മല യാത്രകൾ വെറുതെ കാഴ്ചകൾ കാണാനാണ്. ചിലത് നമുക്ക് വിശ്രമിക്കാനാണ്. പ ക്ഷേ മറ്റ് ചില യാത്രകൾ നമ്മളെ തന്നെ മാറ്റാനാണ്. അത് പല തരത്തിലുള്ള മാറ്റം ആകാം.ചിലപ്പോൾ അത് എനിക്ക് സംഭവിച്ചപോലെ ഒരു വനയാത്ര കൊണ്ടുണ്ടായ മാറ്റം ആകാം. കാടിനെയും വന്യജീവികളെയും കൂടുതൽ ബഹുമാനിക്കാൻ ഉള്ള ചിന്ത നൽകിയ മാറ്റം ആകാം. പറഞ്ഞുവരുന്നത് ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് നടത്തിയ ഒരു യാത്രയെക്കുറിച്ചാണ്.
കേരളത്തിലെ ഓരോ കാടുകളും ഒന്നോടൊന്ന് വ്യത്യസ്തമാണ്. മരങ്ങൾ, കാടിന്‍റെ വലുപ്പം, അന്തരീക്ഷം എല്ലാം വ്യത്യസ്തമായിരിക്കും. എങ്കിലും എന്തൊക്കെയോ സമാനതകൾ ഒറ്റനോട്ടത്തിൽ നമുക്ക് തോന്നിയേക്കാം. എന്നാൽ എല്ലാ കാടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു വനലോകമാണ് ചിന്നാർ വന്യജീവി സങ്കേതം അവിടെ കാത്തു വെയ്ക്കുന്ന നിമിഷം ഒന്നു കൊണ്ടുതന്നെ നമുക്ക് അത് മനസ്സിലാകും.
മാത്രമല്ല, ജീവിതത്തിന്‍റെ യാഥാർത്ഥ കഠിനതയും ശാന്തതയും ഒരുമിച്ച് അനുഭവിക്കാവുന്നൊരു വന്യഭൂമി കൂടിയാണ്. കേരളത്തിലെ അപൂർവ വനലോകം ഉൾപ്പെട്ടതാണ് ചിന്നാർ വന്യജീവി സങ്കേതം. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോട് ചേർന്നാണ് ഇത് സ്‌ഥിതി ചെയ്യുന്നത്. കരിമുട്ടി ചെക്ക് പോസ്‌റ്റ് മുതൽ ചിന്നാർ ചെക്ക് പോസ്‌റ്റ് വരെയാണ് ചിന്നാർ വൈൽഡ് ലൈഫ് സാങ്‌ച്വറി. ചിന്നാർ ഏകദേശം 90 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വനമേഖലയാണ്. കേരളത്തിലെ സാധാരണ മഴക്കാടുകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ വരണ്ട കാലാവസ്‌ഥ അനുഭവപ്പെടുന്നു.
മുൾച്ചെടികൾ നിറഞ്ഞ കാടുകളും പാറകളും കല്ലുകളും ചേർന്ന ഭൂപ്രദേശം… ചെറു കുന്നുകളും താഴ്‌വരകളും, അരുവികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കാട്… താരതമ്യേന ശാന്തരായ മൃഗങ്ങൾ. കാടിനേയും അതിലെ ജൈവവ്യവസ്‌ഥയേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വനവാസികൾ… ഇതൊക്കെയാണ് ചിന്നാറിന്‍റെ മുഖ്യ സവിശേഷതകൾ.
ശാസ്ത്രീയമായി പറഞ്ഞാൽ ചിന്നാർ ഒരു ഡ്രൈ ഡെസിഡ്യൂയസ് ഫോറസ്റ്റ് ഇക്കോസിസ്റ്റം ആണ്. കേരളത്തിൽ അപൂർവമായി കാണുന്നൊരു വനഘടന. എന്നാൽ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ജീവന്‍റെ അതിശക്തമായ താളമാണ്. മൂന്നാറിൽ നിന്ന് മറയൂർ വഴി തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ചിന്നാർ ചെക്ക് പോസ്റ്റിലേയ്ക്ക് എത്തുന്നതിനുമുൻപേ തന്നെ ഫോണി ലെ സിഗ്നൽ പൂർണ്ണമായി അപ്രത്യക്ഷമായി. ഇന്‍റർനെറ്റ് മാത്രമല്ല മൊത്തം ഫോൺ “നോ സർവീസ്” എന്ന് കാണിക്കുന്നു. വനം വകുപ്പും എറണാകുളം പ്രസ് ക്ലബ്ബും ചേർന്നൊരുക്കിയ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ 32 മാധ്യമപ്രവർത്തകർ. പലരും ഔദ്യോഗികമായി തന്നെ വന്നവർ വാർത്ത അയയ്ക്കാനോ എന്തിന് വീട്ടിൽ ഒന്ന് വിളിക്കാനോ നിർവാഹമില്ലാത്തതിനാൽ ആദ്യത്തെ ഒരു മണിക്കൂർ മൊത്തം ആശങ്കയുടേതായി.
