ഫിൽറ്ററും മേക്കപ്പുമില്ലാതെ പുഞ്ചിരിയോടെ തന്‍റെ യഥാർത്ഥ മുഖത്തോടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാനുള്ള ആത്മവിശ്വാസം കാട്ടിയ ചുരുക്കം നടിമാരിൽ ഒരാളാണ് വിദ്യാ ബാലൻ. അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് വിദ്യാ ബാലൻ.
2003-ൽ ബംഗാളി ചിത്രമായ “ഭാലോ തേക്കോ” യിലൂടെ അരങ്ങേറ്റം കുറിച്ച വിദ്യ സെയ്‌ഫ് അലിഖാനും സഞ്ജയ്‌ദത്തും അഭിനയിച്ച “പരിണീത”യിലൂടെയാണ് പ്രശസ്‌തയായത്. അതോടെ ബോളിവുഡിലെ ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമയുടെ മുഖമായി മാറി വിദ്യാ ബാലൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പരമ്പരാഗത സ്‌റ്റീരിയോടൈപ്പ് കഥാപാത്രങ്ങൾക്ക് അപ്പുറമായി ശക്‌തമായ പ്രകടനങ്ങളിലൂടെയും ധീരമായ വേഷങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയും വിദ്യാ ബോളിവുഡിൽ തനിക്കായി ഒരു ഇടം സൃഷ്ടിച്ചു. പരിണീതയിലെ “ലോലിത” എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിദ്യയ്ക്ക് ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഫിലിം ഫെയർ അവാർഡ് ലഭിക്കുകയുണ്ടായി. അതോടെ വിദ്യാ ബോളിവുഡിൽ തന്‍റെ സ്‌ഥാനം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഹിറ്റുകളുടെ കാലം. ലഗേര ഹോ മുന്നാഭായി, പാ, നോ വൺ കിൽ ഡ് ജെസീക്കാ, ഇഷ്‌കിയ, ഭൂൽ ഭൂലയ്യ സീരീസ്, ദി ഡേർട്ടി പിക്‌ചർ, തുംഹാരി സുലു, ശകുന്തള ദേവി, കഹാനി, ജെത്സ, നിയത് എന്നിവയാണ് വിദ്യയുടെ ശ്രദ്ധേയമായ സിനിമകൾ. അതിൽ ദി ഡേർട്ടി പിക്ചർ വിദ്യയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. 2014ൽ വിദ്യയ്ക്ക് പത്മശ്രീ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. സിനിമയിൽ സ്‌റ്റീരിയോടൈപ്പ് സ്ത്രീ വേഷങ്ങളുടെ പരിവേഷം തകർത്തെറിയുന്നതായിരുന്നു അവരുടെ വൈവിധ്യമാർന്ന ഓരോ കഥാപാത്രവും. അനതരസാധാരണമായ അഭിനയമികവുകൊണ്ട് ബോളിവുഡിൽ വ്യക്തി മുദ്ര പതിപ്പിച്ച വിദ്യയ്ക്ക് പിന്നീ ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മുംബൈയിൽ ജനിച്ചു വളർന്ന, മലയാളി വേരുകളുള്ള വിദ്യ ബാലൻ ബിരുദാനാന്തര ബിരുദം നേടിയ ശേഷം അഭിനയകലയോടുള്ള താൽപര്യം മൂലം ടിവി രംഗത്ത് സജീവമാവുകയായിരുന്നു. പ്രശസ്‌ത സിറ്റ് കോം ആയ ഹം പാഞ്ചിൽ വേഷമിട്ടുകൊണ്ടാണ് അഭിനയലോകത്തേക്ക് അവർ ചുവട് വയ്ക്കുന്നത്.
വിദ്യാ ബാലനുമായി നടത്തിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
സിനിമകളുടെ വിജയപരാജയങ്ങൾ ഇപ്പോഴും സ്വാധീനിക്കാറുണ്ടോ?
