ആദ്യ ചിത്രമായ നമ്മളിലെ പരിമളം എന്ന കഥാപാത്രമായി എത്തിയ ഭാവനയെ പ്രേക്ഷകർ അന്നേ നെഞ്ചോട് ചേർത്ത് പിടിച്ചതാണ്. ആ ചേർത്ത് നിർത്തലിന് ഇപ്പോൾ കരുത്തു കൂടിയിരിക്കുന്നു. തനിക്ക് നേരിട്ട ദുരനുഭവത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് നീതിക്കായി കടുത്ത പോരാട്ടം നടത്തി വിജയിച്ച ധീരയായ പെൺകുട്ടിയാണ് ഭാവന ഇന്ന്. തന്റെ അചഞ്ചലമായ പോരാട്ടത്തിലൂടെ അവർ അതിജീവിതകൾക്ക് നീതിക്കായി പോരാടുവാനുള്ള കരുത്ത് പകർന്നു . ദിവസങ്ങളോളം കോടതി മുറിയിലെ ചോദ്യങ്ങൾക്കും ക്രോസ് എക്സാമിനുകൾക്കും വിധേയമാകേണ്ടി വന്ന അവസരത്തിൽ അവരുടെ വാക്കുകളിൽ പറഞ്ഞാൽ “ആ കോടതിയിൽ നിന്ന് ഫൈറ്റ് ചെയ്യണം Me Vs World എന്നതു പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. ഞാൻ ഒരു വിക്റ്റിം അല്ല അതിജീവതം ആണെന്നും ഞാൻ ഇന്ന് ഈ ചെയ്യുന്നത് എനിക്ക് വേണ്ടി മാത്രമല്ല പകരം എനിക്ക് ശേഷം എന്റെ സ്‌ഥാനത്ത് വന്നേക്കാവുന്ന ഒരുപാട് ആളുകൾക്ക് വേണ്ടിയും കൂടിയാണെന്ന തിരച്ചറിവ് ഉണ്ടായതും അതിനിടയിൽ തന്നെയാണ്.”
ഈ വാക്കുകളിൽ തന്നെയുണ്ട് അവർ നടത്തിയ പോരാട്ടത്തിന്റെ കടുപ്പവും വീര്യവും. ഇത്തരത്തിൽ നീതി തേടി കോടതി മുറിയിൽ കയറിയിറങ്ങുന്നവർക്ക് ഭാവന കരുത്തിന്റെഇ അടയാളമായിരിക്കുന്നു. കേസിന്റെ അന്തിമവിധി എന്ത് തന്നെയാകട്ടെ ഇവിടെ ശ്രദ്ധേയമാകുന്നത് ഈ അഭിനേത്രിയുടെ ചങ്കുറപ്പാണ്. നിയമത്തിന്റെ നൂലാമാലകളിൽ തിരിച്ചടികൾ നേരിട്ടിട്ടും തളർന്നു പോകാതെ ചുവടുറപ്പോടെ മുന്നോട്ട് നീങ്ങുന്ന ഭാവന യഥാർത്ഥത്തിൽ പെൺകരുത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. പണവും സ്വാധീനവും തന്ത്രങ്ങളും ഭീഷണികളും ഉപയോഗിച്ചുള്ള എതിർപക്ഷത്തിന്റെ ശക്തമായ പ്രതിരോധത്തെപോലും നിഷ്പ്രഭമാക്കിയേക്കാവുന്നതാണ് അവരുടെ പോരാട്ട ശൗര്യം.