തുടക്കത്തിൽ എല്ലാവരും അൽപം അസ്വസ്‌ഥരായി. ഇന്‍റർനെറ്റ് ഇല്ലാത്ത ലോകം നമ്മൾക്ക് അസാധാരണമാണല്ലോ… പക്ഷേ കുറച്ച് സമയത്തിനുശേഷം അത് തന്നെയാണ് ഈ യാത്രയുടെ ഏറ്റവും വലിയ സവിശേഷതയായി മാറിയത്. ഫോണുകൾ ക്യാമറകളായി മാറി. കണ്ണുകൾ കാടിലേക്ക് തുറന്നു. കാതുകൾ പ്രകൃതിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി. ഇന്‍റർനെറ്റ് അപഹരിക്കുമായിരുന്ന ആ മണിക്കൂറുകൾ കൂടി ഞങ്ങൾ കാടിനായി സമർപ്പിച്ചു… കാഴ്‌ചകളിൽ മുഴുകി.
കാട്ടരുവിയിൽ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചു. കുരങ്ങന്മാരോട് ചങ്ങാത്തം കൂടി. രണ്ട് ദിവസങ്ങളിലായി നടത്തിയ 15 കിലോമീറ്ററിലധികം വരുന്ന മലകയറ്റവും ട്രക്കിംഗും… കൂടെ വനത്തെക്കുറിച്ചും വന്യമൃഗങ്ങളെക്കുറിച്ചും വിശാലമായ അറിവ് പകർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും കൂടി ആയപ്പോൾ മറ്റൊരു ലോകത്ത് ചെന്ന പ്രതീതി… എന്തുകൊണ്ട് മനുഷ്യരും മൃഗങ്ങളും തമ്മിൽ കലഹിക്കുന്നു. വനനിയമങ്ങൾ എന്തൊക്കെയാണ്, മൂന്നാർ വനമഖലയുടെ സവിശേഷതകൾ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തു. കാട്ടിലെ ട്രക്കിംഗിനെക്കുറിച്ച് പറയുകയാണെങ്കിൽ വലിയ പാറകളും മുൾച്ചെടികളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിനകത്തുകൂടിയുള്ള യാത്ര സുഖകരമായൊരു നടത്തം ആയിരുന്നില്ല. മുൾക്കാടുകൾ മുറിച്ച്… പാറകളിലൂടെ കയറി ഇറങ്ങി… വരണ്ട താഴ്‌വരകൾ കടന്ന്… പലർക്കും കാലുകൾ വേദനിച്ചു. ശരീരം ക്ഷീണിച്ചു. കൂടെ സൂര്യന്‍റെ താപവും പക്ഷേ ഓരോ കാലടികൾപ്പുറവും പുതിയ കാഴ്‌ചകൾ കാത്തുനിന്നു.
ആ യാത്രയിൽ തന്നെയാണ് വലിയ മുൾക്കാടിനുപിന്നിൽ ഞങ്ങളെ നോക്കി പതുങ്ങി നിന്ന ഒരു കാട്ടാനയേയും കുഞ്ഞിനേയും നേരിൽ കണ്ടത്. തങ്ങളുടെ സാങ്കേതത്തിൽ അതിക്രമിച്ചു കയറിയവരോട് പ്രതിഷേധിച്ചിട്ടോ ഭയന്നിട്ടോ, വാൽ ഇളക്കിയും ചിന്നം വിളിച്ചും അത് ഞങ്ങളെ ഭയപ്പെടുത്തി. എന്നാൽ ശല്യക്കാരല്ല എന്ന് തോന്നിയിട്ടാകാം അടുത്ത നിമിഷം തന്നെ പിന്തിരിഞ്ഞു ഓടിപ്പോയി. കൂടെ ഉണ്ടായിരുന്ന വനം വകുപ്പിന്‍റെ വാച്ചർമാരുടെ മുഖത്തും ഭീതി… ആ നിമിഷം ഹൃദയം പിടഞ്ഞുപോയി. പേടിച്ച് നിശ്ചലമായി നിന്ന ഞങ്ങൾക്കു മുന്നിൽ അത് ആക്രമിക്കാതെ പിന്തിരിഞ്ഞാടിപ്പോയി. അപ്പോൾ മനസ്സിലായി മൃഗങ്ങൾ ക്രൂരമല്ല. അവർ സ്വന്തം ഇടം സംരക്ഷിക്കുകയാണ്.