തീർച്ചയായും എന്നെ ബാധിക്കാറുണ്ട്. എന്‍റെ ചിത്രം “ദോ ഔർ ദോ പ്യാർ” പരാജയപ്പെട്ടപ്പോൾ ഞാൻ വളരെ സങ്കടപ്പെട്ടിരുന്നു. ഒരുപാട് കരഞ്ഞു. വ്യക്തിപരമായി എനിക്ക് ആ സിനിമയെക്കുറിച്ച് ധാരാളം പ്രതീക്ഷകളുണ്ടായിരുന്നു. ആ സിനിമയുടെ കഥയും നിർമ്മാണവും വളരെ ഇഷ്ടപ്പെട്ടിരുന്നു.
ചിലപ്പോഴൊക്കെ സിനിമ വളരെ നല്ലതാണെങ്കിലും ബോക്സ‌് ഓഫീസിൽ പരാജയപ്പെടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബോക്സ‌് ഓഫീസ് പാരാമീറ്റർ എത്രത്തോളം പ്രധാനമാണ്?
ബോക്സ് ഓഫീസ് പാരാമീറ്ററുകൾ വളരെ പ്രധാനമാണ്. കാരണം ഇതൊരു ബിസിനസ്സാണ്. നമ്മൾ അതിൽ 5 രൂപ നിക്ഷേപിച്ചാൽ കുറഞ്ഞത് 6 രൂപ ലാഭം കിട്ടണം. ബോക്സ് ഓഫീസിലെ വർദ്ധിച്ചുവരുന്ന കണക്കുകൾ സിനിമയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് മിക്ക സിനിമകളും പരാജയപ്പെടുന്ന ഇന്നത്തെ കാലത്ത്. അത്തരമൊരു സാഹചര്യത്തിൽ “ഭൂൽ ഭുലയ്യ 3” ബോക്‌സ് ഓഫീസിൽ വിജയം നേടിയപ്പോൾ വളരെ സന്തോഷവും ആശ്വാസവും തോന്നി.
അക്ഷയ് കുമാർ അഭിനയിക്കുന്ന “ഭൂൽ ഭുലയ്യ 4″ ഉടൻ തന്നെ ഒരുങ്ങുന്നുണ്ടെന്ന വാർത്തയുണ്ട്. ” ഭൂൽ ഭുലയ്യ 4″ ന്‍റെ ഭാഗമാകുന്നുണ്ടോ?
ഭൂൽ ഭുലയ്യ 4″ ന്‍റെ ഭാഗമാകാൻ എനിക്ക് താൽപര്യമേയുള്ളൂ. പക്ഷേ “ഭൂൽ ഭുലയ്യ 4” നെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല.
കുട്ടിക്കാലം മുതൽ താങ്കൾ മാധുരി ദീക്ഷിതിനെ ഏറെ ആരാധിച്ചിരുന്നുവല്ലോ. മാധുരി ദീക്ഷിതിനൊപ്പം നൃത്തം ചെയ്യണമെന്ന് അറിഞ്ഞപ്പോൾ എന്തു തോന്നി?
അനീസ് ബാസ്മി മാധുരിജിക്ക് ഭൂൽ ഭൂലയ്യയിലെ വേഷം വാഗ്ദാനം ചെയ്തപ്പോൾ അവർ ഉടനടി സമ്മതിക്കുകയായിരുന്നു. മാധുരിജി സിനിമയുടെ ഭാഗമാകാൻ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
താങ്കൾ മുമ്പത്തേക്കാൾ ആത്മവിശ്വാസവും പോസിറ്റീവും ഊർജ്ജസ്വലതയുമുള്ള വ്യക്തിയായി മാറിയിരിക്കു ന്നു. ശരീരഭാരം കുറഞ്ഞതു കൊണ്ടാണോ ഈ മാറ്റം പ്രകടമായിരിക്കുന്നത്.