പ്രൊഫഷണൽ ജീവിതത്തിലുണ്ടായേക്കാവുന്ന തരിച്ചടികളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും ഉൾക്കൊണ്ടു തന്നെയാണ് നിയമനടപടികളുമായി മുന്നോട്ട് പോയതെന്ന് ഭാവന സോഷ്യൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി . അനീതിക്കെതിരെ പോരാടി യാഥാർഥ്യം വെളിച്ചത്ത് കൊണ്ടു വരികയെന്നുള്ളത് അനിവാര്യതയായി അവർ കാണുന്നു. അവർക്കെതിരെ ഉണ്ടായ കുറ്റകൃത്യം സംസ്‌ഥാനത്തെയും മുഴുവൻ സിനിമാ വ്യവസായത്തെയും ഞെട്ടിച്ചു. സ്ത്രീ സുരക്ഷ, അധികാര ദുർവിനിയോഗം, നീതി എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നു. നടൻ ദിലീപ് ഉൾപ്പെടെ നിരവധി പ്രതികൾ ഉൾപ്പെട്ടതോടെ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായി അന്വേഷണങ്ങൾ വെളിപ്പെടുത്തി. ഉൾപ്പെട്ടവരുടെ സ്ഥാനവും സാമൂഹിക സമ്മർദ്ദവും സോഷ്യൽ മീഡിയ രംഗത്തെ മാധ്യമ വിചാരണയും പ്രൊഫഷണൽ വെല്ലുവിളികളുമൊക്കെ ഉണ്ടായിരുന്നിട്ടും നീതി തേടുന്നതിൽ ഭാവന കാണിച്ച ധൈര്യവും ചങ്കുറ്റവും കാരണം കേസ് ദേശീയ ശ്രദ്ധ നേടി.
സംഭവത്തെ തുടർന്ന് മൗനം പാലിക്കുന്നത് അനുചിതമായി തോന്നിയില്ല എന്നും നടി വ്യക്തമാക്കുന്നുണ്ട്. പകരം അതിനെതിരെ ശബ്‌ദമുയർത്താനാണ് അവർ തീരുമാനിച്ചത്. ഒരുപക്ഷെ മൗനം പാലിക്കുന്നത് പിന്നീട് വലിയ അപകടമായി മാറാമെന്നും അവർ ചിന്തിച്ചിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ എന്തുകൊണ്ട് മൗനം പാലിച്ചു, എന്തുകൊണ്ട് തുറന്നു പറഞ്ഞില്ല എന്നൊക്കെയുള്ള ചോദ്യങ്ങൾ പലയിടങ്ങളിൽ നിന്നും ഉയരാം.
പുതിയ വഴിത്തിരിവ്
കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയും പൾസർ സുനി മുതൽ ആറുവരെയുള്ള പ്രതികൾക്ക് ജയിൽ വാസവും പിഴയും ചുമത്തികൊണ്ടുള്ള എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധി അക്ഷരാർത്ഥത്തിൽ കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ഗുഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയത്. മറുവശത്ത് പ്രബലനായ ഒരാൾ പ്രതിയായി വരുമ്പോൾ ഏതൊരു കേസിലും സംഭവിക്കുന്നതുപോലെ ഇതിലും സംഭവിച്ചു. ഏങ്കിലും ഭാവനയുടെ ഉറച്ച നിലപാട് പ്രതിരോധത്തിന്റെയും ശക്തിയുടേയും പ്രതീകമായി മാറി. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾക്ക് അത് വഴിയൊരുക്കി. പ്രത്യേകിച്ചും സിനിമ വ്യവസായ രംഗത്ത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഭാവന കേസ് പൊതു സമൂഹത്തിൽ നാഴികക്കല്ലായി തുടരുന്നു.
നീതിയുടെ പക്ഷത്ത് അണിചേരാൻ അനേകം പേർ കേരളത്തിലുടനീളം കൈകോർക്കുകയാണ്. നടനെതിരെ ശക്‌തമായ പ്രതിഷേധം സമൂഹത്തിലാകമാനം കൊടുമ്പിരി കൊള്ളുന്നു. പ്രശസ്തി, സ്വാധീനം, അധികാരം എന്നിവയ്ക്ക് മുകളിലായിരിക്കണം നീതിയെന്നും അതിജീവിച്ചവർ അന്തസ്സും പിന്തുണയും വേഗത്തിലുള്ള നീതിയും അർഹിക്കുന്നുവെന്നും ഓർമ്മപ്പെടുത്തിയ സംഭവമാണിത്.