ചിന്നാർ പോലുള്ള ഇടങ്ങളിൽ മനുഷ്യർ അധികം കടന്നുകയറാത്തതിനാലാകാം മൃഗ-മനുഷ്യ സംഘർഷം കുറവായി അനുഭവപ്പെടുന്നത്. വയനാട് പോലുള്ള സ്‌ഥലങ്ങളിൽ പതിവായി കേൾക്കുന്നത്ര സംഘർഷം ഇവിടെ ഇല്ല. മൃഗങ്ങളുടെ ആവാസ കേന്ദ്രത്തിലേക്ക് അതിക്രമി ച്ചു കയറാതെ അവരെ സ്വസ്‌ഥമായി വിടുന്നതു കൊണ്ടാകാം. കൃഷിയുടെ പേരിൽ കാടുകൾ കയ്യേറാത്തത് കൊണ്ടാകാം. ചിന്നാർ വനമേഖലയിൽ താമസിക്കുന്ന വനവാസികൾക്ക് കാടും കാട്ടിലെ ജന്തുജാലവും കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. കാട് സംരക്ഷിക്കാൻ വനം വകുപ്പ് നടത്തുന്ന പരിശ്രമങ്ങൾക്ക് അവർ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. പുറത്തുനിന്ന് നോക്കിയാൽ ചിന്നാർ ശാന്തമായി തോന്നും. പക്ഷേ അതിന്‍റെ അകത്ത് ധാരാളം വന്യമൃഗങ്ങൾ ജീവിക്കുന്നു. കാട്ടാനകൾ, കടുവകൾ, പുലികൾ, മാൻ വർഗങ്ങൾ, കാട്ടുപോത്തുകൾ, കുരങ്ങുകൾ, അപൂർവമായ അണ്ണാനുകൾ, പക്ഷികൾ, പാമ്പുകൾ, ചിത്രശലഭങ്ങൾ. പക്ഷിനിരീക്ഷണത്തിന് പറ്റിയ വനമാണ് ചിന്നാർ. നക്ഷത്ര ആമകൾക്ക് പ്രസിദ്ധമാണിവിടം.
ഇതൊക്കെ ആണെങ്കിലും നമ്മൾ കരുതും കാട്ടിൽ മൃഗങ്ങളുടെ ജീവിതം വളരെ ലളിതമാണ് എന്ന്. എന്നാൽ വളരെ കഷ്ടപ്പെട്ടാണ് ഓരോ ജീവിയും അവിടെ കഴിയുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. മാംസഭോജികളായ മൃഗങ്ങൾ ആണെങ്കിൽ പോലും അവർക്ക് ഒരിക്കൽ ഭക്ഷണം കിട്ടാൻ പലതവണ വേട്ടയാടണം. പല ശ്രമങ്ങളും പരാജയമാകും. ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വരും. ശക്തി ചോർന്നു പോകും. പുറമെ നിന്ന് നോക്കുമ്പോൾ കാട് ശാന്തമാണ്. പക്ഷേ അതിനുള്ളിലെ ജീവിതം ഒരു നിരന്തര പോരാട്ടമാണ്. അത് തിരിച്ചറിയുമ്പോൾ വന്യജീവികളോടും കാടിനോടും ഉള്ള ഭയം മാറി ആഴത്തിലുള്ള ബഹുമാനം നമുക്ക് മനസ്സിൽ നിറയുന്നു.