മുമ്പ് തൊട്ടേ ആത്മവിശ്വാസവും പോസിറ്റീവുമായ വ്യക്‌തി തന്നെയാണ് ഞാൻ. പക്ഷേ ശരീരഭാരം കുറച്ചതിനു ശേഷം സ്വയം വളരെ ലാഘവത്വം തോന്നുന്നു. മുമ്പ് ശരീരത്തിൽ അവിടവിടായി വേദനയുണ്ടായിരുന്നു. ഇപ്പോൾ അതിൽ നിന്നൊക്കെ എനിക്ക് ആശ്വാസം ലഭിച്ചു. സ്ലിം ആകാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഇപ്പോൾ അത് സംഭവിച്ചു. അതിനാൽ ഞാൻ വളരെ സന്തോഷവതിയാണ്.
അമിതാഭിനൊപ്പം “പാ” എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ?
എന്‍റെ സ്വപ്നങ്ങളിൽ പോലും ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒരിക്കൽ സിദ്ധാർത്ഥ് എന്നോട് ഇതേ ചോദ്യം ചോദിക്കുകയുണ്ടായി. കുട്ടിക്കാലത്ത് അമിതാഭ് ബച്ചനെ ഒരു നോക്ക് കാണാൻ മാത്രം ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. അതുപോലെ മാധുരി ദീക്ഷതിനൊപ്പം നൃത്തം ചെയ്തതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് വിസ്‌മയം തോന്നാറുണ്ട്. ഞാൻ ആഗ്രഹിച്ചതിലധികം എനിക്ക് ലഭിച്ചു.
ഭൂൽഭുലയ്യ 3-യിലും കാർത്തിക് ആര്യനാണ് നായകൻ. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്‍റെ അനുഭവം എങ്ങനെയായിരുന്നു?
വളരെ നല്ല അനുഭവം. യഥാർത്ഥത്തിൽ കാർത്തിക്കിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് ഒരു കോളേജ് സുഹൃത്തിനെപ്പോലെയാണ് തോന്നിയത്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായി മാറി. ആദ്യമായി കണ്ടുമുട്ടുന്നത് പോലെ തോന്നിയില്ല. കാർത്തിക്കിനോട് സംസാരിക്കുമ്പോൾ സുഹൃത്തിനോടെന്ന പോലെ അടുപ്പം തോന്നി. സെറ്റിൽ ഞാൻ എപ്പോഴും കാർത്തിക്കിനെ കളിയാക്കുമായിരുന്നു. കാർത്തിക്ക് ചിരിക്കും. വളരെ നല്ല നടനും നല്ല മനുഷ്യനുമാണ് അദ്ദേഹം.
ഇതുവരെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ താങ്കളെ സ്വാധീനിച്ച ഏതെങ്കിലും കഥാപാത്രമുണ്ടോ?
ഓരോ കഥാപാത്രത്തിൽ നിന്നും ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടങ്കിലും “ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ സിൽക്ക് സ്‌മിത എന്ന കഥാപാത്രം എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. കരിയറിലും അല്ലാതെയും, സിൽക്കിന്‍റെ വേഷം എന്നെ തുറന്നു സംസാരിക്കാനും ധീരയുമാക്കി. ഈ വേഷം ചെയ്യുന്നതിന് മുമ്പ് ഞാൻ അൽപം ലജ്ജയുള്ള കൂട്ടത്തിലായിരുന്നു. എന്‍റെ ശരീരഭാരം കാരണം എനിക്ക് അതിന് മടിയുമായിരുന്നു. എന്നാൽ സിൽക്കിന്‍റെ വേഷം ചെയ്തതിനുശേഷം എനിക്ക് സ്വമേധയാ എന്നിൽ വിശ്വാസമുണ്ടായി. എനിക്ക് എന്നോട് തന്നെ സ്നേഹം തോന്നി. പരിണീത എന്‍റെ കരിയറിന്‍റെ തുടക്കമായിരുന്നു. ഈ ചിത്രവും എന്‍റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്നു.
