കുള്ള എന്തോ സർട്ടിഫിക്കറ്റ് പരിശോധിപ്പിക്കാൻ… വിരുന്നിന് വേണ്ടതുകൂടി നീ ചെയ്യണം.”
അപ്പോഴേക്കും അവന്‍റെ മുഖത്ത് പിന്നെയും സങ്കടത്തിന്‍റെ മേഘങ്ങൾ ഇരച്ചുകയറി. ഏൽപ്പിക്കുന്ന ജോലികൾ കഴിഞ്ഞു. പിന്നെയുള്ള രണ്ടുദിവസവും റൂ മിൽ വെറുതെയിരിക്കുമ്പോൾ അവന്‍റെ നോട്ടം ആലീസിനൊപ്പം അവൻ നിൽക്കുന്ന ഫ്രയിം ചെയ്തു തൂക്കിയ ഫോട്ടോയിലായിരുന്നു. ഞായറാഴ്ച പള്ളികഴിഞ്ഞു രമിത്തും ആലീസുമായി വീട്ടിലെത്തുമ്പോൾ ജോമോൻ റൂമിൽ നിന്നും പുറത്തേക്കുവന്നു. വീട്ടിൽ വന്നതും ആലീസാദ്യം നോക്കിയതും ജോമോനെ ആയിരുന്നു. ജോമോൻ ആലീസിനെ നോക്കാതെ രമിത്തിനെ നോക്കി ചിരിച്ചുനിന്നു. അപ്പോഴേക്കും ജോമോൻ ഒന്നവളെ നോക്കാനുള്ള ആർത്തിയോടെ ആലീസിന്‍റെ കണ്ണുകൾ അവന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. അൽപം കഴിഞ്ഞപ്പോൾ എല്ലാവരും കേൾക്കെ ആലീസ് ഇടറിയ ശബ്ദത്തോടെ ജോമോനെ നോക്കി പറഞ്ഞു.
“എടാ ജോമോനെ നിനക്കൊരു ഡയറിമിൽക്ക് കൊണ്ടുവന്നിട്ടുണ്ട്…”
അവനത് കേട്ടതായി പോലും ഭാവിക്കാതെ വെറുതെ രമിത്തിനെ മാത്രം നോക്കി ചിരിച്ചുകൊണ്ട് നിന്നു.
“രണ്ടും തമ്മിൽ വല്യകൂട്ടായിരുന്നു ഇപ്പോ ഇവൻ ഒറ്റയ്ക്കായി രമിത്തിനോടായി ജിജിയും ആന്‍റോയും പറഞ്ഞു. രമിത്തപ്പോൾ ആലീസിനെ നോക്കി പുഞ്ചിരിച്ചു. ജോമോൻ അതുവരെയും ആലീസിനെയൊന്നു നോക്കാതെ തിരിച്ചു റൂമിലേക്ക് പോയി.
ഉച്ചയായപ്പോൾ ജിജി വിളിച്ചു
“കഴിക്കാൻ നേരമായി. രമിത്ത് മുകളിലെ നിലയിലെ ബാൽക്കണിയിൽ നിൽപ്പുണ്ട്. നീ പോയി അവനെ ഭക്ഷണം കഴിക്കാൻ വിളിക്കാമോ? എനിക്ക് കാൽമുട്ട് വയ്യ എപ്പോഴും പടി കേറാൻ…”
ശരിയെന്ന് ജോമോൻ തലയാട്ടി. മുകളിലേക്ക് പടി കയറി നടന്നു. ചെന്നുകയറിയപ്പോൾ കസേരയിൽ രമിത്തിന്‍റെ മടിയിലിരിക്കുന്ന ആലിസിനെയാണ് അവൻ കണ്ടത്. ദൂരെ നിന്ന് അവനെ കണ്ട ആലീസ് പെട്ടെന്നെണീറ്റു മാറി. അവൻ അവിടെ പുറം തിരിഞ്ഞുനിന്നു കൊണ്ടു പറഞ്ഞു.
” ഭക്ഷണം വിളമ്പി. കഴിക്കാൻ വരൂ.”
“മ്മ് ദാ വരുന്നു”. രമിത്ത് മറുപടി പറഞ്ഞു. അതുകേട്ടപ്പോൾ ജോമോൻ ആലീസിനെ തിരിഞ്ഞു നോക്കി. അവന്‍റെ മുഖത്ത് ദേഷ്യവും സങ്കടവും ഇരച്ചുകയറുന്നത് അവൾ തിരിച്ചറിഞ്ഞു. പിന്നെയവൻ അവളെ നോക്കാതെ പടികളിറങ്ങി താഴേക്ക് നടന്നു.
“നീ കഴിക്കുന്നില്ലേ ജോമോനെ?” റൂമിലേക്ക് തിരിച്ചുപോകുമ്പോൾ ജിജിയാണ് അതുചോദിച്ചത്.
“ഇല്ല അവർ കഴിക്കട്ടെ”
“ഈയിടയായി വിശപ്പില്ല എന്‍റെ കുട്ടിക്ക്.” എന്ന് പറഞ്ഞു കൊണ്ട് ജിജി അടുക്കളയിലേക്ക് നടന്നു.
ഭക്ഷണം കഴിക്കുമ്പോൾ രമിത്തു പറഞ്ഞു. എനിക്ക് ഇന്നുവൈകുന്നേരം ഒരു കല്യാണത്തിനു പോകാനുണ്ട്. രാത്രിയേ പോയിട്ടു തിരിച്ചുവരൂ. കൂടെ പഠിച്ച പയ്യന്‍റെയാണ്. പിറവം പോണം തിരിച്ചുവരാൻ വൈകും.”
“അതിനെന്താ മോനേ മോൻ പോയിട്ടുവാ. ഇവളിവിടെ നിൽക്കട്ടെ.” ആനിയാണ് മറുപടിയായി അതുപറഞ്ഞത്. വൈകുന്നേരം ജോമോൻ പുറത്തേക്കു വരുമ്പോൾ രമിത്ത് കല്യാണത്തിനു പോകൻ കാറിൽ കയറുന്നതാണ് കണ്ടത്. അവൻ ഒന്നും മിണ്ടാതെ തിരിച്ചുവന്നു ടിവി ഓണാക്കി സെറ്റിയിൽ ഇരുന്നു. ചാനൽ വെറുതെ മാറ്റിനോക്കി. രമിത്ത് പോയെന്നുറപ്പായപ്പോൾ ടിവി പ്രേഗ്രാം കാണുന്ന ജോമോനെ ആലീസ് കണ്ടു. പഴയപോലെ ആലീസ് സെറ്റിയിൽ അവന്‍റെ അടുത്തുവന്നിരുന്നു.
(തുടരും)