തൂവാനം- കാടിനുള്ളിലെ ജീവന്‍റെ ശബ്ദം
ഈ കഠിനമായ ഭൂപ്രകൃതിയുടെ നടുവിൽ ഒരു അത്ഭുതം പോലെ വിരിയുന്ന കാഴ്ച്‌ചയാണ് തൂവാനം വെള്ളച്ചാട്ടം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് വെള്ളച്ചാട്ടത്തിന്‍റെ സ്‌ഥാനം. മറയൂർ- ഉടുമലൈ സംസ്‌ഥാന പാതയിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം സ്‌ഥിതി ചെയ്യുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ രണ്ട് നദികൾ ഒഴുകുന്നുണ്ട്. ചിന്നാറും പാമ്പാറും, ഇരുവരും പശ്ചിമഘട്ട മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പക്ഷേ ഒഴുകുന്ന ദിശയിൽ ചെറിയ വ്യത്യാസം ഉണ്ട്. ചിന്നാർ മറയൂർ ചിന്നാർ വനമേഖലയിൽ നിന്ന് ആരംഭിച്ച് കിഴക്കോട്ട് ഒഴുകി തമിഴ്‌നാട്ടിലേക്ക് കടന്ന് അമരാവതി നദിയിൽ ചേരുന്നു. പാമ്പാറും ചിന്നാർ പ്രദേശത്തെ മലനിരകളിൽ നിന്ന് ഉത്ഭവിച്ച് വടക്കുകിഴക്ക് ഭാഗത്തേക്ക് ഒഴുകി തമിഴ്‌നാട്ടിലെ നദികളുമായി ചേരുന്നു. തൂവാനം വെള്ളച്ചാട്ടം കാണാൻ പോകുമ്പോൾ ഈ രണ്ടു നദികളേയും കാണാൻ കഴിയും.
വർഷങ്ങളായി ഒഴുകി ഒഴുകി വെള്ളം മിനുസപ്പെടുത്തിയ കൂറ്റൻ കല്ലുകൾ… അവയുടെ മുകളിലൂടെ ശക്തിയായി പതിക്കുന്ന വെള്ളിപോലുള്ള വെള്ളച്ചാട്ടം… പച്ചപ്പിൽ മുങ്ങിയ വെള്ളച്ചാട്ടങ്ങളെപോലെ സുന്ദരമല്ലെങ്കിലും വല്ലാത്തൊരു പരുക്കൻ സൗന്ദര്യം ഉണ്ട് തൂവാനത്തിന്. പ്രകൃതിയുടെ കരുത്ത് നേരിട്ട് പ്രദർശിപ്പിക്കുന്ന സൗന്ദര്യം. അവിടെ നിൽക്കുമ്പോൾ വെള്ളത്തിന്‍റെ മുഴക്കം മനസ്സിലെ എല്ലാ ശബ്ദങ്ങളേയും മായ്ച്ചു കളഞ്ഞു… ചിന്നാറിലെ ജനപ്രിയ ട്രക്കിംഗ് പാതയാണിത്. കാട്ടിനുള്ളിലെ തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ് ആണ് ചിന്നാറിന്‍റെ ആത്മാവിലേക്ക് എത്താനുള്ള ഏറ്റവും നല്ല മാർഗം.
ആലംപെട്ടി ചെക്ക് പോസ്‌റ്റിൽ നിന്നാണ് ആ നാലുകിലോമീറ്റർ ട്രെക്കിംഗ് പാത ആരംഭിക്കുന്നത്. ചെക്ക് പോസ്റ്റിൽ നിന്ന് സാധാരണയായി 3 മണിക്കൂർ എടുക്കുന്ന ഗൈഡഡ് പ്രോഗ്രാമാണിത്. തൂവാനം വെള്ളച്ചാട്ടം ദൂരെ നിന്ന് കാണുമ്പോൾ തന്നെ കഠിനമായ വെയിലിൽ നീണ്ട ട്രെക്കിംഗിന്‍റെ എല്ലാ ക്ഷീണവും ഇല്ലാതാകുന്നു. തൂവാനം വെള്ളച്ചാട്ടത്തിലേക്ക് പോകാൻ വനം വകുപ്പിന്‍റെ അനുമതിയും ഗൈഡും നിർബന്ധമാണ്. ഞങ്ങളുടെ ഗൈഡഡ് ട്രക്കിംഗ് അനുഭവം സുരക്ഷിതവും വിജ്‌ഞാനപ്രദവുമായിരുന്നു. തൂവാനത്തേക്കുള്ള ട്രക്കിംഗിൽ വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ ഭാഗത്തുകൂടിയുള്ള യാത്ര വളരെ അപകടം പിടിച്ചതായിരുന്നു. പലരുടേയും കാലുകൾ വഴുതി. നിറയെ വെള്ളമില്ലെങ്കിലും അവിടവിടെയുള്ള ആഴമേറിയ നീർച്ചാലുകളും ചവിട്ടിയാൽ തെന്നുന്ന ഉരുളങ്കല്ലുകളും അൽപം ഭീതി ജനിപ്പിച്ചു. എന്നാൽ കൂടെ ഉണ്ടായിരുന്ന വാച്ചർ ചന്ദ്രനും മറ്റു സുഹൃത്തുക്കളും പലപ്പോഴും ഞങ്ങളെ വീഴാതെ കാത്തു…