ശക്തമായ കഥാപാത്രങ്ങൾ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള നിർഭയമായ സമീപനമാണ് വിദ്യാ ബാലനെ വ്യത്യസ്തയാക്കുന്നത്. ഗ്ലാമറിന് അപ്പുറമായി കഥാപാത്രമായി മാറാനുള്ള അഭിനയസിദ്ധി അവരെ ആരാധകരിലേക്ക് അടുപ്പിച്ചു. പരിണീതയിലെ ലോലിത, കഹാനിയിലെ ഭർത്താവിനെ അന്വേഷിച്ച് നടക്കുന്ന ഗർഭിണി, തുംഹാരി സുലുവിലെ റേഡിയോ ജോക്കിയായി മാറിയ വീട്ടമ്മ അങ്ങനെ അവരുടെ ഓരോ കഥാപാത്രവും വ്യത്യസ്‌ത ഭാവങ്ങളാണ് പകരുന്നത്. കഥാപാത്രത്തിന്‍റെ ആഴവും ആത്മാവും അറിഞ്ഞുള്ള അഭിനയശൈലി.
സൗന്ദര്യത്തിന് പുതിയ മാനം
നിലവിലെ സൗന്ദര്യ സങ്കൽപത്തെ വെല്ലുവിളിക്കുന്ന സമീപനമായിരുന്നു വിദ്യയുടേത്. സ്വന്തം ബോഡി ഇമേജിനെ അംഗീകരിക്കുക എന്നതിലാണ് അവർ വിശ്വാസം പുലർത്തിയിരുന്നത്. സമൂഹത്തിന്‍റെ സൗന്ദര്യ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തിയുള്ള അവരുടെ കാഴ്ച്‌ചപ്പാട് ഏറെ ശ്രദ്ധേയമായി. ബോഡി ഷെയ്‌മിംഗിനോടുള്ള തന്‍റെ പോരാട്ടങ്ങളെക്കുറിച്ചും തന്‍റെ ശരീരത്തെ എങ്ങനെ സ്വീകരിക്കാൻ പഠിച്ചു എന്നതിനെക്കുറിച്ചും അവർ വിശദമായി സംസാരിച്ചിട്ടുണ്ട്. രൂപഭാവത്തേക്കാൾ ആരോഗ്യത്തിനും സ്വയം സ്നേഹത്തിനും അംഗീകരിക്കലിനുമാണ് അവർ പ്രാധാന്യം നൽകിയത്. സ്ത്രീകൾ സ്വന്തം ശരീരത്തെ അംഗീകരിക്കാനും പരിപോഷിപ്പിക്കാനും പോസിറ്റീവിറ്റിയും ആത്മവിശ്വാസവും ശക്‌തിപ്പെടുത്താനും അവർ പ്രോത്സാഹിപ്പിച്ചു.
“പരിണീത” പുതിയ രൂപത്തിൽ
വിധു വിനോദ് ചോപ്രയും പിവിആർ ഇനോക്‌സും ചേർന്ന് ക്ലാസിക് ചിത്രമായ “പരിണീത” വീണ്ടും റിലീസ് ചെയ്യുകയുണ്ടായി. പരിണീത 20 വർഷം പൂർത്തിയാക്കിയതിന്‍റെ ആഘോഷം മാത്രമല്ല നിർമ്മാതാവ് വിധു വിനോദ് ചോപ്രയുടെ ഹിന്ദി സിനിമയിലെ 50 വർഷം പൂർത്തിയാക്കുന്നതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായാണ് റീ റിലീസിംഗ്.
“പരിണീത” എന്ന സിനിമ ഇനി കൈ നിലവാരത്തിലും 5.1 സറൗണ്ട് സൗണ്ടിലും പുതിയ രൂപത്തിൽ കാണാൻ കഴിയുമെന്നതാണ് പ്രത്യേകത. 2005 ജൂൺ 10ന് പുറത്തിറങ്ങിയ ഈ ചിത്രം ഏകദേശം 16 കോടി ചെലവിലാണ് നിർമ്മിച്ചത്. ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ ഏകദേശം 16.62 കോടി രൂപയായിരുന്നു. അതേസമയം ലോകമെമ്പാടുമുള്ള വരുമാനം 30.29 കോടിയും.