ഈ യാത്രയിൽ ഏറ്റവും ആശ്വാസമായി തോന്നിയത് അട്ട ശല്യം ഒട്ടുമേ ഉണ്ടായില്ല എന്നതാണ്. മറ്റ് കാടുകളെ അപേക്ഷിച്ച് ഇവിടെ അട്ടകൾ കുറവാണ്. ചിന്നാർ കാട്ടിൽ പല പോയിന്‍റുകളിലേക്ക് ട്രക്കിംഗ് സൗകര്യമുണ്ട്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കും. ട്രെക്കിംഗിലൂടനീളം ഗൈഡ് അനുഗമിക്കും. രണ്ട് മണിക്കൂർ മുതൽ ട്രെക്കിംഗ് തിരഞ്ഞെടുക്കാം. വനംവകുപ്പ് വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി വിളിച്ചു ചോദിച്ചു പോയാൽ നല്ലൊരു വനയാത്ര ആസ്വദിക്കാം. കാടിന്‍റെ സ്വഭാവവുമായി ചേർന്ന് നടത്തിയ ഈ യാത്ര വനവുമായി ഞങ്ങൾക്ക് ആഴത്തിലുള്ള ബന്ധം നൽകി. വാച്ച് ടവർ കാടിന്‍റെയും ചുറ്റുമുള്ള കുന്നുകളുടേയും വിശാലമായ കാഴ്‌ച നൽകി.
ഓർമിക്കേണ്ട കാര്യം ഇവിടത്തെ സൗകര്യങ്ങൾ അടിസ്ഥാനപരമാണ്. ആഡംബരം പ്രതീക്ഷിക്കരുത്. പ്രകൃതിയെ അതിന്‍റെ അസംസ്കൃത രൂപത്തിൽ അനുഭവിക്കുക എന്നതാണ് പ്രധാനം. സമീപത്തുള്ള ഭക്ഷണ, താമസ ഓപ്ഷനുകൾ പരിമിതമാണ്. അതിനാൽ അതിനനുസരിച്ച് ആസുത്രണം ചെയ്യുക. മൊത്തത്തിൽ പ്രകൃതി സ്നേഹികൾക്കും തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു ഇടവേള ആഗ്രഹിക്കുന്ന ഏതൊരാൾക്കും ചിന്നാർ വന്യജീവിസങ്കേതം തികച്ചും അനുയോജ്യമാണ്.
സംരക്ഷണത്തിന്‍റെ കരുത്ത്
ഇനി ഒരു പ്രധാന കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. ചിന്നാർ ഇന്നും ഇതിന്‍റെ സ്വാഭാവികമായ വനമേഖലയായി നിലനിൽക്കുന്നത് വനംവകുപ്പിന്‍റെ കർശനമായ സംരക്ഷണ പ്രവർത്തനങ്ങൾ കൊണ്ടാണ്. നിയന്ത്രിത ട്രെക്കിംഗ്, ഗൈഡുകളുടെ നിർബദ്ധിത സാന്നിധ്യം അനധികൃത പ്രവേശനത്തിൻ കർശന നിയന്ത്രണം തുടർച്ചയായ വന്യജീവി നിരീക്ഷണം ഇവയെല്ലാം കൊണ്ടാണ് കാട് ഇപ്പോഴും ആത്മാവ് കാത്തുസൂക്ഷിക്കുന്നത്. ഒപ്പം ആദിവാസി സമൂഹത്തിന്‍റെ ശക്തമായ പിന്തുണയും കൂടി ഉണ്ട്. കാട് എന്നാൽ വന്യജീവികളെ ഭയന്ന് അകന്നുമാറി നിൽക്കേണ്ട ഒരിടമല്ല. ഈ ഭൂമിയുടെ സന്തുലിതാവസ്‌ഥ നിലനിർത്താൻ വനങ്ങളും വന്യജീവികളും മനുഷ്യരും വേണം… സഹവർത്തിത്തതോടെ പുലരണം.
അതേ… ചിന്നാർ ഒരു യാത്രയായിരുന്നില്ല. ഒരു തിരിച്ചറിവായിരുന്നു.
എങ്ങനെ എത്താം
റോഡ് മാർഗം- മൂന്നാർ- മറയൂർ- ചിന്നാർ
തമിഴ്‌നാട് ഉദുമൽപേട്ട് വഴിയും എത്താം. ചിന്നാർ നിന്നു ഉദുമൽപ്പേട്ടിലേക്ക് 30 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. പഴനിയിലേക്ക് 55 കിലോമീറ്ററും.





